ധ്രുവം, അധ്യായം 49 – എഴുത്ത്: അമ്മു സന്തോഷ്

മനു ഷോപ്പ് അടച്ചു വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു”എടാ മനു “

ഒരു വിളിയൊച്ച.

നന്ദു. സഹപാഠി ആയിരുന്നു. ഇപ്പൊ വിദേശത്ത് ജോലിയാണ്

“നീ ദുബായ് നിന്ന് എപ്പോ വന്നു?” മനു ചോദിച്ചു

“വന്നിട്ട് രണ്ടാഴ്ച ആയി. നിന്റെ നമ്പർ മാറിയോ?”

“ഇടക്ക് അത് പോയെടാ. നിന്റെ നമ്പർ ഒക്കെ പോയി ” മനു പറഞ്ഞു

“ആണോ? എന്റെ കല്യാണം ഫിക്സ് ചെയ്ത് “

“ആഹാ അടിപൊളി “

“നീ വാടാ കടയിലോട്ട് ഇരിക്കാം “

അവൻ വീണ്ടും ഷോപ്പ് തുറന്നു അവന് കസേര ഇട്ട് കൊടുത്തു

“വിശദമായി പറ. എവിടുന്ന പെണ്ണ്?”

“പെൺകുട്ടി നേഴ്സ് ആണ്. പേര് നിത്യ. മാധവം മെഡിക്കൽ കോളേജിൽ വർക്ക്‌ ചെയ്യുവാ. ഇൻസ്റ്റാഗ്രാം വഴി കിട്ടിയതാ “

അവൻ ഒന്ന് ചിരിച്ചു

“പ്രേമം?”

“അതെന്ന്..രണ്ടു വർഷം ആയി. ഞാൻ രണ്ടു വർഷം ആയി നാട്ടിൽ വന്നിട്ടും. ഇനി അവളെ അങ്ങ് കൊണ്ട് പോകണം. ഏറ്റവും വലിയ കഷ്ടം എന്താ എന്ന് വെച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടത്തില്ല. മൂന്ന് വർഷത്തെ ബോണ്ട്‌ ഉണ്ട്. അത് കംപ്ലീറ്റ് ആയില്ല. സാരമില്ല. “

മനു ഒന്ന് മൂളി

“അതേയ് കൃഷ്ണയേ ഞാൻ ഒരു ദിവസം ടൗണിൽ വെച്ചു കണ്ട് കേട്ടോ. ഹോട്ടലിൽ വെച്ച. കൂടെ മാധവത്തിന്റെ ചെയർമാൻ ഉണ്ടായിരുന്നു.”

മനുവിന്റെ നെഞ്ചിൽ ഒരിടി മുഴങ്ങി

“ഭക്ഷണം കഴിക്കുകയായിരുന്നു. അത് കൊണ്ട് ഞാൻ ചെന്ന് മിണ്ടിയില്ല. പിന്നെ എനിക്ക് അയാളെ അറിയില്ല. നിത്യക്ക് അറിയാം. അവളാ പറഞ്ഞത്. അവർ തമ്മിൽ റിലേഷൻ ആണ് അല്ലെ”

“ഹേയ് ഫ്രണ്ട്സ് ആണ്. അവൾ അവിടെ വർക്ക്‌ ചെയ്യുന്നുണ്ട്. പാർട്ട്‌ ടൈമായിട്ട്. അത്രേ ഉള്ളു,

“അല്ലടാ. അവർ തമ്മിൽ ഇഷ്ടത്തിലാ. കൃഷ്ണ എനിക്ക് എന്റെ പെങ്ങളെ പോലെ തന്നെയാ..അത് കൊണ്ടാ വന്ന് പറഞ്ഞത്. അർജുൻ അത്രേ നല്ലയാളൊന്നുമല്ല. അയാൾക്ക് മെന്റൽ പ്രോബ്ലം ഉണ്ട് “

“ങ്ങേ?” അവൻ ഞെട്ടിപ്പോയി

“ഉണ്ട് വന്നിട്ടുണ്ട്. പിന്നെ ആള് ക്രി- മിനൽ ആണെടാ.  ടൗണിൽ വെച്ചു പബ്ലിക് ആയിട്ട് ഒരുത്തനെ അറ്റാക് ചെയ്തിട്ടുണ്ട്. കൊട്ടേഷൻ ഒക്കെ ഉള്ള ടീമാ…കാണാൻ സുന്ദരക്കുട്ടൻ ഒക്കെ തന്നെ. പക്ഷെ നമ്മുടെ കൃഷ്ണയ്ക്ക് വേണ്ടെടാ “

മനുവിന്റെ മുഖം വിളറി

“നീ ഉടനെ എടുത്തു ചാടി ചോദിച്ചു കുഴപ്പം ഉണ്ടാക്കരുത്. അവൾ ചിലപ്പോൾ ഇറങ്ങി അങ്ങ് പോകും. നിത്യ പറയുന്നത് കൃഷ്ണയോട് അർജുൻ വളരെ അറ്റാച്ഡ് ആണെന്നാ..അത് കൊണ്ട് ഉടനെ ഒന്നും വേണ്ട..”

“ഡാ സത്യത്തിൽ അവൻ ക്രി- മിനൽ ആണോ? ഇത്രയും വലിയ ബിസിനസ് ഒക്കെ നടത്തുന്ന ഒരാള്..”

“അയാൾക്ക് ദേഷ്യം വന്ന കൊ- ന്നു കളയും അത്രേ ഉള്ളു. അപ്പൊ അയാളെ ക്രി- മിനൽ എന്നല്ലേ വിളിക്കേണ്ടത്?”

മനു വിറച്ചു പോയി

കുറച്ചു നേരം കൂടി സംസാരിച്ചിരുന്നിട്ട് നന്ദു പോയി

*********************

ദൃശ്യയുടെ വീട്…

കുറേ നേരമായി കൃഷ്ണ ജനലിൽ കൂടി അയല്പക്കത്തെ വീട്ടിലോട് നോക്കി നിൽക്കുന്നു

“ശരിക്കും നീ പഠിക്കാൻ തന്നെ വന്നതാണോ? വായിനോക്കാൻ വന്നതാണോ?” ദൃശ്യ കളിയാക്കി

“ഞാൻ എപ്പോ വായിനോക്കി?”

അവളറിയാത്ത ഭാവം നടിച്ചു

“ദേ കഴിഞ്ഞ എല്ലാ റിസൾട്ടിലും കോളേജ് ടോപ്പർ ആയിരുന്നു. പൊന്നുമോളെ പ്രേമം മൂത്ത് മാർക്ക് പോകരുത് “

“പ്രേമം ബൂസ്റ്റ്‌ പോലെയാ ദൃശ്യക്കുട്ടി. കൂടുതൽ നന്നായി പഠിക്കാൻ ഉള്ള എനർജി തരും. പക്ഷെ എന്റെ ബൂസ്റ്റ്‌ അവിടെയില്ല. ഇതെവിടെ പോയി? ഞാൻ വരുമെന്ന് പറഞ്ഞതാണ് “

“എങ്കിൽ പിന്നെ വരും “

അവർ നോക്കിയിരിക്കെ അർജുന്റെ കാർ കടന്നു പോയി

“വന്നല്ലോ ബൂസ്റ്റ്‌. ഇപ്പൊ പോണുണ്ടോ അതോ?”

“ഊഹും പോകാൻ നേരത്ത് മതി. അപ്പോ എന്നെ സ്റ്റോപ്പിൽ വിട്ട് തരും “

ദൃശ്യ അൽപനേരം അവളെ നോക്കിയിരുന്നു. പൊന്മാൻ നീല നിറത്തിൽ ഉള്ള ഒരു ചുരിദാർ ആണ് വേഷം. മഞ്ഞ ഷാൾ പിൻ ചെയ്തിട്ടുണ്ട്. കനത്ത തലമുടി ഇറുകെ പിന്നിയിട്ടിട്ടുണ്ട്. കാതിൽ ഒരു പൊട്ടു കമ്മൽ മാത്രം. കഴുത്തിൽ ഒരു മാല പോലുമില്ല. എന്നിട്ടും അവളുടെ സൗന്ദര്യം കത്തിച്ചു വെച്ച നിലവിളക്കിന്റെ ശോഭയോടെ ജ്വലിക്കുന്നു. പനിയുടെ ക്ഷീണം ഒക്കെ മാറി ആള് ഉഷാറായി. തുടുത്തു ചുവന്ന പനിനീർ പൂവ് കണക്കെ..

കൃഷ്ണ നോട്സ് എടുത്തു വായിക്കാൻ തുടങ്ങി

അർജുൻ വന്നു കുളിച്ചു ഫ്രഷ് ആയി. അച്ഛൻ കൊടുത്ത ചായ ഒന്ന് മൊത്തി

“ഞാൻ ഒരു സീരിയസ് കാര്യം പറയാൻ..”

“പറ “

“ആക്ച്വലി ഇത് ഞാൻ നേരെത്തെ പ്ലാൻ ചെയ്തത് ആണ്. പക്ഷെ വിശ്വാസം ഉള്ള ഒരാളെ കിട്ടിയില്ല അത് കൊണ്ട് മാറ്റി വെച്ചു “

“കാര്യം പറ “

“നമ്മുടെ ഹോസ്പിറ്റലിന്റെ വെബ് സൈറ്റിൽ ഏറ്റവും കൂടുതൽ അന്വേഷണം നടക്കുന്നത് ഓർഗൻസ്നെ കുറിച്ചാണ്. അവയവമാറ്റ ശാസ്ത്രക്രിയകൾ നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കിഡ്നി, ലിവർ, അതിനൊക്കെ കുറെയധികം അപേക്ഷകരുണ്ട്. നമ്മൾ അത് ഇത് വരെ നമ്മുടെ ഹോസ്പിറ്റലിൽ ചെയ്തിട്ടില്ല. ഞാൻ അത് ഇമ്പ്ലിമെന്റ് ചെയ്യാൻ പോവാണ്. ഫസ്റ്റ് ഓഫ് ഓൾ നല്ല ഒരു ടീം വേണം. അച്ഛൻ ദുർഗ ആന്റി, നദിറ പിന്നെ ബാലചന്ദ്രൻ സർ അങ്ങനെ അങ്ങനെ..അത് സമൂഹത്തിന് ഗുണം ചെയ്യും. നമുക്കും. സൂക്ഷിച്ചു ചെയ്യണം എന്ന് മാത്രം “

എന്നിട്ട് അവൻ ആരിഫ് ചെയ്തു കൂട്ടിയതൊക്കെ പറഞ്ഞു. ജയറാം നടുങ്ങിപ്പോയി

“അന്ന് കൃഷ്ണ ഇല്ലായിരുന്നു എങ്കിൽ. ജീവനുള്ള ഒരു കുഞ്ഞിനെ അവൻ കൊ- ന്നേനെ നായ..അവൾക്ക് നല്ല സെൻസ് ഉണ്ട് അച്ഛാ. മിടുക്കിയാണ്..”

ജയറാമിന് അതിൽ യാതൊരു തർക്കവുമില്ല. അവൻ പറഞ്ഞ കാര്യങ്ങളോട് അയാൾക്ക് വിയോജിപ്പ് ഒന്നുമുണ്ടായിരുന്നില്ല. പണ്ടായിരുന്നെങ്കിൽ കണ്ണും പൂട്ടി നോ പറഞ്ഞേനെ, പക്ഷെ ഇത് പഴയ അർജുൻ അല്ല. ആള് കുറേമാറി..

“നല്ലതാണ് അർജുൻ. നീ അതൊന്നു ശരിക്കും organise ചെയ്യ്. കുറച്ചു കൂടി ചർച്ചകൾ വേണം “

“അതെനിക്ക് അറിയാം. ഞാൻ ഒരു പുതിയ വിംഗ് തുടങ്ങിയാലോന്നാണ്. ഇത് മാത്രം ആയിട്ട്. മൊത്തം ടീം ചേർന്നിട്ടുള്ള പുതിയ വിംഗ് “

ജയറാമിന് അതിശയം ആയിരുന്നു. അവന്റെ ബിസിനസ് മൈൻഡ് സത്യത്തിൽ അയാളിൽ എന്നും അത്ഭുതം ആണ്. എങ്ങനെ ഈ പ്രായത്തിൽ ഇങ്ങനെ എന്നദേഹം ഓർക്കാറുണ്ട്

“അച്ഛാ പിന്നെ..അത് പിന്നെ..ഇതിന്റെ ഓൺലൈൻ വിഭാഗം കൈകാര്യം ചെയ്യുക കൃഷ്ണയാകും “

ജയറാമിനൊരു ചിരി വന്നു

“അവള് മാത്രം അല്ല. പക്ഷെ അവളായിരിക്കും ഹെഡ്. അവളെ അപോയിന്റ് ചെയ്യുന്നതിനെ കുറിച്ച് അച്ഛന്റെ അഭിപ്രായം എന്താ?”

“നല്ല അഭിപ്രായം തന്നെ. പക്ഷെ എം ഡി ചെയ്യാൻ കക്ഷി പോകും
അപ്പൊ എന്ത് ചെയ്യും?”

“ഓൺലൈൻ അല്ലെ? എന്നും സർജറി ഉണ്ടാവില്ലല്ലോ. അവൾക്ക് വലിയ ജോലി ഒന്നുല്ല..പിന്നെ എം ഡി നമ്മുടെ ഹോസ്പിറ്റലിൽ ചെയ്യാല്ലോ “

ജയറാം അവന്റെ മുഖത്ത് ഒന്ന് സൂക്ഷിച്ചു നോക്കി

“അല്ല തിരുവനന്തപുരം മെഡിക്കൽ കോളേജ് ആണെങ്കിൽ ok. ദൂരെയാണെങ്കിൽ ഇവിടെ മതില്ലോ..”

“അവളോട് പറഞ്ഞോ “

“സൂചിപ്പിച്ചു..അതൊന്നും വയ്യ എന്നാ ഇപ്പോഴത്തെ നിലപാട് “

“ഞാൻ സംസാരിക്കാം. കൃഷ്ണ നമ്മുടെ ഹോസ്പിറ്റലിൽ ഉള്ളത് നല്ലതാണ്. അന്ന് ബസ് ആക്‌സിഡന്റ് ആയി നമ്മുടെ ഹോസ്പിറ്റലിൽ കൊണ്ട് വന്ന ദിവസങ്ങളിൽ ഞാൻ നേരിട്ട് കണ്ടതാണാ കഴിവ്. ആ റിസപ്ഷൻലിരുന്ന ജാസ്മിനെ ഒക്കെ ഫയർ ചെയ്തു കളഞ്ഞു.”

അവൻ ചിരിച്ചു

“എന്റെ കാശ് പോകും. അച്ഛനെ പോലെയാ കരുണ കൂടുതലാ..പിന്നെ അവൾ അവിടെയുണ്ടാകുന്നത് ഒരു സമാധാനം അത്രേയുള്ളൂ “

“കൂയ് എന്താ സീരിയസ് ചർച്ച “

ബാഗ് തൂക്കി കൃഷ്ണ. ജയറാമിന്റെ മുഖം വിടർന്നു

“നുറായുസ്സ എന്റെ കുഞ്ഞിന് ഇപ്പൊ പറഞ്ഞേയുള്ളു ” ജയറാം പറഞ്ഞു.

അവൾ അർജുനെ ഒന്ന് നോക്കിയിട്ട് ജയറാമിന്റെ അരികിൽ വന്നിരുന്നു

വാരിയണച്ച് ചുംബിക്കാനുള്ള ഒരു ആവേശത്തെ അർജുൻ പാട് പെട്ട് നിയന്ത്രിച്ചു

“അപ്പുറത്ത് വന്നതാ combine study. എക്സാം തുടങ്ങുവാ…”

“എന്നിട്ട് കഥ പറഞ്ഞു കൊണ്ടിരുന്നോ പഠിച്ചോ?”

അവൾ ഒരു ചിരി ചിരിച്ചു. അർജുൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. കൃഷ്ണ ചുവക്കുന്നത് കാണാൻ നല്ല ഭംഗി അവൻ ഓർത്തു

“മോൾക്ക് ഞാൻ ഒന്ന് രണ്ടു പുസ്തകം എടുത്തു വെച്ചിട്ടുണ്ട് കൊണ്ട് തരാം “

അദ്ദേഹം അകത്തേക്ക് പോയി. അർജുൻ അവന്റെ കൈ ഒന്ന് നീട്ടി. കൃഷ്ണ മുന്നോട്ടാഞ്ഞു അവളുടെ മുഖം കയ്യിൽ അമർത്തി. അവന്റെ വിരലുകൾ ആ നെറ്റിയിലൂടെ കണ്ണുകളിലൂടെ കവിളിലൂടെ ചുണ്ടിലൂടെ ഒരു നിമിഷം കൊണ്ട് പാഞ്ഞു നടന്നു..അവൻ കൈ വലിച്ചപ്പോൾ അവൾ മുഖം താഴ്ത്തി

“ഞാൻ കൊണ്ട് വിടാം “

അവൾ തലയാട്ടി. ജയറാം പുസ്തകം കൊണ്ട് കൊടുത്തു

“ഞാൻ ഇതിൽ കുറച്ചു മാർക്ക്‌ ചെയ്തു വെച്ചിട്ടുണ്ട്. അത് ഒന്ന് നോക്കണം “

അവൾ അത് നോക്കി. കുറച്ചു സംശയം ഉണ്ടായിരുന്നത് തീർത്തു

“സന്ധ്യയാവുന്നു. മഴയും വരുന്നു. ഇറങ്ങട്ടെ അങ്കിൾ?”

ജയറാം അവളെ ചേർത്ത് പിടിച്ചു

“നന്നായി പഠിക്ക്. ടോപ്പർ സ്ഥാനം വിട്ട് കൊടുക്കരുത് “

അവൾ ചിരിച്ചു കൊണ്ട് അർജുനെ നോക്കി

“കൊണ്ട് വിട്ടിട്ട് വരാം “

അവർ ഒന്നിച്ചു നടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. കാർ നീങ്ങിയപ്പോ അവൾ കൈ വീശി

അവൻ ഇടതു കൈ കൊണ്ട് ഒന്ന് ചേർത്ത് പിടിച്ചു

“ഇനിയെന്ന വരിക?”

“അടുത്ത സൺ‌ഡേ “

അവൾ തെല്ല് ചേർന്നിരുന്നു. തിരക്ക് ഒഴിഞ്ഞ റോഡിൽ എത്തിയപ്പോ സൈഡ് ഒതുക്കി അർജുൻ

“ഇനി എന്നോട് മാത്രം പറയാനുള്ളത് പറ “

അവൻ അവൾക്ക് അഭിമുഖമായി ഇരുന്നു. കൃഷ്ണ ചിരിച്ചു

“പറയാനുള്ളത് നേരിട്ട് കാണുമ്പോൾ മറന്ന് പോകും. വെറുതെ കണ്ടിരിക്കാൻ മാത്രേ തോന്നുള്ളു. പറയാനുള്ളത് എല്ലാം ഫോണിൽ പറയാമല്ലോ “

അവൻ ആ മുഖം തന്നോട് അടുപ്പിച്ചു പിടിച്ചു

“എനിക്ക് നിന്റെ കുറച്ചു സമയം വേണം കൃഷ്ണ..എക്സാം കഴിഞ്ഞു മതി. കുറച്ചു നേരം സ്വസ്ഥം ആയിട്ട് സംസാരിക്കാൻ സമയം വേണം..ഒരു യാത്ര പോകാം നമുക്ക് മാത്രം ആയിട്ട്. ഞാൻ പറഞ്ഞില്ലേ ഗുരുവായൂർ പോണംന്ന്. എക്സാം കഴിഞ്ഞു പോകാം. നീ വരുമോ എന്റെ ഒപ്പം ഒറ്റയ്ക്ക്? പേടിയുണ്ടോ?”

അവൾ ഇല്ല എന്ന് തലയാട്ടി

“വരുമോ എന്റെ കൂടെ?”

“വരും “

അവൾ മന്ത്രിച്ചു

“എനിക്ക് ചിലപ്പോൾ വല്ലാതെ മടുപ്പ് തോന്നും. നിന്നോട് സ്വാതന്ത്ര്യമായിട്ട് ഒന്നുമെനിക്ക് പറ്റുന്നില്ല. എനിക്കിതു പോരാ കൃഷ്ണ. കുറച്ചു കൂടി ഓപ്പൺ ആയിട്ട് വേണം..കുറച്ചു കൂടി relaxed ആയിട്ട്. കുറേ സംസാരിച്ച്, ഉറക്കെ ചിരിച്ച്..നിന്നെ കണ്ടു കൊണ്ട്..നിന്നെ ലാളിച്ച്, സ്നേഹിച്ചങ്ങനെ..”

കൃഷ്ണയുടെ മിഴികൾ പിടഞ്ഞു താണു. പൊടുന്നനെ മഴ പെയ്തു തുടങ്ങി. അതി ശക്തമായ കാറ്റും മഴയും. അർജുൻ അവളെ നോക്കിക്കൊണ്ടിരുന്നു

മിന്നൽ….ഇടിമുഴക്കം…

കൃഷ്ണ അവനോട് ചേർന്ന് ഇരുന്നു. അർജുൻ മുഖം താഴ്ത്തി

കൃഷ്ണ പിടഞ്ഞു കൊണ്ട് അവനെയമർത്തി പിടിച്ചു. ഒരു ചിത്രശലഭം തേൻ കുടിക്കുന്ന പോലെ. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. അർജുൻ മുഖം എടുത്തപ്പോഴേക്കും അവൾ ആ നെഞ്ചിൽ മുഖം ചേർത്തു. അർജുൻ സ്വയം നിയന്ത്രിക്കാൻ പണിപ്പെടുന്നുണ്ടായിരുന്നു. ജീവനെ പോലെ പ്രണയിക്കുന്നവളാണ് നെഞ്ചിൽ.

എങ്ങോട്ടെങ്കിലും വണ്ടി ഓടിച്ചു പോയാലോ എന്ന് പോലും അവൻ ചിന്തിച്ചു. അവൻ ആ മുഖം കയ്യിൽ എടുത്തു. കണ്ണുകളിൽ മെല്ലെ ചുംബിച്ചു

“മോളെ….”

കൃഷ്ണ ഒന്ന് മൂളി

അവൻ വാത്സല്യത്തോടെ ആ കവിളിൽ ചുംബിച്ചു. കൃഷ്ണ ആ കൈകൾ തന്റെ തോളിൽ കൂടിയിട്ട് ചേർന്ന്നിരുന്നു

“തണുക്കുന്നു “

അവൻ എ സി ഓഫ്‌ ചെയ്തു

“നല്ല ഇരുട്ടായി “

“സാരോല്ല ഞാൻ വീട്ടിൽ കൊണ്ട് വിടാം “

അവൾ ഫോൺ ചെയ്തു അമ്മയോട് വിവരം പറഞ്ഞു. അവന്റെ കൈകൾ അവളെ പൊതിഞ്ഞു ലാളിച്ച്, സ്നേഹിച്ച്.. ഉമ്മ വെച്ച്…

കൃഷ്ണ ആ പരിലാളനകളിൽ സ്വയം മറന്നു. ഒറ്റ മനസായി അങ്ങനെയിരുന്നു അവർ

മഴ കണ്ട് പരസ്പരം ചൂട് പകർന്നു കൊണ്ട്..

“കോഴ്സ് കഴിഞ്ഞു കല്യാണം നടത്താം കൃഷ്ണ. പിന്നെ നീ പഠിച്ചോ. ജോലി ചെയ്യാണെങ്കിൽ അതും ചെയ്തോ. വീട് വെയ്ക്കണം ന്നല്ലേ ആഗ്രഹം. അത് നടത്താം നമുക്ക്. പ്ലീസ്. എനിക്ക് ഇനി വയ്യാഞ്ഞിട്ട കൃഷ്ണ. ചിലപ്പോൾ വല്ലാത്ത സ്ട്രെസ് ആണ്. കൂടെ ഒരാൾ ഉണ്ടെങ്കിൽ ഷെയർ ചെയ്യാം…”

അവൻ അവളുടെ മുഖത്ത് നോക്കി. ആ ചുണ്ടിൽ അമർത്തി ചുംബിച്ചു…

“എനിക്ക് എല്ലാം വേണം കൃഷ്ണ പ്ലീസ് “

അത്രയും ഓപ്പൺ ആയിട്ട് അർജുൻ ആദ്യമായി സംസാരിക്കുകയായിരുന്നു

“എന്റെ മനസ്സിൽ നീ എന്റെ ഭാര്യ തന്നയാണ്. രാത്രി കിടക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന എന്റെ ബെഡിന്റെ മറുപാതിയെന്നും എനിക്ക് ഏകാന്തതയാണ് തരിക. നീ ഉണ്ടായിരുന്നങ്കിൽ എന്നാഗ്രഹിക്കാത്ത ഒരു രാത്രി പോലും ഇല്ല…”

കൃഷ്ണ അമ്പരപ്പിൽ അവനെ നോക്കിയിരുന്നു

“എന്റെ മോള് ആലോചിച്ചു നോക്ക്..എന്നിട്ട് വീട്ടിൽ പറ. അച്ഛൻ വരും “

അവൾ അവനെയിറുകെ കെട്ടിപിടിച്ചു. മഴ തോർന്ന് തുടങ്ങി

അവൻ അവളെ വീടിന്റെ മുന്നിൽ ആക്കി. അവൾ വീട്ടിലേക്ക് കയറി പോകും മുന്നേ ഒന്ന് തിരിച്ചു നോക്കി. പിന്നെ കൈ വീശി

അവന്റെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞു പോയി. ചില നേരം സ്നേഹം കരയിക്കും

തുടരും….

Leave a Reply

Your email address will not be published. Required fields are marked *