അവൾ വാക്ക് കൊടുത്തില്ല
ചാർലി പിന്നെ ആ വിഷയം സംസാരിച്ചില്ല. ഫോണിൽ കൂടെ സംസാരിക്കുമ്പോ അവൻ അത് ഒന്നും ചോദിച്ചില്ല. അവന്റെ വാക്കുകളിൽ എപ്പോഴും നിറയെ സ്നേഹം ആണ്. ഭയങ്കര സ്നേഹം. ആദ്യത്തെ ദേഷ്യം ഒന്നും പിന്നെ കാണിക്കില്ല
എന്റെ പൊന്ന് എന്താ കഴിച്ചേ?കണ്ണെഴുതിയോ? പൊട്ട് വെച്ചോ? ഏത് ഉടുപ്പാണ് ഇന്ന്? നിനക്ക് നല്ല ചുവപ്പ് ഡ്രസ്സ് നല്ല ഭംഗിയാട്ടോ. ഉടുപ്പാണ് എന്റെ മോൾക്ക് ഭംഗി. എന്താ ഇന്ന് ക്ഷീണം?വയ്യേ? പനിയുണ്ടോ? ഉറങ്ങിയില്ലേ? ഇന്ന് എന്താ കഴിച്ചേ?
അങ്ങനെ നുറു നുറു ചോദ്യങ്ങൾ
കള്ളം പറയാനൊന്നും പറ്റില്ല. വീഡിയോ കാളിൽ കാണാതെ ഒരു ദിവസം കടന്ന് പോകില്ല
മുടി എന്താടി ഇങ്ങനെ? വൃത്തിയായിട്ട് പിന്നിയിട്
ചിലപ്പോൾ പറയും
ഓരോന്നിലും ശ്രദ്ധയുണ്ട്
പാല് കൊടുത്തിട്ടു തിരിച്ചു എപ്പോ വന്നു എന്ന് തുടങ്ങി.. എപ്പോ കിടന്നു എന്ന് വരെ..അറിയണം
എല്ലാം കേൾക്കാൻ ഇഷ്ടം ആണ്. എല്ലാം പറയാനും ഇഷ്ടം ആണ്. ആശുപത്രിയിൽ ഉള്ള മുഴുവൻ കാര്യങ്ങളും പറയും. ചേട്ടൻമാരുമായുള്ള ഇഷ്യൂസ് പറഞ്ഞു
അത് സാരമില്ലടി ഞാൻ നോക്കിക്കൊള്ളാം എന്നും പറഞ്ഞു
നിയെ ഇങ്ങനെ പാല് കൊടുത്തു നടന്നാൽ പോരാ കുറച്ചു ഉള്ളിലേക്കും എത്തിക്ക്..കുടിക്കാൻ. കുറച്ചു നന്നായിക്കോട്ടെ. നീ കുഞ്ഞതാ എനിക്ക് എടുത്തു കൊണ്ട് നടക്കാം ഇച്ചിരി ഉള്ളു..
തനിക്ക് നാണം വരും ചിലപ്പോൾ
ശരിയാ ഇച്ചായന് ആറടി പൊക്കമുണ്ട് അതിനൊത്ത ബലിഷ്ടമായ ശരീരം. മസിൽ ഒക്കെ ഉണ്ട്. താൻ ആ നെഞ്ചിന്റെ അത്രേ ഉള്ളു. മുഖം ഉയർത്തി നോക്കണം
എടി സ്റ്റൂൾ ഇട്ട് kiss ചെയ്യേണ്ടി വരുമോ ഇടക്ക് ചോദിച്ചു
താൻ ചുവന്നു പോയി
അല്ലെങ്കിൽ പൊക്കിയെടുത്തോളം ഇച്ചാ എന്നിട്ട് kiss ചെയ്യാം…പോരെ?
പോ ഇച്ചാ എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി അന്ന്
എന്നാലും ആ വർത്താനം കേൾക്കാൻ ഇഷ്ടം ആണ്. കേട്ടില്ലെങ്കിൽ ഭ്രാന്ത് പിടിക്കും. ചെവിക്കുള്ളിൽ ആ വിളി എപ്പോഴും മുഴങ്ങും
മോളെ…..
പൊന്നെ…
കൂടുതലും അങ്ങനെ ആണ് വിളിക്കുക. സാറ എന്ന് ദേഷ്യം വരുമ്പോൾ മാത്രം വിളിക്കും
ഇച്ചായന്റെ പൊന്നല്ലെടാ അങ്ങനെ ആണ് പറയുക. ചിലപ്പോൾ ഉഗ്രരൂപത്തിൽ ആണെങ്കിൽ
പോ- ടീ……നീ….എ- ടീ
പക്ഷെ അത് അത്യപൂർവം
പൊന്നിന് ഒരു സാധനം തരാം ഇവിടെ നിന്ന് ഒന്നിറങ്ങിക്കോട്ടെ. ഒരു ദിവസം പറഞ്ഞു
“എന്താണോ ആവോ?”
മുറിവുകൾ ഉണങ്ങി തുടങ്ങി. നെഞ്ചിൽ ഉള്ളത് മാത്രം പതിയെ ഉണങ്ങുന്നുള്ളു. ആ നെഞ്ചു കാണാൻ നല്ല രസാണ്. അത് മാത്രം അല്ല. ആളെ കാണാൻ തന്നെ നല്ല രസാണ്
നല്ല കണ്ണുകൾ, മീശ, താടി, ചുണ്ടുകൾ, ശബ്ദം
മറുപടി പറയാമെന്നു പറഞ്ഞെങ്കിലും പിന്നെ ചോദിച്ചില്ല. അതിനല്ല നേരം. തന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു കളയും. ദൂരെ ആണെന്ന് തോന്നില്ല. അടുത്താണ്, ശ്വാസം മുഖത്ത് തട്ടുന്ന അത്ര അടുത്ത്. ഒന്ന് കൈ നീട്ടിയാൽ തൊടാവുന്ന ദൂരത്തു ആണെന്നെ തോന്നുള്ളു. വിളിക്കുമ്പോൾ ചിലപ്പോൾ കഴിക്കുന്ന സമയം ആണെങ്കിൽ ഒരു ഉരുള തനിക്കാണെന്ന് പറയും
ഇത് നോക്ക്, ഇത് എന്റെ കൊച്ചിന്. പ്ലേറ്റിൽ ഒരു വശത്ത് ഒരു കുഞ്ഞ് ഉരുള ഉണ്ടാവും. അത് പലഹാരങ്ങൾ ആണെങ്കിലും അതേ, ഒരു കഷ്ണം മാറ്റി വെയ്ക്കും. ഇത് നിനക്കാ ട്ടോ…എന്റെ പൊന്ന് ഇത് തിന്നുന്ന പോലെയാ എനിക്ക്..
കണ്ണ് നിറഞ്ഞു പോകും, അഭിനയം അല്ല
ആ സമയം താൻ വിളിക്കുമെന്ന് ആൾക്ക് അറിയുക പോലുമില്ല. താൻ ഫ്രീ ആകുമ്പോഴാണ് വിളിക്കുക. അവിടേ എപ്പോഴും ഫ്രീ ആണ്. അല്ലെങ്കിൽ ആക്കും. ഇത്രയധികം സ്നേഹം അനുഭവിച്ചിട്ടില്ല. ഓരോ അണുവിലും നിറഞ്ഞ സ്നേഹം
ചിലപ്പോൾ ഇന്ന് ഡിസ്ചാർജ് ആയെക്കുമെന്ന് വിളിച്ചപ്പോ അവൻ പറഞ്ഞു. അതിൽ ഒരു സൂചന ഉണ്ട്
ഞാൻ വരുന്നു, നി റെഡി ആയിരിക്കുക. എന്റെ ചോദ്യത്തിനുത്തരം വേണം
അവൾ രാവിലെ പള്ളിയിൽ പോയി. ഏറെ നേരം അവിടെയിരുന്നു പ്രാർത്ഥിച്ചു. അവനെ വേണ്ടന്ന് വെയ്ക്കുന്നതിനെ കുറിച്ച് വെറുതെ ആലോചിച്ചു
കണ്ണുകൾ അടച്ച് ആ മുഖം മറക്കാൻ. ആ സ്വരം മറക്കാൻ. അവൻ അധികം ചിരിക്കില്ല. കണ്ണുകൾ കരഞ്ഞത് പോലെ തോന്നിക്കും. ആ കണ്ണുകൾ മറക്കാൻ നോക്കിയവൾ. ഒടുവിൽ കരഞ്ഞു കൊണ്ട് അവൾ മുട്ടുകുത്തി
അച്ചൻ എല്ലാം കാണുന്നുണ്ടായിരുന്നു. ആ പെൺകുട്ടി രാത്രി എന്നില്ലാതെ പുലർച്ചെ എന്നില്ലാതെ ഓടി പള്ളിയിൽ വരുന്നത്. ആർത്തു കരഞ്ഞു പ്രാർത്ഥിക്കുന്നത് ഒക്കെ
അത് ചാർളിക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ ആണെന്ന് അദ്ദേഹത്തിന് മനസിലായി
ചാർലിയും അവളും തമ്മിൽ അങ്ങനെ എന്തെങ്കിലും ഉള്ളതിന്റെ സൂചന പോലും കിട്ടിയിട്ടുമില്ല. ഒരിക്കൽ വെറുതെ പറഞ്ഞു പോയിട്ടുണ്ട്. ആശുപത്രിയിൽ അഡ്മിറ്റ് ആയ ആദ്യത്തെ ദിവസം
സാറ പോകാൻ എഴുന്നേറ്റപ്പോൾ. അച്ചൻ അവിടേക്ക് ചെന്നു
“ചാർലി ഡിസ്ചാർജ് ആയി വരും “
അവൾ തലയാട്ടി
“മോൾക്ക് അവനെ ഇഷ്ടമാണോ?”
ആ ചോദ്യം പള്ളിയിൽ മുഴങ്ങി
“അതെ” അവൾ സത്യം പറഞ്ഞു
“അവനോ?”
“ഇഷ്ടം “
“ഇതെങ്ങനെയൊക്കെ കുഞ്ഞിനെ ബാധിക്കുമെന്ന് അറിയാമോ?”
“ഇല്ല…എനിക്ക് ഇച്ചായനെ ഇഷ്ടമാണ്..എനിക്കു വേറെ ഒന്നും. അറിയില്ല..അറിഞ്ഞിട്ടും കാര്യമില്ല. ഇനി എന്തറിഞ്ഞിട്ടും കാര്യമില്ല ഫാദർ..മറക്കാൻ ശ്രമിച്ചു നോക്കി..പറ്റണില്ല..പിന്മാറണം എന്നാലോചിക്കുമ്പോ പോലും മരിച്ചു പോകും പോലെ വേദനിക്കുവാ..എനിക്കു ഇനി പറ്റില്ല…ഇച്ചായന് ഞാനില്ലാതെയും വയ്യ…”
അവളുടെ മിഴികൾ പൊട്ടിയോഴുകി
“അച്ചൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..ഈ തീരുമാനം ഞാൻ കർത്താവിനോട് ചോദിച്ചിട്ട് എടുക്കുവാ..എന്തൊക്ക വരും എന്ന് എനിക്കു അറിഞ്ഞുട… പേടിയുണ്ട്..പക്ഷെ പേടിയെക്കാൾ എനിക്കിപ്പോ മനസ്സിൽ ഇച്ചായന്റെ ഒപ്പം ജീവിക്കാനുള്ള ആഗ്രഹം മാത്രമാ. എന്നെ കൊണ്ട് ആ ആളെ മാറ്റാൻ പറ്റുമെങ്കിൽ…അതാ പ്രതീക്ഷ…”
അച്ചൻ അവളുടെ നെറ്റിയിൽ ഒരു കുരിശു വരച്ചു
“ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ “
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ “
അവൾ കണ്ണുകൾ അടച്ചു
ചാർലിയെ ഡിസ്ചാർജ് ചെയ്തു. ഉച്ചയോടെ അവൻ വീട്ടിൽ എത്തി. തത്കാലം മുകളിലെ മുറി വേണ്ടെന്ന് ഷേർലി പറഞ്ഞു
സ്റ്റെപ്പിനി കുറച്ചു നാളത്തേക്ക് കയറേണ്ട. താഴെ മതി. മുറ്റത്തേക്ക് തുറക്കുന്ന ജനാലകൾ ഉള്ള ഒരു മുറി വൃത്തിയാക്കിയിട്ടിരുന്നു. ഗേറ്റ് കടന്നു പോകുന്നവരെയും വരുന്നവരെയും കാണുന്ന പോലെ. നിറയെ പ്രകാശമുള്ള മുറി. തണുപ്പുള്ള മുറി
അവൻ ബെഡിൽ കിടന്നു കൊണ്ട് പുറത്തേക്ക് നോക്കി. അവൾ വരുന്ന സമയം ആയി. ഉള്ളു പിടയ്ക്കുന്നുണ്ട്…എത്ര ദിവസമായി കണ്ടിട്ട്
നോക്കി കിടക്കെ ഗേറ്റ് കടന്ന് സാറ
അവൻ എഴുന്നേറ്റു
അവൾക്ക് അറിയില്ല താൻ താഴെ ആണെന്ന്. പാവം മുകളിൽ നോക്കുന്നത് കണ്ട് അവനു സങ്കടം തോന്നി. നോട്ടം പെട്ടെന്ന് താഴേക്കു വന്നു. കണ്ടു കഴിഞ്ഞു. ഒരു നിമിഷം അവൾ നിന്നുപോയി
കണ്ണുകൾ നിറഞ്ഞു കവിഞ്ഞു
അവൻ വാ എന്ന് ഒരു ആംഗ്യം കാണിച്ചു
സാറ മുഖം താഴ്ത്തി
അമ്മ മുറ്റത്തേക്ക് വരുന്നത് കണ്ടു അവൻ. അവൾ എന്തോ പറയുന്നു
അമ്മ ചിരിച്ചു കൊണ്ട് അകത്തേക്ക് ചൂണ്ടുന്നു
അമ്മയുടെ കൂടെ അവൾ അകത്തേക്ക് വരുന്നത് അവൻ കണ്ടു
“മോനെ ഇത് സാറ. നമ്മുക്ക് പാല് കൊണ്ട് തരുന്ന കുഞ്ഞാ കേട്ടോ.. ആ നിനക്ക് അറിയാമല്ലോ രുക്കുവിന്റ സ്റുഡന്റ്റ് അല്ലെ?”
ചാർലി മറുപടി ഒന്നും പറഞ്ഞില്ല
അവളെ നോക്കി
“ഞാനാ കൊപ്ര ഉണക്കാൻ ഇട്ടത് നോക്കുവാരുന്നു. ഇപ്പൊ വരാം കേട്ടോ “
അമ്മ പോയപ്പോ അവൻ കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു. പിന്നെ തളർന്ന പോലെ കിടക്കയിൽ ഇരുന്നു. അവളുടെ കൈകൾ കണ്ണിനു മുകളിൽ വെച്ച് കണ്ണുകൾ അടച്ചിരുന്നു. കൈകളിൽ ചുണ്ടുകൾ അമർന്നു
ഒരായിരം തവണ
സാറയുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു
“ഇച്ചാ “
ചാർലി മുഖമുയർത്തുമ്പോൾ സാറ മുന്നോട്ട് വന്ന് ആ മുന്നിൽ മുട്ട് കുത്തി
“ഇച്ച പറഞ്ഞതിനൊക്കെ എനിക്ക് സമ്മതമാ.. ഇച്ച എന്നെ കല്യാണം കഴിച്ചോ..എനിക്ക് പിരിയാൻ ഒക്കത്തില്ല. എന്തൊക്കെ വന്നാലും എനിക്ക് ഇച്ചായന്റെ ഒപ്പം ജീവിച്ച മതി..ഒരിക്കലും ഞാൻ വിട്ടേച്ചു പോകത്തില്ല. വാക്ക് “
ചാർളിയുടെ കണ്ണിൽ നിന്ന് കണ്ണീരോഴുകി പരക്കുന്നത് സാറ തുടച്ചു
“ഇനി എന്നോട് പിണങ്ങരുത്..ഉം?” അവൾ മെല്ലെ പറഞ്ഞു
അവൻ തലയാട്ടി
അവൾ അവന്റെ ഒരു കൈ എടുത്തു സ്വന്തം ശിരസ്സിൽ വെച്ചു
“എന്നെ ഇട്ടേച്ചും പോകരുത്. വേറെ ഒന്നിലേക്കും. ആരിലേക്കും..എന്നെ ച- തിക്കരുത്. മരണം വരെ സാറ മാത്രമെ ചാർലിക്ക് ഉണ്ടാകാവുള്ളു. സത്യം ചെയ്യു”
അവൻ രണ്ട് കൈകളും ആ ശിരസ്സിൽ വെച്ചു
“സത്യം..നിന്നെയല്ലാതെ ഒരു പെണ്ണിനെ ഞാൻ തൊടില്ല..ജീവിതത്തിൽ ഒരിക്കലും നിന്നെ വിട്ടേച്ചു പോകുകയുമില്ല. നീ മാത്രം ആണ് സെമിത്തേരിയിൽ പോകും വരെ എന്റെ പെണ്ണ്. എന്റെ ദൈവത്തിന്റെ പേരിൽ സത്യം ചെയ്യുന്നു “
സാറ ആ കൈകൾ എടുത്തു കൈവെള്ളയിൽ മുഖം അമർത്തി
ഒരുമ്മ
പിന്നെ മുഖം ഉയർത്തി
“ഇനി മുതൽ നമ്മൾ ഒന്നാണ്. ഒറ്റ ആത്മാവ് ഒറ്റ മനസ്. ഇച്ചായൻ സംശയിക്കരുത്. വേദനിക്കരുത്. സാറ ഇച്ചായന്റെയാ “
ഒരുമ്മ കൂടി….
പിന്നെ എഴുന്നേറ്റു
“പോട്ടെ..”
അവൻ തലയാട്ടി
കയ്യിലെ ബാഗിൽ നിന്ന് റോസ് നിറത്തിലുള്ള കടലാസ് ഒരെണ്ണം അവന്റെ കയ്യിൽ കൊടുത്തു. പിന്നെ ഇറങ്ങി നടന്നു പോയി. അവൻ അത് തുറന്നു
എന്റെ ഇച്ചായന്,
കാണാൻ പറ്റിയില്ലെങ്കിലോ എന്ന് വിചാരിച്ചു എഴുതുവാ..ഞാൻ ഒത്തിരി ആലോചിച്ചു നോക്കി ദൈവത്തിനോട് ചോദിച്ചു നോക്കി..പ്രാർത്ഥിച്ചു നോക്കി.ഇച്ചായന്റെ മുഖം മറക്കാനും ശ്രമിച്ചു നോക്കി..നമ്മുടെ വ്യത്യാസങ്ങളും ഓർത്തു. ഇച്ചായന്റെ സ്വഭാവം വേറെ എന്റെ വേറെ…രീതികളും വേറെയാ.. ഇച്ചായന് വാശി കൂടുതലാ. വാശിയും ദേഷ്യവും കൂടുമ്പോ എന്തൊക്കെയാ പറയണത് എന്നും ബോധം ഇല്ല. പക്ഷെ അതെല്ലാം എന്നെ വേണ്ടിട്ടാ എന്നെനിക്ക് അറിയാം..എന്നോടുള്ള സ്നേഹം കൊണ്ടാണെന്നും അറിയാം.
ഇച്ചാ…ഞാൻ ഇച്ചായന്റെയാ…ഇച്ചായന്റെ മാത്രം….എന്നെ എന്നും ആ നെഞ്ചിൽ ചേർത്ത് പിടിച്ചൊണേ…പേടിയാ എനിക്ക്…ഇച്ചായന്റെ വീട്ടുകാരെ…പക്ഷെ… എനിക്ക് ഇച്ചായനെ ഇഷ്ടാ, ജീവനേക്കാൾ, മറ്റേന്തിനേക്കാൾ…
ഇച്ചായന്റെ സ്വന്തം..
അവൻ നനഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു
പിന്നെ അത് ഷർട്ടിന്റെ പോക്കെറ്റിൽ വെച്ചു
എന്റെ നെഞ്ചിൽ നിന്ന് നിന്നെ ആരും ഒന്നും ചെയ്യില്ല സാറ. ചാർളിയുടെ പെണ്ണിനെ തൊടാൻ ധൈര്യം ഉള്ളവനി ഭൂമിയിൽ ഇല്ല. ഉണ്ടെങ്കിൽ അവന്റെ ചാ- വും എന്റെ കൈ കൊണ്ടാ
അവൻ ജനലിലൂടെ അവൾ പഠിപ്പിക്കുന്നത് നോക്കിയിരുന്നു
തന്റെ ആകാശം…അതാണ് അവൾ
തന്റെ ഭൂമിയും അവൾ തന്നെ..
തുടരും….