നിങ്ങളുടെ സങ്കല്പത്തിലെ ഭാര്യക്ക് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടാകാൻ പാടില്ല. കല്യാണം എന്ന സാധനം കഴിഞ്ഞോണ്ട്….

എഴുത്ത്: ഫാരിസ് ബിൻ ഫൈസി

==================

“കല്യാണം എന്റെ ജോലിക്ക് ഒരു തടസമാകില്ല എന്ന് ഇക്കയും ഉമ്മയും പറഞ്ഞോണ്ടല്ലേ ഞാനും എന്റെ വീട്ടുകാരും ഈ കല്യാണത്തിന് സമ്മതിച്ചത്. എന്നിട്ടിപ്പോ ഇനി മുതല്‍ എന്നോട് ജോലിക്ക് പോവേണ്ട എന്ന് പറയുന്നത് ശരിയാണോ”

സഫ്ന തന്റെ പരിഭവം ആസിഫിനെ അറിയിച്ചു. അത് കേട്ട ഭാവം നടിക്കാതെ അവന്‍ അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ച് പിൻകഴുത്തിൽ ചുംബിച്ചു. അവൾ കുതറിമാറി ആസിഫിനെ നോക്കി കണ്ണുരുട്ടി

“ഞാന്‍ ചോദിച്ചതിന് ഉത്തരം പറ ഇക്കാ”

“ഓ പിന്നേ, നീ ജോലിക്ക് പോയിട്ട് വേണല്ലോ ഇവിടെയുള്ളവർ ജീവിക്കാൻ”

“എന്റെ പൊന്നിക്ക, ഞാൻ ജോലിക്ക് പോകുന്നത് പണത്തിന് വേണ്ടി മാത്രം അല്ല. ഞാൻ കഷ്ടപ്പെട്ട് പഠിച്ച് നേടിയ ജോലിയാണ്”

അവള്‍ പറഞ്ഞ് മുഴുമിക്കുന്നതിന് മുമ്പേ ആസിഫ് ഇടയില്‍ കയറി

“ആ മതി മതി…ഞാൻ പറഞ്ഞല്ലോ, നീ ജോലിക്ക് പോയിട്ട് വേണ്ടാ ഞങ്ങളുടെ കുടുംബം കഴിയാൻ”

“അങ്ങനെ ഞാന്‍ പറഞ്ഞോ ഇക്കാ, ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തിനാ ഇക്കാ വേറെ അർത്ഥങ്ങൾ കാണുന്നത്”

ആസിഫ് സഫ്നയെ നോക്കി

“അതേയ്, ഞാൻ നിന്നെ കെട്ടിയിരിക്കുന്നത് എന്നേം എന്റെ വീട്ടുകാരേയും നോക്കാനാണ്. അല്ലാണ്ട് ജോലിയെന്നും പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി വൈകീട്ട് വീട്ടിൽ കയറി വരുന്ന നിന്നെക്കൊണ്ട് ഞങ്ങൾക്ക് എന്താണ് ഉപകാരം…? എന്റെ ഉമ്മാക്ക് വയസ്സായി, നീ ഇങ്ങനെ ജോലിയെന്നും പറഞ്ഞ് പോയാൽ എന്റെ ഉമ്മയുടെ കാര്യങ്ങൾ ആര് നോക്കും…? അതല്ല എന്റെ ഉമ്മയെ നോക്കാൻ ഞാനിനി വേറെ കെട്ടണോ”

ഒന്ന് പുഞ്ചിരിച്ച് ആസിഫ് തുടർന്നു

“ന്റെ സഫ്നാ, നീയീ ജോലി കൂലി എന്നൊക്കെയുള്ള വാശിയൊക്കെ കളഞ്ഞ് തന്റെ ഭര്‍ത്താവിനെ എങ്ങനെ സന്തോഷിപ്പിക്കാം, തന്റെ മക്കളെ എങ്ങനെ നല്ല കുട്ടികളായി വളർത്താം, തന്റെ വീട് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം, ഭർത്താവിന്റെ മാതാപിതാക്കളെ എങ്ങനെ പരിചരിക്കാം എന്നിങ്ങനെയൊക്കെയുള്ള സ്വപ്നങ്ങളാണ് നിന്നെപ്പോലെയുള്ള ഭാര്യമാർ‍ കാണേണ്ടത്”

സഫ്ന ആസിഫിനെ തറപ്പിച്ചൊന്ന് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു

“അപ്പോ കല്യാണം കഴിഞ്ഞ പെണ്ണുങ്ങള്‍ക്ക് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഒന്നും പാടില്ല അല്ലേ ഇക്കാ”

ഇത് കേട്ടപ്പോൾ ആസിഫിന് ദേഷ്യം കയറി

“എന്നെ അനുസരിച്ച് അടങ്ങി ഒതുങ്ങി ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി. അല്ലെങ്കിൽ എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്”

സഫ്ന അവനെ പുച്ഛത്തോടെ ഒന്ന് നോക്കി

“പെണ്ണ് കിട്ടാഞ്ഞപ്പം കള്ളങ്ങൾ പറഞ്ഞ് എന്നെയും എന്റെ വീട്ടുകാരെയും നിങ്ങള്‍ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ”

അവള്‍ പറഞ്ഞ് തീര്‍ന്നതും അവിടെ ഉണ്ടായിരുന്ന സോപ്പ് പെട്ടി മുതല്‍ ലാപ്ടോപ്പ് വരെ അവന്‍ എറിഞ്ഞുടച്ചു. അവളെ ത ല്ലി. മലയാള ഭാഷയില്‍  ഇനിയും കണ്ടെത്തിയിട്ടില്ലാത്ത  പച്ച തെറി പറഞ്ഞ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി.

രാത്രി വീട്ടില്‍ വന്ന ഉടന്‍ ആസിഫ് മുറിയില്‍ കയറി വാതിലടച്ചു. അവളെ കെട്ടിപ്പിടിച്ച് ചുംബിക്കാൻ ശ്രമിച്ചു

“നിന്റെ പിണക്കമൊക്കെ ഞാന്‍ ഇപ്പോ മാറ്റി തരാം മോളെ…വാ ഇങ്ങട്”

പക്ഷെ സഫ്ന അവനെ തള്ളിമാറ്റി

“ഇക്ക പറയുന്നത് എന്തും ഞാന്‍ അനുസരിക്കാം. ഞാന്‍ ഇനി ജോലിക്ക് പോകുന്നില്ല”

ആസിഫിന്റെ മുഖത്ത് വല്ലാത്ത സന്തോഷം

“ഇപ്പോഴെങ്കിലും നിനക്ക് തോന്നിയല്ലോ ഞാന്‍ പറയുന്നതാണ് ശരി എന്ന്”

അവള്‍ അതെ എന്ന അർത്ഥത്തിൽ തലയാട്ടി

“പക്ഷെ ഞാന്‍ പറയുന്ന ഒരു കാര്യം ഇക്ക അനുസരിക്കണം. ഒരൊറ്റ കാര്യം”

“എന്ത് കാര്യം…?”

“എനിക്ക് കുറച്ച് ദിവസം എന്റെ വീട്ടിൽ പോയി നിക്കണം. ഇക്ക എന്റെ വീട്ടിൽ ഇവിടെ നടന്നതൊന്നും പറയരുത്. കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ ഇക്ക ആഗ്രഹിക്കുന്ന ഭാര്യയായി തിരിച്ച് വരും”

വീട്ടിൽ പോയി വന്നതിന് ശേഷം മാത്രമേ ഇനി തന്റെ ശരീരത്തിൽ തൊടാൻ സമ്മതിക്കൂ എന്ന് പറഞ്ഞപ്പോൾ ആസിഫ് നാളെത്തന്നെ വീട്ടിൽ കൊണ്ടാക്കാം എന്ന് സഫ്നക്ക് ഉറപ്പ് കൊടുത്തു. എന്തായാലും നല്ലൊരു കാര്യത്തിനല്ലേ,  ഒരു മൂന്നാല് ദിവസം വീട്ടിൽ പോയി നിന്നിട്ട് മൈൻഡ് ഒക്കെ ക്ലിയർ ആക്കി ഇങ്ങോട്ട് പോരെ എന്ന് വായിൽ തേൻ ഒലിപ്പിച്ച് ആസിഫ് പറഞ്ഞു.

അടുത്ത ദിവസം തന്നെ സഫ്നയെ വീട്ടിൽ കൊണ്ടാക്കി. രണ്ട് മൂന്ന് ദിവസം എന്നുള്ളത് സുഖമില്ല എന്നൊക്കെ പറഞ്ഞ് ഒരാഴ്ച്ചയാക്കി മാറ്റി.

സഫ്ന പോയി കഴിഞ്ഞ് ആറാം നാൾ…

രാവിലെതന്നെ തന്റെ അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ ക്രെഡിറ്റ്‌ ആയത് കണ്ട ആസിഫ് ഞെട്ടി. ആ ഞെട്ടൽ മാറുന്നതിന് മുമ്പുതന്നെ സഫ്നയുടെ വാട്സാപ്പ് മെസ്സേജ് വന്നു. അതിൽ ഒരു മെസ്സേജ്, മുംബൈ ചുവന്ന തെരുവിലേക്കുള്ള ഗൂഗിൾ മേപ്പ് ആയിരുന്നു. ഒന്ന് നാട്ടിലുള്ള വിവിധ ഹോട്ടലുകളുടെ അഡ്രസ്സും. ആസിഫിന് ഒന്നും മനസിലായില്ല. അപ്പോഴാണ് സഫ്നയുടെ ഒരു വോയ്‌സ് മെസ്സേജ് വന്നത്. അവൻ അത് മെല്ലെ പ്ലേ ചെയ്തു.

“ഹായ് ഇക്കാ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ…? സുഖം എന്ന് വിശ്വസിക്കുന്നു. ഞാൻ നിങ്ങളുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം രൂപ അയച്ചിട്ടുണ്ട്. നിങ്ങൾ എനിക്ക് മഹറായി തന്ന പത്ത് പവന്റെ മാല വിറ്റതിന്റെ പൈസയാണ് അത്. അതിനി എന്റെ കഴുത്തിൽ കിടക്കേണ്ട. കാരണം നിങ്ങൾക്ക് വേണ്ടത് ഭാര്യയെ അല്ല. നിങ്ങൾക്ക് മൂഡ് തോന്നുമ്പോൾ കാ മിക്കാനും, വീട്ടിലെ ജോലികൾ ചെയ്യിക്കാനും, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തരാനും ആണ് നിങ്ങൾക്ക് ആളെ ആവശ്യം. നിങ്ങളുടെ സങ്കല്പത്തിലെ ഭാര്യക്ക് ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഉണ്ടാകാൻ പാടില്ല. കല്യാണം എന്ന സാധനം കഴിഞ്ഞോണ്ട് മാത്രം ജീവിതകാലം മുഴുവൻ നിങ്ങളുടെ അടിമയായി ജീവിച്ച് എല്ലാം വികാരങ്ങളും ഉള്ളിലൊതുക്കി, ഏത് നേരവും കരഞ്ഞോണ്ട് നടന്ന്, ഒന്ന് ചിരിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ, എല്ലാം നിങ്ങളുടേയും വീട്ടുകാരുടേയും ഇഷ്ടങ്ങൾക്ക് മാത്രം ചെയ്ത് അടങ്ങി ഒതുങ്ങി വായപൊത്തി ജീവിക്കുന്നതാണ് ഭാര്യ എങ്കിൽ…എനിക്ക് ഇനി അങ്ങനൊരു ഭാര്യാ പദവി വേണ്ടാ…

ഞാൻ ഇത്രേം ദിവസം എന്റെ വീട്ടിൽ നിന്നത് എന്റെ വീട്ടിലുള്ളവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ആയിരുന്നു. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ എനിക്ക് കുറച്ച് സമയം ആവശ്യമായിരുന്നു. ഇപ്പൊ അവർക്ക് കാര്യങ്ങൾ എല്ലാം മനസിലായി. എന്നോട് ഡിവോഴ്സിന് കൊടുക്കാൻ പറഞ്ഞു അവർ…

ആ പിന്നേ, നിങ്ങളെ പോലുള്ള ഭർത്താക്കന്മാർക്ക് ഒരു വിചാരമുണ്ട്. കെട്ടിയ പെണ്ണിനെ പച്ച തെ റി വിളിച്ചും മുഖത്തടിച്ചും വേദനിപ്പിച്ചിട്ട് രാത്രി വന്നിട്ട് കെട്ടിപിടിച്ചാൽ അവൾ അതെല്ലാം മറക്കും എന്ന്. കാ മത്തിൽ തീരുന്നതല്ല മനസിനേറ്റ മുറിവുകൾ. ഇക്ക ഒരു കാര്യം മനസിലാക്കണം നാല് കാലുള്ള കട്ടിലിൽ കിടന്ന് കുത്തി മറിയുന്നതല്ല ദാമ്പത്യം. നിങ്ങൾക്ക് വേണ്ടത് ഭാര്യയെ അല്ല. നിങ്ങൾക്ക് കല്യാണത്തിന്റെ ആവശ്യവും ഇല്ല.

നിങ്ങൾക്ക് മൂടാവുമ്പോൾ പോവാൻ മുംബൈ ചു വ ന്ന തെ രു വിന്റെ ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്. പിന്നെ, നല്ല ഫുഡ്‌ കിട്ടുന്ന കുറച്ച് ഹോട്ടലുകളുടെ അഡ്രസ്സും ഉണ്ട്. വെറുതെ അടുത്തൊരു കല്യാണം കൂടി കഴിച്ച് മറ്റൊരു പെൺകുട്ടിയെ കൂടി കരയിക്കരുത്…അപേക്ഷയാണ്…

എന്ന് നിങ്ങളുടെ മുൻഭാര്യ (ഒപ്പ്)”

~ഞാൻ ഗന്ധർവ്വൻ