കൃഷ്ണ ക്ലാസ്സിൽ ആയിരുന്നു. ആ സംഭവത്തിന് ശേഷമവൾ ആദ്യമായി ക്ലാസ്സിൽ പോകുകയായിരുന്നു. കൂട്ടുകാർ അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ല എന്ന മട്ടിലാണ് അവളോട് പെരുമാറിയത്. അത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു. അധ്യാപകരും സ്നേഹത്തോടെ വന്ന് വിവരങ്ങൾ അന്വേഷിച്ചു. അവളോട് സത്യത്തിൽ എല്ലാവർക്കും ഇത്രയും ഇഷ്ടം ഉണ്ടെന്ന് അവൾ പോലും ആദ്യമായി തിരിച്ചറിയുകയായിരുന്നു
ദൃശ്യ നോക്കുമ്പോഴൊക്കെ മനസ്സ് എവിടെയോ കൈമോശം വന്നവളെ പോലെ.കൃഷ്ണ ഇരിക്കുന്നുണ്ടായിരുന്നു.
ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇടയ്ക്ക് ഒക്കെ ആ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ കാണും. അർജുന്റെ ഫോൺ കാളുകൾക്ക് അവൾ മറുപടി കൊടുത്തില്ല
ഫോൺ എപ്പോഴും സൈലന്റ് ആയിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും കൃഷ്ണ വെറുതെ ഇരിക്കുന്നുണ്ടായിരുന്നു
“നീ ഒന്നും കൊണ്ട് വന്നില്ലേ?”
“ഇല്ല “
അവൾ തണുത്തു പോയ സ്വരത്തിൽ പറഞ്ഞു
“നമുക്ക് ഷെയർ ചെയ്യാം വാ “
“വേണ്ട വിശപ്പില്ല.”
അവൾ എഴുന്നേറ്റു പോയി. കൃഷ്ണ ഇത്രയും മൗനിയായി ദൃശ്യ കണ്ടിട്ടേയില്ല. ആ സംഭവം നടന്നിട്ട് പോലും സ്ട്രോങ്ങ് ആയി നിന്നവളാണ്. അർജുൻ ചേട്ടന്റെ ആ ഒറ്റ വാചകത്തിൽ തളർന്നു പോയത്.
അർജുന്റെ കാൾ വന്നപ്പോൾ ദൃശ്യ എടുത്തു
“ദൃശ്യ..കൃഷ്ണക്ക് ഒന്ന് ഫോൺ കൊടുക്കാമോ?”
അവൾ കൃഷ്ണയുടെ അരികിൽ ചെന്നു
“അർജുൻ ചേട്ടനാണ് “
“എനിക്ക് വേണ്ട ദൃശ്യ “
അർജുന് അത് കേൾക്കാമായിരിന്നു
“നീ എന്താന്ന് വെച്ചാൽ പറഞ്ഞിട്ട് കട്ട് ചെയ്തോ “
“എനിക്ക് എന്ത് പറയാനാണ്. ഒന്നുല്ല. സഹതാപം മാത്രം ഉള്ള ഒരാളോട് പറയാൻ എന്റെ പക്കൽ ഒന്നുല്ല ദൃശ്യ. അർജുൻ സാറിനോട് പറയ് സ്വന്തം സ്റ്റാറ്റസ് നോക്കിട്ടുള്ള ഒരു ഫ്രണ്ട്ഷിപ് മതിന്ന്. എന്നെ പോലുള്ളവർ…നാണക്കേട് ആണെന്ന് പറയ്.”
ദൃശ്യ ഫോൺ എടുത്തു
“അവള് disturbed ആണ് “
“ഞാൻ അങ്ങോട്ട് വരുന്നെന്നു പറയ് നേരിട്ട് കാണുമ്പോഴും ഇത് തന്നെ പറയുമെന്ന് ചോദിച്ചു നോക്ക് “
“ഇങ്ങോട്ട് വന്ന പിന്നെ ഞാൻ കോളേജിൽ വരില്ല ദൃശ്യ. എന്നെ ഭീഷണിപ്പെടുത്തി ഒന്നും നേടാനാവില്ല. ജയിക്കാനുമാവില്ല. അവരൊക്കെ വലിയ ആൾക്കാർ ആയിരിക്കും. പണവും സ്വാധീനവുമൊക്കെ ഉള്ളവർ
ഞാൻ..എനിക്ക് അതൊന്നുമില്ല. എന്നെ പഠിക്കാൻ പോലും സമ്മതിക്കില്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ ജീവിക്കുന്നത്. ഞാൻ ജീവിച്ചിരുന്നാലല്ലേ എന്നെ കാണാൻ വരുവുള്ളു “
അർജുൻ നടുങ്ങി പോയി. ദൃശ്യയും പകച്ചു നിന്ന് പോയി
“എനിക്ക് ആരെയും കാണണ്ട
സംസാരിക്കാൻ ഒന്നുമില്ല. ദേഷ്യവുമില്ല. ഞാനും ജീവിച്ചോട്ടെ ഈ ഭൂമിയിൽ. അത് അനുവദിച്ച മതി “
അവൾ കരഞ്ഞു പോയി. ദൃശ്യ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു. അർജുൻ ഫോൺ ടേബിളിൽ ഇട്ടു. ഇത് നിസാരമല്ല. അവൾ…ക്ഷമിക്കില്ല തന്നോട്. ഏത് നശിച്ച നേരത്താണ് ഇത് തനിക്ക് തോന്നിയത്?
അവന് ഭ്രാന്ത് പിടിക്കും പോലെ തോന്നി.
ദൃശ്യ കൃഷ്ണയേ പഠിക്കുകയായിരുന്നു. അവൾ അർജുനെ സ്നേഹിക്കുന്നുണ്ട്. അത് ദൃശ്യയ്ക്ക് മനസിലായി. പക്ഷെ അത് അവൾ മറയ്ക്കുകയാണ്. വേറെ ഏത് പെൺകുട്ടി ആയിരുന്നു എങ്കിലും ഇത് ഇങ്ങനെ അല്ല ഡീൽ ചെയ്യുക. അർജുൻ ചേട്ടൻ ഇത്രയും താഴ്ന്നു താനും ഇത് വരെ കണ്ടിട്ടില്ല
“കൃഷ്ണ ” ദൃശ്യ ആ തോളിൽ കൈ വെച്ചു
“അർജുൻ ചേട്ടന് നിന്നോട് സഹതാപം അല്ല മോളെ. അങ്ങനെ ആയിരുന്നു എങ്കിൽ ഇത് പോലെ കാല് പിടിക്കില്ല. പിന്നാലെ നടക്കില്ല. ഞാൻ ഇത് വരെ ഇങ്ങനെ കണ്ടിട്ടില്ല പുള്ളിയെ. ദേഷ്യം വന്നപ്പോൾ പെട്ടെന്ന് പറഞ്ഞു പോയതാ നീ ക്ഷമിക്ക് “
“എനിക്ക് ദേഷ്യം ഒന്നുല്ല ദൃശ്യ. അല്ലെങ്കിലും എന്റെ രീതി വേറെ. അർജുൻ സാറിന്റെ രീതി വേറെ. കൂടുതൽ അടുപ്പവും നല്ലതിനല്ല.”
ദൃശ്യയ്ക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു. കൃഷ്ണയുടെ മറ്റൊരൂ മുഖം അവൾ കാണുകയായിരുന്നു. ആത്മാഭിമാനം ഉള്ള പെണ്ണിന്റെ മുഖം. അവൾ ഉരുകുന്നുണ്ട്. തീ പോലെ അവന്റെ ഓർമ്മകൾ അവളെ പൊള്ളിക്കുന്നുമുണ്ട്. പക്ഷെ അതവൾ മറച്ചു പിടിച്ചു
അർജുൻ പക്ഷെ തകർന്നു പോയി. അവൻ ഫ്ലാറ്റിലേക്ക് പോയി. നഗരത്തിൽ അവന് ഒരു ഫ്ലാറ്റുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് വർഷം മുന്നേ വരെ അവൻ അവിടെയാണ് താമസിച്ചു കൊണ്ടിരുന്നത്. പിന്നെയാണ് അച്ഛനൊപ്പം സ്ഥിരമായി നിൽക്കാൻ തുടങ്ങിയത്. കൃഷ്ണയുടെ വരവോടെ എന്ന് കുറച്ചു കൂടെ വ്യക്തമായി പറയാം
അവന് ഉറക്കം നഷ്ടപ്പെട്ടു. കുടിച്ചു തീർത്ത മ- ദ്യത്തിന് കണക്കില്ല. ഒന്നിനും അവനെ ശാന്തനാക്കാൻ പറ്റുമായിരുന്നില്ല. ഒന്ന് കണ്ണടച്ചാൽ നിറഞ്ഞ രണ്ടു കണ്ണുകൾ മുന്നിൽ വരും. എന്തിനാ അർജുൻ സർ എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞത് എന്ന് ചോദിക്കും പോലെ തോന്നും. അവൾ തന്നെ സ്നേഹിച്ചിരുന്നു. ഒത്തിരി സ്നേഹിച്ചിരുന്നു. ആദ്യമായി കണ്ട നാൾ മുതൽ അവൾക്ക് തന്നോട് ആ സ്നേഹം ഉണ്ടായിരുന്നു എന്ന് ഒരു ഞെട്ടലോടെ അർജുൻ തിരിച്ചറിഞ്ഞു
അച്ഛനെ കാണാൻ വരുമ്പോഴും തന്റെ മുറിയുടെ മുന്നിൽ കൂടിയാണ് അവൾ പോകുക
കടന്നു പോകുമ്പോഴും തിരിച്ചു പോകുമ്പോഴും തന്നെ അവൾ നോക്കാറുണ്ട്. അറിയാത്ത പോലെ ഒരു നോട്ടം. എത്ര വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിലും പിണങ്ങിയിട്ടില്ല. പിന്നെ വന്ന് സാധാരണ പോലെ മിണ്ടും
ഈയിടെ കുറച്ചു നാളുകളായി കൂടുതൽ സ്വാതന്ത്ര്യം എടുക്കും. തമാശകൾ പറയും. ധൈര്യമായി സംസാരിക്കാൻ തുടങ്ങി
തന്റെ തോളിൽ തല ചായ്ച് വെച്ച് കരഞ്ഞത്. അത്രയും സ്നേഹം ഇല്ലാതെ കൃഷ്ണ അത് ചെയ്യില്ല. അവൾ തന്നെ സ്നേഹിച്ചിരുന്നു
അവൻ കണ്ണീരോടെ മുഖം പൊത്തി. എല്ലാം അറിയാമായിരുന്നു അവൾക്ക്. താൻ എങ്ങനെ ഉള്ള ഒരാളാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് അടുത്തത്. നിഷ്കളങ്കമായിരുന്നു ആ സ്നേഹം. പ്രണയമോ കാ- മമോ കലരാത്ത വിശുദ്ധമായ സ്നേഹം. തട്ടി തെറിപ്പിച്ചു ഒറ്റ നിമിഷം കൊണ്ട്
പോയി…
അവൻ ഫോൺ എടുത്തു കൊച്ചിയിലുള്ള സുഹൃത്ത് സാദിക്കിനെ വിളിച്ചു
“അർജുൻ പറയടാ “
“സാദി എനിക്ക് സാധനം വേണം..ഡോസ് കൂടിയത് വേണം. ഇന്ന് എത്തിക്കാൻ പറ്റുമോ?”
“പിന്നെന്താ. വൈകുന്നേരം അവിടെ സാധനം എത്തും നീ എവിടെയാ?”
“ഫ്ലാറ്റിൽ ഉണ്ട്. നീ വന്നിട്ടുണ്ടല്ലോ “
“yes..ഞാൻ കൊണ്ട് വരണോ?”
“വേണ്ട ആരെയെങ്കിലും വിട്ട മതി”
“എടാ കുറച്ചു അടിക്കണം. കേട്ടോ..ഡോസ് ഞാൻ വാട്സാപ്പ് ചെയ്തേക്കാം “
അവൻ ഒന്ന് മൂളി
ഈ മ- ദ്യത്തിലൊന്നും നിൽക്കില്ല മനസിന്റെ കലക്കല്. ഒന്ന് ഉറങ്ങാൻ പറ്റുന്നില്ല. മൂന്ന് ദിവസമായി
അവൻ ദൃശ്യയുടെ ഫോണിൽ വിളിച്ചു
“ദൃശ്യ..എവിടെയാ നീ?”
“കോളേജിലാ “
ദൃശ്യ കൃഷ്ണയേ നോക്കി. പുസ്തകത്തിൽ നോക്കിയിരിക്കുകയാണ്. പക്ഷെ വെറുതെയാണ്. മനസ്സ് ഇവിടെയെങ്ങും ഇല്ല
“അവളോട് എന്നോട് മിണ്ടാൻ പറയടി പ്ലീസ്. എനിക്ക് പറ്റുന്നില്ലന്ന് പറ “
ദൃശ്യ കൃഷ്ണയേ നോക്കി
“ഞാൻ പറഞ്ഞതിനൊക്കെ കാല് പിടിച്ചു മാപ്പ് ചോദിക്കുന്നെന്ന് പറ. എന്നോട് ഒന്ന് മിണ്ടാൻ പറയ് “
കൃഷ്ണ കേൾക്കുന്നുണ്ട്. അവളുടെ കണ്ണിൽ നിന്ന് കണ്ണീരിറ്റ് വീഴുന്നത് ദൃശ്യ കണ്ടു
“അവൾക്ക് എന്നെ അറിയാം ദൃശ്യ. ഞാൻ ഇങ്ങനെ ഒക്കെ പറയുന്നത് വെറുതെ ആണെന്ന് അറിയാം…ഒരു തവണ ഒന്ന് മിണ്ടാൻ പറ “
ദൃശ്യ കൃഷ്ണയേ നോക്കി. അവൾ ഇല്ല എന്ന് മുഖം ചലിപ്പിച്ചു
“മോളെ പ്ലീസ് നീ ഇത് കേൾക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. എന്നോട് ക്ഷമിക്ക്. ഒന്ന് മിണ്ടെടി പ്ലീസ് “
കൃഷ്ണ ടേബിളിൽ മുഖം അണച്ചു വിങ്ങി കരഞ്ഞു.
ദൃശ്യ ഫോൺ എടുത്തു വെളിയിലേക്ക് നടന്നു
“അവള് കരയുകയാണ്. എന്നും ഇത് തന്നെ..സത്യം പറ നിങ്ങൾ തമ്മിൽ എന്താ? അവൾ ഇത്രയും വേദനിക്കാൻ തക്ക വണ്ണം എന്താ?”
“ഒന്നുമില്ല ദൃശ്യ..ഞാൻ ഒന്നും പറഞ്ഞിട്ടില്ല..പക്ഷെ…പക്ഷെ..എനിക്ക് അവളെ.. അവളോട് ഒന്ന് പറ എനിക്ക് സംസാരിക്കണം “
“കുറച്ചു സമയം കൊടുക്ക്. മിണ്ടും..”
അവൻ ഫോൺ എടുത്തു ഒരേറു കൊടുത്തു. പിന്നെ സാദിക്ക് കൊടുത്തു വിട്ട മരുന്ന് എടുത്തു സിറിഞ്ചിൽ നിറച്ചു. മരുന്ന് ഞരമ്പിലേക്ക് കയറുമ്പോൾ അവൻ കണ്ണുകൾ അടച്ചു. പിന്നെ മുഖം കൈകളിൽ താങ്ങി അങ്ങനെ ഇരുന്നു. പിറ്റേന്ന് അർജുൻ വിളിച്ചില്ല
അവൻ മ- യ- ക്കു മരുന്നിന്റെ ല- ഹരിയിലായിരുന്നു. ബോധം ഉണ്ടാകുമ്പോൾ അവളെ ഓർമ്മ വരും. ആ കരച്ചിൽ, സങ്കടം, വിളിയോച്ച
അത് മറക്കാൻ വേറെ വഴിയുണ്ടായിരുന്നില്ല. ഫോണിൽ അച്ഛന്റെ കാളുകൾ വരുന്നത് അവൻ എടുത്തില്ല. ഓഫീസിൽ നിന്ന്, പിന്നെ ആരൊക്കെയോ ഒടുവിൽ ഫോൺ ഓഫ് ആയി
ദൃശ്യയുടെ ഫോൺ ബെൽ അടിക്കുമ്പോൾ കൃഷ്ണ നോക്കും. അർജുൻ അല്ല എന്ന് കാണുമ്പോൾ അവൾ തിരിയും
ഇപ്പൊ അവൻ വിളിക്കാറില്ല. ഒരു പക്ഷെ മറന്നിട്ടുണ്ടാകും. അല്ലെങ്കിൽ ഇനിയെന്തിനു എന്ന് ചിന്തിക്കുന്നുണ്ടാകും
അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ദൃശ്യ വന്ന് അവളെ തൊട്ടു
“കൃഷ്ണ..നീ അർജുൻ ചേട്ടനെ സ്നേഹിക്കുന്നുണ്ടോ?”
കൃഷ്ണ ഇല്ല എന്ന് തലയാട്ടി
“ഉറപ്പാണോ?”
കൃഷ്ണ മറുപടി പറഞ്ഞില്ല
“ഇന്നലെ അങ്കിൾ വീട്ടിൽ വന്നിരുന്നു. അർജുൻ ചേട്ടൻ ഓഫീസിൽ ചെന്നിട്ട് ഒരാഴ്ച ആയി. വിളിച്ചാലും എടുക്കില്ല. എവിടെ ആണെന്നും അറിയില്ലത്രേ..പണ്ട് അസുഖം വന്നിട്ടുള്ളത് കൊണ്ട് അങ്കിളിന് പേടിയാണ്.. കുറേ സങ്കടം പറഞ്ഞിട്ട് പോയി “
കൃഷ്ണ അനങ്ങാതെ നിന്ന് കേട്ടതെയുള്ളു
“പിന്നെ ഒരു കാര്യം ഞാൻ അറിഞ്ഞു ട്ടോ. നിന്റെ സംഭവം നടന്ന അന്ന് ആ പ്രവീണിനെയും കൂട്ടുകാരെയും കക്ഷി പോയി തല്ലി. പ്രവീണിന്റെ കൈയിലെ ഞരമ്പ് ഒക്കെ മുറിച്ച് കളഞ്ഞെന്ന്. അവന്റെ കൂടെ ഉണ്ടായിരുന്ന ഷാഫി നമ്മുടെ ക്ലാസ്സിലെ ലൈലയോടു പറഞ്ഞതാ. അവള് ചോദിച്ചു നിന്റെ അഫയർ ആണോന്ന്
ഞാൻ അല്ലെന്ന് പറഞ്ഞു..കൃഷ്ണ എന്റെയാ എന്ന് പറഞ്ഞത്രേ “
കൃഷ്ണ ഞെട്ടിപ്പോയി
“സത്യം. കൃഷ്ണ എന്റെയാ എന്ന് പറഞ്ഞൂന്നു. ഇനിയെന്തെങ്കിലും ചെയ്താൽ തീർത്തു കളയുമെന്നും പറഞ്ഞു “
കൃഷ്ണ നടുക്കത്തോടെ അത് കേട്ട് നിന്നു
“അർജുൻ ചേട്ടന് നിന്നോട് ഉള്ളത് സാധാരണ ഒരു സ്നേഹം അല്ല കൃഷ്ണ..അത് പ്രണയം തന്നെ ആണ്..നിന്നോട് ഭ്രാന്തമായ ഒരു ആവേശം ഉണ്ട് ആൾക്ക്. ഞാൻ അത് കണ്ടിട്ടുണ്ട്..നിനക്ക് അങ്ങനെ ഇല്ലെങ്കിലും..”
ആരോ വന്ന് വിളിച്ചപ്പോൾ ദൃശ്യ അങ്ങോട്ടേക്ക് പോയി
കൃഷ്ണയുടെ കണ്ണുകൾ നിറഞ്ഞു തൂവി.
അങ്ങനെ പറഞ്ഞോ, കൃഷ്ണ എന്റെയാണെന്ന്…
എന്നിട്ട് എന്തിനാ സഹതാപം മാത്രേയുള്ളു എന്ന് നുണ പറഞ്ഞത്. എന്തിനാ എന്നെ ഇങ്ങനെ നീറ്റിയത്. അവരോടൊക്കെ എനിക്ക് വേണ്ടി തല്ല് കൂടിയോ?
അവൾ കണ്ണുകൾ തുടച്ചു
ഞാൻ എങ്ങനെയാ ഇപ്പൊ ജീവിക്കുന്നത് എന്നറിയുമോ അർജുൻ സർ?
എനിക്ക് ശരീരം മാത്രേ ഉള്ളു
മനസ്സ് മരിച്ചു പോയി…എന്നെ എന്തൊക്കെയാ പറഞ്ഞത്..ഇനി കാണണ്ട, നിന്റെ ജീവിതത്തിൽ ഞാൻ ഇല്ല…
എന്തൊക്കെ പറഞ്ഞു?
ഞാൻ എന്ത് ചെയ്തിട്ടാ?
അവൾ മുഖം തുടച്ചു മനസ്സ് ശാന്തമാക്കി. അന്ന് വീട്ടിലേക്ക് പോകുമ്പോഴും അവൾ അത് തന്നെ ആണ് ചിന്തിച്ചത്
“എവിടെ പോയിരിക്കും?”
അച്ഛന് പോലും കണക്ട് ചെയ്യാൻ പറ്റാത്ത ഏത് സ്ഥലത്ത്?
പഴയ പോലെ പോയിരിക്കുമോ വേറെ പെണ്ണ്?
അത്രയും വന്നപ്പോൾ അവൾ ചിന്ത തടഞ്ഞു നിർത്തി
അങ്ങനെ ആണെങ്കിൽ തന്നെ നിനക്ക് എന്താ കൃഷ്ണ? നിന്നോട് ഞാൻ പ്രേമിക്കുന്നെന്ന് പറഞ്ഞോ? കെട്ടിക്കോളാം എന്ന് പറഞ്ഞോ?
എനിക്ക് സഹതാപം മാത്രേ ഉള്ളു. വെറും സഹതാപം. അവൻ പറഞ്ഞത് ഒക്കെ വീണ്ടും കാതിൽ മുഴങ്ങി
കൃഷ്ണ കണ്ണുകൾ ഇറുക്കിയടച്ചു
അവൻ രാജകുമാരൻ ആണ്..ഒരു സാമ്രാജ്യം സ്വന്തം ആയിട്ടുള്ള രാജകുമാരൻ..
താനോ?
സ്വന്തം നില ഓർക്കാതെ ചെന്നു കൂട്ട് കൂടി. ഒടുവിൽ…
പക്ഷെ കൃഷ്ണ എന്റെയാ എന്ന് പറഞ്ഞതെന്തിനാ? ഞാൻ ആരുടെയും അല്ല
അവൾ ബസിന്റെ വശങ്ങളിലേക്ക് നോക്കിയിരുന്നു. ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോ അവൾ മുന്നോട്ടാഞ്ഞു
ആൾക്കാർ ഓടി കൂടുന്നു
“ഏതോ ഭ്രാന്തൻ ആണ്..ബസ് തട്ടിയേനെ.. ശോ രക്ഷപെട്ടു “
ആരോ പറയുന്നത് കേട്ട് അവൾ എത്തി നോക്കി. ഒരു മനുഷ്യൻ
അയാൾ വഴിയിൽ നിന്ന് എന്തൊക്കെയോ എടുത്തു തിന്നു കൊണ്ട് നിൽക്കുന്നു. ഉറക്കെ ചിരിക്കുന്നുണ്ട്
“പാവം എങ്ങനെ കഴിഞ്ഞ മനുഷ്യനാ എന്താ അവസ്ഥ അല്ലെ?”
അടുത്തിരുന്ന സ്ത്രീകൾ സംസാരിക്കുന്നത് അവൾ കേട്ടു
“എന്താ പറ്റിയത്?”
അവൾ ജിജ്ഞാസ അടക്കാൻ വയ്യാതെ ചോദിച്ചു
“നല്ല കുടുംബത്തിലെ ഒരു പയ്യൻ ആയിരുന്നു. നല്ല ജോലിയുമുണ്ടായിരുന്നു. ഭാര്യ ഒരുത്തന്റെ കൂടെ ഒളിച്ചോടിപോയി. അതിൽ പിന്നെ ഇങ്ങനെയാ..പാവം. ഒരാണിനെ വട്ട് പിടിപ്പിക്കാൻ ഒരു പെണ്ണിന് എന്ത് എളുപ്പം കഴിഞ്ഞു “
അറിയാതെ കൃഷ്ണ നെഞ്ചിൽ കൈ വെച്ചു പോയി. പെട്ടെന്ന് മൊബൈൽ എടുത്തു അവൾ അവനെ വിളിച്ചു നോക്കി. ഓഫ് ആണ്. വാട്സാപ്പ് നോക്കി. കുറെയധികം മെസ്സേജ് കൾ
ക്ഷമിക്ക്..എടി…പ്ലീസ്…മിണ്ടെടി. എന്റെ കൃഷ്ണയല്ലേ…പ്ലീസ്…
അവളുടെ കണ്ണ് നിറഞ്ഞൊഴുകി
നാലു ദിവസം മുന്നെയാണ് ലാസ്റ്റ് സീൻ. തനിക്ക് മെസ്സേജ് അയച്ചു കഴിഞ്ഞു പിന്നെ വന്നിട്ടില്ല. അവൾക്ക് ഉള്ളിൽ ഒരു പേടി വന്നു
എവിടെയാ അർജുൻ സർ?
തുടരും….