രുദ്രാക്ഷം – ഭാഗം 61 എഴുത്ത്: വർണ്ണങ്ങൾ ആമി

എന്റെ ഭഗവാനെ എന്തോരം കാഴ്ചകൾ ആണ് കാണേണ്ടത്.നേരാം വണ്ണം ഇത്തിരി ഭക്ഷണം പോലും കഴിക്കാൻ വയ്യാണ്ടായി.

ഹോട്ടലിൽ നിന്നു  ഇറങ്ങി പാർക്കിങ്ങിലേക്ക് നടക്കവേ  ചിമ്മു സ്വയം പറഞ്ഞു. ഫുഡ് ശരിക്കും കഴിക്കാൻ പറ്റാഞ്ഞത് കൊണ്ട് അർജുൻ പാഴ്സൽ വാങ്ങിയാണ് ഇറങ്ങിയത്.

ചിമ്മു വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അർജുൻ ഒന്നും കേട്ട ഭാവം പോലും നടിച്ചില്ല.

ഓഹ്,, കാലം പോയ പോക്കേ… ഇനി എന്തൊക്കെ കണ്ടാലാണോ…കാറിൽ കയറവേ അവൾ പിന്നേം പറഞ്ഞു.

കാലത്തെ കോളേജിൽ പോവാണെന്ന് പറഞ്ഞു ഓരോരുത്തരും ഇറങ്ങും. ഇവളൊക്കെ എവിടെയാണെന്നോ എങ്ങോട്ടാണെന്ന് ഒന്നും പാവം പിടിച്ച മാതാപിതാക്കൾക്കറിയില്ല.. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി മക്കളെ പഠിപ്പിച്ച് വലുതാക്കും. ഇതിങ്ങളൊക്കെ കാട്ടിക്കൂട്ടുന്നതൊ.. ഓഹ് കഷ്ടം..
സീറ്റ് ബെൽറ്റ്‌ ഇട്ടുകൊണ്ട് ഹോട്ടലിലേക്ക് നോക്കി കൊണ്ടാണ് അവൾ വീണ്ടും പറയുന്നത്..

ഒന്ന് നിർത്തുന്നുണ്ടോ നീയ്.. കൊറേ നേരമായല്ലോ തുടങ്ങിയിട്ട്.
അർജുൻ അലറിയതും ചിമ്മു ഞെട്ടലോടെ മുഖം തിരിച്ച് അവനെ നോക്കി..

അവർക്ക് തോന്നിയത് പോലെ അവർ നടന്നോളും. നീ ആരെയും നന്നാക്കാൻ മെനക്കെട്ട് പോകണ്ട…അർജുൻ പറഞ്ഞു.

ഞാൻ അവരെ നന്നാക്കുന്ന കാര്യമല്ലല്ലോ പറഞ്ഞത്. ആ പെൺകുട്ടിയൊക്കെ കോളേജിലേക്ക് ആണെന്ന് പറഞ്ഞ് ഇറങ്ങിയതായിരിക്കും. എന്നിട്ട് വല്ലവന്റെയും കൂടെ കറങ്ങി നടക്കു അല്ലേ… അവൻ ക്കാണിച്ച തെമ്മാടിത്തരം അർജുനേട്ടനും കണ്ടില്ലേ… ഞാൻ അതേ പറഞ്ഞൊള്ളൂ..

ആരൊക്കെ എന്തൊക്കെ കാണിക്കുന്നുണ്ടെന്ന് നോക്കാൻ ആയിട്ടാണോ നീ ഹോട്ടലിൽ വരുന്നത്…? അവനു പിന്നേo ദേഷ്യം.

എന്ന് ഞാൻ പറഞ്ഞോ ഏട്ടാ…

എങ്കിൽപ്പിന്നെ ഒന്ന് മിണ്ടാതിരിയ്ക്കു.. വെറുത കിടന്ന് ചിലച്ചോളും.

അർജുൻ വഴക്ക് പറഞ്ഞതും പിന്നീട് വീടെത്തും വരെയും ചിന്മയ ഒരക്ഷരം പോലും സംസാരിച്ചില്ല.

ഇരുവരും നേരെ വീട്ടിലേക്ക് എത്തിച്ചേർന്നപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു..

ഡോർ തുറന്ന് അകത്തേക്ക് കയറിയ ശേഷം അർജുൻ നേരെ ഫ്രഷ് ആവാനായി പോയി. അവൻ തിരികെ വന്നപ്പോൾ ചിൻമയി അടുക്കളയിൽ ആയിരുന്നു. ഡ്രസ്സ്‌ മാറ്റിയ ശേഷം അവൾ ഒരു ചായ ഇടുവാനുള്ള തത്രപ്പാടിലാണ്.

ഞാൻ ചെയ്തോളാം…തൊട്ട് പിന്നിൽ നിന്നും അർജുൻ പറയുന്നത് കേട്ടതും അവൾ തിരിഞ്ഞു നോക്കി. ഗൗരവത്തിൽ നിൽക്കുകയാണ് അവൻ. ചിന്മയി പെട്ടെന്ന് പിന്നിലേക്ക് നീങ്ങി നിന്നു. അർജുൻ ആയിരുന്നു ചായ തയ്യാറാക്കിയത്. ഇത്തിരി നേരം നിന്ന ശേഷം അവൾ ബെഡ്റൂമിലേക്ക് പോയി.

ഒന്ന് മേല് കഴുകി ഫ്രഷായി വരാം എന്ന് കരുതി വാഷ് റൂമിലേക്ക് കയറുവാൻ തുടങ്ങിയപ്പോഴാണ് അർജുൻ അവളെ വിളിച്ചത്.

നിനക്ക് ചായ വേണ്ടേ? കുളിച്ചിട്ട് വരാം എന്ന് പറഞ്ഞ് അവൾ കയറിപോയപ്പോൾ ചിന്മയിയുടെ അമ്മ രേഷ്മ അവളെ ഫോൺ വിളിച്ചു..

അർജുൻ എടുത്തു നോക്കിയപ്പോൾ അമ്മയാണെന്ന് മനസ്സിലായി.

അവൻ കോൾ അറ്റൻഡ് ചെയ്തില്ല. വീണ്ടും വീണ്ടും ഫോൺ റിംഗ് ചെയ്തതും അർജുൻ അതെടുത്ത് ഓഫ് ചെയ്തു വെച്ചിട്ട് സ്വീകരണ മുറിയിലേക്ക് ഇറങ്ങിപ്പോയി.

കുളിയൊക്കെ കഴിഞ്ഞ് ചായയൊക്കെ കുടിച്ച ശേഷം ഫോൺ എടുത്തു നോക്കിയപ്പോഴാണ് അത് ഓഫ് ആയിരിക്കുന്നത് ചിമ്മു കാണുന്നത്..

പെട്ടെന്ന് തന്നെ അവൾ സ്വിച്ച് ഓൺ ചെയ്തു അപ്പോഴേക്കും അമ്മയുടെ മിസ്ഡ് കോൾസ് കണ്ടു.

ശോ.. അമ്മ വിളിച്ചിരുന്നല്ലോ. ഞാനൊട്ട് കണ്ടതും ഇല്ല. തന്നെത്താനെ പറഞ്ഞുകൊണ്ട് ചിനമയി ഫോൺ ചെയ്തു..

ഹലോ മോളെ.. അമ്മ നാലഞ്ച് തവണ നിന്നെ വിളിച്ചിരുന്നു നീ എന്താ ഫോൺ എടുക്കാതിരുന്നത്…

സോറി അമ്മ ഞാൻ കുളിക്കാൻ കയറിയതായിരുന്നു..

അതെയോ.. അർജുൻ എവിടെ?

ഏട്ടൻ അപ്പുറത്ത് ഉണ്ട്.. അമ്മ എന്തെടുക്കുവാ..

ഞാൻ ഇവിടെ വെറുതെ ഇരുന്നപ്പോൾ മോളെ വിളിച്ചതാണ്. രണ്ടുമൂന്ന് തവണ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി. അർജുനെ വിളിച്ചപ്പോൾ ആളും എടുത്തില്ല.

ഏട്ടൻ പുറത്ത് എവിടെയോ ആയിരുന്നു.. അതാണമ്മേ… അങ്ങനെ കുറച്ച് സമയം ചിമ്മു അമ്മയോട് സംസാരിച്ചു. അർജുൻ മനപ്പൂർവ്വം ഫോണെടുത്ത് സ്വിച്ച് ഓഫ് ചെയ്തു വെച്ചതാണെന്ന് അവൾക്ക് പിടികിട്ടിയിരുന്നു. ശരിക്കും അവൾക്ക് ദേഷ്യം വന്നു.

അമ്മയുടെ സംസാരിച്ചു വെച്ച ശേഷം അവൾ അർജുന്റെ അടുത്തേക്ക് വേഗത്തിൽ വന്നു.

എന്റെ ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു വെച്ചത് അർജുനേട്ടൻ ആയിരുന്നോ? അവൾ ദേഷ്യത്തിൽ ചോദിച്ചു.

അവളോട് അതിനുള്ള മറുപടി പറയാതെ അലക്ഷ്യമായി അർജുൻ ഫോണിൽ നോക്കി ഇരിക്കുകയാണ്.

ചോദിച്ചത് കേട്ടില്ലേ…അവള് വീണ്ടും ശബ്ദമുയർത്തി.

മാറിപ്പോടി…കസേരയിൽ നിന്ന് എഴുന്നേറ്റ് ശേഷം അവൻ അവളെ തള്ളി നീക്കി.

നിങ്ങൾക്ക് നിങ്ങളുടെ അച്ഛനോടും അമ്മയോടും ഒന്നും യാതൊരു സ്നേഹവും ബഹുമാനവും ഇല്ലെന്നുള്ളത് എനിക്കറിയാം. എന്നാൽ ഞാൻ അങ്ങനെയല്ല. എനിക്ക് എന്റെ വീട്ടുകാര് കഴിഞ്ഞിട്ടേയുള്ളൂ ബാക്കി എന്തും. അവരെ ധിക്കരിക്കാൻ മേലാത്തത് കൊണ്ടാണ് നിങ്ങളെ വിവാഹം കഴിക്കാൻ പോലും ഞാൻ സമ്മതിച്ചത്. ഇനി മേലിൽ എന്റെ പ്രൈവസിയിൽ കയറി ഇടപെടരുത്. എന്റെ ഫോണിൽ തൊട്ടുപോയേക്കരുത്.

അവനെ നോക്കി ആദ്യമായി ചിമ്മു ശബ്ദമുയർത്തി.

നീ ആരെയാടി പേടിപ്പിക്കുന്നത് എന്ന് ചോദിച്ചു കൊണ്ട്  അർജുൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നതാണ്. എന്നാൽ ചിന്മയി യാതൊരു കൂസലും ഇല്ലാതെ അവന്റെ മുമ്പിൽ തറഞ്ഞു നിന്നു.

പറയാനുള്ള കാര്യം മുഖത്ത് നോക്കി ഞാൻ പറയും. അതാരാണെങ്കിലും ശരി… എന്നെ ബാധിക്കുന്ന കാര്യവുമല്ല. എന്റെ ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്തു വെക്കേണ്ട കാര്യം അർജുനേട്ടന് ഇല്ലാ. അത് പറഞ്ഞെന്നേയുള്ളൂ..

ഞാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എനിക്ക് എന്റെ ഇഷ്ടം പോലെ പെരുമാറാൻ പറ്റും. അതിന് നിനക്കെന്താടി….

പെട്ടെന്ന് അർജുന്റെ ഫോൺ ശബ്ധിച്ചു. അവൾ എടുത്തിട്ട് അത് സ്വിച്ച് ഓഫ് ചെയ്തു..ശേഷം ടേബിളിൽ വെച്ചിട്ട് തിരിഞ്ഞു നടന്നു. അർജുൻ അപ്പോഴേക്കും അവളുടെ ഇടം കൈയിൽ പിടിച്ച് അവളെ പിന്നിലേക്ക് വലിച്ചു..

തിരിഞ്ഞുവന്ന് അവൾ അവന്റെ നെഞ്ചിൽ തട്ടിയാണ് നിന്നത്.

തുടരും…..