പോടീ അവിടുന്ന് ചിരി മാത്രല്ല എന്റെ പെണ്ണിന്റെ എല്ലാം സൂപ്പർ അല്ലെ ഞാൻ പറയണോ….

മർമ്മരങ്ങൾ…

Story written by Sumayya Beegum T A

===================

ഇതേതാ ഈ പല്ലുപൊങ്ങി?

മഞ്ഞ ദോത്തി ഇട്ടു മുടി രണ്ടായി പിന്നി അമ്മയുടെ കൂടെ വർഷച്ചേച്ചിയുടെ കല്യാണത്തിനുപോയപ്പോൾ ആണ് ബന്ധത്തിലെ മുതിർന്ന അമ്മായിയിൽ നിന്നും ഞാൻ എന്റെ പുതിയ പേര് ആദ്യമായി കേട്ടത്.

അമ്മയോട് കുശലങ്ങൾ കൈമാറുന്നതിനിടിയിൽ വാത്സല്യത്തോടെയും പകുതി കളിയായും അവരെനിക്ക് തന്ന ഇരട്ടപ്പേര് പിന്നെ എത്ര വ്യാഴവട്ടം എന്റെ ജീവിതത്തിലെ കറുത്ത നിഴലായി കൂടെ കൂടി.

അന്ന് ഞാൻ വളരെ സന്തോഷത്തോടെ മുല്ലമാല ഒക്കെ മുടിയിൽ റ പോലെ വളച്ചു വെച്ചു സ്ലെയിഡ് കുത്തി സുന്ദരിയായി എത്തിയതായിരുന്നു പക്ഷേ എല്ലാം ഒറ്റ സംബോധനയിൽ തകിടം മറിഞ്ഞു. അപകര്ഷബോധത്തിന്റെ നിറഞ്ഞ കണ്ണുകളുമായി ഞാൻ എല്ലാരേയും നോക്കി. കല്യാണിയുടെയും, മീനാക്ഷിയുടെയും, അപ്പൂന്റെയും ഒക്കെ പല്ലുകൾ മനോഹരമാണ് അവരുടെ ചിരിയും. എന്റെ പല്ല് അങ്ങനെ അല്ല അപ്പോൾ എന്റെ ചിരിയും. അങ്ങനെ ആണെങ്കിൽ ഞാൻ സുന്ദരി അല്ല പല്ലുപൊങ്ങി ആണത്രേ.

പിന്നെ കൂട്ടുകൂടാനും കളിക്കാനും തോന്നിയില്ല മനസിലെ സങ്കടം അണപൊട്ടുന്നു ആരും കാണാതെ കല്യാണ ഹാളിലെ ഒഴിഞ്ഞകോണിൽ ചെന്നു മുഖം കുനിച്ചു അതുവരെ ചിന്തിക്കാത്ത പലതും ചിന്തിച്ചുകൂട്ടി.

സദ്യയിൽ ഏറ്റവും ഇഷ്ടമുള്ള മധുരക്കറി പോലും മാറ്റിവെച്ചു ചോറിൽ വിരൽ കൊണ്ടു കിള്ളികൊണ്ടിരിക്കുമ്പോൾ പായസം വിളമ്പാൻ വന്ന മാധവൻ ചേട്ടൻ എന്നോടായി പറഞ്ഞു. മധു എന്തൊരു ഇരുപ്പാ ഇതു, എല്ലാരും സദ്യ ഉണ്ടു വേഗം കഴിക്കു മോളെ.

സ്നേഹത്തോടെയുള്ള മാധവൻ ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഞാൻ സങ്കടം മറന്നു ചിരിച്ചു. എന്തായിത് ലക്ഷ്മിയെ ?മോൾടെ പല്ല് വല്ലാണ്ട് പൊങ്ങിയല്ലോ !വല്ല ഡോക്ടർമാരെയും കാണിക്കാമായിരുന്നില്ലേ ?ഇടിത്തീ പോലെ അടുത്ത പ്രഹരം മാധവൻ ചേട്ടന്റെ വക ആയിരുന്നു. തലകുമ്പിട്ടു ഊണുമതിയാക്കി കൈകഴുകാൻ നടക്കവേ അപമാനത്തിന്റെ നീർതുള്ളികൾ കവിളുകളെ പൊള്ളിച്ചു.

പിന്നെ അങ്ങോട്ട് ഈ പേര് കൂടെപ്പിറപ്പായി. നാലുപേര് കൂടുന്നിടത്തെല്ലാം ഈ വിളിയിൽ ഞാൻ ഉരുകി. ചിലർ ബോധപൂർവ്വം പരിഹസിച്ചപ്പോൾ മറ്റുചിലർ സഹതപിച്ചു. ബാല്യം കടന്നു കൗമാരമെത്തിയപ്പോൾ കാപ്പിച്ചെടികളുടെ കൂട്ടത്തിനും തലയിണയ്ക്കുമൊക്കെ എന്നേക്കാൾ എന്റെ സങ്കടങ്ങളെ മനസിലായിത്തുടങ്ങി.

വാലിട്ടെഴുതിയ കണ്ണും നിറഞ്ഞ മുടിചുരുളും എന്നിൽ സൗന്ദര്യത്തിന്റെ അടയാളങ്ങളായി കണ്ടു പലപ്പോഴും സ്വയം ഉയർത്തെഴുന്നേറ്റപ്പോൾ ഒക്കെ വിരൂപമായ ചിരി എന്നെ പുറകോട്ടു വലിച്ചു . സംസാരിക്കുമ്പോൾ പോലും കൈകൊണ്ടു വാ മറക്കാൻ ഞാൻ നിർബന്ധിതയായെങ്കിൽ പിന്നെ അതൊരു ശീലമായി കൂടെക്കൂടി.

എന്നും രാവിലെ കണ്ണാടിയിൽ നോക്കുമ്പോൾ പിന്നെയും പിന്നെയും പൊങ്ങുന്ന പല്ലുകൾ എന്നെനോക്കി വികൃതമായി ഇളിച്ചു.

മലയാളം ക്ലാസ്സിലെ കവിതകളിൽ മുല്ലമൊട്ടുപോലുള്ള പ്രണയിനിയുടെ പല്ലുകളും നിലാവുപോലുള്ള പുഞ്ചിരിയും എന്നെ കൂടുതൽ അസ്വസ്ഥയാക്കി.

എനിക്കായി ഒരു വസന്തവും അതിലൊരു കാമുകനും ഉണ്ടാവില്ല എന്നത് സത്യമായി അവശേഷിച്ചു. തീരെ നിറം കുറഞ്ഞ സൈനുവിന്റെയും ഒട്ടും പൊക്കമില്ലാത്ത അന്നയുടെയും പുറകെ നടക്കുന്ന ചെക്കന്മാർ എന്നെ കാണുമ്പോൾ ദേ പല്ലുപൊങ്ങി വരുന്നു എന്ന് പറഞ്ഞു കളിയാക്കിയത് എന്റെ മുറിവുകളിൽ ഉപ്പുപുരട്ടി.

പഠിക്കാൻ മിടുക്കി ആയിരുന്നിട്ടും നന്നായി നൃത്തം ചെയ്യുമായിരുന്നിട്ടും ആരും ഒരിക്കലും എന്നെ കണ്ടില്ല. മനോഹരമായ മുഖങ്ങൾക്കിടയിൽ എപ്പോഴും തഴയപ്പെടുന്നു എന്ന തിരിച്ചറിവ് എന്നെ അന്തർമുഖി ആക്കിയത് വളരെപെട്ടെന്നാണ്.

വർഷങ്ങൾ എത്ര പെട്ടന്നാണ് കൊഴിഞ്ഞതു പതിനേഴിന്റെ പടവുകളിൽ ഞാനും ഒരു അന്യയായി നിന്നു. ജീവിതത്തിന്റെ നിറങ്ങൾ ഒക്കെയും ഭംഗിയുള്ളവർ ആസ്വദിക്കുന്നത് കണ്ടു കൊതിയോടെ നോക്കി നിന്ന എത്ര സന്ദർഭങ്ങൾ.

പിന്നെയും ജീവിതത്തെ മാറ്റിമറിച്ചത് വേറൊരു കല്യാണ പന്തൽ ആയിരുന്നു. അമ്മാവന്റെ മകളുടെ കല്യാണം. ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചി ആയിരുന്നു അമ്മാവന്റെ മകൾ വൈഷ്ണവി. അന്നെല്ലാം മറന്നു ഞാനും ബന്ധത്തിലുള്ള കൂട്ടുകാരികളും ഒരുങ്ങി ഒരുപോലെ ഒരേ ഡ്രെസ്സിൽ. പൊട്ടിച്ചിരികളും തമാശയുമായി ഇരിക്കുമ്പോൾ വല്യച്ഛന്റെ മൂത്ത മകൾ കുഞ്ഞുമായി ഞങ്ങൾ ബന്ധുക്കൾ എല്ലാരും ഒത്തുചേർന്നിരിക്കുന്നിടത്തേക്കു വന്നു.

പൂമ്പാറ്റ പോലുള്ള കുഞ്ഞു തിളങ്ങുന്ന കണ്ണുകളുമായി പുഞ്ചിരിച്ചപ്പോൾ അവളെ എടുക്കാൻ അറിയാതെ എന്റെ കൈ നീണ്ടു. പരിചയമില്ലാത്തതുകൊണ്ടു ആവണം കുഞ്ഞു അവളുടെ അമ്മക്കു നേരെ തിരിഞ്ഞു എടുക്കാൻ സമ്മതമല്ലെന്ന മട്ടിൽ തല ചലിപ്പിച്ചു. അപ്പോഴാണ് എല്ലാരും കേൾക്കെ കുഞ്ഞിന്റെ അമ്മ വല്യച്ഛന്റെ മകൾ കളിയാക്കിയത് എന്റെ മധു നീ വെറുതെ കുഞ്ഞിനെ പേടിപ്പിക്കല്ലേ നിന്റെ പല്ല് കണ്ടു അവള് പേടിച്ചുപോകും. അതുകേട്ടു എല്ലാരും കളിയാക്കി ചിരിക്കുമ്പോൾ ഞാൻ അവിടുന്ന് രക്ഷപെടുകയായിരുന്നു.

അതുവരെ ആരും കാണാതെയുള്ള എന്റെ കരച്ചിൽ അന്ന് ഉച്ചത്തിലായി. നന്നായി ഒന്ന് ചിരിക്കാൻ മോഹിക്കാത്ത ഒരു പെണ്ണ് ഈ ലോകത്തു ഉണ്ടാവുമോ ?ഈശ്വരനോടും സർവത്തിനോടുമുള്ള ദേഷ്യത്തിൽ ഭ്രാന്തിയെപ്പോലെ ഞാൻ പൊട്ടിക്കരയുമ്പോൾ അന്നാദ്യമായി എന്റെ അച്ഛനും അമ്മയും എന്റെ വേദന അറിയുക ആയിരുന്നു അതിന്റെ ആഴം തിരിച്ചറിഞ്ഞ അവരും എന്നേക്കാൾ വേദനിച്ചു എന്നുപറയാം.

പിറ്റേന്ന് കൂലിപ്പണിക്കാരനായ അച്ഛൻ ഏറ്റവും മുന്തിയ ഡെന്റിസ്റ്റിനടുത്തു ഞാനുമായി ഇരിക്കുമ്പോൾ ആ പരുക്കൻ കൈകൾ എന്നെ ചേർത്തുപിടിച്ചിരുന്നു. ക്രമേണ വിരൂപം എന്നതിൽ നിന്നും കുഴപ്പമില്ല എന്നൊരു അവസ്ഥയിൽ എന്റെ ചിരി പുനർജനിച്ചു. എന്റെ മുഖത്തിനും ഒരു രൂപം കൈവന്നു. തലതാഴ്ത്താതെ ഞാനും ലോകത്തെ കണ്ടുതുടങ്ങി.

******************

എന്താടി വാട്സ്ആപ്പ് വീഡിയോ കാണിച്ചപ്പോൾ ഇത്ര ഒരു ആലോചന . കെട്ടിയോന്റെ മടിയിൽ തലവെച്ചു വൈറൽ ആയ പുതിയ വീഡിയോസ് കാണുകയാരുന്നു ഞാൻ.

അതിലൊന്നിൽ സൗന്ദര്യം കുറഞ്ഞ ഒരു കുട്ടിയുടെ പെർഫോമൻസിനെ പലരും രൂക്ഷമായി കളിയാക്കിയിരുന്നു അതാണ് എന്നെ പഴയ എന്നിലേക്ക്‌ കൊണ്ടുപോയത്.

അല്ല ചേട്ടാ ഈ കുട്ടി ഈ റീല്സിൽ നന്നായി പ്രെസെന്റ് ചെയ്തിട്ടും എന്തിനാണ് എല്ലാരും പരിഹസിക്കുന്നത്. സൗന്ദര്യം കുറഞ്ഞുപോയതുകൊണ്ടാണോ?

ന്റെ പൊന്നുമോളെ ഞാൻ ഒന്നിനും ഇല്ല എന്നെ വിട്ടേക്ക്.

അതുപോട്ടെ എന്റെ ചേട്ടൻ ഒന്ന് പറഞ്ഞു തരുമോ അന്നെന്നെ പെണ്ണുകാണാൻ വന്നപ്പോൾ എന്തുകൊണ്ടാണ് നിങ്ങൾക്ക് എന്നെ ഇഷ്ടപെട്ടതെന്നു ?എന്നേക്കാൾ എത്ര സുന്ദരനായിരുന്നു ചേട്ടൻ, പോരാത്തതിന് മനോഹരമായ ചിരിയും.

അങ്ങനെ ചോദിച്ചാൽ സൗന്ദര്യത്തേക്കാൾ ഞാൻ മറ്റുചില കാര്യങ്ങൾക്കാണ്‌ പ്രാധാന്യം കൊടുത്തത്.

ഹാളിൽ വന്നിരുന്നപ്പോൾ വാതിൽ വിടവിലൂടെ എന്റെ പെങ്ങന്മാരുമായി സംസാരിക്കുന്ന നിന്റെ ചിരി ആദ്യം കണ്ടപ്പോൾ ഞാൻ ഒന്നുപേടിച്ചു എന്നത് നേരുതന്നെ. പക്ഷേ നീയുമായി സംസാരിച്ചപ്പോൾ നിന്റെ പുഞ്ചിരി, രൂപം ഒക്കെ എനിക്ക് മനോഹരമായി തോന്നി.

ഹഹഹ അതുകൊള്ളാം ചേട്ടാ ചിരി ബോറായ എനിക്ക് തന്നെ ഏറ്റവും മനോഹരമായ ചിരി ഉള്ള ഒരാളെ തന്നു ഈശ്വരൻ പ്രായശ്ചിത്തം ചെയ്തു. ഞാൻ അങ്ങനെ കരുതി സമാധാനിച്ചോളാം.

പോടീ അവിടുന്ന് ചിരി മാത്രല്ല എന്റെ പെണ്ണിന്റെ എല്ലാം സൂപ്പർ അല്ലെ ഞാൻ പറയണോ ഓരോന്നായി…

സന്തോഷത്താൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കുമ്പോൾ ഞാൻ ഉറപ്പിച്ചു മനസിന്റെ സൗന്ദര്യം മനസിലാക്കുന്ന ഒരാളെ കണ്ടുകിട്ടിയാൽ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ.

(സൗന്ദര്യം ജീവിതത്തിൽ ഒന്നുമല്ല എന്ന് പറയുന്നവരോട് തർക്കിക്കാൻ ഞാൻ താല്പര്യപെട്ടില്ല കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ് ഒരാളുടെ രൂപത്തിനും സൗന്ദര്യത്തിനും സമൂഹം കൊടുക്കുന്ന സ്വീകാര്യത. എന്തൊക്കെ വിശാലമായ ചിന്താഗതികൾ കൊണ്ടുവന്നാലും ഉള്ളിൽ മനുഷ്യർ അങ്ങേയറ്റം സ്വാർത്ഥരാണെന്നതും.

ചെറിയ ചെറിയ കുറവുകളുടെ പേരിൽ വലിയ കഴിവുകൾ ആരും കാണാതെ ഒളിപ്പിച്ചുവെച്ച എത്ര പേരുണ്ട് നമുക്ക് ചുറ്റും. അപകര്ഷതാബോധത്തിന്റെ ചുഴിയിൽ സ്വയം എടുത്തെറിയുന്ന എല്ലാർക്കും പണം മുടക്കി കുറവുകളെ നികത്താൻ പറ്റിയെന്നു വരില്ല. അപ്പോൾ പിന്നെ സമൂഹത്തിനു ചെയ്യാൻ പറ്റുന്നത് സഹജീവികളോട് മര്യാദക്ക് പെരുമാറുക എന്നത് മാത്രമാണ്. സന്തോഷകരമായ ചടങ്ങുകളിലും മുഹൂർത്തങ്ങളിലും അവരെ കോമാളികളാക്കുന്ന പതിവ് എല്ലാം തികഞ്ഞവർ ഉപേക്ഷിച്ചാൽ എത്ര നന്നായിരിക്കും.

പലപ്പോഴും നമ്മുടെ കുഞ്ഞുങ്ങൾ ഓരോരുത്തർ കളിയാക്കിയ ഇരട്ടപ്പേരുമായി വന്നു സങ്കടം പറയുമ്പോഴും നമ്മുടെ മുമ്പിൽ വെച്ചു മറ്റുള്ളവർ കളിയാകുമ്പോഴും നാം പ്രതികരിക്കണം. കരുത്തു പകരുന്നതോടൊപ്പം അവരെ ചേർത്തുപിടിച്ചു ന്റെ മക്കൾ മിടുക്കരാണ് എന്ന് പറയുമ്പോൾ തന്നെ പുതിയ ഒരു ആത്മവിശ്വാസം അവരിലും ഉണ്ടാകുന്നു. കുറവുകളിൽ അല്ല അവരിലെ കഴിവുകളിൽ നാം കണ്ണോടിക്കുക ഈ ലോകം എല്ലാരും ഒരുപോലെ ആസ്വദിക്കട്ടെ.)