പയ്യൻ ഒന്നും സംസാരിക്കില്ലേ എന്ന് മനസ്സിൽ ചോദ്യം ഉയർന്നുവെങ്കിലും അതു മനസ്സിൽ തന്നെ അടക്കി…

Story written by Krishna Das

================

എന്താ പേര്?

സൗമ്യ.

ചോദിച്ചത് പയ്യന്റെ അച്ഛൻ ആയിരുന്നു.

എന്ത് പഠിച്ചു? പഠിച്ച കോളേജ്? പഠിച്ചു ഇറങ്ങിയ വർഷം?

എന്നിങ്ങനെ തുരു തുരാ ചോദ്യങ്ങൾ അദ്ദേഹം ചോദിച്ചു തുടങ്ങിയപ്പോൾ സൗമ്യക്ക് മടുപ്പ് തോന്നി. എങ്കിലും വെറുപ്പ് ഒന്നും പുറത്തു കാണിക്കാതെ അവൾ ഉത്തരങ്ങൾ നൽകി കൊണ്ടിരുന്നു.

പയ്യൻ ഒന്നും സംസാരിക്കില്ലേ എന്ന് മനസ്സിൽ ചോദ്യം ഉയർന്നുവെങ്കിലും അതു മനസ്സിൽ തന്നെ അടക്കി.

കുട്ടിയെ ഞങ്ങൾക്ക് ഇഷ്ടമായി. നമുക്ക് ആലോചന മുമ്പോട്ട് കൊണ്ടു പോകാം. അച്ഛന്റെ മുഖത്ത് സന്തോഷം നിറയുന്നത് സൗമ്യ കണ്ടു.

പയ്യന് സർക്കാർ ഉദ്യോഗം. സന്തോഷിക്കാൻ ഇതിൽപരം മറ്റെന്തു വേണം. ബയോഡാറ്റായിൽ എല്ലാ ഡീറ്റെയിൽസ് ഉണ്ടായിരുന്നു. ഇതുപോലെ ഒരു ബയോഡേറ്റ തങ്ങളും കൊടുത്തിരുന്നു. എന്നിട്ടാണ് ഇത്രയും വലിയ ഇന്റർവ്യൂ നടത്തിയത്. സൗമ്യ കൂടെ വന്നവരെ മൊത്തം ഒന്ന് വിലയിരുത്തി.

വിപിന്റെ അമ്മ തന്റെ അമ്മയുടെ അരികിൽ നിശബ്ദയായി നിൽക്കുന്നു. അമ്മ അവരോടു ഇരിക്കാൻ പലവട്ടം ആവശ്യപെട്ടെങ്കിലും അവർ ഇരിക്കാൻ കൂട്ടാക്കിയില്ല. അതിൽ നിന്നു ഒരുകാര്യം അവൾക്കു മനസ്സിലായി. അമ്മ അച്ഛന്റെ മുമ്പിൽ ഇരിക്കാൻ അധൈര്യപെടുന്നു. അവർ ആരോടും കാര്യമായി വിശേഷങ്ങൾ തിരക്കുന്നില്ല. അവർക്ക് അതിനുള്ള സ്വാതന്ത്ര്യം ഇല്ല എന്ന് തോന്നുന്നു.

ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിച്ചോട്ടെ?

തന്റെ അച്ഛൻ പറഞ്ഞപ്പോൾ വിപിൻ അവന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടു.

ഹേയ്!എല്ലാം ഞാൻ ചോദിച്ചത് അവനും കേട്ടതല്ലേ? ഇനി കൂടുതൽ എന്തറിയാൻ?

അതു കേട്ടത്തോടെ വിപിൻ സോഫയിൽ അമർന്നു ഇരുന്നു.

എന്താ മോളുടെ അഭിപ്രായം? അവരുടെ മുമ്പിൽ വെച്ച് തന്നെ അച്ഛൻ സൗമ്യയോട് ചോദിച്ചു.

അവൾക്കു എന്താഭിപ്രായം ഇതു പോലെ ഒരു സർക്കാർ ജോലിക്കാരനെ ഭർത്താവായി കിട്ടുന്നത് അവളുടെ ഭാഗ്യമല്ലേ?

വിപിന്റെ അച്ഛൻ അൽപ്പം പരിഹാസത്തോടെ ആണ് അതു പറയുന്നത് എന്ന് അവൾക്കു തോന്നി.

എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല?

വിപിന്റെ അച്ഛന്റെ മുഖം വിളറി.

ഇവൾക്ക് വല്ല പ്രേമവും മറ്റും ഉണ്ടെങ്കിൽ അതു ആദ്യം ചോദിച്ചു അറിയൂ? എന്നിട്ട് മറ്റുള്ളവരെ വീട്ടിലേക്ക് വിളിച്ചു വരുത്തൂ? വെറുതെ മറ്റുള്ളവരുടെ സമയം മെനക്കെടുത്തരുത്?

വിപിന്റെ അച്ഛൻ സൗമ്യയുടെ അച്ഛനോട് പറഞ്ഞു.

മോളെ!നീ എന്താ അങ്ങനെ പറഞ്ഞത്?

അച്ഛൻ എന്നെ അഭിപ്രായ സ്വാതന്ത്ര്യത്തോടെ അല്ലെ വളർത്തിയത്. ഇത് എന്നെ ബാധിക്കുന്ന എന്റെ ജീവിതത്തിന്റെ കാര്യമല്ലേ?ഇതിനു ഞാൻ ഇപ്പോൾ അല്ലെ മറുപടി പറയേണ്ടത്.

തീർച്ചയായും….അച്ഛൻ പറഞ്ഞു.

എഴുന്നേറ്റു പോകാൻ എഴുന്നേറ്റ വിപിന്റെ അച്ഛനോടും കൂട്ടരോടും സൗമ്യ പറഞ്ഞു ഒരു നിമിഷം കൂടി നിങ്ങൾ ഇരിക്കൂ? എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ കൂടി കേൾക്കണം. നിങ്ങൾ കരുതുന്നത് പോലെ എനിക്ക് മറ്റൊരു പ്രണയം ഒന്നുമില്ല. പിന്നെ എനിക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലെന്നു പറഞ്ഞത് വിപിൻ കാണാൻ മോശമായത് കൊണ്ടുമല്ല. വിപിന്റെ അച്ഛന്റെ പെരുമാറ്റം കണ്ടത് കൊണ്ടാണ്.

മനസ്സിലായില്ല? അൽപ്പം അമർഷത്തോടെ അയാൾ മുരണ്ടു.

നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു വ്യക്തി ആയിരുന്നു എങ്കിൽ വിപിന്റെ അമ്മയെ നിങ്ങളുടെ അടുത്ത് വിളിച്ചു ഇരുത്തുമായിരുന്നു. നിങ്ങൾ മക്കൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്ന ആളായിരുന്നു എങ്കിൽ വിപിൻ എന്നോട് സംസാരിക്കുമായിരുന്നു. അവന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അവനു അവളെ കുറിച്ച് കൂടുതൽ അറിയണമെന്ന് ആഗ്രഹം ഉണ്ടാകും. അതിനു പോലും അവനു സ്വാതന്ത്ര്യം ഇല്ലെങ്കിൽ വിവാഹത്തിന് ശേഷം അവനു പങ്കാളിയോടൊപ്പം എങ്ങനെ സ്വതന്ത്രമായി ജീവിക്കും. മാത്രമല്ല നിങ്ങൾ മറ്റുള്ളവരെ ബഹുമാനിക്കുന്ന ആളായിരുന്നു എങ്കിൽ ഞങ്ങളോട് ഞങ്ങളുടെ അഭിപ്രായം കൂടി തിരക്കുമായിരുന്നു. നിങ്ങൾ മികച്ചവർ ആണെന്ന് നിങ്ങൾ സ്വയം വിലയിരുത്തുമ്പോൾ മറ്റുള്ളവർ ചെറുതെന്ന് നിങ്ങൾ കരുതുന്നു. ഒരു സർക്കാർ ജോലി ഉള്ളത് കൊണ്ടു മാത്രം നിങ്ങൾ മികച്ചവർ ആകുന്നില്ല. ഇത്തരം ഒരു കുടുംബത്തിൽ വന്നു കയറിയാൽ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

മോളെ മതി!

നിറുത്തി അച്ഛാ, ഇത്രയും എങ്കിൽ ഞാൻ ഇവരോട് പറഞ്ഞില്ലെങ്കിൽ ഞാൻ അനുഭവിച്ച അപമാനം എന്റെ മനസ്സിൽ നിന്ന് പോകില്ല. അച്ഛൻ നമ്മളെ അംഗീകരിക്കുന്ന മറ്റൊരു ആളെ എനിക്ക് വേണ്ടി കണ്ടെത്തൂ. അയാളുടെ തൊഴിൽ എന്തു വേണമെങ്കിലും ആയിക്കൊള്ളട്ടെ.

വിപിനും കൂട്ടരും പുറത്തേക്കിറങ്ങിയപ്പോൾ സൗമ്യയുടെ അച്ഛൻ അവരോടു സോറി പറഞ്ഞു.

അതു അച്ഛന്റെ മര്യാദ…സൗമ്യ മനസ്സിൽ പറഞ്ഞു.