“നീ ചെയ്തത് ചെ-റ്റത്തരം തന്നെ ആണ് പ്രവീൺ. അവള് ച-ത്തു പോയിരുന്നെങ്കിലോ?”
കൂട്ടുകാരൻ ഷാഫി രൂക്ഷമായി പ്രതികരിക്കുക തന്നെ ചെയ്തു. അവർ ബാറിലായിരുന്നു
മൂന്ന് പേര്…ഷാഫി, അനിൽ, പ്രവീൺ
ഉറ്റ സുഹൃത്തക്കളാണ്. പക്ഷെ ഈ കാര്യത്തിൽ രണ്ടു പേരും അവന് എതിരായിരുന്നു
“നിന്നോട് ഞാൻ നുറു തവണ പറഞ്ഞു കൃഷ്ണ സാധാരണ ഒരു പെൺകുട്ടിയല്ല അത് വിട്ടേക്ക് എന്ന്. അതിനെ കണ്ടാൽ തന്നെ അറിഞ്ഞു കൂടെ ഒരു പാവം കൊച്ചാണ്. ഏതോ പാവപ്പെട്ട വീട്ടിൽ നിന്ന് വരുന്നതാ “
“ഓ സമ്മതിച്ചു. ഞാൻ ചെയ്തത് തെറ്റാ. അവളെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞല്ലോ. അവൾക്ക് എന്താ ഇത്ര അഹങ്കാരം..”
“അവൾക്കു വേറെ ആരെങ്കിലും ഉണ്ടെങ്കിലോ “
“ഓ പിന്നെ…അവൾക്ക് ആരുമില്ല അത് ഉറപ്പാ “
പെട്ടെന്ന് അവരുടെ മുന്നിൽ കിടന്ന കസേരയിൽ ഒരു ചെറുപ്പക്കാരൻ വന്നിരുന്നു. ചെമ്പൻ കണ്ണുകൾ ഉള്ള അതിസുന്ദരനായ ഒരു യുവാവ്
“ഹായ് ഞാൻ അർജുൻ “പ്രവീൺ സംശയത്തോടെ അവനെ നോക്കി
അടുത്ത നിമിഷം അവന്റെ മുഖമടച്ച് ഒരു അടി വീണു. മൂക്കിന്റെ പാലം പൊട്ടി ചോര ഒഴുകി
“ഹേയ് നീ ആരാ?”
ചോദിച്ചു തീരും മുന്നേ അവന്റെ നെഞ്ചിൽ അടുത്ത ചവിട്ട് വന്നു വീണു. അനിയും ഷാഫിയും പ്രതിരോധിക്കാൻ ആഞ്ഞു. പക്ഷെ ഫലം ഉണ്ടായില്ല. പ്രവീണിന്റെ വായിൽ നിന്ന് ചോര ഒഴുകി. അവന്റെ പല്ലുകൾ ഇളകി
ബാറിലുള്ളവർ എഴുനേറ്റു അങ്ങോട്ടും ഇങ്ങോട്ടും പായുന്നുണ്ടായിരുന്നു. ആരോ പോലീസിനെ വിളിച്ചു. പ്രവീണിനെ അവൻ എടുത്തു കസേരയിൽ ഇരുത്തി
“കൃഷ്ണ….എന്റെയാ…എന്റെ..ഓർമ്മയിൽ വെച്ചോ..ഇനിയവളെ നോക്കിയാൽ..നീ ഇനി ഒരിക്കലും കാഴ്ചകൾ കാണില്ല..ഇവൻ മാത്രം അല്ല. ആരായാലും പറഞ്ഞേക്ക് മെഡിക്കൽ കോളേജിലെ ചെ- റ്റകളോട്..അവൾക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന്. വേണേൽ അവൾക്ക് വേണ്ടി നിന്നെയൊക്കെ കൊ- ല്ലാൻ പോലും മടിയില്ല അർജുന് “
പൊടുന്നനെ പിന്നിൽ നിന്ന് ഒരു കത്തി വന്നു. തിരിഞ്ഞു അത് പിടിച്ചു വാങ്ങി മുഖമടച്ചു ഒന്ന് കൊടുത്തു അർജുൻ. കത്തി പ്രവീണിന്റെ തൊണ്ടക്കുഴിയിൽ മുട്ടിച്ച് ഒന്ന് വരഞ്ഞു. അവൻ അലറി. രക്തം ചാലുകളായി ഒലിച്ചിറങ്ങുന്നു
അവൻ പ്രവീണിന്റെ ഇടതു കൈ എടുത്തു കൃത്യം ഞരമ്പിൽ ചേർത്ത് വലിച്ചു
അവൻ ഉറക്കെ നിലവിളിച്ചു
അർജുൻ പൈശാചികമായി ഒന്ന് ചിരിച്ചു
“എടാ *****… പെണ്ണിന്റ കൺസന്റ് വേണം അവളുടെ കൂടെ കിടക്കാൻ…മനസ്സിലായോ..കൺസന്റ്….അല്ലാതെ ഒരു മാതിരി കോ- പ്പിലെ പണി കാണിച്ചാൽ ഇത് പോലെ ആണ്പിള്ളേര് വന്നു തീർത്തിട്ട് പോകും.. പോലീസൊ കേസോ എന്ത് വേണേൽ വന്നോട്ടെ പുല്ലാ അർജുന്…”
മുഖത്ത് ഒറ്റ ഒന്നുടെ കൊടുത്തിട്ട് അവൻ തിരിഞ്ഞു നടന്നു. അവൻ റിസപ്ഷൻൽ ചെന്നു
“ചിലവായതിന്റെ ബിൽ കറക്റ്റ് ആയിട്ട് കൂട്ടി ദേ ഇവിടെ എത്തിച്ച മതി. കിട്ടും “
അവൻ അവന്റെ കാർഡ് മേശപ്പുറത്ത് ഇട്ടു
“പോലീസ് വരുവാണെങ്കിൽ എന്നെ വന്നു കാണാൻ പറ. വൈകുന്നേരം ഞാൻ ഓഫീസിൽ കാണും”
അവൻ കത്തി അവിടേ വലിച്ചെറിഞ്ഞിട്ട് ടിഷ്യു എടുത്തു കൈ തുടച്ചിട്ട് പുറത്തേക്ക് നടന്ന് പോയി
ഡിസ്ചാർജ് ആയെങ്കിലും കൃഷ്ണ വല്ലാതെ ക്ഷീണിതയായിരുന്നു. വീട്ടിൽ ചെന്നു എന്ത് പറയും എന്നുള്ളതായിരുന്നു ഏറ്റവും വലിയ ടെൻഷൻ
“നീ എന്റെ വീട്ടിൽ വാ “
“അമ്മ പേടിക്കും “
അവൾ മെല്ലെ പറഞ്ഞു
“ഞാൻ അമ്മയെ പോയി കൂട്ടി വരാം. പനി ആണെന്ന് പറയാം. ഉം?”
ദൃശ്യ പറഞ്ഞു. അവൾ സമ്മതിച്ചു
നല്ല പനിയുണ്ടായി അവൾക്ക്. ഒരു പക്ഷെ മാനസികമായി തളർന്നു പോയതിന്റെയാവാം. നല്ല ചൂടുണ്ടായിരുന്നു. ക്ഷീണം കാരണം നടക്കാൻ കൂടി കഴിയുന്നില്ലായിരുന്നു
അങ്ങനെ ദൃശ്യയുടെ വീട്ടിലേക്ക് കൊണ്ട് പോയി
“എന്റെ ദൈവമേ ഇങ്ങനെ ഉണ്ടൊ പഠിക്കുന്ന കുട്ടികൾ?ഇവരൊക്കെയാ നാളെത്തെ ഡോക്ടർമാര് പ- ട്ടികള് “
പ്രഭ പൊട്ടിത്തെറിച്ചു പോയി
ഗോവിന്ദിനു ഒരു തരം വല്ലായ്മ ആയിരുന്നു. അവളെ നോക്കുമ്പോൾ ഒരു വിഷമം. പാവം
അമ്മ വന്നപ്പോ അവൾ എഴുന്നേറ്റു
“എന്റെ പൊന്നെന്താ ഇന്നലെ പിന്നെ ഇത് പറയാതിരുന്നേ..വാ വീട്ടിലേക്ക് പോകാം ” അവർ കരഞ്ഞു പോയി
“രണ്ടു ദിവസം കഴിഞ്ഞോട്ടെ ചേച്ചി. ശരിക്കും ആശുപത്രിയിൽ തന്നെ കിടത്തണ്ടതാ. പിന്നെ ഇവിടെ കുറച്ചു കൂടി ഒരു സ്വാതന്ത്ര്യവും സുഖവും ഒക്കെ കിട്ടും. അത് കൊണ്ടാണ് ഡിസ്ചാർജ് ആക്കിയത്. രാത്രി വല്ല ആവശ്യവും വന്നാലോ അതുമല്ല പകല് ആരുമില്ലല്ലോ. ഇവിടെ ഞാനുണ്ട് ദൃശ്യയുണ്ട്. ഇവിടെ നിന്നോട്ടെ “പ്രഭ പറഞ്ഞു
ആ സാധു സങ്കടത്തിൽ അവളെ നോക്കി
“ഇനിയിപ്പോ ശനിയും ഞായറാഴ്ചയും അല്ലെ അമ്മേ. ഞാൻ തിങ്കൾ കോളേജിൽ പോയിട്ട് വൈകുന്നേരം വരാം അച്ഛനോട് പറഞ്ഞ മതി. നല്ല പനിയായിട്ട് ആണെന്ന് “
“അച്ഛൻ വിഷമിക്കുമല്ലോ മോളെ “
“ഇങ്ങോട്ട് വരാൻ പറഞ്ഞ മതി “
കുറച്ചു നേരം കൂടിയിരുന്നിട്ട് അവരെ ദൃശ്യ തന്നെ കൊണ്ട് വിട്ടു
ഹോസ്പിറ്റലിൽ അർജുനെ തിരക്കി പോലീസ് വന്നു. അർജുൻ മുന്നിൽ ഇരിക്കുന്ന സർക്കിൾ ഇൻസ്പെക്ടറുടെ മുഖത്ത് കണ്ണ് നട്ടു
“അർജുൻ സർ സ്ഥലം എം എൽ എ യുടെ മകനാണ് പ്രവീൺ. ഭരിക്കുന്നത് അവരുടെ പാർട്ടിയാണ്.”
“അത് കൊണ്ട്?”
“ഇത് കേസ് ആയാ സർ ബുദ്ധിമുട്ടും “
“കേസ് ആയാൽ അവനും..ഡിഗ്രി കിട്ടത്തില്ല. അകത്തു കിടക്കും. ഏത് വേണമെന്ന് തീരുമാനിക്ക്. എന്നിട്ട് വന്ന് കാണ് “
“സർ അവനെ തല്ലിയത് ഒരു പാട് പേര് കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് കേസ് എടുക്കേണ്ടി വരും”
“എടുക്കേടോ കേസ്…എനിക്ക് എതിരെ എഫ് ഐ ആറിൽ ആദ്യത്തെ വരി എഴുതുമ്പോ ഓർത്തോണം പള്ളിയിലോട്ട് നിന്റെ ബോഡി എടുക്കുമ്പോൾ കേൾക്കുന്ന മണിയടിയുടെ ശബ്ദം “
സർക്കിൾ ഇൻസ്പെക്ടർ എബ്രഹാം ഒന്ന് വിറച്ചു പോയി
“തീർത്തു കളയും അർജുൻ..സംശയം ഉണ്ടെങ്കിൽ അവിടെയുള്ള ഒരു പഴയ പോലീസ്കാരൻ അരവിന്ദനോട് ചോദിക്ക്. അങ്ങേര് ഈ വർഷം റിട്ടയർ ചെയ്യും. ചോദിച്ചു നോക്ക് എന്നിട്ട് എഫ് ഐ ആർ എഴുത്. ഇനി അതല്ല എന്റെ ഒപ്പം ആണെങ്കിൽ പറഞ്ഞ മതി തുക..അത് എത്ര ആണെങ്കിലും..ചെല്ല് “
സർക്കിൾ അവനെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. കഷ്ടിച്ച് ഇരുപത്തിയേഴ് വയസ്സ്. അതിൽ കൂടുതൽ ഇല്ല. പക്ഷെ അവന്റെ കണ്ണുകൾ ക്രി- മിനൽ കണ്ണുകൾ ആണ്. ആരെയും കൊ- ല്ലാൻ മടിയില്ലാത്ത കണ്ണുകൾ
ആയാൾ എഴുന്നേറ്റു
കൃഷ്ണ കുളിച്ചു വേഷം മാറി. ക്ഷീണം ഉണ്ട്. എന്നാലും സാരമില്ല. കാളിംഗ് ബെല്ലിന്റ ശബ്ദം കേട്ട് ഭദ്ര വാതിൽ തുറന്നപ്പോ അർജുൻ. അവർ അതിശയിച്ചു നിന്നു പോയി
“ആഹാ വാ അർജുൻ..എത്ര വർഷം കൂടിയാണ് ഇങ്ങോട്ട്..ദൃശ്യാ..”
“കൃഷ്ണ എവിടെ?”
ഭദ്രയുടെ മുഖം ഒന്ന് മങ്ങി
“കൃഷ്ണ?”
“മുറിയിൽ ഉണ്ട് വാ “
അവൻ ചെന്നപ്പോൾ അവൾ എഴുനേറ്റിരുന്നു. ദൃശ്യയുടെ മുഖം ഇരുണ്ടു. അവൾ എഴുന്നേറ്റു മുറിയുടെ പുറത്ത് പോയി
ഭദ്ര അവിടെ തന്നെ നിന്നു
“എനിക്ക് ഒരു ചായ വേണം ” അവൻ പറഞ്ഞു
അവർക്ക് കാര്യം മനസിലായി. താൻ പോകണം. അവർ അടുക്കളയിലേക്ക് പോയി
“പനിയുണ്ടായിട്ട് എന്തിനാ കുളിച്ചത്?”
കൃഷ്ണ മറുപടി പറയാതെ അർജുനെ തന്നെ നോക്കിയിരുന്നു. നോക്കിയിരിക്കെ കണ്ണുകൾ നിറഞ്ഞു വരുന്നു. ഒരു ജലാശയം കണക്കെ
അവൻ അവളുടെ അടുത്ത് ചെന്നു നിന്നു
“എന്തിനാ ഇപ്പോഴും കരയുന്നത് കൃഷ്ണ…ഉം?”
കൃഷ്ണ അർജുന്റെ കൈ മുഖത്തോട് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു
“നോക്ക് മോളെ..ഒന്നും സംഭവിച്ചില്ലല്ലോ…ഇങ്ങോട്ട് നോക്ക്.. ഹേയ്…കരയല്ലേ “
അവൻ ആ കണ്ണുനീർ തുടച്ചു കളഞ്ഞു
“അത് കഴിഞ്ഞു..അവൻ നിന്നേ തൊട്ടിട്ട് കൂടിയില്ല പിന്നെ എന്താ?”
അവൾ മുഖം തുടച്ചു
“ഇരിക്ക് “
അവനെ കൈ പിടിച്ചു അടുത്ത് ഇരുത്തി കൃഷ്ണ..
പിന്നെ തോളിൽ ചാരി ഇരുന്നു
“എന്തിനാ സങ്കടം എന്നെനിക്ക് അറിഞ്ഞൂടാ..ഓർക്കുമ്പോൾ പിന്നേം സങ്കടം വരും. ആരും ഇത് വരെ ഇങ്ങനെ ഒന്നുമെന്നോട് കാണിച്ചിട്ടില്ല. എത്രയോ വീട്ടിൽ ജോലിക്ക് നിന്നിട്ടിണ്ട്. എത്ര മാന്യമായിട്ടാ എല്ലാവരും എന്നോട് പെരുമാറിയത്..ഇത് ഇപ്പൊ അയാള് ഒരു ഡോക്ടർ ആവുമ്പോ എങ്ങനെ ആവും?”
“ഒന്നും ഓർക്കേണ്ട..ഉം ഞാനില്ലേ?”
അർജുൻ അറിയാതെ ചോദിച്ചു പോയതായിരുന്നു അത്. കൃഷ്ണ ആ കണ്ണുകളിലേക്ക് നോക്കി
പിന്നെ തലയാട്ടി. അവൻ എഴുന്നേറ്റു
പ്രഭ അപ്പോഴേക്കും ചായ കൊണ്ട് കൊടുത്തു
“നീ കുടിച്ചോ “
അവൻ അത് അവൾക്ക് കൊടുത്തു
“ഞാൻ ഇറങ്ങുക…അങ്ങോട്ട് വരുന്നോ..?”
അവൾ പ്രഭയെ നോക്കി
“ഇല്ല. വയ്യല്ലോ. ഇവിടെ നിൽക്കട്ടെ..ഏട്ടനോട് പറഞ്ഞോ “
അവൻ കൃഷ്ണയുടെ മുഖം പഠിക്കുകയായിരുന്നു. തന്റെയൊപ്പം വന്നാൽ കൊള്ളാമെന്നുണ്ട്. പക്ഷെ ക്ഷീണം ഉണ്ട്. ആൾക്ക് വയ്യ.
“അർജുൻ?”പ്രഭ അവൻ കൃഷ്ണയിൽ നിന്ന് കണ്ണെടുക്കാതെ നിൽക്കുന്ന കണ്ട് വിളിച്ചു
“ങ്ങേ? ആ..അച്ഛൻ അറിഞ്ഞിട്ടില്ല. പക്ഷെ അറിയും. അച്ഛന്റെ ഫ്രണ്ട്സ് അവിടെ ഉണ്ട് ” അവൻ വീണ്ടും അവളെ നോക്കി
“ശരി “
അവനിറങ്ങി പോകുന്നത് കണ്ട് പ്രഭ താടിക്ക് കൈ കൊടുത്തു
“ആരെങ്കിലും ച-ത്തു എന്നറിഞ്ഞ കയറാത്ത ചെറുക്കനാ..എന്ത് അത്ഭുതം..”
ദൃശ്യ അകത്തേക്ക് പോയി
വാടി പോയ ഒരു ചെടി തളിർത്തത് പോലെ അവൾ. ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ്. അർജുന്റെ മുറിയുടെ ജനാല കാണാം. അവൻ അവിടെയുണ്ട്. ജനാല തുറന്നിട്ടില്ലന്നേയുള്ളു
ദൃശ്യ എന്തോ ചോദിക്കാൻ ഭാവിച്ചിട്ട് വേണ്ടാന്ന് വെച്ച് തിരിച്ചു പോയി.
അർജുൻ സർ തന്നെ മോളെ എന്ന് വിളിച്ചു. ഒരിക്കൽ അല്ല രണ്ടു തവണ. കൃഷ്ണയോർത്തു
അച്ഛനും അമ്മയും ഏട്ടനും അങ്കിളും അല്ലാതെ അത്രേ സ്നേഹത്തോടെ മോളെ എന്നൊരാൾ വിളിച്ചത് ഈ ആളാണ്. ആ മുഖത്ത് നല്ല സങ്കടം ഉണ്ട്. തന്റെ സങ്കടം പകരും പോലെ. അർജുൻ വീട്ടിൽ വന്നു കുളിച്ചു വേഷം മാറി വന്നപ്പോൾ സർവന്റ് ഒരു ചായ കൊടുത്തു
അച്ഛൻ വരുന്നത് കണ്ട് അവൻ പൂമുഖത്തേക്ക് ഇറങ്ങി നിന്നു
“ആഹാ നീ എന്താ നേരെത്തെ. ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോയില്ല. ഞാൻ അന്ന് പറഞ്ഞില്ലേ എന്റെ ഒരു ഫ്രണ്ട്. ഫിലിപ്പ്. അവന്റെ കൊച്ചുമോന്റെ മാമോദീസ. അതിന് പോയി .”
അവൻ ഒന്ന് മൂളി
“ഞാൻ ഒന്ന് കുളിച്ചിട്ട് വരാം “
അവൻ തലയാട്ടി. അച്ഛൻ അറിഞ്ഞിട്ടില്ല. പറയണോ
“അർജുൻ…? പറ വിശേഷം ഇന്നെന്താ ഹോസ്പിറ്റലിൽ പോലീസ് വന്നുന്നു കേട്ടല്ലോ
എന്ത് പറ്റി?”
“അത് പറയാം അതിന് മുന്നേ നടന്നതും പറയാം.”
പിന്നെ അവൻ കാര്യങ്ങൾ ചുരുക്കി പറഞ്ഞു. ജയറാമിന്റെ മുഖം വിളറി വെളുത്തു പോയി. കണ്ണിൽ അഗാധമായ വേദന നിറഞ്ഞു
“കൃഷ്ണ അപ്പുറത്തുണ്ട്. നല്ല പനിയുണ്ട്. പേടിച്ചിട്ട് ആവും,”
“അച്ഛന്റെ മോളെയായിരുന്നെങ്കിൽ അച്ഛൻ എന്ത് ചെയ്തേനെ “
“അവനെ ജയിലിൽ ഇടാനുള്ള പണി ചെയ്യും ” ജയറാം തീർത്തു പറഞ്ഞു
“ഞാൻ തല്ലി…അതേ ഉള്ളു വ്യത്യാസം.”
ജയറാം അമ്പരന്ന് അവനെ നോക്കിയിരുന്നു. അവന്റെ കണ്ണുകൾ ചുവന്നു കിടപ്പുണ്ട്. നെറ്റിയിൽ ഞരമ്പ് വലിഞ്ഞു മുറുകിയിട്ടുണ്ട്
“കൊ- ല്ലാനാ തോന്നിയത്…മടിയില്ല താനും. പിന്നെ ഓർത്തു അവളും കൂടെ ഇതിനിടയിൽ വരും വേണ്ട..ഇല്ലെങ്കിൽ കു- ത്തി-ക്കീ- റിയേനെ പ- ന്നിയെ ഞാൻ “
“അർജുൻ ” ജയറാം ശാസനയോടെ വിളിച്ചു
“എന്താ തെറ്റ്? അവള് പാവമല്ലേ അച്ഛാ? ഇത് വരെ കരച്ചിൽ നിർത്തിയില്ല. എനിക്ക്..എനിക്കത് കാണാൻ വയ്യ “
അവന്റെ കണ്ണ് കലങ്ങി നിറയുന്നത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം കാണുകയായിരുന്നു
കൃത്യമായി പറഞ്ഞാൽ അനുപമ മരിച്ച ദിവസം ആയിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞത് അയാൾ അവസാനം കണ്ടത്. പിന്നെ അർജുൻ കരഞ്ഞിട്ടില്ല
ഐശ്വര്യ പിരിഞ്ഞു പോയപ്പോൾ പോലും കരഞ്ഞില്ല. ഇപ്പൊ അവന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടയാൾക്ക് പേടി തോന്നി
“ഞാൻ മോളെ കണ്ടിട്ട് വരാം “
അവൻ ഒന്ന് മൂളി
കൃഷ്ണ അദ്ദേഹത്തെ കണ്ട് എഴുന്നേറ്റു
“പനി എങ്ങനെ ഉണ്ട് മോളെ?”
അദ്ദേഹം നെറ്റിയിൽ കൈ വെച്ച് നോക്കി
“നല്ല ചൂട്. ടാബ്ലറ്റ് കൊടുത്തിരുന്നോ?”
“ആ dolo കഴിച്ചു..ഇപ്പൊ കഴിച്ചേയുള്ളു ” ദൃശ്യ പറഞ്ഞു
അദ്ദേഹം അവളെ നെഞ്ചിൽ ഒന്ന് ചേർത്ത് പിടിച്ചു
“അങ്കിളിന്റെ മിടുക്കി കുട്ടിയല്ലേ..ഇങ്ങനെ ഒന്നും മേലിൽ ചെയ്യരുത് ട്ടോ “
കൃഷ്ണ പുഞ്ചിരിച്ചു
“അങ്ങോട്ട് പോരുന്നോ?”
“ഇല്ല….അല്ലേടി?” ദൃശ്യ പെട്ടെന്ന് പറഞ്ഞു
“ഇതൊന്ന് മാറിയിട്ട് വരാം ” കൃഷ്ണ പറഞ്ഞു
കുറച്ചു നേരം കൂടി ഇരുന്നിട്ട് ഡോക്ടർ വീട്ടിലേക്ക് പോയി.
അർജുൻ അനുപമയുടെ മുറിയിൽ ആയിരുന്നു. അവൻ നിലത്ത് വീണയിൽ തലവെച്ച് കിടക്കുന്നത് അദ്ദേഹം കണ്ടു
അവനെ ശല്യം ചെയ്യാതെ ജയറാം മുറിയിലേക്ക് പോയി
തുടരും….