മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അച്ഛൻ മുന്നോട്ട് നോക്കിയാണ് നടക്കുന്നതെങ്കിലും അമ്മയ്‌ക്കൊപ്പമാണ് ആ ചുവടുകൾ. ബസ്റ്റോപ്പിലേക്ക് അധികം ദൂരമില്ല. എങ്കിലും ബസ് വരാൻ സമയം ആയത് കൊണ്ട് അവർ ധൃതിയിൽ നടന്നു കൊണ്ടിരുന്നു.
ബസ് ഓടിക്കൊണ്ടിരുന്നു. പാർവതി തല തിരിച്ചു നന്ദനെയൊന്നു നോക്കി .അവരിരുന്നതു രണ്ടു പേർക്കിരിക്കാവുന്ന സീറ്റിലായിരുന്നു .ബസിൽ നന്നേ തിരക്ക് കുറവായതു കൊണ്ട് മീനാക്ഷി ആദ്യം തന്നെ വശത്തെ സീറ്റ് കൈവശപ്പെടുത്തി ഒറ്റയ്ക്ക് ഒരു സീറ്റിൽ പോയിരുന്നു.അതാണവൾക്കിഷ്ടവും
“അതെ ..ദേ ..”പാർവതി അവനെയൊന്നു തൊട്ടു
“ഉം ?”
“വിനുവേട്ടനും ഫാമിലിയും വരുന്നുണ്ടത്രേ “
നന്ദൻ പൊട്ടിവന്ന ചിരി ഒന്നടക്കി
“വരട്ടെ ” പാർവതിയുടെ മുഖം ചുവന്നു
“എത്ര നിസാരം അയ്യടാ ..അയാൾക്ക് നിശ്ചയിച്ച പെണ്ണിനെയാ ഈ മഹൻ അടിച്ചോണ്ട് വന്നിരിക്കുന്നെ ..അതോർമ വേണം ട്ടോ “
“ഞാൻ ആരെയും അടിചുകൊണ്ടു വന്നില്ല .എന്റെ പെണ്ണ് എന്റെ അരികിലേക്ക് വന്നു.തിരിച്ചു പോകാനിഷ്ടമല്ല, വേറെയൊരാളെ കല്യാണം കഴിക്കേണ്ടി വന്ന ച-ത്തു കളയുമെന്ന് പറഞ്ഞു ..നട്ടെല്ലുള്ളഏതെങ്കിലും കാമുകൻ അവളെ ഉപേക്ഷിച്ചു കളയുമോ? ഇല്ല .എന്റെ പെണ്ണ് എന്റെ അവകാശമല്ലേ?അവളെ നോക്കേണ്ടത് എന്റെ കടമയല്ലേ ?”
“അല്ലാതെ സ്നേഹം ഉള്ളത് കൊണ്ടല്ല ?” അവളുടെ മുഖം കൂർത്തു
“എന്റെ പെണ്ണ് എന്നല്ലേ ഞാൻ പറഞ്ഞെ ?അപ്പൊ അതിലെന്താ ഉള്ളത് സ്നേഹമല്ലേ ?നീ ഇങ്ങനെ ഒരു പൊട്ടിക്കാളി”
“ഞാൻ ഈ ഒരു കാര്യത്തിൽ അങ്ങനെ തന്നെയാ ..വെറും പൊട്ടി ..”അവളുടെ കണ്ണ് നിറഞ്ഞു
നന്ദൻ അവളെ ചേർത്ത് പിടിച്ചു .
അവളുടെ സ്നേഹം എന്നുമങ്ങനെ തന്നെ ആയിരുന്നു ഒരു ഭ്രാന്തൻ കാറ്റ് പോലെ തന്നെ ചുഴറ്റിയെറിഞ്ഞു ശ്വാസം മുട്ടിക്കുന്ന സ്നേഹം .ചിലർ പറയും എനിക്ക് അത്തരം സ്നേഹങ്ങൾ ഇഷ്ടമല്ല .അതെന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം പോലെ തോന്നും.എനിക്ക് എന്നെ നിയന്ത്രിക്കുന്നതിഷ്ടമല്ല .ഓരോ വ്യക്തിയും ഓരോ വ്യക്തിത്വമാണ് .താൻ അത്തരം വലിയ ചിന്തകളൊന്നുമുള്ള ആളല്ല .പക്ഷെ തനിക്ക് അത് ഇഷ്ടമാണ്.അവളുടെ സ്വാർത്ഥത അവളുടെ സ്നേഹമാണെന്നു തനിക്കറിയാം .ഭൂമിയിൽ അവൾക്കേറ്റവും ഇഷ്ടം തന്നെയാണെന്നും തനിക്കറിയാം ..ആരുമില്ലാത്തവന് അങ്ങനെയൊരു പെണ്ണിന്റെ സ്നേഹം കിട്ടുന്നവന് പരാതികളില്ല ,അവളുടെ സ്നേഹത്തിന്റെ ഭ്രാന്ത് ഇഷ്ടമാണ്. അതാസ്വദിക്കുകയാണ് .അവളിലേക്ക് ലോകം ഒതുക്കി ജീവിക്കാൻ ഇഷ്ടമാണ്. അതാണ് സന്തോഷം.
ചില കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട് . ഈ ഭാര്യ എന്നുള്ള പദവി അങ്ങോട്ടു കിട്ടിക്കഴിഞ്ഞാൽ പിന്നെ പെണ്ണിനെന്തൊരു മാറ്റമാ.ഇത് വരെ കണ്ട ആളെയല്ല ..പിന്നെ നിയന്ത്രണങ്ങളായി ,പരാതി പറച്ചിലായി ,കുറ്റപ്പെടുത്തലായി ..എന്താ വൈകിയേ എപ്പോ വരും എന്നുള്ള ചോദ്യങ്ങളായി ..ഇടയ്ക്കിടെ ഉള്ള ഫോൺ വിളികളായി.
“ശല്യം തന്നെ കല്യാണമേ കഴിക്കണ്ടായിരുന്നു” എന്ന് വിലപിക്കുന്നവരുണ്ട് . തനിക്ക് മനസിലാകാത്തത് ഇതാണ്
ശിശു ആയിരിക്കുന്ന കാലത്തു നിന്ന് ബാലൻ ആകുമ്പോൾ ഉള്ള മാറ്റം നമ്മൾ അംഗീകരിക്കുന്നുണ്ട് .അപ്പൊ എത്രയധികം പേരു നമ്മെ നിയന്ത്രിക്കുന്നുണ്ട് ?.അച്ഛൻ ,’അമ്മ ,അപ്പൂപ്പൻ, അമ്മൂമ്മ, അമ്മാവന്മാര് ,ചിറ്റപ്പന്മാര്, കുഞ്ഞമ്മമാര് എന്തിനു അയല്പക്കത്തെ ചേട്ടൻ വരെ നമ്മളോട് പറയും മോനെ അങ്ങോട്ട് പോകരുത് ,,ഇത്ര വൈകരുത് പാമ്പ് ഒക്കെയുള്ള റോഡാണ് ..സൂക്ഷിച്ചു നടക്ക്.തലയാട്ടി ഒക്കെ കേൾക്കും സ്കൂളിലെ അധ്യാപകർ അവരുടെ നിയന്ത്രണങ്ങൾ ..അവിടെ ഒക്കെ നമ്മൾ ഡബിൾ ഓക്കേ ആണ് .പിന്നെ കൗമാരത്തിലാകുമ്പോഴും അച്ഛനും അമ്മയും ബന്ധുക്കളും അവരുടെ കണ്ണെന്ന cctv യുടെ നിയന്ത്രണത്തിൽ തന്നെയാണെപ്പോഴും. ‘അമ്മ പറയുന്നതെന്തും സന്തോഷത്തോടെ ചെയ്യുന്ന മക്കൾ പലരും ഭാര്യ അതേ വിഷയം ആവർത്തിക്കുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതെന്തിനാവോ എന്ത് കൊണ്ടാണ് ഭാര്യയും അവരെ പോലെ തന്നെയോ അതിൽ കൂടുതലോ തന്നെ സ്നേഹിക്കുന്നുണ്ടെന്ന്ആ വർക്ക് മനസിലാകാതെ പോകുന്നത് ?സർവോപരി വിവാഹം കഴിയുമ്പോൾ വരുന്ന വലിയ മാറ്റം നമ്മൾ അംഗീകരിക്കേണ്ടതാണെന്നു സ്വയം ബോധ്യമുണ്ടാകാത്തതു എന്ത് കൊണ്ടാണ് ?എന്നും ഒരേ പോലെയിരിക്കാൻ പറ്റുമോ മനുഷ്യന് ?
ഒരുകാലത്തും ഓരോ മാറ്റമുണ്ടാകും .കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ? ഭാര്യ വീട്ടിൽ പോകുകയാണെന്ന് ഇന്നലെ കൂട്ടുകാരൻ വിഷ്ണുവിനോട് പറഞ്ഞപ്പോ അവനൊരു പുച്ഛം ..അഞ്ചാറ് ദിവസമൊക്കെ ഭാര്യവീട്ടിൽ പോയി നിന്നാൽ വില പോകുമത്രേ .അപ്പൊ ജീവിതകാലം മുഴുവൻ ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നവൾക്ക് പൂജ്യമാണോ വില ?എന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ടതവളുടെ കടമയാണ്. പക്ഷെ അവളുടെ അച്ഛനും അമ്മയും എനിക്കാരുമല്ല എന്നാണു പലരുടെയും രീതി ..അങ്ങനെ അവളും അങ്ങ് കരുതിയാൽ തീർന്നില്ലേ എന്ന് ചോദിയ്ക്കാൻ തോന്നിയിട്ടുണ്ട് പലപ്പോഴും .ഇതൊക്കെ എന്നാണാവോ മാറുക ?ഭാര്യയുടെ അമ്മയെയും അച്ഛനെയും സ്വന്തം അച്ഛനമ്മമാരായി കാണുക പലർക്കും പ്രയാസമാണ്
ഈ വന്ന കാലത്തും ഇങ്ങനെ ഒക്കെയുണ്ടോ എന്ന് ചോദിച്ചാൽ പഴയതിനേക്കാൾ കൂടുതൽ എന്ന് തന്നെയാണ് ഉത്തരം..കേട്ട കഥകളൊക്കെ അങ്ങനെയാണ്.
കേൾക്കുന്ന കഥകളും അങ്ങനെ തന്നെ
കെട്ട കാലമാണ് ഓരോന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു പേടി നിറയും
മീനാക്ഷി വളരുന്നത് കാണുമ്പോൾ ആധിയാണ്
എല്ലാ അച്ഛനും തോന്നുന്നതാവുംഅങ്ങനെ ..എന്നാലും ഓരോ മനസും വ്യത്യസ്തമല്ലേ?
“എന്താ ആലോചിക്കുന്നത് ?വിനുവേട്ടന്റെ കാര്യമാണോ ?അതിപ്പൊ അങ്ങേര് പ്രണയനഷ്ടത്തിൽ ജീവിതം കളഞ്ഞ ദേവദാസ് ഒന്നുമായില്ലല്ലോ? കല്യാണം കഴിഞ്ഞു അമേരിക്കയിൽ ജോലിയുമായി ..പിന്നെ നമുക്കെന്താ അല്ലെങ്കിലും അങ്ങേരേന്നെ പ്രേമിച്ചു നടന്നത് ഞാൻ അറിഞ്ഞു കൂടില്ല “
അവളൊരു കള്ളചിരിച്ചിരിച്ചു
“അറിഞ്ഞിരുന്നെങ്കിൽ ..?അവൻ ചോദിച്ചു
“എങ്കിലും മാറ്റമൊന്നുമില്ല ..മനസിലുള്ളത് എത്ര ദരിദ്രനാണെങ്കിലും പ്രണയിക്കുന്ന പെണ്ണിന് അവൻ കോടീശ്വരനാ ..പ്രണയത്തിന്റെ കോടീശ്വരൻ..അവനോടൊപ്പമുല്ല ജീവിതം മാത്രമായിരിക്കും അവളുടെ ഉള്ളിലുണ്ടാകുക ..മറ്റൊരാൾ എത്ര സുന്ദരനോ പണക്കാരനോ ആകട്ടെ അതൊന്നും അവളെ ബാധിക്കാതെ പോകും “
“അങ്ങനെയല്ലത്ത ഒത്തിരി പേരുണ്ട് കേട്ടോ “
“ആ കൂട്ടത്തിൽ ഞാൻ ഇല്ല “അവൾ ചിരിച്ചു
“നോക്ക് നന്ദ …മഞ്ഞ് പെയ്യുന്നത്?ഇത് വരെ നിന്നില്ല ..മലകളൊക്കെ മഞ്ഞ് മൂടിയിട്ട ഉള്ളത്. എന്താ ഭംഗി!”
ശരിയായിരുന്നു..ഡിസംബർ മാസമാണ്..മഞ്ഞുണ്ട്
രാവിലെ ഇറങ്ങുമ്പോൾ പോലും സൂര്യൻ അത്ര പ്രത്യക്ഷനായിരുന്നില്ല
വശങ്ങളിൽ മലകൾ മാത്രമേ കാണാനുള്ളൂ.മഞ്ഞു മൂടിയ മലകൾ.നല്ല തണുത്ത കാറ്റ്
ചൂളിപ്പിടിച്ചു വീണ്ടും പാർവതി നന്ദന്റെ ചൂടിലേക്ക് ചേർന്നിരുന്നു
വിനുവിനെ താൻ ഒരു തവണ കണ്ടിട്ടുണ്ട്. അന്നവന്റെ സ്വരത്തിൽ ഭീഷണിയുണ്ടായിരുന്നു. ഒരു പുഴുവിനെ നോക്കുന്ന അറപ്പ്.
നിസാരത..
തനിക്ക് ചിരിയാണ് വന്നത്
നിനക്ക് എന്ത് യോഗ്യത ഉണ്ടെടാ മാളികപ്പുറത്തെ പെണ്ണിനെ പ്രേമിക്കാൻ എന്ന് അലറുമ്പോളും ഒരു ദേഷ്യവും തോന്നിയില്ല. എന്റെ യോഗ്യത അളക്കുന്ന മെഷീൻ ഇത് വരെ കണ്ടു പിടിച്ചില്ലല്ലോ വിനു എന്ന് മറുപടി പറഞ്ഞു.
അല്ലെങ്കിലും എന്താണ് ഇവരൊക്കെ പറയുന്ന യോഗ്യത
ഐ എ എസ്, ഐപി എസ്, ഡോക്ടർ, എഞ്ചിനീയർ, സയന്റിസ്റ്, ഗവണ്മെന്റ് ജോലി
ഇതൊക്കെയാണ് ഇവർ ഉദ്ദേശിക്കുന്ന യോഗ്യതകളിൽ പ്രധാനപ്പെട്ടത്
അല്ലെങ്കിൽ ബിസിനസ് ചെറുതൊന്നും പോരാ കുറച് കൂടിയ നിലവാരത്തിൽ തന്നെ
ചിലപ്പോ ആലോചിക്കും ശരിക്കും എന്താണ് ഒരു പെണ്ണിനെ സ്നഹിയ്ക്കാനും ഒപ്പം ജീവിക്കാൻ കൂട്ടാനുമുള്ള യോഗ്യത ?
അവളെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ്സല്ലേ ഏറ്റവും വലിയ യോഗ്യത ?
പാർവതി തന്റെ ഒപ്പം ജീവിതം തുടങ്ങുമ്പോൾ അവൾക്കു പത്തൊമ്പതു വയസ്സാണ്. കാത്തിരിക്കാൻ ഒരു പാട് താൻ പറഞ്ഞു നോക്കി. പഠിച്ചു ജോലി വാങ്ങിക്ക് ഞാൻ നിന്നേ വിട്ടു പോകില്ല എന്ന് പറഞ്ഞു നോക്കി. ഇത്രയും വേഗം വേണ്ട എന്ന് ആവർത്തിച്ചു
കേട്ടില്ല
ഒരു രാത്രി ആരും അറിയാതെ പുറപ്പെട്ട പോരുന്നു. കല്യാണം കഴിക്കേണ്ടി വന്നു പോയതാണ്. അവളെ തന്നെ താൻ കല്യാണം കഴിക്കുമായിരുന്നുള്ളു പക്ഷെ പെൺകുട്ടികൾ കുറച്ചു കൂടെ പ്രായമായിട്ട് കല്യാണം കഴിക്കുന്നതാണ് നല്ലത് എന്നാണ് തന്റെ മനസ്സിൽ
അത് കൊണ്ട് തന്നെ പാർവതിയെ പഠിപ്പിച്ചു. അവൾക്കു ജോലിയായി. അവൾക്കു കുറച്ചു കൂടെ പക്വത ആയി എന്ന് തോന്നിയപ്പോഴാണ് മീനാക്ഷി ജനിച്ചത് പോലും. അവളുടെ മാതാപിതാക്കൾ തന്നെ സ്നേഹിക്കുന്നതും ഇത് കൊണ്ടാണെന്നു തനിക്ക് തീർച്ചയാണ്
പിന്നെ വിനു
വിനു അവളെ പ്രണയിച്ചിരുന്നു…ഭ്രാന്തമായി തന്നെ..അത് കൊണ്ടാണല്ലോ തന്നെ ഭീഷണിപ്പെടുത്തിയത്.അല്ലെങ്കിൽ ഭാര്യയാവളെ തിരിച്ചു കൊടുക്കണമെന്ന് ആരെങ്കിലും പറയുമോ? അവനു ഭ്രാന്ത് ആണ്,പ്രണയം അല്ല എന്ന് താൻ തിരിച്ചറിഞ്ഞതപ്പോഴാണ്.പ്രണയം നോവിക്കില്ലല്ലോ. അവന്റെ കണ്ണിലെ പുച്ഛം ഇപ്പോഴും ഓർമയുണ്ട്. സമൂഹം ഒന്നുമല്ലാത്തവന് നേരെ,ഒന്നുമില്ലാത്തവന് നേരെ നോക്കുന്നതും അതെ കണ്ണുകൾ കൊണ്ടാണ് . അതെ പുച്ഛം നിറഞ്ഞ കണ്ണുകൾ
എത്ര നിസാരതയാണ് അല്ലെ?
മനുഷ്യൻ എത്ര നിസാരനാണ്. ഒന്ന് കാലിടറി വീണാൽ തീരാവുന്നതേയുള്ളു അഹന്ത. പിന്നെ നടക്കാനാവന് ഊന്നുവടി വേണം. ആശുപത്രി വരാന്തയിൽ ഊഴം കാത്തിരിക്കണം.കസേരയിൽ നിന്നെഴുന്നേറ്റ് നടക്കണമെങ്കിൽ കൂടി ആരെങ്കിലും പിടിക്കണം
എന്നിട്ടും അഹന്ത..
താനാണ് വലിയവൻ എന്ന ഭാവം
(തുടരും )