തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു.

എഴുത്ത്: ശ്രീജിത്ത് ഇരവിൽ
======================

തന്നെ പ്രേമിക്കുന്നതിന്റേതായ യാതൊരു തെളിവും കിട്ടാതായപ്പോൾ മാലതി മധുവിനോട് നമുക്ക് പിരിയാമെന്ന് പറഞ്ഞു.

‘അപ്പോൾ കുഞ്ഞ്…?’

”കുഞ്ഞിനെ ഞാൻ കൊണ്ടുപോകും…”

അത് പറയുമ്പോൾ മാലതി മധുവിന്റെ മുഖത്തേക്ക് നോക്കിയതേയില്ല. 

പത്രമാഫീസിൽ ജോലിക്ക് പോയാൽ പിന്നെ നേരമില്ലാത്ത നേരത്ത് കയറിവരുന്ന മധുവിന് അത്താഴമുണ്ടാക്കാനും അയാളുമായി കിടക്ക പങ്കിടാനും മാത്രമാണ് താനിവിടെയെന്ന് മാലതിക്ക് തോന്നിത്തുടങ്ങിയിട്ടേറെ നാളുകളായി. ദീർഘനാളത്തെ ആലോചനകൾക്ക് ശേഷമാണ് മാലതിയുടെ ഈ തീരുമാനം.

‘എന്റെ ജോലിയുടെ തിരക്ക് നിനക്കറിയുന്നതല്ലേ…? നിനക്കും കുഞ്ഞിനുമെന്തിന്റെ കുറവാണിവിടെ..?’

അവൾക്കതിന് ഉത്തരമുണ്ടായിരുന്നില്ല.

“കുഞ്ഞുണ്ടായതിൽ പിന്നെ എന്നെ നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ..?”

അതുകേട്ടപ്പോൾ മധു തന്റെ കുഞ്ഞിനെ ശ്രദ്ധിച്ചു…മൂന്ന് വയസ്സുള്ള മകൻ അവന്റെ കളിപ്പാട്ടങ്ങൾക്കിടയിൽ വലിയ തിരക്കിലാണ്. എന്നാലും ഇടക്ക് രണ്ടുപേരേയും മാറി മാറി നോക്കുകയും കിന്നരിപ്പല്ലുകൾ കാട്ടി ചിരിക്കുകയും ചെയ്യുന്നുണ്ട്.

‘എനിക്ക് ഡിവോഴ്സ് വേണം.’

മാലതി ഇങ്ങനെയൊന്നും സംസാരിക്കുന്നത് മധു ഇതുവരെ കേട്ടിട്ടേയില്ല…അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഏതോ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ പൊതുവേദിയിലിരുന്ന് കേൾക്കുന്നത് പോലെ അയാളത് സസൂഷമം ശ്രദ്ധിച്ചു.

കൂടെ കിടന്ന് കുഞ്ഞുങ്ങളുണ്ടാക്കാൻ മാത്രമാണ് നിങ്ങൾ ആണുങ്ങൾക്ക്  പെണ്ണുങ്ങളെന്ന് പറഞ്ഞപ്പോൾ, ആണുങ്ങൾക്ക് പ്രസവിക്കാൻ കഴിവ് തരാത്ത സകല ദൈവങ്ങളേയും മധു ഉള്ളിൽ ശപിച്ചു.

ഭാര്യയേയും കുഞ്ഞിനേം പരിഗണിക്കുകയോ, അവരുമായി നേരം കണ്ടെത്തി ചിലവിടുകയോ ചെയ്യാത്തയ ഭർത്താക്കാൻമ്മാരെല്ലാം സ്ത്രീവിരുദ്ധരാണെന്നും കൂടി മാലതി പറഞ്ഞു.

അയാൾ അപ്പോൾ കഴിഞ്ഞ മാസത്തെ ചിലവിനെക്കുറിച്ച് ഓർക്കുകയായിരുന്നു. പലചരക്ക് കടയിലെ പറ്റ് ഇപ്പോഴും തീർത്തിട്ടില്ല…!

‘നിങ്ങൾക്ക് സ്നേഹിക്കാനോ…ഒരുനല്ല ഭർത്താവാകാനോ…ആരും കൊതിക്കുന്ന ഒരച്ഛനാകാനോ കഴിയില്ല. നിങ്ങടെ കൂടെയിറങ്ങി വരുമ്പോൾ ഞാൻ കണ്ട സ്വപ്നം ഇതൊന്നുമായിരുന്നില്ല…!’

പതിയേ അതുപറയുമ്പോൾ മാലതി വിതുമ്പി.

അയാളൊന്നും പറയാനാകാതെ അകത്തേ മുറിയിലേക്ക് പോയി കതകടച്ചു.

സ്വന്തമെന്ന് പറയാൻ ആരുമില്ലെന്ന് പറഞ്ഞ തന്റെ ചുണ്ടിൽ വിരൽവെച്ച് മരണം വരെ താനുണ്ടെന്ന് പറഞ്ഞയൊരു മാലതിയായിരുന്നു മധുവിന്റെ ഉള്ളിലപ്പോൾ..

അന്ന്, ലേബർ റൂമിന് പുറത്തൊരു നഴ്സ് തന്റെ കുഞ്ഞിനെ കയ്യിലേക്ക് തരുമ്പോൾ അനാഥനായ തന്നെ ഈ ലോകം മാലതിയിലൂടെ അനുഗ്രഹിച്ചതാണെന്ന് മധുവിന് തോന്നിയിരുന്നു.

തനിക്കൊരു നാൾ എന്തെങ്കിലും സംഭവിച്ചാലും തന്റെ ഭാര്യയ്ക്കും കുഞ്ഞിനും ജീവിക്കാനുള്ള മാർഗ്ഗം ഉണ്ടാക്കണമെന്ന ചിന്ത മാത്രമായിരുന്നു പിന്നീട് മധുവിന്റെയുള്ളിൽ. പത്രമാഫീസിൽ അങ്ങോട്ടേക്ക് അപേക്ഷിച്ച് ഓവർടൈം എടുത്തതൊക്കെ അതിനുവേണ്ടിയിട്ടായിരുന്നു. സംരക്ഷണമാണ് സ്നേഹമെന്ന് മധു വെറുതേ തെറ്റിദ്ധരിച്ചുപോയി.

അയാൾ ആ കിടക്കയിലിരുന്ന് ശബ്ദമുണ്ടാക്കാതെ ഏറെ നേരം കരഞ്ഞു.

മാലതി തട്ടിയപ്പോൾ മധു കതകുതുറന്നു. അവളുടെ അരികിൽ രണ്ട് വലിയ പെട്ടി പോകാനായി ഒരുങ്ങി നിൽക്കുന്നുണ്ട്. പുതിയ ഉടുപ്പൊക്കെയിട്ട് ഉല്ലാസയാത്രയ്ക്ക് പോകുന്ന സന്തോഷമായിരുന്നു കുഞ്ഞിന്റെ മുഖത്ത്.

‘ഞാനേറെ ചിന്തിച്ചിട്ടാണീ തീരുമാനത്തിലെത്തിയത്..നമുക്ക് പൊരുത്തപ്പെടാനേ പറ്റില്ല…!’

അത് പറയുമ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നുവെങ്കിലെന്ന് അയാൾ വെറുതേ ആഗ്രഹിച്ചു. തന്റെയുള്ളം വിങ്ങുന്നത് മധുവിന് അറിയാമായിരുന്നു. പോകരുതെന്ന് പറഞ്ഞ് അയാളുടെ കണ്ണുകൾ കെഞ്ചുന്നത് മാലതി കണ്ടതേയില്ല.

പ്രകടമാക്കാത്ത സ്നേഹം ആർക്കുവേണമെന്ന് ലോകം പറയാറുണ്ട്. എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടതെന്ന് മധുവിന് അറിയില്ലായിരിക്കും. അല്ലെങ്കിൽ, തിരിച്ചറിയാനുള്ള ബുദ്ധി മാലതിയുടെ മനസ്സിന് ഇല്ലായിരിക്കും. അല്ലെങ്കിലും, ഒരാൾ നിർവചിക്കാൻ ശ്രമിക്കുന്നത് തന്നെയായിരിക്കില്ലല്ലോ മറ്റൊരു വ്യക്തിയുടെ സ്നേഹമെന്ന കണ്ടെത്തൽ!

വൈകാതെ, മാലതി ഏർപ്പാടാക്കിയ ഓട്ടോ മുറ്റത്തേക്ക് വന്നുനിന്നു. കൂടുതലൊന്നും പറയാതെ അവൾ അതിൽ കയറി പോകുകയും ചെയ്തു.

തന്റെ അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞ രംഗമാണ് നടക്കുന്നതെന്ന് അറിയാതെ, പോകാൻ നേരവും ആ കുഞ്ഞ് മധുവിനോട് തന്റെ കിന്നരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു…!!!

-ശ്രീജിത്ത് ഇരവിൽ