ശ്രീഹരി ~ അധ്യായം 16, എഴുത്ത്: അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“എങ്ങനെ ഉണ്ടായിരുന്നു അഞ്ജു ഹരിയുടെ സ്റ്റണ്ട് ? ആയുധങ്ങൾ വല്ലതും ഉണ്ടായിരുന്നോ അവരുടെ കയ്യിൽ?” ബാലചന്ദ്രൻ തിരിച്ചു വന്നപ്പോൾ അവളോട്‌ ചോദിച്ചു

“എന്റച്ഛാ ഈ ശ്രീ ഒരു ഗുണ്ടയാ ” അവൾ അടക്കി പറഞ്ഞു

ഹരി നേർത്ത പുഞ്ചിരിയോടെ ഭിത്തിയിൽ ചാരി നിന്നേയുള്ളു. അവൻ അയാൾക്ക് ഒരു ഷർട്ട്‌ കൊടുത്തു

“ബ്രാൻഡഡ് ഒന്നുമല്ല.. പക്ഷെ സാറിന്റെ നിറത്തിന് ചേരും ” അയാളുടെ കണ്ണ് ഒന്നു തുളുമ്പി

ആരെങ്കിലും എന്തെങ്കിലും വാങ്ങി തന്നിട്ട് കുറെ വർഷങ്ങൾ ആയി. അയാൾ അത് നെഞ്ചിൽ ചേർത്ത് പിടിച്ചു

“താങ്ക്യൂ “

“ആയിക്കോട്ടെ “

അവൻ തലയാട്ടി

“ഒന്നു ക്ഷേത്രത്തിൽ പോകണം. അഞ്ജലിയെ കൂടി കൊണ്ട് പൊക്കോട്ടെ?” അയാൾ തലയാട്ടി

അവൻ വേഗം ഒരുങ്ങ് എന്ന് കണ്ണ് കാണിച്ചു

ബാലചന്ദ്രന് അവരുടെ മിഴികൾ കൈ മാറുന്ന സന്ദേശങ്ങളിൽ നിന്ന് അവരുടെ ഇടയിലെ ഇഷ്ടം വായിച്ചെടുക്കാൻ കഴിയുന്നുണ്ടായിരുന്നു. അയാൾ ഒരു പാട് ആഗ്രഹിച്ചതായിരുന്നത്. എങ്കിലും അതിന്റെ ആഴവും പരപ്പും അയാൾക്ക് അറിയുമായിരുന്നില്ല. വെറുതെ ഒരു ഇഷ്ടമാണോ ജീവിതം മുഴുവൻ ഒന്നിച്ചു ചേർത്ത് വെയ്ക്കാനുള്ള ഇഷ്ടമാണോ എന്നൊന്നും വ്യക്തമായിരുന്നില്ല. അവരിങ്ങോട്ട് പറയുന്നത് വരെ അത് ചോദിക്കില്ലന്നും അയാൾ തീരുമാനിച്ചു

“സന്ധ്യക്കാണോ പോകുന്നെ? നാളെ രാവിലെ പോരെ?”

“ഇപ്പൊ വേണം.. വേഗം പോയി ഒരുങ്ങി വാ “

ഹരി അവളെ ഉന്തി തള്ളി പറഞ്ഞു വിട്ടു

ദീപാരാധന നടക്കുമ്പോൾ രണ്ടു പേരും കണ്ണുമടച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നത് ഒന്നു മാത്രം…ഈ ആളെ എനിക്ക് തരണേ

ഭഗവാന്റെ മുഖത്ത് ഒരു ചിരി വന്നത് പോലെ തോന്നി അഞ്ജലിക്ക് കണ്ണ് തുറന്നപ്പോൾ വഴിപാട് പ്രസാദം ഹരി കയ്യിൽ വാങ്ങിച്ചു

തിരിച്ചു നടന്നിറങ്ങുമ്പോൾ ഇടവഴിയുടെ തിരക്കില്ലാത്ത ഒരു സ്ഥലം എത്തിയപ്പോൾ ഹരി അവളെ പിടിച്ചു നിർത്തി. ഇലപ്രസാദത്തിൽ നിന്ന് ഒരു ചെറിയ മാല എടുത്തു. പിന്നെ ആ കഴുത്തിൽ  ഇട്ടു കൊടുത്തു

അഞ്ജലി അതിശയത്തോടെ അതിൽ പിടിച്ചു നോക്കി. സുന്ദരമായ ഒരു കുഞ്ഞ് മാല. അതിന്മേൽ കോർത്തിരിക്കുന്ന ചെറിയ ലോക്കറ്റിൽ കൃഷ്ണനും രാധയും

“എന്റെ രാധയ്ക്ക് ” അവൻ അവളുടെ കവിളിൽ ചുംബിച്ചു

അഞ്ജലി അതിൽ കൈ കൊണ്ട് അമർത്തി പിടിച്ചു. ഹൃദയത്തിന് മുകളിൽ അതങ്ങനെ പറ്റി ചേർന്നു കിടന്നു. അവൾ ആ മുഖത്തേക്ക് നോക്കി

ഹരി മെല്ലെ ഒന്നു ചിരിച്ചു

“ഒരു ഉറപ്പിനാണ്. എന്നോട് ചോദിച്ചില്ലേ ഞാൻ നിന്നേ മറന്നു വേറെ ആരിലേക്കെങ്കിലും പോവൊന്ന്? തിരുമേനി സ്പെഷ്യൽ പൂജ ചെയ്തു തന്നതാ.താലി മാല പോലെ തന്നെ..” അവൻ കണ്ണുകൾ ഇറുക്കി അടച്ചു ചിരിച്ചു

അഞ്ജലി എന്ത് പറയണമെന്നറിയാതെ അവന്റെ നെഞ്ചിലേക്ക് മുഖമണച്ചു

“ശ്രീ?”

“ഉം “

“ഒന്നുല്ല…”അവളുടെ ശബ്ദം ഇടറി. പിന്നെ നടക്കുമ്പോഴും അവൾ നിശബ്ദയായിരുന്നു..സ്വപ്നത്തിൽ എന്ന പോലെ…

വീട്ടിൽ എത്തിയപ്പോ ഒന്നും പറയാതെ അവൾ മുറിയിലേക്ക് പോയി
ശ്രീ ഒന്നു സംശയിച്ചു നിന്നു. അവൾക്ക് അത് ഇഷ്ടമായില്ലേ എന്നൊരു സന്ദേഹമവന്റെ ഉള്ളിൽ വന്നു. അവൻ അല്പം കഴിഞ്ഞു അവളുടെ മുറിയിൽ ചെന്നു

അഞ്ജലി മറ്റ് ആഭരണങ്ങൾ ഒക്കെ അഴിച്ചു വെച്ച് ആ മാല മാത്രം അണിഞ്ഞു. പിന്നെ കണ്ണാടിയിൽ നോക്കി. അതീവ ഭംഗിയുണ്ട് അതിനെന്നവൾക്ക് തോന്നി

അവൾ സാരി അഴിച്ചു കിടക്കയിലിട്ട് വീണ്ടും അതിന്റെ ഭംഗി നോക്കി. കടും ചുവപ്പ് ബ്ലൗസിനു മേൽ അതങ്ങനെ അലസമായി കിടന്നു. അവൾ തിരിഞ്ഞും മറിഞ്ഞും നോക്കിയിട്ടും മതിയാവുന്നില്ല. ഹരി വാതിൽക്കൽ  ഇതൊക്കെ കണ്ടു നിൽക്കുകയായിരുന്നു. അവന് ചിരി വന്നു

അഞ്ജലി പരിസരം മറന്നു നിൽപ്പാണ്അ. വൾ ബ്ലൗസിന്റ ഹുക്കിൽ കൈ വെച്ചതും ഹരി അകത്തേക്ക് വന്നു

“എന്റെ പൊന്നേ മതി.. ഇത് കൂടി അഴിക്കരുത് ഇതെന്താടി ടൈറ്റാനിക് സിനിമയോ..?മാല മാത്രം ഇട്ടു ഭംഗി നോക്കാൻ?

“അയ്യേ ഇതെപ്പോ വന്നു?”

അവൾ സാരി എടുത്തു മാറിടം മറച്ചു

“കുറെ നേരമായി. ബാക്കി തുണി കൂടി അഴിച്ചാലോ എന്ന് പേടിച്ചു വന്നു പിടിച്ചു പോയതാ”

അവൾ മാലയിൽ പിടിച്ചു”നല്ല ഭംഗിണ്ട്.നോക്ക് ശ്രീ..?എന്ത് രസാ അതങ്ങനെ കിടക്കുന്നത് കാണാൻ. “

ശ്രീഹരി തല കുലുക്കി

“എനിക്കിഷ്ടായി..” അവൾ കുട്ടികളെ പോലെ നിഷ്കളങ്കമായ് ചിരിച്ചു

“എപ്പോ വാങ്ങിയിത്?’

“നീ ലേഡീസ് സാധനം വാങ്ങാൻ പോയില്ലേ? അപ്പൊ..”

“കുറെ കാശ് ആയോ?” അവൾ മടിച്ചു മടിച്ചു ചോദിച്ചു

“ആയെങ്കിൽ?’ അവൻ കുസൃതിയിൽ ചിരിച്ചു

“ആയെങ്കിൽ എന്താ,? സ്വന്തം പെണ്ണിന് കൊടുക്കുന്നതല്ലേ?ഒരു കുഴപ്പോമില്ല “

അവൾ പെട്ടെന്ന് പറഞ്ഞു

“ആ അപ്പൊ കൊച്ചിന് വിവരമുണ്ട്. പക്ഷെ ഇത് പോലെ ഒരു ഗിഫ്റ്റും ഇനി പ്രതീക്ഷിക്കണ്ട അക്കൗണ്ട് കാലിയാ.. ഇനി ഒന്നേന്ന് തുടങ്ങണം “

“തുടങ്ങിക്കോ..?ഞാൻ വരണോ സഹായിക്കാൻ “

“നീ എന്തൊക്കെ ചെയ്യും കേൾക്കട്ടെ “

അവൾ കിടക്കയിൽ ചമ്രം പടഞ്ഞിരുന്നു

“എനിക്ക് ചായ ഉണ്ടാക്കാൻ അറിയാം മുറികൾ ക്ലീൻ ചെയ്യാൻ അറിയാം. പിന്നെ.. പിന്നെ.”

“പിന്നെ ഇത് പോലെ കത്തി വെയ്ക്കാൻ അറിയാം..”

“ശൊ എനിക്ക് ഒന്നും അറിഞ്ഞൂടാല്ലോ “

“ഞാൻ പഠിപ്പിക്കാം “

അവൻ അവളുടെ സാരീ കയ്യിൽ എടുത്തു

“എന്ത് പഠിപ്പിക്കാമെന്ന്?” അവൾ കള്ളച്ചിരി ചിരിച്ചു

“എന്ത് വേണേലും..” അവൻ സാരി പിന്നിലേക്ക് മാറ്റി പിടിച്ചു

“ആള് കൊള്ളാമല്ലോ. പോയെ മുറിയിൽ നിന്ന് ” ശ്രീഹരി അവളുടെ ഉടലളവുകളിലേക്ക് അറിയാതെ നോക്കി പോയി

അവന് ചിലപ്പോൾ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുമോ എന്നൊരു ഭയം തോന്നി. അവൻ എഴുന്നേറ്റു സാരീ കിടക്കയിലിട്ടു

“താഴേക്ക് വരണേ ” അവളുടെ മുഖത്ത് ഒന്നു തലോടി അവൻ ഇറങ്ങിപ്പോയി
അവൾ അവൻ പോയ വഴിയിലേക്ക് നോക്കിയിരുന്നു

അവൻ എത്ര നല്ലവനാണ് എന്നവൾ ഓർത്തു

നാളെ വൈകുന്നേരം പോകും

പിന്നെ…

പിന്നെ…

ഏറെനാളൊന്നും പിരിഞ്ഞിരിക്കാൻ പറ്റില്ലാന്ന് അവൾക്ക് തോന്നി. അച്ഛനോടെല്ലാം പറഞ്ഞാലോ എന്ന് ഒരു വേള ചിന്തിച്ചു. പിന്നെ വിചാരിച്ചു കുറച്ചു കൂടി അച്ഛൻ ഓകെ ആവട്ടെ

അവൾ വസ്ത്രം മാറ്റി ഒരു ഉടുപ്പ് എടുത്തണിഞ്ഞു താഴേക്ക് ചെന്നു

ഹരി പാടുകയാണ്

പങ്കജ് ഉദ്ദാസിന്റെ ഒരു ഗസൽ…അവൾ അച്ഛന്റെ അരുകിൽ ഇരുന്നത് കേട്ടു കൊണ്ടിരുന്നു

“നിനക്ക് നല്ല ഭാവിയുണ്ട് ഹരി. ഒരിക്കൽ നിന്നേ സംഗീതത്തിലൂടെ ലോകം അറിയും ” ബാലചന്ദ്രൻ അവന്റെ തലയിൽ കൈവെച്ചു

“അച്ഛാ എ ആർ റഹ്മാൻ പാടാൻ വിളിച്ചിട്ട് അത് പ്രാങ്ക് ആണെന്ന് പറഞ്ഞു ആ ചാൻസ് മിസ്സാക്കി ഈ ശ്രീ “അഞ്ജലി അച്ഛനോട് പറഞ്ഞു

ബാലചന്ദ്രൻ അത്ഭുതത്തോടെ നോക്കി

“ഞാൻ വിചാരിച്ചു ആരോ വെറുതെ.. അല്ല ഇപ്പൊ വിളിച്ചാലും എനിക്ക് പോകാനൊന്നും വയ്യ.. എന്തിനാപ്പോ അങ്ങനെ ഒക്കെ? അതൊന്നും എനിക്ക് വലിയ താല്പര്യമില്ല.. ഇങ്ങനെ ഒക്കെ പോയ മതി “

“അങ്ങനെ പറയരുത് ഹരി. നീ അറിയപ്പെടുന്ന പാട്ടുകാരനാവണം. അത് നീ ഡിസേർവ് ചെയ്യുന്നുണ്ട്. ഇനി അത് പോലെ ആരെങ്കിലും വിളിച്ചാൽ പോകണം… കേട്ടോ “

ഹരി തലയാട്ടി

“നാളെ പോയാൽ ഇനിയെന്നാ നിന്നേ ഞാൻ കാണുക?”

“സാറിന് എപ്പോ വേണേൽ വരാല്ലോ…”

“ഇനി കുറച്ചു നാൾ ദീർഘ യാത്രക്ക് നോ ആണ്. യാത്രാവിലക്ക്.. ഡോക്ടർ ജയകുമാർ വക “

ബാലചന്ദ്രൻ ചിരിച്ചു

“അഞ്‌ജലിയേ ഞാൻ ഒരു ദിവസം വന്നു കൊണ്ട് പോകട്ടെ.. എന്റെ നാട് കണ്ടിട്ടില്ലല്ലോ “

അവൻ വിനയത്തോടെ ചോദിച്ചു

“പിന്നെന്താ? നാളെ വേണേൽ പൊയ്ക്കോ മോള് “

അഞ്ജലിയുടെ മുഖം വിടർന്നു

“നാളെ വേണ്ട സാർ. ഈ അവസ്ഥയിൽ അഞ്ജലി മാറി നിൽക്കണ്ട. സാർ പൂർണ ആരോഗ്യമൊക്കെ ആയിട്ട് ഒരു ദിവസം മതി “

“അങ്ങനെ എങ്കിൽ അങ്ങനെ “

ബാലചന്ദ്രൻ സമ്മതിച്ചു

അഞ്ജലി അവനെ നോക്കി അച്ഛൻ കാണാതെ ഒരു ഗോഷ്ടി കാണിച്ചു
അവന് ചിരി വന്നിട്ട് നോട്ടം മാറ്റി

“ഇനി നിങ്ങൾ പോയി കഴിക്ക്. ഞാൻ കുറച്ചു സൂപ് കുടിച്ചു വിശപ്പ് പോയി “

അവർ എഴുന്നേറ്റു

ബാലചന്ദ്രൻ വായിക്കാൻ ഒരു പുസ്തകം എടുത്തു

“എന്താ കഴിക്കാൻ രാജകുമാരി?” ഹരി പ്ലേറ്റിൽ തട്ടി ശബ്ദം ഉണ്ടാക്കി

“എന്താ വിളിച്ചേ?” അവൾ ചെവിയിൽ പിടിച്ചു

“രാജകുമാരിന്ന്. അതാണല്ലോ “

“നല്ല രാജകുമാരി തന്നെ ” അവൾ പരിഹസിച്ചു

“എന്റെ രാജകുമാരിയാ ” അവൻ ആർദ്രമായ സ്വരത്തിൽ പറഞ്ഞു

അവളാ മുഖത്ത് നോക്കിയിരുന്നു പോയി

“ദരിദ്രനായ ഒരനാഥന്റെ രാജകുമാരി ” അവൻ നിറകണ്ണുകളോടെ ചിരിച്ചു

“എന്റെ ശ്രീ ” അവൾ ആ മുഖം മാറിൽ ചേർത്ത് പിടിച്ചു

ഭക്ഷണം കൊണ്ട് അങ്ങോട്ടേക്ക് വന്ന അനന്തു തെല്ല് പിന്നിലേക്ക് മാറി

അവൻ ഒരു ചെറിയ പയ്യൻ ആയിട്ട് പോലും ആ സ്നേഹം അവന്റെയും കണ്ണ് നനയിച്ചു..അവർ ഒന്നിച്ചിരുന്നെങ്കിൽ എന്നവൻ ആ നിമിഷം ആശിച്ചു പോയി

(തുടരും )