തനിയെ ~ ഭാഗം 15, എഴുത്ത്: സിന്ധു അപ്പുക്കുട്ടൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഷീജ ചേച്ച്യേ… എനിക്കും കൂടി ഇവിടൊരു പണി തരുമോ.? കുറച്ചൊക്കെ തയ്യലും അറിയാം. പിന്നെ കൈത്തുന്നലും.

വേണി മോളെയുമെടുത്ത് ചെല്ലുമ്പോൾ ഷീജ തുണികൾ കട്ട്‌ ചെയ്യുന്ന തിരക്കിലായിരുന്നു.

തൊട്ടടുത്ത് തന്നെയാണ് അവരുടെ ടൈലറിങ് യൂണിറ്റ്. വീടിനു മുകളിലെ ടെറസിൽ ഷീറ്റ് കൊണ്ട് മറച്ച ഒരു ഹാൾ.നാലഞ്ചു തയ്യൽ മെഷിനും അത്രയും തന്നെ ജോലിക്കാരുമുണ്ട് അവിടെ.

കുറെ ദിവസമായിട്ട് അവളോർക്കുന്നു ഷീജ ചേച്ചിയെ ചെന്നു കണ്ടാൽ തത്കാലം ഒരു പണി കിട്ടിയേക്കും.

മുത്തശ്ശൻ ഏൽപ്പിച്ചു പോയ പണമെല്ലാം തീർന്നിരിക്കുന്നു. പേഴ്സിൽ ഉണ്ടായിരുന്ന മുത്തശ്ശിയുടെ ഇത്തിരിപൊന്ന് പ്രസാദിന്റെ കണ്ണിൽ പെടാതെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.

വീട്ടുചിലവുകൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു വഴിയുമില്ല. പ്രസാദ് വല്ലപ്പോഴും എന്തെങ്കിലും കൊണ്ടു വന്നാലായി.കറന്റ്‌ ബില്ല് സമയത്തിന് അടക്കാത്തതുകൊണ്ട് ഫ്യൂസ് ഊരി മാറ്റിയിട്ട് ദിവസങ്ങളായി . നാണക്കേടും, നിസ്സഹായതയും കൊണ്ട് വേണി വശം കെട്ടിരിക്കുന്നു.

വീട്ടിൽ വേണിയും മോളും തീർത്തും ഒറ്റപ്പെട്ടു. രാത്രികളിൽ അവൻ വരുന്നതിന് മുന്നേ ഉള്ള ഭക്ഷണവും കഴിച്ച് മോളെയും ഉറക്കി വേണി കയറി കിടക്കും. അവൻ അടുക്കളയിൽ കയറി ഭക്ഷണം പരതി , ഒന്നും കാണാതെ വരുമ്പോൾ ദേഷ്യത്തോടെ പാത്രങ്ങൾ തട്ടിയിടുകയും എറിഞ്ഞു പൊട്ടിക്കുകയും ചെയ്യും.

കുടിച്ചു ബോധം മറഞ്ഞു വരുന്ന ദിവസങ്ങളിൽ കേട്ടാലറക്കുന്ന അസഭ്യങ്ങളോടെ പാതിരാവോളം വാതിലിൽ ശക്തിയായി ഇടിക്കുകയും ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കും.വേണി കിടുകിടാ വിറച്ച് മോളെയും കെട്ടിപ്പിടിച്ചു ശ്വാസം വിടാൻ പോലും പേടിച്ച് ഭയപ്പെട്ടു കിടക്കും

ഉറക്കമില്ലാത്ത രാത്രികളും, വിശപ്പും, മനസ്സിലെ നോവുകളും അവളെ വല്ലാതെ തളർത്തി.മനസ്സിന്റെ സമനില തെറ്റുമോ എന്നവൾ ഭയപ്പെട്ടു.

ഇനിയും പിടിച്ചു നിൽക്കാനാകില്ല എന്ന് തോന്നിയപ്പോൾ അമ്മയെ വിളിച്ചു.

“അമ്മേ രാവിലെ ഞാൻ മോളെ അവിടെയാക്കിയിട്ട് ജോലിക്കു പൊയ്ക്കോട്ടേ.വൈകുന്നേരം തിരിച്ചു കൊണ്ടു പോന്നോളാം. ആകെ ഗതികേട് പിടിച്ചു പോയി ഞാനും മോളും

“കൊച്ചിനേം നോക്കിയിരുന്നാ എനിക്ക് പണിക്ക് പോണ്ടേ. തൊഴിലുറപ്പ് വല്ലപ്പോഴുമേ ഉള്ളു. എന്നാലും അത് കളയാൻ ഒക്കോ.? പിന്നെ പശൂന്റെ കാര്യങ്ങൾ നോക്കണ്ടേ.

“ശാരിയുണ്ടല്ലോ അവിടെ. അവളോടൊന്നു പറ.

“അവളെക്കൊണ്ട് പറ്റോ അതിനൊക്കെ. അവള് ഏത് നേരോം പി എസ് സി, ടെസ്റ്റ്‌, പരീക്ഷ എന്നൊക്കെ പറഞ്ഞു നടക്കുവല്ലേ.നീ തന്നെ ചോദിച്ചു നോക്ക്.

അമ്മ നൈസായിട്ട് കൈകഴുകി എന്നവൾക്ക് മനസ്സിലായി.

നിങ്ങളെന്റെ സ്വന്തം അമ്മതന്നെയാണോ. നല്ല നിലയിൽ ജീവിക്കുന്ന മൂത്ത മോളേയും ഗവണ്മെന്റ് ജോലിക്കാരനെ കെട്ടാൻ കാത്തിരിക്കുന്ന ഇളയ മോളെയും മാത്രമേ നിങ്ങൾ മക്കളുടെ ലിസ്റ്റിൽ എഴുതി ചേർത്തിട്ടുള്ളൂ..

സമനില തെറ്റിയവളെപ്പോലെ അലറാൻ വേണിയുടെ നാവ് തരിച്ചു.എന്നിട്ടും മനസ്സിനെ അടക്കി അവൾ നിശബ്ദയായി.

“ഞാനിന്നലെ പ്രസാദിനെ കണ്ടിരുന്നു. നിന്നെ അങ്ങോട്ട് വിളിക്കാനിരുന്നതാ ഞാനും.

“ഓ.. എന്ത് പറഞ്ഞു നിങ്ങടെ മരുമോൻ ?

വേണിയുടെ പുച്ഛം നിറഞ്ഞ ചിരി അവരെ ദേഷ്യം പിടിപ്പിച്ചു.

നീയവന് ഒന്നും വെച്ചുണ്ടാക്കി കൊടുക്കുന്നില്ലന്ന്. അവനെ അനുസരിക്കാതെ തോന്നിയപോലെ നടക്കാനാണോ നിന്റെ തീരുമാനം.ഇങ്ങനെയായാൽ ആര് കൊണ്ടു തരും എന്നാ വിചാരം.

“വെച്ചുണ്ടാക്കി കൊടുക്കണമെങ്കിൽ അതിനുള്ള വക കുടുംബത്തു കൊണ്ട് വരണം. അല്ലാതെ വയറു നിറയെ കള്ളും കുടിച്ച് കയറിവന്നാൽ ഞാൻ എന്തെടുത്തു ഉണ്ടാക്കി കൊടുക്കും.

“അപ്പൊ നീയവിടെ വായു ഭക്ഷിച്ചാണോ ജീവിക്കുന്നെ?

അമ്മയുടെ സ്വരത്തിലേ പുച്ഛം വേണി തിരിച്ചറിഞ്ഞു.

“അത് പറ്റില്ലല്ലോ. എനിക്കെന്റെ കുഞ്ഞിനെ എടുക്കാനുള്ള ആരോഗ്യമെങ്കിലും വേണ്ടേ. റേഷനരി കിട്ടും. അത് വേവിച്ചു കഴിക്കും “

“അടുക്കളയിൽ വെച്ചുണ്ടാക്കുന്നത് കെട്ട്യോൻമാർക്ക് കൊടുക്കാതെ തന്നെ വെട്ടി വിഴുങ്ങുന്നത് എവിടുത്തെ ന്യായമാടി അറുവാണിച്ചി. നിനക്ക് ഇതൊന്നും കിട്ടിയാൽ പോരാ. നിനക്കുള്ള വടി വെട്ടാൻ പോയിട്ടേയുള്ളു. ഇനി കിട്ടുന്നത് അനുഭവിച്ചോ.”

ഒരു നിമിഷം വേണി, തീയിൽ വീണപോലെ പുളഞ്ഞു പോയി. പെറ്റ വയറിന് ഇങ്ങനെ ശപിക്കാൻ കഴിയുമോ ?

വെച്ചുണ്ടാക്കുന്ന ചോറിൽ കോരിയിടാൻ ഒരു നുള്ള് ഉപ്പു പോലുമില്ലാതെ വെറുതെ വാരി കഴിക്കുകയാണെന്നും, അതിൽ ഒരു പങ്ക് എടുത്തു വെച്ചാൽ തന്നെ ഇഷ്ടപ്പെടാത്ത കറികൾ ഇല്ലാത്ത ദേഷ്യം തീർക്കുന്നത് ചോറ് വെച്ച കലത്തോടെ പുറത്തേക്കു വലിച്ചെറിഞ്ഞുമാണെന്ന് അവരോടു പറഞ്ഞിട്ട് കാര്യമില്ല ന്ന് വേണിക്ക് തോന്നി

അവൾ കാൾ കട്ട്‌ ചെയ്തു.

എന്നിട്ടും അവസാന ആശ്രയത്തിനായി അവൾ അനിയത്തി ശാരിയെ വിളിച്ചു.

“മോളെ നീ രാവിലെ കുറച്ചു നേരം കുഞ്ഞിയൊന്ന് നോക്കുമോ.ചേച്ചിക്ക് ജോലിക്കു പോകാന്ന് കരുതിയാ. പൈസക്ക് ഒരുപാട് ബുദ്ധിമുട്ടായി ചേച്ചിക്ക്.

“അയ്യോ ചേച്ചി, ഞാൻ എന്തെങ്കിലും ജോലിക്ക് പോകണം ന്ന് വിചാരിക്കുവാ. ടെസ്റ്റ്‌ എഴുതി നോക്കിയിരിക്കുന്നതൊക്കെ വെറുതെയാ. പ്രൈവറ്റായി എന്തെങ്കിലും നോക്കണം.പിന്നെ കല്യാണം ഉടനെ വേണം ന്നാ ശ്രീജിത്തിന്റെ ആവശ്യം. അമ്മയുടെ പ്രാരാബ്ദവും കേട്ടോണ്ടിരുന്നു ഇനിയും നീട്ടിക്കൊണ്ട് പോകാൻ പറ്റില്ലത്രേ.

ആ പ്രതീക്ഷയും അസ്തമിച്ചു എന്ന് മനസ്സിലായപ്പോ വേണി പിന്നെയൊന്നും മിണ്ടിയില്ല.

“വേണിക്ക് മോളെ വീട്ടിലിരുത്തി ഇവിടെ വന്നിരിക്കാൻ പറ്റോ.?

ഷീജ ശ്രുതിമോളെ കൈ നീട്ടി വാങ്ങിക്കൊണ്ട് ചോദിച്ചു.

“മോളെയും കൊണ്ട് വരാം ചേച്ചി. അവളിവിടെയിരുന്നു കളിച്ചോളും.

“അതൊന്നും ശരിയാവില്ല കുട്ടി.തന്റെ ജോലിയും നടക്കില്ല ഞങ്ങളുടെ ജോലിയും നടക്കില്ല. അവർ ചിരിച്ചു.

അവരും കയ്യൊഴിയുകയാണല്ലോ എന്നോർത്ത് വേണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി

“തത്കാലം നീയൊരു കാര്യം ചെയ്യ്. കൈത്തുന്നൽ നോക്ക്. രണ്ടു ദിവസം ഇവിടെയിരുന്നു ചെയ്യ്. പിന്നെ വീട്ടിലേക്ക് കൊണ്ടുപോയി ചെയ്തോ. അവിടെയാകുമ്പോ മോളും കൂടെയിരുന്ന് കളിച്ചോളും.”

പെയ്യാൻ തുടങ്ങിയ കാർമേഘം കാറ്റിൽ മറഞ്ഞു പോയ ആശ്വാസം തോന്നി വേണിക്ക്.

ദിവസവും കിട്ടുന്ന അൻപതു രൂപ അവൾക്ക് വലിയൊരു തുകയായി തോന്നി. കൈവെള്ളയിൽ നിന്നൂർന്നു പോയ ജീവിതം തിരിച്ചു പിടിക്കാനൊരു മുതൽക്കൂട്ട്.

ദിവസങ്ങൾക്ക് ശേഷം ഒരുച്ച നേരം മോളെയുറക്കി തുന്നാനുള്ള ബ്ലൗസുകളുമായി വരാന്തയിൽ ഇരിക്കുകയായിരുന്നു വേണി.

പ്രസാദില്ലേ ഇവിടെ?

ചോദ്യം കേട്ട് വേണി തലയുയർത്തി.

ചുണ്ടുകൾ ചെവിയിൽ മുട്ടും വിധം ചിരിച്ചുകൊണ്ട് ഒരാൾ മുറ്റത്തു നിൽക്കുന്നു.

“ഇല്ലല്ലോ. ജോലിക്ക് പോയി.

അവൾ വെറുപ്പോടെ പറഞ്ഞൊപ്പിച്ചു.

“അത് ശരി. അപ്പൊ അവൻ ജോലിക്കു പോകുന്നൊക്കെയുണ്ട് അല്ലെ?

“രാവിലെ പോകുന്ന കാണാം. കൂടുതൽ ഒന്നും എനിക്കറിയില്ല.അവൾ അസഹ്യതയോടെ പിറു പിറുത്തു.

“നിങ്ങളാരാ ? എന്താ വേണ്ടേ?

“എന്റെ പേര് പോളച്ചൻ. പലിശക്ക് പണം കടം കൊടുക്കുന്ന ഒരേർപ്പാടുണ്ട്. പ്രസാദ് കുറെ നാള്മുൻപ് എന്നോട് കുറച്ചു പൈസ വാങ്ങിയിരുന്നു. പിന്നെയവനെ മഷിയിട്ട് നോക്കിയിട്ട് പോലും കാണാൻ കിട്ടിയിട്ടില്ല. വിളിക്കുമ്പോ ഓരോ മുടന്തൻ ന്യായങ്ങൾ. ഭാര്യ പ്രസവിച്ചു കിടക്കുന്നു, കുഞ്ഞിന് സുഖമില്ല, പണിയില്ല അങ്ങനെ ഓരോന്നും. ഇനിയും അവധി തരാൻ പറ്റില്ലന്ന് ഇന്നലെ ഞാൻ അവസാനവാക്ക് പറഞ്ഞിരുന്നു. അപ്പൊ പറഞ്ഞു ഇന്ന് വീട്ടിൽ വന്നാൽ മതി പൈസ ഭാര്യയുടെ കയ്യിൽ കൊടുത്തിട്ടുണ്ടെന്ന്. അങ്ങനെ വന്നതാ

മോള് അതിങ്ങു എടുത്തു തന്നേക്കൂ. അവനെ കാത്തു നിൽക്കാനൊന്നും എനിക്ക് നേരമില്ല.”

വേണിക്ക് കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി. നാവിറങ്ങി തൊണ്ട വരണ്ട് ശബ്ദം നഷ്ടപ്പെട്ട് ശീലയായി ഉറഞ്ഞു പോയി അവൾ.

എങ്ങനെ ഇമ്മാതിരി കള്ളങ്ങൾ പറയാൻ അവന് കഴിയുന്നു.

“എന്റെ കയ്യിൽ രൂപയൊന്നും തന്നിട്ടില്ല. എനിക്ക് ഇതെപ്പറ്റി ഒന്നും അറിയില്ല.

ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവളുടെ നാവ് ചലിച്ചു. അസ്പഷ്ടമായി.

“ശ്ശെടാ… ഇതെന്ത് ഇടപാട്. അവനോട്‌ ചോദിച്ചപ്പോ ഭാര്യയുടെ കയ്യീന്ന് വാങ്ങിച്ചോ എന്നും പറഞ്ഞു എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടു. ഇവിടെ വന്നപ്പോൾ ഇവിടെയുമില്ല.നിങ്ങൾ ഇങ്ങനെ ഉരുണ്ടു കളിച്ചാലോ. എനിക്കെന്റെ പണം തിരികെ കിട്ടണം.

“ഞാൻ പറഞ്ഞുലോ ഈയൊരു കാര്യം പ്രസാദ് ഇവിടെ പറഞ്ഞിട്ടുമില്ല എന്റെ കയ്യിൽ പൈസ തന്നിട്ടുമില്ല.

അല്ല അവനിനി വേറെ ഭാര്യയുണ്ടോ.?

അതൊന്നും എനിക്കറിയില്ല. പോയി ചോദിച്ചു നോക്ക്.

“എന്നാപ്പിന്നെ അവൻ ഉദ്ദേശിച്ചത് വേറെ വല്ലതുമായിരിക്കും. അല്ല എനിക്കിപ്പോ കിട്ടാനുള്ളത് എങ്ങനെ കിട്ടിയാലും കുഴപ്പമില്ല. എന്റെ മൊതല് ഈടാക്കണം. അത്രേയുള്ളൂ

“തനിക്കു സമ്മതം ആണേൽ എനിക്കും പ്രശ്നമൊന്നുമില്ല.”

അയാൾ ഒരു വഷളൻ ചിരി അവൾക്ക് മേലെ കുടഞ്ഞിട്ടു.

“എന്ത് സമ്മതമാണെങ്കിൽ? എന്താ നിങ്ങൾ എന്താ ഉദ്ദേശിച്ചത്?

വേണി തീ പാറുന്ന കണ്ണുകളോടെ അയാളെ നോക്കി.

“എട്ടും പൊട്ടും തിരിയാത്ത കുഞ്ഞോന്നുമല്ലല്ലോ. ഇതൊക്കെ ഇനിയും പച്ചക്ക് വിളിച്ചു പറയിക്കണോ എന്നെക്കൊണ്ട്. കൂടെ കിടന്നു വീട്ടാൻ പറ്റുമെങ്കിൽ വീട്ടിക്കോടി എന്റെ കടം.

അയാൾ പറഞ്ഞു തീർന്നതും ഒരു നിമിഷത്തിന്റെ ഇടവേള മാത്രം. വേണിയുടെ കൈകൾ വായുവിലേക്ക് ഉയർന്നു.പിന്നെ പടക്കം പൊട്ടുന്ന പോലെ ഓരോച്ച കേട്ടു.

ഇറങ്ങിപ്പോടാ നായേ എന്റെ മുന്നിന്ന്.

ഭ്രാന്തിയെപ്പോലെ അലറിക്കൊണ്ട് വേണി തുന്നാൻ കൂട്ടിയിട്ട തുണികൾക്കിടയിൽ നിന്നും കത്രിക വലിച്ചെടുത്തു.

അയാൾ ഭയത്തോടെ ഒരടി പിന്നോട്ട് വെച്ചു

“ചെവിയിൽ നുള്ളിക്കോ നീയും നിന്റെ കെട്ട്യോൻന്ന് പറയുന്ന നാറിയും. പാമ്പിനെയാ നോവിച്ചത്. ഓർത്തോ.

അടികൊണ്ട കവിളിൽ അമർത്തി പിടിച്ച് പല്ലുകൾ കടിച്ചു പൊട്ടിച്ചുകൊണ്ട് അയാൾ ചീറി. പിന്നെ പടി കടന്ന് വഴിയിലേക്കിറങ്ങി.

അയാൾ കണ്ണിൽ നിന്നും മറഞ്ഞിട്ടും അവൾ അതേ നിൽപ്പ് തുടർന്നു ഏറെ നേരം.

പിന്നെ അതേ ഭാവത്തോടെ നീട്ടിപ്പിടിച്ച കത്രികയുമായി പ്രസാദിന്റെ വരവും കാത്തിരുന്നു.

തുടരും….