ലയനം – ഭാഗം 11, എഴുത്ത്: അഞ്ജു തങ്കച്ചൻ

വാതിൽ തുറന്ന് ഇറങ്ങി വന്നത് ചന്ദ്രശേഖരനാണ്

അയാൾ ശ്രേയയേയും, അവളുടെ കയ്യിലിരിക്കുന്ന ബാഗിലേക്കും മാറിമാറി നോക്കി..

ഞാൻ… ഞാൻ… പുതിയ ഒന്നുരണ്ട് പ്രൊഡക്ടുകളും ആയി വന്നതാണ്. ഇതൊന്നു കണ്ടു നോക്കാമോ? ഇഷ്ടമായെങ്കിൽ മാത്രം എടുത്താൽ മതി.

അവൾ ബാഗ് തുറന്ന് ഓരോരോ സാധനങ്ങളും പുറത്തേക്കെടുത്തു വച്ചു.

ഭാനുമതി…. ചന്ദ്രശേഖരൻ അകത്തേക്ക് നോക്കി വിളിച്ചു..

ഭാനുമതി ഇറങ്ങിവന്നു.

ശ്രേയയെ കണ്ട ഭനുമതി ഒരു നിമിഷം അമ്പരന്ന് നിന്നു.

അവളെ അങ്ങനെ ഒരവസ്ഥയിൽ അവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

ഭാനുമതി  അവളുടെ മുഖത്തേക്ക് നോക്കി.

വെയിൽ കൊണ്ട് വാടിയ മുഖം, അവൾ വല്ലാതെ മെലിഞ്ഞിരിക്കുന്നു.

ഈ പ്രോഡക്ടുകൾ ഒക്കെ ഒന്ന് നോക്കൂ… വളരെ നല്ല ക്വാളിറ്റി ഉള്ളതാണ്.അവൾ ഓരോന്നും കയ്യിലെടുത്ത് വിവരിച്ചു കൊണ്ടിരുന്നു.

ഭാനുമതി അവൾ കാണിച്ചതിൽ രണ്ടുമൂന്നു പ്രൊഡക്ടുകൾ എടുത്തു.

പണം നൽകിയപ്പോൾ അവൾ അവരുടെ നേരെ നോക്കി മൃദുവായി ഒന്ന് ചിരിച്ചു.

ഭാനുമതിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി. പണം ഉണ്ടായിരുന്നതിന്റെ  അല്പം അഹങ്കാരം  ഉണ്ടായിരുന്നു.  എങ്ങനെ ജീവിച്ചിരുന്നവരാ… ഇപ്പോൾ കണ്ടിട്ട് പാവം തോന്നുന്നു

ആ നേരത്താണ് ശ്രീജിത്ത് ഇറങ്ങിവന്നത്.

അയാളെ കണ്ടപ്പോൾ അവളുടെ മുഖം വിവർണമായി

ശ്രീജിത്ത് അവളെ നോക്കി മെല്ലെ ഒന്ന് ചിരിച്ചു.യാതൊരു പരാതിയോ പരിഭവമോ ദേഷ്യമോ ഒന്നുമില്ലാത്ത ഒരു പുഞ്ചിരി..

അവളും തിരിച്ചൊന്നു പുഞ്ചിരിച്ചു.

അവൾ വഴിയിലേക്കിറങ്ങി. തലകുനിച്ച് റോഡിനോരം ചേർന്ന് മുന്നോട്ടു നടന്നു.

ഇനിയും കുറച്ചു വീടുകൾ കൂടി കയറിയാലെ എല്ലാം വിറ്റ് തീർക്കാൻ കഴിയൂ.

അവൾ മെല്ലെ നടന്നു പോകുന്നത് ശ്രീജിത്ത് വണ്ടിയിൽ ഇരുന്നു കണ്ടു.

എങ്കിലും അയാൾക്ക്പ്രത്യേകിച്ചൊന്നും തോന്നിയില്ല.

ആ വാഹനം തന്നെ കടന്നു പോയപ്പോൾ, ശ്രേയയുടെ കണ്ണുകൾ അറിയാതെ നനഞ്ഞു.

എല്ലാം തന്റെ അഹങ്കാരത്തിന്റെ  ഫലമാണ്.

ശ്രീജിത്തിന് ഒരു അപകടം ഉണ്ടായിട്ടുപോലും കയറിച്ചെല്ലാത്തവളാണ് താൻ.

ഒന്നുമല്ലെങ്കിലും തങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലായിരുന്നോ, അയാളോടൊപ്പം ഒരു ജീവിതം ഒരുപാട് കിനാവ് കണ്ടതല്ലായിരുന്നോ താൻ.

എന്നിട്ടും ഒരപകടം ഉണ്ടായപ്പോൾ നിഷ്കരുണം താൻ അയാളെ ഉപേക്ഷിച്ചു കളഞ്ഞില്ലേ.

വെറുതെ ആളുകളെ ബോധിപ്പിക്കാൻ വേണ്ടി എങ്കിലും തനിക്കൊന്ന് കയറിച്ചെല്ലാമായിരുന്നു.

എങ്കിൽ ഇങ്ങനെ ഒരു അവസ്ഥയിൽ തീർച്ചയായും തന്നെ കൈ പിടിച്ചുയർത്താൻ ശ്രീജിത്ത് കൂടെ ഉണ്ടാകുമായിരുന്നു.

അന്ന് ഈ പൊട്ടക്കണ്ണനെ  വേണ്ട എന്ന് പോലും  താൻ പപ്പയോട് പറഞ്ഞില്ലേ..

ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം എന്നുള്ള തിരിച്ചറിവ് തനിക്കുണ്ടായിരുന്നില്ല. പ്രായത്തിന്റെതായ ഒരു പക്വത പോലും താൻ കാണിച്ചില്ല

കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ ശ്രീജിത്തിനൊപ്പം അയാളുടെ കൈപിടിച്ച് താനും കൂടെ ഉണ്ടാകുമായിരുന്നു.

എല്ലാം തന്റെ കൈയിലിരിപ്പിന്റെ കുഴപ്പമാണ്.

എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

******************

ശ്രീജിത്ത് തിരികെ വന്നതോടെ അയാളുടെ ജോലിക്കാർക്ക്  വലിയ സന്തോഷമായിരുന്നു.

താൻ ഇവിടെ ഇല്ലാതിരുന്നിട്ടും അച്ഛൻ എല്ലാം വേണ്ടതുപോലെ കൈകാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരുവിധ ടെൻഷനും അയാൾക്കുണ്ടായിരുന്നില്ല.

അയാളുടെ ഉള്ളിൽ നേർത്തൊരു ഓർമ്മയായി  മീനാക്ഷി കയറിവന്നു.

അവളെ ഓർക്കുമ്പോൾ ഉള്ളം തരളിതമാകുകയാണ്.

പക്ഷേ കേവലം പത്തൊൻപത് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ് അവൾ. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടി. അവളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് ശരിയാണോ?

ഇരുപത്തിയേഴ് വയസ്സുള്ള താൻ ആ ചെറിയ പെൺകുട്ടിയെ മോഹിക്കുന്നത് തെറ്റാണോ?

അറിയില്ല പക്ഷേ തനിക്കവളെ ജീവനാണ്…

അവളെ ഒന്ന് കാണാൻ അതിയായ ആഗ്രഹം തോന്നുകയാണ്.

*****************

രൂപേഷ് പണിക്കാർക്കൊപ്പം തോട്ടത്തിലായിരുന്നു

തോട്ടത്തിന്റെ അതിരിലൂടെ ഒഴുകുന്ന കൈത്തോട് വൃത്തിയാക്കുകയാണ് ജോലിക്കാർ.

മഴക്കാലം എത്തുന്നതിനുമുമ്പ് അവിടമൊക്കെ വൃത്തിയാക്കി  ഇടുന്നത് പതിവാണ്.

മീനാക്ഷിയെ കാണാറുണ്ടെങ്കിലും  അയാൾ അവളെ ശ്രദ്ദിക്കാറില്ല.

അവളും തീരെ അയാളെ ഗൗനിക്കാറില്ല. തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഇഷ്ടം അയാളോട് പറഞ്ഞതുകൊണ്ട് മാത്രമാണ്അയാൾ മനസ്സിലാക്കിയത്. ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹം അറിയില്ല, താൻ അദ്ദേഹത്തെ ഇത്രമേൽസ്നേഹിക്കുന്നുണ്ടെന്നുള്ള വിവരം.

പറയണമെന്ന് ഒരിക്കലും വിചാരിച്ചതും അല്ല. പക്ഷെ രൂപേഷേട്ടൻ സുഹൃത്തിന് വേണ്ടി തന്നെ ആലോചിച്ചപ്പോൾ തനിക്ക് സഹിക്കാൻ പറ്റിയില്ല. അറിയാതെ പറഞ്ഞു പോയതാണ്.

പക്ഷേ ഇപ്പോൾ പ്രണയിച്ചു കൊണ്ടിക്കാനോ, അതിന് വേണ്ടി സമയം കളയാനോ തനിക്കാവില്ല. അമ്മയും അനിയനും മാത്രമാണ് തന്റെ ഉള്ളിൽ
തന്റെ പ്രണയം തന്റെ മാത്രം ഒരു സ്വകാര്യമാണ്… ആരോടും
പങ്കു വയ്ക്കാൻ താല്പര്യമില്ലാത്ത തന്റെ മാത്രം സ്വകാര്യതയാണത്….

***********

നിരുപമയും അമ്മയും കൂടെ അമ്പലത്തിൽ പോയിട്ട് വരുകയാണ്.

മകളുടെ കൈ പിടിച്ച് പതുക്കെയാണ് അമ്മയുടെ നടത്തം.

അമ്മക്ക് അത്ര പ്രായമൊന്നും ആയിട്ടില്ലെങ്കിലും അമ്മയുടെ പ്രായത്തിലുള്ള മറ്റ് സ്ത്രീകളെ പോലെ ആരോഗ്യമൊന്നും  അമ്മക്കില്ലെന്ന് അവൾ വേദനയോടെ ഓർത്തു.

കല്ല് ചുമക്കാനും, മണ്ണ് പണിക്കും എന്ന് വേണ്ട, കിട്ടുന്ന പണിക്കെല്ലാം പോയിട്ടാണ് അമ്മ കുടുംബം നോക്കിയിരുന്നത്. അച്ഛൻ തെങ്ങിൽ നിന്നും വീണ് കിടപ്പായതോടെ എല്ലാ ചുമതലകളും അമ്മയുടെ ചുമലിലായി.

നാലുവർഷത്തോളം കിടപ്പിലായിരുന്നു അച്ഛൻ,  അമ്മ പൊന്നുപോലെയാണ് അച്ഛനെ നോക്കിയത്.

പിന്നീട് അച്ഛന്റെ മരണശേഷം തനിക്ക് വേണ്ടി മാത്രമായി അമ്മയുടെ ജീവിതം.

 ഉറുമ്പ്  സൂക്ഷിക്കുന്നത് പോലെ കിട്ടിയതെല്ലാം സ്വരുക്കൂട്ടി വച്ച് അമ്മ തന്റെ കല്യാണത്തിനായി ആറു പവന്റെ സ്വർണ്ണം കരുതി

ശങ്കർ തനിക്കായി വിവാഹത്തിന് കൊണ്ടുവന്നു തന്ന എൺപതു പവന്റെ ആഭരണങ്ങൾക്കിടയിൽ  ആറുപവന്റെ ആഭരണങ്ങൾ കാണാൻ പോലും ഇല്ലായിരുന്നു.

പക്ഷെ ശങ്കർ തന്ന ആഭരണങ്ങൾ വിവാഹദിനത്തിൽ മാത്രമേ താൻ അണിഞ്ഞിരുന്നുള്ളൂ. പിന്നീട് ഉപയോഗിച്ചത് അമ്മ തനിക്കായ് തന്നവയാണ്.

ശങ്കർ പലപ്പോഴും തന്നെ കളിയാക്കുമായിരുന്നു നടുകടലിൽ ചെന്നാലും നായ നക്കിയെ കുടിക്കൂ എന്നും പറഞ്ഞ്.

സ്വന്തമായി എന്തെങ്കിലും ചെറിയൊരു ജോലിക്ക് പോകാൻ തുച്ഛമായ ശമ്പളം ആണെങ്കിലും സ്വന്തമായി നേടാൻ. ഒക്കെ തനിക്ക് എന്ത് കൊതിയായിരുന്നു.പക്ഷേ ശങ്കർ ഒന്നിനും അനുവദിച്ചില്ല.

അയാൾക്ക് കൂടെ കൊണ്ടുനടക്കാൻ സുന്ദരിയായ ഒരു സ്ത്രീയെ വേണമായിരുന്നു.അത് മാത്രമായിരുന്നു താൻ

ശ്രേയ ജനിച്ചതിൽ പിന്നെ, തന്നെ പുറത്തേക്ക് ഒന്നും അങ്ങനെ കൊണ്ടുപോകാതെയായി.

തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന ഒരു ഘട്ടം വന്നപ്പോൾ  ശങ്കറിനെ ധിക്കരിച്ച്  പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. ഡ്രൈവിംഗ് പഠിക്കാൻ പോയി.കൂട്ടുകാരെ കണ്ടെത്തി

ചിലപ്പോഴൊക്കെ ഒരു കാരണവുമില്ലാതെ വണ്ടി എടുത്തെങ്ങോട്ടെങ്കിലും പോകും. കുറച്ചു കഴിയുമ്പോൾ തിരികെ വരും അങ്ങനെയൊക്കെയായിരുന്നു.

അങ്ങനെയെങ്കിലും ചെയ്തില്ലായിരുന്നെങ്കിൽ താൻ ഉറപ്പായും ഒരു മുഴുഭ്രാന്തിയായി മാറുമായിരുന്നു.

വളർന്നുവരുന്തോറും ശ്രേയയും അവളുടെ പപ്പയെ പോലെ അഹങ്കാരമുള്ള  ഒരുവൾ ആയിട്ടാണ് വളർന്നുവന്നത്.

എത്ര തിരുത്താൻ ശ്രമിച്ചാലും ശ്രേയയുടെ ഉള്ളിൽ എപ്പോഴും,അവൾ എന്തോ വലിയ സംഭവമാണ് എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു

അവളും പപ്പയും മാത്രമായിരുന്നു അവളുടെ ലോകം.

അവരെ കണ്ടിട്ട് ഇപ്പോൾ എത്ര ദിവസമായി.

ഒരല്പമെങ്കിലും അവർ തന്നെ സ്നേഹിച്ചിരുന്നെങ്കിൽ തീർച്ചയായും അവർ തന്നെ അന്വേഷിച്ച് ഇവിടെ വരുമായിരുന്നു.

ഇതുവരെയും അവർ വന്നില്ല. അതിനർത്ഥം തന്നെ അവർ സ്നേഹിച്ചിരുന്നില്ല എന്ന് തന്നെയാണ്. അവർക്ക് ആവശ്യമില്ലാത്ത ഒരാളായിരുന്നു താൻ.

സാരമില്ല ഇപ്പോൾ മനസ്സിന് ഒരു സമാധാനമുണ്ട്,സന്തോഷമുണ്ട്, തനിക്ക് ഈ ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള തന്റെ അമ്മയുടെ അരികിലാണ് താനിപ്പോൾ.അതുമതി ഈ ലോകത്തിൽ തന്നെ സ്നേഹിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ.

അവൾ അമ്മയുടെ കയ്യിലെ പിടുത്തം ഒന്നു കൂടി മുറുക്കി

തനിക്ക് അമ്മയുണ്ട് അമ്മയ്ക്ക് താനും ഇപ്പോൾ ജീവിതത്തിൽ ഒരു താളമുണ്ട്…

അവർ വീട്ടിലേക്ക് കയറി ചെന്നപ്പോഴാണ് മുറ്റത്ത് ശങ്കറും മകളും നിൽക്കുന്നത് കണ്ടത്

നിരുപമ വിശ്വാസം വരാതെ അവരെ വീണ്ടും വീണ്ടും നോക്കി.

അവരുടെ ആ വേഷവും മട്ടും ഭാവവുംഒക്കെ കണ്ട് നിരുപമയുടെ ഉള്ളുലഞ്ഞു പോയി.

കണ്ടാൽ  പെട്ടെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്തവരായി.ഇങ്ങനെ മനുഷ്യർ മാറുമോ?

മോനെ…നിങ്ങൾ എപ്പോൾ വന്നു അമ്മ പതിയെ അവരുടെ അടുത്തേക്ക് ചെന്നു. അമ്മ ശങ്കറിന്റെ കരം കവർന്നു, കൊച്ചുമകളെ പുണർന്നു.

എന്താ പറ്റിയെ? വല്ലാതെ ക്ഷീണിച്ചു പോയല്ലോ രണ്ടാളും ? എപ്പോഴും ബിസിനസ് ബിസിനസ് എന്നും പറഞ്ഞു   നടക്കല്ലേ മോനെ.. കുറച്ചൊക്കെ അവനവനെ നോക്കണം. അമ്മ അയാളുടെ ചുമലിൽ തലോടി

അയാളുടെ കണ്ണുകൾ നനഞ്ഞു

ഈ അമ്മയെ ആണല്ലോ താൻ വൃദ്ധസദനത്തിൽ  കൊണ്ടാക്കാൻ പറഞ്ഞത്… അയാൾ അമ്മയെ തന്റെ മാറോടു ചേർത്തു നിർത്തി.

നിരുപമ മകളുടെ അടുത്തേക്ക് ചെന്നു.

എന്തുപറ്റി മോളേ നീ ആകെ കോലം കെട്ടുപോയല്ലോ ? നിരുപമ  അവളുടെ കൈകളിൽ പിടിച്ചു

നിരുപമയുടെ തോളിലേക്ക് അവൾ മുഖമമർത്തി നിന്നു.

തന്റെ തോൾ കുതിർന്നപ്പോൾ നിരുപമക്ക് മനസ്സിലായി അവൾ കരയുകയാണ്.

എന്താടാ എന്താ  എന്റെ മോൾക്ക് പറ്റിയത് ? നിരുപമ അവളുടെ മുഖത്ത് തഴുകി.

അല്ലെങ്കിലും സ്വന്തം കുഞ്ഞ് വിഷമിച്ചാൽ,മറ്റെല്ലാം മറന്ന് അവരെ സ്വാന്തനിപ്പിക്കാൻ മാത്രമേ ഏതൊരമ്മയ്ക്കും കഴിയൂ…

ബിസിനസ് തകർച്ചയുണ്ടായതും എല്ലാംകൈവിട്ട് പോയതും അവരിൽ നിന്നും നിരപമ അറിഞ്ഞു.

കൂടെ നിന്നവർ ച. തച്ചതാണ് എന്നുകൂടി പറഞ്ഞപ്പോൾ. ശങ്കറിന്റെ മുഖത്ത് അഗാധമായ ദുഃഖം കലർന്നിരുന്നു.

അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നിരുപമയ്ക്ക് അറിയില്ലായിരുന്നു

അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് ?
അവരുടെ അഹങ്കാരത്തിന് കിട്ടിയ പ്രതിഫലമല്ലേ ഇത്.

സാരമില്ല ഒരുപാട് പണമൊന്നുമില്ലെങ്കിലും,ആഡംബരം കാണിച്ചില്ലെങ്കിലും മനുഷ്യർക്ക് ജീവിക്കാൻ പറ്റും ശങ്കർ. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം. നമ്മുടെ സന്തോഷം കണ്ടെത്താൻ ശ്രമിക്കാം, സ്നേഹിക്കാൻ ശ്രമിക്കാം…

അപ്പോൾ അങ്ങനെ പറയാൻ മാത്രമേ നിരുപമക്ക് തോന്നിയുള്ളൂ…

വീണുകിടക്കുന്ന ആളെ വീണ്ടും വീണ്ടും ചവിട്ടി താഴ്ത്താൻ അവൾ പഠിച്ചിട്ടില്ലായിരുന്നു.

**************

മഴക്കാലത്തിന്റെ ആരംഭം എന്നോണം മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു.

മീനാക്ഷി കോളേജ് വിട്ടുവരികയാണ്.

ഹൈറേഞ്ചിൽ തണുപ്പ് തുടങ്ങിയാൽ പിന്നെ അധികം ആളുകളെ ഒന്നും വൈകുന്നേരങ്ങളിൽ പുറത്തേക്ക് കാണാറില്ല. കോടയിറങ്ങുന്ന, തണുപ്പ് പടരുന്ന സായാഹ്നങ്ങളിൽ പുരുഷന്മാർ ചിലപ്പോഴൊക്കെ ചായക്കടകളിലോ മറ്റോ  കൂടി ഇരുന്ന് സംസാരിക്കും.

വീട്ടമ്മമാർ തണുപ്പകറ്റാൻ ചൂടുള്ള എന്തെങ്കിലും ഒക്കെ വീട്ടിലുള്ളവർക്കായി ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും.

നിനക്ക് ബസ് ഇറങ്ങി തിടുക്കത്തിൽ മുന്നോട്ട് നടന്നു..

കാറ്റിൽ കുട നിയന്ത്രിച്ചു പിടിക്കാൻ അവൾ നന്നേ പണിപ്പെട്ടു

മഴയായ മഴ മുഴുവനും അവളിലേക്ക്  പെയ്തിറങ്ങി. അവളെ തണുത്തിട്ട് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.

കനത്ത മഴനൂലുകൾക്കിടയിലൂടെ ഒരാൾ അവൾക്കു നേരെ നടന്നു വരുന്നത് കണ്ട് അവൾ സൂക്ഷിച്ചു നോക്കി.

അയാൾ അവളുടെ തൊട്ട് മുൻപിൽ വന്ന് നിന്നു.

അവൾ ഞെട്ടി ഒരടി നിന്നിലേക്ക്‌ മാറി.

ഉടുമ്പ് മത്തായി…

അയാൾ   നനഞ്ഞ വസ്ത്രങ്ങളിൽ തെളിഞ്ഞു കാണുന്ന അവളുടെ ഉടലഴകുകളിലേക്ക് നോക്കി..

ഒരിക്കൽ നീ എന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു. അന്നേ നിന്നെ നോട്ടം വച്ചതാ.

അയാൾ അവളിലേക്ക് കൈകൾ നീട്ടി.

തുടരും……