എന്റെ പ്രിയപ്പെട്ടവൾ – മലയാളം നോവൽ, എഴുത്ത്: ഉണ്ണി കെ പാർത്ഥൻ അവസാന ഭാഗങ്ങൾ (25 മുതൽ)

ഭാഗം 26

“അമ്മ എന്നാണ് അച്ഛനെ അവസാനമായി കണ്ടത്..”

ട്രെയിനിലെ സീറ്റിൽ മീരയുടെ മടിയിൽ തലവെച്ചു കിടന്നു വായിക്കുകയായിരുന്ന ലച്ചു വായന നിർത്തി പെട്ടന്ന് മീരയോട് ചോദിച്ചു..മീരയുടെ ഹൃദയം ഒന്ന് പിടച്ചു..

“അമ്മയ്ക്ക് എന്നോട് ഇനിയും തുറന്നു പറയാൻ മടിയുണ്ടോ..എനിക്ക് എല്ലാം അറിയാം അമ്മാ..എന്നാലും..”

ലച്ചു എഴുന്നേറ്റ് മീരയുടെ തോളിലേക്ക് ചാരി…മീര ലച്ചുവിനെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു..

**********************

വർഷങ്ങൾ പുറകിലേക്ക്….

“ജീവിച്ചിരിപ്പുണ്ടോ ഏട്ടാ..അത് അറിഞ്ഞാൽ മതി..പ്ലീസ്…എനിക്ക് ഇങ്ങനെ പറ്റുന്നില്ല..” മീരയുടെ ചോദ്യം കേട്ട് വിധു മുഖം തിരിച്ചു..

“ഏടത്തി ഒന്ന് പറയോ..കല്യാണി എന്നോട് പറഞ്ഞു ലോ വ്യാസൻ ജീവനോടെ ഉണ്ടെന്ന്..ഒന്ന് പറയോ..” കൈ കൂപ്പി ഹരിതയെ നോക്കി മീര ചോദിച്ചു..ഒന്നും മിണ്ടാതെ ഹരിത വിധുവിനെ നോക്കി..വിധുവിന്റെ നോട്ടം കണ്ട് ഹരിത ഒന്നും മിണ്ടാതെ അകത്തേക്ക് തിരിഞ്ഞു നടന്നു..

“എന്നെ ഇനിയും ഭ്രാന്തിയാക്കാൻ ആണോ..മീര അലറി വിളിച്ചു..എനിക്ക് വ്യാസനെ കാണണം..എനിക്ക് വ്യാസനെ കാണണം..” മീര തല ചുമരിൽ ശക്തിയിൽ ഇടിച്ചു..

***********************

“ഏട്ടാ..” വിധുവിന്റെ നെറ്റിയിൽ തലോടി മീര മെല്ലെ വിളിച്ചു..വിധു മെല്ലെ കണ്ണുകൾ തുറന്നു..

“എന്തിനാ ഏട്ടാ..ഇങ്ങനെ..എന്നോട് ഉള്ള വാശി ആണോ ഏട്ടൻ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ..”.മീര വിതുമ്പി കൊണ്ട് ചോദിച്ചു..എങ്ങലടിച്ചു കൊണ്ട് പ്രഭയും, ഹരിതയും ചുമരിൽ ചാരി നിന്നു..

“ഡീ..”.ഹരിതയുടെ വിളി കേട്ട് മീര ഞെട്ടി..ഈ കാലമായിട്ടും..ഇങ്ങനെയുള്ള ഒരു വിളി ഹരിതയിൽ നിന്നും ഉണ്ടായിട്ടില്ല..

“ഇങ്ങനെ ഇനി നിന്റെ ഇഷ്ടത്തിനു ജീവിക്കാൻ കഴിയില്ല..ഇപ്പൊ ആലോചനയുമായി ഞങ്ങൾ മുന്നോട്ട് പോവുന്നു..നിന്റെ നല്ലത് ഓർത്ത് മാത്രം ആണ് ഇങ്ങനെ ഒരു തീരുമാനം ഇതിന് നീ എതിരു പറയരുത്..

നിന്റെ ഇഷ്ടത്തിനു ജീവിച്ചത് മതി..വർഷം രണ്ടായി നീ ഇങ്ങനെ നിന്റെ തോന്നിയത് പോലെ ജീവിക്കുന്നു..പ്രണയം, സ്നേഹം, അതെല്ലാം മിക്കവാറും എല്ലാർക്കും ഉണ്ടാവും..അതിന്റെ പേരിൽ ജീവിതം നശിപ്പിച്ചു കളയാൻ ഞങ്ങൾ സമ്മതിച്ചു തരില്ല..

നിന്റെ പിടിവാശിക്ക് മുന്നിൽ തോറ്റു പോയത് കൊണ്ടാണ് ഇങ്ങനെ നെഞ്ച് പൊട്ടി വീണു പോയത് ഈ മനുഷ്യൻ..പ്രായം അധികം ആയിട്ടില്ല ഞങ്ങൾക്ക് രണ്ടു പേർക്കും..വിധവയായി ഞാൻ ജീവിക്കണം എന്നുള്ളത് നിന്റെ വാശി ആണെങ്കിൽ അങ്ങനെ നടക്കട്ടെ..പക്ഷെ ഒന്ന് നീ ഓർത്തോ..

പ്രണയം..അത് തകർത്തു കളയുന്നത് നിന്റെ ജീവിതം മാത്രമല്ല..നിന്റെ ചുറ്റിനും നിന്നെ മാത്രം ആലോചിച്ചു ജീവിക്കുന്നവരെ നീ കാണാതെ പോകരുത്.

ശരിയാണ്..അവരവരുടെ സംതൃപ്തിയാണ് അവരുടെ ജീവിതം..പക്ഷെ..ഒന്ന് നീ ഓർത്ത് നോക്കുക..ഈ കാലമത്രയും..നീ ഹാപ്പി ആയിരുന്നു..കാരണം..ഞങ്ങൾ എല്ലാവരും നിന്നെ അത്രമേൽ സ്നേഹിച്ചിരുന്നു..ഇന്നും ആ സ്നേഹം അങ്ങനെ കൂടെയുണ്ട്..

ഒരിക്കലും ഇനി സ്വന്തമാകില്ല എന്ന് നമുക്ക് എല്ലാർക്കും ഉറപ്പുള്ള നിന്റെ പ്രണയം..നിന്റെ ഇഷ്ടം..അത് മറക്കണം നീ..ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി..നിനക്ക് വേണ്ടിയും.. ” ഹരിത മീരയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി..കുറച്ചു നേരത്തെ മൗനം..

“മോള് മറക്കണം എല്ലാം… ഞങ്ങൾക്ക് വേണ്ടി..” മീരയുടെ തോളിലേക്ക് ചാരി ഹരിത പറഞ്ഞു..

“എനിക്ക് എന്റെ ഏട്ടനെ ജീവനോടെ വേണം..സ്വപ്നങ്ങൾ കണ്ടു തുടങ്ങിയതേയുള്ളൂ ഞങ്ങൾ..അതിന്റെ വേരിൽ മോള് കത്തി വെച്ചു മുറിച്ചു കളയരുത്..ഇത് ഒരു ഭാര്യയുടെ അപേക്ഷയാണ്..മോള് കാരണം ഹൃദയം പൊട്ടി വീണു പോയ ഒരു മനുഷ്യന് വേണ്ടിയുള്ള യാജന യാണ്..ഇനി ഒരു അറ്റാക്ക് കൂടെ വരരുത് മോളെ..മോൾക്ക് മാത്രമായ് ജീവിക്കാതെ ഞങ്ങൾക്ക് എല്ലാർക്കും വേണ്ടി ഒന്ന് ജീവിക്കൂ ഇനിയുള്ള കാലം..”.ഹരിത പറഞ്ഞു നിർത്തിയതും മീര പൊട്ടിക്കരഞ്ഞു കൊണ്ട് ഹരിതയെ ചേർത്ത് പിടിച്ചു..

***********************

“അമ്മ അന്ന് സമ്മതിച്ചോ..വിവാഹത്തിന്..”.മീരയുടെ കവിളിൽ മെല്ലെ തലോടി കൊണ്ട് ലച്ചു ചോദിച്ചു..അലയടിച്ചു പിറകിലേക്ക് പോകുന്ന തീവണ്ടിയുടെ ശബ്ദം മീരയുടെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു..

“അമ്മ സമ്മതിച്ചോ..”

“മ്മ്..”.ഓർമ്മകളിൽ നിന്നും കുടഞ്ഞുണർന്ന മീര ലച്ചുവിനെ നോക്കി തലയാട്ടി..

“എത്ര നാൾ കഴിഞ്ഞായിരുന്നു വിവാഹം..”

“ഏട്ടൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി കഴിഞ്ഞതിന്റെ പതിനേഴാം നാൾ ആയിരുന്നു വിവാഹം..

ചിങ്ങത്തിലെ ഉത്രാടം..തിരുവോണത്തിന് തലേ ദിവസം..അന്നായിരുന്നു വിവാഹം..ഒരിക്കൽ വിവാഹം മുടങ്ങി പോയതിന്റെ ക്ഷീണം എല്ലാം ഏട്ടൻ അന്ന് തീർത്തു..”

“അമ്മ ഓക്കേ ആയിരുന്നോ വിവാഹത്തിന്..”

“അല്ല..”

“പിന്നെ..”

“കഴുത്ത് നീട്ടി കൊടുത്തു..അത്ര തന്നെ..”

“അമ്മയ്ക്ക് അച്ഛനെ ഇഷ്ടമല്ലായിരുന്നല്ലേ..”

“എന്തേ..അങ്ങനെ തോന്നാൻ..”

“ഏയ്‌ പലപ്പോഴും അമ്മയുടെ പെരുമാറ്റം..അത് കാണുമ്പോൾ തോന്നാറുണ്ട് ഇപ്പോളും..”

“അങ്ങനെയൊന്നും ഇല്ല..എല്ലായിടത്തും ഉള്ളത് പോലെ തന്നെ..ഇഷ്ടങ്ങളെ കുഴിച്ചു മൂടി മറ്റൊരുവന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാൻ ഒരിക്കലും ഹൃദയം സമ്മതിച്ചില്ല അതാണ് സത്യം..

പിന്നെ ആളും അത് അംഗീകരിച്ചു എന്നുള്ളതാണ് സത്യം..”

“എങ്ങനെ..”

“ഞാൻ ഒരാളിലേക്ക് മാത്രം ചുരുങ്ങി ജീവിച്ചത് കൊണ്ടാവും ഒരിക്കലും എനിക്ക് തിരിച്ചു കയറി വരാൻ കഴിയാതെ പോയത്..

പക്ഷെ..ആൾക്ക് ഒന്നിൽ മാത്രമായ് ചുരുങ്ങിയുള്ള ജീവിതം അല്ലായിരുന്നുവെന്നുള്ളത് വിവാഹം കഴിഞ്ഞു നാലാം നാൾ. തന്നെ ഞാൻ മനസിലാക്കി..”.മീരയുടെ വാക്കുകൾ കേട്ട് ലച്ചു ഒന്ന് പിടഞ്ഞു..

“അമ്മേ..”

“മിക്കവാറും നമ്മൾ പല കഥയിലും, സിനിമയിലും കണ്ട് മടുത്ത ഒരു കഥ തന്നെയായിരുന്നു അമ്മയുടെ പിന്നീടുള്ള ജീവിതം..

വീട്ടിലെ ജോലിക്കാരി മുതൽ..പാടത്തും, പറമ്പിലും കൂലി പണിക്കു വരുന്നവരെ പോലും പത്തായ പുരയിലേക്ക് വിളിച്ചു കൊണ്ട് പോകുന്നത് പകൽ വെളിച്ചത്തിൽ എത്ര വട്ടം ഞാൻ കണ്ടിട്ടുണ്ടന്ന് അറിയുമോ..പക്ഷെ..എനിക്ക് ഒന്നും തോന്നിയിട്ടില്ല..കാരണം..അതിനേക്കാൾ വലിയൊരു പാ.തകം ഞാൻ അയ്യാളോട് അതിന് മുന്നേ ചെയ്‌തിരുന്നു..

വിവഹം കഴിഞ്ഞു അഞ്ചാം ദിവസം ആണ് ആൾ എന്നെ പ്രാ. പിക്കാൻ വന്നത് ആ ദിവസം ഞാൻ അയ്യാളോട് പറഞ്ഞു..എന്റെ വ. യറ്റിൽ ഒരു ജീ. വനുണ്ടെന്ന്..”

“അമ്മേ..”.അലറി വിളിച്ചു കൊണ്ട് ലച്ചു ചാടി എഴുന്നേറ്റു..

“ഒച്ച വെക്കേണ്ട..പറയാൻ ഉള്ളത് മുഴുവനും പറഞ്ഞ് തീരും വരെ മിണ്ടാതിരിക്കണം..”.മീരയുടെ ശബ്ദം കനത്തു..

“അന്ന്..ആളുടെ കണ്ണിൽ കത്തിയ ഒരു നോട്ടം ഉണ്ട്..തന്നിലേക്ക് പടർന്നു കയറാൻ വന്ന ഒരു പുരുഷന്റെ ഹൃദയം തകർത്ത തോൽവി..അത് ഞാൻ ഒരു വട്ടമെ നോക്കിയുള്ളൂ..പിന്നെ പെട്ടന്ന് മുഖം തിരിച്ചു കളഞ്ഞു ഞാൻ..

ഒന്നും പറയാതെ ആ മുറി വിട്ട് പുറത്തിറങ്ങി പോയ അയ്യാൾ പിന്നെ തിരികെ വരുന്നത് രണ്ട് ദിവസം കഴിഞ്ഞാണ്..അയ്യാളുടെ വലതു കൈയിൽ മറ്റൊരുവളുടെ ഇടതു കൈ ഉണ്ടായിരുന്നു..നിനക്ക് ഓർമ കാണില്ല..വന്നു നാലാം പക്കം അവൾ വടക്കേ തൊടിയിലെ കുളത്തിൽ ച. ത്തു മ. ലച്ചു പൊന്തി..എങ്ങനെ മരി. ച്ചെന്നൊ..ഒന്നും ഒരു ചോദ്യം ഉണ്ടായില്ല..നീന്തൽ അറിയാത്ത അവൾ കുളിക്കാൻ ഇറങ്ങി കാല് വഴുതി വെള്ളത്തിൽ വീണു..
അങ്ങനെയായിരുന്നു എല്ലാരുടെയും മറുപടി..പിന്നീട് അയ്യാൾ ഒരിക്കൽ കൂടെ വന്നു എന്റെ അടുത്തേക്ക്..

അന്ന് വിധുവേട്ടനും കൂടെ ഉണ്ടായിരുന്നു..എന്റെ പേരിലെ വടക്കേ തൊടിയിലെ വീട് ആളുടെ പേരിൽ എഴുതി കൊടുക്കണം പോലും..എന്തോ ബിസിനസ്‌ തുടങ്ങാൻ ആണ് എന്നായിരുന്നു ഏട്ടനോട് പറഞ്ഞത്..

ഏട്ടന് ഒരിക്കലും അറിയില്ല ഞങ്ങളുടെ ജീവിതം ഇങ്ങനെയായിരുന്നുവെന്ന്..
എന്തിന് എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നു എന്ന് പോലും ആർക്കും അറിയില്ലായിരുന്നു..എല്ലാം വളരെ സന്തോഷത്തിൽ തന്നെ എന്ന് എല്ലാവരും വിചാരിച്ചു..

അങ്ങനെയായിരുന്നു ഞങ്ങൾ എല്ലാവരുടെ മുന്നിലും അഭിനയിച്ചത്..

പലപ്പോഴായി ആള് എന്റെ സ്വത്തുക്കൾ എഴുതി വാങ്ങി കൊണ്ടേ ഇരുന്നു..
ഓരോ വർഷവും ഓരോന്ന്..

പക്ഷെ..ഒന്നും അയ്യാൾ നശിപ്പിച്ചില്ല..എല്ലാം അതിനേക്കാൾ കൂടുതൽ നിലവാരം ഉള്ളതാക്കി തീർത്തു..”

“എങ്ങനെ അമ്മാ ഇങ്ങനെ..”

“അത് അയ്യാളോട് ചോദിക്കണം..ഒരൊറ്റ നിമിഷം കൊണ്ട് വേണേൽ അയ്യാൾ തകർന്നു പോകാൻ കഴിയുന്ന തരത്തിൽ ഉള്ള വാക്കുകൾ ആയിരുന്നു എന്റെ നാവിൽ നിന്ന് ഉണ്ടായത്..

ഒരിക്കലും ഒരു പുരുഷനും പൊറുക്കാൻ കഴിയാത്ത പ്രവർത്തി..പക്ഷെ..അവിടെയാണ് അയ്യാൾ അയ്യാളെ അറിയിച്ചു തന്നത്..”

“എങ്ങനെ..”

“നീ ഇത് അന്ന് പറഞ്ഞത് നന്നായി..ഒരു വട്ടം നിന്റെ ദേഹത്ത് തൊട്ട് കഴിഞ്ഞാണ് പറഞ്ഞതെങ്കിൽ ചിലപ്പോൾ പിറക്കാൻ പോകുന്ന കുഞ്ഞിന്റെ പിതൃത്വം ഞാൻ നിഷേധിക്കില്ലായിരുന്നുവെന്ന്..

അന്ന്..നീ പറഞ്ഞ വാക്കുകൾ..അത് ഞാൻ ആരായിരുന്നുവെന്നും..എന്ത് കൊണ്ടായിരുന്നു എനിക്ക് ഇങ്ങനെ ഒരു തിരിച്ചടി കിട്ടിയത് എന്നും എനിക്ക് കൃത്യമായി അറിയാം..കാരണം..കാലത്തിന് മറുപടി നൽകാതെ ഒരു വിധിയും മടങ്ങി പോയിട്ടില്ല..

അന്ന്..നിന്റെ ഇടതു ഭാഗത്തു മറ്റൊരുവളെ കൊണ്ട് നിർത്തി നിന്നെ തകർക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും..നിന്റെ ഹൃദയത്തിന് മുറിവ് പോയിട്ട് നിനക്ക് ഒരു തിരിച്ചറിവ് പോലും നൽകാൻ എനിക്ക് കഴിഞ്ഞില്ല..

ച. ത്തു മ. ലച്ചു പൊ. ന്തിയവളുടെ വ. യറ്റിലും ഉണ്ടായിരുന്നു..നിന്റെ വയറ്റിൽ വളരുന്ന അതെ പ്രായത്തിൽ ഉള്ള ഒരു ജീവൻ..പക്ഷെ..അത്  ഞാൻ അറിയാൻ വൈകി..എല്ലാം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടി കഴിഞ്ഞപ്പോൾ ആണ് ഞാനും അത് അറിഞ്ഞത്..

പക്ഷെ..അപ്പോഴേക്കും..എല്ലാം കഴിഞ്ഞു പോയിരുന്നു..നിന്റെ കഴുത്തിൽ താലി ചാർത്തിയതിനു പകരം അവളെ ഞാൻ താലി ചാർത്തിയിരുന്നുവെങ്കിൽ ഒരിക്കലും അവൾ എനിക്ക് നഷ്ടമാകില്ലായിരുന്നു..അയ്യാളുടെ വാക്കുകൾ…എന്നെ തള്ളിയിട്ടത്..വെ. ന്തു നീറുന്ന പച്ച മാം. സം തീ പിടിക്കാതെ കത്തുന്ന ഹൃദയത്തിന്റെ വേദനയിലേക്ക് ആയിരുന്നു..”.മീര കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി..

“ഇവരിൽ ആരാ എന്റെ അച്ഛൻ..”.ലച്ചുവിന്റെ ചോദ്യം കേട്ട് മീര ഒന്ന് വിറച്ചു

ഭാഗം 27

പാട വരമ്പത്തു കൂടെ നടന്ന് പടിപ്പുര വാതിൽ കടന്ന് മുറ്റത്തു വലതു കാൽ വെച്ചതും മീരയുടെ ശരീരം മൊത്തം ഒന്ന് വിറച്ചു..പെരു വിരലിൽ നിന്നും വിറയൽ ശരീരം മൊത്തം വ്യാപിക്കുന്നത് അറിഞ്ഞു..

ഒരിക്കൽ താൻ വലതു കാൽ വെച്ചു കയറി വരും എന്ന് സ്വപ്നം കണ്ട വീട്..തന്റെ സ്വപ്നങ്ങൾക്ക്..സന്തോഷങ്ങൾക്ക്..പ്രതീക്ഷകൾക്ക്..എല്ലാം വിപരീതമായി ഒടുവിൽ..ഈ മണ്ണിൽ കാല് കുത്തുമ്പോൾ..ഹൃദയത്തിൽ ഒരായിരം സൂചികൾ കുത്തി ഇറങ്ങി രക്തം പൊടിഞ്ഞു..വിണ്ടു കീറുന്ന വേദന അറിയുന്നു..ദൈവമേ..പ്രണയം ഇത്രമേൽ തീവ്രമായിരുന്നോ എന്റെയുള്ളിൽ…

വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും..നീറി നീറി പുകയുന്ന ചിതയായിരുന്നുവോ എന്റെ മനസ്..ഉള്ളിൽ തിരമാല കണക്കെ ആർത്തലച്ചു വരുന്ന സങ്കട പെരുമഴയെ ഞാൻ ഒന്ന് തുറന്നു വിട്ടോട്ടെ..കാലം..കാലമെത്രയായി..ഈ നെഞ്ചിൽ ഇങ്ങനെ നെരിപ്പോട് തീർത്ത വേദന ഹൃദയം പൊള്ളിക്കാൻ തുടങ്ങിയിട്ട്..”.മീര ഹൃദയം പൊട്ടി നിന്നു ആ മണ്ണിൽ നിശ്ചലമായി..

“അമ്മേ..”.ലച്ചുവിന്റെ വിളി കേട്ടാണ് മീര ഓർമയിൽ നിന്ന് ഉണർന്നത്..

“ആരാ..”.മുറ്റത്തേക്ക് ഇറങ്ങി..അവർക്ക് അരികിൽ വന്ന് നിന്ന് വിഭ ചോദിച്ചത് കേട്ട് മീര പിടഞ്ഞു..

“അമ്മ..”.മീരയുടെ ചുണ്ട് പതിയെ അനങ്ങി..

“ഇല്ല..പോയിട്ട് വർഷം മൂന്നായി…”.വിഭയുടെ ശബ്ദം നേർത്തു..പിന്നെ ഒന്നുടെ മീരയെ നോക്കി..

“ടീച്ചർ..”.വിഭയുടെ ശബ്ദം പിടഞ്ഞു..ഒരൊറ്റ നിമിഷം..വിഭ മീരയെ കെട്ടിപിടിച്ചു കവിളിൽ ചുണ്ടമർത്തി..

“ഒന്ന്..ഒന്ന് പറഞ്ഞു പൊയ്ക്കൂടായിരുന്നോ..ടീച്ചറെ..ഒരു മറുപടി പോലും നൽകാതെ..അന്ന് ഇവിടെ നിന്ന് ഇറങ്ങി പോകുമ്പോൾ കണ്ടതല്ലേ..പടിപ്പുര വരെ കൂടെ വന്നതല്ലേ ഞാൻ..അന്ന് പല വട്ടം തിരിഞ്ഞു നോക്കിയതല്ലേ ടീച്ചർ..ഒന്ന് വിളിച്ചൂടെ എന്ന് തിരിഞ്ഞു നിന്ന് ചോദിച്ചിട്ട് മറുപടിയ്ക്ക് കാത്തു നിൽക്കാതെ ചങ്ക് പൊട്ടി ഇറങ്ങി പോയതല്ലേ..”.മീരയുടെ കവിളിലും നെറ്റിയിലും, കണ്ണിലും തന്റെ ചുണ്ടുകൾ അമർത്തി വിഭ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു..

“എനിക്ക് ഒന്ന് കിടക്കണം മോളെ..”.മീരയുടെ മറുപടി കേട്ട് വിഭ നോക്കി..പിന്നെ മീരയുടെ കൈയിൽ പിടിച്ചു വരാന്തയിലേക്ക് കയറി…പിന്നാലെ ലച്ചുവും..

************************

“അമ്മ ഇവിടെ വന്നിട്ടുണ്ടോ..” ഉച്ചക്ക് ഊണ് കഴിച്ച് കഴിഞ്ഞ് മച്ചിൻ മുകളിലെ ചാരു കസേരയിൽ ഇരുന്ന് ലച്ചു ചോദിച്ചത് കേട്ട് വിഭ മുഖം തിരിച്ചു നോക്കി..

“അമ്മയെ കുറിച്ചു മോൾക്ക് എല്ലാം അറിയുമോ..”

“എല്ലാം അറിയുമോ ന്ന് ചോദിച്ചാൽ അറിയില്ല എന്ന് പറയാം..എന്നാലും ഏറെക്കുറെ അമ്മ പറഞ്ഞു എന്നാണ് എന്റെ വിശ്വാസം..”

“മ്മ്..”

“ആന്റിയുടെ കല്യാണം കഴിഞ്ഞോ..”

“ഉവ്വ് ലോ..ഭർത്താവ് ജിതിൻ വിദേശത്താണ്. രണ്ട് മക്കൾ ഉണ്ട്..രണ്ടാളും പഠിക്കുന്നു..മൂത്തവൾ മീനാക്ഷി..രണ്ടാമത്തവൾ ലക്ഷ്മി..”

“ഇളയ ആൾക്ക് എന്റെ പേര് ആണ്ലോ..”

“അതെ..ഞങ്ങൾ അവളെ ലച്ചു ന്നാ വിളിക്കുക..”

“എന്നേം..”.ലച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

“അച്ഛൻ..”.വിഭ ലച്ചുവിനെ നോക്കി ചോദിച്ചു..

“ബിസിനസ് ആണ്..ആള് ഫുൾ ടൈം ബിസി ആണ്..പൈസ ഉണ്ടാക്കാൻ ഉള്ള ഓട്ടം..ആർക്ക് വേണ്ടി ആണ് എന്ന് അറിയില്ല..ഇങ്ങനെ..”.ലച്ചു പാതിയിൽ നിർത്തി

“അമ്മ ഇവിടെ വന്നിട്ടുണ്ടോ..”.ലച്ചു വീണ്ടും ചോദിച്ചു..

“മ്മ്..”.വിഭ മൂളി..

“എന്ന്..എപ്പോ..എങ്ങനെ..” ലച്ചു ആകാംഷയോടെ വിഭയെ നോക്കി..

“മോള് അത് അമ്മയോട് തന്നെ ചോദിച്ചു നോക്കൂ ട്ടോ..”.പുഞ്ചിരിയോടെ ലച്ചുവിന്റെ കവിളിൽ തട്ടി വിഭ എഴുന്നേറ്റു തിരിഞ്ഞു നടന്നു..

“ആന്റി..”.ലച്ചുവിന്റെ വിളി കേട്ട് വിഭ തിരിഞ്ഞു..

“അച്ഛൻ എവടെ..”.നേർത്ത ശബ്ദത്തിൽ ലച്ചു ചോദിച്ചത് കേട്ട് വിഭ ഉലഞ്ഞു..ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു..

******************

“ഈ വീട്ടിൽ അമ്മ ജീവിക്കുന്നു..”.ലച്ചുവിന്റെ വാക്കുകൾ നെഞ്ചിലേക്ക് പെയ്തിറങ്ങിയത് വല്ലാത്തൊരു സുഖം തരുന്ന നോവായിരുന്നു മീരയ്ക്ക്..

“എന്തേ..അങ്ങനെ ഒരു..”.പാതിയിൽ നിർത്തി മീര കട്ടിലിൽ നിന്നും എഴുന്നേറ്റ് ലച്ചുവിന്റെ അടുത്ത് വന്നിരുന്നു..

“അറിയില്ല..അമ്മയുടെ ഗന്ധം..അമ്മയുടെ സാമിപ്യം..എല്ലാം ഇവിടെ എനിക്ക് അനുഭവിക്കാൻ കഴിയുന്നു..”

“മ്മ്..”

“അമ്മ ഇവിടെ വന്നിട്ടുണ്ട് അല്ലെ..ഈ വീട്ടിൽ അമ്മ മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടുണ്ട് അല്ലേ..”

“വിഭ മോളോട് എന്തെങ്കിലും പറഞ്ഞോ..”

“വന്നു കേറിയപ്പോ ആന്റി പറഞ്ഞത് ഞാൻ കേട്ടതല്ലേ..

പിന്നെ..എന്നോട് ചോദിച്ചു എന്നാ നാട്ടിൽ വന്നേന്ന്..

ഞാൻ പറഞ്ഞു രണ്ട് ദിവസം ആയി..അവിടെ തറവാട്ടിൽ ആയിരുന്നു..അമ്മയുടെ ആഗ്രഹമാണ് ഒന്ന് ഇവിടം വരെ പോണം എന്ന്..
സമ്മതിക്കണമെന്ന് പറഞ്ഞു ഞാൻ മുത്തശ്ശിയോട്..അമ്മാവനും, അമ്മായിയും കൂടെ നിന്നു..അത് കൊണ്ട് ഇന്ന് വെളുപ്പിന് അവിടന്ന് ഇറങ്ങിന്ന് പറഞ്ഞു..”

“വേറെ എന്തെങ്കിലും.ചോദിച്ചോ..”

“ഞാൻ ചോദിച്ചു..”

“എന്ത്..”

“അച്ഛൻ എവടെന്ന്..”

“എന്നിട്ട്..എന്നിട്ട് എന്ത് പറഞ്ഞു..”.മീരയുടെ ശബ്ദം വിറച്ചു..

“ഒന്നും പറഞ്ഞില്ല..”

“മ്മ്..”

“അമ്മാ..”

“മ്മ്..”

“അന്ന്..അമ്മ വന്നത് മുത്തശ്ശിയുടെയും, എല്ലാരുടെയും സമ്മതത്തോടെയാണോ..”

“അല്ല..”.പെട്ടന്നായിരുന്നു മീരയുടെ മറുപടി..

“പിന്നെ..”.ലച്ചുവിന്റെ ചോദ്യം..
മീരയുടെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക്..

*****************

മുറ്റത്തു വന്നു നിർത്തിയ കാറിന്റെ ഡോർ തുറന്നു പുറത്ത് ഇറങ്ങിയ ആളെ കണ്ട് ദേവി ഞെട്ടി..ദേവിക്ക് പിറകെ വന്ന വിഭയും അമ്പരന്ന് നിന്നു..

“അറിയില്ലേ എന്നെ..പിന്നെ എന്തിനാ ഇങ്ങനെ പകച്ചു നിൽക്കുന്നത് രണ്ടാളും..”.പുഞ്ചിരിച്ചു കൊണ്ടായിരിന്നു മീരയുടെ ചോദ്യം..

“വ്യാസൻ എവിടെ..എണീറ്റോ..”.അവരുടെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ മീര വലതു കാൽ എടുത്തു പടിയിൽ വെച്ചു..പിന്നെ അവരെ നോക്കി പുഞ്ചിരിച്ചു അകത്തേക്ക് കയറി..ഇടി വെട്ടിയത് പോലെ പകച്ചു നിൽക്കുന്ന ദേവിയും, വിഭയും..

“മോളെ..”.ദേവിയുടെ ശബ്ദം വല്ലാതെ നേർത്തിരുന്നു..മീര മെല്ലെ തിരിഞ്ഞു നിന്നു..

“മോളാണോ ഞാൻ..”.മീരയുടെ ശബ്ദം ഇടറി..

“അറിഞ്ഞില്ല..അറിയാൻ വൈകി എല്ലാം..”.ദേവി മീരയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..

“എല്ലാം നല്ലതിന്..അങ്ങനെ വിചാരിച്ച മതി..”

“മ്മ്..”

“എവിടെയോ പോകാനുള്ള ഒരുക്കത്തിൽ ആണോ..”

ദേവിയേയും, വിഭയേയും നോക്കി മീര ചോദിച്ചു..

“കോളേജിൽ പോണം മോൾടെ..”

“എങ്കിൽ പോയിട്ട് വാ..ഇവിടത്തെ കാര്യം ഞാൻ നോക്കാം..”.മീര പറഞ്ഞത് കേട്ട് ദേവി ഒന്ന് ശങ്കിച്ചു..

“അമ്മ പേടിക്കണ്ട..ഭ്രാന്ത് എല്ലാം മാറി..അത് വരുമ്പോൾ എനിക്ക് എന്നെ അറിയാം…ഇത് ബോധത്തോടെ തന്നെയാണ്..ഇന്ന് ഒരു ദിവസം ഞാൻ ഇവിടെ ഉണ്ടാവും..അമ്മയ്ക്ക് സമ്മതമാണോ..”

“മോളെ..വീട്ടിൽ പറഞ്ഞട്ട് ആണോ വന്നത്..”

“അല്ല..”

“അവർ പേടിക്കില്ലേ..”

“ഇല്ല..”

“വ്യാസൻ എവടെ..ഏതാ അവന്റെ മുറി..”.മീരയുടെ ചോദ്യം കേട്ട് ദേവി വിഭയെ നോക്കി..വിഭയുടെ നെഞ്ചിൽ ഒരു പിടച്ചിൽ ഉള്ളിൽ തികട്ടി വന്ന സങ്കടം..മീരയെ ഇടറുന്ന ഹൃദയത്തോടെ നോക്കി മുന്നോട്ട് നടന്നു..

“പറഞ്ഞാൽ മതി..ഞാൻ പൊയ്ക്കോളാം..പിന്നെ..ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..പോകുമ്പോൾ യാത്ര പറയാൻ വരണ്ട..ഉമ്മറ വാതിൽ ചാരിയിട്ട് ഇറങ്ങിക്കോ രണ്ടാളും..”.മീര ഒരു കൂസലുമില്ലാതെ പറഞ്ഞത് കേട്ട് ദേവിയുടെ ഉള്ളം പിടഞ്ഞു ..

“മുകളിലേക്ക് കയറി ഇടതു വശത്തെ രണ്ടാമത്തെ മുറി..”.വിഭയുടെ ശബ്ദം നേർത്തു..മീര മരത്തിന്റെ ഗോവണി കയറി പെട്ടന്ന് തിരിഞ്ഞു നിന്നു..

“വ്യാസൻ ഉണ്ടോ അവിടെ..അതോ വ്യാസന്റെ ഓർമ്മകൾ മാത്രമോ..”.മീരയുടെ ചോദ്യം കേട്ട് ദേവി ഒന്ന് തേങ്ങി..

“വേണ്ടാ..മറുപടി വേണ്ടാ..ഞാൻ പോയി നോക്കാം..”

ഉള്ളിൽ തികട്ടി വരുന്ന വിങ്ങൽ..അത് ശരീരം മൊത്തത്തിൽ പടർന്നു കയറന്നു..എന്റെ വ്യാസൻ..അവൻ ജീവനോടെയുണ്ടോ..അതോ..അവന്റെ ഓർമ്മകൾ മാത്രമോ..എന്റെ കണ്ണാ..എനിക്ക് എന്റെ വ്യാസനെ വേണം..കൈ വിടല്ലേ കൃഷ്ണാ.. “

ചങ്ക് പൊട്ടുന്ന വേദനയിൽ..മീര മുകളിൽ ചെന്നു..വിഭയുടെ ശബ്ദം മീരയുടെ ഹൃദയത്തിൽ ഒന്നുടെ അലയടിച്ചു..

“ഇടതു വശത്തെ രണ്ടാമത്തെ മുറി..”.മീര മെല്ലെ നടന്നു..ഒന്നാമത്തെ മുറി കടന്നു അല്പം മുന്നോട്ട് പോയി..രണ്ടാമത്തെ മുറിയുടെ വാതിലിനു മുന്നിൽ വന്ന് നിന്നു..

“എന്റെ കൃഷ്ണാ..എന്റെ മഹാദേവ..”.ഉള്ളുരുകി വിളിച്ച് അവൾ വാതിൽ തന്റെ വലതു കൈ കൊണ്ട് തള്ളി തുറന്നു..

ഭാഗം 28

“എന്റെ കൃഷ്ണാ..എന്റെ മഹാദേവ..”.ഉള്ളുരുകി വിളിച്ച് മീര വാതിൽ തന്റെ വലതു കൈ കൊണ്ട് തള്ളി തുറന്നു..

അകത്തു കയറിയതും മീരമുറിയുടെ ചുറ്റിനും നോക്കി..ശബ്ദം കേട്ട് കട്ടിലിൽ നിന്നും എഴുന്നേറ്റ വ്യാസനെ കണ്ട് മീര  പിടഞ്ഞു..വ്യാസൻ ഒരു നിമിഷം മീരയെ നോക്കി ഇരുന്നു..പരസ്പരം കണ്ണുകൾ കോർത്തു..

മീര മെല്ലെ തിരിഞ്ഞു നടന്നു വാതിലിനു അടുത്ത് വന്നു വ്യാസനെ ഒന്നുടെ തിരിഞ്ഞു നോക്കി..മിഴികൾ നിറഞ്ഞു തുളുമ്പുന്ന വ്യാസന്റെ മുഖം മീരയുടെ ഹൃദയം പൊള്ളിച്ചു..വാതിൽ അടച്ച് കുറ്റി ഇട്ട് അവൾ ഒറ്റ കുതിപ്പിന് വ്യാസന്റെ അടുത്തേക്ക് ഓടി ചെന്ന് ആ നെഞ്ചിലേക്ക് വീണു..കണ്ണിലും, കഴുത്തിലും, നെറ്റിയിലും, കവിളിലും തുരു തുരെ ഉമ്മകൾ കൊണ്ട് മൂടി..വ്യാസൻ മീരയെ വാരി പുണർന്നു..മീരയുടെ മുടിയിഴയിലൂടെ തന്റെ ഇടതു കൈ വിരലുകൾ കോർത്തു വലിച്ചു..പിന്നെ കഴുത്തിലേക്ക് അവന്റെ ചുണ്ടമർത്തി…

“മാപ്പ്..”

മീരയുടെ ചെവിയിൽ വ്യാസൻ പറഞ്ഞത് കേട്ട് മീര മുഖം ഉയർത്തി വ്യാസനെ നോക്കി..

“എന്തിന്..”

“കഴിഞ്ഞു പോയ നിന്റെ ഇന്നലെകളെ ഞാൻ അറിയാതെ പോയി..അന്ന് നിന്നെ കാണാൻ ആശ്രമത്തിൽ വന്നപ്പോൾ പിടി വിട്ട് പോയ എന്റെ മനസ്സിന്റെ താളം തിരിച്ചു പിടിച്ചതും..വീണു പോയ ഞാൻ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നതും..ഈ ഒരു വാക്ക് നിന്നോട് പറയാൻ വേണ്ടി മാത്രമായിരുന്നു..വ്യാസൻ മീരയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..

“ഇപ്പൊ വരാം..”.മീര വ്യാസന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി മുന്നോട്ട് നടന്നു വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ദേവിയേയും, വിഭയെയും നോക്കി പുഞ്ചിരിച്ചു..വിളറിയ ചിരിയോടെ അവർ മീരയെ നോക്കി..

“ഞാൻ താഴേക്ക് വരാൻ ഇരുന്നതാണ്..അമ്മയെയും, വിഭയേയും കാണാൻ..”

“എന്തേ..”.എന്നുള്ള ഭാവത്തിൽ ഇരുവരും മീരയെ നോക്കി..

“കോളേജിൽ പോയി വാ..എനിക്ക് വ്യാസനോട്‌ സംസാരിക്കാൻ ഉണ്ട്..വ്യാസന് എന്നോടും..പേടിയുണ്ടോ ഞാൻ കൂടെ നിൽക്കുന്നത് കൊണ്ട്..”.മീരയുടെ ചോദ്യം കേട്ട് ദേവി വിഭയെ നോക്കി..ഒന്നും പറയാതെ രണ്ട് പേരും ഗോവണി ഇറങ്ങി താഴേക്ക് പോയി..

“വാതിൽ പുറത്ത് നിന്ന് അടച്ചേക്കണം..യാത്ര പറയാൻ ഇനി വരേണ്ട ട്ടാ..”.പിന്നിൽ നിന്നും മീര വിളിച്ചു പറഞ്ഞത് കേട്ട് ദേവി പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി..പിന്നെ വിഭയുടെ തോളിൽ കൈ ഇട്ട് മുന്നോട്ട് നടന്നു..

“ഇന്ന് അവരുടെ ദിവസം..പറയാൻ ഉള്ളതും..കേൾക്കാൻ ഉള്ളതും പറഞ്ഞും, കേട്ടും തീരട്ടെ..അല്ലെ മോളെ..”.ദേവിയുടെ വാക്കുകൾ കേട്ട് വിഭ തലയാട്ടി..

***********************

“ഓർമ്മ ഉണ്ടായോ എന്നെ..” വ്യാസന്റെ നെഞ്ചിൽ കിടന്നു മീര അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..

“ഓർമ്മയിൽ നീ മാത്രമായിരുന്നു..തളർന്നു വീണു പോയ നേരം നീ എന്റെ നെഞ്ചിൽ കിടന്നു അലറി വിളിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..കൈകൾ ഉയർത്തി നിന്നെ വാരി പുണരണമെന്ന് ഉണ്ടായിരുന്നു..കണ്ണിലും, കവിളിലും, നെറ്റിയിലും ഉമ്മകൾ കൊണ്ട് മൂടണം എന്നുണ്ടായിരുന്നു..പക്ഷെ..തളർന്നു പോയ ഞാൻ..അനക്കമില്ലാതെ, ബോധം കെട്ട് മരണത്തിനെ പുൽകാൻ തുടങ്ങിയ നേരം..ഒരു വട്ടം കൂടെ നീ അലറി വിളിച്ചു..

വ്യാസാ..എനിക്ക് നീ ഇല്ലാണ്ട് പറ്റില്ല ഡാ..എന്നെ ഒറ്റയ്ക്ക് ആക്കി നീ പോകല്ലേ ഡാ..എന്നെ ഒന്ന് വിളിക്കോ..ഉച്ചത്തിൽ ഒന്ന് വിളിക്കോകുഞ്ചു ന്ന്..ഡാ..ഡാ..ഡാ..

ഈ വാക്കുകൾ..ഇന്നും ഈ ചെവിയിൽ എനിക്ക് കേൾക്കാൻ കഴിയുന്നു പെണ്ണെ..മീരയുടെ നെറ്റിയിൽ ചുണ്ടമർത്തി വ്യാസൻ..മീര ഒന്ന് തേങ്ങി..ഒന്നൂടെ വ്യാസന്റെ നെഞ്ചിലേക്ക് പൂണ്ടു..

“ഡാ..”

“മ്മ്..” മീരയെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കി കൊണ്ട് വ്യാസൻ മൂളി..

“നീ വീണു പോയപ്പോൾ ഞാനും വന്നില്ലലോ നിന്നെ കാണാൻ..ദേഷ്യം ഇല്ലേ നിനക്ക് എന്നോട്..” മീരയുടെ ശബ്ദം ഇടറി..

“ഇല്ല ഡീ..

അന്ന് അവിടെ നിന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ എനിക്ക് നല്ല ഉറപ്പ് ഉണ്ടായിരുന്നു ഞാൻ തിരിച്ചു വരുമെന്ന്..പക്ഷെ..ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഒരുപാട് മാസങ്ങൾ എടുത്തു എന്നുള്ളതാണ് സത്യം..

അന്ന് വിദഗ്ദ ചികിത്സയ്ക്ക് വേണ്ടി എന്നെ കൊണ്ട് പോയത് ബാംഗ്ലൂർ ആയിരുന്നു..ഞാൻ എവടെയാണ് എന്ന് ആർക്കും അറിയില്ലായിരുന്നു പിന്നെ എന്തിനാ എനിക്ക് പരാതി..”

‘”ഞാൻ ഒരുപാട് ചോദിച്ചു ഏട്ടനോട്..ഒരിക്കൽ കല്യാണി എന്നോട് പറഞ്ഞു നീ ജീവനോടെ ഉണ്ടെന്ന്..ഞാൻ കരുതി അത് അവൾ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ആണെന്ന്..

വീട്ടിൽ ഞാൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി..നിന്നെ കാണണം എന്ന് പറഞ്ഞ്..പക്ഷെ ആർക്കും ഒന്നും അറിയില്ല എന്നുള്ള മറുപടി ആയിരുന്നു എനിക്ക് കിട്ടിയത്..

ഒരിക്കലും പിന്നീട് എന്റെ മനസ്സിന്റെ താളം തെറ്റിയില്ല ഡാ..നീ വരുമ്പോൾ ഞാൻ ബോധത്തോടെ വേണ്ടേ..ഇല്ലേ നീ വരുമ്പോൾ ഞാൻ നിന്നെ അറിയാതെ പോയാൽ നിനക്ക് സങ്കടം വരില്ലേ..പൊട്ടി കരയില്ലേ നീ എന്നെ നോക്കി..അപ്പൊ എനിക്ക് നിന്നെ കെട്ടിപിടിച്ചു കരയാൻ കഴിയില്ലലോ..എന്റെ മുഖം നിന്റെ കവിളിൽ ചേർക്കാൻ കഴിയില്ല ലോ..അത് കൊണ്ട് ഞാൻ എന്റെ മനസ്സിന്റെ താളം തെറ്റാതെ പിടിച്ചു നിന്നു ഡാ ഞാൻ.. “.വ്യാസന്റെ നെഞ്ചിലേക്ക് തന്റെ ഇടതു കൈ വിരലുകളുടെ നഖം ആഴ്ത്തി കൊണ്ട് മീര തേങ്ങി..

“മ്മ്..” വ്യാസൻ മെല്ലെ മൂളി..

“ഡാ..”

“മ്മ്..”

“എന്തായിരുന്നു നിനക്ക്..”

“ഒന്നുല്ല ന്നെ..ഒരു തരം വിഭ്രാന്തി..അത് പെട്ടന്ന് അതിന്റെ ഉന്നതിയിൽ എത്തി..മനസും, ശരീരവും ഒരുമിച്ചു തളർന്നു..ഞാൻ വീണു..ഒടുവിൽ ഭ്രാന്ത് എന്നുള്ള വിളിപ്പേരി ലേക്ക് മാറി..ഇന്നും ഞാൻ ഒരു ഭ്രാന്തൻ ആണ് പെണ്ണെ..
ഇടയ്ക്ക് ഇടയ്ക്ക് ഞാനും പോകും നീ മാത്രമുള്ള എന്റെ ലോകത്തേക്ക്..അവിടെ..ഞാനും, നീയും മാത്രം..ഒരാഴ്ച മുന്നേയും ഞാൻ പോയിരുന്നു നമ്മുടെ ലോകത്തിലേക്ക്..ഇനിയും ഇടയ്ക്ക് ഞാൻ പോകും..സ്നേഹം..അത് ഒരു തരം ഭ്രാന്ത് തന്നെയാണ്..കൈ വിട്ട് പോകുന്നു എന്ന് തോന്നുമ്പോൾ മാത്രം ഭ്രാന്ത് പിടിക്കുന്ന സ്നേഹം..അത് വല്ലാത്ത ഒരു അനുഭവമാണ്..ഞാനും നീയും അത് അനുഭവിച്ചു എന്നുള്ളതാണ് സത്യം..

എന്റെ ഭ്രാ. ന്തൻ ദിവസങ്ങളിൽ നീ എന്റെ ഭാര്യയാണ്..എന്നും നീ എന്റെ മുന്നിൽ വരും..ഓരോ നിമിഷവും നിന്റെ ഓർമ്മകൾ മാത്രമായ് അങ്ങനെ ഭ്രാ. ന്ത് പൂത്തു ഞാനും നീയും..നമ്മുടെ ലോകവും..”

വ്യാസന്റെ വാക്കുകൾ കേട്ട് മീര പിടഞ്ഞു..അവൾ വേഗം അവനിൽ നിന്നും അടർന്നു മാറി..

“എഴുന്നേൽക്ക്..”

വ്യാസന്റെ കൈ പിടിച്ചു വലിച്ചു മീര വ്യാസൻ കട്ടിലിൽ നിന്നും എഴുന്നേറ്റു..മീര മേശ പുറത്ത് വെച്ച അവളുടെ ബാഗിന്റെ സിബ് തുറന്നു..അതിൽ നിന്നും ഒരു ചെപ്പ് എടുത്തു തുറന്നു..

“നീ എന്റെ കഴുത്തിൽ താലി കെട്ടണം ഈ നിമിഷം..”.ചെപ്പിൽ നിന്നും പുറത്ത് എടുത്ത താലി മാല വ്യാസന്റെ നേർക്ക് നീട്ടി പറഞ്ഞ മീരയുടെ ശബ്ദം വ്യാസന്റെ കാതുകളിൽ ആഞ്ഞു പതിച്ചു..

മറ്റൊരു ചെപ്പ് കൂടെ അവൾ എടുത്തു വ്യാസന്റെ നേർക്ക് നീട്ടി..അതിൽ സിന്ദൂരമായിരുന്നു..

വ്യാസൻ മീരയുടെ കൈയിൽ നിന്നും താലി മാല വാങ്ങി ഒരു നിമിഷം കണ്ണടച്ച് നിന്നു..പിന്നെ മീരയുടെ കഴുത്തിൽ വ്യാസൻ താലി ചാർത്തി..മീരയുടെ ശരീരം വെട്ടി വിറച്ചു..വ്യാസൻ സിന്ദൂരം മീരയുടെ നെറ്റിയിൽ ചാർത്തി..പിന്നെ പതിയെ നെറുകയിൽ ചുംബിച്ചു..മീരയുടെ കാലിന്റെപെരു വിരലുകൾ ഒരു നിമിഷം ഒരുമിച്ചു പൊന്തി..കണ്ണുകൾ കൂമ്പി അടഞ്ഞു..

വ്യാസന്റെ ചുണ്ടുകൾ മീരയുടെ ചുണ്ടിലേക്ക് ചേർന്നു..മീര വ്യാസനെ ഒന്ന് നോക്കി..വ്യാസൻ ഇരു കൈകൾ കൊണ്ടും അവളെ എടുത്തുയർത്തി ബെഡിലേക്ക് നടന്നു..പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യാൻ തുടങ്ങിയിരുന്നു..

**********************

“അമ്മേ..”.ലച്ചു മെല്ലെ മീരയുടെ കൈയിൽ പിടിച്ചു.

“മ്മ്..ഇനി ഞാൻ പറയണോ മോളുടെ അച്ഛൻ ആരാണെന്ന്..” ലച്ചുവിന്റെ കൈയിൽ പിടിച്ച് നേർത്ത ശബ്ദത്തിൽ മീര പറഞ്ഞു..

“അമ്മാ..”.മീരയുടെ നെഞ്ചിലേക്ക് വീണു ലച്ചു..

“എന്തെ..എന്നിട്ട് നിങ്ങൾ പിരിഞ്ഞു..”

“നിന്റെ അമ്മാവന്റെ പിടി വാശി..ഞങ്ങൾ ആരും കാണാത്ത ഒരു മുഖം നിന്റെ അമ്മാവന് ഉണ്ടായിരുന്നുവെന്ന് ഞങൾ എല്ലാരും അറിഞ്ഞത് ഒരുപാട് വൈകി ആണ്..”

“അമ്മാവനോ..”

“മ്മ്..ഞാനും വ്യാസനും പിന്നീട് പലവട്ടം കണ്ടു..എല്ലാം ആ വീട്ടിൽ തന്നെയായിരുന്നു..

രാവിലെ വീട്ടിൽ നിന്നും അമ്പലത്തിൽ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങും ഞാൻ..നേരെ വ്യാസന്റെ അടുത്ത് വരും..അവനു വേണ്ടത് ഉണ്ടാക്കി കൊടുക്കും..ജീവിതം അങ്ങനെ വീണ്ടും മുന്നോട്ട്..പക്ഷെ..ഇതിനിടയിൽ ഏട്ടൻ എങ്ങനെയോ ഞങ്ങളുടെ ബന്ധം അറിഞ്ഞു..

പണ്ട് ഇഷ്ടം ആയിരുന്ന ഏട്ടന് പിന്നീട് വ്യാസനോട്‌ താല്പര്യമില്ലായിരുന്നു..കാരണമായി ഏട്ടൻ പറഞ്ഞത് വ്യാസന്റെ അസുഖം ആയിരുന്നു..ഞാൻ പറഞ്ഞു എനിക്കും. ആ അസുഖം തന്നെയാണ് ഞാൻ കെട്ടുന്നേൽ വ്യാസനെയെ കെട്ടൂ എന്ന്..

ഞങ്ങളുടെ വിവാഹം കഴിഞ്ഞു..ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരെ പോലെ ആണ് ജീവിതം എന്നും പറഞ്ഞു..അമ്മയ്ക്കും, ഹരിതേച്ചിക്കും സമ്മതം ആയിരുന്നു..ഏട്ടൻ ചുട്ടയ്ക്ക് സമ്മതിച്ചില്ല..ഏട്ടൻ ഒരു ആലോചന കൊണ്ട് വന്നു..ഇയ്യാളെ..കാണാൻ സുന്ദരൻ, വലിയ തറവാട്..എല്ലാം കൊണ്ടും നല്ല ബന്ധം..അതായിരുന്നു ഏട്ടൻ പറഞ്ഞത് മാത്രമല്ല വിവാഹം കഴിഞ്ഞ പിന്നെ ആ നാട്ടിൽ ഉണ്ടാവില്ല എന്നെയും കൊണ്ട് പറക്കും എന്ന്..

ഞാൻ സമ്മതിച്ചില്ല..ഞാൻ വീട്ടിൽ നിന്നും ഇറങ്ങി..വ്യാസന്റെ അടുത്ത് വന്നു..പക്ഷെ..ആ ദിവസങ്ങളിൽ വ്യാസൻ അവന്റെ സ്വന്തം സുഖമെന്ന വികാരത്തിനെ കൂട്ട് പിടിച്ച ദിവസങ്ങൾ..ഒരുപാട് കരഞ്ഞു ഞാൻ പറഞ്ഞു അവന്റെ നെഞ്ചിൽ കിടന്ന്..ഒന്നും ഓർമ്മയില്ലാതെ എന്നെ കെട്ടിപിടിച്ചു കിടന്നു അവൻ..

അന്ന് ഏട്ടൻ വ്യാസന്റെ വീട്ടിൽ വന്നു..വലിയ പ്രശ്നം ആയി..വ്യാസനെ അടിച്ചു..ഒന്നും അറിയാത്ത ആ പാവം ഒരുപാട് തല്ല് കൊണ്ടു..എന്നിട്ടും ആ മുഖത്ത് എന്നെ നോക്കിയുള്ള പുഞ്ചിരി മാത്രം..അലറി വിളിച്ചു കൊണ്ട് അമ്മയും, വിഭയും അവരെ തടയാൻ നോക്കി..എന്നെ പിടിച്ചു വലിച്ചു ഇറക്കി കൊണ്ട് പോയി അവരുടെ മുന്നിൽ നിന്നും..

“മീരേ..എന്നുള്ള ഒരു അലറി കരച്ചിൽ കേട്ട് ഞാൻ തിരിഞ്ഞു നോക്കി..എന്നെ കൂടെ കൊണ്ട് പോകാൻ പറ എന്നുള്ള അലറി വിളി..ഞാൻ കുതറി വ്യാസന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും ആരോ എന്നെ വായുവിൽ എടുത്തുയർത്തിയത് മാത്രം ഓർമ്മ..പിന്നെ എനിക്ക് ഓർമ്മ വരുമ്പോൾ ഞാൻ വീട്ടിലെ എന്റെ മുറിയിൽ ആണ്..

പിന്നീട് എപ്പോളോ അറിഞ്ഞു ഏട്ടൻ ഹോസ്പിറ്റലിൽ ആണ് എന്ന്..സൂ. യി. സൈ. ഡ് ചെയ്യാൻ ആയിരുന്നു എന്ന് പിന്നീട് അറിഞ്ഞു…ഞാൻ ഹോസ്പിറ്റലിൽ ചെന്നു..അന്ന് അവിടെ വെച്ചു ഏടത്തിയമ്മ എന്നെ ഒരുപാട് ചീ. ത്ത പറഞ്ഞു..നീ കാരണം ആണ് ഇങ്ങനെ എന്നും..ഇനി ആൾ മരിച്ചു കിട്ടുന്ന സുഖം തേടി വേണോ നിനക്ക് ജീവിക്കാൻ എന്നൊക്കെ ചോദിച്ചു..ഒടുവിൽ അമ്മ പോലും ഏട്ടനു വേണ്ടി മുന്നോട്ട് വന്നു..ഞാൻ ഒരിക്കൽ കൂടെ അവരുടെ കാല് പിടിച്ചു പറഞ്ഞു നോക്കി..ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് എല്ലാം പറഞ്ഞു..പക്ഷെ സമ്മതിച്ചില്ല..ഒടുവിൽ എല്ലാരുടെയും കണ്ണീരിനു മുൻപിൽ ഞാൻ അയ്യാൾക്ക് മുന്നിൽ തല താഴ്ത്തി കൊടുത്തു..

ആ നാട് കണ്ട ഏറ്റവും വലിയൊരു വിവാഹം..അയ്യാൾക്ക് വേണ്ടത് എന്നെ ആയിരുന്നില്ല അയ്യാളുടെ ബിസിനസിന് പറ്റുന്ന ഒരു പാർട്ട്ണറെ ആയിരുന്നു..അത് അയ്യാൾ ഏട്ടനിൽ കണ്ടു..ഏട്ടന് സ്വപ്നം പോലും കാണാൻ കഴിയാത്ത ഓഫർ..കണ്ണായ ഭൂമിയും അനിയത്തിയും അയ്യാൾക്ക് കൊടുത്താൽ അയ്യാളുടെ ഭീമമായ ബിസിനസിൽ ഏട്ടനും പാർട്ട്‌ണർ..

സിനിമയിലും, കഥയിലും കാണുന്ന പോലുള്ള ഒരു ജീവിതം..വിവാഹം കഴിഞ്ഞു അയ്യാൾ എന്നെ പ്രാപിക്കാൻ വന്നപ്പോൾ എന്റെ വയറ്റിൽ നിനക്ക് ഒന്നര മാസം വളർച്ചയുണ്ടായിരുന്നു…പിന്നെ ഞാൻ പറഞ്ഞത് പോലെ ആയിരുന്നു ജീവിതം..ഇന്നും ആ ജീവിതം ആടി തീർക്കുന്നു..” മീര പറഞ്ഞു നിർത്തി..

“അമ്മ ഇനി തിരിച്ചു പോകുന്നുണ്ടോ..”

“പിന്നെ..പോകാതെ.. അയ്യാൾ സമൂഹത്തിൽ അറിയപ്പെടുന്ന ഒരാൾ അല്ലെ..അയ്യാൾക്ക് ഇങ്ങനെ പേരിനു ഒരു ഭാര്യയും മകളും വേണ്ടേ..”

“അമ്മേ..” ലച്ചു മീരയുടെ കൈയിൽ പിടിച്ചു..

*************************
അന്ന് രാത്രി..

“ഞാൻ ചേച്ചി ന്ന് വിളിക്കട്ടെ..”.ലച്ചു വിഭയുടെ മടിയിലേക്ക് കിടന്നു ചോദിച്ചു..

“സ്ഥാനം വെച്ച് ഞാൻ നിനക്ക് അമ്മായി ആണ്..എന്നാലും കുഴപ്പമില്ല നീ ചേച്ചിന്ന് വിളിച്ചോ..”

“ചേച്ചിയമ്മ..അങ്ങനെ മതി ല്ലേ..” ലച്ചു വിഭയുടെ മടിയിലേക്ക് പൂണ്ടു..

ഈ നിമിഷം ഉമ്മറത്തു വന്നു നിർത്തിയ കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ലച്ചു ചാടി പിടഞ്ഞു എഴുന്നേറ്റു..

“അച്ഛൻ..”.ലച്ചു ഓടി ചെന്ന് വ്യാസനെ കെട്ടിപിടിച്ചു..

വ്യാസൻ ഒന്ന് പതറി..ലച്ചുവിനെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് ഇരിക്കുന്ന നേരം ഉമ്മറ പടിയിൽ രണ്ടു കൈയ്യും കെട്ടി നിൽക്കുന്ന ആളെ കണ്ട് വ്യാസൻ ഞെട്ടി..ഒരു നിമിഷം മീരയേയും ലച്ചുവിനെയും മാറി മാറി നോക്കി..പിന്നെ ലച്ചുവിനെ ചേർത്ത് പിടിച്ചു..കവിളിൽ തന്റെ ചുണ്ടമർത്തി..

*************************

“നീ എന്നും സെൽഫിഷ് ആയിരുന്നു മീരാ..” മച്ചിൻ മുകളിലെ ചാരു കസേരയിൽ കിടന്നു കൊണ്ട് വ്യാസൻ പറഞ്ഞത് കേട്ട് മീര പിടഞ്ഞു..

“എന്തേ…അങ്ങനെ ഒരു ചിന്ത..”

“എന്നും ഞാൻ നിനക്ക് ഒരു ഓപ്ഷൻ മാത്രം ആയിരുന്നു..എപ്പോൾ വേണേൽ ഓടി എത്താൻ കഴിയുന്ന ഒരു ഓപ്ഷൻ..

നിന്റെ സന്തോഷങ്ങൾക്ക്..നിന്റെ സ്വപ്നങ്ങൾക്ക് ഒന്നിനും നിറം നൽകാൻ കഴിയുന്ന ഒരാൾ ആയിരുന്നില്ല ഞാൻ നിനക്ക്..പക്ഷെ..നിനക്ക് എന്നെ ഭ്രാ. ന്തായിരുന്നു..ആ ഭ്രാ. ന്ത്..അത് പലപ്പോഴും നിന്നെ വാശിക്കാരിയാക്കി..ഒന്ന് പിണങ്ങിയാൽ..ഒന്ന് ഒച്ച വെച്ചാൽ..ഇറങ്ങി പോയി ഒറ്റയ്ക്ക് എന്നെ നിർത്താൻ നിനക്ക് എന്നും എളുപ്പമായിരുന്നു..ശരിയല്ലേ..” വ്യാസൻ മെല്ലെ ചോദിച്ചു..

“അറിയില്ല..”

“എനിക്ക് ഇന്നലെകളിലെ എല്ലാം ഓർമ്മയുണ്ട് മീര…എന്നോട് ഉള്ള ദേഷ്യം കൊണ്ട് ഇറങ്ങി പോയി വേറെ വിവാഹത്തിനു സമ്മതിച്ചത്..ഒടുവിൽ അവന്റ വാക്കുകൾ നിനക്ക് ബാധ്യത ആവുന്നു എന്ന് തോന്നിയ നിമിഷം നീ ഇറങ്ങി നടന്നു..ഓടി തിരികെ നീ എന്റെ അടുത്ത് വന്നു..അതിന് ശേഷം വീണ്ടും നമ്മൾ ഒന്നായത് മാസങ്ങൾക്ക് ശേഷം ആണ്..പിന്നീട് ഞാൻ എല്ലാം അറിഞ്ഞു തുടങ്ങിയ നേരം നിന്നെ തേടി ഞാൻ വന്നു..അന്ന് നഷ്ടമായത് എന്റെ ഓർമ്മകൾ മാത്രം അല്ല..നീ എന്ന സ്വപ്നം കൂടെ ആയിരുന്നു..അതിന് ശേഷവും നീ വന്നു..വീണ്ടും ഞാൻ നിന്നിലേക്ക് വന്നു..പിന്നെയും നീ എന്നെ തനിച്ചാക്കി പോയി..ഇപ്പോൾ ദാ വീണ്ടും എന്റെ മുന്നിൽ. ഇന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ് നിന്നെയും..നമ്മുടെ മോളെയും..നിനക്ക് ഇനി എന്റെ കൂടെ ജീവിച്ചു കൂടെ..ഒരുമിച്ചു..ഞാനും..നീയും..നമ്മുടെ മോളും..

വർഷം ഇത്ര കഴിഞ്ഞാലും നീ അല്ലാതെ വേറെ ഒരു പെണ്ണ് എന്റെ മനസിൽ ഇല്ല മീരാ..നിനക്ക് വേണ്ടി ആയിരുന്നു ഞാൻ ഇത്രയും കാത്തിരുന്നത്..ഇനി നീ എന്റെ കൂടെ ജീവിക്കണം..” വ്യാസൻ മെല്ലെ പറഞ്ഞു നിർത്തി..

“ഇല്ല..എനിക്ക് തിരിച്ചു പോണം..ഞാൻ മോളെ ഇവിടെ കൊണ്ട് വിടാൻ വന്നതാണ്..ഇനി ഒരിക്കലും നമ്മൾ കാണില്ല..”

ചാട്ടുളി പോലെ മീരയുടെ വാക്കുകൾ വ്യാസന്റെ ഹൃദയത്തിൽ തറച്ചു..വല്ലാത്തൊരു ദൈന്യത നിറഞ്ഞ നോട്ടം..വ്യാസന്റെ മുഖം കണ്ട് മീരയുടെ ഉള്ളം ഒരു നിമിഷം പൊള്ളി..ആ നീറ്റൽ വകവെയ്ക്കാതെ അവൾ തിരിഞ്ഞു നടന്നു..

*******************************

“ഇറങ്ങട്ടെ..” വിഭയുടെ കൈയിൽ പിടിച്ചു മീര പറഞ്ഞു..

“മ്മ്..” വിമ്മി പൊട്ടി കൊണ്ട് വിഭ മൂളി..

“അമ്മ ഇറങ്ങുന്നു ലച്ചൂ..” ലച്ചുവിന്റെ കവിളിൽ തലോടി മീര..മുഖം തിരിച്ചു കളഞ്ഞു ലച്ചു..

“എട്ടോയ്..” വ്യാസന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് മീര വിളിച്ചു..വ്യാസന്റെ കണ്ണുകൾ നിറഞ്ഞു..

“ഞാൻ ഇപ്പോൾ ഓക്കേ ആണ് കുഞ്ചു..എനിക്ക് ഇപ്പോൾ ഭ്രാ. ന്ത് വരാറില്ല..” വിമ്മി പൊട്ടി കൊണ്ട് വ്യാസൻ പറഞ്ഞു..

“മ്മ്..എനിക്ക് പോണം ഏട്ടാ..മീരയ്ക്ക് എന്ന് വേണൽ ഇവിടെയ്ക്ക് തിരിച്ചു വരാമല്ലോ..കേറി വരാൻ, കാത്തിരിക്കാൻ ഒരാളുണ്ടല്ലോ എന്നുള്ള ഉറപ്പ് നൽകുന്ന ബലത്തിൽ മീര ഇറങ്ങുന്നു..തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ..ചെയ്തു തീർക്കാൻ ഉള്ള ജോലിയിൽ ഇനിയും ബാക്കിയുണ്ട്..
നീ കരയണ്ട..മീര എന്നും നിന്റെ മാത്രം ആണ്..മീര നിനക്ക് മാത്രം സ്വന്തമാണ്..ഈ മീര ഇങ്ങനെയാണ്..ഇറങ്ങുന്നു..”

ഉള്ളിൽ വന്ന വിങ്ങൽ പിടിച്ചു നിർത്തി മീര ഇറങ്ങി നടന്നു..

ശുഭം..
******
എന്നെ സപ്പോർട് ചെയ്ത എല്ലാവർക്കും നന്ദി.

സ്നേഹത്തോടെ, Unni K Parthan