രണ്ടാംകെട്ട്
എഴുത്ത്: ദേവാംശി ദേവ
================
“നിനക്ക് നാണമുണ്ടോ ലക്ഷ്മി..മോളുടെ വിവാഹം ഉറപ്പിച്ചു..അപ്പോഴാ അവളുടെയൊരു രണ്ടാം കെട്ട്..”
“അമ്മമ്മക്ക് ഇപ്പൊ എന്താ വേണ്ടത്..അമ്മയുടെ വിവാഹത്തെ പറ്റി അറിയാനാണെങ്കിൽ എന്നോട് ചോദിച്ചാൽ മതി..അത് ഉറപ്പിച്ചത് ഞാനാണ്.” അനുവിന്റെ ശബ്ദം കേട്ട് ഭാർഗവിയമ്മ തിരിഞ്ഞു നോക്കി.
“കൊള്ളാം..നീ ഇത് എന്ത് ഭാവിച്ചിട്ടാ മോളെ..മറ്റൊരു കുടുംബത്തിലേക്ക് ചെന്നുകയറാൻ ഇനി ഒരുമാസം തികച്ചില്ല..അപ്പോഴാണ് അമ്മയുടെ രണ്ടാംകെട്ട്..ചെന്നുകയറുന്ന കുടുംബത്തിൽ നിന്റെ വിലയാ കുറയുന്നത്.”
“അതോർത്ത് അമ്മമ്മ വിഷമിക്കേണ്ട..വിലക്കൂടുതലും കുറവും നോക്കാൻ എന്നെ തൂക്കിവിൽക്കുകയല്ല..ഇത് ഞാനും ദീപുവും ഒരുമിച്ച് എടുത്ത തീരുമാനമാണ്. ദീപുവിന്റെ അമ്മയുടെ ആങ്ങളയാണ് ഹരിയങ്കിൾ.. ജാതക ദോഷത്തിന്റെ പേരിൽ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല..അമ്മയെക്കാൾ നാല് വയസ്സിന് മുതിർന്ന ആളാണ്..നല്ല ജോലിയും ഉണ്ട്. ദീപുവും വീട്ടുകാരുമാണ് ഇങ്ങനെയൊരു പ്രൊപ്പോസൽ മുന്നോട്ട് വെച്ചത്. മാത്രവുമല്ല മാരേജ് കഴിഞ്ഞാൽ ഞാനും ദീപുവും വിദേശത്തേക്ക് പോകും. ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ ജോലി ശരിയായിട്ടുണ്ട്..ഞങ്ങൾ പോയി കഴിഞ്ഞാൽ അമ്മ ഒറ്റക്കാണെന്നുള്ള ടെൻഷൻ എനിക്കും വേണ്ടല്ലോ..”
“അവളെങ്ങനെയാ ഒറ്റക്ക് ആകുന്നത്..അവളുടെ അച്ഛനും അമ്മയും കൂടപിറപ്പുമൊക്കെ ജീവനോടെയില്ലേ..”
“മുൻപും നിങ്ങളൊക്കെ ജീവനോടെ തന്നെ ഉണ്ടായിരുന്നു അമ്മമ്മേ..അന്നും എന്റെ അമ്മ ഒറ്റക്കായിരുന്നു.”
അനുവിന്റെ മറുപടി കേട്ടപ്പോൾ ഭർഗ്ഗവിയമ്മയൊന്ന് പതറി..എങ്കിലും ചെറുമകൾക്ക് മുൻപിൽ തോറ്റുകൊടുക്കാൻ അവർ തയാറല്ലായിരുന്നു.
“ഇവൾക്ക് വിവാഹം കഴിച്ചാലെ പറ്റു എന്നുണ്ടെങ്കിൽ നിന്റെ അച്ഛൻ തന്നെ പോരെ..അവൻ ഇന്നും മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാതെ ഇവൾക്കുവേണ്ടി കാത്തിരിക്കുവല്ലേ..”
“അതിനെ പറ്റി സംസാരിക്കേണ്ട അമ്മമ്മേ…അത് പറ്റില്ലെന്ന് വർഷങ്ങൾക്ക് മുൻപേ അമ്മ പറഞ്ഞതല്ലേ..”
“പ്രസാദ് നിന്റെ അച്ഛനാണ്..അത് നീ മറക്കരുത് അനു..അവനൊരു തെറ്റ് പറ്റി..അത് അവൻ സമ്മതിച്ചല്ലോ…അവൾക്കൊന്ന് ക്ഷമിച്ചാലെന്താ..”
“എല്ലാ തെറ്റുകളും ക്ഷമിക്കാൻ കഴിയില്ല അമ്മമ്മേ..കൂടുതലൊന്നും പറയാൻ ഇല്ലെങ്കിൽ അമ്മമ്മ പോകാൻ നോക്ക്. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ ഹരിയങ്കിളും അമ്മയും തമ്മിലുള്ള വിവാഹം നടക്കും.”
ഭാർഗവിയമ്മ ദേഷ്യത്തോടെ ഇറങ്ങി പോയതും അതുവരെ മിണ്ടാതിരുന്ന ലക്ഷ്മി എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു..
“അമ്മയിത് എങ്ങോട്ടാ..ഇന്നത്തെ അടുക്കളപണി മുഴുവൻ ഞാനാ. അമ്മക്ക് വേറെ ജോലിയൊന്നും ഇല്ലെങ്കിൽ ഹരിയങ്കിളിനെ സ്വപ്നം കണ്ട് ഇവിടെ ഇരുന്നോ..”
“പോടി കാന്താരി..” ലക്ഷ്മി ചെവിക്ക് പിടിക്കും മുൻപേ അനു അടുക്കളയിലേക്ക് ഓടി..
ലക്ഷ്മി മുറിയിലേക്ക് ചെന്ന് കിടന്നു..അവളുടെ മനസിൽ അപ്പൊ അനു പറഞ്ഞതുപോലെ ഹരിയായിരുന്നില്ല..വർഷങ്ങൾക്ക് മുൻപുള്ള ലക്ഷ്മി തന്നെയായിരുന്നു..
അമ്മയെ അനുസരിച്ച് അച്ഛനെ ബഹുമാനിച്ച് ഏട്ടനെ ഭയന്ന് ജീവിച്ച ഒരു പതിനെട്ടുവായസ്സുകാരി. പഠിച്ചതെല്ലാം പെൺകുട്ടികൾ മാത്രമുള്ളിടത്തായതുകൊണ്ടും അച്ഛനെയും ഏട്ടനെയും പേടിച്ചും പ്രണയമൊന്നും ഉണ്ടായിട്ടില്ല..
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അച്ഛനൊരു വിവാഹലോചനയുമായി വരുന്നത്.
പ്രസാദ് ഗൾഫിലാണ്…അടുത്ത ആഴ്ചതന്നെ പ്രസാദിന്റെ അച്ഛനും അമ്മയും സഹോദരിമാരും കൂടി കാണാൻ വന്നു..ഒരു ചേച്ചിയും ഒരു അനിയത്തിയുമാണ് പ്രസാദിന്..ചേച്ചിയുടെ വിവാഹം കഴിഞ്ഞു.അനിയത്തി പഠിക്കുന്നു..
പ്രസാദിന്റെ ഫോട്ടോ തന്നു..തന്റെ ഫോട്ടോ പ്രസാദിനും അയച്ചു കൊടുത്തു. പരസ്പരം ഇഷ്ടമായി..ആഴ്ചയിൽ ഒരു ദിവസം വീട്ടിലെ ലാൻഡ് ഫോണിൽ പ്രസാദ് വിളിക്കും..പത്തോ പതിനഞ്ചോ മിനിറ്റ് സംസാരിക്കും..അതായിരുന്നു ആകെ പരിചയം.
രണ്ട് മാസത്തെ ലീവ് മാത്രമേയുള്ളു എന്ന കാരണത്താൽ വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് പ്രസാദ് നാട്ടിലേക്ക് വന്നത്..ആദ്യമായി നേരിട്ട് കാണുന്നത് കതിർമണ്ഡപത്തിലും..
വിവാഹം കഴിഞ്ഞു..പ്രസാദ് നല്ല സ്നേഹമായിരുന്നു..തുടർന്ന് പഠിക്കാൻ അയാൾ അനുവദിച്ചു…വിരുന്നുപോക്കും ഹണിമൂന്നുമൊക്കെ രണ്ടുമൂന്നാഴ്ച കൊണ്ട് തീർന്നു..പിന്നെ കോളേജിലേക്ക് പോയി തുടങ്ങി. രാവിലെ പ്രസാദ് തന്നേ കൊണ്ടാക്കും വൈകുന്നേരം വിളിക്കാൻ വരും. പിന്നെ പാർക്കിൽ ബീച്ചിലുമൊക്കെ ചുറ്റിനടന്ന് സിനിമക്കൊക്കെ പോയിട്ടാകും തിരികെ വരിക..
രണ്ട് മാസം വേഗം പോയി..പ്രസാദിന്റെ ലീവ് കഴിഞ്ഞു..
അയാൾ പോയി കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു.
എങ്കിലും അത് കാര്യമാക്കാതെ നല്ല മരുമകളായി..
“ഇനി എല്ലാം നിന്റെ കൈയ്യിലാണ്” എന്നുപറഞ്ഞ് അടുക്കളപണി മുഴുവൻ എന്നെ എൽപ്പിച്ചെങ്കിലും ഭരണം വിട്ടുതരാൻ മടിച്ച് കുറ്റവും കുറവും കണ്ടുപിടിച്ച് അയാളുടെ അമ്മ എപ്പോഴും കൂടെ കാണും. അച്ഛനും അനിയത്തിയും ഒന്നിലും ഇടപെടില്ല. വീട്ടുജോലി മുഴുവൻ തീർത്തിട്ടാണ് കോളേജിലേക്ക് പോകുന്നത്..രണ്ട് ബസ്സ് കയറിവേണം പോകാൻ..തിരികെ വരുമ്പോൾ സന്ധ്യയാകും..വന്നിട്ടും ജോലി..പിന്നെ പഠിത്തം..ഓരോ ദിവസവും ഞാൻ തളർന്നുകൊണ്ടിരുന്നു..ഒടുവിൽ ആ തളർച്ച എന്റെ വയറ്റിലൊരു കുഞ്ഞ് വളരുന്നുണ്ടെന്നറിയിച്ചു…
അതോടെ “കോളേജിൽ പോകേണ്ട ഈ സമയത്ത് യാത്ര ചെയ്യുന്നത് നല്ലതല്ല” എന്ന് അമ്മായി അമ്മ വിധിച്ചു..
“നീ ഇനി പഠിച്ചിട്ട് എന്തിനാ” എന്ന് അമ്മയും..
അതോടെ പഠിത്തം നിന്നു..
പ്രസവിച്ചു കഴിഞ്ഞപ്പോൾ കുഞ്ഞിനെ കാണൻ ഒരു മാസത്തെ ലീവിന് പ്രസാദ് വന്നിട്ട് പോയി..മൂന്ന് മാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെ വീട്ടിൽ നിന്ന് കുഞ്ഞിനെയും കൊണ്ട് പ്രസാദിന്റെ വീട്ടിലേക്ക് വന്ന്..
സ്വർഗ്ഗം എന്ന പറയാൻ കഴിഞ്ഞില്ലെങ്കിലും നരകമല്ലാതെ ജീവിതം മുന്നോട്ട് പോയി..
ഒരു ദിവസം രാത്രി വീടിന്റെ മതിൽ ചാടി കടക്കാൻ ശ്രമിച്ചൊരുത്തനെ നാട്ടുകാരെല്ലാം കൂടി വളഞ്ഞിട്ട് പിടിച്ചു..അവന്റെ വസ്ത്രധാരണം കണ്ടാൽ തന്നെ അറിയാം അവൻ കളളനല്ലെന്ന്.
നാട്ടുകാര് ചോദ്യം ചെയ്തപ്പോൾ ഞാൻ വിളിച്ചിട്ടാണ് അവൻ വന്നതെന്ന് പറഞ്ഞു..ഞാനും അവനും തമ്മിൽ അടുപ്പത്തിൽ ആണെന്നും.
ഞാൻ പറയുന്നതൊന്നതും കേൾക്കാതെ അമ്മ എന്നെ നാട്ടുകാരുടെ മുന്നിലിട്ട് പൊതിരെ തല്ലി..രണ്ട് ദിവസത്തിനകം പ്രസാദ് പറന്നെത്തി..എന്നെയും കുഞ്ഞിനെയും എന്റെ വീട്ടിൽ കൊണ്ടാക്കി..
കുഞ്ഞിനെ ഓർത്തെങ്കിലും എന്നെ വിശ്വസിക്കാൻ കാല്പിടിച്ച് പറഞ്ഞുപ്പോൾ “ആ കുഞ്ഞ് എൻെറയാണെന്ന് എനിക്ക് ഉറപ്പില്ല.” എന്നായിരുന്നു അയാളുടെ മറുപടി..
വീട്ടിലും ആരും എന്റെ വാക്ക് കേട്ടില്ല..അച്ഛനും ഏട്ടനും ചേർന്ന് തല്ലി ചതച്ചു.. അമ്മയുടെ ശാപ വാക്കുകൾ വേറെ..ഇതിനിടയിൽ പ്രസാദ് ഡിവോഴ്സ് ഫയൽ ചെയ്തു..കേസും തുടങ്ങി..
ഇടക്ക് ആരോ പറഞ്ഞറിഞ്ഞു പ്രസാദിന്റെ അനിയത്തിയുടർ വിവാഹം ഉറപ്പിച്ചെന്ന്. ഞാനുമായുള്ള ഡിവോഴ്സ് കഴിഞ്ഞാലുടൻ പ്രസാദ് ആ പയ്യന്റെ അനിയത്തിയെ വിവാഹം കഴിക്കുമെന്നും..അതുകൂടി കേട്ടതോടെ എനിക്ക് വാശിയായി…എങ്ങനെയും ജീവിക്കണമെന്നുള്ള വാശി..ഒരു ജോലി അന്വേഷിച്ചു തുടങ്ങി..അടുത്തുള്ള അങ്കണവാടിയിലെ ടീച്ചർ പ്രസവത്തിനായി ലീവിന് പോയ വേക്കൻസിയിൽ ജോലിക്ക് കയറി..അതാകുമ്പോൾ കുഞ്ഞിനെ നോക്കാനും വേറെ ആരും വേണ്ട..
പ്രസാദിന്റെ അനിയത്തിയുടെ വിവാഹത്തിന്റെ തലേ ദിവസം പൊന്നും പണവുമായി അവൾ ആരുടെയോ കൂടെ ഒളിച്ചോടി…അപ്പോൾ തന്നെ പോലീസിൽ പരാതി കൊടുത്തതുകൊണ്ട് ജില്ല കടക്കും മുൻപേ അവരെ കണ്ടെത്താൻ കഴിഞ്ഞു..പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് പ്രസാദും അച്ഛനും സ്റ്റേഷനിലേക്ക് പോയി..അവിടെ മകളുടെ കൂടെ നിൽക്കുന്നവനെ കണ്ട അയാളുടെ അച്ഛൻ ഞെട്ടി..അവനെയാണ് അന്ന് രാത്രി മതില് ചാടിയപ്പോൾ നാട്ടുകാർ പിടിച്ചതെന്ന് അറഞ്ഞപ്പോൾ പ്രസാദ് അയാളോട് ഒന്നേ ചോദിച്ചുള്ളൂ..
“അന്ന് നീ ആരെ കാണാനാ വന്നത്.”
അനിയത്തിയെ കാണാനാണെന്നും അവൾ പറഞ്ഞിട്ടാണ് എന്റെ പേര് പറഞ്ഞതെന്നും കേട്ടപ്പോൾ അവിടുന്ന് ഇറങ്ങി പ്രസാദ് എന്റെ അടുത്തേക്കാണ് വന്നത്..ഒരുപാട് മാപ്പ് പറഞ്ഞു കൂടെ ചെല്ലണമെന്ന് അപേക്ഷിച്ചു..പക്ഷെ തനിക്കതിന് കഴിയില്ലായിരുന്നു..
“അവന്റെ കൂടെ പോയില്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങണം.” എന്ന് അച്ഛൻ ആജ്ഞാപിച്ചു..
മോളേയും എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി..കുറച്ചു ദിവസം ഒരു കൂട്ടുകാരിയുടെ വീട്ടിൽ നിന്നു..പിന്നെ ചെറിയൊരു വാടക വീടെടുത്ത് മാറി…
ഡിവോഴ്സിന് താൽപര്യമില്ലെന്ന് പ്രസാദ് പറഞ്ഞതുകൊണ്ട് ഡിവോഴ്സ് കിട്ടാൻ താമസിച്ചു..പിന്നീടങ്ങോട്ട് കഷ്ടപാടുകളുടെ കാലമായിരുന്നു..എങ്കിലും അതിലൊരു സന്തോഷമുണ്ടായിരുന്നു..എന്റെ മകൾ വേണ്ടിയല്ലേ..ഒറ്റയ്ക്ക് പോരാടി..
ഇന്ന് അവളൊരു ഡോക്ടറാണ്..കൂടെ പഠിച്ചയാളെ തന്നെയാണ് വിവാഹം കഴിക്കാൻ പോകുന്നതും..
ഒരിക്കൽ തോറ്റുപോയവലുടെ വിജയമാണത്.
**************
“അമ്മേ ഞങ്ങൾ ഇറങ്ങട്ടെ..”
ലക്ഷ്മിയുടെയും ഹരിയുടെയും അനുഗ്രഹം വാങ്ങി ദീപുവും അനുവും യാത്രതിരിച്ചപ്പോൾ സന്തോഷം കൊണ്ട് ലക്ഷ്മിയുടർ കണ്ണുകൾ നിറഞ്ഞു..ഹരി അവളെ ചേർത്തു പിടിച്ചു..
കാറിലേക്ക് കയറുമ്പോഴും പ്രസാദിന്റെ കണ്ണുകൾ ലക്ഷ്മിയുടെ കഴുത്തിലെ താലിയിലും നെറുകയിലേ സിന്ദൂരത്തിലും ആയിരുന്നു..
വിവാഹമോചിതരായിട്ടും ഒരിക്കൽ തള്ളി പറഞ്ഞിട്ടും മോളുടെ അച്ഛനെന്ന സ്ഥാനം ലക്ഷ്മി നിരസിച്ചിട്ടില്ല..അവളെ കാണാൻ ആഗ്രഹിച്ചപ്പോഴൊന്നും എതിർത്തില്ല..ഇപ്പൊ മകളുടെ കൈപിടിച്ച് കൊടുക്കാനുള്ള ഭാഗ്യവും അവൾ തനിക്ക് തന്നു..പക്ഷേ തന്നോട് ക്ഷമിക്കാൻ മാത്രം അവൾക്ക് കഴിഞ്ഞില്ല..ചില തെറ്റുകൾക്ക് മാപ്പില്ല…
പ്രസാദിന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്നു വീണു..