ധ്വനി, അധ്യായം 40 – എഴുത്ത്: അമ്മു സന്തോഷ്

രാജഗോപാൽ ഉണർന്നു. പിറന്നാൾ ആണ്. അയാൾ കിടക്കയിൽ നോക്കി. വിമല എഴുന്നേറ്റു പോയിരിക്കുന്നു. അമ്മ ഉള്ളപ്പോൾ മാത്രമേ പിറന്നാൾ ആഘോഷിച്ചിട്ടുള്ളു

“മോനെ ക്ഷേത്രത്തിൽ പോയി വരൂ.. ദേ പുതിയ ട്രൗസറും ഷർട്ടുമാ, എന്റെ കുട്ടൻ ഇത് ഇട്ടേ നോക്കട്ടെ അമ്മ. പിന്നെ ആവേശമാണ് പുത്തൻ ഉടുപ്പ് ട്രൗസർ. ഒക്കെ ഇട്ടു നിൽക്കുമ്പോൾ അമ്മ വന്നു കെട്ടിപിടിച്ചു ഒരു ഉമ്മയുണ്ട്. എന്റെ സുന്ദരൻ കുഞ്ഞേ…പിന്നെ മുടിയൊക്കെ ചീകി കുട്ടിക്കൂറാ പൌഡർ ഇടിച്ച് അമ്പലത്തിലേക്ക്….അച്ഛനുമുണ്ടാകും കൂടെ…

വഴിയിൽ കാണുന്ന സർവരോടും പറയും എന്റെ കുട്ടിയുടെ പിറന്നാൾ ആണ്. അമ്പലത്തിൽ സ്പെഷ്യൽ പുഷ്പാഞ്ജലി. പിന്നെ വീട്ടിൽ വരുമ്പോൾ ഇഡലിയും സാമ്പാറും നല്ല ഫിൽറ്റർ കാപ്പിയും

ഉച്ചക്ക് ഇല ഇട്ട് സദ്യ,പായസം. അമ്മ പോയതോടെ പിറന്നാൾ ഇല്ലാതായി

ഓർക്കുക പോലും ഇല്ല. വിവാഹം കഴിഞ്ഞപ്പോ ആദ്യമൊക്കെ വിമല ഓർമിപ്പിക്കും

ഒന്നും വേണ്ട. അന്ന് ഹോസ്പിറ്റലിൽ നിന്ന് പോലും വരില്ല. അമ്മയുടെ ഓർമ്മകളിൽ മുഴുകുന്ന ഒരു ദിവസം ആണത്

അമ്മയില്ലാതെ എന്ത് പിറന്നാൾ?

അയാൾ എഴുന്നേറ്റു കുളിച്ചു ഫ്രഷ് ആയി വാതിൽ തുറന്നു

വാതിൽക്കൽ എല്ലാവരും…

മുന്നിൽ ശ്രീ….

“ജന്മദിനാശംസകൾ അച്ഛാ “

കയ്യിൽ പുതിയ ഷർട്ട്‌ പുതിയ മുണ്ട്

വിമല വിവേക് മീര എല്ലാവരുടെയും കയ്യിൽ സമ്മാനങ്ങൾ. ഓരോന്നായി തന്നു. ശ്രീക്കുട്ടി അയാളുടെ കവിളിൽ ഉമ്മ വെച്ചു. ഓരോരുത്തരും ഓരോ ഉമ്മ

“അച്ഛൻ ഇത് ഉടുത്തിട്ട് വരൂ നമുക്ക് അമ്പലത്തിൽ പോകാം. എല്ലാവരും റെഡിയാണ് “

അയാൾക്ക് ഒരു അക്ഷരം പോലും ശബ്ദിക്കാൻ ആയില്ല. ഹൃദയത്തിൽ ആനന്ദം നിറഞ്ഞു. അയാൾ വാതിലടച്ച് വസ്ത്രങ്ങൾ മാറി

മറൂൺ ഷർട്ടും കസവു മുണ്ടും. കണ്ണാടിയിൽ കണ്ട രൂപത്തിന് ഏറെ ചെറുപ്പം. അച്ഛൻ ഇറങ്ങി വന്നപ്പോ ചന്തു അതിശയിച്ചു പോയി

അവൻ മീരയെ നോക്കി

wow എന്ന് അവൾ അറിയാതെ ശബ്ദം ഉണ്ടാക്കി. വിമല ഇമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു

പഴയ രാജേട്ടൻ

“പോകാം ” അയാൾ ചന്തുവിനെ നോക്കി

ആറ്റുകാൽ ക്ഷേത്രത്തിൽ പ്രത്യേക പുഷ്പാഞ്ജലി കഴിച്ചു എല്ലാവരുടെയും പേരില്. ദേവിക്ക് കടും പായസവും നടത്തി

ചന്തു ശ്രീയെയും കൊണ്ട് കുറച്ചു മാറി നിന്നു തൊഴുതു

“ഇവിടെ വെച്ചു മതി കല്യാണം ” അവൾ അവനോട് പറഞ്ഞു

അവൻ ഒന്ന് മൂളി. പിന്നെ കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. അവൾ നാരങ്ങ വിളക്ക് കത്തിക്കുന്നത് മൊബൈലിൽ എടുത്തു ചന്തു

പിന്നെ അച്ഛനും അമ്മയും മീരയും വരാൻ കാത്തു നിന്നു

“ഇവിടെ ആദ്യായിട്ടാണോ വരുന്നത്?”

ചന്തു ഒന്ന് മൂളി

“അപ്പൊ എന്റെ ഒപ്പം ആണ് ആദ്യായിട്ട് പദ്മനാഭ സ്വാമി ഷേത്രത്തിലും ഇവിടെയും വന്നത് അല്ലെ?”

“നിന്റെയൊപ്പമാണ് എല്ലാം. ആദ്യമായിട്ടുള്ള എല്ലാം.”

ശ്രീയുടെ മുഖം ചുവന്നു തുടുത്തു

“അയ്യേ.. ഇത് അമ്പലമാണ് കേട്ടോ “

“ദേവിക്ക് മനസിലാകും. ഇന്നലെ ഞാൻ ഉറങ്ങിയില്ല അറിയാമോ?”

“ഞാൻ ഉറങ്ങി. എന്ത് രസാരുന്നു മീരേച്ചിയേ കെട്ടിപിടിച്ചു കിടന്നു “

“വെടിമരുന്നിനു തീ കൊളുത്തിയിട്ട് പോയി ഉറങ്ങി പോലും. രാ- ക്ഷസി “

“ഓഹോ ഈ മലയാളം ഒക്കെ കൃത്യമായി അറിയാമോ?”

“അത് കാർത്തി മീരയെ വിളിക്കുന്നതാ “

അവൻ ചിരിച്ചു

“അത് പറഞ്ഞപ്പോഴാ കാർത്തി ചേട്ടനെ ഇന്നലെ ചേച്ചി എനിക്ക് പരിചയപ്പെടുത്തി. വീഡിയോയിൽ വന്നു. നല്ല ചേട്ടനാ നല്ല കോമഡി “

“അവൻ മെഡിക്കൽ കോളേജിൽ സ്റ്റാറായിരുന്നു. ഒരു കുഞ്ഞ് കോ- ഴി ആയിരുന്നു. പക്ഷെ ഉപദ്രവ കാരിയല്ല. പെൺപിള്ളേരെ കാണുമ്പോൾ ഒരു സന്തോഷം അത്രേയുള്ളൂ “അവൾ ചിരിച്ചു പോയി

അവർ നടന്നു വരുന്നത് കണ്ട് ശ്രീ പെട്ടെന്ന് അത് വീഡിയോയിൽ പകർത്തി

കുറേ ഫോട്ടോകൾ എടുത്തു.p തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ രാജഗോപാൽ ശ്രീയെ ശ്രദ്ധിച്ചു

വിമലയോട് സംസാരിക്കുകയാണ്. കടുക് വറുക്കുന്ന പോലെയാണ് വർത്താനം. ഇടക്ക് ചിരികൾ. തമാശ

വീട്ടിൽ ചെന്നു

“അച്ഛാ കഴിക്കാം വായോ ” ശ്രീ ചെന്നു വിളിച്ചു

“ആവി പറക്കുന്ന സാമ്പാറും ഇഡ്ഡലിയും….

അയാൾ അതിശയത്തിൽ അത് നോക്കി നിന്നു

“പിറന്നാൾ കുട്ടി ഇന്ന് ഡയറ്റ് ഒന്നും ചെയ്യരുത്. ഇവിടെ ഇന്ന് പഴങ്ങൾ, പച്ചക്കറികൾ ഇറച്ചി മുട്ട ഒന്നുമില്ല. ഇത് മാത്രം “

അവൾ അയാളുടെ കൈ പിടിച്ചു കസേരയിൽ ഇരുത്തി

എല്ലാവരും ഇരുന്നു

“മോളുണ്ടാക്കിയതാ പുലർച്ചെ എഴുന്നേറ്റിട്ട്. മീര ഹെല്പ് ചെയ്തു അല്ലേടി?”

“എനിക്ക് അറിയില്ല സാമ്പാർ ഉണ്ടാക്കാൻ. ഇവള് കുക്കിംഗ്‌ ക്വീൻ ആണ്. എന്തൊരു സ്പീടാ “

“ഒത്തിരി പൊക്കിപ്പറയരുത്. പിന്നെ ഞാൻ ഞാൻ സ്ഥിരമായി അടുക്കളയിൽ ആയി പോകും
ചന്തുവേട്ടനെ എനിക്ക് തീരെ വിശ്വാസം ഇല്ല “

എല്ലാരും പൊട്ടിചിരിച്ചു പോയി

“അച്ഛാ കോഫീയാ ഉണ്ടാക്കിയത്. ഇഡലിക്ക് കോഫീയാ മാച്ച് ഫിൽറ്റർ കോഫീ “

അവൾ അത് ഒഴിച്ചു കൊടുത്തു

അയാളുടെ കണ്ണുകൾ നിറഞ്ഞു

അയാൾ കുനിഞ്ഞിരുന്നു ഇഡലി സാമ്പാറിൽ മുക്കി വായിൽ വെച്ചു

അമ്മ….അമ്മ ഉണ്ടാക്കിയതാണോ ഇത്

“ഇത് ശരിക്കും മോളുണ്ടാക്കിയതാണോ?”

അയാൾ ചോദിച്ചു പോയി

“അതേ അച്ഛാ…നന്നായോ?”

“എന്റെ അമ്മയുടെ പാചകം തന്നെ. അതേ രുചി മണം…എന്റെ അമ്മ ഉണ്ടാക്കുന്ന പോലെ “

അയാളുടെ ശബ്ദം ഒന്ന് ഇടറി. എല്ലാവരും വല്ലാതായി

ആദ്യമാണ് ആ ശബ്ദം ഇടറി കേട്ടത്. ഭക്ഷണം കഴിഞ്ഞു പോകുമ്പോൾ അയാൾ ശ്രീയുടെ ശിരസ്സിൽ ഒരുമ്മ കൊടുത്തു

ശ്രീ പുഞ്ചിരിച്ചു കൊണ്ട് അയാളെ നോക്കി

“മോള് നന്നായി കഴിച്ചിട്ട് എഴുനേറ്റാൽ മതി. കഴിക്ക് “

അവൾ തലയാട്ടി

അയാൾ മുറിയിലേക്ക് പോയി

“ശൊ അച്ഛൻ ഇമോഷണൽ ആയി. എന്ത് മാജിക്കാ ശ്രീ?”

മീര ചോദിച്ചു പോയി

ചന്തു അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു
നെഞ്ചിലേക്ക് ചേർത്ത് പിടിക്കാൻ ഉള്ള ഒരു വെമ്പലിനെ അവൻ പാട് പെട്ട് നിയന്തിച്ചു. വിമലയും അവൾക്ക് ഒരുമ്മ കൊടുത്തു

ക്‌ളീൻ ചെയ്യാനായി പാത്രങ്ങൾ സെർവന്റിനെ ഏല്പിച്ചവർ മുൻവശത്തെ ഹാളിൽ വന്നു

“അച്ഛാ ഒരു ചടങ്ങുണ്ട് വന്നേ “

വിവേക് അച്ഛനെ വിളിച്ചു ഹാളിൽ എത്തിച്ചു

മേശയിൽ കേക്ക്

പൊട്ടുന്ന ബലൂണുകൾ…ഹാപ്പി ബര്ത്ഡേ ടു യു..

അയാൾ കേക്ക് മുറിച്ചു

“ഇത് മുഴുവന്റെയും ക്രെഡിറ്റ്‌ ഇവൾക്കാ അച്ഛാ. ഇത് മുഴുവൻ പ്ലാൻ ചെയ്തത് ഇവളാണ് “

മീര പറഞ്ഞു

“താങ്ക്യൂ ശ്രീക്കുട്ടി “

ആദ്യമായാണ് അയാൾ പേര് വിളിച്ചത്

ശ്രീ പുഞ്ചിരിച്ചു

“മോൾക്ക് എന്ത് വേണം. എന്ത് ചോദിച്ചാലും ഇന്ന് അച്ഛൻ തരും”

അദ്ദേഹം അവളുടെ തോളിൽ കൈ വെച്ചു. അവൾ ചന്തുവിനെ നോക്കി

“ചോദിച്ചോ ” അവൻ കണ്ണ് കാണിച്ചു

“ഇന്ന് സെക്കന്റ്‌ ഷോക്ക് പോകാം സിനിമക്ക് “

എല്ലാവരും പൊട്ടി ചിരിച്ചുപോയി

“അച്ഛന് ഞാൻ ഒരു സൂത്രം വാങ്ങി തരാം ” അവൾ വീണ്ടും പറഞ്ഞു

“അതെന്താ പകല് കിട്ടില്ലേ?”

“ഇല്ല. രാത്രി പോകണം. എന്നാലേ രസമുള്ളൂ “

“പൊയ്ക്കളയാം..അല്ലെ വിമല? ശ്രീക്കുട്ടി പറയുന്ന ആ രസം ഒന്ന് അറിഞ്ഞു കളയാം. ഓക്കേ agreed “

അവൾക്ക് സന്തോഷം ആയി

“എനിക്ക് ഓഫീസിൽ പോകണം അച്ഛാ.. ഞാൻ റെഡി ആവട്ടെ”

ചന്തു മുറിയിലേക്ക് പോയി. മീരയും വിമലയും ശ്രീയും അടുക്കളയിലേക്ക്. ശ്രീ ഇടയ്ക്ക് ചന്തുവിന്റെ മുറിയിലേക്ക് പാറി നോക്കുന്നത് വിമല കാണുന്നുണ്ടായിരുന്നു

“ഇത് അവന് കൊടുത്തിട്ട് വാ “

അവർ ഒരു ഗ്ലാസ്‌ വെള്ളം അവളുടെ കയ്യിൽ കൊടുത്തു. അവൾക്ക് ആശ്വാസം തോന്നി. പോകും മുന്നേ ഒന്ന് ഒറ്റയ്ക്ക് കാണാൻ കൊതി തോന്നുന്നുണ്ടായിരുന്നു. അമ്മയ്ക്ക് മനസ്സ് കൊണ്ട് ആയിരം സ്തുതി പറഞ്ഞു പോയി അവൾ “ദാ വെള്ളം അമ്മ തന്നതാ “

അവനത് വാങ്ങി കുടിച്ചു. പിന്നെ കൈ നീട്ടി അവളെ വലിച്ച് അടുപ്പിച്ചു

“പോയിട്ട് എപ്പോഴാ വരിക”

“ഉച്ചക്ക്..” അവൻ ആ മുഖം കയ്യിൽ എടുത്തു. നേർത്ത സങ്കടം ഉണ്ട് കണ്ണിൽ

“പോകാൻ ഇഷ്ടം ഉണ്ടായിട്ടല്ല. മീറ്റിംഗ് ഉണ്ട്. അത് കഴിഞ്ഞു ഉടനെ വരും “

അവൻ ആ കൺപോളയിൽ മെല്ലെ ഉമ്മ വെച്ചു. പിന്നെ രണ്ടു കവിളിലും. അവൾ സ്വയമറിയാതെ ആ നെഞ്ചോടോട്ടി. കൈകൾ കഴുത്തിൽ ചുറ്റി പറ്റിച്ചേർന്നു

“ഇപ്പൊ കാണാതിരിക്കാൻ വയ്യ ചന്തുവേട്ടാ. സങ്കടം വരും “

അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. പിന്നെ ആ കഴുത്തിൽ അമർത്തി ചുംബിച്ചു

“വേഗം വരാം ” അവൻ മൊബൈൽ എടുത്തു പിന്നെ കീയും

“തിരിച്ചു വരുമ്പോൾ വീട്ടിൽ ഒന്ന് കേറുമോ? എന്റെ ഡ്രസ്സ്‌ എടുത്തു വെയ്ക്കാൻ അമ്മയോട് പറയാം. ഒന്ന് വാങ്ങി വരാമോ?”

“പിന്നെന്താ? പോയിട്ട് വരാം “

അവൻ കുനിഞ്ഞു ഒരുമ്മ കൂടി കൊടുത്തവളെ സ്വതന്ത്രയാക്കി. അവൻ പോകുമ്പോൾ ഹൃദയം നഷ്ടം ആയവളെ പോലെ വാതിലിൽ പിടിച്ചവൾ നോക്കി നിന്നു

രാജഗോപാൽ വിമലയെ ഒന്ന് നോക്കി കണ്ടോ എന്നാ ഭാവത്തിൽ…

കാർ അകന്ന് പോയിട്ടും കുറച്ചു സമയം കൂടി അവൾ അവിടെ നിന്നു പിന്നെ മെല്ലെ നടന്നകത്തേക്ക് പോയി

“ഈ കുട്ടിയെയാണ് ഞാൻ വേണ്ട എന്ന് വെയ്ക്കാൻ ശ്രമിച്ചത് അല്ലെ വിമല? അങ്ങനെ ചെയ്ത് പോയിരുന്നെങ്കിൽ നമ്മുടെ ഫാമിലിക്ക് എത്ര ലോസ് ആയേനെ?”

വിമല മറുപടി പറയാതെ ആ കൈ പിടിച്ചു. സത്യത്തിൽ അവരിങ്ങനെ ഒരു പെൺകുട്ടിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല. അത്രമേൽ ശുദ്ധയായ നിഷ്കളങ്കയായ എന്നാൽ അതിബുദ്ധിമതിയായ
ഒരു പെൺകുട്ടി

മീറ്റിംഗ് കഴിഞ്ഞപ്പോൾ പന്ത്രണ്ട് മണിയായി. അവൻ തിരികെ വരും വഴി ദ്വാരകയിൽ ചെന്നു. വീണ മുറ്റത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു

“അപ്പോൾ ഇന്നുമില്ല കക്ഷി ഇങ്ങോട്ട് ” അവർ ചിരിയോടെ ചോദിച്ചു

“നാളെ തീർച്ചയായുംവരും “

അവനും ചിരിച്ചു

“ഇത്തിത്തിരി കടുമാങ്ങയാണ്. മാങ്ങാ ഇവിടെ നമ്മുടെ വളപ്പിൽ ഉള്ളതാ. പിന്നെ കുറച്ചു മാമ്പഴം
അച്ഛന് കൊടുക്കണം കേട്ടോ. പിറന്നാൾ മധുരം. പായസം ഉണ്ടാക്കാൻ തീരുമാനിച്ചതാ. പക്ഷെ ശ്രീക്കുട്ടി ഉണ്ടാക്കുന്നതിന്റെ വെട്ടത്തു വരില്ല എന്റെ പായസം. പിന്നെ എന്തിനാ വെറുതെ നാണം കെടുന്നത് “

ചന്തു പൊട്ടിച്ചിരിച്ചു പോയി

“ഇറങ്ങട്ടെ അമ്മേ “

“ശരി ” അവൻ കാറിൽ കയറി. പോകുന്നത് നോക്കി അവർ നിന്നു

വീട്ടിൽ ചെല്ലുമ്പോൾ ഇല വെച്ചു കഴിഞ്ഞു

“കൈ കഴുകി വന്നോളൂ വിവേക്. നല്ല വിശപ്പുണ്ട് വേഗം വന്നോളൂ.”

അച്ഛന്റെ ധൃതി കണ്ട് അവന് ചിരി പൊട്ടി. അവൻ വേഷം മാറി  വന്നു

തൂശനിലയിൽ അവിയലും പച്ചടിയും തോരനും ഓലനും ഒക്കെ നിരന്നു

“ദാ ഇത് കൂടി വിളമ്പിക്കോ അമ്മ തന്ന അച്ചാർ “

“മാങ്ങയാണോ my favourite ആണ് “

അദ്ദേഹം അല്പം എടുത്തു നാവിൽ വെച്ചു ഗംഭീരം എന്ന് തല കുലുക്കി. എല്ലാവർക്കും വിളമ്പിയത് ശ്രീയും മീരയും ചേർന്നാണ്

“അച്ഛനും അമ്മയും കഴിക്ക് ഞങ്ങളടുത്ത ട്രിപ്പിൽ ഇരിക്കാം വിളമ്പാൻ ആള് വേണ്ടേ?” അവൻ ശ്രീയെ ഒന്ന് നോക്കിട്ട് പിന്നെ ഇരിക്കാമെന്ന് കണ്ണ് കാണിച്ചു

“എന്നാ പിന്നെ ഞാൻ കൂടി ഇരിക്കുവാ വിശന്നിട്ടു വയ്യാ. നിങ്ങൾ വിളമ്പിക്കോ ” മീര കൂടി ഇരുന്നു

പരിപ്പ്, സാമ്പാർ, പുളിശേരി…അത് കഴിഞ്ഞു ഒരു സാധനം നിരന്നു

“ഇതെന്തു സാധനം? “

“ഇതാണ് തിരുവനന്തപുരം കാരുടെ സ്വകാര്യ അഹങ്കാരമായ ബോളി. ഇത് ഞാൻ ഉണ്ടാക്കിയതല്ല ചന്തുവേട്ടനെ കൊണ്ട് വാങ്ങിപ്പിച്ചതാണ്. ഇതിന്റെ മുകളിൽ പാല്പായസം ഒഴിച്ച് കുതിർത്ത് ഒന്ന് കഴിച്ചു നോക്കിക്കേ. പായസം എന്റെ വകയാ ട്ടോ “

“ഡെലിഷ്യസ്…really delicious… superb “

എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു

“സത്യത്തിൽ നിങ്ങളൊന്നും രുചി ഉള്ള ഒരു വസ്തു കഴിച്ചിട്ടില്ലല്ലേ കഷ്ടം!”

അവൾ താടിക്ക് കൈ കൊടുത്തു
എല്ലാവരും പൊട്ടിച്ചിരിച്ചു

“വെറുതെ പത്തു നാല്പത് വർഷം ജീവിക്കുക..ഒന്നും തിന്നാൻഡ്..ദൈവം ചോദിക്കും കേട്ടോ മഹാപാപം “

ചിരിച്ചു വിമലയുടെ കണ്ണിൽ നിന്ന് വെള്ളം വന്നു

“മതി ഭക്ഷണം കുടുങ്ങി കുഴപ്പം ഉണ്ടാക്കേണ്ട. കഴിക്ക് വയറ് നിറച്ചു കഴിക്ക് “

അവൾ കൈ മാറിൽ കെട്ടി അത് നോക്കി നിന്നു. ഓരോരുത്തരുടെയും ഇലയിൽ തീരുമ്പോൾ അത് വിളമ്പി കൊടുത്തു. ഒടുവിൽ എല്ലാവർക്കും തൃപ്തിയായി കണ്ടപ്പോൾ അവൾ സന്തോഷത്തോടെ അവനൊപ്പം കഴിക്കാൻ ഇരുന്നു

എല്ലാവരും പോയിന്നു കണ്ടപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു

“നമുക്ക് ഒറ്റ ഇല മതി “

“ഞാൻ വിളമ്പി തരാം “

മീര അങ്ങോട്ട് വന്നു

“നി ഒന്ന് പോയി തരുമോ പ്ലീസ് “

“ശെടാ സഹായിക്കാൻ വന്നപ്പോൾ എന്റെ നേരേ ചാടുന്നു. ഞാൻ പോണ് “

“ആ പൊ “

അവൻ അവളെ പിടിച്ചു അരികിൽ ഇരുത്തി

“ഇന്ന് എന്റെ കുട്ടിക്ക് ഞാൻ വാരി തരാം. ഈ ജോലിയൊക്കെ ചെയ്തു ക്ഷീണിച്ചു പോയില്ലേ?”

അവൾ ആ ചുമലിലേക്ക് ചാരി
അവൻ കൊടുക്കുന്ന ഓരോ ഉരുളയും അമൃത് പോലെ കഴിച്ചിറക്കി. ഒടുവിൽ അവൻ കൊടുത്ത തേനുമ്മയും

രാജഗോപാൽ കതകിൽ മുട്ടുന്ന കേട്ട് വന്നു വാതിൽ തുറന്നു

“ശ്രീ “

“എന്താ മോളെ?”

“സർവന്റ് പോകാൻ നിൽക്കുന്നു.”

“പൊയ്ക്കോട്ടെ “

“അതല്ല അച്ഛാ. ഇന്ന് അച്ഛന്റെ പിറന്നാൾ അല്ലെ? അവർക്ക് അച്ഛന്റെ കൈ കൊണ്ട് കുറച്ചു പണം കൊടുക്കു. അത് ഐശ്വര്യമാണ് ” അയാൾ തറഞ്ഞ് നിന്നു പോയി

“മോനെ ഇന്ന് മോന്റെ കൈ കൊണ്ട് ഭിഷക്കാർക്ക് കൊടുത്തോളു ട്ടോ. അവരുടെ പ്രാർത്ഥന എന്റെ കുട്ടിക്ക് ഉണ്ടാവും “

അയാൾ പെട്ടെന്ന് തിരിഞ്ഞു പേഴ്സിൽ നിന്നു ഒരു പീടി നോട്ടുകൾ എടുത്തു

സർവന്റ് കയ്യിൽ കിട്ടിയ നോട്ടുകളിലേക്ക് നോക്കിയിട്ട് കൈ കൂപ്പി. അവരുടെ കണ്ണുകൾ നിറഞ്ഞോഴുകി. അവർ വാതിൽ കടന്നു പോയപ്പോൾ രാജഗോപാൽ ശ്രീയേ തന്നോട് ചേർത്ത് പിടിച്ചു

പിന്നെ ആ മുഖത്തു നോക്കി

“you are a blessing “

ശ്രീ മെല്ലെ ഒന്ന് ചിരിച്ചു

അത് കണ്ട് നിന്ന ചന്തുവിന്റെ മനസ്സ് നിറഞ്ഞു. കണ്ണും….

തുടരും….