ലയനം – ഭാഗം 10, എഴുത്ത്: അഞ്ജു തങ്കച്ചൻ

ഇനി എന്ത് ചെയ്യും ? ശ്രീജിത്തിനോട് എന്തു പറയും ?

അയാൾ ആകെ ആശങ്കയിലായി.

രൂപേഷ് വീട്ടിൽ ചെന്നപ്പോൾ, ശ്രീജിത്ത് നാളത്തേന്  പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.

രൂപേഷിനെ കണ്ടതും,എടാ… നമുക്ക് രാവിലെത്തന്നെ പോകാം. എനിക്ക് വീട്ടിൽ  പോകാൻ തിടുക്കമായെടാ. അച്ഛനെയും  അമ്മയെയും കണ്ണ് നിറയെ കാണണം. ശ്രീജിത്ത് പറഞ്ഞു.

ശരി. രാവിലെ പോകാം..അവന് മുഖം കൊടുക്കാതെ  രൂപേഷ് പറഞ്ഞു.

എടാ..പോകും മുൻപ് ഞാൻ മീനാക്ഷിയോട് ഒന്ന് സംസാരിക്കട്ടെ?.ഇപ്പോഴത്തെ കുട്ടികളൊക്കെ അല്ലേടാ, മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ എന്ന് അറിയണമല്ലോ. നീ പറഞ്ഞതുപോലെ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത്.

രൂപേഷ് എന്ത് മറുപടി പറയണമെന്നറിയാതെ അവനെ നോക്കി.

രാവിലെ പോകും മുൻപ്  നമുക്ക് രണ്ടാൾക്കും കൂടി മീനാക്ഷിയുടെ വീട്ടിലൊന്ന് പോകാം . ഞാൻ അവളോട് കാര്യങ്ങൾ പറയാം. ഇല്ലെങ്കിൽ മടങ്ങിപ്പോകുമ്പോൾ എനിക്ക് മനസ്സമാധാനം കിട്ടില്ല..മാത്രമല്ല ആ കുട്ടിയുടെ അഭിപ്രായവും അറിയാമല്ലോ.ശരിയല്ലേ  ഞാൻ പറഞ്ഞത് ? ശ്രീജിത്ത് ചോദിച്ചു.

അതെ.നീ പറഞ്ഞത് ശരിയാണ്.രൂപേഷ് പറഞ്ഞു.

രൂപേഷ് കൂടുതൽ നേരം അവന്റെ അരികിൽ ഇരുന്നില്ല.അയാൾ സ്വന്തം മുറിയിലേക്ക് മടങ്ങിപ്പോന്നു.

മനസ്സാകെ അശാന്തി നിറഞ്ഞിരിക്കുന്നു.

പറ്റില്ല. മീനാക്ഷിയെ കാണണം സംസാരിക്കണം. ആ കുട്ടിയോട് പറയണം,ആ കുട്ടിയെ ഒരു മോശം കണ്ണോടെ. താൻ ഒരിക്കലും കണ്ടിട്ടില്ല. തനിക്ക് അങ്ങനെ കാണാനും കഴിയില്ലെന്ന്

അയാൾക്ക് അവിടെ ഇരുന്നിട്ട് ആകെ അസ്വസ്ഥത തോന്നി.

അയാൾ ശ്രീജിത്തിന്റെ അരികിലേക്ക് ചെന്നു.

എടാ …ഞാൻ ടൗണിലേക്ക് ഒന്ന് ഇറങ്ങിയിട്ട് വേഗം വരാം കേട്ടോ,ഒരാളെ കാണാനുണ്ട്. രൂപേഷ് ശ്രീജിത്തിനോട് പറഞ്ഞിട്ട് പുറത്തേക്കിറങ്ങി.

മീനാക്ഷിയെ കണ്ടേ പറ്റൂ…പക്ഷേഅവളുടെ വീട്ടിലേക്ക് എപ്പോഴും പോകുന്നത് ശരിയായ കാര്യമല്ല.ആളുകൾ തെറ്റിദ്ധരിച്ചേക്കാം വളർന്നു വരുന്ന ഒരു പെൺകുട്ടിയല്ലേ താൻ കാരണം ഒരു ചീത്ത പേര് അവൾക്ക് ഉണ്ടാകാൻ പാടില്ല.

അയാൾ ഫോണിൽ  മീനാക്ഷിയുടെ നമ്പർ എടുത്തു.

എന്നോ ഒരിക്കൽദേവകി ചേച്ചി തന്റെ ഫോണിൽ നിന്നും  മീനാക്ഷിയെ വിളിച്ചിട്ടുണ്ട്.അപ്പോൾ ആ നമ്പർ സേവ് ചെയ്തതാണ്. അല്ലാതെ ഒരിക്കൽ പോലും താൻ അവളെ വിളിച്ചിട്ടില്ല.

തന്റെ നമ്പർ അവൾക്ക് അറിയാമോ എന്നു കൂടി തനിക്കറിയില്ല.

എങ്കിലും അയാൾ കോൾ ചെയ്തു

രണ്ടുമൂന്ന് ബെൽ അടിച്ച് കഴിഞ്ഞപ്പോൾ അവൾ കോൾ എടുത്തു

ഹലോ…അവളുടെ മൃദുവായ സ്വരം.

ഞാൻ രൂപേഷാണ് സംസാരിക്കുന്നത്. എനിക്ക് മീനാക്ഷിയെ ഒന്ന് കാണാൻ പറ്റുമോ ? അല്പം സംസാരിക്കണമായിരുന്നു. അയാൾ പറഞ്ഞു.

രൂപേഷ് ഏട്ടൻ എവിടെയാണ് ? അവൾ ചോദിച്ചു

ഞാൻ തന്റെ വീടിനടുത്തുള്ള ആ ചെറിയ കൈത്തോടില്ലേ,അതിനരികിൽ നിൽപ്പുണ്ട്.തനിക്ക് ഇങ്ങോട്ടൊന്നു വരാൻ പറ്റുമോ?  അയാൾ ചോദിച്ചു.

വരാം.

അഞ്ച് മിനിറ്റിനുള്ളിൽ അവൾ അവിടെ എത്തി

എന്താ രൂപേഷേട്ടാ… സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് അവൾ ചോദിച്ചു

മോളെ…എന്റെ ഉള്ളിൽ നിന്നോട്  സ്നേഹമുണ്ട്.അത് പക്ഷേ മോള് വിചാരിക്കുന്നതുപോലെ ഒരു പ്രണയം ഒന്നുമല്ല. ദേവകി ചേച്ചിയോടും, സുഭദ്രാമ്മയോടും തോട്ടത്തിൽ ഉള്ള മറ്റു പണിക്കാരോടുമൊക്കെ എനിക്കുള്ള അതേ സ്നേഹം തന്നെയാണ് എനിക്ക് മീനാക്ഷിയോടും ഉള്ളത്. എനിക്കൊരിക്കലും മീനാക്ഷിയെ മറ്റൊരു കണ്ണിൽ കൂടി കാണാൻ കഴിയില്ല കുട്ടി..

മീനാക്ഷി അയാളുടെ മുഖത്ത് നോക്കി പതിയെ ചിരിച്ചു

എനിക്കറിയാം രൂപേഷേട്ടാ… ഞാനൊരിക്കലും രൂപേഷേട്ടന്റെ മുന്നിൽ വന്നുനിന്ന് ശല്യപ്പെടുത്തിയിട്ടില്ല. ഇനിയൊരിക്കലും ശല്യപ്പെടുത്തുകയുമില്ല.

രൂപേഷ് ഏട്ടൻ ഒന്നുകൊണ്ടും പേടിക്കേണ്ട.

അതല്ല മോളെ…നീ ഒരു ചെറിയ പെൺകുട്ടിയാണ് നിന്റെ  ഈ പ്രായത്തിൽ ഇത്തരം ചിന്തകളൊക്കെ ഉണ്ടാവുക സ്വാഭാവികമാണ്.

കുറച്ചുകൂടി പ്രായമൊക്കെ എത്തുമ്പോൾ ഇതൊക്കെ, വെറും തമാശയായി ഓർമ്മിക്കാൻ ഉള്ള വിഷയങ്ങൾ ആകും.

നാളെ ചിലപ്പോൾ ഇതേ സ്നേഹം മറ്റാരോടെങ്കിലും തോന്നിയേക്കാം. മോളുടെ മനസ്സിലുള്ള ഇഷ്ടമൊക്കെ പ്രായത്തിന്റെ വെറും ചാപല്യങ്ങൾ മാത്രമാണ്.

അതൊക്കെ മറന്നേക്കു..എന്നിട്ട് കുറച്ചുകൂടി പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ. 

ശ്രീജിത്തിനെ പോലെ ഒരാളെ കിട്ടുന്നത് മീനാക്ഷിയുടെ വലിയ ഭാഗ്യം തന്നെയാണ്.

അവൾ കൈകെട്ടി നിന്ന് അയാളുടെ മുഖത്തേക്ക്  നോക്കി

രൂപേഷേട്ടൻ പറഞ്ഞതൊക്കെ സത്യമായിരിക്കും ഇതൊക്കെ പ്രായത്തിന്റെ വെറും തോന്നലുകളുമായിക്കോട്ടെ.പക്ഷേ ആ തോന്നലുകൾ എന്റെ മനസ്സിൽ നിന്നും മായുന്നതുവരെ ഞാൻ ഇങ്ങനെ തന്നെ ജീവിച്ചോട്ടെ….

ഞാൻ ഒരിക്കലും രൂപേഷേട്ടന് ഒരു ബുദ്ധിമുട്ടാവില്ല.

പ്രണയത്തിന്റെ പേരും പറഞ്ഞു വിഷമിച്ചിരിക്കാൻ ഒന്നും എനിക്ക് നേരമില്ല രൂപേഷേട്ടാ. എനിക്ക് ഒരു പാവം അമ്മയും അനിയനും ഉണ്ട് ഈ ലോകത്തിൽ മറ്റെന്തിനെക്കാളും ഞാൻ പ്രാധാന്യം കൊടുക്കുന്നത് അവർക്കാണ് അവർ കഴിഞ്ഞേയുള്ളൂ എനിക്ക് ഞാൻ പോലും.

പഠിച്ചച്ചൊരു ജോലി നേടുക എന്നുള്ളത് മാത്രമാണ് ഇപ്പോഴുള്ള എന്റെ ലക്ഷ്യം.

അല്ലാതെ ആരുടെയെങ്കിലും ഭാര്യയായി ജീവിക്കാൻ ഒന്നും ഇപ്പോൾ എനിക്ക് ആവില്ല.

രൂപേഷേട്ടൻ ഒരിക്കലും എന്റെ മുൻപിൽ മറ്റൊരാലോചനയുമായി വന്നു നിൽക്കരുത്… സുഹൃത്തിനോടുള്ള സ്നേഹത്തിന് എന്നെ ബലിയാടാക്കരുത്. അത്രയും ദയ എന്നോട് കാണിച്ചാൽ മതി.

കുട്ടീ…. ഞാൻ…..

ഞാൻ പോട്ടെ… അവൾ തിരിച്ചു നടന്നു.

****************

പിറ്റേന്ന് പുലർച്ച തന്നെ ശ്രീജിത്ത് കുളിച്ചു റെഡിയായി

എടാ നമുക്ക് പോയാലോ ? അവൻ രൂപേഷിനോട് ചോദിച്ചു

നീ ഇത്ര പെട്ടെന്ന് റെഡിയായോ? എന്തൊരു ധൃതിയാണ് നിനക്ക്.

പിന്നല്ലാതെ… വീട് വിട്ട് നിൽക്കാൻ തുടങ്ങിയിട്ട് കുറേ ആയില്ലേ. ഇനി ഇങ്ങനെ വെറുതെ ഇരുന്നാൽ ശരിയാവില്ല. ബിസിനസ് കാര്യങ്ങളൊക്കെ മുന്നോട്ടു കൊണ്ടു പോകണ്ടേ.

അതൊക്കെ വേണം.എത്ര കുടുംബങ്ങളാണ്  നിന്നെ ആശ്രയിച്ചു ജീവിക്കുന്നത്. രൂപേഷ് പറഞ്ഞു

എടാ… രൂപേഷേ ഞാൻ   ഇന്നലെ രാത്രി കുറെ നേരമിരുന്നാലോചിച്ചു നോക്കി
ആ പെൺകുട്ടിയോട് അവളുടെ സമ്മതം ചോദിക്കാതെ സ്നേഹിച്ചു പോയത് എന്റെ തെറ്റാണെന്ന് എന്റെ മനസ്സ് പറയുന്നു. അതുകൊണ്ട് ഞാനിപ്പോൾ തൽക്കാലം മീനാക്ഷിയെ കാണുന്നില്ല, പറയാനുള്ളത്പറയുന്നുമില്ല.

എന്തായാലും ഒന്ന്  രണ്ട് മാസങ്ങൾക്കിപ്പുറം,ഞാൻ നിന്റെ അടുത്തേക്ക് വരുന്നുണ്ട്.അപ്പോൾ സംസാരിക്കാം.

അത് മതി. രൂപേഷ് പറഞ്ഞു.

എന്നാൽ വാ… നമുക്ക് പോകാം.

അവർ വാഹനത്തിൽ കയറി.

യാത്രയിലുടനീളം അവർ പലതും സംസാരിച്ചു.

അല്ലെങ്കിലും ആ സുഹൃത്തുക്കൾക്ക് സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു.

ഉച്ചയോടടുത്തപ്പോഴാണ് അവർ ശ്രീജിത്തിന്റെ വീട്ടിലെത്തിയത്

ചന്ദ്രശേഖരനും ഭാനുമതിയും അവരെ കാത്തിരിക്കുകയായിരുന്നു.

ശ്രീജിത്ത് ഓടിച്ചെന്ന് അവരെ കെട്ടിപ്പിടിച്ചു.

ചന്ദ്രശേഖരൻ രൂപേഷിന്റെ കരം കവർന്നു.

മോനെ നീ ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങൾക്ക് ഞങ്ങടെ മകനെ  പഴയ ശ്രീജിത്തായി തിരികെ കിട്ടിയത്. നിന്നെപ്പോലെ ഒരു സുഹൃത്താണ് അവന്റെ ഏറ്റവും വലിയ ഭാഗ്യം

ഒന്ന് പോ അങ്കിളെ,ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല കേട്ടോ..

ചന്ദ്രശേഖരൻ അവനെ മുറുകെപ്പുണർന്നു

ശ്രീജിത്ത്  അന്നവനെ തിരിച്ചു പോകാൻ അനുവദിച്ചില്ല.

അന്ന് രാത്രിയിൽ അവർ ചർച്ച ചെയ്തത് അത്രയും  ബിസിനസ് കാര്യങ്ങളെക്കുറിച്ച് തന്നെയായിരുന്നു..

അല്ലെങ്കിലും നേട്ടങ്ങളൊക്കെ സ്വായത്തമാക്കാൻ ശ്രീജിത്തിന് അസാമാന്യ കഴിവായിരുന്നു.

അവന്റെ കഴിവിൽ പലർക്കും അസൂയ തോന്നിയിട്ടുണ്ട്.

സ്നേഹിക്കാൻ മാത്രം അറിയുന്ന ആ സൗഹൃദങ്ങൾ അന്ന്  രാവേറെ ചെന്നപ്പോഴാണ് ഉറങ്ങാൻ കിടന്നത്.

പിറ്റേന്ന്  ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞതിനു ശേഷം രൂപേഷ് തിരിച്ച് ഹൈറേഞ്ചിലേക്കുള്ള യാത്രയ്ക്കായി ഇറങ്ങി.

*******************

മുന്നോട്ടുള്ള ജീവിതം ഇനി എങ്ങനെയാകും എന്ന് ശ്രേയക്കും ശങ്കറിനും അറിയില്ലായിരുന്നു..

എല്ലാം ഉണ്ടായിട്ടും പെട്ടന്നൊരു നാൾ ഒന്നുമില്ലാത്തവരായി വാടക വീട്ടിലേക്ക് മാറിയിരിക്കുന്നവരാണ്.

മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് രണ്ടുപേർക്കും അറിയില്ല.

പപ്പാ ഞാനൊരു കാര്യം പറഞ്ഞാൽ കേൾക്കുമോ ? ശ്രേയ ശങ്കറിനോട് ചോദിച്ചു.

എന്താ…

നമുക്ക് പോയി അമ്മയെ വിളിച്ചു കൊണ്ടു വരാം.

നമ്മൾ വിളിച്ചാലും അവൾ വരില്ല മോളെ. അത്രയേറെ അവളെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്.ഞാൻ മാത്രമല്ല മോളും.

അവൾ ജീവിച്ചതത്രയും നമുക്ക് വേണ്ടിയായിരുന്നു… എന്നിട്ടും നമ്മൾ അവൾക്ക് തെല്ലും വില കൽപ്പിച്ചില്ല..ഒന്നുമില്ലാത്ത ഒരു  തെ . ണ്ടി യായ് അവളുടെ മുന്നിൽ പോയി നിൽക്കാൻ എനിക്ക് കഴിയില്ല. ഞാൻ വരില്ല…

ഞാൻ പോയി അമ്മയെ വിളിക്കാം പപ്പാ. അമ്മ വരും. അവൾ പ്രതീക്ഷയോടെ പറഞ്ഞു.

ഇല്ല മോളെ അവൾ വരില്ല. അവളുടെ പെറ്റമ്മയെ വൃദ്ധസദനത്തിലാക്കാൻ പറഞ്ഞ ആളാണ് ഞാൻ. ആ വിഷമത്തിലാണ് അവൾ ഇറങ്ങിപ്പോയത്.

അമ്മയ്ക്ക് വയ്യാതായിട്ടും ഒന്ന് അന്വേഷിക്കാനുള്ള മര്യാദ പോലും ഞാൻ കാണിച്ചില്ല. ഞാനൊരു വലിയ തെറ്റായിരുന്നു.

അയാൾ നെറ്റിക്കു കൈ കൊടുത്ത് കുനിഞ്ഞിരുന്നു. മുന്നോട്ട് ജീവിച്ചേ പറ്റൂ… എന്തെങ്കിലും ജോലിക്ക് പോകാതെ പറ്റില്ല. വീടിന്റെ വാടക കൊടുക്കാൻ പണം വേണം.

ശ്രേയ  ജോലിക്ക് പോകാൻ തീരുമാനിച്ചു.

ഒരു ജോലിക്ക് വേണ്ടി ഇറങ്ങിത്തിരിച്ചപ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് അവൾക്ക് മനസ്സിലായത്.

തന്നെക്കാൾ വിദ്യാഭ്യാസം ഉള്ളവർക്ക് പോലും ജോലി കിട്ടാതെ , അവർ കിട്ടിയ പണിയൊക്കെ ചെയ്തു ജീവിക്കുന്നു.

ഒടുവിൽ…  ഒരു കമ്പനിയിൽ അവരുടെ കുറച്ച് പ്രോഡക്റ്റുമായി ഡോർ  സെയിലിന് പോകാൻ തീരുമാനമായി.

ഒരു ജോലിക്കും പോകാതിരിക്കുന്നതിലും നല്ലതല്ലേ എന്ന് കരുതി അവൾ ആ ജോലിക്ക് പോകാൻ തുടങ്ങി.

വെയിലുംചൂടും വകവെയ്ക്കാതെ അവൾ ഓരോ വീടും കയറിയിറങ്ങി

പ്രോഡക്റ്റിനെക്കുറിച്ച് എത്രയൊക്കെ പറഞ്ഞാലും ചിലർ ഒന്നും വാങ്ങിക്കില്ല.
എങ്കിലും പ്രതീക്ഷയോടെ അടുത്ത വീട്ടിലേക്ക് ചെല്ലും.

വെയിൽ കൊണ്ട് കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവളുടെ മുഖമൊക്കെ കരിവാളിച്ചു. എങ്കിലും അവൾ അതൊന്നും കാര്യമാക്കിയില്ല.

അല്ലെങ്കിലും ജീവിതയാഥാർത്ഥ്യങ്ങളുടെ മുൻപിൽ ചിലപ്പോൾ  ഒന്നും അറിയാത്തതായി ഭാവിച്ച് നിൽക്കേണ്ടതായി വരും.

അന്ന് പുതിയ കുറച്ചു പ്രോഡക്ടുമായി അവൾ ചെന്നത് ശ്രീജിത്തിന്റെ വീട്ടിലേക്കാണ്.

ആ വീട്ടിലേക്ക് കയറി ചെല്ലാൻ ആദ്യം അവൾക്കു മടി തോന്നിയിരുന്നു.

പിന്നെ രണ്ടും കല്പിച്ചവൾ അങ്ങോട്ട് ചെന്നു . താനിപ്പോൾ മറ്റൊന്നും ആലോചിക്കേണ്ട തന്റെ ഡ്യൂട്ടി ചെയ്യുക അത്രമാത്രം.

അവൾ കോളിംഗ് ബെൽ അടിച്ചു കാത്തു നിന്നു.

തുടരും……