മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..
വിനു ഒടുവിൽ തന്നോട് പറഞ്ഞ വാക്കുകൾ ഇന്നുമുള്ളിലുണ്ട്
“എന്നെങ്കിലും അവൾക്ക് മടുക്കും .പ്രണയവും മാങ്ങാതൊലിയുമൊക്കെ പണക്കാർക്ക് പറഞ്ഞിട്ടുളളതാടാ ..നിന്നെ പോലെ ഒരു അത്താഴപ്പട്ടിണിക്കാരനെ വിട്ട് അവൾ പോകും.ഭംഗിയുള്ള മുഖവും രൂപവും കൊണ്ട് എക്കാലവുമാവളേ മോഹിപ്പിക്കാമെന്നു കരുതണ്ട ..അവള് നിന്നേ വിട്ടു പോകും.അന്നവൾ എന്റെയായിരിക്കും “
ഭാഗ്യം പെട്രോൾ ഒഴിച്ച് കൊ-ല്ലും എന്ന് പറയാതിരുന്നത്
ഇന്നായിരുന്നെകിൽ ചിലപ്പോ സ്കോപ് ഉണ്ടായിരുന്നു
ഭംഗിയുള്ള മുഖവും രൂപവുമല്ലടാ കഴുതെ ആണിനെ അളക്കാനുള്ള അളവ് കോൽ എന്ന് ഉറക്കെ പറഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു
പിന്നെ വിചാരിച്ചു കാലം തെളിയിക്കട്ടെ. അതെ കാലം തെളിയിക്കും ഓരോന്നും..
“വിനു പോകാൻ തന്നെ തീരുമാനിച്ചോ? “അഖില അവന്റെ അരികിൽ വന്നു ചോദിച്ചു. വസ്ത്രങ്ങൾ അടുക്കി വെയ്ക്കുന്നതിനിടയിൽ വിനു അലസമായി ഒന്ന് മൂളി
“കമ്പനി മീറ്റിംഗ് ഉള്ള ദിവസങ്ങൾ അല്ലെ അത് ?”
“അത് പോസ്റ്റ് പോൺ ചെയ്തു “
അവൻ മറുപടി കൊടുത്തു
“അതിന്റെ ആവശ്യമെന്തായിരുന്നു ?” അവൾ മൂർച്ചയോടെ ചോദിച്ചു
“അമേരിക്കയിൽ നിന്ന് ഇത്രയും ദൂരെ വെറുമൊരു ഉത്സവത്തിനും കല്യാണ നിശ്ചയത്തിനും ഇത്രയും നാൾ പോയി നിൽക്കേണ്ട ആവശ്യമെന്ത് ?അതവളെ കാണാനല്ലേ ?”
“അതെ …” അവൻ നിവർന്നു
എന്നിട്ട് കൂസലില്ലാതെ വീണ്ടും പറഞ്ഞു
“പാറുവിനെ കാണാൻ തന്നെയാ .”
അവൾ എന്തൊ പറയാൻ ഭാവിച്ചിട്ട് മടിച്ചു
“പറയടി.എന്താ നിനക്ക് വല്ല ഒബ്ജെക്ഷനും ഉണ്ടോ ?ഉണ്ടെങ്കിൽ ബോധിപ്പിക്കണം .അടിയൻ അനുസരിച്ചോളാം”
അവൻ പരിഹാസത്തോടെ പറഞ്ഞു . അവളുടെ മുഖത്ത് കഠിനമായ ഒരു ആത്മനിന്ദ നിറഞ്ഞു
സ്വന്തം ഭർത്താവ് ഭാര്യയുടെ മുഖത്ത് നോക്കി പറയുകയാണ്
അതേടി ഞാൻ കാമുകിയെ കാണാൻ പോവുകയാണ് നിനക്ക് എന്താ ഒബ്ജക്ഷൻ എന്ന്
നല്ല കഥ
ഇതിലും വലിയ ഒരു അപമാനം ഉണ്ടോ ? വിവാഹം ചെയ്യുന്ന സമയത്തു തനിക്കൊരു പ്രണയം ഉണ്ടായിരുന്നു എന്ന് വിനു പറഞ്ഞിരുന്നു . അത് കാര്യമാക്കിയില്ല. പ്രണയം ഇല്ലത്തവർ ആരാണ് ? മിക്കവാറും എല്ലവരും അതിൽ കൂടി കടന്നു പോയവരായിരിക്കും. അതിന്റെ ചുഴികളിൽ കൂടി. ആഴങ്ങളിൽ കൂടി
കടുത്ത വേദനകളിൽ കൂടി , ഭ്രാന്തമായ ഉന്മാദങ്ങളിൽ കൂടി
ഒരാളിൽ മാത്രം നിലയുറപ്പിച്ചു കൊണ്ട് ഒരാളെ മാത്രം കേന്ദ്രബിന്ദു ആക്കി അങ്ങനെ ജീവിക്കുന്ന നാളുകൾ
എല്ലാവര്ക്കും ഒരേ പോലെയല്ലെങ്കിലും പ്രണയം ഏകദേശം ഇത് പോലൊക്കെ തന്നെയാണ്
തനിക്കുമുണ്ടായിരുന്നു ഒരാൾ, ഗോവിന്ദ്
പാവമായിരുന്നു, ജീവനായിരുന്നു. പക്ഷെ അത് പോരല്ലോ വിവാഹം കഴിക്കാൻ എന്ന് അമ്മയും അച്ഛനും പറഞ്ഞു
വിവാഹം കഴിഞ്ഞുള്ള ജീവിതം വാടകവീട്ടിൽ കഴിയാൻ നിനക്ക് പറ്റുമോ എന്ന് തർക്കിച്ചു
എയർ കണ്ടിഷൻഡ് മുറിയിൽ കിടന്നു ശീലിച്ച നീ അവന്റെ വീട്ടിലെ മുഷിഞ്ഞ മുറികളിൽ എങ്ങനെ കാലം കഴിക്കും എന്ന് കളിയാക്കി
പിന്നെ ആലോചിച്ചു
പ്രണയം കൊണ്ട് മാത്രം ജീവിക്കാനാകുമോ ?
കൂട്ടുകാർ പറഞ്ഞു
ആദ്യത്തെ ആവേശമൊക്കെ കുറച്ച മാസങ്ങൾ കൊണ്ട് തീരും .അത് കഴിഞ്ഞു ജീവിതം ആണ് ..ഇങ്ങനെ ആർഭാടത്തോടെ ജീവിച്ച നീ ഒരു ജോലി പോലുമില്ലാത്ത അവനെ പ്രണയിച്ചത് തന്നെ അതിശയം ..ഇനി ജീവിക്കാൻ തീരുമാനിച്ച ഞങ്ങൾ ആരും ഒപ്പം ഉണ്ടാകില്ല കേട്ടോ
അച്ഛനും അമ്മയും നേരെത്തെ താന്നേ അത് വ്യക്തമാക്കിയിരുന്നു
നീ അതാണ് ഡിസൈഡ് ചെയ്യുന്നതെങ്കിൽ ഞങ്ങളെ മറന്നേക്കുക
ഒടുവിൽ തീരുമാനിച്ചു. പ്രാക്ടിക്കൽ ആയി ജീവിക്കാൻ ഉറച്ചു
ഗോവിന്ദിനോട് പറഞ്ഞപ്പോൾ ആ മുഖത്ത് ഒരു നടുക്കം വന്നത് ഇപ്പോഴും ഓർമയുണ്ട്. അവന്റെ കണ്ണുനീര് ഇപ്പോഴും ഓർമയുണ്ട്
നീ ഇല്ലാതെ ജീവിക്കാൻ വയ്യ എന്ന് കെഞ്ചിയത് ,നിനക്കെങ്ങനെ കഴിയുന്നു നമ്മളൊന്നിച്ചുള്ളതൊക്കെ മറക്കാൻ എന്ന് അത്ഭുതപ്പെട്ടതുമൊക്കെ ഇന്നലെയെന്ന പോലെ ഓർക്കുന്നു
ആ നേരം പക്ഷെ മനസ്സ് കല്ലായിരുന്നു. എങ്ങനെയും ഒഴിവാക്കാൻ ഉള്ള ത്വരയായിരുന്നു
വിനുവിന്റെ ആലോചന വന്ന സമയം ആയിരുന്നു .എല്ലാം കൊണ്ടും ഗോവിന്ദിന് മുകളിൽ ആയിരുന്നു വിനു. സൗന്ദര്യം കൊണ്ടും പണം കൊണ്ടും ജോലി കൊണ്ടും ..ഒരു കുറവുമില്ല എന്ന് തോന്നിപ്പിച്ച ഒരാൾ. ആകർഷകമായ ചിരിയും സംസാരവും
ഇത്ര ചെറുപ്പത്തിൽ ഇത്ര വലിയ ഒരു പൊസിഷനിൽ ഇരിക്കുക നിസാരമാണോ ?അതും അമേരിക്കയിൽ.നമ്മുട തറവാട്ടിലില്ല ഇത് പോലെ ഒരാൾ .നിന്റെ ഭാഗ്യമാ
എല്ലാവരും പറഞ്ഞു
ഗോവിന്ദിനെ കടന്നു പോരുമ്പോൾ ആശ്വാസം തോന്നി .രക്ഷപ്പെട്ടു .ഗോവിന്ദ് ഒരു പാവമായതു കൊണ്ട് പ്രതികാരമോ പകയോ ഭയക്കേണ്ടതില്ല എന്നറിയാമായിരുന്നു .അത് കൊണ്ട് തന്നെ മനസ്സ് ശാന്തമായിരുന്നു പ്രത്യേകിച്ച് കുറ്റബോധമൊന്നും തോന്നിയില്ല
പക്ഷെ ദൈവത്തിന്റെ പക അവിടെ തുടങ്ങുന്നതേയുള്ളായിരുന്നു
ഓരോ തവണ ഒന്നിക്കുമ്പോഴും പാറു എന്ന് മാത്രം മന്ത്രിച്ചു തന്നെ പുണരുന്ന തന്റെ ഭർത്താവ്. മറ്റൊരു സ്ത്രീയുടെ ഓർമയിൽ മാത്രം പുരുഷനാകാൻ കഴിയുന്ന തന്റെ ഭർത്താവ്
അപമാനം കൊണ്ട്,നിന്ദ കൊണ്ട് പുളഞ്ഞു. കണ്ണീരു വാർത്ത ദിനരാത്രങ്ങൾ
വിനു ഞാൻ നിങ്ങളുട ഭാര്യയാണ് ,ഇത് ക്രൂ-രമാണ് വിനു കെഞ്ചി നോക്കി
“എനിക്കിങ്ങനെയെ സാധിക്കു .നിനക്കു യോജിച്ചു പോകാൻ പറ്റിയിലെങ്കിൽ ഡിവോഴ്സിന് ഞാൻ തയ്യാറാണ് ..എനിക്ക് നീ തന്നെ ഭാര്യയും വേണമെന്ന് നിർബന്ധം ഒന്നുമില്ല .”അറുത്തു മുറിച്ചു പറഞ്ഞു
ഡിവോഴ്സ് ? താൻ ഞെട്ടി നോക്കി
“എന്താ കേട്ടിട്ടില്ലേ ? നഷ്ടപരിഹാരം പറഞ്ഞ മതി തന്നേക്കാം ..”
“വിനു …ഇത്ര നിസാരമായി എങ്ങനെ പറയുന്നു ?വിനു എന്നെ ഒട്ടും സ്നേഹിക്കുന്നില്ലേ?”
“നീ ഇതിലും നിസാരമായിട്ടല്ലേ ഗോവിന്ദിനെ ഉപേക്ഷിച്ചത് ?അവന്റെ ഒപ്പം എവിടെല്ലാം പോയിട്ടുണ്ട് നീ ?എന്റെ ഒപ്പം കഴിയുമ്പോൾ നീ അവനെ ഓർക്കാറില്ലെ? തീരെ അങ്ങ് പതിവ്രത ചമയരുത് . എനിക്കെല്ലാം അറിയാം .എല്ലാം ..എല്ലാം അറിഞ്ഞിട്ട് തന്നെയാ കല്യാണം കഴിച്ചത് .എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും എന്നെ നിയന്ത്രിക്കാനും എന്റെ സ്വാതന്ത്ര്യതിൽ കൈ കടത്താനും വന്നാൽ അന്ന് നീയും ഞാനും വേറെയാ ..മനസ്സിലായോ ?”
സ്തംഭിച്ചു നിന്ന് പോയി
അന്ന് തുടങ്ങി പിന്നെ ഇന്ന് വരെ ഒന്നിനും നിരബന്ധിച്ചിട്ടില്ല വിനുവിനെ .ഒന്നും ആവശ്യപ്പെട്ടിട്ടില്ല .ഒരു കുഞ്ഞിനെ പോലും . കുഞ്ഞു വേണ്ട എന്ന് വിനു പറഞ്ഞപ്പോൾ തലയാട്ടി സമ്മതിച്ചു കൊടുത്തു . രണ്ടു തവണ അ-ബോർഷന് വിധേയയാകുകയും ചെയ്തു
എന്ത് കൊണ്ട് വിനുവിനെ ഉപേക്ഷിച്ചു പോകുന്നില്ല എന്ന് എല്ലാം കേട്ടപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി അനന്യ ചോദിച്ചു
നീ എന്തിനാണ് അയാളെ സഹിക്കുന്നത് ?അവൾ രോഷത്തോടെ ചോദിച്ചു
“ഈ ശിക്ഷ ഞാൻ ഏറ്റുവാങ്ങുകയാണ് അനി.ഗോവിന്ദിനെ ചതിച്ചതിനുള്ള ശിക്ഷ ആണിത് ..ഇത് ഞാൻ അർഹിക്കുന്നുണ്ട് . ഞാൻ മാറിയാൽ ചിലപ്പോൾ അയാൾ വേറെ കല്യാണം കഴിക്കും .നിരപരാധിയായ മറ്റൊരു പെണ്ണിന്റെ ജീവിതം പോകും . ഞാൻ എന്തായാലും പെട്ടു.ഇത് ഇങ്ങനെ തന്നെ തീരട്ടെ “
അവൾ വേദനയോടെ തന്നെ നോക്കിയിരുന്നു
പത്തു വർഷങ്ങൾ കഴിഞ്ഞു പോയിരിക്കുന്നു. ഈ കാലയളവിൽ വിനു ഒരിക്കലും നാട്ടിലെ ക്ക് പോയില്ല. താനും. ഒരു ചലിക്കുന്ന യന്ത്രം പോലെ താൻ ജീവനുണ്ടെന്നേയുള്ളു
ഒന്ന് പഠിച്ചു.ഈ കാലയളവിൽ ഏറ്റവും മനോഹരമായ ഒന്ന് പഠിച്ചെടുത്തു
അഭിനയം
ഉള്ളിൽ എന്തുണ്ടെങ്കിലും ആരും അറിയാതെ അഭിനയിക്കാൻ ഇപ്പൊ താൻ മിടുക്കിയാണ് . വിനു പോലും ഈ കഴിവിൽ തന്റെ ഏഴു അയല്പക്കത്തു വരില്ല
വിനു ചിലപ്പോൾ തന്നെ സംശയത്തോടെ നോക്കുന്നത് കാണാം
ഇവൾക്ക് ഇനിഭ്രാന്താണോ എന്ന് അയാൾ ചിന്തിക്കുന്നതു പോലെ തോന്നും
അപ്പോൾ തനിക്ക് ചിരി വരും. തന്റെ സങ്കടങ്ങൾ മറ്റുള്ളവർ അറിഞ്ഞിട്ടെന്തിനാ
സന്തോഷമാണ് എന്ന് തന്നെ അറിഞ്ഞോട്ടെ
വിനു വസ്ത്രങ്ങൾ അടുക്കി പൂർത്തിയയാക്കി കഴിഞ്ഞിരുന്നു
“ഞാനും കൂടി വരുന്നു “പെട്ടെന്ന് അവൾ പുഞ്ചിരി യോടെ പറഞ്ഞു. വിനു സംശയത്തോടെ അവളെ ഒന്ന് നോക്കി
“ഞാൻ ഇതുവരെ നിങ്ങളുടെ തറവാട്ടിൽ വന്നിട്ടില്ലല്ലോ ?അവിടെ എല്ലാ വർഷവും ഉത്സവം ഉണ്ടായിരുന്നിട്ടും നിങ്ങളും പോയിട്ടില്ല .ഈ വര്ഷം നിങ്ങൾ പോകാൻ തീരുമാനിച്ചെങ്കില് അതിന്റെ ഒറ്റ കാരണം പാർവതി ആയിരിക്കും എന്ന് എനിക്കറിയാം .ഞാനും ഒന്ന് കണ്ടോട്ടെ ആ വിശ്വ സുന്ദരിയെ ..എന്റെ ഭർത്താവിന്റെ ആത്മാവിലും ഞരമ്പിലും രക്തത്തിൽ പോലും നിറഞ്ഞു നിൽക്കുന്ന ആ പെണ്ണിനെ എനിക്കുമോന്നു കാണാൻ ആഗ്രഹം ഉണ്ട് .എനിക്കില്ലാത്ത എന്താണ് അവൾക്കുള്ളത് എന്നൊന്ന് അറിയണമല്ലോ ..നിങ്ങളീ ഭ്രാന്ത് കാണിക്കുന്നതിന് എന്തെങ്കിലും റീസൺ ഉണ്ടോന്നു അറിയണ്ടേ…?”
വിനു ഒന്ന് ചിരിച്ചു
തുടരും