മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി..

_upscale

ഹൃദയപൂരിതം…

Story written by Sebin Boss

============

ഞാൻ രാമൻ….

പേരുപോലെ അൽപ്പം പഴയ ആളാണ്. ഇന്നെന്റെ വിവാഹമായിരുന്നു. ഞാനിതുവരെ കാണാത്ത ബന്ധുജനങ്ങളൊക്ക എത്തിയിട്ടുണ്ട്. ഈ കിളവന്റെ ജീവിതമെന്താകുമെന്നറിയാനായിരിക്കും.

അല്ലെങ്കിലും അന്യന്റെ വീട്ടിലേക്ക് എത്തിനോക്കാനാണല്ലോ എല്ലാർക്കും താല്പര്യം…ഞാനും അംബികയും തമ്മിൽ പതിനഞ്ചു വയസ്സിന്റെ വ്യത്യാസവും…പോരേ പൂരം ആളുകൾക്ക് പറഞ്ഞു ചിരിക്കാൻ…

”കയറിപ്പോരേ അംബികേ…. ”

കയ്യിൽ പാലുമായി വാതിൽക്കൽ നിൽക്കുന്ന അംബികയെയാണ് കുളികഴിഞ്ഞ് തല തുവർത്തിക്കൊണ്ടിറങ്ങിവന്ന രാമൻ കണ്ടത്. അയാൾ പുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു…

”ആദ്യരാത്രിയിൽ പാൽ വേണമല്ലോ അല്ലെ ?.. പാലൊന്നും എനിക്ക് ശീലമില്ല. കട്ടൻകാപ്പിയാണ് പതിവ്…ചെറുപ്പത്തിലേ പാലൊന്നും കുടിക്കാൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ പാലിന്റെ രുചിയത്ര ഇഷ്ട്ടവുമില്ല. ആ ഇതൊക്കെ പറഞ്ഞു തന്റെ ആദ്യരാത്രി സങ്കൽപ്പങ്ങൾ തകർക്കണ്ട….ഏത് പെണ്ണിനും ഉണ്ടല്ലോ തന്റെ ആദ്യരാത്രിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ …”’

അംബികയുടെ ചുണ്ടിൽ അത് കേട്ടപ്പോഴൊരു ചിരി വിടർന്നു…

“‘ തന്റെ ചിരിയുടെ അർത്ഥമെനിക്ക് മനസ്സിലാകും. ഏതൊരു പെൺകുട്ടിയും കൗമാരം മുതൽ തന്നെ തന്റെ ഭാവി വരനെയും അവനോടൊപ്പമുള്ള ജീവിതവും പ്രണയനിമിഷങ്ങളും സ്വപ്നം കാണാറുണ്ട്. അതെല്ലാം തെറ്റിക്കാണുമല്ലേ ? അച്ഛനോളം പ്രായമുള്ളൊരാൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം…ഹ്മ്മ്മ്…അപകർഷതയൊന്നുമല്ല കേട്ടോ…പക്ഷെ ചെറിയൊരു കുറ്റബോധമുണ്ട്. തന്റെ ശാപം കൂടെയെനിക്ക് കിട്ടുമോയെന്ന്…

ആ കുന്നിൻമുകളിൽ കാണുന്ന ഒറ്റമുറിക്കെട്ടിടം കണ്ടോ…അതിരിക്കുന്ന ഒരേക്കർ തരിശുഭൂമിയിൽ നിന്നും തുടങ്ങിയതാ ഈ ജീവിതം. പണ്ട് കുഞ്ഞുന്നാളിൽ അവിടെ കുട്യോള് ഓടിക്കളിച്ചിരുന്നു. ഞാനുമുണ്ടാകും…പശുവിന് പുല്ല് ചെത്താൻ ആണെന്ന് മാത്രം….അവിടുത്തെ പുല്ല് തീരരുതെന്നായിരുന്നു പ്രാർത്ഥന…കൂട്ടുകാര് കളിക്കുന്നതെങ്കിലും കാണാമല്ലോ…

കാര്യസ്ഥപ്പണിക്ക് വന്നയാളുടെ നിർദ്ദേശപ്രകാരം വല്യച്ഛൻ കച്ചവടം ചെയ്ത് ബാധ്യതയായി. പഴയ തറവാടുകളൊക്കെ ക്ഷയിച്ചത് അങ്ങനെയാണല്ലോ. എന്തായാലും എന്റെ ഓർമ്മയിൽ ആ ഭൂമിയൊക്കെ കാര്യസ്ഥന്റെ കയ്യിലാണ്. കേസും കോടതിയുമൊക്കെ ആയി. വിധി വന്നപ്പോൾ വല്യച്ഛനും അച്ഛനും പോയിരുന്നു. തല്ലുപിടിക്കാനും മറ്റും അമ്മ നിൽക്കാത്തതിനാൽ പുല്ല് മാത്രം കിളിർക്കുന്ന ആ സ്ഥലം മാത്രം അച്ഛന് വിഹിതമായി കിട്ടി .”’

”’പിന്നെ ഒരു വാശി പോലെയായിരുന്നു. അനിയത്തിമാരേം അനിയനേം പഠിപ്പിക്കണം. കൂടെ ഞാനും പഠിച്ചു…ഇന്നീ കാണുന്ന വീടും അപ്പുറത്തെ രണ്ടരയേക്കറും ടൗണിലുള്ള കെട്ടിടവും അമ്മയുടെ പേരിൽ വാങ്ങിയപ്പോൾ എന്റെ ജനനലക്ഷ്യം തീർന്ന അഭിമാനമായിരുന്നു. അതിനിടയിലേക്കാണ് താൻ അപ്രതീക്ഷിതമായി കടന്നു വന്നത്…അയ്യോ, പാൽ തണുത്തുകാണും. സ്വതമേ പ്രായം കൂടിയവർ പണ്ടത്തെ കഥകൾ പറയുന്ന വിടുവായരാണെന്ന് ചൊല്ലുണ്ട്. ഞാൻ അങ്ങനെ അല്ല കേട്ടോ…പക്ഷെ മനസ് തുറന്നാരോടെങ്കിലുമൊന്ന് സംസാരിച്ചിട്ട് നാളുകളായി. സംസാരിക്കുന്നതൊക്കെ കല്യാണത്തിനെ പറ്റിയുള്ള ചോദ്യങ്ങളും വീതം വെക്കലുകളേ പറ്റിയും… ”

പറഞ്ഞും തീരും മുൻപേ കതകിൽ ഒരു മുട്ട് കേട്ടു

”’നീയോ…എന്താടീ ..”’ നേരെ ഇളയ പെങ്ങൾ ശാന്തിയാണ്…

”കൊച്ചച്ഛൻ അന്വേഷിക്കുന്നു. അവര് പുലർച്ചെ നാലിനുള്ള ഫാസ്റ്റിന് പോകുന്ന്. രാവിലെ ഏട്ടനെ ശല്യപ്പെടുത്തണ്ടല്ലോന്ന് കരുതിയാ..അമ്മാവനും ഉണ്ട് . ”

”പുലർച്ചെയും ഇപ്പോഴും എല്ലാം ശെരി തന്നെയല്ലേ…ഞാനിപ്പോ വരാം കേട്ടോ അംബികേ ”’

മുഖം കനത്തു ശീലമില്ലാത്ത രാമൻ അംബികയോട് പറഞ്ഞിട്ട് ശാന്തിയുടെ കൂടെ പടിയിറങ്ങി..

”’ രാമാ..ഉണ്ണിക്ക് പിള്ളേര് മൂന്നാ…ടൗണിലെ വാടകയും ചിലവുമൊക്കെ നിനക്കുമറിവുള്ളതല്ലേ . നാളെ ഞങ്ങളൊക്കെയും ഉണ്ടാകില്ല . സ്വത്തിനും പണത്തിനും വേണ്ടി നിങ്ങൾ മക്കൾ തമ്മിൽത്തല്ല് കൂടുന്നത് ഈ വയസ്സന്മാർക്ക് കാണാൻ വയ്യ..അതുകൊണ്ട് ഇന്ന് തന്നെ ഇക്കാര്യങ്ങളൊക്കെ ഒരു വ്യക്തത വരുത്തണം. ഇന്ന് വന്നുകയറിയവൾ നാളെ വാ പൊളിക്കില്ലെന്നാരു കണ്ടു .”’ കൊച്ചച്ഛനും അമ്മാവനെ പിന്താങ്ങി.

അത് കേട്ടുകൊണ്ടാണ് അംബിക പടിയിറങ്ങി വന്നത്. അവളൊന്ന് പുഞ്ചിരിച്ചു…

”ഇന്ന് വന്ന് കയറിയവൾ ആണെങ്കിലും വർഷങ്ങൾക്ക് മുൻപ് വന്നുകയറിയവൾ ആണെങ്കിലും ഇന്നെന്റെ കഴുത്തിൽ രാമേട്ടൻ കെട്ടിയ താലി ഉണ്ടെങ്കിൽ എനിക്ക് ഈ വീട്ടിൽ രാമേട്ടനുള്ള തുല്യ അവകാശം തന്നെയുണ്ട് ”

”അംബികേ…” രാമേട്ടന്റെ വിളിയിൽ അൽപം അങ്കലാപ്പ് കലർന്നിരുന്നു.

”’ ഹേയ്…ഇല്ല രാമേട്ടാ…വന്നു കയറിയ അന്നേ ഞാൻ ഭ ദ്രകാളിയൊന്നുമാകാൻ നിക്കണില്ല. ഇപ്പോ ഇവരുടെയാവശ്യം . ?”

അംബിക ഹാളിൽ നിന്നിരുന്ന അനിയത്തിമാരെയും അനിയനെയും നോക്കി. അവരുടെയെല്ലാം മുഖത്ത് അവൾ സംസാരിച്ചതിന്റെ നീരസം പ്രകടമായിരുന്നു.

”’ ഈ വീടും സ്ഥലവും ഉണ്ണിക്ക്…പിന്നെ ടൗണിലെ കെട്ടിടം ശാന്തിക്ക്. അവളുടെ കെട്ടിയോൻ മരിച്ചതല്ലേ. പിള്ളേരും അവളും അതിന്റെ വാടക വാങ്ങി ജീവിച്ചോളും. ഇല്ലേടീ …പിന്നെയുള്ള രണ്ടരയേക്കർ..അത് ഇളയവർക്ക് തുല്യമായി ഭാഗിക്കാം ” അംബികയെ ഗൗനിക്കാതെ അമ്മാവൻ തങ്ങളുടെ തീരുമാനം പറഞ്ഞു

”അപ്പൊ ഞങ്ങൾക്കോ ?” അംബിക അമ്മാവനെ നോക്കി.

”’അംബിക മിണ്ടണ്ട …കാർന്നോന്മാർ സംസാരിക്കുമ്പോൾ.. ” അനിയൻ ഉണ്ണി പറഞ്ഞതും അംബിക അവന്റെ നേരെ തിരിഞ്ഞു

”നിർത്തടാ..കാർന്നോന്മാർ സംസാരിക്കുന്നത് നീ കേട്ടതല്ലേ…ഇവിടെ കാർന്നോന്മാരായി ഞാനും രാമേട്ടനുമാ..നിന്റെ ഏട്ടനും ഏടത്തിയും..ഞങ്ങളോടാ അമ്മാവനും കൊച്ചച്ഛനും സംസാരിക്കുന്നത് ”’

”അംബികേ..നമുക്ക് .. ”’ ഇരുകൂട്ടരുടെയും ഇടയിൽ രാമനൊന്നിനും വയ്യായിരുന്നു…

” രാമേട്ടാ…വഴക്കുണ്ടാക്കാൻ വന്നതല്ല ഞാൻ. ഇന്നത്തെ ഈ ദിവസം തന്നെ ഈ ഭാഗംവെക്കൽ ഇവർക്ക് ഒഴിവാക്കാമായിരുന്നു

”’ലക്ഷ്മിയെടത്തി ഉണ്ടായിരുന്നേൽ നിന്നെ ബോധ്യപ്പെടുത്തി തന്നേനെ…കാര്യം ശെരി തന്ന്യാ രാമാ.. ഇതെല്ലാം നീയുണ്ടാക്കിയത് തന്നെ. പക്ഷെ ഇളയവൻ ഉണ്ണി അല്ലെ ? തറവാട് ആചാരം പോലെ അവനുള്ളതല്ലേ .”’

അമ്മാവൻ രാമനെ നോക്കി

”അമ്മയുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും നിങ്ങൾ ചോദിയ്ക്കാൻ വരില്ലായിരുന്നു അമ്മാവാ. കാരണം വിയർപ്പൊഴുക്കി അധ്വാനിച്ചവനെ അതിന്റെ വിലയറിയൂ . ”

” അംബിക ഇന്ന് കേറിവന്നതാ ..അധികം സംസാരിക്കണ്ട . ഇത് ഞങ്ങളുടെ കുടുംബകാര്യമാ ” കൊച്ചച്ചൻ അംബികയെ നോക്കി രൂക്ഷമായി പറഞ്ഞപ്പോൾ രാമന്റെ സഹോദരങ്ങളുടെ മുഖം തെളിഞ്ഞു .

”ഇന്നലെ വരെ നിങ്ങളുടെ കുടുംബകാര്യമായിരുന്നു. ഇന്നെന്റെ കൂടെ കുടുംബകാര്യമാണ്. ശെരിക്കും പറഞ്ഞാൽ എന്റെയും രാമേട്ടന്റെയും സഹോദരങ്ങളുടെയും ”

”ഓഹോ. ഗംഗേട്ടാ ..നമ്മളൊക്കെ പുറം പാർട്ടികളാണെന്നാ ഇവള് പറയുന്നേ..ഇനിയെന്തിനാ ഇവിടെ നിൽക്കുന്നെ … ഞാനിറങ്ങുവാ … എന്ത് കാണുവാൻ നിൽക്കുവാടീ . ഇനിയിറങ്ങി പോകാൻ പറയുന്നത് കേൾക്കണോ ” അമ്മാവൻ കൊച്ചച്ചനെ നോക്കി പറഞ്ഞിട്ട് മരുമക്കളുടെ നേരെ തിരിഞ്ഞു

” അംബികേ …. ” രാമേട്ടൻ എന്തോ പറയുവാനാഞ്ഞതും അംബിക അനിയൻ ഉണ്ണിയുടെ നേരെ തിരിഞ്ഞിരുന്നു

”നിനക്കിപ്പോൾ ഈ വീടല്ലേ വേണ്ടിയത് . ഇത് നിനക്കുള്ളത് തന്നെയാ ഉണ്ണീ . ഇത് മാത്രമല്ല മറ്റ് സ്വത്തുക്കളും നിങ്ങൾ പറഞ്ഞ രീതിയിൽ തന്നെ വീതം വെക്കും.. ഇനി പറയ് പോണോ ഇവരുടെ കൂടെ ” അംബിക തിരിഞ്ഞു കൊച്ചച്ഛനെയും അമ്മാവനെയും നോക്കി

ഉണ്ണിയും സഹോദരിമാരും അനങ്ങിയില്ല .

”പാലം കേറുവോളം നാരായണ ..അത് കഴിഞ്ഞാൽ കൂരായണ. കാര്യത്തോടടുത്തപ്പോൾ അവരൊന്നായി വാടാ നമുക്ക് പോകാം ”’ കൊച്ചച്ചൻ പറഞ്ഞതും അമ്മാവനും പുറകെയിറങ്ങി

”ബന്ധുത്വം….അത് വളരെ വലുതാണ് ഉണ്ണീ … പക്ഷെ അത് കാശും പദവിയും ഉണ്ടകുമ്പോൾ മാത്രം കാണേണ്ടതല്ല. നിങ്ങളും അമ്മയും ഇവിടെ അന്നന്നത്തെ ആഹാരത്തിനു കഷ്ടപ്പെട്ടിരുന്ന സമയത്തിവരെ രണ്ടിനേം ഇങ്ങോട്ട് കണ്ടിരുന്നോ . ഇപ്പോൾ കാശും സ്വത്തുമായപ്പോൾ വന്നിരിക്കുന്നു . ഇനി വീണ്ടും അങ്ങനെയൊരു സാഹചര്യമുണ്ടായാൽ തിരിഞ്ഞുനോക്കുമോയെന്നാർക്കറിയാം ‘എനിക്ക് നിന്റത്രേം പ്രായമില്ലാരിക്കും . പക്ഷെ നിന്നെക്കാളൊക്കെ അനുഭവങ്ങളുണ്ട്. അതുകൊണ്ട്തന്നെയാ പറയുന്നത്..നിങ്ങളുടെ നല്ലതിനും ”

ഉണ്ണിയുടെയും സഹോദരങ്ങളുടെയും മുഖം കുനിഞ്ഞു

”ഇന്ന് തന്നെ മാറണോ അംബികേ..നേരം പുലർന്നിട്ട് പോരെ ”’

അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും എടുക്കുകയായിരുന്ന രാമൻ ബാഗ് അടുക്കുന്ന അംബികയെ നോക്കി

രാവേറെയായിരുന്നു അപ്പോഴേക്കും

”’ ഒരു തീരുമാനം എടുത്താൽ പിന്നെ അമാന്തിക്കണ്ട കാര്യമെന്താണ് രാമേട്ടാ…ഒരു കാര്യം ചോദിക്കട്ടെ . കയറിവന്ന അന്ന് തന്നെ സഹോദരങ്ങളെ പിരിക്കാൻ നോക്കിയെന്ന് തോന്നുന്നുണ്ടോ ഏട്ടന് ? ബന്ധുജനങ്ങളോട് മോശമായി പെരുമാറിയെന്ന് തോന്നുന്നുണ്ടോ..ഉണ്ടെങ്കിൽ പറയണം..പിന്മാറണമെങ്കിൽ പിന്മാറാം ഏട്ടന്. ഒരു ജന്മം മുഴുവൻ കഴിയേണ്ടതാ ഈ എന്റെ കൂടെ ” അംബിക ചിരിച്ചുകൊണ്ടയാളെ നോക്കി

”ഹഹഹ . ഒരിക്കലുമില്ല അംബികേ…ചില സമയങ്ങളിൽ നാവിന് കെട്ടുവീഴും . അത് നട്ടെല്ലില്ലാത്ത കൊണ്ടോ കഴിവില്ലായ്മ കൊണ്ടോ അല്ല…സ്നേഹക്കൂടുതൽ കൊണ്ടാണ് . വഴക്കും വക്കാണവുമൊന്നും ഒന്നും വേണ്ടാന്ന് വെച്ചിട്ടാണ് ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിക്കുന്നത്. അപ്പോഴൊക്കെ ഒരു നാവെനിക്ക് വേണ്ടി സംസാരിച്ചിരുന്നുവെങ്കിലെന്നോർത്തിട്ടുണ്ട്. താൻ പറഞ്ഞ പോലെ അമ്മ മരിച്ച ശേഷം എനിക്കായി സംസാരിച്ചത് താനാണ് . ”’

”എടോ ..തനിക്കെന്നെ എങ്ങനെ ഇത്രയാഴത്തിൽ മനസിലായി . എന്നെ മാത്രമല്ല …എന്റെ കാര്യങ്ങളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ ? ” താൻ അധ്വാനിച്ചുണ്ടാക്കി വീട്ടിലെ , ഇത്രനാളും കിടന്നിരുന്ന മുറി അവസാനമായി ആകെയൊന്നോടിച്ചുനോക്കിയ ശേഷം രാമൻ ചോദിച്ചു

”രാമേട്ടാ … പെണ്ണെടുക്കാൻ പെണ്ണിന്റെ സ്വഭാവവും സൗന്ദര്യവും മാത്രം നോക്കിയാൽ മതി. പക്ഷെ , ആണിന്റെ സ്വഭാവും ജോലിയും എന്തിന് ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ സ്വഭാവം വരെ നോക്കണമെന്ന് പഴമക്കാർ പറയും. അപ്പുറത്തെ മറിയചേച്ചിയുടെ വീട് ചിറ്റേടെ വീടിനടുത്താ. രാമേട്ടന്റെ ഓരോ ദിവസത്തെ ജീവിതം വരെ അവരെന്നോട് പറഞ്ഞിട്ടുണ്ട് ..കുറ്റമല്ല കേട്ടോ ..എല്ലാം നല്ല കാര്യങ്ങൾ. അവസാനം ഒന്ന് കൂടി പറഞ്ഞു..രാമേട്ടന്റെ കണ്ണീർ വീണാൽ എഴുതലമുറ വരെ ഗതികിട്ടില്യാന്നും . അത്രക്ക് പുണ്യമാണ് ഏട്ടന്റെ ജീവിതമെന്ന് .ആ ഒരു വാക്ക് മാത്രം മതിയാരുന്നു എനിക്ക് ഈ ആലോചനക്ക് സമ്മതിക്കാൻ . ഇക്കാലത്ത് ഇങ്ങനൊരു വാക്ക് കേൾക്കുന്നത് തന്നെ അപൂർവമല്ലേ ?”’ ബാഗുകൾ അടച്ചു വെളിയിലേക്കെടുത്തുകൊണ്ട് അംബിക പുഞ്ചിരിച്ചു

അവർ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ അനിയനും സഹോദരിമാരും വരാന്തയിലെ ഇരുട്ടിൽ മൗനമായിരിപ്പുണ്ടായിരുന്നു

” എടൊ … വന്നയന്നു വർക്കക്കെട്ടിടത്തിൽ നിന്ന് ചോരുന്ന ഒറ്റമുറിക്കെട്ടിടത്തിലേക്ക് . അവിടെ വിരിക്കാനൊരു മെത്തപോലുമില്ല . നാളെ ആഹാരമുണ്ടാക്കാൻ ഒരു പാത്രം പോലുമില്ല ”

കുത്തനെയുള്ള കയറ്റം കേറുന്ന അംബികയുടെ കയ്യിലെ ഒരു ബാഗ് കൂടി മേടിച്ച ശേഷം , അങ്ങ് മുകളിൽ കാണുന്ന കെട്ടിടത്തിലേക്ക് നോക്കി രാമൻ പറഞ്ഞു

”രാമേട്ടാ … കയ്യിലുണ്ടായിരുന്ന ബാഗും വെച്ച് , എന്റെ കയ്യിലിരുന്ന ഭാരം ഏട്ടൻ താങ്ങിയല്ലോ …. അതുമതിയെനിക്ക്….ഏട്ടൻ ചോദിച്ചല്ലോ പതിനഞ്ചുവയസ്സിന്റെ വ്യത്യാസമുണ്ട് ..വിഷമം തോന്നുന്നുണ്ടോയെന്ന് ? ഞാനുണ്ടെടി നിനക്കെന്നു പറഞ്ഞൊന്ന് ചേർത്തുപിടിക്കാനും വിഷമങ്ങളും പരാതികളും പങ്കുവെക്കാനും മനസ്സിനിണങ്ങുന്ന ഒരാൾ മതി രാമേട്ടാ ഏത് പെണ്ണിനും . ബാക്കിയുള്ളതൊക്കെ വെറും പുറമോടി അല്ലെ ഏട്ടാ ?. കണ്ടുമടുക്കുമ്പോൾ തീരുന്നൊരിമ്പം മാത്രമാണ് സൗന്ദര്യവും ആകാരവുമൊക്കെ . പിന്നീട് ഹൃദയം കൊണ്ടല്ലേ സ്നേഹിക്കുന്നത് . ജരാനരകൾ ബാധിച്ചാലും മങ്ങാത്ത സ്നേഹമെന്നത് അത് പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചകൾ ചെയ്തും വീഴ്‍ചകളിലും ഇല്ലായ്മകളിലും ചേർത്തുപിടിച്ചും ഉണ്ടാക്കിയെടുക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹം തന്നെയാണ് . ”’

രാമൻ നിറഞ്ഞ ചിരിയോടെ അംബികയുടെ കൈപിടിച്ച് മുറ്റത്തേക്ക് കയറി

”ആകാശം കണ്ടോ … നക്ഷത്രങ്ങൾ പുഞ്ചിരിതൂകി നിൽക്കുന്നു . നമ്മളെ നോക്കി അസൂയപ്പെടുകയാകും അല്ലെ ഏട്ടാ ”

പൊളിഞ്ഞു തുടങ്ങിയ റെഡ് ഓക്സൈഡിന്റെ തണുപ്പ് ആസ്വദിച്ച് ആ കുഞ്ഞുവീടിന്റെ തിണ്ണയിൽ രാമന്റെ കൈകൾക്കുള്ളിൽ കിടന്നുകൊണ്ട് അംബിക പറഞ്ഞു

”ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുൻപ് അനിയനേം അനിയത്തിമാരേം അകത്തുകിടത്തി ഇവിടെയായിരുന്നു എന്റെ ഉറക്കം. നാളെയെന്തെന്ന ചിന്തയിൽ പലപ്പോഴും ഉറങ്ങാൻ സാധിച്ചിട്ടില്ല . അന്നത്തെ അതേയവസ്ഥയിൽ ആണ് ഞാൻ ഇന്നും .. ഒന്നേന്ന് തുടങ്ങണം … മുന്നിൽ ഇരുട്ടാകുമ്പോഴും നിനക്കിങ്ങനെ ചിരിക്കാനെങ്ങനെ സാധിക്കുന്നു പെണ്ണെ ?”’ രാമൻ അംബികയുടെ കൈ കണ്ണിൽ ചേർത്തുകൊണ്ട് ചോദിച്ചു

”അന്നത്തെ അവസ്ഥയല്ലല്ലോ രാമേട്ടാ…ഇന്നൊരു ജോലിയുണ്ട് . എന്തിനും സപ്പോർട്ടായി ഞാനുണ്ട് . പിന്നെയെന്താ കുഴപ്പം ”

”നാളെ നമുക്ക് മക്കളുണ്ടായാൽ അവർക്കും നിനക്കും കയറിക്കിടക്കാൻ അടച്ചുറപ്പൂള്ളൊരു വീട് വേണം. ‘പ്രായമേറിയില്ലേ പെണ്ണെ….മനസെത്തുന്നിടത്ത്…. ”

”ശരീരവുമെത്തും … ശരീരത്തിന് മാത്രമേ പ്രായമേറുന്നുള്ളൂ രാമേട്ടാ…മനസ്സിലിപ്പോഴും ആ കുട്ടിയല്ലേ .. അമ്മയുടെ കണ്ണ് നിറയാതിരിക്കാൻ പശുവിനെ വളർത്തുന്ന ആ ഉശിരുള്ള ആ കുട്ടി . കൃഷിക്കല്ലേ ഈസ്ഥലം പറ്റാതുള്ളു . പുല്ല് വളരൂന്നല്ലേ പറഞ്ഞെ . പണ്ട് അമ്മായീടെ വായിലെ ചീത്ത കേൾക്കാതിരിക്കാൻ എന്റെ ആവശ്യങ്ങൾക്കായി അമ്മാവൻ ഒരു ആട്ടിൻ കുട്ടിയെ വാങ്ങിത്തന്നിരുന്നു . ഇങ്ങോട്ട് പോരുന്നതിന് മുൻപ് വിൽക്കുമ്പോൾ കുട്ടിയും പെട്ടയുമായി പന്ത്രണ്ടാടുകൾ ഉണ്ടായിരുന്നു .ആ ആത്മവിശ്വാസം എനിക്കുമുണ്ട് . നമുക്ക് ഒന്നേന്ന് തന്നെ തുടങ്ങാന്നേ ..ഞാനില്ലേ കൂടെ ”’ അംബിക രാമന്റെ നെറുകയിൽ ചുംബിച്ചു

***************

”’ ഏട്ടത്തി …. ഏട്ടത്തി … ”’

”ആ ഉണ്ണീ … കേറി വാ …നീ വല്ലോം കഴിച്ചോ ?””

വാതിൽ തുറന്ന് ഉമ്മറത്തെ കസേരയിൽ ഇരുന്ന് പത്രം മറിച്ചുനോക്കുന്ന ഉണ്ണിയോട് അംബിക ചോദിച്ചു .

” ഇല്ല … എന്തേലുമെടുത്തോ…രാമേട്ടൻ എന്തിയെ ഏട്ടത്തി ? ”

”’ ഫാമിലേക്ക് പോയതാണ് . പാക്കിങ്ങൊക്കെ കഴിഞ്ഞോടാ . നാളെ തന്നെ ജോയിൻ ചെയ്യണ്ടേ  നിനക്ക് ? വാടകക്കാര് ആരേലുമായോ ?  ഏട്ടൻ പറഞ്ഞ അവർക്ക് കൊടുത്തൂടെ.നമുക്ക് വീട് മെനയായി കിടക്കണം…അത്രയല്ലേ വേണ്ടൂ .”

”ഏട്ടനും ഏട്ടത്തിക്കും അവിടെ തറവാട്ടിലേക്ക് മാറിക്കൂടെ ?.ഇനിയും വാശിയും ദേഷ്യവുമാണോ . ” ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞു

” വാശിയോ ?  എന്തിന് ….?വാശി ഉണ്ടായിരുന്നു ഉണ്ണീ .. നിങ്ങളോടല്ല…ജീവിതത്തോട് . എങ്കിലല്ലേ ജീവിതത്തിൽ എവിടെയെങ്കിലും എത്തിപ്പെടാൻ സാധിക്കൂ .അതുകൊണ്ടല്ലേ ഇന്ന് ആറുവർഷങ്ങൾക്കിപ്പുറം ആയിരം ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്ന ഒരു ഡയറിഫാമും പാൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നൊരു യൂണിറ്റും ഉണ്ടായത് . വാശി നിങ്ങളോടായിരുന്നെങ്കിൽ അന്നിറങ്ങിപ്പോന്ന ആ വീടിന്റെ ഇരട്ടിവലിപ്പമുള്ള ഒരു വീടുണ്ടാക്കാൻ സാധിക്കുമായിരുന്നു . വാശി ഒന്നുമല്ല ഉണ്ണീ …അങ്ങനെ നീ ചിന്തിക്കുക പോലും വേണ്ട . ആ വീടിന്റെ വാടക നിനക്കൊരു അധികവരുമാനം ആകും . മക്കളും വളർന്നുവരുവല്ലേ ..അത് കൊണ്ട് മാത്രമാണ് .  എന്തിനാണ് വലിയ വീടും മറ്റും . മനുഷ്യന് സുരക്ഷിതമായി കഴിയാനുള്ളൊരിടം മാത്രമല്ലേ വീട് ? ഇവിടെ ഞങ്ങൾക്കിതുവരെ ഒരു അസൗകര്യവും ഉണ്ടായിട്ടില്ല .  നീ പേടിക്കണ്ട ,  എന്റെ കണ്ണും അവിടെയുണ്ടാകും എപ്പോഴും . ”

പ്ളേറ്റിലേക്ക് ഇഡ്‌ലിയും ചൂട് ചമ്മന്തിയും വിളമ്പി അംബിക ഉണ്ണിയുടെ തലയിൽ തലോടി .

” കൊച്ച …ച്ഛാ ” പുറകിൽ കൊഞ്ചലോടെയുള്ള വിളി കേട്ട് ഉണ്ണി തിരിഞ്ഞപ്പോൾ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന രാമന്റെ കയ്യിലിരുന്ന് വിനുമോൻ ഉണ്ണിയുടെ നേരെ ചാടുന്നുണ്ടായിരുന്നു….

~സെബിൻ ബോസ്