അച്ഛന്റെയും അമ്മയുടെയും സ്നേഹ ചിറകിലായിരുന്നു കണ്ണൻ എങ്കിലും ഒരിക്കലും അവന്റെ സ്വപ്നങ്ങളുടെ…

വിച്ചുവിന്റെ മാത്രം ലക്ഷ്മി ❤️

എഴുത്ത്: മഹിമ

===============

“വിച്ചുവേട്ടാ….വിട്ടേ…വിടാൻ…”

“ദേ… ചിരിക്കാതെ വിടാനാ പറഞ്ഞെ…”

“വിച്ചുവേട്ടാ…”,

അവന്റെ കുസൃതിയിൽ അവൾ തോൾ വെട്ടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് വിളിച്ചു.

“ദേ…അമ്മ വരുന്നു…വിടാൻ…”,

അവൾ അതും പറഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു പൊട്ടി ചിരിച്ചു കൊണ്ട് റൂം വിട്ടിറങ്ങി.

വാതിൽ പടിയിൽ നിന്നും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, ബെഡിൽ തല ഒരു കൈയിൽ താങ്ങി അവളെ നോക്കി കുസൃതി ചിരിയോടെ വലം കൈയാൽ മീശ പിരിക്കുന്നവനെ. അവൾ നാണത്തോടെ അതിൽ ഉപരി പരിഭ്രമത്തോടെ അവനിൽ നിന്നും നോട്ടം വെട്ടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

*****************

“ദേ….വിച്ചുവേട്ടാ…കുറുമ്പ് കൂടുന്നുണ്ട് കേട്ടോ”,

അവൾ കള്ള പരിഭവത്തോടെ പറഞ്ഞു.

“ഹയോ പോകാതെ…”

പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവന്റെ കൈയിൽ പിടിത്തമിട്ടു കൊണ്ട് അവൾ പറഞ്ഞു.

“ഇങ്ങനെ നോക്കല്ലേ വിച്ചുവേട്ടാ…”,

അവൾ നാണത്തോടെ മിഴികൾ നിലത്തേക്ക് ഊന്നി കൊണ്ട് പറഞ്ഞു.

കുറച്ചു നിമിഷത്തെ നിശബ്‍ദതയ്ക്ക് ശേഷം അവൾ മിഴികൾ ഉയർത്തി നോക്കി. അപ്പോൾ അവൾ കണ്ടു കണ്ണിൽ ഒരു കടലിൻ ആഴത്തോളം പ്രണയം നിറച്ചു കൊണ്ട് നോക്കുന്ന അവളുടെ വിച്ചുവേട്ടനെ. അവളുടെ മുഖം അവനിലേക്ക് അടുത്തതും….

“മോളെ….ദേവി….”

“അഹ്…അമ്മേ…”,

പെട്ടെന്ന് അവൾ സ്വബോധം വീണ്ടെടുത്തു അവനെ അവളിൽ നിന്നും തള്ളി മാറ്റി.

പിന്തിരിഞ്ഞു ഓടുന്നവൾ ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കേറുവോടെ മുഖം വീർപ്പിച്ചു നിൽക്കുന്നവനെ.

അവൾ അവനായി ഒരു ഉമ്മ കാറ്റിൽ പറത്തി വിട്ടു. അവളിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവൻ ആ ഉമ്മ കൈയിൽ പിടിച്ചു അവന്റെ ചുണ്ടോട് മുട്ടിച്ചു. അവന്റെ ഒരു സ്പർശനം ഏൽക്കാതെ പോലും അവളുടെ ദേഹം ഒന്നു വിറച്ചു. അവന്റെ കണ്ണുകളിലെ പ്രണയത്തെ നേരിടാൻ സാധിക്കാതെ അവൾ നാണത്തോടെ പിന്തിരിഞ്ഞു ഓടി.

പുറകിൽ അവന്റെ പതിഞ്ഞ ശബ്‍ദത്തിലുള്ള, അവളെ എപ്പോഴും മോഹിപ്പിക്കുന്ന…അവളെ എപ്പോഴും തരളിതയാക്കുന്ന…അവളെ എപ്പോഴും ആകർഷിക്കുന്ന…അവളുടെ ഹൃദയ മിടിപ്പിന്റെ താളം തെറ്റിക്കുന്ന….ചിരി അവൾ കേട്ടു. നിമിഷ നേരം കൊണ്ട് അവളുടെ കവിളുകൾ രക്ത വർണമായി. നാണത്തിൽ കുതിർന്ന ചിരിയോടെ അവൾ സ്റ്റെയർ ഓടി ഇറങ്ങി.

******************

“എന്താ അമ്മേ…”,

മുഖത്തെ രക്ത വർണം മറയ്ക്കാൻ അടുക്കളയിൽ എന്തോ ജോലിയിലായിരുന്ന അമ്മയുടെ പുറകിലൂടെ ചെന്നു പുണർന്നു കൊണ്ട് അവരുടെ തോളിൽ മുഖം പൂഴ്ത്തി അവൾ ചോദിച്ചു.

“ഒന്നുല്ല കുട്ടി…ആഹാരം ഒന്നും വേണ്ടേ എന്റെ ദേവി മോൾക്ക്”,

ആ അമ്മ നിറക്കണ്ണുകളോടെ കൈ പുറകിലേക്ക് എത്തിച്ചു അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു.

“അഹ്…അത് അമ്മേ…വിച്ചുവേട്ടനെ എപ്പോഴും ഇങ്ങനെ അടുത്ത് കിട്ടില്ലല്ലോ…അപ്പൊ നോക്കി ഇരിക്കാൻ തോന്നുവാ….കൊതി തീരുന്നില്ല കണ്ട്….”,

അവൾ നാണത്തോടെ അവരുടെ തോളിലേക്ക് ഒന്നു കൂടി മുഖം അമർത്തി.

“ദേവി….”

ഇടർച്ചയോടെ ആ അമ്മ വിളിച്ചു.

അവർ എന്തോ പറയാൻ തുനിഞ്ഞതും.

“അഹ്….വരുന്നു….”

“അമ്മേ…ദേ, വിച്ചുവേട്ടൻ വിളിക്കുന്നു…ഞാൻ പോകോട്ടെ. ചെന്നില്ലെങ്കിൽ ഇനി അത് മതി വീട് തല തിരിച്ചു വെക്കാൻ. പ്ലീസ്….അമ്മയ്ക്ക് ചെയ്യാവുന്ന ജോലി അല്ലേയുള്ളു…അതോ ഞാൻ സഹായിക്കാണോ”,

കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ അവളുടെ ചോദ്യവും മുഖവും കാൺകെ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കണ്ണീർ മുത്തിനെ അടർന്നു വീഴാൻ സമ്മതിക്കാതെ ആ അമ്മ അവളെ നോക്കി ‘ ശരി ‘ എന്ന അർത്ഥത്തിൽ തല വെട്ടിച്ചു.

അവൾ കുറുമ്പോടെ ആ അമ്മയുടെ കവിളിൽ മുത്തി കൊണ്ട് സ്റ്റെപ് ഓടി കയറി.

അവൾ പോയതും അത് വരെ ശാസനയോടെ പിടിച്ചു നിർത്തിയ കണ്ണീർ മുത്തുകൾ ആ അമ്മയുടെ കവിളിനെ തലോടി നിലത്തേക്ക് വീണു ചിതറി.

തോളിൽ ഒരു കരസ്പർശം അറിഞ്ഞതും അവർ സജ്ജലമായ മിഴികൾ ഉയർത്തി നോക്കി.

“കിച്ചേട്ടാ….”,

ആർത്തു കരഞ്ഞു കൊണ്ട് അവർ അദേഹത്തിന്റെ നെഞ്ചിലേക്ക് ചെകേറി.

“കരയാതെ ഭാനു”,

കൃഷ്ണൻ പറഞ്ഞു കൊണ്ട് ഭാനുവിന്റെ പുറത്ത് തട്ടി. പക്ഷെ ആ മനുഷ്യനും കണ്ണീർ പൊഴിക്കുകയായിരുന്നു. അദേഹത്തിന്റെ കണ്ണീർ തന്റെ പ്രിയപെട്ടവളുടെ മുടിഴകളിൽ പോയി ഒളിച്ചു.

*****************

“ഓഹ്…വിച്ചുവേട്ടാ…കഷ്ട്ടമാണ് കേട്ടോ. അമ്മ എന്ത് വിചാരിക്കും”,

അവൾ കേറുവോടെ അവനെ നോക്കി പറഞ്ഞു.

അവന്റെ കള്ള ചിരി കാൺകെ പെണ്ണിന് ദേഷ്യം ഇരച്ചു കയറി. അവൾ സൈഡിലായി ഇരുന്ന പില്ലോ അവന്റെ നേരെ എറിഞ്ഞു. പക്ഷെ പില്ലോയ്ക്ക് ഒപ്പം അവളും ബെഡിൽ സ്ഥാനം പിടിച്ചിരുന്നു. അവൾ അവന്റെ ആ കരീനീല കണ്ണുകളിൽ കുടുങ്ങി കിടന്നു. നെറ്റിയിലായി ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് അവൾ ആ കണ്ണുകളുടെ മാന്ത്രികതയിൽ നിന്നും തിരിച്ചു വന്നത്. അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി

******************

“ഭാനു….മോൾക്ക്..???”

“എനിക്ക് അറിയില്ല സീതെ…എന്റെ കുട്ടി…”,

അത്രയും പറഞ്ഞു ഭാനു വാ പൊത്തി കരഞ്ഞു.

ഭാനുവിനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ സീത കുഴങ്ങി. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. മക്കൾ ഇല്ലാത്ത സീതയ്ക്ക് ഭാനുവിന്റെ മക്കൾ സ്വന്തമായിരുന്നു…അല്ലാ…സ്വന്തമാണ്.

“അടുത്ത ബുധൻ….എന്റെ….എന്റെ…കണ്ണൻ മോൻ..പോ…പോയിട്ട്…ഒരു മാസം തികയും…”,

ഭാനു കരച്ചിൽ അടക്കാൻ സാധിക്കാതെ സാരീ തലപ് വായിൽ തിരുകി കൊണ്ട് റൂമിലേക്ക് ഓടി. സീത നിറക്കണ്ണുകളോടെ ആ വീട് വിട്ടിറങ്ങി.

അവരുടെ കാലടികൾ മുമ്പോട്ട് ലക്ഷ്യം വെച്ചപ്പോൾ അവരുടെ ഓർമ്മകൾ പുറകിലേക്ക് പാഞ്ഞു.

*****************

എല്ലാവരുടെയും പ്രിയപ്പെട്ട ‘ കണ്ണൻ ‘ എന്ന ‘വിജയ് കൃഷ്ണൻ ‘.

സ്കൂൾ അധ്യാപകരായ കൃഷ്ണന്റെയും ഭാനുവിന്റെയും ഒരേ ഒരു മകൻ. പഠനത്തിലും കല കായിക രംഗത്തും  മിടു മിടുക്കൻ. അതിലും മികച്ച സ്വഭാവ ഗുണമുള്ളവൻ. അത് കൊണ്ട് തന്നെ പ്രായ ഭേദം അന്യ എല്ലാവർക്കും പ്രിയപെട്ടവൻ.

വർഷങ്ങൾ ഓടി മറയവേ ആ കുറുമ്പൻ പോടീ മീശകാരനിൽ നിന്നും ഒത്ത ഒരു യുവാവായി മാറിയിരുന്നു കണ്ണൻ. അപ്പോഴും അവന്റെ കുറുമ്പും കുസൃതിയും മാറിയിരുന്നില്ല. എല്ലാവർക്കും പ്രിയപെട്ടവനായി ഒരു പൂമ്പാറ്റ പോലെ അവൻ പാറി പറന്നു നടന്നു.

അച്ഛന്റെയും അമ്മയുടെയും സ്നേഹ ചിറകിലായിരുന്നു കണ്ണൻ എങ്കിലും ഒരിക്കലും അവന്റെ സ്വപ്നങ്ങളുടെ…ആഗ്രഹങ്ങളുടെ ചിറകുകളെ ആ മാതാപിതാക്കൾ മുറിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ രാജ്യത്തെ സേവിക്കുന്ന ഒരു ധീര ജവാൻ ആവണമെന്ന കണ്ണന്റെ ആഗ്രഹത്തെ അവർ നിറഞ്ഞ മനസോടെ, നിറഞ്ഞ ചിരിയോടെയാണ് സമ്മതിച്ചത്.

*******************

ഒരു ഉൽത്സവ സമയത്താണ് കണ്ണൻ ലീവ് കിട്ടി നാട്ടിലേക്ക് വരുന്നത്. അത് കൊണ്ട് തന്നെ അമ്പലത്തിലെ എല്ലാ പരുപാടികൾക്കും അവൻ മുൻപന്തിയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. ഉൽത്സവം കെങ്കേമമാക്കാൻ വേണ്ട എല്ലാ കാര്യങ്ങളും അവൻ തന്നെ മുൻകൈ എടുത്തു ഓടി നടന്നു ചെയ്തു.

ഉത്സവത്തിന്റെ ഏഴാം നാൾ പതിവ് പോലെ  കാര്യങ്ങൾ എല്ലാം ശരിയാക്കിയതിനു ശേഷം കമ്മിറ്റി ഓഫീസിൽ ക്ഷീണം മാറാൻ വന്നിരുന്നതാണ് കണ്ണൻ. അപ്പോഴാണ് കൃഷ്ണ വിഗ്രഹത്തിന് എഴുന്നള്ളത്തിനു ചാർത്താനുള്ള തുളസി മാല വാങ്ങിയില്ല എന്ന് മനു വന്നു പറയുന്നത്

“ടാ…എനിക്ക് പോവാൻ പറ്റില്ല…ഞാൻ ആ താലപൊലിയുടെ കാര്യങ്ങൾ നോക്കാൻ പോവാ. നീ ഒന്നു വാങ്ങി വായോ”,

മനു പറഞ്ഞു കൊണ്ട് അമ്പലത്തിന്റെ കിഴക്ക് വശത്തേക്ക് ഓടി.

കണ്ണൻ ആ നേരം തന്നെ മാല വാങ്ങാനായി പുറത്തേക്ക് ഇറങ്ങി.

അമ്പലത്തിനോട് ചേർന്നുള്ള, പ്രായമായ ഒരു അമ്മ നടത്തുന്ന പൂ കടയുണ്ട്. അവിടെ നിന്നാണ് അമ്പലത്തിലേക്ക് ആവിശ്യമുള്ള പൂക്കൾ വാങ്ങുന്നതും മറ്റും.

അവൻ ധൃതിപ്പെട്ട് ആ കട ലക്ഷ്യമാക്കി നടന്നു.

“അമ്മേ… ഒരു തുളസി മാല”,

കണ്ണൻ ചിരിയോടെ പറഞ്ഞു.

“എന്ത് പറ്റി മോനെ ഈ നേരത്ത്”,

തുളസി മാല ഒരു പുഞ്ചിരിയോടെ അവനെ ഏൽപ്പിച്ചു കൊണ്ട് ആ അമ്മ തിരക്കി.

“എഴുന്നള്ളതിന് വിഗ്രഹത്തിൽ ചാർത്താനാ… കൃഷ്ണ ഭഗവാന് വേണ്ടി”,

അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് പൂ മാല വിടർത്തി നോക്കി തിരിഞ്ഞതും എന്തിലോ കൂട്ടി ഇടിച്ചതും ഒരുമിച്ചായിരുന്നു.

എന്തോ പഞ്ഞി കെട്ടിന് മുകളിൽ കിടക്കുന്നത് പോലെ തോന്നിയിട്ടാണ് കണ്ണൻ കണ്ണുകൾ മെല്ലെ തുറന്നത്. ആദ്യം തന്നെ അവന്റെ കരീനീല മിഴികൾ ഉടക്കിയത് കട്ടിയിൽ കരീമഷി പടർത്തി എഴുതിയ രണ്ട് വിടർന്ന കണ്ണുകളിലാണ്. അവളും ആ കരീനീല മിഴികളുടെ മായിക ലോകത്തിൽ അകപ്പെട്ട് കിടന്നു.

“ഹയോ… മോനെ…”,

കടയിലെ അമ്മയുടെ ശബ്‍ദമാണ് അവരെ മായിക ലോകത്ത് നിന്നും തിരിച്ചു കൊണ്ടു വന്നത്.

കണ്ണൻ തെല്ലൊരു ജാള്യതയോടെ അവളോട് ‘ സോറി ‘ എന്ന് പറഞ്ഞു കൊണ്ട് അവളിൽ നിന്നും എണീറ്റു മാറി. ശേഷം അവൻ അവളുടെ നേരെ കൈ നീട്ടി. അവൾ ആദ്യം തെല്ലു മടിച്ചെങ്കിലും പിന്നീട് അവൻ നീട്ടിയ അവന്റെ വലത് കൈയിൽ അവളും അവളുടെ വലം കൈ ചേർത്ത് വെച്ചു.

ആ നേരം തന്നെ കൃഷ്ണ നടയിലെ മണി കാറ്റിൽ അടിയുലഞ്ഞു ശബ്‍ദം പുറപെടുവിച്ചു.

“കുഴപ്പം ഒന്നുമില്ല അമ്മേ…ഇയാൾക്കോ!!?”,

കണ്ണൻ ആ അമ്മയോടായി പറഞ്ഞ ശേഷം ആ പെൺകുട്ടിയോട് ചോദിച്ചു.

“ഇല്ല…”,

അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അയ്യോ…മാല വേറെ എടുക്കാം മോനെ”,

ആ അമ്മ പറഞ്ഞു കൊണ്ട് കടയിലേക്ക് കയറി.

അപ്പോഴാണ് കണ്ണനും തുളസി മാലയെ കുറിച്ച് ഓർത്തത്. അവൻ നോക്കിയപ്പോൾ ആ പെൺകുട്ടിയുടെ കഴുത്തിനെ പുണർന്നു മയങ്ങുവാണ് തുളസി മാല. അവൻ എന്തോ ആ പൂ മാലയോട് അസൂയ തോന്നി.

അവന്റെ നോട്ടം കണ്ട് സ്വയം നോക്കിയ അവൾ കഴുത്തിലെ മാല കണ്ട് ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തെ കുസൃതി ചിരി കാൺകെ അവളുടെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു. അവൾ വേഗം തന്നെ ആ മാല ഊരി അവനെ ഏൽപ്പിക്കാൻ കൈ ഉയർത്തിയതും.

“അത് ഇനി വേണ്ട ദേവി മോളെ…ഭഗവാന് വാങ്ങിയതായിരുന്നു കണ്ണൻ മോൻ. ഇനി അത് മോൾ വെച്ചോ”,

കടയിലെ അമ്മ കൈയിൽ വേറെയൊരു തുളസി മാലയുമായി വന്നു കൊണ്ട് പറഞ്ഞു.

അവൾ ‘ ശരി ‘ എന്ന് തല വെട്ടിച്ചു കൊണ്ട് അവനെ നോക്കാതെ വേഗം പിന്തിരിഞ്ഞു നടന്നു.

“ഭഗവാന് കരുതിയ മാല ദേവിക്ക് ചാർത്തിയെങ്കിൽ….ഈ കള്ള കണ്ണന്റെ ദേവിയാ ആ മോൾ”,

കള്ള ചിരിയോടെ നിൽക്കുന്ന കണ്ണന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ആ അമ്മ നിറഞ്ഞ ചിരിയോടെ പറഞ്ഞു.

അവനും മനസ്സറിഞ്ഞു ചിരിച്ചു.

***************

ഉത്സവം ഗംഭീരമായി തന്നെ നടന്നു.

ആ ബാക്കിയുണ്ടായിരുന്ന നാളുകളിൽ എല്ലാം അവന്റെ കരീനീല മിഴികൾ ആ കരീമഷി പടർത്തിയ വിടർന്ന കണ്ണുകളെ തിരയുമായിരുന്നു. പക്ഷെ നിരാശയോടെ ആ കരീനീല കണ്ണുകൾ പിൻവാങ്ങും.

ഒടുവിൽ ഉത്സവവും ആരവങ്ങളും ആഘോഷങ്ങളും എല്ലാം അവസാനിച്ചു. തിരക്കുകൾ എല്ലാം കഴിഞ്ഞു മകനെ കിട്ടിയത് കൊണ്ട് അവനെ ലാളിക്കുന്നതിന്റെ തിരക്കിലാണ് കൃഷ്ണനും ഭാനുവും.

“അമ്മേ….”,

പതിവ് പോലെ വൈകുന്നേരം ചായ കുടിക്കാൻ അടുക്കളയിൽ ഒത്തു കൂടിയപ്പോൾ അടുക്കള സ്ലാബിൽ കയറി ഇരുന്നു കൊണ്ട് കണ്ണൻ വിളിച്ചു.

“എന്താ കണ്ണാ…”

കണ്ണന് ഇഷ്ടമുള്ള ഉണ്ണിയപ്പം ഉണ്ടാക്കുന്നതിന്റെ ഇടയിൽ ഭാനു അമ്മ ചോദിച്ചു.

“അത് അച്ഛാ…”,

അവൻ ഇടം കണ്ണിട്ട് അച്ഛനെ നോക്കി വിളിച്ചു.

“പറ കണ്ണാ…”,

ചായ ഒരിറകു കുടിച്ചു കൊണ്ട് കൃഷ്ണൻ അച്ഛൻ പറഞ്ഞു.

“എനിക്ക്… അത്… ഞാൻ…”,

അവൻ ഒന്നും തന്നെ പറയാൻ സാധിക്കുന്നില്ലായിരുന്നു. ഒരു തരം ചമ്മലോ നാണമോ അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ മിസ്രിതമായി അവനെ വന്നു മൂടി.

“ഏതാ പെൺകുട്ടി!!??”,

അച്ഛനും അമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു.

അവരുടെ ചോദ്യത്തിൽ കണ്ണന് അത്ഭുതം ഒന്നും തോന്നിയില്ല. കാരണം അവന്റെ ചെറു വിരൽ ഒന്നു അനങ്ങിയാൽ പോലും ആ അച്ഛനും അമ്മയും അറിയുമായിരുന്നു.

“ദേവി ലക്ഷ്മി ❤️ “,

അവൻ ചിരിയോടെ പറഞ്ഞു.

അവന്റെ ചുണ്ടിലെ നാണത്തിൽ കുതിർന്ന ചിരിയും മുഖത്തെ തിളക്കവും കണ്ട് ആ അമ്മയുടെയും അച്ഛന്റെയും മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു.

അവൻ അമ്പലത്തിൽ നടന്ന സംഭവങ്ങൾ എല്ലാം അവരുമായി പങ്കു വെച്ചു.

“അഹ് അപ്പൊ മാല ചാർത്താൽ ഒക്കെ കഴിഞ്ഞേടോ ഭാര്യയെ… ഇനി പ്രത്യേകിച്ച് നമ്മളായിട്ട് എന്ത് ചെയ്യാനാ”,

കണ്ണൻ പറഞ്ഞ കാര്യങ്ങൾ കേട്ട് കഴിഞ്ഞു കൃഷ്ണൻ അച്ഛൻ കളിയോടെ പറഞ്ഞു. അത് കേട്ട് ഭാനു അമ്മ ചിരിച്ചു.

കണ്ണൻ കപട പരിഭവത്തോടെ അവരെ രണ്ട് പേരെയും നോക്കിയ ശേഷം ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി റൂമിലേക്ക് പോയി.

അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കിയ ശേഷം അവന്റെ അടുത്തേക്ക് ചെന്നു.

“കണ്ണാ…. “,

അമ്മ അവന്റെ മുടിയിൽ തലോടി കൊണ്ട് മെല്ലെ വിളിച്ചു. അവൻ കേറുവോടെ മുഖം വീർപ്പിച്ചു തിരിഞ്ഞു കിടന്നു.

“ഹയോ… കുഞ്ഞു പിണക്കത്തിൽ ആണല്ലോ ഡോ ഭാര്യയെ… എന്നാൽ നമ്മുക്ക് പിന്നെ ദേവി മോളുടെ കാര്യം സംസാരിക്കാം”,

അച്ഛൻ ചിരി കടിച്ചമർത്തി പറഞ്ഞു.

‘ദേവി ‘ എന്നാ പേര് കേട്ടതും കണ്ണൻ കട്ടിലിൽ നിന്നും ചാടി എണീറ്റു. അവൻ ഉത്സാഹത്തോടെ അവളുടെ കാര്യങ്ങൾ അവരോട് പങ്കു വെച്ചു.

കൂട്ടുകാരൻ മനുവിൽ നിന്നും ‘ അവന്റെ മാത്രം ലക്ഷ്മിയെ ‘ കുറിച്ച് അവൻ ചോദിച്ചറിഞ്ഞിരുന്നു.

“നല്ല കുട്ടിയാ കണ്ണാ…ഞങ്ങളും ആഗ്രഹിച്ചിട്ട് ഉണ്ട് ദേവി മോളെ സ്വന്തം മകളായി കിട്ടിയിരുന്നെങ്കിൽ എന്ന്”,

ഭാനു അമ്മ നിറക്കണ്ണുകളോടെ പറഞ്ഞു.

അച്ഛൻ അവന്റെ നെറ്റിയിൽ അരുമയായി മുത്തി കൊണ്ട്, നിറഞ്ഞ കണ്ണുകൾ അവരിൽ നിന്നും ഒളിപ്പിക്കാൻ മുറി വിട്ടിറങ്ങി.

****************

മനമുരുകി പ്രാർത്ഥിച്ച ശേഷം കണ്ണുകൾ തുറന്ന ദേവി കാണുന്നത് അവളെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന കണ്ണനെയാണ്.

ആ കരീനീല മിഴികളിൽ ഒരു നിമിഷം കുടുങ്ങി കിടന്നെങ്കിലും അവൾ പെട്ടെന്ന് തന്നെ നോട്ടം തെറ്റിച്ചു. അവൾ അവനെ നോക്കാതെ അമ്പലത്തിൽ നിന്നും പ്രസാദവും മറ്റും വാങ്ങി നാലാമ്പലത്തിനു വലം വെച്ച ശേഷം പുറത്തേക്ക് ഇറങ്ങി. അവളുടെ കൂടെ തന്നെ ഒരു നിഴൽ പോലെ കണ്ണനും.

“ലക്ഷ്മി….. ❤️ “

ആ വിളിയിൽ, അറിയാതെ തന്നെ ദേവിയുടെ കാലുകൾ നിശ്ചലമായി. അവളുടെ കണ്ണുകൾ നിറഞ്ഞു പക്ഷെ ചുണ്ടിൽ മനോഹരമായ ഒരു ചിരി മോട്ടിട്ടു. കണ്ണന്റെ സാമിപ്യം അടുത്തറിഞ്ഞതും അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി.

“ലക്ഷ്മി….എന്റെ മനസ്സിലുള്ളത് എന്താണെന്നു തനിക്ക് അറിയാമെന്നു എനിക്ക് നന്നായി തന്നെ വ്യക്തമാണ്. എങ്കിലും എന്റെ ലെച്ചു മനമുരുകി വിളിക്കുന്ന ഈ കൃഷ്ണനെ സാക്ഷി നിർത്തി ഞാൻ ചോദിക്കുവാ…

ദ്വാരകയിലെ വിജയ് കൃഷ്ണന്റെ പാതിയായി വരാൻ സമ്മതമാണോ എന്റെ മാത്രം ലക്ഷ്മിക്ക് ❤️ “

അവളുടെ കണ്ണുകൾ സജ്ജലമായി. അവൾ പെട്ടെന്ന് അവനിൽ നിന്നും തിരിഞ്ഞു നിന്നു.

മിഴികൾ ഇറുക്കെ മൂടി കൊണ്ട് പതിഞ്ഞ… വളരെ പതിഞ്ഞ ശബ്‍ദത്തിൽ അവൾ ചോദിച്ചു,

“എന്നെ കുറിച്ച്….”

“എല്ലാം അറിയാം…ആരോരുമില്ലാതെ ഒരു പെണ്ണിനോട് തോന്നുന്ന അനുകമ്പയോ സഹതാപമോ ഒന്നുമല്ല പെണ്ണെ….ഇഷ്ട്ടമാണ്…പ്രണയമാണ്….ജീവനാണ്….. ❤️ “,

അവൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു.

അവൾ ഒരു പൊട്ടി കരച്ചിലോടെ അവന്റെ മാറിലേക്ക് വീണു.

*************

ലീവ് കഴിയാറായത് കൊണ്ട് കല്യാണം അടുത്ത ലീവിലേക്ക് മാറ്റി. കണ്ണനും അതിനോടായിരുന്നു താല്പര്യം കാരണം അത്രയും നാൾ പ്രേമിച്ചു നടക്കാമല്ലോ.

ദേവി ഒരു ഹോസ്റ്റലിൽ ആണ് താമസം. അവളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വരണമെന്ന് അച്ഛനും അമ്മയും അധിയായി ആഗ്രഹിച്ചു എങ്കിലും തന്റെ പേര് കൊത്തിയ താലി നെഞ്ചിൽ ഏറ്റി അവൾ ആ വീട്ടിൽ വലത് കാൽ കുത്തിയാൽ മതിയെന്ന് കണ്ണൻ പറഞ്ഞു. ദേവിക്കും അവളുടെ വിച്ചുവേട്ടന്റെ ആഗ്രഹം തന്നെയായിരുന്നു.

❤️ എല്ലാവരുടെയും ദേവി കണ്ണന്റെ മാത്രം ലക്ഷ്മി ആയിരുന്നു. എല്ലാവരുടെയും കണ്ണൻ ദേവിയുടെ മാത്രം വിച്ചുവേട്ടനും ❤️

ഒരിക്കൽ തന്നെ എന്തിനാണ് ലക്ഷ്മി എന്ന് വിളിക്കുന്നത് എന്ന് ദേവി കണ്ണനോട് ചോദിച്ചു. അവൻ അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു ആ വിടർന്ന കണ്ണുകളിൽ നോക്കി പ്രണയാർദ്രമായി മൊഴിഞ്ഞു,

“എന്റെ ജീവിതത്തിലെ ലക്ഷ്മിയാ നീ…എന്റെ എല്ലാം ഐശ്വര്യങ്ങൾക്കും അനുഗ്രഹങ്ങൾക്കും കാരണമായവൾ… എന്റെ മാത്രം ലക്ഷ്മി ❤️ “,

അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിയിൽ അമർത്തി മുത്തി.

*******************

പറഞ്ഞത് പോലെ തന്നെ കണ്ണൻ അടുത്ത ലീവിന് വന്നപ്പോൾ അവന്റെ ലക്ഷ്മിയെ സ്വന്തമാക്കി.

ആ കരീനീല മിഴികളിൽ പ്രണയം വിരിയിച്ച ആ വിടർന്ന കണ്ണുകാരിയെ കാണിച്ചു തന്ന അതെ കൃഷ്ണ ഭഗവാനെ സാക്ഷി നിർത്തി കണ്ണൻ ദേവിയുടെ കഴുത്തിൽ താലി ചാർത്തി. നിറക്കണ്ണുകളോടെ, നിറഞ്ഞ മനസ്സോടെ ആ ആലില താലി അവൾ നെഞ്ചോട് ചേർത്തു. കണ്ണന്റെ വിരലുകളാൽ അവളുടെ സീമന്ത രേഖ ചുവന്നു. കവിളിലായി പതിഞ്ഞ കണ്ണന്റെ ചുടു ചുംബനത്തിൽ അതെ ചുവപ്പ് രാശി അവളുടെ കവിളിലും സ്ഥാനം പിടിച്ചു.

നിറഞ്ഞ മനസ്സോടെ ഭാനു അമ്മ ദേവിയെ നിലവിളക്ക് കൊടുത്തു വീട്ടിലേക്ക് സ്വികരിച്ചു.

*******************

“ലക്ഷ്മി…..”,

വിളിച്ചു കൊണ്ട് കണ്ണൻ അവളെ പുറകിൽ നിന്നും പുണർന്നു.

“വിച്ചുവേട്ടാ… വിട്ടേ… വിടാൻ….”,

അവൾ ചിണുങ്ങി.

അവൻ കുറുമ്പോടെ അവളിലെ പിടി മുറുക്കി കൊണ്ട് അവളുടെ പിൻ കഴുത്തിൽ ചുംബിച്ചു.

“വിച്ചുവേട്ടാ….”,

അവന്റെ കുസൃതിയിൽ അവൾ തോൾ വെട്ടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ട് വിളിച്ചു.

അവൻ അവളെ അവന് അഭിമുഖമായി തിരിച്ചു നിർത്തി. ആ കരീനീല മിഴികൾ അവളുടെ വിയർപ്പ് പൊടിഞ്ഞ മുഖമാകെ ഓടി നടന്നു. അവന്റെ മുഖം അവളിലേക്ക് അടുത്തതും.

“ദേ…അമ്മ വരുന്നു…വിടാൻ…”,

അവൾ അതും പറഞ്ഞു അവനെ ബെഡിലേക്ക് തള്ളിയിട്ടു പൊട്ടി ചിരിച്ചു കൊണ്ട് റൂം വിട്ടിറങ്ങി.

വാതിൽ പടിയിൽ നിന്നും അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ബെഡിൽ തല ഒരു കൈയിൽ താങ്ങി അവളെ നോക്കി കുസൃതി ചിരിയോടെ വലം കൈയാൽ മീശ പിരിക്കുന്നവനെ. അവൾ നാണത്തോടെ അതിൽ ഉപരി പരിഭ്രമത്തോടെ അവനിൽ നിന്നും നോട്ടം വെട്ടിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

***************

“വിച്ചുവേട്ടാ….അടി വേണോ”,

ഉച്ച ഭക്ഷണത്തിനു ശേഷം അടുക്കള ഒതുക്കുവാണ് ദേവി. അവളിൽ കുറുമ്പ് കാണിച്ചു കൊണ്ട് കണ്ണനും അടുക്കളയിൽ തന്നെ ഉണ്ട്.

ഫോൺ ബെൽ അടിക്കുന്നത് കേട്ട് കണ്ണൻ ദേവിയെ ഒന്നു നോക്കി അവളുടെ കവിളിൽ അമർത്തി മുത്തിയ ശേഷം റൂമിലേക്ക് പോയി. അവൾ ചിരിയോടെ ബാക്കി പണികൾ തുടർന്നു.

അടുക്കള ഒതുക്കി റൂമിലേക്ക് വന്ന ദേവി കാണുന്നത് ബെഡിൽ കൈയിൽ തല താങ്ങി ഇരിക്കുന്ന കണ്ണനെയാണ്.

“എന്താ…എന്താ വിച്ചുവേട്ടാ…”,

അവൾ ആകുലതയോടെ അവന്റെ അരികിലേക്ക് ചെന്നു.

അവന്റെ കലങ്ങിയ കണ്ണുകൾ കണ്ടതും അവളുടെയും കണ്ണുകൾ നിറഞ്ഞു.

“എന്താ ഏട്ടാ….”,

അവൾ ഇപ്പോൾ കരയുമെന്ന അവസ്ഥയായി.

“മോളെ…മോൾ സങ്കടപെടരുത്…ഏട്ടന്…ജോലിക്ക്…തിരിച്ചു പോകണം”,

അവൻ അവളുടെ നെറുകയിൽ അമർത്തി മുത്തി കൊണ്ട് പറഞ്ഞു.

മനസ്സിൽ ഒരു വെളിടി വെട്ടിയ പ്രതീതിയായിരുന്നു ദേവിയുടെ മനസ്സിൽ. എങ്കിലും അവൾ അത് പുറമെ കാണിച്ചില്ല.

“ഈ കണ്ണുകളിൽ നീർ തിളക്കം ഒരു ഭംഗി ഇല്ല കേട്ടോ മിസ്റ്റർ പട്ടാളം. സമാധാനത്തോടെ…സന്തോഷത്തോടെ ഏട്ടൻ പോയി വാ. ഒന്നുവില്ലെങ്കിലും ഒരു പട്ടാളക്കാരന്റെ ഭാര്യ അല്ലെ ഞാൻ. ആ മനോബലം എനിക്ക് ഉണ്ട്”,

അവൾ അവന്റെ നിറഞ്ഞ കരീനീല മിഴികളിൽ മുത്തി കൊണ്ട് പറഞ്ഞു.

അവൻ അവളെ ഇറുകെ പുണർന്നു.

അങ്ങനെ അച്ഛനോടും അമ്മയോടും അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. അവർക്കും വിഷമം ദേവിയുടെ കാര്യത്തിൽ ആയിരുന്നു. ജീവിതം തുടങ്ങിട്ട് ഒരു ആഴ്ച ആയതേയുള്ളൂ. ദേവി തന്നെ മുൻകൈ എടുത്തു അവരുടെയെല്ലാം വിഷമം മാറ്റി. പുറമെ ചിരിയുടെ മൂടുപടം അണിഞ്ഞു ഉള്ളിൽ ആർത്തു കരഞ്ഞു കൊണ്ട് ദേവി കണ്ണന്റെ കാര്യങ്ങൾ എല്ലാം ചെയ്തു.

അങ്ങനെ കണ്ണന്റെ ലക്ഷ്മിയും ഒത്തുള്ള ഒരു ആഴ്ചത്തെ അതിമനോഹരമായ ഓർമ്മകളും പേറി യുദ്ധ കളത്തിലേക്ക് അവൻ യാത്ര തിരിച്ചു.

****************

ന്യൂസിൽ കൂടിയും മറ്റും യുദ്ധ വിവരങ്ങൾ അറിയുമ്പോൾ ദേവിയുടെ ഹൃദയം പിടഞ്ഞു കൊണ്ടിരുന്നു. വീര മൃത്യു അടഞ്ഞ ജവാന്മാരെ ന്യൂസിൽ കാണിക്കുമ്പോൾ അവൾ താലിയിൽ മുറുകെ പിടിക്കും. സാധാ സമയം പൂജ മുറിയിലും അമ്പലത്തിലുമായി അവൾ സമയം ചിലവഴിച്ചു.

ഒരു ദിവസം പതിവ് പോലെ അമ്പലത്തിൽ പോയി തിരിച്ചു വന്നപ്പോൾ വീട്ടു മുറ്റത്തെ ആൾ കൂട്ടം കണ്ട് അറിയാതെ തന്നെ ദേവിയുടെ കൈ താലിയിൽ മുറുകി. അവൾ ഇടറുന്ന കാലുകളോടെ മുമ്പോട്ട് നടന്നു. ഉമ്മറ കോലായിൽ കയറിയതും ഭാനു അമ്മയുടെ വലിയ വായിലുള്ള കരച്ചിൽ അവൾ കേട്ടു. നിറഞ്ഞ കണ്ണുകളോടെ അവൾ ഹാളിലേക്ക് കയറി.

അഞ്ചു തിരിയിട്ട് കത്തിച്ച നിലവിളക്ക് തലയ്ക്കൽ വെച്ചു വെള്ള പുതപ്പിച്ചു കിടക്കുന്ന തന്റെ പ്രാണനെ കണ്ട് ഒന്നു ചലിക്കാൻ പോലും സാധിക്കാതെ ദേവി ആ വാതിൽ പടിയിൽ തറഞ്ഞു നിന്നു. അച്ഛൻ അവളുടെ കൈ പിടിച്ചു അവളുടെ പ്രാണന് അരികിലേക്ക് ഇരുത്തി. അവൾ ഒരു പാവ കണക്കെ അവനെ തന്നെ ഉറ്റ് നോക്കി അവിടെയിരുന്നു.

എല്ലാവർക്കും അവളുടെ ഭാവം കണ്ട് ഭയം പിടി കൂടി. അവൾ ഒന്നു കരയാൻ ആത്മാർഥമായി എല്ലാവരും പ്രാർത്ഥിച്ചു.

ഒടുവിൽ തെക്കേ തൊടിയിലെ മാവിൻ വിറകിൽ അവളുടെ വിച്ചുവേട്ടൻ ഒരു പിടി ചാരമായി മാറിയപ്പോൾ അവളുടെ മാനസിക നിലയും തെറ്റിയിരുന്നു.

******************

ഭാനു അമ്മ ദേവിയെ തിരക്കി റൂമിൽ ചെന്നപ്പോൾ കണ്ടു, കണ്ണന്റെ ഷർട്ടിൽ തെരു പിടിച്ചു അതിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന ദേവിയെ.

ആ അമ്മ വാ പൊത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.

വിച്ചുവേട്ടൻറെയും അവന്റെ ലക്ഷ്മിയുടെയും പ്രണയത്തിന്റെ തുടിപ്പ് അവളുടെ വയറ്റിൽ നാമ്പിട്ടു എന്ന് അറിയാതെ അവൾ അവളുടെ വിച്ചുവേട്ടന്റെ മാത്രം ലോകത്തിലേക്ക് ഒതുങ്ങി.

അവസാനിച്ചു……

മഹിമ ❣️