മനസ്സമാധാനം ഉണ്ടാവണമെങ്കിൽ നിങ്ങടെ അമ്മേം മറ്റുള്ളോരും വിചാരിക്കണം. എന്നെ പറിഞ്ഞിട്ട് കാര്യല്ല…

പറയാതെ…

Story written by Reshja Akhilesh

================

“മനസ്സമാധാനം ഉണ്ടാവണമെങ്കിൽ നിങ്ങടെ അമ്മേം മറ്റുള്ളോരും വിചാരിക്കണം. എന്നെ പറിഞ്ഞിട്ട് കാര്യല്ല “

രാവിലെ ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കുന്ന ഹരി ചുമരിലേക്ക് കണ്ണ് തറപ്പിച്ചിരിക്കുകയാണ്. ഒന്നൊന്നര വർഷങ്ങൾക്കു മുൻപ് നിമ്മി പറഞ്ഞ വാക്കുകൾ. അതിൽ അല്പ്പം, അല്ല ഭൂരിഭാഗവും കഴമ്പുണ്ടെന്ന് തോന്നിയപ്പോഴാണ് വീട് മാറി താമസമാക്കിയത്.

“എന്താ ഹരിയേട്ടാ ആലോചിരിരിക്കുന്നെ…” കയ്യിൽ ചട്ടുകവും പിടിച്ച് മേശയ്‌ക്കരികിൽ നിമ്മി വന്നു നിന്നത് ഹരി അറിഞ്ഞില്ല.

“ഒന്നുമില്ലെടോ…താൻ ശരിക്കും ആലോചിച്ചിട്ട് തന്നെയാണോ?”

“അതെ…എന്താപ്പോ…ഇന്നലെ മുഴുവൻ ആലോചിച്ചിട്ടും അങ്ങട്ട് തലേൽ കേറിയില്ലേ ന്റെ ഭർത്താവിന് “

“പോടീ അവിടന്ന്…”  കഴിച്ചത് മതിയാക്കി ഹരി എഴുന്നേറ്റു.

“ഞാൻ ഇറങ്ങുവാ…പ്രാർത്ഥിച്ചോ നല്ലോണം…അവര് സമ്മതിച്ചില്ലെങ്കിലോ “

“ന്റെ പ്രാർത്ഥനയൊന്നും ദൈവം കേൾക്കില്ല ഹരിയേട്ടാ…അല്ലെങ്കിൽ…” നിമ്മി മുഴുവനാക്കിയില്ല.

“അല്ലെങ്കിൽ…”

“ഏയ്യ് അതൊന്നൂല്യ…അവര് സമ്മതിക്കും എനിക്കുറപ്പാ…”

“ഹും ഓക്കെ ബൈ “

ഹരി ബൈക്കുമെടുത്തു ഗേറ്റ് കടന്നു പോയി. ഹരി വലിയ സന്തോഷത്തിലാണ്. ഭാര്യ നിമ്മി കാരണം. ഏകദേശം ഒന്നര വർഷം മുൻപാണ് കുടുംബവീട്ടിൽ നിന്നും ഭാര്യ നിമ്മിയെയും കൂട്ടി മാറി ഒരു വാടക വീട്ടില് താമസമാക്കിയത്. എല്ലാ വീടുകളിലെയും എന്ന പോലെ പല വിധ വഴക്കുകൾ.

നിമ്മിയുടെ ഭാഗത്തു തന്നെയായിരുന്നു പലപ്പോഴും ന്യായം. എങ്കിലും മറ്റുള്ളവരോട് ഒപ്പത്തിനൊപ്പം വാക്പോരു നടത്തരുതെന്നും പരമാവധി ക്ഷമിക്കണമെന്നും ഹരി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ആരും പരസ്പരം വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു.

അനാഥയായ അവൾക്ക് ഹരിയല്ലാതെ മാറ്റാരുണ്ട് എന്തിനും കൂടെ നിൽക്കാൻ…

അവസാനം വീട് മാറേണ്ടി വന്നു. നിമ്മിയുടെ നിർബന്ധം തന്നെ. ആ കക്ഷിയാണ്  ഇന്നലെ വീട്ടിലേക്ക് തിരികെ പോകാമെന്നു പറയുന്നത്.

നാണക്കേടാണെന്ന് ഹരി പറഞ്ഞപ്പോൾ അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു; “സ്വന്തക്കാരുടെ മുൻപിൽ അല്പം താഴ്ന്നു കൊടുക്കുന്നത് വലിയ കുറച്ചിൽ ഒന്നും അല്ലെന്ന് “

ആ മറുപടി കേട്ടപ്പോൾ ഹരി ഒന്ന് ചിന്തിക്കാതിരുന്നില്ല. സാധാരണ കുടുംബം കലക്കി സീരിയലുകൾ എല്ലാം കണ്ടു ഓരോ ദിവസവും ഓരോ കുത്തിത്തിരിപ്പുകളുമായി വരുന്ന അവളുടെ ആസൂത്രണം വല്ലതും ആയിരിക്കുമോ എന്ന്. സീരിയലിൽ നായികയുടെ ഭർത്താവ് അവിഹിതത്തിനു നായികയുടെ കൂട്ടുകാരിയെ തന്നെ കൂട്ട് പിടിച്ചപ്പോൾ നിമ്മി കൂട്ടുകാരികളെ വീട്ടിലേക്കു അടുപ്പിക്കാതെ ഇരുന്നത് ഒരു ചിരിയോടെ ഹരി ഓർത്തുപോയി.അതു കൊണ്ടു തന്നെയാണ് ഇനി അത്തരത്തിൽ വല്ലതും ആണോയെന്ന് ഹരി സംശയിച്ചതും. പക്ഷേ തന്റെ ഭാര്യ കുറച്ചു കുസൃതിക്കാരിയും വാശിക്കാരിയും ആണെകിലും അത്രയും കടും കൈ ഒന്നും ചെയ്യില്ലെന്ന് അയാൾ ഉറപ്പിച്ചു.

അല്ലെങ്കിലും അവളിപ്പോൾ സീരിയലുകൾ കാണുന്നത് നിർത്തിയിരിക്കുവാണല്ലോ…അതിന്റെ മാറ്റം ആയിരിക്കും. സ്വയം ആശ്വസിച്ചു.

ഫോണും ടീവിയും കണ്ണീർ പരമ്പരകളും അവൾക് അസ്വസ്ഥത ആയി തുടങ്ങിയത് താൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ എന്തു പറ്റിയെന്നു മാത്രം അവൾ പറഞ്ഞതില്ല.

“ഒറ്റയ്ക്കിരുന്നു മടുത്തു. ഹരിയേട്ടന്റെ വീട്ടിലായിരുന്നേൽ ചുമ്മാ വഴക്കുണ്ടാക്കാനെങ്കിലും ആരേലും ഉണ്ടായേനെ ” വീടുമാറി രണ്ടു മാസം തികയും മുൻപേ അവൾ പറഞ്ഞിരുന്നു.

“ഈശ്വരാ ഇനി വീണ്ടും…ഏഹ്ഹ്…ഇല്ലല്ല…പാവം…”

ഓരോന്ന് ആലോചിച്ചു ഹരി കുടുംബവീട്ടിൽ എത്തി. തങ്ങൾക്കു തെറ്റ് പറ്റിയെന്നും തിരിച്ചു വരികയാണെന്നും പറഞ്ഞപ്പോൾ ഹരിയുടെ വീട്ടുകാർ സന്തോഷിച്ചു. ഒരൽപ്പം കുശുമ്പും തീർക്കാമല്ലോ എന്ന് മനസ്സിൽ കണക്കു കൂട്ടായ്ക ഇല്ല.

അവർ ഹരിയുടെ കുടുംബവീട്ടിലേക്കു താമസമായി. ചെറിയ കാര്യം മതിയായിരുന്നു നിമ്മിയെ ചൊടിപ്പിക്കാൻ പക്ഷേ മനപ്പൂർവം എല്ലാം ക്ഷമിക്കുകയും മറ്റുള്ളവരെ മത്സരിച്ചു സ്നേഹിക്കുകയും ചെയ്യുന്ന അവൾ ഹരിക്കു അത്ഭുതമായി മാറി.

******************

“മോനെ എഴുന്നേൽക്കെടാ…”

മേശമേൽ തല വെച്ചു മയങ്ങിപ്പോയ ഹരിയെ അമ്മ വിളിച്ചുണർത്തി.

“അവളെന്നെ വഞ്ചിച്ചല്ലോ അമ്മേ…എന്നോടിത് ചെയ്യാൻ അവൾക്കെങ്ങനെ തോന്നി…”

ഒരു ഭ്രാ ന്തന്റെ വികലമായ കാട്ടിക്കൂട്ടലുകൾ ആയിരുന്നു ഹരിയിൽ.

“അവൾ നിന്നെ മാത്രം അല്ലല്ലോടാ…എല്ലാരേം പറ്റിച്ചില്ലേ…എന്തോരം സ്നേഹിച്ചതാ…”

ഹരി അമ്മയുടെ മാറിൽ ചേർന്ന് കരഞ്ഞു കൊണ്ടിരുന്നു. അവനെ പുണർന്നു അമ്മയും കരച്ചിലടക്കാൻ പാടുപെട്ടു.

മേശമേൽ ഇരിക്കുന്ന നിമ്മിയുടെ ഡയറിയിലെ താളുകൾ കാറ്റിൽ മറിഞ്ഞു കൊണ്ടിരുന്നു.

“എന്നെ എത്ര കഷ്ട്ടപ്പെടുത്തിയതാ എന്റെ ഹരിയേട്ടന്റെ വീട്ടുകാര്…പാവം ഹരിയേട്ടൻ ചെകുത്താന്റേം കടലിന്റേം നടുക്ക് ആയിരുന്നു. ഹും…എന്നാലും ദൈവം ഇങ്ങനൊരു ട്വിസ്റ്റ്‌ കൊണ്ടു വരുമെന്ന് കരുതിയില്ല. പാവം ഒരുപാട് സഹിച്ചിട്ടുണ്ട് എന്നെ…അതുകൊണ്ടാവുംലെ എനിക്ക് ഇങ്ങനൊരു സമ്മാനവും തന്ന് അങ്ങോട്ട് വിളിക്കാൻ തീരുമാനിച്ചത് അല്ലേ…ലാസ്റ്റ് സ്റ്റേജ് ആത്രേ…ഇനി ട്രീറ്റ്‌മെന്റ് എടുത്തിട്ടൊന്നും കാര്യല്ലാന്നാ…ഡോക്ടർടെ മുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. എന്നാലും കാ ലൻ കയറിട്ടു വലിക്കുമ്പോഴും ‘ഞങ്ങള് വിട്ടു തരില്ല…അവസാന വരെ പൊരുതും എന്ന് പറയുന്ന ഡോക്ടെഴ്സ് അല്ലേ…റിസൾട്ടും കൊണ്ട് വീട്ടിൽ വന്നു മിണ്ടാതിരുന്നു. മുഖം വീർപ്പിക്കലും കരച്ചിലും എന്റെ സ്ഥിരം അടവായതു കൊണ്ടാവാം ഹരിയേട്ടൻ മൈൻഡ് ചെയ്യുന്നില്ല. അറിയണ്ട അല്ലേ…പിന്നെ സെന്റി ആയി…ശത്രുക്കൾ പോലും കെട്ടിപിടിച്ചു കരച്ചിൽ…ഹോ വയ്യാ…ഹരിയേട്ടൻ കാണാതെ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്റെ ജീവിതത്തിന്റെ വിധി എഴുതിയ റിസൾട്ട്‌! ഞാൻ പോയാലും ഹരിയേട്ടൻ  ഒറ്റയ്ക്കാക്കരുത്…അതേയുള്ളു ഒരാഗ്രഹം.”

നാളുകൾക്കു മുൻപ് നിമ്മിയുടെയും പിന്നെ ഇപ്പൊൾ ഹരിയുടെയും കണ്ണുനീരിന്റെ ഉപ്പ് അലിഞ്ഞു ചേർന്ന ആ താളുകൾ വീണ്ടും മറിഞ്ഞു. അവസാനമായി നിമ്മി എഴുതിയ അക്ഷരങ്ങളിൽ കാറ്റു തഴുകി നിന്നു.

“ഹരിയേട്ടന്റെ അമ്മയ്ക്കും അച്ഛനും അനിയത്തിയ്ക്കും എന്താ ഒരു സ്നേഹം…ഹും…അവർക്കിട്ടൊരു പണി വെച്ചിട്ടുണ്ടെന്ന് അവര് അറിയുന്നില്ലല്ലോ…ഹഹഹ…സ്വന്തം അമ്മയെപ്പോലെ തന്നെ തോന്നുവാ ഇപ്പൊ…കുറേ എന്നെ കരയിപ്പിച്ചതല്ലേ…ഇനി അവർ ഞാൻ കാരണം കരയട്ടെ അല്ലേ…സ്നേഹിച്ചു സ്നേഹിച്ചു ഞാൻ എന്റേതാക്കിയിട്ടുണ്ട് അവരെയെല്ലാം…എന്നോടാ കളി…ഇതെന്റെയൊരു പ്രതികാരമാണ്…സ്നേഹം കൊണ്ടൊരു പ്രതികാരം… “

അവസാനമായി എഴുതിയ വരികളിലും കുറുമ്പ് കാണിച്ചു അവൾ, ചുമരിൽ മാലയിട്ട് തൂക്കിയ ഫോട്ടോയിലും ചിരിക്കുകയായിരുന്നു.

~രേഷ്ജ അഖിലേഷ്