ലയനം – ഭാഗം 07, എഴുത്ത്: അഞ്ജു തങ്കച്ചൻ

ആകാംക്ഷ കൊണ്ട് തന്റെ ഹൃദയമിപ്പോൾ പുറത്തേക്ക് കുതിച്ചു ചാടുമെന്ന്അയാൾക്ക് തോന്നി.

അവൾ അടുത്തേക്ക് വരുന്നുണ്ട്…

മങ്ങിയ ഒരു രൂപം. അവൾ എങ്ങനെയാണെന്ന് വ്യക്തമായി കാണാൻ സാധിക്കുന്നില്ല. എങ്കിലും അവൾക്ക് നല്ല ഉയരമുണ്ടെന്നയാൾക്ക് മനസ്സിലായി.

അവൾ തന്റെ അരികിലേക്ക് വരുന്നു…

സർ… കാഴ്ച്ച കിട്ടിത്തുടങ്ങി അല്ലേ? അവളിൽ നിന്നുതിർന്നു വീഴുന്ന മൃദു വാക്കുകൾ കേട്ടപ്പോൾ…. ഇലത്തുമ്പിൽനിന്നിറ്റു വീഴുന്ന മഴത്തുള്ളികളെ അയാൾക്കോർമ്മ വന്നു…

ഉവ്വ്… ചെറുതായിട്ട് കാണാൻ പറ്റുന്നുണ്ട്..അയാൾ പറഞ്ഞു.

അവൾ ഒന്ന് ചിരിച്ചെന്ന് അയാൾക്ക് തോന്നി…

ഉണ്ണിക്കുട്ടന്റെ കൈയ്യും പിടിച്ചവൾ അമ്മയുംമറ്റ് പെണ്ണുങ്ങളും കൂടിയിരുന്നു സസംസാരിക്കുന്നിടത്തേക്കു പോയി.

അവിടമാകെ ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു.

ആഘോഷിക്കാൻ  കിട്ടുന്ന ഒരു ദിനവും അവർ പാഴാക്കാറില്ല എന്ന് അയാൾക്ക്‌ തോന്നി.

ഓരോരുത്തരുടെയും കലാപരിപാടികൾ ഒക്കെ തുടങ്ങി…

അതിന് ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.

രാത്രി ഏറെ വൈകിയാണ്  എല്ലാവരും മടങ്ങിയത്…

ചിലർ അവിടെ തന്നെ കിടന്നു..

ശ്രീജിത്തിന് കിടന്നിട്ട് ഉറക്കം വന്നില്ല…

മീനാക്ഷിയുടെ ഏകദേശ രൂപം മനസ്സിൽ പതിഞ്ഞിട്ടുണ്ട്.

തനിക്കവളെ  കൺനിറയെ കാണണം. കണ്ടാൽ മാത്രം പോരാ തനിക്ക്‌ വേണമവളെ,തന്റേതായി.

****************

നിരുപമ വന്നതോടെ അമ്മയുടെ അസുഖമൊക്കെ കുറഞ്ഞു..

അവർ രണ്ടാളും കൂടി എന്നും അമ്പലത്തിൽ പോകും…

അയൽ വീടുകളിലൊക്കെ പോകും വിശേഷങ്ങൾ പങ്കു വയ്ക്കും…

നിരുപമ രണ്ടു പണിക്കാരെ വച്ച് പറമ്പൊക്കെ തെളിച്ചു.

ഇനി മുന്നോട്ട് ജീവിക്കണം, പണം വേണം. ആകെയുള്ള നാല്പത് സെന്റ് സ്‌ഥലത്ത് നിന്ന് അൽപ്പസ്വൽപ്പം വരുമാനം കിട്ടാനുള്ളവയുണ്ട്.

ആട്ടിൻകൂട്ടിൽ അമ്മയുടെ മൂന്ന് ആടുകൾ നിൽപ്പുണ്ട്.

ഒരെണ്ണം കറക്കുന്നതാണ്. ആട്ടിൻ പാലിന് ആവശ്യക്കാർ ഉണ്ട്.

അമ്മക്ക് തനിക്കും ഓരോ ഗ്ലാസ്സ് മാറ്റി വച്ചിട്ട് ബാക്കി കറന്നവൾ കുപ്പിയിലാക്കി
വയ്ക്കും. അയൽവക്കത്തുള്ളവർക്ക് തന്നെയാണ് പാൽ വിൽക്കുന്നത്.

ഒരമ്മക്കും മകൾക്കും ജീവിക്കാൻ അതൊക്കെ തന്നെ ധാരാളം.

പിന്നെ റേഷൻ കടയിൽ നിന്ന് അരി തുച്ഛമായ വിലക്ക് കിട്ടും. തൊടിയിൽ നിന്നും കാന്താരിപറിച്ച്‌,   രണ്ട് കൊച്ചുള്ളിയും ചേർത്ത് അരച്ചതും, ഇത്തിരി കട്ട തൈരും, ഉണ്ടെങ്കിൽ കുശാലായി ഭക്ഷണം കഴിക്കാം.

അല്ലെങ്കിലും സന്തോഷമായി ജീവിക്കാൻ ഒരുപാട് പണത്തിന്റെ ആവശ്യമെന്തിനാണ്?

ഇനിയുള്ള കാലം ഇവിടെ ഈ കൊച്ചു ജീവിതം ആസ്വദിക്കണം. അമ്മയുടെ മകളായി… അമ്മയുടെ സ്നേഹത്തിൽ നിറഞ്ഞ്…. അമ്മക്കൊപ്പം ഉറങ്ങി അമ്മക്കൊപ്പം ഉണർന്ന്….

മനസ്സ് നിറയെ ഇപ്പോൾ എന്തൊരു ശാന്തതയാണ്. എന്തൊരു മനസ്സമാധാനമാണ്…

എങ്കിലും അവൾ ഇടക്ക് മകളെ ഓർത്തു എത്രയായാലും ജന്മം കൊടുത്തു പോയതല്ലേ, മനസ്സിൽ നിന്നും പറിച്ചു കളയാൻ പറ്റില്ലല്ലോ.

***************

മീനാക്ഷി രാവിലെ കോളേജിലേക്ക് പോകാനായി ബസ് കയറാൻ നിൽക്കുകയായിരുന്നു.

വഴിക്കപ്പുറം രൂപേഷിന്റെ തോട്ടമാണ്. അയാൾ അവിടെ  നിന്ന് ജോലിക്കാർക്ക് നിർദേശങ്ങൾ നൽകുന്നുണ്ട്.

അവൾ അയാളെ നോക്കി നിന്നു.

ഇപ്പോൾ ബസ് വരല്ലേ എന്ന് അവൾ മൗനമായി പ്രാർത്ഥിച്ചു.

തനിക്ക്‌ രൂപേഷേട്ടനെ എത്ര കണ്ടാലും മതിയാവില്ല…അലസമായ് ആ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകൾക്ക് പോലും എന്ത് ഭംഗിയാണ്…

രൂപേഷേട്ടന് ഇവിടെ മാത്രമല്ല മറ്റെവിടെ യൊക്കെയോ സ്ഥലങ്ങൾ ഉണ്ട്. ചിലപ്പോൾ അങ്ങോട്ടൊക്കെ ഒരാഴ്ചത്തേക്കു പോകും. സത്യം പറഞ്ഞാൽ ആ ദിവസങ്ങളിൽ തനിക്ക് ഒന്നിനും ഒരുത്സാഹവും ഉണ്ടാകില്ല.

ആ മനുഷ്യൻ അറിയാതെ ഒരു നോക്ക് ആ മുഖം കണ്ടാൽ,അത് മതി തനിക്ക്‌.

ഒരിക്കലും അയാൾക്ക്‌ മുന്നിൽ ചെന്ന്, ഇഷ്ടമാണെന്നു പറയില്ല, ഒരു തരത്തിലും ബുദ്ധിമുട്ടിക്കില്ല…

ഒരു കൂലിവേലക്കാരിയുടെ മകളാണ് താൻ, ഒരു സുഖമില്ലാത്ത അനിയനുണ്ട് തനിക്ക്‌.ആ രണ്ടുപേർക്കും തണലായി ജീവിച്ചു മരിച്ചാൽ മതി തനിക്ക്‌.

ജീവിതത്തിൽ ആകെയുള്ള ലക്ഷ്യം ഒരു ജോലി നേടി പ്രിയപ്പെട്ടവരെ നന്നായി നോക്കുക എന്നത് മാത്രമാണ്.

ജീവിതത്തിന്റെ അങ്ങേയറ്റം വരെ മനസ്സിൽ കൊണ്ടുനടക്കാൻ ഈ മനുഷ്യനും ഇല്ലേ… അത് മതി..

ഒരു പക്ഷെ രൂപേഷേട്ടൻ  വിവാഹിതൻ ആയേക്കാം… എന്നേക്കുമായി മറ്റേതെങ്കിലും പെണ്ണിന്റെതായേക്കാം എന്നാലും സാരമില്ല..തന്റെ മനസ്സിന്റെ ഒരു കോണിൽ ആരുമറിയാതെ തനിക്ക്‌ സ്നേഹിക്കാമല്ലോ, കൺനിറയെ കാണാമല്ലോ..അത് പോരെ….

ബസിന്റെ ശബ്ദം കേട്ടതും. അവൾ  ചിന്തകളിൽ നിന്നുണർന്നു.

ബസിൽ കയറി ഇരിക്കുമ്പോൾ അവൾ വീണ്ടും അയാളെ നോക്കി.

അയാൾ ഫോണിൽ ആരോടോ സംസാരിക്കുകയാണ്..

ഓരോ തവണ അയാളുടെ ആ മുഖം കാണുമ്പോഴും  തന്റെ മനസ്സ് നിറയെ ഉഷമലരികൾ പൂത്തു നിറയുകയാണ്…അല്ല, മനസ്സിൽ മാത്രമല്ല,ഒന്നല്ല… രണ്ടല്ല… ലക്ഷക്കണക്കിന്…കോടിക്കണക്കിന്… ഉഷമലരീ ദളങ്ങളാൽ തന്റെ മേനിയും നിറയുകയാണ്… താനാകെ പൂക്കളാൽ മൂടപ്പെട്ടിരിക്കുന്നു…പ്രണയത്തിന്റെ നറുമണം  പടർന്ന് തനിക്കുമിപ്പോൾ അതേ  ഗന്ധമാണ്.

ഈശ്വരാ… തന്റെ ഓരോ കോശങ്ങളിലും അയാളോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നു….

എന്തൊക്കെയാണ് തോന്നുന്നത്. ആരാണ് എന്റെയുള്ളിലിരുന്നെന്റെ മനസ്സിനെ നിയന്ത്രിക്കുന്നത്??

പ്രണയം ഇത്രമേൽ ഒരു മനുഷ്യനെ മാറ്റുകയോ???

*************

ശങ്കറും ശ്രേയയും ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ്.

ജോലിക്കാരി വിളമ്പി വെച്ച ഭക്ഷണത്തിനൊന്നും രുചി പോരെന്ന് തോന്നിയയാൾക്ക്.

നിരുപമ പോയിട്ട് എത്ര ദിവസങ്ങൾ ആയിരിക്കുന്നു.

ഒന്ന് വിളിക്കാമെന്ന് വച്ചാൽ ഫോൺ പോലും അവൾ കൊണ്ടുപോയിട്ടില്ല.

പോയാലും അവൾ രണ്ടുമൂന്നു ദിവസങ്ങൾക്കുള്ളിൽ തിരികെ വരുമെന്നായിരുന്നു കണക്കുകൂട്ടൽ…

അവളില്ലായ്മയിൽ ഈ വീടിനകം മുഴുവൻ ശൂന്യത നിറഞ്ഞിരിക്കുകയാണ്.

ശരിക്കും പറഞ്ഞാൽ ഉറക്കം പോലും നഷ്ട്ടമായിരിക്കുന്നു.

അയാൾ ഭക്ഷണം മതിയാക്കി എഴുന്നേറ്റു.

എന്താ പപ്പാ മതിയാക്കിയത്?  ശ്രേയ ചോദിച്ചു.

വിശപ്പില്ല മോളെ, മോൾ കഴിച്ചിട്ട് പോയി കിടന്നുറങ്ങ്. പപ്പാ ഒന്ന് കിടക്കട്ടെ, അയാൾ മുറിയിലേക്ക് പോയി.

ശ്രേയക്ക് അമ്മ അവിടെ ഇല്ലാഞ്ഞിട്ട് വിഷമം ഒന്നും തോന്നിയില്ല. അല്ലെങ്കിലും അവൾ എന്നും കൂടുതൽ സ്നേഹിച്ചിരുന്നത് പപ്പയെയാണ്.

അല്ലെങ്കിൽ തന്നെ ആ പട്ടിക്കാട്ടിലെ ജീവിതം മടുക്കുമ്പോൾ അമ്മ വീണ്ടും ഇങ്ങോട്ട് വലിഞ്ഞു കയറി വന്നോളും. അല്ലാതെ  അമ്മക്ക് എന്ത് ചെയ്യാൻ പറ്റും.

അവൾ വയർ നിറയെ ഭക്ഷണം കഴിച്ചിട്ട് സ്വന്തം മുറിയിലേക്ക് പോയി.

***************

ശ്രീജിത്ത് തണുത്ത വെള്ളത്തിൽ മുഖം കഴുകി. ഓരോ ദിവസവും കഴിയും തോറും കണ്ണുകൾക്ക്‌ കാഴ്ച്ച തെളിയുന്നുണ്ട്

അത്ര ക്ലിയർ അല്ലെങ്കിലും, ഇപ്പോൾ വലിയ അക്ഷരങ്ങൾ ഒക്കെ വായിക്കാൻ പറ്റുന്നുണ്ട്.

ഇപ്പോൾ പകലൊക്കെ രൂപേഷിന്റെ കൂടെ പറമ്പിലേക്ക് ശ്രീജിത്തും പോകാറുണ്ട്.
ചിലപ്പോൾ അവനോടൊപ്പം  ടൗണിലേക്ക് ഒക്കെ പോകും.

കാഴ്ചയുടെ വില നന്നായി മനസ്സിലായത് കൊണ്ടാകാം, അയാൾക്ക്‌ ചുറ്റുമുള്ളകാഴ്ചകളിലേക്ക് എത്ര നോക്കിയാലും മതിവരില്ല.

കാഴ്ച്ച തെളിഞ്ഞു വരുന്ന കാര്യം വീട്ടിലേക്ക്  വിളിച്ചു പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും വലിയ സന്തോഷമായിരുന്നു.

അവൻ തിരികെ വരുന്നതും കാത്തിരിക്കുകയാണ് അവർ.

അന്നൊരു ഞായറാഴ്ചയായിരുന്നു

രാവിലെ ദേവകി ചേച്ചിയോടൊപ്പം ഉണ്ണിക്കുട്ടന്റെയും കൈപിടിച്ച്  മീനാക്ഷി അങ്ങോട്ട് വരുന്നത്  ശ്രീജിത്ത്‌ കണ്ടു.

അയാൾ കണ്ണിമയ്ക്കാതെ മീനാക്ഷിയെ നോക്കി

വയലറ്റ് നിറമുള്ള ഒരു ചുരിദാറാണ് വേഷം. മെടഞ്ഞിട്ടിരിക്കുന്ന  നീണ്ട മുടി മുന്നിലേക്ക്‌ ഇട്ടിരിക്കുകയാണ്.

അൽപ്പം നീണ്ട മൂക്കാണ് അവൾക്കെന്ന് അയാൾക്ക് തോന്നി.ചുണ്ടുകളിൽ  ഒരു പുഞ്ചിരി കെടാതെ സൂക്ഷിച്ചിരിക്കുന്നു..

മനോഹരമായ ശില്പം പോലെ അഴകാർന്ന ഉടൽ ഭംഗി…

അവളെ കണ്ണിമയ്ക്കാതെ നോക്കിയിരിക്കാൻ തോന്നി അയാൾക്ക്‌.

അവളെ നോക്കുമ്പോഴെല്ലാം താൻ വെറുമൊരു പുരുഷനാകുകയാണ്. അവളിൽ പൂത്ത് അവളിൽ കൊഴിയാൻ വെമ്പുന്ന വെറുമൊരു പുരുഷൻ.

രൂപേഷ് അങ്ങോട്ട് വന്നത് അവൻ അറിഞ്ഞില്ല.

എടാ…രൂപേഷ് അവന്റെ തോളിൽ കൈവച്ചു.

ശ്രീജിത്ത്‌ പെട്ടന്ന് ഞെട്ടി അവനെ നോക്കി.

നീയെന്താ പകൽ സ്വപ്നം കാണുകയാണോ ? രൂപേഷ് അവനോടു ചോദിച്ചു.

എടാ… ശ്രീജിത്ത്‌ പതിയെ വിളിച്ചു.

മ്മ്… എന്താ…?

എനിക്ക്…

നിനക്ക്?

എനിക്കാ കുട്ടിയെ വലിയ ഇഷ്ട്ടമാണ്.

ഏത് കുട്ടി?

ദാ.. മീനാക്ഷി. അയാൾ വിരൽ ചൂണ്ടി.

മീനാക്ഷി  മുറ്റത്തിനപ്പുറം നിന്ന്, ഉണ്ണിക്കുട്ടനോട് എന്തോ പറയുകയാണ്. അവനും ചിരിക്കുന്നുണ്ട്

എടാ…വെറും ഒരു ഇഷ്ട്ടമല്ല.  എന്റെ ജീവനോളം സ്നേഹമാണ് അവളോട്‌.

നീ  അവരോട് ഒന്ന് സംസാരിക്കുമോ? മീനാക്ഷിയെ എനിക്ക് തരുമോ എന്ന്. ഞാൻ  പൊന്നുപോലെ നോക്കിക്കോളാം. പ്ലീസ് ഡാ.. നീയൊന്നു സംസാരിക്കണം.

രൂപേഷ് അവന്റെ മുഖത്തേക്ക് നോക്കി.

തുടരും…….