സിദ്ധചാരു ~ ഭാഗം 06, എഴുത്ത്: ലച്ചൂട്ടി ലച്ചു

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ

പുടവയെടുപ്പും അലങ്കാരങ്ങൾക്കുമായി കൈമെയ് മറന്ന് സ്വാതിയോടൊപ്പം തന്നെയുണ്ടായിരുന്നു ചാരു ……!!

കഴിഞ്ഞ കുറച്ചുദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു സിദ്ധാർത്ഥിന് എന്തൊക്കെയോ മാറ്റങ്ങളുണ്ടെന്ന് ….!!

പതിയെ പതിയെ താനും പഴയ ഓർമ്മകളിൽ നിന്ന് മുക്തയാവുന്നതു പോലെ അവൾക്ക് തോന്നി …!!

എങ്കിൽപ്പോലും സിദ്ധുവിനോടുള്ള വെറുപ്പ് കലർന്ന പ്രണയം മനസ്സിന്റെ ചിപ്പിക്കുള്ളിൽ അടച്ചുസൂക്ഷിച്ചു …

വിവാഹത്തിന്റെ മൂന്ന് നാൾക്ക് മുൻപായിരുന്നു സ്വാതി വല്ലാതെ വിഷണ്ണയായി മേശമേൽ തലവച്ചു കിടക്കുന്നുന്നത് ചാരു കണ്ടത് …..

“എന്തുപറ്റി ചേച്ചി …??”

അവൾ അരികെ ചെന്ന് സ്വാതിയുടെ മുഖം പിടിച്ചുയർത്തി ….

കണ്ണ് കലങ്ങിയിരിക്കുന്നു ….

നന്നായി കരഞ്ഞ ലക്ഷണം …

“തലവേദനയുണ്ടോ നിനക്ക് …??

മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ …!!”

“ഒന്നുമില്ല മോളേ ….”

ഒഴിഞ്ഞുമാറാൻ ശ്രമിച്ച സ്വാതിയെ ചാരു വിടാതെ പിടിച്ചുനിർത്തി …

“കാര്യം പറഞ്ഞിട്ട് പോയാൽ മതി …!!”

അവളുടെ ശാഠ്യത്തിനു മറുപടിയായത് സ്വാതിയുടെ പൊട്ടിക്കരച്ചിലായിരുന്നു …

“എന്താ സ്വാതിയേച്ചി കാര്യം….??

എന്നോട് പറയ് …

ഇങ്ങനെ കരയാനും മാത്രം എന്തുണ്ടായി …??”

ഏങ്ങലടിച്ചുകൊണ്ട് സ്വാതി ചാരുവിനെ കെട്ടിപ്പിടിച്ചു ….

“സിദ്ധുവേട്ടൻ ….!!

സിദ്ധുവേട്ടന് ഈ വിവാഹം ഇഷ്ടമല്ലെന്നു തോന്നുന്നു മോളെ …”

കരച്ചിലിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു …

“ആരാ ഈ മണ്ടത്തരങ്ങളൊക്കെ ചേച്ചിയെ പറഞ്ഞുകേൾപ്പിക്കുന്നത് …??”

സിദ്ധു …സിദ്ധു പറഞ്ഞോ അങ്ങനെ …??”

വെപ്രാളത്തോടെ ചാരു ആരാഞ്ഞു …

“വാക്കാൽ പറഞ്ഞില്ല….

പക്ഷെ ഏട്ടന്റെ പെരുമാറ്റം…..!!

അതിൽ നിന്ന് തന്നെ മനസ്സിലാവും മോളെ …

വിളിച്ചാൽ ഫോണെടുക്കില്ല …

അഥവാ എടുത്താലും അപ്പയ്ക്ക് ഫോൺ കൊടുത്ത് എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കാനുള്ള ധൃതിയാണ് …!!

പെണ്ണുകാണൽ കഴിഞ്ഞ ശേഷം ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടില്ല അറിയോ നിനക്ക് ….??”

“എന്താണ് കാരണമെന്നു ചേച്ചി ചോദിച്ചോ …??”

“പലവട്ടം…..

ഇന്ന് പക്ഷെ പരിധി കടന്നു …

ഈ അവഗണന സഹിക്കാൻ വയ്യ…..

നാളെ കഴിഞ്ഞ് ഒരുമിച്ചൊരു ജീവിതം തുടങ്ങേണ്ടവരല്ലേ ….

ഇങ്ങനെ പോയാൽ ….!!”

വിതുമ്പിക്കൊണ്ട് സ്വാതി അവളിൽ നിന്നകന്നു മാറി …

“എന്നിട്ട് എന്താ സിദ്ധു കാരണം പറഞ്ഞത് ….??”

ഉദ്വെഗത്തോടെ ചാരുലത അവളെ നോക്കി …

“ഒരുപാട് നിർബന്ധിച്ചപ്പോൾ ഒന്നുമാത്രം പറഞ്ഞു …

ഈ വിവാഹം ഒരു പ്രായശ്ചിത്തമാണെന്ന് …

സിദ്ധുവേട്ടൻ സ്നേഹിച്ച പെണ്ണിനോടുള്ള പ്രായശ്ചിത്തം …!!”

“അവൾ ……..ആരാണെന്നു പറഞ്ഞോ സിദ്ധു…??”

ഉള്ളിലെ പരിഭ്രമം മുഖത്തുവരാതിരിക്കാൻ ചാരുലത പണിപ്പെടുന്നുണ്ടായിരുന്നു …

“ഉം …പറഞ്ഞു …!!”

“ഏഹ് …??”

ചാരുവിന്റെ ശ്വാസം നിലക്കുന്നതുപോലെ തോന്നിപ്പോയി …

“അദ്ദേഹത്തിന്റെ ജീവനാണ് അവളെന്ന് പറഞ്ഞു ….

അത്രമാത്രം …!!

പിന്നെ എന്തിനാ ചാരു ഞാൻ ഈ വിഡ്ഢിവേഷം കെട്ടുന്നേ ….??

ഓരോ പെണ്ണുകാണലിനും അച്ഛന്റെയും അമ്മയുടേയുമൊക്കെ സന്തോഷത്തിനു വേണ്ടി നിന്നുകൊടുക്കുമ്പോഴും ജാതകദോഷം കാരണം എല്ലാം മുടങ്ങുമ്പോഴും നെഞ്ച് പിടയുമായിരുന്നു …..!!

പക്ഷെ ഇന്നതിനേക്കാൾ വേദനയാണ് സിദ്ധുവേട്ടന്റെ എന്നോടുള്ള ഈ പെരുമാറ്റം ….

ഈ ബന്ധം വേണ്ടായിരുന്നു എന്ന് തോന്നുവാ മോളെ …!!”

“എന്തു വിവരക്കേടാണ് സ്വാതിയേച്ചി ഈ പറയുന്നത് …??

ഇത്രടം വരെയെത്തിയിട്ട് വേണ്ടാന്ന് വെയ്ക്കേ …

സിദ്ധു എന്തോ തമാശക്ക് പറഞ്ഞു ….

അതും കേട്ടുകൊണ്ട് കരയാൻ ഇവിടൊരു പൊട്ടിപെണ്ണും …

ഞാൻ സംസാരിക്കാം സിദ്ധുവിനോട് …

എന്റെ സ്വതിയേച്ചി വിഷമിക്കാതെ ഉഷാറായിട്ടിരിക്ക് …!!

നാളെതൊട്ട് അതിഥികളുടെ മേളമായിരിക്കും …

ഇങ്ങനെ മൂടിക്കെട്ടിയിരുന്നാൽ ആർക്കാണ് അതിന്റെ ചേതം …??”

ചാരുലത സ്വാതിയുടെ മുഖം കൈപത്തിയാൽ ഒപ്പിയെടുത്തു …

കണ്ണുനീർ തുടച്ചു… അഴിഞ്ഞുലഞ്ഞ മുടിയിഴകൾ ഒതുക്കിവച്ച് അവളുമായി പുറത്തേക്ക് നടക്കുമ്പോഴും മനസ്സിലൊരായിരം ചോദ്യങ്ങളുടെ വിള്ളലുകൾ അവളുടെ ഹൃദയത്തിൽവിണ്ടുകീറിയിരുന്നു ….!!

സിദ്ധുസ്നേഹിച്ച പെണ്ണ് അത് താനാണെന്നറിഞ്ഞാൽ അവിടെ തീർന്നു എല്ലാം …!!

പാടില്ല …

ഒരു പൂമൊട്ടിനെ പോലും ദ്രോഹിക്കാതെ തന്റെ ചേച്ചി …

അവളുടെ നിഷ്കളങ്കതയ്ക്ക് ഒരുപക്ഷെ തന്റെ സത്യം താങ്ങാവുന്നതിലും അപ്പുറമായിരിക്കും …

അവളുടെ സന്തോഷത്തിനു വേണ്ടിയാണു എരിയുന്ന തന്റെ മനസ്സിനെ ക്ഷമയുടെ നീർതുള്ളികൾ കുടഞ്ഞിട്ട് ശമിപ്പിക്കുവാൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് …

സ്വയമുരുകുന്നതുകൊണ്ട് അവൾക്ക് പ്രയോജനമില്ലെങ്കിൽ പിന്നെന്ത് ഫലം …!!

നാളെ തന്നെ സിദ്ധുവിനോട് സംസാരിക്കണം …

ചാരുലത മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു ….

—————————

“ഇങ്ങനെ വെറുതെ തിരയെണ്ണി നിൽക്കാനാണോ ചാരു നീയെന്നെ വിളിച്ചത് ….??”

കടൽത്തീരത്തെ ഒഴിഞ്ഞ ഒരുഭാഗത്തായിടുന്നു സിദ്ധാർഥും ചാരുവും …

ചാരുലത ചെറുതായൊന്നു മന്ദഹസിച്ചു ….

ഒരുപിടി മണൽത്തരികളെ കൈക്കുമ്പിളിൽ അവൾ വാരിയെടുത്തു …

“ഈ മണൽത്തരികളെ കണ്ടോ സിദ്ധു …??”

അയാൾ ചോദ്യ ഭാവത്തിൽ അവളെ നോക്കി …

“ഇത് ബന്ധങ്ങളാണ് …!!

ഒരുമണൽത്തരിക്ക് വേറൊന്നിനോടുള്ള അടുപ്പം ..

അവയൊക്കെ ചേർത്തുവയ്ക്കപ്പെടുന്നത് ഈ കൈവിരലുകൾ ഒന്നായി അടുപ്പിച്ചുവയ്ക്കുമ്പോഴാണ് …!!”

ഒരു താമരമൊട്ടുപോലെ കൈവിരലുകൾ കൂമ്പി മണൽത്തരികളെ ഒന്നായി മുറുകെപ്പിടിച്ചു ചാരുലത ….

“ഈ വിരലുകൾ ഓരോന്നും എന്റെ കാഴ്ചപ്പാടിൽ ഓരോ വികാരങ്ങളെയാണ് സിദ്ധു പ്രതിനിധീകരിക്കുന്നത് ….

സ്നേഹം …വിശ്വാസം …പരസ്പരമുള്ള മനസ്സിലാക്കൽ ….നിഷ്ക്കളങ്കത ….സത്യസന്ധത ..!!”

അവൾ ഓരോ വിരലുകളായി വിടർത്താൻ തുടങ്ങി …

“ഇതുനോക്കൂ …

ഓരോ വികാരങ്ങളെയും വിരൽവളച്ചു താഴ്ത്തുമ്പോൾ ഓരോ തരികളും നിലംപതിക്കുന്നുണ്ട് ….!!”

സിദ്ധാർഥ് കണ്ണിമയ്ക്കാതെ അവളെത്തന്നെ നോക്കി നിന്നു …

“ഞാനും നിങ്ങളും ഈ മണല്തരികളിൽ ഏതോരണ്ടെണ്ണം മാത്രമായിരുന്നു സിദ്ധു …!!

ആദ്യമായി എനിക്ക് നിങ്ങളിൽ നിന്നുള്ള സത്യസന്ധത നഷ്ടപ്പെട്ടു …!!”

ചാരു ഒരുപിടി മണൽത്തരികൾ കോരിയെടുത്തു …

പറയുന്നതിന് മുന്നോടിയായി ചെറുവിരൽ മടക്കി ..

“പിന്നീട് വിശ്വാസം….

നമ്മുടെ മ്യൂച്ചൽഅണ്ടേർസ്റ്റാന്ഡിങ് …..

നിഷ്കളങ്കത….

പിന്നീട് നിങ്ങൾക്കെന്നോടുള്ള സ്നേഹം പോലും എനിക്കന്യമായി …..

ഒരിയ്ക്കൽ ഈ കയ്യിൽ നിന്നടർന്നു വീണ തരികളെ അതേ അളവിൽ അതേ രീതിയിൽ കൂട്ടിച്ചേർത്തുവയ്ക്കുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ് …..

അത്‌പോലെയാണ് ബന്ധങ്ങളും …!!

ഒരിക്കൽ കൈവിട്ടുപോയാൽ അതിലുള്ള വിശ്വാസ്യത നഷ്ട്ടപ്പെട്ടാൽ പിന്നീടൊരു കൂടിച്ചേരൽ പല പോരായ്മകളും നിറഞ്ഞതായിരിക്കും ….!!!

മറ്റൊരുപിടി
പുതിയതായി വാരിയെടുക്കുന്നതായിരിക്കും അതിലും നല്ലത് മറ്റൊരു ബന്ധം ഊട്ടിയുറപ്പിക്കുന്നത് പോലെ …!!

അതുകൊണ്ട് ……”

“അതുകൊണ്ട് സ്വാതിയുമൊത്ത് ഞാൻ പുതിയൊരു ജീവിതം തുടങ്ങണം അല്ലേ ….

പഴയതെല്ലാം മറന്ന് ….??”

സിദ്ധാർഥ് കിതപ്പോടെ പറഞ്ഞു നിർത്തി ……

“അതേ…!!”

ഉറച്ചശബ്ദത്തോടെ ചാരുലത തുടർന്നു ….

“നിങ്ങളോടുള്ള പ്രണയം ഇന്നെനിക്ക^
വെറുപ്പിലേക്ക് പരിണമിച്ചിരിക്കുന്നു ….

പക്ഷെ ഒരു കാര്യത്തിൽ നിങ്ങളോടെനിക്ക് നന്ദിയുണ്ട് ….

സ്വന്തം മനസ്സാക്ഷിയെയല്ലാതെ വേറൊന്നിനെയും വിശ്വസിക്കരുതെന്നു നിങ്ങളെന്നെ പഠിപ്പിച്ചു …

നിങ്ങളോടുള്ള വെറുപ്പിനെയും കണികകളാക്കി ചുരുക്കി ഞാൻ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്……

എന്റെ സ്വതിയേച്ചിക്ക് വേണ്ടി ….

ഒരിയ്ക്കലും പ്രായശ്ചിത്തമായി കണ്ട് എന്റെ ചേച്ചിയെ സ്വീകരിക്കരുത് …

എന്നോട് ചെയ്തതിൽ അല്പമെങ്കിലും മനസ്സാക്ഷിക്കുത്ത് തോന്നുന്നുണ്ടെങ്കിൽ പൂർണ്ണമനസ്സോടെ അവളെ സ്വീകരിക്കാൻ സിദ്ധുതയ്യാറാവണം …!!

എന്നോട് ചെയ്തത് ആ പാവത്തിനോട് ആവർത്തിക്കരുത് …

എന്റത്രയും മനക്കരുത്ത് ഒരുപക്ഷെ അവൾക്ക് കണ്ടെന്നു വരില്ല …!!”

നിറഞ്ഞുതുളുമ്പുന്ന കണ്തടങ്ങൾ അവനിൽനിന്നൊളിപ്പിക്കാൻ അവൾ പ്രയാസപ്പെട്ടു …

“ഇതുപറയാനാണ് ഞാൻ കാണണമെന്ന് പറഞ്ഞത്….

നിങ്ങൾ കാരണം എന്റെ സ്വാതിയേച്ചിയുടെ മുഖം ഇനി വാടാൻ പാടില്ല …

അപേക്ഷയാണ് ….!!”

പിന്തിരിഞ്ഞുപോകാനൊരുങ്ങിയ ചാരുലതയുടെ കൈകളിൽ പെട്ടെന്നായിരുന്നു അയാളുടെ പിടിവീണത് …

“നിനക്ക് പറയാനുള്ളതെല്ലാം ഞാൻ നിശ്ശബ്ദം നിന്ന് കേട്ടില്ലേ ….??

ഇനിയെനിക്ക് കൂടി ഒരവസരം തരണം …!!

എനിക്ക് പറയാനുള്ളത് നീയും കേൾക്കണം …!!”

ചോദ്യഭാവത്തിൽ ചാരു അയാളുടെ കത്തുന്ന കണ്ണുകളിലേക്ക് നോക്കി …

“എനിക്കൊരു തെറ്റുപറ്റി …

തെറ്റല്ല…. നിന്നെപോലൊരു പെണ്ണിനെ വഞ്ചിച്ചത് പൊറുക്കാനാകാത്ത അപരാധം തന്നെയാണ് …!!”

ചാരുലതയുടെ പരുക്കമായ മുഖഭാവം മെല്ലെ അയഞ്ഞു …

“അതിന് പക്ഷെ പകരമായിട്ട് സ്നേഹിച്ചപെണ്ണിനെ ജീവിതകാലം മുഴുവൻ അനുജത്തിയായി കാണാൻ എനിക്ക് മനസ്സില്ല…..!!”

പെട്ടെന്നായിരുന്നു അയാളുടെ മുഖഭാവം മാറിയത് …

കടൽത്തിര നനച്ച അവളുടെ പാദങ്ങളെ അയാളുടെ അടുത്തേക്ക് അടുപ്പിച്ചു സിദ്ധാർഥ് …

അരക്കെട്ടിലൂടെ അയാളുടെ കൈകൾ ചുറ്റുമ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയി ചാരുലത …!!

“നിന്റെ വീട്ടുകാരോടുള്ള പക അത് നിന്നിലൂടെ തീർക്കാൻ ശ്രമിച്ചതിന്റെപ്രായശ്ചിത്തം തന്നെയാണ് ഈ വിവാഹം …!!

ഞാൻ ജയിക്കാൻ …..നിന്റെ അച്ഛനെയും മുത്തശ്ശനെയും തോൽപ്പിക്കാൻ …ഈ നാട്ടിലേക്ക് കുടിയേറിയവനാണ് ഞാൻ….!!

പക്ഷെ …!!

നീ …നിന്റെ പ്രണയം ….

അതില്ലാതായപ്പോഴാണ് ഞാനറിഞ്ഞത് വെറുപ്പോടെ നിന്റെകൂടെയുള്ള ഓരോ നിമിഷങ്ങളും ഞാൻ അഭിനയിക്കുമ്പോഴും അറിയാതെ എപ്പോഴൊക്കെയോ നിന്നെ സ്നേഹിച്ചുപോയെന്ന് …!!”

ഒരു ഞെട്ടലോടെ സിദ്ധാർത്ഥിന്റെ കയ്യിൽ നിന്നകന്നു മാറി ചാരു …

അവളെ വീണ്ടും ബലമായി തന്റെ കരവലയത്തിലാക്കി അയാൾ …

“ഇട്ടെറിഞ്ഞിട്ടുപോകാൻ നിനക്കവകാശമുണ്ട്…

കാരണം ഞാനതർഹിക്കുന്നു …!!

പക്ഷെ ഒന്ന് മാത്രം പറയാം …

സ്വാതിയുമായുള്ള എന്റെ വിവാഹം അമ്മയുടെ നിർബന്ധമാണ്….

സ്വന്തം തറവാട്ടിലേക്കുള്ള തിരിച്ചുവരവ് അമ്മയെ ഭ്രമിപ്പിച്ചിട്ടുണ്ടാകാം …

ഇത്രയും നാൾ പക്ഷെ ഞാൻ കാത്തിരുന്നത് നിന്നെയായിരുന്നു …

എന്റെ ചാരുവിനെ …!!”

ഈറനണിഞ്ഞ അവളുടെ മുടിയിഴകൾ കൈവിരലുകളിൽ കുരുക്കി അയാൾ അവളോടൊട്ടി നിന്നു …

“പഴയത് മറക്കണമെന്നു പറയാനല്ലായിരുന്നു …

സാധിക്കുമെങ്കിൽ നിന്റെ ഹൃദയത്തിൽ ഒരിക്കൽ കൂടി എനിക്കൊരിടം ചോദിയ്ക്കാൻ …!!

അത്രയ്ക്ക് ഞാനിഷ്ടപ്പെട്ടുപോയിരുന്നു നിന്നെ….

പക്ഷെ അത് ഞാൻ മനസ്സിലാക്കാൻ നീയെന്നിൽ നിന്നകലേണ്ടി വന്നുവെന്നു മാത്രം …

തിരികെ വന്നപോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു …!!

എങ്ങനെയും തറവാട്ടിലേക്കൊരു തിരിച്ചുപോക്ക് …..

പടിയടച്ചുപിണ്ഡം വച്ചെന്ന അപമാനം …..

അതൊക്കെമറയ്ക്കാൻ മുത്തശ്ശൻ നീട്ടിത്തന്ന ആലോചന അമ്മയ്ക്ക് ധാരാളമായി…!!

അച്ഛനെ നേടിയതുമുതൽ നഷ്ടങ്ങൾ മാത്രം സമ്പാദിച്ച അമ്മയുടെ കഷ്ടപ്പാട് ആവോളം കണ്ടറിഞ്ഞ എനിയ്ക്കു ആ സന്തോഷം തല്ലിക്കെടുത്താനായില്ല ….

പറഞ്ഞു നോക്കി ഒരുപാട് …..

പക്ഷെ ….!!”

അയാളുടെ മുഖത്തെ നിരാശാഭാവം കണ്ട് ചാരുലതയുടെ കണ്ണുകളിലും കണ്ണീർ പൊടിഞ്ഞു …

ഒരുനിമിഷത്തേയ്ക്ക് കൈവിട്ടുപോയതുപോലെ അയാളോട് ചേർന്നപ്പോഴേക്കും അഗ്നിയിൽ തൊട്ട പോലെ അവൾ പൊള്ളിയടർന്ന്‌ പിറകിലേക്ക് മാറി …..

പാടില്ല …..!!

നാളെകഴിഞ്ഞ് തന്റെ ചേച്ചിയുടെ ഭർത്താവാകേണ്ട ആളാണ് …!!

ഇങ്ങനെയൊരു ഭാവത്തിൽ സിദ്ധുവിനെ കാണാൻ തൻ ഒരുപാട് കൊതിച്ചിരുന്നു …….

പക്ഷെ.. ഇപ്പോൾ ….!!

തന്റെ ദേഷ്യം അലിഞ്ഞലിഞ്ഞില്ലാതാകുന്നത് അവളൊരു ഉൾഭയത്തോടെ ഓർത്തു…

അവളുടെ മുഖഭാവം മാറി …

പുച്ഛത്തിന്റെ ചേഷ്ടകൾ മനഃപൂർവം മുഖത്തണിഞ്ഞു ചാരുലത …..

“മതിയാകു സിദ്ധു … !!

കണ്ടും കെട്ടും മടുത്തുപോയി നിങ്ങളുടെ ഈ ഭാവങ്ങളും ഭാവമാറ്റങ്ങളും വാചകക്കസർത്തുകളും ….

ഒരിക്കൽക്കൂടി വഞ്ചിക്കപ്പെട്ടാൽ
ഞാൻ ഞാനല്ലതായിപ്പോകും….!!

എങ്ങനെ ഒരാളെ വിശ്വസിക്കാതിരിക്കാം എന്ന് ഞാൻ പഠിച്ചത് നിങ്ങളിലൂടെയാണ് …!!

ആ നിങ്ങളെ വീണ്ടും ഞാൻ വിശ്വസിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി …

നിങ്ങളുടെ പിറകെ നടന്ന പൊട്ടിക്കുട്ടിയല്ല ഇപ്പോൾ ചാരു …!!

പ്രായത്തോടൊപ്പം മനസ്സിനെ പാകപ്പെടുത്താനും എനിക്ക് കഴിഞ്ഞിട്ടുണ്ട്….

നിങ്ങളിൽ നിന്ന് മുക്തമാകാൻ ഞാനെടുത്ത നാളുകൾ നിങ്ങളോടുള്ള അറപ്പിനെ മനസ്സിൽ കുത്തിനിറയ്ക്കാൻ എടുത്തതിനെക്കാൾ കൂടുതലായിരുന്നു ……

അത് യാഥാർഥ്യം …!!

പക്ഷെ ഇപ്പോൾ ഉള്ളിന്റെ ഉള്ളിലെ ചെറിയൊരു ഇഷ്ടത്തെ പോലും പകയുടെ വേവിൽ എരിച്ചുകളഞ്ഞിരിക്കുന്നു ഞാൻ…..!!

പഴയ ബന്ധത്തിന്റെ പേരിൽ ഇനി എന്നെ കാണരുത് നിങ്ങൾ സ്വാതിയേച്ചിയുമായുള്ള ബന്ധത്തെ മാത്രമായിരിക്കും ഇനി നമ്മൾ
തമ്മിലുള്ള പരിചയം…..!!!

എന്റെഓർമ്മയുടെഅവശേഷിപ്പ് പോലും നിങ്ങളിൽ വേണ്ട ……

എനിക്കതിഷ്ടമല്ല …!!

അവസാനമെത്താത്ത ഭൂമിയുടെ പരപ്പോളം…..

ഈ കടലിന്റെ അറ്റമെത്താത്ത ആഴത്തോളം ഞാൻ നിങ്ങളെ വെറുക്കുന്നു സിദ്ധു …!!

ഈ രീതിയിൽ ഒരു കൂടിക്കാഴ്ച്ച ഒരിയ്ക്കലും നമ്മൾ തമ്മിൽ ഉണ്ടാവാൻ ഇടവരാതിരിക്കട്ടെ…..!!”

വീറോടെ അത്രയും പറഞ്ഞവസാനിപ്പിച്ചുകൊണ്ട് സിദ്ധാർത്ഥിന്റെ കൈകളെ ബലമായി വിടുവിച്ചു തിരിഞ്ഞുനടന്നു ചാരുലത …

“പൊയ്ക്കോളൂ ചാരു ….!!

പക്ഷെ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു ….

സ്നേഹിക്കുന്നു….

ഇനിയും സ്നേഹിക്കും…..

എന്റെ ജീവനേക്കാളേറെ പ്രണയിക്കും …!!

ഇനിയൊരുപക്ഷേ മണ്ണിനോട് ചേർന്നുപോയാലും എന്റെ ആത്മാവിന് ജീവനുണ്ടാകും ……

നീയെന്ന നിശ്വാസം അതിൽ അടങ്ങുന്നിടത്തോളം ….!!”

ഉറക്കെ വിളിച്ചുപറയാനൊരുങ്ങുന്ന മനസ്സിനെ സിദ്ധാർഥ് മൗനമായി പിടിച്ചുനിർത്തി ….

¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤《《¤¤¤¤¤¤《¤《《¤《¤¤《¤

“ഇനി എന്റെ സ്വാതിയേച്ചി പേടിക്കണ്ട …!!

സിദ്ധുവിനോട് ഞാൻ എല്ലാം പറഞ്ഞുശെരിയാക്കിയിട്ടുണ്ട് ….!!

ആൾക്ക് ചെറിയൊരു ഡിപ്രെഷൻ ആയിരുന്നു …..!!

എക്സ് ലവ് അഫയറിന്റെ ….!!

അതൊക്കെ പതുക്കെ മാറിക്കോളുമെന്നേ …

എന്റെ സ്വാതിയെച്ചിയല്ലേ ….

ആ പെൺകുട്ടിയേക്കാളും സിദ്ധാർത്ഥിനെ സ്നേഹിക്കാൻ നിനക്ക് പറ്റും …..!”

ആയിരം പൂത്തിരി വിരിയുന്നുണ്ടായിരുന്നു സ്വാതിയുടെ കണ്ണുകളിൽ…..

വരാൻ പോകുന്ന വിപത്തുകളെ വിളിച്ചോതുംവിധം ചാരുവിന്റെ മനസ്സും കത്തിപ്പടരുന്നുണ്ടായിരുന്നു …

രാവിലെ എണീക്കുമ്പോഴേക്കും അതിഥികളുടെ വരവുംപോക്കുമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു ….!!

തലേന്ന് കിട്ടിയ സമ്മാനപ്പൊതികൾക്കു നടുവിലായിരുന്നു സ്വാതിയും ചാരുലതയും …

കണ്ണുമിഴിച്ചു നോക്കിയപ്പോൾ മുറിയിൽ സ്വാതിയില്ല …

ചിലപ്പോൾ ഒരുക്കാനായി അമ്മ വിളിച്ചുകൊണ്ട് പോയിട്ടുണ്ടാകും സമയം ആറിനോടടുത്തു …

എട്ട്മണിക്കാണ് പെണ്ണിറങ്ങുന്നത് …!!

താമസിച്ചല്ലോ …

ചാരുലത വേഗം മുടിമേലെ ഒതുക്കിക്കെട്ടി എഴുന്നേറ്റു …

ദേഹണ്ഡമൊന്നും വീട്ടിലില്ല ..

ഓഡിറ്റോറിയത്തിൽ തന്നെ എല്ലാം ഒരുക്കിയിട്ടുണ്ട് ….

അതുകൊണ്ട് ആ ഒരുബഹളം ഇല്ല …

ഇന്നലത്തെ അതിഥിസൽക്കാരവും ഓഡിറ്റോറിയത്തിൽ തന്നെയായിരുന്നല്ലോ ….!!

“മോളുണർന്നോ …??

സ്വാതിയെവിടെ…..???

അവളെകൂടി വിളിച്ചോണ്ട് വാ ….

ശീവേലി തുടങ്ങുന്നതിനു മുന്നേ അമ്പലത്തിൽ കയറി തൊഴുവണം …..

ബൂട്ടീഷ്യൻ ഓഡിറ്റോറിയത്തിലേക്ക് വരാൻ നിന്റെ അച്ഛൻ ഏർപ്പാടാക്കിയിട്ടുണ്ട് …

അതുകൊണ്ട് എട്ടിന് മുന്നേ ഇവിടുനിറങ്ങണം ….!!

പെട്ടെന്നാകട്ടെ …”

അടുക്കിവച്ചിരിക്കുന്ന മുല്ലപ്പൂക്കൾ പ്ലാസ്റ്റിക് കൂടയിൽ ആക്കുന്നതിനിടക്കാണ് അമ്മ അവളോടായി പറഞ്ഞത് …

“സ്വാതിയേച്ചി അതിനു മുറിയില്ലല്ലോ അമ്മേ ..!!

ഞാൻ കരുതി ഇവിടേയ്ക്ക് വന്നിരിക്കുമെന്ന് …”

“മുറിയിലില്ലേ….??

നിന്റെ കൂടെയല്ലേ ഇന്നലെ അവൾ കിടന്നത് …

ഉറക്കച്ചടവിൽ പൊട്ടത്തരം വിളിച്ചുപറയാതെ പോയി നോക്ക് ചാരു …”

അമ്മയുടെ വാക്കുകളിൽ ചെറിയ പരിഭ്രമം നിഴലിച്ചിരുന്നു …

“സത്യം ….!!

അവിടെയില്ല …ഞാൻ ഒന്നുകൂടി നോക്കാം …”

ധൃതിയിൽ മുറിക്കുള്ളിലേക്ക് നടക്കുമ്പോഴും അവിടം ശൂന്യമായിരുന്നു ….!!!

തുടരും …