ആരെങ്കിലും ഇങ്ങോട്ട് ചോയ്ക്കുന്നേനു മുൻപ് ഞാനെന്റെ സത്യം തുറന്നു പറഞ്ഞു…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്

==================

കൊല്ലപ്പരീക്ഷയടുക്കാറായ ഒരീസം..ഇന്നലത്തെപ്പോലെ ഇന്നും എനിക്കാ ദിവസം ഓർമ്മയുണ്ട്..എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പോലൊരു പ്രതീതിയാരുന്നു അന്തരീക്ഷത്തിന്..

ഉറക്കമുണർന്ന് പല്ല് തേയ്ക്കാൻ ഉമിക്കരിയുമെടുത്ത് മുറ്റത്തോട്ടിറങ്ങാൻ നേരത്താണ് ഞാനത് കാണുന്നത്..ടീപ്പോയുടെ മുകളിലിരിക്കുന്നു രണ്ട് രൂപായുടെ ഒരു തുട്ട്..

ഉമിക്കരിയും കയ്യിൽ പിടിച്ച് ഞാനവിടെ തന്നെ നിന്നു…ചേച്ചിയ്ക്ക് കോളേജിൽ പോകാനുള്ള വണ്ടിക്കൂലിയായിട്ട് അച്ഛൻ കൊടുത്തതാണ് ആ പൈസ…എന്റെ മനസിലെ സാത്താൻ, അല്ല സാത്താനി ചാടിയെഴുന്നേറ്റു…

രണ്ട് രൂപ കൊടുത്താൽ എന്തോരം മുട്ടായി കിട്ടും..കല്ലുണ്ട,,പൊരിയുണ്ട,,പുളിയച്ചാർ,,തേൻമുട്ടായി..ബോംബെ പൂട..നാരങ്ങ മുട്ടായി…അങ്ങനെ എന്തോരം മുട്ടായി വാങ്ങിക്കാനുള്ള പൈസയാ എന്നെ നോക്കിയിരിക്കുന്നത്..അന്നൊക്കെ അഞ്ച് പൈസയ്ക്ക് മുട്ടായി കിട്ടുന്ന കാലം…

വണ്ടിക്കൂലിയ്ക്കുള്ള പൈസ അടിച്ച് മാറ്റിയാൽ ചേച്ചിയ്ക്ക് കോളേജിൽ പോകാനൊക്കില്ല..എടുക്കുന്നത് മോശമല്ലേ…

ചിന്ത ആ വഴിക്ക് നീങ്ങിയപ്പോ…

“ഒരീസം കോളേജിൽ പോയില്ലെന്ന് വെച്ച് പഠിത്തം പാതി വഴിയിൽ നിക്കാനൊന്നും പോകുന്നില്ല..ഇതുപോലൊരു അവസരം ഇനി കിട്ടത്തില്ല..അങ്ങോട്ട് ചെന്ന് പൈസായെടുക്ക് കൊച്ചേ..എന്നിട്ട് ഈഈഈഷ്ടം പോലെ മുട്ടായി വാങ്ങിച്ചു തിന്ന്..നിനക്ക് അർഹതപ്പെട്ട പൈസയാ അത്..വായി നോക്കി നിക്കാതെ ചെല്ല്..ചെന്നെടുക്ക്..

മനസിലെ സാത്താനി എന്നോടലറി..

അമ്മ അടുക്കളയിൽ..ചേച്ചി കുളിക്കാൻ പോയി, അണ്ണൻമാര് രണ്ട് പേരും മുറ്റത്തെങ്ങാണ്ട് നിക്കുവാ..പറ്റിയ അവസരം…

ഞാനാ പൈസയെടുത്ത് കണക്ക് പെട്ടിയിൽ കട്ടിയ്ക്ക് വെച്ചിരിയ്ക്കുന്ന പേപ്പറിന്റെ അടിയിൽ വെച്ച്..ഒരു പേപ്പറൊന്നുമല്ല..പാളി പാളിയായി പേപ്പർ അടുക്കി വെച്ചേക്കുവാ..ഏറ്റവും അടിയിലെ പേപ്പറിലാ പൈസാ വെച്ചത്..ഇനിയാരും കണ്ട് പിടിക്കാൻ പോകുന്നില്ല..

ചേച്ചി പോകുന്നതിന് മുൻപ് വീട്ടിൽ നിന്നിറങ്ങണം..അതിനുള്ള വെപ്രാളമാരുന്നു പിന്നെ..പല്ല് തേച്ചെന്ന് വരുത്തി..കയ്യും കാലും മുഖവും കഴുകി…ചാടി മുറിയ്ക്കകത്ത് കേറി യൂണിഫോം എടുത്തിട്ടതും കുളി കഴിഞ്ഞ കോളേജ് കുമാരി വന്നു കേറി..

വന്നപ്പോഴേ പുള്ളിക്കാരി ടീപ്പോയുടെ പുറത്തോട്ടാ നോക്കുന്നെ..പൈസ അവിടെ കാണാഞ്ഞത് കൊണ്ട് ബാഗ് തുറന്നു നോക്കി..നിലത്തിരുന്നിട്ട് ടീപോയുടെ അടിയിൽ നോക്കുന്നു…

“എന്റെ വണ്ടിക്കൂലിയുടെ പൈസ ഇവിടിരുന്നതെന്ത്യേ…”

എല്ലാരോടുമായി ചേച്ചി ഉറക്കെ ചോദിച്ചു..

അമ്മയും രണ്ട് പുത്രന്മാരും അത് കേട്ട് അകത്തോട്ടു വന്ന്…

“ടീപ്പോയുടെ പുറത്തിരുന്ന രണ്ടുരുവാ ഞാൻ കണ്ടതേയില്ല..”

ആരെങ്കിലും ഇങ്ങോട്ട് ചോയ്ക്കുന്നേനു മുൻപ് ഞാനെന്റെ സത്യം തുറന്നു പറഞ്ഞു..

ദാറ്റ്സ് ഓൾ യുവറോണർ..

അമ്മ എന്നെ ഒന്ന് നോക്കി…

“നീ നേരം വെളുക്കുന്നേനു മുൻപ് എങ്ങോട്ട് പോകുവാ…”

ഒരുങ്ങി നിക്കുന്ന എന്നോട്..

“എനിക്ക് നേരത്തെ പോണം..പെഷിൽ ക്ലാസൊണ്ട്.. 😏

പറഞ്ഞു തീർത്തിട്ട് ഞാൻ പുസ്തക സഞ്ചിയുമെടുത്ത് പുറത്തോട്ട് പോകാനിറങ്ങി..എന്റെയാ പെഷിൽ ക്ലാസിൽ അമ്മയ്ക്കും ഒടപ്പെറന്നോർക്കും അത്ര വിശ്വാസം വന്നില്ലെന്ന് തോന്നുന്ന്..

“അഞ്ചാം ക്ലാസിലെവിടാ പെഷിൽ ക്ലാസ്സ്‌, അവടെ മുഖം കണ്ടാ അറിയാം പൈസ അവളെടുത്തെന്ന്..അവടെ സഞ്ചി വാങ്ങിച്ചു നോക്കമ്മാ..”

എനിക്ക് നേരെ മൂത്തവനാണ്..ഇവൻ മിണ്ടാതിരുന്നെങ്കിൽ വാങ്ങിക്കുന്ന മുട്ടായിയിൽ ഒരെണ്ണം ഞാൻ കൊടുത്തേനെ..ഇനിയത് വേണ്ട..മുട്ടായി തിന്നാൻ അവന് യോഗമില്ല..ഞാനവനെ മൈൻഡ് ചെയ്യാതെ വെളിയിലോട്ടിറങ്ങാൻ തുടങ്ങിയതും..

“സുജ അവിടെ നിക്ക്..”

അമ്മ അടുത്തോട്ട് വരുവാ..എന്റെ കാല്‌ മരവിച്ചു പോയി..

“നീയാ പൈസയെടുത്തെങ്കി തിരിച്ചു കൊടുക്ക്‌..എനിക്ക് ജോലിക്ക് പോണം…”

എൻ എഫ് വർഗീസ് പറയുന്ന പോലെ അമ്മ എന്റെ മുഖത്തോട്ട് നോക്കി പല്ല് കടിച്ചു പിടിച്ചു പറഞ്ഞു..

“ഞാ എടുത്തില്ലമ്മാ, കണ്ട പോലുവില്ല…അവനാരിക്കും എടുത്തേ, എന്റെ തലേ കുറ്റം വെക്കുവാ..” അമ്മയെന്റെ സഞ്ചിയെ നോക്കിക്കോ…

സങ്കടം സഹിക്കാൻ വയ്യാതെ  നെഞ്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ പുസ്തക സഞ്ചി അമ്മേടെ നേരെ നീട്ടി…

അമ്മയാ സഞ്ചി വാങ്ങി കസേരയിൽ വെച്ച്..പുസ്തകവും ബുക്കുമൊക്കെ തട്ടിക്കൊടഞ്ഞു നോക്കിയിട്ടും പൊടി പോലുമില്ല കണ്ടു പിടിക്കാൻ..കണക്ക് പെട്ടി ഒന്ന് തൊറന്നു നോക്കി..ഞാനത്ര മണ്ടിയാന്നോ കാണുന്ന സ്ഥലത്ത് പൈസാ വെച്ച് അടി മേടിച്ചു കൂട്ടാൻ.. 😏😏

“സഞ്ചിയേലൊന്നുമില്ല..ഇവിടെവിടെങ്കിലുമുണ്ടോന്ന് ഒന്നൂടെ നോക്കെടീ..വേറെവിടെ പോകാനാ..”

ഇപ്പൊ കിട്ടുമെന്ന് കരുതി നോക്കി നിന്ന സഹോരങ്ങൾ ചമ്മിപ്പോയി… 😆

അങ്ങനെ കൂടപ്പിറപ്പുകളും അമ്മയും ഞാനും ചേർന്ന് വീട് മുഴുവൻ അരിച്ചു പെറുക്കി..അമ്മയെക്കൊണ്ട് ഞാൻ കടുകിന്റെ ഉള്ളിൽ വരെ പരിശോധിപ്പിച്ചു… “അവിടെ നോക്കമ്മാ ഇവിടെ നോക്കമ്മാ” ന്നൊക്കെ പറയുമ്പോ എന്റെ പൊന്നമ്മച്ചി അവിടേം ഇവിടേം മൊത്തം നോക്കി ക്ഷീണിച്ചു..

ജോലിയ്ക്ക് പോകാനുള്ള സമയം കഴിഞ്ഞതും അമ്മയിലെ നാഗവല്ലി ഉണർന്നു..

“എവിടെ കൊണ്ട് കളഞ്ഞെടീ പൈസ…ഈ വീട്ടിലിനി നോക്കാനെടമില്ല…”

അമ്മ ചേച്ചിക്ക് നേരെ അലറി..ഞങ്ങള് നാലു പേരും പേടിച്ചു പോയി…

“അമ്മ അവളോട് ഒന്നുങ്കൂടെ ചോയ്ക്ക്..അവള് തന്നാ പൈസായെടുത്തെ..എവിടെങ്ങാണ്ട് ഒളിച്ചു വെച്ചേക്കുവാ..ആ സഞ്ചി ഒന്നൂടെ നോക്കമ്മച്ചീ…”

ദോണ്ടേ ലവൻ പിന്നേം.. 😳

എന്നോടിവനെന്തിനിങ്ങനെ ചെയ്യുന്നു..എന്റെ ചാക്കാല കണ്ടേ ഇവൻ അടങ്ങത്തൊള്ളോ..

അവൻ പറഞ്ഞത് കേട്ട എൻ എഫ് വർഗീസ് എന്റടുത്തോട്ട് വീണ്ടും വന്ന്..

“സത്യം പറഞ്ഞോൾണം..നീ പൈസായെടുത്തോ…”

“ഞാങ്കണ്ടില്ലമ്മാ…”

ഞാൻ വീണ്ടും കരയാൻ തുടങ്ങി..

അമ്മ വീണ്ടും സഞ്ചി കയ്യിലെടുത്ത് തട്ടിക്കുടഞ്ഞു…കൊടഞ്ഞതിന്റെ ഊക്കിൽ കണക്ക് പെട്ടി തെറിച്ചു താഴെ വീണ്..

“ആ കണക്കോട്ടിയ്ക്കാത്ത് ചൊവ്വേ നോക്കമ്മാ, അതീ കാണും…”

ലവനെന്നെ കൊന്നേ അടങ്ങു…. 😭

അമ്മ കണക്കു പെട്ടി തുറന്നു..അതിലിരുന്ന ആദ്യത്തെ പേപ്പർ എടുത്തു..എന്റെ മുഖത്തോട്ട് നോക്കി…പൈസാ കാണാഞ്ഞോണ്ട് അടുത്ത മടക്ക് എടുത്ത്…

എനിക്കപ്പൊ ചാവാൻ തോന്നി…എന്റെ മുഖത്തോട്ട് നോക്കിയ അമ്മയ്ക്ക് കാര്യങ്ങൾ ഏകദേശം ബോധ്യപ്പെട്ടു..അടുത്ത പേപ്പർ എടുത്ത് മാറ്റിയതും…

ദാണ്ടിരിക്കുന്നെടെ മറ്റേ കാണാതെ പോയ രണ്ടുരുവാ… 😳

“ഇതെങ്ങനെ എന്റെ കണക്കോട്ടിയിൽ വന്ന്..ഞാൻ കണ്ടില്ലല്ലോ..”

അമ്മ എന്നെ തന്നെ നോക്കി നിൽക്കുന്നതും മൂലയിലിരുന്ന “അടി വടി ” എടുക്കുന്നതുമാണ് അവസാനത്തെ തെളിച്ചമുള്ള ഓർമ്മ…

ബോധക്കേട് അഭിനയിക്കുകയാണ് ഒടുവിലത്തെ വഴിയെന്ന് തെറ്റിദ്ധരിച്ച ഞാൻ തലയിൽ കൈവെച്ചു കറങ്ങി താഴോട്ട് വീണ്…

“അവടെ അഫിനയവാ അമ്മാ..ബോധം പോയതൊന്നുവല്ല…”

താഴെ വീണ എന്നെ താങ്ങിയെടുത്ത് ആശൂത്രീൽ കൊണ്ടോവാൻ പറയാതെ ലവൻ അമ്മയെ എരികേറ്റി..

അമ്മ അടുത്തോട്ട് നടന്നു വരുന്നത് ബോധക്കേടിനിടയിലും ഞാൻ കണ്ട്..ബോധം പോയി താഴെ വീണ എന്നെ ആദ്യത്തെ ഒറ്റ അടിയിൽ അമ്മ ഉണർത്തി..കതകടച്ചത് കൊണ്ട് പുറത്തോട്ടോടാനോ അടിയിൽ നിന്ന് രക്ഷപ്പെടാനോ പറ്റാതെ കിട്ടിയ അടി മൊത്തം വാങ്ങിച്ചു…💪🏻💪🏻

കാലങ്ങളോളം ആ കള്ളത്തരത്തിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെട്ടു..

പൈസാ എടുത്തതിനല്ല അന്ന് അമ്മയെന്നെ അടിച്ചത്..അമ്മ ജോലിക്ക് പോകാൻ സമ്മയ്ക്കാതെ വീട് മൊത്തം അമ്മയെക്കൊണ്ട് ഞാൻ റെയ്ഡ് നടത്തിച്ചതിന്റെ കലിയാരുന്നു അമ്മയ്ക്ക്..മോഷണമുതൽ മുതൽ എന്റെ കയ്യിൽ വെച്ചിട്ട് അമ്മയെ ഞാൻ പൊട്ടിയാക്കി പോലും…. 😏😏

കാലങ്ങൾ കഴിഞ്ഞ് എന്റെ കൊച്ച് പെണ്ണ് ഇമ്മാതിരി ഉഡായിപ്പുകളൊക്കെ കാണിക്കുമ്പോൾ എനിക്ക് വരുന്നൊരു ദേഷ്യമുണ്ട്..

“ഇതെന്റെ കൊച്ചാണോന്ന് എനിക്ക് സംശയമുണ്ട്..അന്ന് ഇവളെ പ്രസവിക്കാൻ വേണ്ടി കേറിയ സമയത്ത് വേറേം ഒൻപത് ഗർഭിണികൾ അവിടുണ്ടാരുന്നു..ആ സിസ്റ്ററിന് കൊച്ചിനെ മാറിപ്പോയതാ…അല്ലെങ്കിൽ ഇതിങ്ങനെ വരത്തില്ല…”

അവൾക്ക് അടിയും കൊടുത്തിട്ട് ഞാൻ പറയുന്ന കേൾക്കുമ്പോ…

“നിന്റയാണെന്ന് എനിക്ക് തീർത്തും ഉറപ്പൊള്ളത് ആ കൊച്ചിന്റെ കാര്യത്തിലാ…അമ്മച്ചി മോശമാരുന്നോ..അതൊക്കെ വെച്ച് നോക്കുമ്പോ ആ കൊച്ചെത്ര ഭേദവാ…”

എന്നെന്റെ പൊന്നമ്മച്ചി പറയും..

അതുകൊണ്ടെന്താ..ഈ കൊച്ച് എന്ത് വേലത്തരം ഒപ്പിച്ചു വെച്ചാലും ഞാനിവളേം വിളിച്ചോണ്ട് കെണറിന്റെ അടുത്ത് പോയി നിന്ന് ഉപദേശിയ്ക്കും..

വെറുതെ എന്തിനാ ആ അമ്മേടെ വായിലിരിക്കുന്നത് കേൾക്കുന്നെ…😏😏