ദീപു അത് വിശ്വസിക്കാൻ കഴിയാതെ വീണ്ടും തിരിഞ്ഞു നോക്കി
ആന പോയി..അർജുന് കൂസലൊന്നുമില്ല
“ഡാ നീ മനുഷ്യൻ തന്നെ ആണോടാ?”
ദീപു ചോദിച്ചു പോയി
“ബെസ്റ്റ് നിന്നെ രക്ഷപെട്ത്തിയതും പോരാ ഇപ്പൊ ഞാൻ മനുഷ്യൻ ആണോന്ന്.. സഹായിക്കാൻ പോകരുത്. ഒറ്റ എണ്ണത്തിനെ സഹായിക്കാൻ പോകരുത് “
ദീപു ചമ്മി ഒന്നു ചിരിച്ചു
“അതല്ലടാ നിന്റ ധൈര്യം കണ്ടു ചോദിച്ചു പോയതാ നീ മിടുക്കൻ അല്ലെ. സാക്ഷാൽ അർജുൻ തന്നെ സമ്മതിച്ചു “
അർജുൻ പാളിയൊന്നു നോക്കി
“സത്യം “
ദീപു ചിരിച്ചു
അവർ വീടെത്തി
“നല്ല ആവി പറക്കുന്ന കപ്പപ്പുഴുക്ക്, ബീ-ഫ് കൃഷ്ണയുടെ കുക്കിംഗ്. വേഗം വന്നു കൈ കഴുകി ഇരുന്നോ “
നീരജ പറഞ്ഞു
“ഇവന് കൈ മാത്രം കഴുകിയ പോരാ അല്ലേടാ ദീപു?”
അർജുൻ ചോദിച്ചു
ദീപു ഒന്നു ചമ്മി
“അതെന്താ?”
“അവൻ ചെളിയിൽ ഒന്നു ചവിട്ടി
പോയി കഴുകിയിട്ടു വാടാ. അല്ലെങ്കിൽ ഒന്നു കുളിച്ചിട്ട് പോരെ “
കൃഷ്ണ ഗൂഢ സ്മിതത്തോടെ അർജുനെ നോക്കി
എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു. ഒന്നുമില്ല എന്ന് അവനും
“പോ- ടാ കോ- പ്പേ എനിക്ക് കുളിക്കണ്ട. ഈ തണുപ്പിൽ ഇനി കുളിക്കാൻ പോണു. മോളെ കൃഷ്ണെ മോള് വിളമ്പിക്കോ. വിശന്നിട്ടു പാടില്ല “
“വയറ്റിൽ ഒന്നുമില്ല അല്ലെ ദീപു. അവന്റെ സർവ ഗാസും പോയിരിക്കുകയാ നീ വിളമ്പി കൊട്.”
“നീ മേടിക്കും അർജുൻ “
അവൻ ഗ്ലാസ് എടുത്തു ഒരേറു വെച്ചു കൊടുത്തു..നീരജയും കൃഷ്ണയും മുഖത്തോട് മുഖം നോക്കി. എന്താ സംഭവം എന്ന മട്ടിൽ
“ഒന്നുല്ലന്നെ ഞങ്ങൾ ഇങ്ങോട്ട് നടന്നു ദേ ഇങ്ങനെ വരികയാണ്. അപ്പൊ റോഡിൽ ഒരു ആന. ആന ഞങ്ങളുടെ നേരെ…”
“അയ്യോ എന്നിട്ട്?”
നീരജ നെഞ്ചിൽ കൈ വെച്ചു പോയി. കൃഷ്ണക്ക് ഭാവഭേദം ഒന്നുമില്ല
“ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട് ആളെക്കൊല്ലി വരുന്നേ മാറിക്കോ എന്ന്
ഞാൻ വിചാരിച്ചു നീരു ദേ ഇവിടെ തീർന്ന്. ഓടിയാലോ എന്ന് ആലോചിച്ചു നിക്കുമ്പോൾ ഈ നാറി എന്റെ കയ്യിൽ പിടിച്ചു മുന്നോട്ട്, ഇവൻ കല്യാണം കഴിച്ചു കൊണ്ട് പോകുന്ന പോലെ. എന്നിട്ട് പറയാ എടാ ദീപു നിനക്ക് ബൈക്ക് ലൈസൻസ് എടുത്തത് ഓർമ്മ ഉണ്ടോ? എട്ട് എടുത്തത് ഓർമ്മ ഉണ്ടോ? എനിക്ക് എട്ട് പോയിട്ട് പൂജ്യം പോലും. ഓർമ ഇല്ല പിന്നെയാ അത് പോലെ ഓടിക്കോ അല്ലെങ്കിൽ നടക്കാം എന്ന്. ഇവൻ എന്റെ കയ്യിലെ പിടി വിട്ടിട്ട് വേണമല്ലോ എനിക്ക് ഓടാൻ. എടാ സത്യം പറ ചാകുന്നെങ്കിൽ ഞാനും ചത്തോട്ടെ എന്ന് കരുതി അല്ലേടാ നീ. എന്നെ മുറുകെ പിടിച്ചത് “
“പിന്നല്ലാതെ. അങ്ങനെ ഇപ്പൊ നീ സുഖിക്കണ്ട.. “
അർജുൻ പ്ലേറ്റിൽ കപ്പയും ബീഫും വിളമ്പി
“എന്നിട്ട് ബാക്കി പറ “
നീരജയ്ക്ക് നെഞ്ചിടിച്ചു
“ഇവൻ ഫോൺ എടുത്തു കാൾ ചെയ്യുന്ന പോലെ…ആക്ഷൻ. ഫോൺ ചെയ്യുന്ന കണ്ടാൽ ആന ഒതുങ്ങി പൊയ്ക്കോളുമെന്ന സത്യം എനിക്ക് ഇന്ന് മനസിലായി “
അർജുൻ ചിരിച്ചു പോയി
“അങ്ങനെ ആന കാട്ടിലോട്ടും ഞങ്ങ വീട്ടിലോട്ടും വന്നു. സത്യം പറയാമല്ലോ മോളെ ഞാൻ ലിവർ മാറ്റി വെയ്ക്കാൻ സർജറിക്കായി വെയിറ്റ് ചെയ്തപ്പോ പോലും ഇത്ര ടെൻഷൻ അടിച്ചിട്ടില്ല. ഒന്നാലോചിച്ചു നോക്കിക്കേ ആന നമ്മളെ കാണുന്നു. തൊട്ട് അടുത്ത് വരുന്നു. തുമ്പി കയ്യിൽ ലിഫ്റ്റിംഗ്..ആകാശത്തു ഒന്നു രണ്ടു തവണ ഊഞ്ഞാലാട്ടം ടപ്പോ എന്ന് നിലത്തു ഇടുന്നു. ജസ്റ്റ് സോഫ്റ്റായിട്ട് നെഞ്ചിൽ ഒന്ന് കാല് വെക്കുന്നു ഒരു സ്റ്റെപ്പ് കളിയമർദ്ദനംവയ്ക്കുന്നു…നടക്കുന്നു. നമ്മൾ പല്ലിൽ ഒട്ടിയ ചൂയിമ്ഗം പോലെ റോഡിൽ..ഞാൻ ഒറ്റ മിനിറ്റ് കൊണ്ട് എവിടെയൊക്കെയോ പോയിട്ട് വന്നു “
നീരജ നെഞ്ചിൽ കൈ വെച്ചു പോയി
കൃഷ്ണ ചായ ഗ്ലാസിൽ ഒഴിച്ച് ദീപുനു കൊടുത്തു
“എടി മോളെ കൃഷ്ണെ സത്യം ആണ്. നീയെന്താ ഇത് കേട്ടിട്ട് ഞെട്ടാത്തത്?”
“എന്റെ ദീപു ചേട്ടാ..ദേ ഈ കക്ഷി കഴിഞ്ഞ ആഴ്ചയിൽ ഒരു പ- ന്നിയെ കൊ- ന്നു. ദേ ഈ വീടിന്റെ മുന്നിൽ വെച്ച് അന്ന് ഞാൻ ഒന്ന് ഞെട്ടിയാരുന്നു. ഇത് ആന അല്ലെ എനിക്ക് വയ്യ എപ്പോഴും ഞെട്ടാൻ. വല്ല സിംഹവും വരട്ട്. എങ്ങനെ ആണ് അപ്പുവേട്ടൻ ഡീൽ ചെയ്യുന്നതെന്ന് നോക്കട്ട് അപ്പൊ ഞെട്ടാം “
ദീപു കണ്ണ് മിഴിച്ച് അർജുനെ നോക്കി
“പ- ന്നി ഇവിടെ വീടിനു മുന്നിലൊ?”
“അതെന്ന്..”
കൃഷ്ണ ആ സംഭവം വിവരിച്ചു. ദീപുവും നീരജയും തരിച്ചിരുന്നു
“എടി വേഗം കഴിക്ക്..നമുക്ക് വേഗം വീട് പിടിക്കാം. ഇവനെ നോർമൽ അല്ല “
അർജുൻ പൊട്ടിച്ചിരിച്ചു പോയി
കൃഷ്ണയും
“എന്റെ കൊച്ചേ നീ എന്നാ ഭാവിച്ച ഇവന്റെ കൂടെ ജീവിക്കുന്നെ. ഞാൻ ഉള്ളത് പറഞ്ഞേക്കാം കേട്ടോ. ഇവനെ വിശ്വസിക്കരുത്. മോള് ഞങ്ങളുടെ കൂടെ പോരെ..ഇപ്പൊ രക്ഷപെട്ടു പോന്നാ രക്ഷപെട്ടു “
കൃഷ്ണ ചിരിയോടെ അർജുനെ നോക്കി. അർജുൻ കാല് നീട്ടി ദീപുവിനെ ഒരു ചവിട്ട് കൊടുക്കുന്നത് അവൾ കണ്ടു
“മോളെ എന്താ കൊണ്ട് വരാഞ്ഞത് ചേച്ചി?”
“നല്ല തണുപ്പല്ലേ, പിന്നെ ഇത്ര ദൂരം ഇല്ലേ? അവിടെ രണ്ടമ്മമാർ ഉണ്ട്. പിന്നെ ദീപുവിന്റെ അനിയത്തിയും ഉണ്ട് എന്നെക്കാൾ അടുപ്പമാണ് ദീപ്തിയോട്. അത് കൊണ്ട് നോ ടെൻഷൻ “
“അത് നന്നായി ” അർജുൻ പറഞ്ഞു
“സ്ഥലം കാണാൻ പോകുമ്പോൾ കുഞ്ഞ് ഉണ്ടെങ്കിൽ പ്രയാസമാ”
അവൻ കൂട്ടിച്ചേർത്തു
“ശരിയാ കടുവയോ പുലിയോ ഒക്കെ വരുവാണെങ്കിൽ കൊച്ചിനെ കൊണ്ട് ഓടാൻ പാടാ. എടി നിനക്ക് അല്ലായിരുന്നോ നിർബന്ധം. കൃഷ്ണയെ കാണണം കാട് കാണണം. നീ കാണാൻ കിടക്കുന്നേയുള്ളു. കൊച്ചിനെ കണ്ടിട്ട് ചാകാൻ പറ്റുമോ എന്തോ “
“പോടാ.. എന്തു രസമാണ് ഇവിടെഎന്ന് അറിയോ. ഭക്ഷണം ഒക്കെ എത്ര ടേസ്റ്റിയാണെന്നോ. ദേ ആ പറമ്പിലോട്ട് ഇറങ്ങിയ മതി “
“കക്കൂസ് ഇല്ലേ?”
അർജുൻ ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു
“കുന്തമേ പച്ചക്കറി കിട്ടുന്ന കാര്യമാ പറഞ്ഞത് “
അർജുൻ ചിരിയടക്കി പറഞ്ഞു
“ഞാൻ വിചാരിച്ചു… നമ്മുടെ ഒക്കെ നാട്ടിൽ പറമ്പിൽ ഇറങ്ങുക എന്ന് പറഞ്ഞാൽ വേറെ അർത്ഥം ആണല്ലോ”
“തെ- ണ്ടി കഴിച്ചോണ്ടിരിക്കുമ്പോ തന്നെ പറയാൻ കണ്ട കാര്യം “
“ഇനി എന്നെ ചീത്ത വിളിക്ക് “
“കഴിച്ചിട്ട് നമുക്ക് സ്ഥലം കാണാൻ പോകാം കേട്ടോ കൃഷ്ണ “
നീരജ പറഞ്ഞു
“ങേ അപ്പൊ ഞങ്ങൾ?” ദീപു കണ്ണ് മിഴിച്ചു
“ദീപുനു അല്ലെ പേടി? അർജുന്റെ കൂടെ ഇരിക്ക് “
“എനിക്ക് ഇവന്റെ കൂടെ ഇരിക്കാനാ പേടി. നിങ്ങളുടെ കൂടെ സേഫ് അല്ലെ ഒന്നുല്ലങ്കിൽ ബോധം ഉണ്ടല്ലോ.”
അർജുൻ അവന്റെ കയ്യിൽ പിടിച്ചു ഒരു വലി വലിച്ചു
“ഡ്രസ്സ് ഇത് തന്നെ അല്ലെ?”
“ഒരുങ്ങി കല്യാണത്തിന് പോകാൻ പോവല്ലേ. ആനയ്ക്കും പുലിക്കും സിംഹത്തിനും ഒക്കെ കൊടുക്കാൻ കൊണ്ട് പോവുകയല്ലേ. ഇത് മതി “
അർജുൻ ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു
“പോകാം “
അവർ വീട് പൂട്ടി ഇറങ്ങി. കാറിൽ പോകാമെന്നു കൃഷ്ണ പറഞ്ഞു കുറച്ചു ദൂരം ചെന്നിട്ട് വേണേൽ നടക്കാം. ഇവർ കുറെ ദൂരം യാത്ര ചെയ്തു വന്നതായത് കൊണ്ട് അത് മതി എന്ന് അവൾ അർജുനെ ഓർമിപ്പിച്ചു
അങ്ങനെ ദീപുവിന്റെ കാറിൽ അവർ ഇറങ്ങി
അക്ഷയ് കൂട്ടുകാരുമൊത്തുള്ള ഫോട്ടോകൾ നോക്കിയിരിക്കുകയായിരുന്നു
സെബാൻ, കിഷോർ, ദേവ്, ഋഷി നാലു പേരാണ് ഒറ്റയടിക്ക് കൂട്ടത്തിൽ നിന്ന് ഇല്ലാണ്ടായത്. താനും അവർക്കൊപ്പം പോകാൻ ഇരുന്നതാണ്. തലേന്ന് കാൽ ഒന്നുള്ക്കി. അല്ലെങ്കിൽ ഇന്ന് താൻ ഇല്ലായിരുന്നേനെ
അവൻ അവർക്കൊപ്പം ഉള്ള ഫോട്ടോകൾ നോക്കി കണ്ണീർ വാർത്തു കൊണ്ടിരുന്നു
അവസാനമായി സെബാൻ അയച്ച വാട്സാപ്പ് മെസ്സേജ്ലൂടെ അവൻ കണ്ണോടിച്ചു
“കിടിലൻ ഒരു ഐറ്റം വന്നു ചാടിയിട്ടുണ്ട്
ഞങ്ങൾ അവരുടെ പിന്നാലെയാണ്..നിനക്ക് ഒക്കെ ഭാഗ്യമുണ്ടെങ്കിൽ ഇന്ന് പെരുന്നാളാ “
താഴെ ഒരു പെണ്ണിന്റ പിക്, ഒന്നല്ല, കുറെ…കൂടെ അവളുടെ ചെക്കനും, അവരുടെ പ്രണയം, അവരുടെ ചുംബനം
അതാണ് ലാസ്റ്റ് മെസ്സേജ്
ഇവരെ അവൻ എന്തെങ്കിലും ചെയ്യാൻ പോയി കാണുമോ. താൻ ആദ്യമായിട്ടാണ് ഇവരുടെ ഗ്രുപ്പിൽ ടൂർ പോകുന്നത്. അതും ഇവരുടെ സാഹസികത ഒക്കെ കേട്ട് ത്രില്ല് അടിച്ച്. ഇഷ്ടം പോലെ പെണ്ണിനെ കിട്ടുന്ന ഇടമാണ് എന്നതായിരുന്നു മുഖ്യ ആകർഷണം. കപ്പിൾസിനെയാണ് ഇവർ ലക്ഷ്യം വെയ്ക്കുക. ഒതുക്കമുള്ള സ്ഥലം ആകുമ്പോൾ പിടിക്കും. Lovers ആണെങ്കി എളുപ്പമാണത്രെ. പേടിപ്പിക്കും
എസ് പി യുടെ മകനാണ്, കേസ് എടുക്കും, കുടുക്കും. പാവം പെണ്ണുങ്ങൾ വഴങ്ങും…
ഇനി അല്ല ഭാര്യയും ഭർത്താവുമാണെങ്കിലും ഇവർക്ക് പേടിയില്ല. ഭർത്താവിനെ കൊ-ല്ലുമെന്ന് പറഞ്ഞു രണ്ടെണ്ണം കൊടുക്കും പിന്നെ മിക്കവാറും എളുപ്പമാണ്..അതാണ് ത്രില്ല്..എന്നാണ് സെബാൻ പറയുന്നത്. ഈസി ആയിട്ട് കിട്ടുന്നതിന് ഒരു രസം ഇല്ലത്രെ..
ഇത് അത് പോലെ ചെന്ന് കാണുമോ?
പക്ഷെ അവർ നാലു പേരുണ്ടായിരിന്നു. ഈ ചെക്കൻ അവരുടെ മുന്നിൽ ഒന്നുമല്ല. സെബാനും കിഷോറും കരാട്ടെ ബ്ലാക് ബെൽറ്റ് ആണ്. അവർക്ക് ഇവൻ നിസാരമാണ്. ചിലപ്പോൾ ഇവരെയും പുലി പിടിച്ചു കാണുമോ
അങ്ങനെ ആണെങ്കിൽ ന്യൂസിൽ വരണ്ടേ…
അങ്കിളിനെ കാണിക്കണോ…?
ഒരു പാട് നേരം അവൻ ആലോചിച്ചു
ഒടുവിൽ
ആന്റണി വീട്ടിൽ ഉണ്ടായിരുന്നു
അക്ഷയെ കണ്ട് അവനോട് അയാൾ ഇരിക്കാൻ പറഞ്ഞു
“എന്താ മോനെ?”
അക്ഷയുടെ മുഖം വിളറിയിരുന്നു
പറയണോ വേണ്ടയോ എന്ന് അവൻ ആ നിമിഷവും ആലോചിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു
“അങ്കിൾ ഇത് നോക്കിക്കേ “
അവൻ വാട്സാപ്പ് ഡീറ്റെയിൽസ് കാണിച്ചു. ആന്റണിയുടെ മുഖം വിളറി വെളുത്തു പോയി
പപ്പാ പപ്പാ എന്ന് വിളിച്ചു കൊഞ്ചി പിന്നാലെ നടന്നിരുന്ന തന്റെ മകൻ ഇത്രയും മോശപ്പെട്ട ഒരാളായിരുന്നു എന്ന അറിവ് അയാളെ തകർത്തു കളഞ്ഞു. അക്ഷയ് എല്ലാം പറഞ്ഞു
ഓരോന്നും അയാൾക്ക് പുതിയ അറിവുകൾ ആയിരുന്നു
നാണം കേട്ട് തൊലിയുരിഞ്ഞു പോകുന്ന, ഇത്രയും അധഃപതിച്ചു പോയോ അവൻ
അയാൾ മനസ്സും തലച്ചോറും മരവിച്ച് അങ്ങനെ ഇരുന്ന് പോയി
“അങ്കിൾ ഈ പെയർനെ അവർ മീറ്റ് ചെയ്തോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഇതിനു ശേഷം മെസ്സേജ് ഒന്നും വന്നില്ല. വിളിച്ചു നോക്കിയപ്പോ സ്വിച്ച് ഓഫ് ആയിരുന്നു. ഞങ്ങളും കരുതിയത് പുലി പിടിച്ചു എന്ന് തന്നെ ആണ്. ഇപ്പോഴും ഞങ്ങൾ അങ്ങനെ ആണ് കരുതുന്നത്. കാരണം അവർ നാലു പേരും മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ട്. അവരെ തല്ലി തോൽപ്പിക്കാൻ സാധ്യമല്ല. അങ്കിളിനു അറിയാല്ലോ കോളേജിൽ വെച്ചു ഇലക്ഷന് നടന്ന അടി. സെബാൻ ഒറ്റയ്ക്കാ നാലഞ്ച് എണ്ണത്തിനെ അന്ന് നേരിട്ടത്. ഞങ്ങൾ മുഴുവൻ കണ്ടു കൊണ്ട് നിൽക്കുകയായിരുന്നു. ഈ ചെക്കൻ നോക്ക്…അവനു ഒരു എതിരാളിയല്ല. ഇനി അവർ ഇവരെ മീറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൂടി അവർ നാലുപേരും ഇവൻ ഒരാളുമായിരുന്നു. പിന്നെ ആയുധം ഒന്നുമില്ല കയ്യിൽ. സാധാരണ ഒരാൾ ആണ്. പക്ഷെ എനിക്ക് സംശയം വന്നത് ഈ കിസ്സിങ് പിക് അയച്ചതിനു ശേഷം ആണ് അവർ മിസ്സ് ആയതെന്നുള്ളതാണ്. അപ്പൊ സംശയം ഒന്നും വന്നില്ല. അങ്കിൾ പറഞ്ഞപ്പോ ഞാൻ കുറെ നേരം ആലോചിച്ചു അപ്പൊ. തോന്നിയതാ ഇവരെ കിട്ടിയാൽ ചോദ്യം ചെയ്താൽ സത്യം പുറത്തു വരും. ഞങ്ങൾ തിരക്കി ഇറങ്ങണോ ഇവരെ?”
“വേണ്ട…അത് ഇവൻ ആണെങ്കിൽ നിങ്ങളെയും അവൻ തീർക്കും. ഞാൻ മതി. ഇത് വേറെയാരും അറിയരുത്. എന്റെ വാട്സ്ആപ്പിലേക്ക് ഒന്ന് സെന്റ് ചെയ്യ് “
അവൻ അത് പോലെ ചെയ്തു. പിന്നെ യാത്ര പറഞ്ഞു പോയി
ആന്റണി ആ ഫോട്ടോകളിൽ നോക്കിയിരുന്നു
ഒരു പയ്യനും അവന്റെ പെണ്ണും. അവരെ ആണ് തന്റെ മകൻ. അയാൾക്ക് ദേഹത്ത് പുഴു അരിക്കുന്നത് പോലെ തോന്നി
പക്ഷെ എന്തൊക്ക പറഞ്ഞാലും അവൻ തന്റെ മകനാണ്, ഒരേയൊരു മകൻ
അറിയണം അവൻ അങ്ങനെയാണ് കൊ- ല്ലപ്പെട്ടത് എന്ന്. അതിനെങ്കിലുമുള്ള അവകാശം ഉണ്ട് തനിക്ക്. ഒരു ഫോൺ വന്നപ്പോൾ അയാൾ എടുത്തു
“സാർ സ്റ്റേഷനിൽ നിന്നാണ്. Cctv ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. സാർ പറഞ്ഞ സമയം അതിൽ അധികമാരും കടന്ന് പോയിട്ടില്ല സാർ..ഒന്ന് രണ്ടു കാറുകൾ ഒരു ലോറി. പിന്നെ ഒരു ബുള്ളറ്റ്.”
“ബുള്ളറ്റ്?”
“യെസ് സാർ.. പക്ഷെ അത് വളരെ മുന്നെയാണ് പോയിരിക്കുന്നത്. അത് തിരിച്ചു ഈ വഴി പോയിട്ടുമില്ല. മരണം നടക്കുന്നത് നാലു മണിക്കാണ്. സാർ ബുള്ളറ്റ് കടന്നു പോയിരിക്കുന്നത് രാവിലെ പത്തു മണിക്കാണ്. ഒരു പെൺകുട്ടിയും പയ്യനും. കാർ റേഞ്ച് റോവർ ആണ്. അതിൽ ഒരു ഡ്രൈവർ മാത്രം വ്യക്തമായിട്ടുള്ളു. മറ്റു യാത്രക്കാർ ഉണ്ടോന്ന് അറിയില്ല അത് പോയിട്ടുള്ളത് 12മണിക്കാണ്. ഒരു കാർ ടാക്സി ആണ്. ഒരു ഫാമിലിയാണ് അതിൽ. പിന്നെ ലോറി പച്ചക്കറി കയറ്റി പോകുന്നതാ.”
ആന്റണിക്ക് ഉള്ളിൽ എവിടെയോ ഒരു തീപ്പൊരി വീണു
“ആ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആരുടെ പേരിലാണ് “
“അത് ഒരു അർജുൻ ജയറാമിന്റെ പേരിലാണ് “
“അയാളുടെ ഡീറ്റെയിൽസ് എടുത്തോ?”
“സാർ എടുത്തു സാർ. തിരുവനന്തപുരം കാരനാണ്. അഡ്രസ് വാട്സ്അപ്പ് ചെയ്യാം സാർ “
“കൂടുതൽ ഡീറ്റെയിൽസ് വേണം “
“സാർ ഞാൻ തിരുവനന്തപുരത്ത് വിളിച്ചു ചോദിക്കട്ടെ “
ആന്റണി ഒന്ന് ആലോചിച്ചു. ചോദിച്ചാൽ ഡിപ്പാർട്മെന്റ് മുഴുവൻ ചിലപ്പോൾ അറിയും. തല്ക്കാലം ഇത് കൊ- ലപാതകം ആണെന്ന് തനിക്കും ആൽബിക്കും മാത്രമേ സംശയം ഉള്ളു
തെളിവ് വേണം. അല്ലാതെ പറ്റില്ല
“ഞാൻ അന്വേഷിക്കാം. നിങ്ങളയാൾ ഇപ്പോഴും വയനാട്ടിൽ ഉണ്ടോ എന്ന് മാത്രം അന്വേഷിക്ക് “
“ശരി സാർ “
അർജുൻ ജയറാം
എവിടെയോ പേര് കേട്ടിട്ടുണ്ട്. നല്ല പരിചയം ഉള്ള പേരാണ്. അയാൾ നെറ്റി അമർത്തി തടവി
തുടരും…