ധ്രുവം, അധ്യായം 21 – എഴുത്ത്: അമ്മു സന്തോഷ്

ക്ലാസ്സിൽ ആയിരുന്നു കൃഷ്ണ. ദൃശ്യക്കൊപ്പം അവളൊരു കേസ് പഠിച്ചു കൊണ്ടിരുന്നു

അഭിജിത്ത് ദൃശ്യയെ കണ്ണ് കാണിച്ചു

“കൃഷ്ണ… അഭിക്കെന്തോ പറയാനുണ്ടെന്ന് ” കൃഷ്ണ അഭിയെ നോക്കി എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു

അവൻ ഒരു ചിരിയോടെ അരികിൽ വന്നു

“എനിക്ക് തന്നെ ഇഷ്ടം ആണ് എന്നൊക്കെ പറയാൻ ആഗ്രഹം ഉണ്ട് “

“ങ്ങേ?”കൃഷ്ണ കണ്ണ് മിഴിച്ചു

“ഒരിഷ്ടം ഉണ്ടെന്ന തോന്നുന്നേ എന്താ കൃഷ്ണയുടെ അഭിപ്രായം?”

“നല്ല മോശം അഭിപ്രായം. ഒന്ന് പോയെ. ആ ഡോക്ടർ ഇന്ന് എന്നെ പച്ചക്ക് കത്തിക്കും.ഇത് നോക്ക് ദൃശ്യ…അവന്റെ വായി നോക്കിയിരിക്കാതെ “

“ഒരു കാമുകനോട് ഇത്രയും ചീപ് ആയിട്ട് സംസാരിക്കാൻ പാടില്ല കുട്ടി “

“ദേ അഭി. പ്രേമം എനിക്ക് പറ്റില്ല ട്ടോ ഞാൻ പലരോടും പറഞ്ഞു മടുത്തത് അഭി കണ്ടിട്ടുള്ളതല്ലേ?’

“അതേ കണ്ടിട്ടുണ്ട്. നമ്മുടെ സീനിയർ പ്രവീൺ ചേട്ടനോടല്ലേ. ആ ചേട്ടൻ ഇത് ഇപ്പോഴും ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊച്ചിന് അറിയാമോ.? അങ്ങേരെ പക്ഷെ സൂക്ഷിച്ചു കൊള്ളുക. പൊന്നുമോളെ എന്നെ പോലല്ല. വീഴ്ത്തണം എന്ന് വിചാരിച്ച പുള്ളി വീഴ്ത്തും. അതെങ്ങനെ ആണെങ്കിലും. ഞാൻ പാവം “

കൃഷ്ണയ്ക്ക് അത് മനസിലായില്ല. അവൾ ദൃശ്യയെ നോക്കി

“എന്താ സംഭവം?”

“ആള് വെടിപ്പല്ലന്നാ മൊത്തം അഭിപ്രായം. നിന്നോട് മര്യാദക്ക് വന്നു ഇഷ്ടം പറഞ്ഞെന്നേയുള്ളൂ. എവിടെ വെച്ചെങ്കിലും സൗകര്യത്തിനു കിട്ടിയ പണി തരും”

“എങ്ങനെ പണി തരാൻ ഒന്ന് പോടീ “

“കക്ഷി പൊക്കും “

“ങ്ങേ?”

“yes…അങ്ങനെ ഒന്ന് രണ്ടു ഇഷ്യൂ കേട്ടിട്ടുണ്ട്. പിന്നെ ആള് രാഷ്ട്രീയമൊക്കെ ഉള്ളത് കൊണ്ട് ഒതുക്കി. സൂക്ഷിക്കാൻ പറഞ്ഞത് അത് കൊണ്ടാ “

കൃഷ്ണയുടെ ഉള്ളിൽ ഒരു ഭീതി നിറഞ്ഞു. കാണുമ്പോൾ ഉള്ള നോട്ടം തന്നെ അവൾക്ക് ഇഷ്ടമല്ല

ഉച്ചക്ക് ദൃശ്യ ചോറ് കൊണ്ട് വന്നില്ല

“ക്യാന്റീനിൽ പോകാം വ “

കൃഷ്ണ ചോറുമായി എഴുനേറ്റു

“എടി ഞാൻ വാങ്ങി തരാം അത് അവിടെ വെയ്ക്”

“പോടീ എന്റെ അമ്മ വെളുപ്പിന് എഴുന്നേറ്റു ഉണ്ടാക്കി തരുന്നതാ പാവം. എനിക്ക് ഇത് മതി. നീ വേണേ ഒരു ഫിഷ് ഫ്രൈ വാങ്ങി തന്നോ “

“ഇങ്ങനെ ഒരു മീൻ കൊതിച്ചി. നിന്നേ മീൻ കാരനെ കൊണ്ട് കെട്ടിക്കാം “

“ഫിഷ് മാർക്കറ്റ് സ്വന്തം ആയിട്ടുള്ള ഒരാൾ ആണെങ്കിലോ ദൃശ്യ?”

മുന്നിൽ പ്രവീൺ വന്നിരുന്നു. ദൃശ്യയുടെ മുഖം വല്ലാതായി

“അത്രേ ഇഷ്ടം ആണോ കൃഷ്ണക്ക് മീന്?”

“വർഗീസ് ചേട്ടാ ഇവിടെ രണ്ടു നെയ്മീൻ ഫ്രൈ, “

“എന്റെ വക ആയിക്കോട്ടെ കൊച്ചിന് ഇന്ന് മീൻ വറുത്തത് “

“എനിക്ക് അത് വേണ്ട. ഞാൻ കഴിക്കില്ല. ഓർഡർ ക്യാൻസൽ ചെയ്യ് “

“അതെന്ന മോളെ നിനക്ക് എന്നോട് ഇത്രയും അയിത്തം. ഞാൻ സുന്ദരനല്ലേ? അല്ലെ? പിന്നെ നിന്നെക്കാൾ ഒട്ടും കുറവില്ല. നാളെത്തെ ഡോക്ടർ തന്നെയാ. നിനക്ക് എന്നാ എന്നെ ഇഷ്ടപ്പെടാൻ ഇത്രക്ക് മടി. ശരി പ്രേമം വേണ്ടേൽ വേണ്ട. നമുക്ക് ഒരു ട്രിപ്പ് പോകാം. ഒന്നോ രണ്ടോ ദിവസം. നിനക്ക് വേണേൽ നല്ല കാശും തരാം ആ ഓഫർ സ്വീകരിക്കാമൊ?”

കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു

“പ്രവീൺ ചേട്ടാ ഇതിനൊന്നും ഈ ഭാഷയിൽ മറുപടി പറയാൻ എനിക്ക് അറിഞ്ഞൂടാ. ഒന്ന് പറയാം ഞാൻ കമ്മിറ്റെഡ് ആണ്. എന്ന് വെച്ച എനിക്ക് ഒരു റിലേഷൻ ഉണ്ട് എന്ന്. അത് കൊണ്ടാണ് എല്ലാവരോടും നോ പറയേണ്ടി വരുന്നത്. അല്ലാതെ നിങ്ങൾ മോശം ആയിട്ടല്ല “

“ആ നമ്പർ കളകുഞ്ഞേ. നിനക്ക് പ്രേമോം തേങ്ങയുമില്ലന്ന് ഈ കോളേജിലെല്ലാർക്കും അറിയാം. നിന്നേ തിരക്കി ഒരുത്തനും വന്നിട്ടിമില്ല. നീ ഒരുത്തനെയും കൂടെ പോയിട്ടുമില്ല. നിന്നേ വാച്ച് ചെയ്യുന്ന കുറേ പേരുണ്ട് ഇവിടെ. ഞാൻ മാത്രം അല്ല. അത് കൊണ്ട് ആ നമ്പർ വേണ്ട. ആലോചിച്ചു പറ. ഒരു ട്രിപ്പ്.. എൻജോയ് ചെയ്തു തിരിച്ചു വരാം “

അവൻ എഴുന്നേറ്റു പോയി

“അയ്യേ വൃത്തികെട്ടവൻ. ഇങ്ങനെ ഉണ്ടോ നാറി…ഇവനോക്കെ വല്ല പണിയും ഒപ്പിക്കുമോ ആവോ?”

അവൾ ഒന്നും പറഞ്ഞില്ല

“അല്ല ശരിക്കും നീ കമ്മിറ്റെഡ് ആണോ?”

കൃഷ്ണ പൊട്ടിച്ചിരിച്ചു

“അത് നമ്പർ ആണെന്ന് ആ പൊട്ടന് മനസ്സിൽ ആയി. ഈ പൊട്ടിക്ക് മനസിലായില്ല “

ദൃശ്യ ചമ്മിയ ഒരു ചിരി പാസ്സാക്കി

“അതേയ് ഗോവിന്ദ് ചേട്ടന്റെ ഒരാലോചന ഒഫീഷ്യൽ ആയിട്ട് വരുമ്പോൾ നീ ഇങ്ങനെ ഒന്നും പറഞ്ഞേക്കരുത് “

കൃഷ്ണ അവളെ തന്നെ നോക്കിയിരുന്നു

“എന്റെ പൊന്ന് മോളെ നിന്റെ ചേട്ടന് എന്നേക്കാൾ നല്ല അസ്സല് പെണ്ണ് കിട്ടും. നീ വേറെ വല്ലോം പറ”

“അതെന്താ നിനക്ക് അത് ഇഷ്ടം അല്ലെ?”

“നിന്റെ ചേട്ടൻ എന്റെയും ചേട്ടനാ. ബ്രദർ. അത് മതി..കല്യാണം ഒന്നും വേണ്ട..ഈ റിലേഷൻ ഇങ്ങനെ തന്നെ പോകട്ടെ..”

“എന്റെ കൃഷ്ണെ നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടൊ? ശരിക്കും പെണ്ണിന്റെ വികാരവിചാരങ്ങൾ ഒന്നുമില്ലേ. ഈ ഞാൻ പോലും എത്ര റിലേഷനിൽ പെട്ടിട്ടുണ്ട്. നിനക്ക് എന്താ ആരോടും സ്നേഹം തോന്നാത്തത്?”

“എനിക്ക് വേറെ ഒത്തിരി കാര്യങ്ങൾ ഉള്ളത് കൊണ്ട് “

“അങ്ങനെ ഉള്ളവർ പ്രെമിക്കുന്നില്ലേ? നിനക്ക് എന്തോ കുഴപ്പം ഉണ്ട്…ഒന്ന് പരിശോധിക്കുന്നത് നല്ലതാ “

കൃഷ്ണ പുഞ്ചിരിച്ചു

പ്രവീണിന്റെ ഭാഗത്ത്‌ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു നീക്കം ഉണ്ടായത് രണ്ടാഴ്ച കഴിഞ്ഞു ഒരു ഉച്ചക്കായിരുന്നു. ലാബിൽ വെച്ച്

കൃഷ്ണ തന്റെ ബാഗ് എടുക്കാൻ പോയതായിരുന്നു..വാതിൽ അടയുന്നത് കണ്ട് അവൾ നോക്കിയപ്പോൾ പ്രവീൺ

“മോളെ നിന്നോട് ഞാൻ കുറേ തവണ പിന്നാലെ നടന്ന് ചോദിച്ചതാ..എന്നെ കൊണ്ട് ഈ വൃത്തികേട് ചെയ്യിക്കുന്നതും ഇപ്പൊ നീയാ..എനിക്ക് നിന്നോട് ഭയങ്കര ഇഷ്ടമാ മോളെ…നീ സമ്മതിച്ചാൽ ഞാൻ ഈ ഡോർ തുറക്കും. ഇല്ലെ എന്റെ ആവശ്യം കഴിഞ്ഞേ ഇത് ഞാൻ തുറക്കുവുള്ളു “

കൃഷ്ണ ഭയന്നു പോയി. അവളുടെ കൈയിൽ ഒരു കുപ്പി കിട്ടി

“ഇത് വെച്ച് എന്റെ തലയ്ക്കു അടിക്കുമോ അടിക്ക്…അടിക്ക് “

അവൾ അത് മേശയിൽ അടിച്ചു പൊട്ടിച്ച്

“സിനിമ സ്റ്റൈൽ ആണല്ലോ…എനിക്ക് ഇന്ന് നിന്നെ വേണം കൃഷ്ണ…ഞാൻ പറഞ്ഞല്ലോ ഞാൻ കല്യാണം കഴിച്ചോളാം. സമ്മതിക്ക് “

“എന്നെ തൊടരുത് “

പ്രവീൺ അവളുടെ മാറിലെ ഷാൾ മാറ്റി

“എന്ത് ഭംഗിയാ നിനക്ക് “

കൃഷ്ണയുടെ കണ്ണ് നിറഞ്ഞൊഴുകി. അവൾ കണ്ണടച്ച് കുപ്പി കയ്യിൽ ചേർത്ത് വെച്ച് ഒരു വര വരഞ്ഞു

പ്രവീൺ ഞെട്ടിപ്പോയി. ഞരമ്പ് മുറിഞ്ഞു ചോര ഒഴുകുന്നു

“ഇനി എന്ത് വേണേൽ ചെയ്തോ “

അവൾ കണ്ണീരോടെ ചിരിച്ചു

കുതിച്ചോഴുകുന്ന ചോര കണ്ട് പ്രവീൺ പകച്ചു നിന്നു പോയി. വാതിലിൽ ഇടിക്കുന്ന ശബ്ദം. അവളെ കാണാത് വന്നപ്പോൾ ദൃശ്യ അന്വേഷിച്ചു വന്നതായിരുന്നു അത്

പ്രവീൺ ചെന്നു വാതിൽ തുറന്നു. ദൃശ്യയുടെ മുഖം ഭീതിയിൽ വിളറി. അവൾ ഉള്ളിലേക്ക് നോക്കി. കൃഷ്ണ നിലത്ത് കിടക്കുന്നുണ്ട്

“ഞാൻ ഞാൻ ഒന്നും ചെയ്തില്ല. അവള് തനിയെ…ഞാൻ വെറുതെ പേടിപ്പിക്കാൻ…”

മോളെ എന്നൊരു നിലവിളി ഉയർന്നു. ദൃശ്യ അവളെ കോരിയെടുത്തു. പ്രവീൺ ഒരു നിമിഷം പോലും കളയാതെ സ്ഥലം കാലിയാക്കി

കണ്ണ് തുറക്കുകയായിരുന്നു കൃഷ്ണ. ആരൊക്കെയോ ചുറ്റും ഉണ്ട്

“ദൃശ്യ വീട്ടിൽ പറയരുതേ “

അവൾ താഴ്ന്ന് പോയ ശബ്ദത്തിൽ പറഞ്ഞു. ദൃശ്യ കരയുകയായിരുന്നു. ബോട്ടിലിലിൽ നിന്ന് രക്തം അവളുടെ ഞരമ്പിലേക്ക് കയറി കൊണ്ടിരുന്നു

“ആരോടും പറയണ്ട. അങ്കിൾ അറിയരുത് ” അവൾ വീണ്ടും ദൃശ്യയോട് പറഞ്ഞു

‘മോളെ നീ എന്ത് ബുദ്ധിമോശമാണ് ചെയ്തത്? “

“എന്നെയവൻ ഉപദ്രവിച്ചേനെ..എനിക്ക് അത് ഓർക്കാൻ വയ്യ…അവന് എന്നേക്കാൾ ആരോഗ്യമുണ്ട്. എനിക്ക് അവനെ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ എന്നെ തന്നെ ഇല്ലാതാക്കാൻ മാത്രേ പറ്റു “

“ഒരുത്തൻ തൊട്ടാൽ ചാകുന്നതെന്തിനാ?അതിലൊന്നുമില്ല എന്ന് ക്ലാസ്സ്‌ എടുക്കുന്നവരാ നമ്മള്. ഒരു റേ-പ്പ് അല്ലെങ്കിൽ എന്തായാലും അത് കഴിഞ്ഞ ജീവിതം പോവോ?”

ദൃശ്യ രോഷത്തോടെ ചോദിച്ചു. കൃഷ്ണ മെല്ലെ ഒന്ന് ചിരിച്ചു

“ഞാൻ സ്നേഹിക്കുന്ന ഒരാള് മാത്രം എന്നെ തൊട്ട മതി…ആ ആൾക്കുള്ളതാ ഞാൻ. വേറെ ആരും…അത് എനിക്ക് വയ്യ ദൃശ്യ.
ഓർക്കാൻ വയ്യ..”

“ഏത് നൂറ്റാണ്ടീലാ പെണ്ണെ നീ..?”

“ഞാൻ ഇങ്ങനെയാ..” അവൾ മെല്ലെ പറഞ്ഞു

കൃഷ്ണയുടെ വീട്ടിൽ വിളിച്ച് എക്സ്ട്രാ ക്ലാസ്സ്‌ ഉള്ളത് കൊണ്ട് വൈകുന്നേരം ഹോസ്റ്റലിൽ നിൽക്കുകയാണെന്ന് പറഞ്ഞു. ദൃശ്യ തന്നെയാണ് അത് പറഞ്ഞത്.

പക്ഷെ ആര് അറിയരുത് എന്ന് കൃഷ്ണ കരുതിയോ ആ ആള് അത് അറിഞ്ഞു. അത് ഇങ്ങനെ ആയിരുന്നു.

ഫോൺ ബെൽ അടിച്ചപ്പോ ദൃശ്യയാണ് എടുത്തത്

“അവൾക്ക് കൊടുക്ക് ” അർജുൻ

“കൃഷ്ണ..ഉറങ്ങുകയാണ് “

“നിന്റെ വീട്ടിൽ ആണോ?”

“അല്ല ഹോസ്പിറ്റലിൽ “

കള്ളം പറയാൻ പറ്റില്ല എന്ന് ദൃശ്യയ്ക്ക് അറിയാം. അടുത്താണ് വീട് വന്നു നോക്കും. അർജുൻ ഒരു നിമിഷം അനങ്ങാതിരുന്നു

ഹോസ്പിറ്റലിൽ…

“ഏത് ഹോസ്പിറ്റലിൽ? സത്യം പറയടി അവൾക്ക് എന്താ?”

എന്ത് പറയും ദൈവമേ! ഇത് പുറത്ത് വിട്ടാൽ കോളേജ് മുഴുവൻ നാണം കെടുമെന്നും ഒരു കാരണവശാലും മീഡിയ അറിയരുതെന്നം പ്രിൻസിപ്പൽ അപേക്ഷിച്ചിട്ടുണ്ട്. കൃഷ്ണയോട് പ്രവീണിനെ കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തു. കൂടാതെ അവനെ സസ്‌പെൻഡ് ചെയ്തു. കുറച്ചു പേരെ ഇത് അറിഞ്ഞുള്ളു

“ദൃശ്യാ?”

ശബ്ദം മാറിക്കഴിഞ്ഞു

“ഒന്ന് faint ആയി വീണതാണ്. രാവിലെ ഫുഡ് കഴിച്ചില്ല. ഇപ്പൊ കുഴപ്പമില്ല. “

അവൾ വേഗം പറഞ്ഞു തീർത്തു. ഫോൺ കട്ട്‌ ആയി

അർജുൻ ചേട്ടൻ ഇവളെ വിളിക്കാറുണ്ടോ? അത്ര അടുപ്പം ഉണ്ടൊ ഇവര് തമ്മിൽ? കൃഷ്ണ പറഞ്ഞിട്ടില്ലല്ലോ

കഷ്ടിച്ച് അരമണിക്കൂർ കഴിഞ്ഞില്ല. അർജുൻ എത്തി. കൃഷ്ണ ഉണർന്നു കിടക്കുകയായിരുന്നു. അവൾ ഇടതു കൈ പുതപ്പിന്റെ അടിയിൽ ഒളിപ്പിച്ചു

“ദൃശ്യ ഒന്ന് പുറത്ത് നിൽക്ക് ” അർജുൻ പറഞ്ഞു

കൃഷ്ണ ദൃശ്യയെ നോക്കി. പോകരുത് എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി

“നിന്നോടല്ലേ പറഞ്ഞത് പുറത്ത് പോകാൻ “

അതോടെ അവൾ പോയി അവൻ എഴുന്നേറ്റു വാതിൽ കുറ്റിയിട്ടു

“എന്താ ഉണ്ടായത്?”

അവളുടെ കണ്ണ് നിറഞ്ഞൊഴുകി

അത് വരെ അടക്കി വെച്ചതെല്ലാം ഒരു പൊട്ടിക്കരച്ചിലിൽ പുറത്തേക്ക് വന്നു

“മോളെ എന്താ?”

ആദ്യമായിട്ടായിരുന്നു അത്. അവൾ മുഖം പൊത്തി കരഞ്ഞു

“ഇതെന്താ?”

അവൻ ആ കൈയിലെ കെട്ട് പിടിച്ചു നോക്കി

“ലാബിൽ വെച്ച ബാഗ് എടുക്കാൻ പോയതായിരുന്നു ഞാൻ. അവിടെ വെച്ച് ഒരു സീനിയർ ചേട്ടൻ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്റെ ഷാൾ ഒക്കെ വലിച്ചു ദൂരെ കളഞ്ഞു..എനിക്ക് രക്ഷപ്പെടാൻ വേറെ വഴി ഒന്നുല്ലായിരുന്നു. ഞാൻ..ഞാൻ.. മരിക്കാൻ നോക്കിയതാ…അല്ലെങ്കിൽ അയാള് എന്നെ ഉപദ്രവിച്ചേനെ..അങ്ങനെ അയാള് എന്റെ ദേഹത്ത് തൊടുന്നതിൽ ഭേദം ഞാൻ മരിച്ചു പോണതാ..”

അർജുൻ നടുങ്ങി ഇരിക്കുകയായിരുന്നു

“കൃഷ്ണാ…നീ എന്താ ചെയ്തേ?”

അവന്റെ ശബ്ദം അടച്ചു പോയി

“എന്ത് മണ്ടത്തരമാടി നീ ചെയ്തത്?”

അവന്റെ ശബ്ദം ഉയർന്നു. കൃഷ്ണ ആ വാ പൊത്തി

“അവൻ തൊട്ടാൽ എന്താ? നിന്റെ സമ്മതമില്ലാതെ ഒരുത്തൻ ബലമായിട്ട് എന്തെങ്കിലും ചെയ്താ ഉടനെ ചാകാൻ പോവാണോ ചെയ്യുക.  “

“എനിക്ക് അത് അങ്ങനെ അല്ല അർജുൻ സർ..ഞാൻ പഴയ പെണ്ണാവും, അറിയില്ല. എനിക്ക് അത് അത്രേ നിസാരമല്ല. എന്നെ അങ്ങനെ ഒരാൾ തൊടുന്നെങ്കിൽ ഞാൻ സ്നേഹിക്കുന്ന ആളാവണം അല്ലാണ്ട് പറ്റില്ല…എന്റെ ദേഹം തളർന്ന് പോകും പോലെ തോന്നുവാ..”

അവൾ കണ്ണീരോടെ പറഞ്ഞു

“എന്റെ കൂടെ വാ. നമ്മുടെ ഹോസ്പിറ്റലിൽ മതി. ഇവിടെ വേണ്ട “

“സാരമില്ല..ഇവിടെ ദൃശ്യ ഉണ്ട്..നാളെ ഡിസ്ചാർജ് ആകും. ബ്ലഡ്‌ പോയത് തിരിച്ചു കയറുന്നുണ്ട് “

അവൾ ചിരിക്കാൻ ശ്രമിച്ചു

“കഴിച്ചോ വല്ലോം?”

“വിശപ്പില്ല. മനസ്സ് ചത്തു പോയി..”

അർജുൻ ആ ശിരസ്സിൽ ഒന്ന് തൊട്ടു

“എന്റെ കൂടെ വാ കൃഷ്ണ പ്ലീസ്.. “

“വേണ്ട അങ്കിൾ അറിയും. സങ്കടം ആവും “

“അങ്കിൾന് മാത്രേ ഉള്ളോ അത്?”

കൃഷ്ണ നിറകണ്ണുകളോടെ അവനെ നോക്കി. നെഞ്ചു പൊട്ടുന്ന ഒരു വേദന വന്നു അർജുന്‌

“ഞാൻ ഭക്ഷണം വാങ്ങി വരട്ടെ?”

അവൾ തലയാട്ടി. അവൻ പുറത്തേക്ക് ഇറങ്ങി പോയി

കൃഷ്ണ കണ്ണുകൾ അടച്ചു കിടന്നു. ദൃശ്യ വന്ന് അടുത്തിരുന്നു

അർജുൻ ചേട്ടനുമായി ഇത്രയും അടുപ്പം എന്നുണ്ടായിയെന്ന് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക്..ഒരിക്കൽ പോലും ഇത് താൻ അറിഞ്ഞില്ലാലോ എന്ന് അവൾ ഓർത്തു

അറിഞ്ഞ അര മണിക്കൂറിനകം അർജുൻ ചേട്ടൻ വന്നു. ആളുടെ സ്വഭാവം വെച്ച് ഇത് അപ്രതീക്ഷിതമാണ്

“കൃഷ്ണ?” അവൾ മൂളി

“അർജുൻ ചേട്ടനോട് ഇത്രയും അടുപ്പമുണ്ടായതെപ്പോൾ?”

കൃഷ്ണ അവളെ നോക്കി കിടന്നു

“കുറേ നാളായി ” കൃഷ്ണ പറഞ്ഞു

“എന്ന് വെച്ചാ?”

“ഒരു വർഷത്തിൽ കൂടുതലായി “

ദൃശ്യ അമ്പരന്ന് പോയി

“നീ ഉദ്ദേശിക്കുന്നത് ഒന്നുമില്ല ഇടയിൽ..സ്നേഹം മാത്രേയുള്ളു. പ്രേമവും കാ-മവുമില്ല. സ്നേഹം മാത്രം ” കൃഷ്ണ പറഞ്ഞു

ദൃശ്യയ്ക്ക് അത് എന്തോ വിശ്വാസം വന്നില്ല

തുടരും….

NB.. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല തികച്ചും ഭാവന മാത്രം ആണ്