ധ്രുവം, അധ്യായം 70 – എഴുത്ത്: അമ്മു സന്തോഷ്

ജയറാമിന് ബ്രേക്ക്‌ഫാസ്റ്റ് കൊടുത്തു കൃഷ്ണ

“അർജുൻ എഴുന്നേറ്റില്ലേ?”

“ഇല്ല നല്ല ഉറക്കം.”

“അവൻ ഇന്ന് വരുന്നില്ലേ? ഇന്ന് ഒന്ന് രണ്ടു മീറ്റിംഗ് ഉള്ളതാണ്. മറന്നോ മോള് ഒന്ന് ചോദിച്ചേ?”

കൃഷ്ണ തലകുലുക്കി. അർജുന്റെ അരികിൽ ചെന്നിരുന്നു. അവനെ നോക്കിയിരിക്കുമ്പോൾ മറ്റേല്ലാം മറന്ന് പോകും. അവൾ ആ മുഖത്ത് മെല്ലെ ചുംബിച്ചു

പിന്നെ കുസൃതിയിൽ മുഖത്തേക്ക് മുടിയിലെ വെള്ളം കുടഞ്ഞു

“അടങ്ങിയിരിക്ക് പെണ്ണെ “

അവൻ തിരിഞ്ഞു കിടന്നു. കൃഷ്ണ ആ പുറത്ത് മുഖം വെച്ചു

“അതേയ്..എഴുന്നേറ്റു വാ അങ്കിൾ വിളിക്കുന്നു “

“കുറച്ചു കഴിയട്ടെ “

“ദേ സമയം എത്ര ആയിന്ന?”

“എടി രാത്രി ലേറ്റ് ആയില്ലേ ഉറങ്ങാൻ?”

“എന്നിട്ട് ഞാൻ നേരെത്തെ ഉണർന്നല്ലോ “

“അധ്വാനിച്ചത് ഞാനല്ലേ?”

“അയ്യേ..ശീ നോക്ക്.”

അവൻ തിരിഞ്ഞു കിടന്നു കണ്ണ് തുറന്നു. മുന്നിൽ കുളിച്ചു സുന്ദരിയായി അവൾ. കടും പച്ച നിറമുള്ള ഒരു ചുരിദാർ കണ്ണെഴുതി പൊട്ട് തൊട്ട് ചന്ദനം ഒക്കെ തൊട്ട്

“എന്തൊരു ഐശ്വര്യമുള്ള കണി. നി അമ്പലത്തിൽ പോയോ?”

“ഇല്ല പൂജാമുറിയിൽ വിളക്ക് വെച്ചതാ. അപ്പൊ അവിടെ ഉണ്ടായിരുന്നു. അച്ഛൻ കൊണ്ട് വെച്ചതാവും “

അവൻ ആ കവിൾ ഒന്ന് തൊട്ടു

“മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു അങ്കിൾ “

“അത് ഓൺലൈൻ ആക്കിക്കൊള്ളാം. ഞാൻ പോണില്ല” കൃഷ്ണ പ്രണയപൂർവം ആ മുഖം കയ്യിൽ എടുത്തു

“എന്താടി?”

“ഇഷ്ടം “

അവൾ ആ ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തു

കവിളിൽ, കണ്ണിൽ, നെറ്റിയിൽ

അവളുടെ മുഖം പതിഞ്ഞു. അർജുൻ അനങ്ങാതെ ഇരുന്നു

“എന്റെ ചക്കര കുളിച്ചിട്ട് വായോ പ്ലീസ്. അങ്കിൾ പോകുമിപ്പോ “

അവൻ തലയാട്ടി. കൃഷ്ണ എഴുന്നേറ്റു. അർജുനും

“വേഗം വരണേ “

അവൻ അവളെ പെട്ടെന്ന് പിടിച്ചു നിർത്തി

“നമ്മൾ ഒരു യാത്ര പോകുന്നു”

“എവിടെ?”

“സർപ്രൈസ് “

അവൾ പുഞ്ചിരിച്ചു

“മോള് ചെല്ല് ഇപ്പൊ വരാം അവൾ തലയാട്ടി

അർജുൻ കുളിച്ചു വരുമ്പോൾ ജയറാം പോകാൻ ഇറങ്ങി കഴിഞ്ഞു

“അച്ഛാ ഞാൻ അത് ഓൺലൈൻ ആക്കിക്കൊള്ളാം “

“ok.”

“ഞാൻ കൃഷ്ണയേ കൂട്ടി ഒരു യാത്ര പോണു. നാളെ വരും “

“എങ്ങോട്ട്?”

“അത് “

പെട്ടെന്ന് കൃഷ്ണ അങ്ങോട്ടേക്ക് വന്നു

“ഇന്നാ അങ്കിളേ ചൂട് വെള്ളം, ലഞ്ച് “

“അച്ഛൻ ലഞ്ച് ഒക്കെ കൊണ്ട് പോകാൻ തുടങ്ങിയോ?”അവൻ അതിശയത്തിൽ ചോദിച്ചു

“മോള് റെഡി ആക്കി തരുന്നതാ “

“രുചി പിടിക്കേണ്ട. റിസൾട്ട്‌ അറിഞ്ഞ കക്ഷി ഹോസ്റ്റലിൽ പോകും അല്ലേടി?”

അവൾ വിഷാദത്തിൽ ഒന്ന് ചിരിച്ചു

“എന്നുമെന്നും നിൽക്കണ്ട നൈറ്റ്‌ ഉള്ളപ്പോൾ അത് കഴിഞ്ഞു വീട്ടിൽ പോരാം. കൊച്ചിന് കാർ വിട്ട് കൊടുത്ത മതി. അല്ലെ മോളെ?”

“അതിന് അപ്പുവേട്ടൻ ആ ദിവസം കാണണമെന്നില്ലല്ലോ. ഒരു മാസം കഴിഞ്ഞു വേറെ എന്തോ വലിയ തിരക്കാണെന്നാ പറഞ്ഞത് “

അർജുൻ ചിരിച്ചു

ജയറാം പോകാൻ ഇറങ്ങി. അച്ഛന്റെ കാർ അകന്നു പോയി കഴിഞ്ഞു അവൻ അവളെ നോക്കി

“എത്ര തിരക്കാണെങ്കിലും നി ഇവിടെ ഉള്ള ദിവസം ഞാൻ മാക്സിമം ഇവിടെ വരും. എന്റെ കൊച്ചിനെ കാണാൻ..അങ്ങനെ കാണാതിരിക്കാൻ മാത്രം ദുഷ്ടനാണോടി ഞാൻ?”

“ദുഷ്ടൻ തന്നെയാ. സ്നേഹം ഉള്ള ദുഷ്ടൻ “

അവൾ അവന്റെ കയ്യിൽ നിന്ന് ഒഴിഞ്ഞു അവൻ ചിരിച്ചു

“പോയി കാപ്പി എടുത്തു വെയ്ക്ക്. നമ്മൾ പോവാ. “

“ഒരു ക്ലൂ തരുവോ എങ്ങോട് ആണെന്ന്?”

“ഇല്ല. അവിടെ എത്തുമ്പോ അറിഞ്ഞ മതി “

അവൾ ചുണ്ട് ഒന്ന് കോട്ടി പിന്നെ ഭക്ഷണം എടുത്തു വെയ്ക്കാൻ പോയി. കാറിൽ അർജുൻ ലാപ്ടോപ്പിന്റെ മുന്നിൽ ആയിരുന്നു

ഓൺലൈൻ മീറ്റിംഗ്

കൃഷ്ണ അവനെ ശല്യം ചെയ്യാതെ വശങ്ങളിലെ കാഴ്ചകൾ കണ്ടിരുന്നു. അർജുൻ ഡ്രൈവറെ അധികം യൂസ് ചെയ്യാറില്ല. ഡ്രൈവിംഗ് ഭ്രാന്ത് ഉള്ളവനാണ്. ഇന്നും നാളെയും മീറ്റിംഗ് ഉള്ളത് കൊണ്ടാണ് ഇത്തവണ ഡ്രൈവർ

ഇടയ്ക്ക് അവൾ ഉറങ്ങിപ്പോയി. അവൻ അവളെ മടിയിലേക്ക് ചായ്ച് കിടത്തി.

പിന്നെ വശങ്ങളിലേക്ക് നോക്കിയിരുന്നു

“കൃഷ്ണ?”

അവൾ മെല്ലെ കണ്ണ് തുറന്നു

“എഴുനേറ്റു വന്നോളൂ. നോക്ക് “

അവൾ എഴുന്നേറ്റു നോക്കി. കാർ ഗുരുവായൂരിലേക്ക് തിരിയുന്നു. ഗരുഡൻറെ വലിയ രൂപം. അവളുടെ കണ്ണ് നിറഞ്ഞു. അവൾ കൈകൾ കൂപ്പി തൊഴുതു പിന്നെ തിരിഞ്ഞവനെ കെട്ടിപിടിച്ചു

“താങ്ക്സ് “

“റിസൾട്ട്‌ വരാറായില്ലേ. നന്നായിട്ട് പ്രാർത്ഥിച്ചോ. ” അവൾക്ക് എന്ത് പറയണമെന്ന് പോലും അറിയില്ലായിരുന്നു

ഇത്രയധികം തന്നെ മനസിലാക്കുന്ന ഒരാൾ ഭൂമിയിൽ ഇല്ല. ഇന്നലെ കരഞ്ഞപ്പോഴൊക്കെ ഒത്തിരി ഓർത്തിരുന്നു ഇവിടം. ഒന്ന് വരാൻ സാധിച്ചിരുന്നെങ്കിലെന്ന്. ഇന്ന് ദേ…

അവൾക്ക് അവനോട് സ്നേഹം കൂടി ഒന്ന് കടിച്ചു

“അടങ്ങിയിരിക്ക് “

അവൻ ഗൗരവത്തിൽ പറഞ്ഞു. മുന്നിൽ ഡ്രൈവർ ഉള്ളത് കൊണ്ടാണ് അവൾക്ക് അറിയാം

ഹോട്ടലിൽ എത്തി സാധനങ്ങൾ വെച്ചിട്ട് അപ്പൊ തന്നെ തൊഴാൻ ഇറങ്ങി. അവൾക്ക് അവനോട് ആ നിമിഷം കൃഷ്ണനോളം ഇഷ്ടം തോന്നി

“ഇത്തവണ നമുക്ക് കുറെ സാധനം വാങ്ങണം കേട്ടോ. കഴിഞ്ഞ രണ്ടു തവണയും എന്റെ കയ്യിൽ കാശ് ഇല്ലായിരുന്നു. ഇത്തവണ ഒരു ബാങ്ക് തന്നെ കൂടെയുണ്ട് “

അവൻ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു പോയി

“കഴിഞ്ഞ രണ്ടു തവണയും ഞാൻ ഉണ്ടാരുന്നു “

“അന്ന് എനിക്കിത്രയും അധികാരം ഇല്ലല്ലോ. ഇപ്പൊ ഞാൻ ഭാര്യയല്ലേ. അപ്പൊ ഇഷ്ടം പോലെ അടിച്ചു മാറ്റാം “

“എടി പൊട്ടി നമ്മുടെ കല്യാണം ഇവിടെ വെച്ചാരുന്നു “

“കല്യാണത്തിന് പിറ്റേന്ന് ആരെങ്കിലും അടിച്ച് മാറ്റുമോ പൊട്ടാ. അത് കഴിഞ്ഞു പതിയെ അല്ലെ അതൊക്കെ ചെയ്യുള്ളു?”

“എന്റെ പൊന്നെ സമ്മതിച്ചു “

അവൾ ആ കൈയിൽ കൈ കോർത്തു പിടിച്ചു

“ഞാൻ മനസ്സിൽ വിചാരിച്ചു വരുമ്പോൾ തന്നെ അത് നടത്തുന്നതെങ്ങനെയാ അപ്പുവേട്ടൻ “

“ആ മനസ്സിൽ ഞാനുള്ളത് കൊണ്ട് “

അവൾ ഒന്ന് മൂളി. പിന്നെ കടകളിൽ ചെന്നു ഓരോന്നായി വാങ്ങി

വെണ്ണ, എണ്ണ, മയിൽ‌പീലി, മഞ്ചാടിക്കുരു, ഓടക്കുഴൽ, മഞ്ഞപട്ട്, കദളിപ്പഴം….

“മതി അകത്തു കയറാം. ഇനി നാളെ തൊഴുമ്പോൾ കുറച്ചു പച്ചക്കറികൾ വാങ്ങി വെയ്ക്കണേ നമുക്ക് “

“അതെന്തിന?”

“അതോ ഇവിടെ അന്നദാനം നടക്കുന്നുണ്ടല്ലോ. നമ്മുടെ വക ഒരു കോൺട്രിബ്യൂഷൻ “

“അന്നദാനത്തിന് കാശ് കൊടുക്കാം. നി ചോദിച്ചു വെയ്ക്ക് നിന്റെ പേരില് ആയിക്കോട്ടെ ” അവൾ തലയാട്ടി. അവർ അകത്തു കയറി

പതിവ് പോലെ കൃഷ്ണൻ നേർത്ത ചിരിയോടെ അവരെ നോക്കിയിരുന്നു

“ഭഗവാനെ..ഇക്കുറി സങ്കടം ഒന്നുല്ല ട്ടോ. സന്തോഷം മാത്രേയുള്ളു. കുഞ്ഞ് വഴക്ക് ഒക്കെയുണ്ട് ആള് ഭയങ്കര ചട്ടമ്പിയ. ഭയങ്കര ദേഷ്യം. എന്താ ചെയ്ക ഞാൻ. പക്ഷെ എന്നെ വലിയ ഇഷ്ടാ. ഈ ദേഷ്യം ഒന്ന് കുറച്ചു തരണേ..”

കൃഷ്ണ മന്ത്രിച്ചു

“നി എനിക്ക് തന്നത് എന്റെ ജീവനെയാ കൃഷ്ണ “

അവൾ കണ്ണീരോടെ പ്രാർത്ഥിച്ചു

അവർ ശ്രീകോവിലിന്റെ പുറത്തിറങ്ങി അവിടെ കാണുന്ന പടിക്കെട്ടിൽ ഇരുന്നു

“നമ്മൾ കല്യാണം കഴിച്ചിട്ട് അന്ന് പെട്ടെന്ന് പോയി. ഇത് പോലെ ഇരുന്നില്ല അല്ലെ?”

“ഉം “

അവൾ തുലാഭാരം നടത്തുന്ന സ്ഥലം അന്ന ശ്രദ്ധിച്ചത്

“വന്നേ “

അവൾ അവന്റെ കയ്യിൽ പിടിച്ചു എഴുനേറ്റു

“എന്താ?”

“തുലാഭാരം നടത്താം അപ്പുവേട്ടന് “

“പോടീ അത് കുഞ്ഞുങ്ങൾക്ക് ഉള്ളതാ “

“എന്റെ കുഞ്ഞാ ഇത്. എന്റെ മോനാ, വന്നേ “

അവൾ അവന്റെ കൈ പിടിച്ചു നടന്ന് തുടങ്ങി. മറുത്തു പറയാൻ അവന് തോന്നിയില്ല

പാവം

“തുലാഭാരം ഉണ്ട് “

“എന്ത് വെച്ചാണ് ?”

“പഞ്ചസാര മതി “

അവൾ പറഞ്ഞു

തുലാഭാരതട്ടിൽ ഇരുന്നു അർജുൻ

“ഇരുന്ന് ഊഞ്ഞാൽ ആടാതെ പ്രാർത്ഥിക്ക്. ദേഷ്യം കുറയണേ “

അവൻ ചിരി കടിച്ചു പിടിച്ചു. പിന്നെ കണ്ണടച്ച് പ്രാർത്ഥിച്ചു

“എന്റെ കൃഷ്ണയ്ക്ക് റാങ്ക് കിട്ടണേ കൃഷ്ണ. അവൾ അത്രയ്ക്ക് പഠിച്ചിട്ടുണ്ട് പാവാ.”

“കഴിഞ്ഞു ഇറങ്ങിക്കോളു”

“ഇനി കൃഷ്ണ “

“ഉയ്യോ, എനിക്ക് വേണ്ട അപ്പുവേട്ടന് മതി”

“കയറി ഇരിക്ക് കുട്ടി. ഭാര്യയും ഭർത്താവും ചെയ്യുന്നത് നല്ലതാണ് “

പിന്നെ അവൾ മടിച്ചില്ല

“എന്താ വേണ്ടത്?”

“വെണ്ണ “

അവൻ പറഞ്ഞു. കൃഷ്ണ ഒന്ന് നോക്കി

“ഒത്തിരി കാശ് ആകും എനിക്ക് നല്ല ഭാരം ഉണ്ടെന്ന് “

“അത് ഞാൻ ഡെയിലി അറിയുന്നുണ്ട് അത്രയ്ക്ക് ഒന്നുമില്ല. അവൻ  പതിയെ പറഞ്ഞു

അവൾ ചുവന്ന മുഖത്തോടെ മുഖം തിരിച്ചു

“ഇരുന്നോളു ട്ടോ “

അവൾ ഇരുന്നു കൈ കൂപ്പി കണ്ണുകൾ അടച്ചു

“എന്റെ അപ്പുവേട്ടനെ കാത്തോളണേ കൃഷ്ണ. ഒരപകടത്തിലും ചാടിക്കല്ലേ “

“ഇറങ്ങിക്കോളു “

അവൾ എഴുന്നേറ്റു

അവിടെ നിന്നിറങ്ങി പിന്നെയും ക്ഷേത്രത്തിൽ തന്നെ ഇരുന്നു

“അതേയ് എടി നി രാവിലെ വീട്ടിൽ പോകും. പിന്നെ വരില്ല എന്നൊക്കെ പറഞ്ഞില്ലേ?”

“ആ “

“പോയെനെയോ?”

അവൾ ചിരിച്ചു കൊണ്ട് നോക്കി

“ചിലപ്പോൾ “

“എന്തൊരു ദുഷ്ടയാണെടി നി
എന്നെ എന്തൊക്കെ ചെയ്തിട്ടുണ്ട്. ഞാൻ എപ്പോഴെങ്കിലും എന്റെ വീട്ടിൽ പോകുമെന്ന് പറഞ്ഞിട്ടുണ്ടോ “

അവൾ കണ്ണ് മിഴിച്ചു

“ങ്ങേ?”

“പറഞ്ഞിട്ടുണ്ടോ ഇല്ലെ?”

“അതിന് അപ്പുവേട്ടൻ “

“ഞാൻ ചോദിച്ചതിന് yes or no”

“നോ “

“ആ അതാണ്. ഞാൻ എത്ര പാവാണല്ലേ.നി പുണ്യം ചെയ്തതാ. അല്ലെങ്കിൽ എന്നെ കിട്ടുവോ?”

“അമ്പലത്തിൽ ആയി പോയി. ഇല്ലെങ്കിൽ ഞാൻ ശരിക്കും പറഞ്ഞു തന്നേനെ..സ്വന്തം വീട്ടിൽ നിന്നോണ്ട് ആരെങ്കിലും പറയുമോടാ കുരങ്ങാ ഞാൻ വീട്ടിൽ പോകുമെന്ന് “

“ഫ്ലാറ്റിൽ പോകും എന്ന് പറയാമല്ലോ പറഞ്ഞോ ഇല്ലല്ലോ സ്നേഹം വേണമെടി സ്നേഹം. ഇതൊരു മാതിരി ചേമ്പിലയിലെ വെള്ളം പോലെ അങ്ങോട്ട് ഉരുണ്ട് ഇങ്ങോട്ട് ഉരുണ്ട്..ഒടുവിൽ താഴോട്ട് “

അവൾക്ക് ചിരി വന്നിട്ട് വയ്യ

“എന്നോട് തന്നെ പറയണം ട്ടോ. ഞാൻ ആയത് കൊണ്ടാണ് എന്നോർത്താ മതി. ഇന്നലെ എന്തായിരുന്നു പെർഫോമൻസ്?”

“നിന്നെ തൊട്ടാൽ ഞാൻ കൊ- ല്ലും. അതാരാണെങ്കിലും.അവനെ ഞാൻ ഇത്രയല്ലേ ചെയ്തുള്ളു. കത്തി അവൻ വീശിയ കൊണ്ടല്ലേ അവനെ തിരിച്ചു അറ്റാക് ചെയ്തത്? എന്റെ കയ്യിൽ കത്തി ഇല്ലായിരുന്നു. എന്നെ ആക്രമിച്ചാൽ  ഇനി അത് ആരാണെങ്കിലും അവൻ പിന്നെ ഫോട്ടോയാ “

കൃഷ്ണയ്ക്ക് ചിരിക്കണോ അവനിട്ടു ഒരിടി കൊടുക്കണോ എന്ന് അറിയാതെയായി

“ഈശ്വര ദേ..കൃഷ്ണൻ പറഞ്ഞിട്ടുള്ളത് എന്താ ന്ന് അറിയുമോ?”

“അറിയാം ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്ന്. പിന്നെ കുരുക്ഷേത്രയുദ്ധത്തിൽ അദ്ദേഹം ശരിക്കും അർജുന്റെ ഒപ്പം നിന്നില്ലേ? പിതാമഹനെ വധിക്കാൻ അർജുൻ മടിച്ചപ്പോൾ ഭഗവത് ഗീതയിലൂടെ റിഫ്രഷ് ചെയ്തു മോട്ടിവേറ്റ് ചെയ്ത കക്ഷിയാ അത്. എനിക്ക് ഒരു കൃഷ്ണയുണ്ട്. അർജുന്റെ സ്വന്തം കൃഷ്ണ.. അത് ചെയ്യരുത് ഇത് ചെയ്യരുത് പുണ്യം പാപം. എടി നി ഇങ്ങനെ de motivate ചെയ്യല്ലേ.  ഒന്നുല്ലങ്കിൽ ഈ പേരും വെച്ചോണ്ട് കുറച്ചു കൂടെ ഒരു പവർ കാണിക്ക്. പുള്ളിക്ക് നാണക്കേട് ഉണ്ടാക്കാൻ ഒരു പേര് “

കൃഷ്ണ കണ്ണ് മിഴിച്ചു പോയി

“ഒരു കൃഷ്ണ വന്നിരിക്കുന്നു ഭഗവാനെ പറയിപ്പിക്കാൻ “

കൃഷ്ണ തോറ്റു. അവൾക്ക് അവനെ നോക്കിയിരിക്കെ ചിരി വന്നു. ഇങ്ങനെ ഒരെണ്ണം

“അതേയ് നി ഇങ്ങോട്ട് ചേർന്ന് ഇരുന്നേ “

“ദേ ഇത് അമ്പലമാ കേട്ടോ “

“എടി ഭക്തിപരമായ ഒരു കാര്യത്തിനാ വാ “

അവൾ സംശയത്തോടെ ഒന്ന് നോക്കി
പിന്നെ ചേർന്ന് ഇരുന്നു. അവൻ അവളുടെ കൈ എടുത്തു പിടിച്ചു

“എന്തുണ്ടെങ്കിലും ഇനി എന്തൊക്ക സംഭവിച്ചാലും അപ്പുവേട്ടൻ എന്നെ എന്ത് പറഞ്ഞാലും ഞാൻ അപ്പുവേട്ടനെ ഇട്ടേച്ച് എന്റെ സ്വന്തം വീട്ടിൽ പോവില്ല. ഒരിടത്തും പോവില്ല. സത്യം സത്യം സത്യം. കൃഷ്ണനാണെ സത്യം “

അവൾ അവന്റെ മുഖത്തോട്ട് നോക്കി

“പറയ് “

“ഊഹും ഇല്ല. അങ്ങനെ ലൈസൻസ് എടുക്കണ്ട “

“മര്യാദക്ക് പറഞ്ഞോ. കൃഷ്ണൻ ഇവിടെ അടുത്ത് നിൽപ്പുണ്ട്. ഇത്രയും സ്നേഹം ഉള്ള ഒരു ചെറുക്കനെ നിനക്ക് എവിടെ കിട്ടും? എന്നെ ഇച്ചിരി എങ്കിലും സ്നേഹിക്കുന്നെങ്കിൽ പറ “

അവൾ ആ കണ്ണിലേക്കു നോക്കി

“എടി നിന്നെ എനിക്ക് പേടിയാ. സത്യം. എന്റെ മോള് പറ “

അവൾക്ക് സങ്കടം വന്നു. അവൾ ആ കൈ നെഞ്ചിൽ ചേർത്ത് വെച്ച് അത് മൂന്ന് തവണ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞു പോയിരുന്നു

“മോളെ…താങ്ക്സ്. എനിക്ക് അല്ലെ ഫ്രീ ആയിട്ട് നിന്നെ വഴക്ക് പറയാൻ പറ്റില്ല. ദേഷ്യപ്പെട്ടു സംസാരിക്കാൻ പറ്റില്ല. എനിക്ക് എല്ലാം വേണം. സ്നേഹം വഴക്ക് പിണക്കം പിന്നെ..”

കൃഷ്ണ നാണിച്ചു

“പറയണ്ട. തിരിച്ചു സത്യം ചെയ്യിക്കട്ടെ വയലൻസ് പാടില്ലന്ന് “

“അത് വേണ്ട..ദേഷ്യം വരുമ്പോൾ നി എന്ത് വേണേൽ പറഞ്ഞോ. എന്നെ അടിച്ചോ. വേണേൽ ഒരു ദിവസം പിണങ്ങിയിരുന്നോ. പക്ഷെ എന്റെ മുന്നിൽ ഉണ്ടാവണം എന്നും.”

അവൾ ആ മുഖത്ത് നിന്ന് നോട്ടം മാറ്റി

“കല്യാണം കഴിഞ്ഞു വീട്ടിൽ പോയില്ല ട്ടോ.”

“തിരിച്ചു ചെന്നിട്ട് പോകാം. ഒന്നിച്ചു പോകാം. ഉം?”

അവൾ പുഞ്ചിരിച്ചു

അവർ അവിടെ തന്നെ ഇരുന്നു

അത്താഴ പൂജ കഴിഞ്ഞു നട അടയ്ക്കും മുന്നേ പുറത്ത് ഇറങ്ങി. പരസ്പരം ചേർന്ന് കൈ കോർത്തു പിടിച്ചു നടക്കുമ്പോൾ പൊട്ടി വീണ പോലെ രാധിക മുന്നിൽ

“കൃഷ്ണ?”

“ഇന്നും ഡാൻസ് ഉണ്ടൊ രാധിക? അപ്പുവേട്ടാ ഇതാണ് കല്യാണത്തിന്റെ ഐഡിയ പറഞ്ഞു തന്ന കക്ഷി. ഞാൻ പറഞ്ഞിട്ടില്ലേ? “

“ഒരു വലിയ താങ്ക്സ് “

അർജുൻ പെട്ടെന്ന് പറഞ്ഞു
രാധിക പുഞ്ചിരിച്ചു

“നന്ദി ഒക്കെ അവിടെ കൊടുത്താ മതി. നടന്നുലോ. അത് തന്നെ സന്തോഷം “

“അമ്മ എവിടെ?”കൃഷ്ണ ചോദിച്ചു

“അമ്മ തൊഴുത് ഇറങ്ങിയില്ല. ഞാൻ വെറുതെ ഒന്ന് കറങ്ങി നടന്നതാ” അവൾ ചിരിച്ചു

“ഫോൺ നമ്പർ തരാമോ ഞാൻ ഇടക്ക്
വിളിക്കാം “

“എനിക്ക് ഫോണില്ല. ഞാൻ പോട്ടെ അമ്മ ദേ വന്നു.”

അവൾ നടക്കാൻ ഭാവിച്ചു പെട്ടെന്ന്  തിരിഞ്ഞു

“കൃഷ്ണ, അർജുൻ എന്ത് പറഞ്ഞാലും ഉപേക്ഷിച്ചു പോവരുത് ട്ടോ കൃഷ്ണന്റെ  മുന്നിൽ വെച്ച് സത്യം ചെയ്തതാണ്. പ്രണയിച്ച ആൾക്കൊപ്പം ജീവിതം കിട്ടുന്നത് മഹാഭാഗ്യമാ കൃഷ്ണ…”

ആ കണ്ണുകൾ നിറഞ്ഞുവോ?

കൃഷ്ണ സ്തബ്ദ്ധയായി

“അർജുനോട് ഞാൻ അത് പറയാത്തത് എന്തെന്നോ. അർജുൻ കൃഷ്ണ എന്ത് ചെയ്താലും ഉപേക്ഷിച്ചു പോവില്ല. കണ്ടാൽ അറിയാം. നല്ല സ്നേഹം ആണ്. അർജുനെ വിഷമിപ്പിക്കുന്നത് ഭഗവാന് ഇഷ്ടം അല്ല ട്ടോ..ഞാൻ പോട്ടെ “

അവൾ ഓടി പോയി

“അതെന്താ അങ്ങനെ പറഞ്ഞത് അപ്പുവേട്ടാ? “

“അതിന് വിവരം ഉള്ളത് കൊണ്ട്. ഇന്ന് കണ്ട ആ കൊച്ചിന് വരെ മനസിലായി അർജുന്റെ സ്നേഹം. ഈ പൊട്ടിക്ക് ഇത് വരെ മനസിലായിട്ടില്ല “

അവൻ നടന്നു

“അപ്പുവേട്ടാ ഒന്ന് നിന്നേ. ഞാൻ സത്യം ചെയ്തത് രാധിക എങ്ങനെ അറിഞ്ഞു.? ഇപ്പൊ നടന്നത്. ഞാൻ ആരോടും പറയാത്തത്. അതെങ്ങനെ അറിഞ്ഞു?”

അർജുനും അപ്പോഴാണ് അത് ഓർത്തത്

കൃഷ്ണ നിറഞ്ഞ കണ്ണുകളോടെ പെട്ടെന്ന് തിരിഞ്ഞു

അർജുന്റെ കണ്ണുകളും നിറഞ്ഞു പോയി

“അപ്പുവേട്ടാ അത് കൃഷ്ണന്റെ രാധയാണോ? അത് കൊണ്ടാണോ പ്രണയത്തിന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞത്. ഈശ്വര എനിക്ക് ഇതൊക്കെ പറഞ്ഞു തന്നത് ഭഗവാന്റെ രാധ ആണോ. അപ്പുവേട്ടാ? “

അവന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

കൃഷ്ണ തളർന്നു പോയ പോലെ ഗുരുവായൂർ അമ്പലനടയിലേക്ക് നോക്കി നിന്നു. അവളെ ചേർത്ത് പിടിച്ചു അവനും…

തുടരും….