പ്രണയ പർവങ്ങൾ – ഭാഗം 92, എഴുത്ത്: അമ്മു സന്തോഷ്

ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്ര. സാറ ഓരോന്നും അവന് വിശദീകരിച്ചു കൊടുത്തത് കൊണ്ട് അവനതൊന്നും പുതുമ ആയിരുന്നില്ല

“എന്ത് സംശയം വന്നാലും ചോദിക്കണം ” സാറ ആ ചെവിയിൽ പറഞ്ഞു

“രാത്രി സംശയം വന്നാലോ.?” അവൻ തിരിച്ചു ചോദിച്ചു

സാറയുടെ മുഖം നാണത്തിൽ കുതിർന്നു

“എനിക്ക് നിന്നെ കെട്ടണം. നാളെ തന്നെ”

അവന്റെ കൈകൾ അവളുടെ കൈകളിൽ കോർത്തു

“എടാ അത് പറ്റുകേല ഒരാഴ്ച എങ്കിലും മിനിമം വേണം “

ഷെല്ലി ഉറക്കെ പറഞ്ഞപ്പോഴാ താൻ പറഞ്ഞത് ഉറക്കെയായി പോയിന്ന് അവന് മനസിലായത്

“എന്തൊക്ക പരീക്ഷണം തന്നാലും സാറക്കൊച്ചിനെ ഉള്ളിൽ നിന്ന് എടുത്തു കളഞ്ഞില്ലല്ലോ തമ്പുരാൻ.. ഒന്നും രണ്ടുമല്ല നാലു മാസമാ നീ കോമയിൽ കിടന്നേ. ഞാനും അപ്പനും ഇവളും ഒഴിച്ച് ബാക്കിയെല്ലവരും ആശുപത്രിയിൽ നിന്ന് പോയി. രണ്ടു മാസമായി കഴിഞ്ഞപ്പോ എല്ലാർക്കും മനസിലായി ഇനിയൊരു തിരിച്ചു വരവ് ഇല്ലാന്ന്. അപ്പോഴും ഇവള് രാവിലെ തൊട്ട് അർദ്ധരാത്രി വരെ നിന്റെ അടുത്ത് ഇരിക്കും. ഞാനും അപ്പനും ഇടക്ക് ഒക്കെ വീട്ടിൽ പോയാലും സാറ പോകില്ല. നിനക്ക് ബോധം വരുമ്പോൾ നീ ചോദിച്ചാലോ എന്നൊക്ക പറഞ്ഞു കൊണ്ട് അവിടെ ഇരിക്കും. ഞായറാഴ്ച പള്ളിയിൽ പോകുന്ന പോലും കണ്ടിട്ടില്ല. സ്വന്തം വീട്ടിൽ പോയിട്ടില്ല. എല്ലാരും മനസ്സ് കൊണ്ട് നീ ഇനി തിരിച്ചു വരില്ല എന്ന് ഉറപ്പിച്ചു. ഇവള് മാത്രം…പിന്നെ വന്നപ്പോൾ ഓർമ്മയുമില്ല. ലോകത്തിലെത് കാമുകിയും ഇട്ടേച് പോകും ചാർലി നിന്റെ സ്വഭാവം അങ്ങനെ ആയിരുന്നു. ദൈവം ഭൂമിയിൽ ഇങ്ങനെ ചിലരിലൂടെ അവതരിക്കും..അത് നിന്റെ മനസിലുണ്ടാകണം “

ചാർലി നനഞ്ഞു പോയ കണ്ണുകൾ കൊണ്ട് അവളെ നോക്കി

“എന്താ ഇട്ടേച്ച് പോകഞ്ഞേ?” അവൻ ചെവിയിൽ ചോദിച്ചു

“സൗകര്യമില്ലാഞ്ഞിട്ട് ” അവൾ കുറുമ്പോട് കൂടി മറുപടി കൊടുത്തു

“എന്നെ അത്രക്ക് ഇഷ്ടാരുന്നോ?” അവൻ അടക്കി ചോദിച്ചു

“പോടാ “

അവൾ മുഖം പിടിച്ചു മാറ്റി നേരെയിരുന്നു. മുന്നിൽ അപ്പനും ചേട്ടനും ഉണ്ട്. അവൾ മിണ്ടാതെ എന്ന് ചുണ്ടിൽ വിരൽ വെച്ചു

“നിനക്ക് ഓർമ്മകൾ നഷ്ടം ആയിന്ന് അധികം ആർക്കും അറിയില്ല. അതങ്ങനെ മൈന്റൈൻ ചെയ്താൽ മതി. ജെറീക്കും വിജയ്ക്ക് ക്രിസ്റ്റിക്ക് ഷെറിക്ക് അവർക്കാർക്കും അറിയില്ല പറഞ്ഞിട്ടില്ല. ബെല്ലയ്ക്ക് അറിയാം. അമ്മയ്ക്കും. വേറെ ആർക്കും അറിയില്ല..ഡൌട്ട് എന്തെങ്കിലും വന്നാ ഒരു ചിരി അങ്ങ് ചിരിച്ചേക്ക്.”

അവൻ ഒന്ന് മൂളി

നിനക്ക് ശത്രുക്കൾ ഒരു പാടുണ്ട്. ഇത് അറിഞ്ഞാൽ ഒരടി അടിക്കാൻ ആഗ്രഹിക്കുന്നവർ അടിക്കും. അതാ. “

അവൻ അവളെ ഒന്ന് നോക്കി

“ഞാൻ വല്ല ഗു- ണ്ട ആയിരുന്നോടി?”

“പിന്നല്ലാതെ ച- ട്ടമ്പി ആയിരുന്നു. തെ- മ്മാടി..”

അവൻ ആ കുറുമ്പിലേക്ക് നോക്കിയിരുന്നു. പിന്നെ പെട്ടെന്ന് കവിളിൽ ഒരുമ്മ വേച്ചു

ഷെല്ലി അത് കണ്ടെങ്കിലും കാണാത്ത പോലെ ഇരുന്ന് ഡ്രൈവ് ചെയ്തു

“കല്യാണം അടുത്ത ആഴ്ച നടത്തം അപ്പ. ഇവന് ഒരു കൂട്ടില്ലാതെ പറ്റില്ല “

“ഞാനത് ആലോചിച്ചു.അങ്ങനെ ആവാം. ഇനിയൊരു മുടക്കം വരാതെ നോക്കണേ ദൈവമേ “

അയാൾ പ്രാർത്ഥിച്ചു പോയി

നാടിന്റെ അതിർത്തി കടന്നപ്പോ കണ്ടു. വലിയ ബാനറുകൾ. ഞങ്ങളുടെ രാജാവിന്..സ്വാഗതം…ചാർളി നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. റോഡ് മുഴുവൻ ഫ്ലെക്സ് കൊട്ടും മേളവും തപ്പും. കാർ തടഞ്ഞ് ജനം…

ചാർലിയും സാറയും കാറിൽ നിന്ന് ഇറങ്ങി. വൃദ്ധ ജനങ്ങൾ അവനെ വന്നു കെട്ടിപിടിച്ചു. ചാർലിക്ക് പരിഭ്രമം ഉണ്ടായിരുന്നു. അവൻ സാറയുടെ കൈകളിൽ മുറുക്കെ പിടിച്ചു. അവൾ പുഞ്ചിരിച്ചു കൊണ്ട് സാരമില്ല എന്ന് കണ്ണ് കാണിച്ചു

“ഇപ്പൊ എല്ലാം ശരിയായോ കുഞ്ഞേ?”

ഓരോരുത്തരും വന്നു തൊട്ട് നോക്കിയപ്പോ സാറ ചിരിച്ചു പോയി

“ശ്രീരാമന്റെ സീത. അതാണ് സാറ” രാമചന്ദ്രൻ നായർ സാറാണ് ആ കമെന്റ് പറഞ്ഞത്

സർ ആ ഗ്രാമത്തിലെ ഓരോരേയൊരു ബാങ്ക് ഉദ്യോഗസ്ഥനാണ്

“ആ പറഞ്ഞത് ശരിയാ കേട്ടോ. കൂടെ തന്നെ നിന്ന് ശരിയാക്കി കൊണ്ട് വന്നല്ലോ..എല്ലാ ആണുങ്ങൾക്കും കിട്ടുന്ന ഭാഗ്യം അല്ല കേട്ടോ. ഭർത്താവ് മരിച്ച ദിവസം കാമുകന്റെ കൂടെ പോയ പെണ്ണുങ്ങൾ ഉള്ള നാടാ ഇത് ” ഒരു ചെറുപ്പക്കാരൻ പറഞ്ഞു

അവിടെ നിന്ന് വീട് വരെ അവർ നടന്നു. ഒപ്പം ജനാവലിയും

സ്റ്റാൻലി അപ്പൊ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു. വരുന്നവർക്ക് മുഴുവൻ ചായയും പലഹാരങ്ങളും

ചാർലിക്ക് സന്തോഷം ആയിരുന്നു. താൻ ഇത്രയും ഒക്കെ അവരുടെ മനസ്സിൽ ഉണ്ടായിരുന്നോ. അവൻ അതൊക്ക നോക്കി നിന്നു. രാത്രി ആയി ജനങ്ങൾ പിരിഞ്ഞു പോയപ്പോ

ഒടുവിൽ തോമസും മെരിയും ശേഷിച്ചു

“എന്നാ പിന്നെ ഞങ്ങൾ അങ്ങോട്ട്..” അവർ യാത്ര ചോദിച്ചു

സാറ ചാർലിയുടെ മുഖത്ത് നോക്കി. അവൻ ഒന്ന് ഞെട്ടിയോ

“സാറ വാ മോളെ “

ചാർലി പെട്ടെന്ന് സാറയുടെ കൈ പിടിച്ചു നിർത്തി. സ്റ്റാൻലി അവനെ യൊന്നു നോക്കിയിട്ട് അവൾ പോട്ടെ എന്ന് ആംഗ്യം കാണിച്ചു. അവൻ കൈ മെല്ലെ വിട്ടു

അവൾ നടക്കാൻ ഭാവിച്ചപ്പോ വീണ്ടും ആ കൈ അവളിൽ മുറുകി

“ഞാൻ നാളെ വരാം പപ്പാ. ഇച്ചായൻ ഒന്നിങ്ങോട്ട് വന്നല്ലേ ഉള്ള്. എന്റെ ഡ്രെസ്സും ഏതൊക്കെയോ ബാഗിൽ ആണ്. രാവിലെ അങ്ങ് വന്നേക്കാം “

എതിർത്തു പറയാൻ തോന്നിയില്ല തോമസിന്. അവർ യാത്ര പറഞ്ഞു പോയി

“വാ മോനെ ” ഷേർലി വിളിച്ചു

അവൻ വീടിനെ നോക്കി. അവൾ പറഞ്ഞു കൊടുത്ത വീട്. അതെ മുറ്റം. മുറ്റത്തെ റോസാ ചെടികൾ, ഔട്ട്‌ ഹൗസ്

ദൂരെ സ്കൂൾ

“വന്നേ ” സാറ അകത്തേക്ക് നടന്നു

“സിന്ധു ചേച്ചി. ഞാൻ പറഞ്ഞിട്ടില്ലേ?”

സിന്ധു അടുത്തേക്ക് വന്നപ്പോൾ അവൾ കാതിൽ പിറുപിറുത്തു

“സുഖമാണോ മോനെ?”

“അതെ “

“കുറെ തീ തിന്നു. ഒന്ന് രണ്ടു തവണ ആശുപത്രിയിൽ വന്നു. ഉറക്കം ആയിരുന്നു “

“ഇപ്പൊ കുഴപ്പമില്ല ചേച്ചി ” അവൻ ശാന്തമായി പറഞ്ഞു

അവർക്ക് ആശ്വാസം ആയി. അങ്ങനെ നേരം കടന്ന് പോയി

രാത്രി ആയി

“മുകളിൽ ആണ് മുറി നേരെ വിട്ടോ ” അവൾ മെല്ലെ പറഞ്ഞു

അവൻ കോണിപ്പടി എവിടെ എന്നാണ് നോക്കിയത്. ബെല്ലയും ജെറിയും വന്നിട്ടുണ്ടായിരുന്നു

“നീ കൂടി വാ ” അവൻ പെട്ടെന്ന് പറഞ്ഞു

“അതിനെന്തിനാ സാറ? നീ പോയി കുളിച്ചു വേഷം മാറി വാ ചെറുക്കാ “

ജെറി പറഞ്ഞു

അവന്റെ മുഖം ഇരുണ്ടു

“അത് പറയാൻ നീ ആരാ?” അവന്റെ ശബ്ദം ഉയർന്നു പോയി

ജെറി നടുങ്ങി നിന്നു പോയി

സാറ ഓടി ചെന്ന കൈ പിടിച്ചു.

“എന്താ ഇച്ചാ..വന്നേ..മുറിയിൽ പോകാം”

അവൾ അവനെയും കൂട്ടി മുറിയിൽ പോയി

“എന്റെ കർത്താവെ അവൻ ചോദിച്ചത് കേട്ടോ ചേച്ചി. ഇന്ന് വരെ ചേച്ചി എന്നല്ലാതെ എന്നെ അവൻ മറ്റൊരു പേര് വിളിച്ചിട്ടില്ല. അവൻ ഇത്രയും ദേഷ്യം വരാൻ ഞാനിപ്പോ എന്നാ ചെയ്തു?”

ജെറി താടിക്ക് കൈ കൊടുത്തു

ബെല്ലയും അത് ആലോചിച്ചു. ചാർലി മാറി. തന്നെ നോക്കി ഒന്ന് ചിരിച്ചു അത്ര തന്നെ. ബെല്ല മോളെ അത് കൂടിയില്ല. അവൾ അവനെ നോക്കികൊണ്ട് നിന്നിട്ട് അവൻ നോക്കാതെ വന്നപ്പോൾ പിണങ്ങി മുറിയിൽ പോയി

“പെണ്ണിന്റെ ശക്തി…അവളാ അവനെ ഇങ്ങനെ ” ജെറി ബെല്ലയോട് പറഞ്ഞു

“എന്റെ പൊന്ന് ജെറി മിണ്ടാതെ നിൽക്ക്. ഇച്ചായൻ കേൾക്കണ്ട അത് മതി “

ബെല്ല തിരിഞ്ഞു അടുക്കളയിലേക്ക് പോയി

“എന്റെ ഇച്ചായൻ എന്തിനാ ദേഷ്യപ്പെട്ടു അങ്ങനെ പറഞ്ഞത് ചേച്ചിയുടെ അടുത്ത്. അവർക്ക് വിഷമം വരില്ലേ?”

അവൾ ഒരു ത്രീഫോർത്തും ടി ഷർട്ടും പെട്ടിയിൽ നിന്ന് എടുത്തു വേച്ചു

“നിന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട. അത് എനിക്കു ഇഷ്ടമല്ല. ഞാനും റിയാക്ട് ചെയ്യും. ഇത്രയും നാളുകൾ അവർ എവിടെ ആയിരുന്നു. ഒരു ദിവസം ആശുപത്രിയിൽ വന്നു ഞാനവരെ കണ്ടിട്ടില്ല. ആരും എന്റെ കാര്യത്തിൽ കൺസെൺ ആവണ്ട “

അവന്റെ മുഖം ചുവന്നു

“ശരി ശരി സമ്മതിച്ചു. പോയി കുളിച്ചേ “

“നീ കുളിക്കുന്നില്ലേ?”

“ഇച്ചായൻ കുളിക്ക് എന്നിട്ട് ഞാൻ കുളിക്കാം “

“ഒന്നിച്വ് കുളിക്കാടി വാ “

“ഒന്ന് പോയെ.. പോയി കുളിച്ചു വാ “

“നീയും വാ”

“ദേ എനിക്ക് ക്രിഞ്ച് അടിക്കുന്നെ പോയെ “

“ശോ അങ്ങനെ പറയല്ലേ. ” അവൻ അവളെ തൂക്കിയെടുത്തു കൊണ്ട് ബാത്‌റൂമിൽ പോയി

ജലതുള്ളികൾ ഉടലിനെ നനച്ചു കൊണ്ട് ഒഴുകുമ്പോൾ സാറ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു

“സാറ?” അവൻ ആ മുഖം കയ്യിൽ എടുത്തു

“I love you sara ” സാറ അവനെ കെട്ടിപ്പുണർന്നു

ഒരിക്കൽ പോലും ഇതിനു മുമ്പ് ചാർളി ആ വാചകം പറഞ്ഞിട്ടില്ല

“ഒന്നിച്ച് നനഞ്ഞ ജലം സാക്ഷി. ഈ പൗർണമി രാത്രി സാക്ഷി. ഈ നിലാവ് സാക്ഷി. സാറ ഞാൻ നിന്നെ പ്രണയിക്കുന്നു “

അവൻ മന്ത്രിച്ചു

തുടരും….