തോട്ടത്തിൽ ആയിരുന്നു ചാർലി. അവൻ കണക്ക് നോക്കുകയായിരുന്നു
“ദേവസി ചേട്ടോ ഒന്ന് വന്നേ ” അവൻ അക്കൗണ്ട്സ് നോക്കുന്ന മാനേജരെ വിളിച്ചു
“ഇത് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ. ഒരു പന്ത്രണ്ടു ലക്ഷത്തിന്റെ ഡിഫറെൻസ് ഉണ്ടല്ലോ..”
“അത് കുഞ്ഞേ..അത് “
ചാർലി ഒരു സി- ഗരറ്റ് കത്തിച്ചു
അടുത്തത് നോക്കി. അതിലും എട്ടു ലക്ഷത്തിന്റെ വ്യത്യാസം
“ഇതിപ്പോ പത്തിരുപതു ലക്ഷത്തിന്റെ കണക്ക് അങ്ങോട്ട് ഒക്കുന്നില്ലല്ലോ.”
അവൻ എഴുന്നേറ്റു. പുക ഊതി അയാളുടെ മുഖത്തേക്ക് വിട്ടു. അയാൾ ചുമയ്ക്കുന്ന വരെ
“സത്യം പറഞ്ഞോ.. അപ്പനെ പറ്റിക്കുന്ന പോലെ എന്നോട് പറ്റുകേല. പറ.”
“അത് കുഞ്ഞേ ഷെല്ലി കുഞ്ഞ് വാങ്ങിക്കൊണ്ട് പോയതാ”
ചാർളിയുടെ കണ്ണുകൾ ചെറുതായ്
“ഈ ഇരുപത്തി രണ്ട് ലക്ഷമോ “
“ഇത് ഒരു തോട്ടത്തിലെയല്ലേ? ഇങ്ങനെ എല്ലാ തോട്ടത്തിലും വിളവെടുപ്പ് വരുന്ന സമയത്ത് കൊണ്ട് പോകും. ഈ തവണ ഒന്നര കോടിക്ക് അടുത്ത് ഉണ്ട് “
അവൻ സി- ഗരറ്റ് ഉള്ളിലേക്ക് എടുത്തു..
“ചേട്ടൻ മാത്രമേയുള്ളു?” അയാൾ മുഖം താഴ്ത്തി
“പറയ് “
“വിജയ് സാറും ഉണ്ട്. അത് വിളിച്ചു പറയും, അക്കൗണ്ട്ലിട്ടേക്കാൻ പറയും,
“അത് എത്ര ഉണ്ട്?”
“എഴുപത് വരും,
“അപ്പന് അറിയാമോ?”
“അറിയാം “
അവൻ എഴുന്നേറ്റു
സ്റ്റാൻലി ഊണ് കഴിഞ്ഞു കൈ കഴുകി മുറിയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു
“അപ്പൻ ഒന്നിരുന്നേ കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട് “
അവന്റെ മുഖവും രീതികളും കണ്ടപ്പോ ഷേർലിക്ക് ഒരു പന്തികേട് തോന്നി
“എന്താ ഡാ “
“അമ്മയും ഇരിക്ക്. രണ്ടു പേരും കേൾക്കാൻ തന്നെയ പറയുന്നത് “
അവർ ഇരുന്നു
“തോട്ടത്തിന്റെ ഷെയർ എനിക്കു എത്രയാ?”
സ്റ്റാൻലി ആ മുഖത്തേക്ക് നോക്കി
“അല്ല ഷെയർ ഇല്ലെങ്കിൽ പറഞ്ഞ മതി. എനിക്കു എന്റെ ലൈഫ് നോക്കണം. വേറെ ജോലി നോക്കണം “
സ്റ്റാൻലി അമ്പരന്ന് പോയി
“നീ ഇതെന്നാ വർത്തമാനമാ കൊച്ചേ ഈ പറയുന്നേ. ഷെയർ കഴിഞ്ഞതല്ലേ. ഈ വീടും തൊട്ടവും അപ്പന്റെ കാലശേഷം നിനക്കുള്ളതല്ലേ. സ്കൂൾ എന്റെ കുടുംബം വകയാ അത് കുടുംബത്തു നിൽക്കുന്ന ആൾക്കുള്ളതാ “
“കാലശേഷമല്ലല്ലോ അവർക്കുള്ള ഷെയർ കൊടുത്തത്.”
സ്റ്റാൻലി അവന്റെ മുഖത്ത് നോക്കി
“അപ്പാ എനിക്ക് അപ്പന്റെ ഷെയർ വേണ്ട. ഈ സ്കൂളും വീടും വേണ്ട. വേണ്ടിടുമല്ല. പക്ഷെ ചാർലിക്ക് എന്ന് പറഞ്ഞിട്ട് ചാർലി അറിയാതെ പണമിടപാട് നടത്തരുത്. ഒന്നുകിൽ അത് അപ്പൻ തന്നെ നോക്കിക്കോ. ഞാൻ പോകും..എനിക്ക് എന്റെ കാര്യം നോക്കണം. ഇത്രയും വർഷം മറ്റുള്ളവർക്ക് വേണ്ടിയാ ജീവിച്ചത്. ഇനി എനിക്ക് വേണ്ടിട്ട് ജീവിക്കണം “
“ഇപ്പൊ എന്നതാ പ്രശ്നം?”
“പ്രശ്നം ഒരു കോടിയിൽ അധികം രൂപ ഇതിൽ നിന്ന് ചേട്ടന്മാർക്ക് പോയിട്ടുണ്ട് അപ്പൻ അറിഞ്ഞോണ്ട്. അവർക്ക് ഉള്ളതെല്ലാം കൊടുത്തതാ. ഇഷ്ടം പോലെ വരുമാനം ഉള്ള ബിസിനസ്സും ഉണ്ട്..പിന്നെ എന്തിനാ ഇത്?”
സ്റ്റാൻലി വല്ലാതായി
“അവർ ചോദിക്കുമ്പോ എങ്ങനെ ചാർലി അപ്പൻ പറ്റില്ല എന്ന് പറയുന്നേ”
“അത് എന്റെയാ എന്നല്ലേ പറഞ്ഞത് അപ്പൊ എന്നോട് ചോദിച്ചു വേണ്ടേ?”
“ഞാൻ…നിന്നോട് പറഞ്ഞേനെ..”
“അപ്പാ..ഞാൻ എന്ത് വേണം? അത് ഒരു ചോദ്യമായിരുന്നു
“അപ്പന് ഞാൻ ഇവിടെ വേണോ വേണ്ടയോ?”
“എന്ത് ചോദ്യമാ മോനെ അത്..നീ ഉള്ളതല്ലേ സന്തോഷം?”
“എങ്കിൽ മുഴുവൻ സ്വത്തും എന്റെ പേരില് വേണം..മുഴുവൻ…ഈ വീട് വേണ്ട..ബാക്കി. എനിക്കു നടത്തിപ്പുകാരന്റെ ജോലി വേണ്ട. ഉടമസ്ഥൻ ആയാൽ മതി.”
സ്റ്റാൻലി ഒന്ന് പുഞ്ചിരിച്ചു
“ഇത് മുഴുവൻ നിന്റെയാണ് ചാർലി “
“എന്റെ ആണെങ്കി എന്നോട് ചോദിക്കാതെ ഈ ട്രാൻസക്ഷൻ എങ്ങനെ നടന്നു “
“എടാ അത് നിന്റെ ചേട്ടൻ തന്നെ അല്ലെ?”
“സ്വത്തും ചേട്ടനും തമ്മിൽ ബന്ധം ഒന്നുമില്ല. കച്ചവടം വേറെ ബന്ധം വേറെ. അപ്പൊ എന്നാ രെജിസ്ട്രേഷൻ?”
അവൻ എഴുന്നേറ്റു
“നീ പറയുന്ന ദിവസം നാളെ എങ്കിൽ നാളെ “
“എങ്കിൽ നാളെ..”
അവൻ ഒരു സി- ഗരറ്റ് കത്തിച്ചു പുക വിട്ടു പുറത്തേക്ക് പോയി
“എന്റെ ഈശോയെ ഈ ചെറുക്കൻ പിശകാ കേട്ടോ ഇച്ചായാ. മറ്റവനെ പോലെ അല്ല. ചോദിച്ച കേട്ടില്ലേ?”
“അവൻ നേരെ വാ നേരെ പൊ സ്റ്റൈൽ ആണ്. മൂത്തവൻ അങ്ങനെ അല്ല
അതാ വ്യത്യാസം.. ഒരു തരത്തിൽ ഇവന് എഴുതി കൊടുക്കുന്നതാണ് നല്ലത് ചോദിക്കുമ്പോ ചോദിക്കുമ്പോ മറ്റവന് കാശ് കൊടുക്കണ്ടല്ലോ.. ഇവൻ ഡീൽ ചെയ്തോളുമതൊക്കെ എന്റെ തലയിൽ നിന്ന് ഒഴിയും. ചെറുക്കൻ ഇവിടെ കാണുകയും ചെയ്യും “
“അത് ശരിയാ “
“ക്രിസ്റ്റിയും ഷെറിയും പിള്ളാരും ഒക്കെ വന്നോടി?”
“വൈകുന്നേരം വരും. നാളെ വെളുപ്പിന് അല്ലെ ഫ്ലൈറ്റ് “
“തിരിച്ചു പോകുന്നതോർക്കുമ്പോ എന്തോ പോലെ…ഇപ്പൊ പോകണ്ടാരുന്നു. പിള്ളേരുടെ കളിയും ചിരിയും. ശോ. ചാർലി കല്യാണം കഴിച്ചെങ്കിൽ അവന്റെ പിള്ളേരെ നോക്കി ഇരിക്കാവാരുന്നു. “
“അതിന് കൊച്ചു കുറച്ചു വലുതാകണ്ടേ?”
“ങേ എന്തോന്ന് പറയുന്നേ…”
സ്റ്റാൻലി പെട്ടെന്ന് നാക്ക് കടിച്ചു
ഷേർലിയുടെ കയ്യിൽ കിട്ടിയ ഉള്ളിൽ ഇരിക്കില്ല. ഉടനെ അത് ജെറി അറിയും. പിന്നെ എല്ലാരും അറിയും. വേണ്ട
ചാർലി ബുള്ളറ്റ് എടുത്തു വെറുതെ ഒന്ന് കറങ്ങി. പള്ളിയുടെ മുന്നിൽ കൂടി പോയപ്പോ നിർത്തി
ഫാദർ ഉറങ്ങുവാ…കപ്യാർ പറഞ്ഞു
“ഓ സാരമില്ല.”
അവൻ ഓടി അച്ചന്റെ മുറിയിൽ ചെന്നു
“അത് ശരി ഉറങ്ങുവാണെന്ന് പറഞ്ഞിട്ട് മൊബൈൽ നോക്കി കിടക്കുവാ കൊച്ചു കള്ളൻ “
“പോടാ തെ- മ്മാടി..ഞാൻ നമ്മുടെ തിരുമേനിയോട് ചാറ്റ് ചെയ്യുവായിരുന്നു “
അവൻ ഉറക്കെ പൊട്ടിച്ചിരിച്ചു
“ഇൻസ്റ്റയിലോ വാട്സാപ്പിലോ?”
“വാട്സാപ്പ് ” അച്ചൻ മൊബൈൽ കാണിച്ചു കൊടുത്തു
“എന്റെ പൊന്നോ ഹൈ ടെക് “
“അല്ല നീ എന്തിനാ ഇതിനകത്തോട്ട് കേറി വന്നേ അനുവാദം ചോദിക്കയ്കയൊന്നും വേണ്ടയോ “
“ഓ പിന്നെ..ട്യൂബും ഫാനും ഒക്കെ മാറ്റാൻ ഞാൻ വേണം.. ഒന്ന് ചുമ്മാതിരി”
അച്ചൻ ചിരിച്ചു
“നിനക്ക് ഇപ്പൊ എന്നാ തരിക?”
“ഞാൻ ഒരു സാധനം തരാം ” അവൻ കയ്യിൽ ഇരുന്ന ഒരു പൊതി കൊടുത്തു
“ഒന്നാന്തരം വീഞ്ഞാ.. Scotlandil നിന്ന് നേരിട്ട് ഇറക്കു മതി ചെയ്തത് “
“അന്നോടാ ഉവ്വേ ഉള്ളതാണോ?”
“ആണെന്ന് ക്രിസ്റ്റി ചേട്ടൻ വന്നപ്പോൾ കൊണ്ട് വന്നതാ..”
“കൊള്ളാം അല്ലെങ്കിലും നീ. സ്നേഹം ഉള്ളവനാ “
“ഉവ്വാ. മറ്റേ കാര്യം ഉണ്ടല്ലോ ഒറ്റ മനുഷ്യനോട് മിണ്ടിപ്പോയേക്കരുത്. കുമ്പസാര രഹസ്യം പോലെ സൂക്ഷിച്ചു കൊള്ളണം കേട്ടോ ‘
അച്ചൻ ഒരു കള്ളച്ചിരി ചിരിച്ചു
“ഏത് കാര്യം?”
“ദേ നല്ല ഇടി ഞാൻ വെച്ചു തരും കേട്ടോ. എന്റെ കൊച്ചും ഞാനും തമ്മിലുള്ള…. “
അവന്റെ ശബ്ദം ആർദ്രമായി
“അതൊരു പാവമാ ചാർലി. നീ ആശുപത്രിയിൽ ആയ അന്ന് മുതൽ രാവിലെയും വൈകുന്നേരവും ഇവിടെ വന്ന് കരച്ചിലാ. ദൈവത്തിനു സ്വൈര്യം കൊടുത്തിട്ടില്ല. എത്ര നേരമാണെന്നോ മുട്ടുമ്മേൽ നിന്ന് പ്രാർത്ഥിക്കുന്നത്. ഒരു ദിവസം ഞാനങ്ങ് ചോദിച്ചു. അത് അങ്ങ് പറഞ്ഞു. പേടിയില്ലെന്ന് ഞാൻ ചോദിച്ചു. ഇനി മാറാൻ പറ്റുകേല എന്ന് പറഞ്ഞു..”
അവൻ ഉള്ളിൽ ഉയർന്ന ഒരു കരച്ചിലിനെ നെഞ്ചിൽ അടക്കി
“നിന്റെ ചേട്ടന്മാരും നിന്റെ ശത്രുക്കളുമൊക്കെ ആ കൊച്ചിനെ ഉപദ്രവിക്കാതെ നോക്കേണ്ട ചുമതല നിനക്കാ. പഠിച്ചു കഴിഞ്ഞു ഒരു ജോലി വേണമെന്ന അവൾക്ക്. നിന്റെ സ്കൂളിൽ തന്നെ കൊടുക്ക്. അപ്പോ നിന്നോളും ഇവിടെ. അവിടെ അപ്പൻ സ്ഥലമൊക്കെ വിൽക്കാൻ പോവാ. മൂത്ത കൊച്ചിന്റെ കല്യാണത്തിന്. അവർ നല്ല തുക ചോദിച്ചിട്ടുണ്ട്.. ആ വീട്ടുകാർ നിന്റെ ബന്ധുക്കളല്ലേ? പറഞ്ഞു നോക്കിക്കൂടെ? പ്രേമം ആയിരുന്നപ്പോൾ കാശു വേണ്ടാരുന്നല്ലോ. ഇപ്പൊ കാശ് വേണം കഷ്ടം. നീ നിന്റെ കൊച്ചിന്റെ കയ്യിൽ നിന്ന് ഒന്നും വാങ്ങിക്കരുത് ട്ടോ. അത് പോലെ ഒരു പെണ്ണ് തന്നെ ആണ് ഏറ്റവും വലിയ പുണ്യം “
അവൻ ചിരിച്ചു. പിന്നെ തലയാട്ടി
“നീ പോണില്ലേ?”
അവൻ പിന്നെയും കറങ്ങി നിൽക്കുന്ന കണ്ട് അച്ചൻ ചോദിച്ചു
“ഇപ്പൊ കോളേജ് വിട്ട് അവള് വരും. വേറെ എവിടെ വെച്ച് കണ്ടാലും. പ്രശ്നമാ. പ്ലീസ് ഒന്നും പറയരുത് ഒരു കാര്യം പറഞ്ഞിട്ട് ഞാൻ പൊക്കോളാം “
“എടാ ദ്രോ- ഹി നീ എന്നെ നാട്ടുകാരുടെ ഇടയിൽ വേറെ പേര് വിളിപ്പിക്കുമോ “
ചാർലി ഒരുമ്മ കൊടുത്തിട്ട് ഓടി വാതിലിന്റെ അവിടെ പോയി നിന്നു
പടികൾ കയറി വരുന്നുണ്ടായിരുന്നു
അവന്റെ കൊച്ച്
അവന്റെ മാത്രം കൊച്ച്
തുടരും…..