എഴുത്ത്: അംബിക ശിവശങ്കരൻ
==================
ജോലി കഴിഞ്ഞ് എത്തിയപ്പോൾ ഗർഭിണിയായ തന്റെ ഭാര്യക്ക് നൽകാൻ അവളുടെ ഇഷ്ട പലഹാരങ്ങൾ അവൻ കയ്യിൽ കരുതിയിരുന്നു. എന്നത്തെയും പോലെ കൊതിയൂറുന്ന പലഹാരപ്പൊതി അവൾക്ക് മുന്നിൽ അഴിച്ചു നീട്ടുമ്പോൾ എപ്പോഴും കാണാറുള്ള കൗതുകം അവളുടെ മുഖത്ത് കണ്ടില്ല. ആ പൊതി വാങ്ങി ടേബിളിലേക്ക് വെച്ച് കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി.
“മോൻ ഉറങ്ങിയോ? “
തനിക്ക് നേരെ നീട്ടിയ ചായ ഗ്ലാസ് വാങ്ങിക്കൊണ്ട് അവനവളോട് ആയി ചോദിച്ചു.
“ഹ്ഹ്മ്…ഇത്രനേരം അവൻ സതീഷേട്ടനെയും നോക്കിയിരിക്കുകയായിരുന്നു വൈകുമെന്ന് വിളിച്ചു പറഞ്ഞതുകൊണ്ട് അച്ഛമ്മയോടൊപ്പം ചോറും കഴിച്ച് അവിടെ തന്നെ കിടന്നുറങ്ങി.”
“ദാ ഇതൊക്കെ കഴിക്ക്..നിനക്ക് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ വാങ്ങിയത്? അല്ലെങ്കിൽ കയ്യിൽ കിട്ടിയതും അകത്താക്കുന്നതാണല്ലോ ഇന്ന് എന്തുപറ്റി? “
“ഏയ് ഒന്നുമില്ല.”
കഷ്ടപ്പെട്ടുകൊണ്ട് അവൾ അതിൽനിന്നും ഒരു പരിപ്പുവട ചവച്ചിറക്കി.
കുളി കഴിഞ്ഞെത്തുമ്പോഴും തന്റെ നിറവയറിയിൽ തലോടിക്കൊണ്ട് അലക്ഷ്യമായി അവൾ എന്തോ ചിന്തിച്ചിരിക്കുകയായിരുന്നു. അവളുടെ കൈകൾ മാറ്റിക്കൊണ്ട് അവൻ തന്റെ കൈകളാൽ തന്റെ കുഞ്ഞിനെ തലോടി.
“ഞാനിന്ന് ഉച്ചയ്ക്ക് അച്ഛനെ സ്വപ്നം കണ്ടു സതീഷേട്ടാ… “
“ആഹ് വെറുതെയല്ല മുഖത്തെ ഈ വാട്ടം. ഞാനും ആലോചിച്ചു ഇങ്ങനെ തളർന്നു വാടാൻ മാത്രം എന്താ ഇപ്പോൾ ഉണ്ടായതെന്ന്..പകൽ വെറുതെ കിടന്നു ഉറങ്ങരുതെന്ന് നിന്നോട് എത്രവട്ടം പറയണം എന്റെ അനു..”
“പകല് മാത്രമല്ല അച്ഛന്റെ മുഖം ഇടയ്ക്കിടയ്ക്ക് മനസ്സിൽ വരാറുണ്ട്. ഞാനത് സതീഷേട്ടനോട് പറയാറില്ലെന്ന് മാത്രം. “
അവളുടെ ശബ്ദം പതറാൻ തുടങ്ങിയപ്പോൾ അവൻ അവളെ ചേർത്തുപിടിച്ചു.
“ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാൻ തീരുമാനിച്ചതാണോ സതീഷേട്ടാ ഞാൻ ചെയ്ത തെറ്റ്?”
“അല്ല…അച്ഛന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ ഞാൻ ചെയ്തത് പൊറുക്കാൻ ആകാത്ത തെറ്റ് തന്നെയാണ്. അത്രയേറെ സ്നേഹിച്ച മകൾ കുടുംബത്തിനു മുഴുവൻ നാണക്കേട് ഉണ്ടാക്കി ഇറങ്ങി പോകുമ്പോൾ ഏതൊരു അച്ഛനാണ് ക്ഷമിക്കാൻ കഴിയുക?എന്റെ മരണശേഷം അല്ലാതെ നീ ഇനി ഈ പടി ചവിട്ടില്ല എന്ന അച്ഛന്റെ വാക്കുകൾ മനസ്സിനെ വേദനിപ്പിച്ചെങ്കിലും അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെന്നാണ് കരുതിയത്.” മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും അച്ഛനും അമ്മയ്ക്കും അല്ലാതെ മറ്റാർക്കാണ് പൊറുക്കാൻ കഴിയുക?”
“അച്ഛന്റെ വിളിയും കാത്ത് ദിവസങ്ങൾ എണ്ണി ഞാൻ കാത്തിരുന്നു. ഒരു കുഞ്ഞു ജനിച്ചാൽ എങ്കിലും അച്ഛന് എന്നോടുള്ള വെറുപ്പ് മാറും എന്ന് ഞാൻ കരുതി. ഇപ്പോൾ രണ്ടാമത്തെ കുഞ്ഞും ജനിക്കാൻ പോകുന്നു. അമ്മയും മാളുവും വിളിക്കാറുണ്ട്, ഇടയ്ക്ക് കാണാറുമുണ്ട്.അതുകൊണ്ട് അവരെ ഓർത്ത് എനിക്ക് വലിയ ദുഃഖം തോന്നിയിട്ടില്ല. പക്ഷേ ഞാൻ എന്റെ അച്ഛനോട് മിണ്ടിയിട്ട് വർഷം മൂന്നു കഴിഞ്ഞില്ലേ സതീഷേട്ട….ഒരുവട്ടമെങ്കിലും വിളിച്ച് മോളെ നിനക്ക് സുഖമാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ എനിക്കിത്രയ്ക്ക് വിഷമം തോന്നില്ലായിരുന്നു. ഞാൻ അങ്ങോട്ട് വിളിച്ചാൽ പോലും എന്റെ ശബ്ദം കേട്ടാൽ ഉടൻ അച്ഛൻ ഫോൺ കട്ട് ചെയ്യും. ഇങ്ങനെയൊക്കെ ചെയ്യാൻ മാത്രം അത്ര വലിയ മഹാപാപമാണോ സതീശേട്ടാ ഞാൻ ചെയ്തത്?അച്ഛന്റെ മോളല്ലേ ഞാൻ…ഒരു വട്ടമെങ്കിലും അച്ഛനെന്നോട് ഒന്ന് ക്ഷമിച്ചൂടെ…”
അവളുടെ സങ്കടം അണ പൊട്ടിയൊഴുകാൻ തുടങ്ങിയപ്പോൾ അവൻ ഒന്നുകൂടി അവളെ ചേർത്തുപിടിച്ചു.
“അനു നീ ഇങ്ങനെ കരയാതെ…ഓരോന്ന് ഓർത്തു മനസ്സ് വേദനിപ്പിച്ചാൽ അത് നമ്മുടെ കുഞ്ഞിനെയാണ് ബാധിക്കുന്നത്. വൈകിയാണെങ്കിലും അച്ഛൻ നമ്മളോട് ക്ഷമിക്കാതിരിക്കില്ല. നമ്മുടെ ഭാഗത്തുനിന്ന് മാത്രം ചിന്തിക്കുന്നതുകൊണ്ടാണ് ഈ കുഴപ്പങ്ങളെല്ലാം. നമ്മുടെ മക്കൾ വലുതായി അവർ ഇതുപോലെ ഒരു സുപ്രഭാതത്തിൽ സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിപ്പോയാൽ നമുക്ക് എത്രമാത്രം സങ്കടമുണ്ടാകും. അത് തന്നെയാണ് ഇപ്പോൾ അച്ഛന്റെയും മാനസികാവസ്ഥ. അത് നീ മനസ്സിലാക്കണം. എന്ന് കരുതി നീ അച്ഛന്റെ മകൾ ആവാതിരിക്കുന്നില്ലല്ലോ? നീ ഓർക്കുന്നത് പോലെ തന്നെ അച്ഛനും നിന്നെ ഓർക്കുന്നുണ്ടാകും, വേദനിക്കുന്നുണ്ടാകും. നീയത് പ്രകടമാക്കുന്നു അച്ഛൻ അത് പ്രകടമാക്കുന്നില്ല അതുമാത്രമാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം.”
അവൾ മിഴികൾ തുടച്ചു. അവന്റെ കരവലയത്തിനുള്ളിൽ സുരക്ഷിതയായി കിടക്കുമ്പോൾ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങിയ നിമിഷങ്ങളാണ് ഓർമ്മ വന്നത് ആ ഓർമ്മകൾ വീണ്ടും അവളെ കുത്തി നോവിച്ചു.
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. ജന്മം എടുക്കാൻ പോകുന്ന കുഞ്ഞിന്റെ വരവും കാത്ത് അവർ കണ്ണും നട്ടിരുന്നു. എല്ലാവരുടെയും പ്രതീക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് രണ്ടാമത്തെ കുഞ്ഞിനും അവൾ ജന്മം നൽകി.
തന്നെയും കുഞ്ഞിനെയും കാണാൻ കാത്തു നിന്നവരുടെ കൂട്ടത്തിൽ അവൾ തന്റെ അച്ഛനെ പ്രതീക്ഷയോടെ നോക്കിയെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ തോന്നിയ അതിയായ സന്തോഷം പോലെ തന്നെ അച്ഛൻ തന്നോട് ക്ഷമിച്ചില്ല എന്ന യാഥാർത്ഥ്യം അവളെ അത്രയേറെ വേദനിപ്പിച്ചു.
ആശുപത്രിയിൽ നിന്ന് വീട് എത്തിയപ്പോഴും കുഞ്ഞിനെ കാണാൻ എത്തിയ അമ്മയോടും മാളുവിനോടും അവൾ അച്ഛനെ പറ്റി മാത്രമാണ് തിരക്കിയത്.
“ചേച്ചി അച്ഛന്റെ വിശേഷം തിരക്കുന്നത് പോലെ തന്നെ ഇപ്പോൾ അവിടെ ചെന്നാൽ അച്ഛൻ ചേച്ചിയുടെയും വിശേഷവും തിരക്കും. ഇവിടെയും അവിടെയും മാറിമാറി വിശേഷങ്ങൾ പറയലാണ് ഇപ്പോൾ ഞങ്ങളുടെ മെയിൻ പരിപാടി.”
മാളു അത് പറഞ്ഞപ്പോഴാണ് തന്നെ കുറിച്ച് അച്ഛൻ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന കാര്യം അവൾ തിരിച്ചറിഞ്ഞത്. ആ നിമിഷം അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇത്രനാൾ തിങ്ങി നിറഞ്ഞ വിഷമത്തിന് ഒരല്പം അറുതി വന്നതുപോലെ.
“ഇനിയെങ്കിലും അച്ഛന് എന്നോട് ഒന്ന് ക്ഷമിച്ചു കൂടെ അമ്മേ..ഒരു വട്ടമെങ്കിലും എന്നെയും മക്കളെയും കാണാൻ അച്ഛന് ഒന്നു വന്നുകൂടെ…”
അവളുടെ യാചന സ്വരം അമ്മയെയും മാളുവിനെയും ഒരുപോലെ വേദനിപ്പിച്ചു.
“അമ്മമാരുടെയത്ര അലിവുള്ള മനസ്സ് അല്ല മോളെ അച്ഛന്മാർക്ക്. നിന്നേടുള്ള സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും നീ ചെയ്ത തെറ്റ് മാത്രമേ അച്ഛൻ എടുത്തു പറയുകയുള്ളൂ…മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും അത് എളുപ്പം മറക്കാൻ ഒരു അമ്മയ്ക്ക് കഴിഞ്ഞെന്നു വരും പക്ഷേ അച്ഛന് അങ്ങനെയല്ല. നിന്നെ ഓർക്കുമ്പോഴൊക്കെയും അന്നിറങ്ങിപ്പോന്ന നിമിഷം മാത്രമായിരിക്കും അച്ഛന്റെ മനസ്സിൽ. അത് മാറാൻ കുറച്ച് സമയമെടുക്കും അതുവരെ കാത്തിരിക്കുക മാത്രമേ ഫലമുള്ളൂ… “
അവൾ പിന്നെ ഒന്നും മിണ്ടിയില്ല.അമ്മ പറഞ്ഞത് അത്രയും ശരിയാണ്. പൊറുക്കാൻ അച്ഛന്റെ മനസ്സ് പൂർണമായും പാകപ്പെടുന്ന ഒരു നിമിഷം വരെ കാത്തിരിക്കാം.
അവൾ ദീർഘനിശ്വാസം എടുത്തു.
“അനു നാളെ നിന്റെ പിറന്നാളല്ലേ? നമുക്ക് രാവിലെ ഒന്ന് അമ്പലത്തിൽ പോയി വരാം.”
അന്നൊരു നാൾ കുഞ്ഞിനെ പാലൂട്ടി ഉറക്കി കിടത്തി ചോറ് വാരി വലിച്ചുണ്ണുന്ന നേരമാണ് സതീഷ് അത് പറഞ്ഞത്.
“അങ്ങനെയൊരു കാര്യം ഉണ്ടായിരുന്നല്ലേ? ഞാനിപ്പോൾ ആണത് ഓർത്തത് തന്നെ.”
അവൾ ചിരിച്ചു. പാത്രത്തിലെ ചോറു പകുതി കഴിച്ചപ്പോഴേക്കും കുഞ്ഞ് എഴുന്നേറ്റ് കരച്ചിൽ തുടങ്ങി. പാത്രത്തിൽ കൈകുടഞ്ഞ് എഴുന്നേറ്റോടാൻ തുടങ്ങിയ അവളെ അവൻ തടഞ്ഞു.
“നീ കഴിക്ക് മോനെ ഞാൻ എടുത്തോളാം.”
കുഞ്ഞിനെ തോളിലിട്ട് മെല്ലെ തട്ടി കൊടുത്തതും അവൻ സുഖമായി ഉറങ്ങി. പിറ്റേന്ന് നേരത്തെ തന്നെ എഴുന്നേറ്റു അമ്പലത്തിലേക്ക് പുറപ്പെട്ടു. കുഞ്ഞിനെ നോക്കാൻ അമ്മയെ ഏൽപ്പിച്ചാണ് പോയത്. അതുകൊണ്ടുതന്നെ വേഗത്തിൽ തൊഴുതിറങ്ങി വീട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും അവൻ പാലിന് വേണ്ടി കരഞ്ഞു വാശിപിടിക്കാൻ തുടങ്ങിയിരുന്നു. അവൾ വേഗം തന്നെ പാല് കൊടുത്തു കുഞ്ഞിന്റെ വിശപ്പടക്കി.
മോനെ തൊട്ടിലിൽ കിടത്തി വസ്ത്രം മാറാൻ തുടങ്ങുമ്പോഴാണ് സതീഷ് വന്നത്.
“പിറന്നാൾ ആയിട്ട് ഞാൻ എന്റെ ഭാര്യക്ക് പിറന്നാൾ സമ്മാനം ഒന്നും തന്നില്ലല്ലോ എന്റെ മോളൊന്ന് കണ്ണടച്ചേ…”
അന്തം വിട്ടുനിന്ന അവളോട് വീണ്ടും കണ്ണടയ്ക്കാൻ അവൻ ആവശ്യപ്പെട്ടു. അത് പ്രകാരം അവൾ കണ്ണുകൾ അടച്ചു.
“ഉം…ഇനി കണ്ണ് തുറന്നോ..”
കയ്യിൽ വെച്ച് കൊടുത്ത മനോഹരമായി പൊതിഞ്ഞ വർണ്ണക്കടലാസിലേക്ക് അവൾ ആകാംക്ഷയോടെ നോക്കി.
“തുറന്നു നോക്ക്. “
ഒരു നിമിഷം പോലും ചിന്തിക്കാതെ അവൾ അത് തുറന്നു നോക്കിയതും തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ അവൾ നിന്നു.
“തന്റെ കുഞ്ഞിനെ ചേർത്തുപിടിച്ചു നിൽക്കുന്ന അച്ഛന്റെ ഫോട്ടോ!”
“സതീഷേട്ടാ…ഇത്…? ഇത് എങ്ങനെ? “
അവൾക്കപ്പോഴും തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല
“നീ മാത്രം അറിയാതിരുന്ന ഒരു സംഭവമായിരുന്നു ഇത്. പറയേണ്ടെന്ന് എല്ലാവരോടും ഞാൻ തന്നെയാണ് പറഞ്ഞത്. നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി. നമ്മുടെ മോനെ ആദ്യം കയ്യിലെടുത്തത് അച്ഛനാണ്. ലേബർ റൂമിന് വെളിയിൽ വച്ച് ഞാൻ എടുത്ത ഫോട്ടോയാണിത്. നിന്നെ മുറിയിലേക്ക് മാറ്റുന്നതിന് മുന്നേ അച്ഛൻ തിരികെ പോയി.”
“എന്താ പിറന്നാൾ സമ്മാനം ഇഷ്ടമായില്ലേ?”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എനിക്കിനി ജീവിതത്തിൽ ഇതിലും മനോഹരമായ ഒരു പിറന്നാൾ സമ്മാനം കിട്ടാനില്ല സതീഷേട്ട…അച്ഛൻ എന്റെ കുഞ്ഞിനെ എടുത്തല്ലോ എനിക്കത് മതി ഒത്തിരി താങ്ക്സ്.”
“പിറന്നാൾ ദിവസമാണോ പെണ്ണെ ഇങ്ങനെ നിന്ന് കരയുന്നത്?”
അവനവളുടെ കണ്ണുനീർ ഒപ്പിയെടുത്തു
“അച്ഛന് ഇപ്പോൾ വെറുപ്പൊക്കെ മാറിയിട്ടുണ്ടാകും. അന്ന് എന്നോട് രണ്ടു വാക്ക് സംസാരിച്ചു. നിന്നെ നന്നായി നോക്കണമെന്ന് പറഞ്ഞു. എന്റെ തോളിൽ തട്ടിയിട്ടാണ് തിരികെ പോയത്. ആ നോട്ടത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയതാണ് ആ പാവത്തിന്റെ ഉള്ളിലെ നോവ് എത്രയാണെന്ന്.അച്ഛൻ സമയമെടുത്ത് എല്ലാം മറക്കട്ടെ….ക്ഷമിക്കട്ടെ…അതുവരെ നമുക്ക് കാത്തിരിക്കാം. എല്ലാം പൊറുത്ത് അച്ഛൻ വരട്ടെ നമുക്ക് അപ്പോൾ അച്ഛന്റെ കാലിൽ വീണ് മാപ്പ് ചോദിക്കാം. അച്ഛൻ ക്ഷമിക്കാതിരിക്കില്ല.”
“ഇനി ഞാൻ എത്രനാൾ വേണമെങ്കിലും കാത്തിരുന്നോളാം സതീഷേട്ട..? എന്റെ അച്ഛൻ ഇതുപോലെ എന്നെയും ചേർത്തു നിർത്തുന്ന ഒരു മുഹൂർത്തത്തിന് വേണ്ടി. “
കണ്ണുനീർ വന്ന് കാഴ്ചയെ മറക്കുമ്പോഴും അവൾ ആ മനോഹര ചിത്രം നെഞ്ചോട് തന്നെ ചേർത്തുവച്ചു.
അച്ഛന്റെ സ്നേഹം എന്നത് പലപ്പോഴും പ്രകടമാകാത്ത ഒന്നാണ് എങ്കിലും ഒരു അദൃശ്യ വലയം പോലെ അതെപ്പോഴും നമ്മെ ചുറ്റിപ്പറ്റി കൊണ്ടിരിക്കും.
~അംബിക ശിവശങ്കരൻ.