എഴുത്ത്: അച്ചു വിപിൻ
നൊന്തു പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ ഇറങ്ങി പോകുന്ന സ്ത്രീകളുടെ ഭർത്താവിന്റെ മാനസിക അവസ്ഥയെ പറ്റി ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അടുത്ത ദിവസങ്ങളിൽ പോലും തന്റെ വലം കയ്യിൽ തല വെച്ച് കൂടെ കിടന്നുറങ്ങിയ താൻ സ്വന്തമെന്നു കരുതിയ തന്റെ പെണ്ണ് അന്യനായ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയത് അയാൾക്ക് ചിലപ്പോ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാകില്ല…
യാഥാർഥ്യം തിരിച്ചറിയുമ്പോൾ ഇനിയെന്ത് ചെയ്യുമെന്നറിയാതെ ഒരു പ്രാന്തനെ പോലെ അയാൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടിട്ടുണ്ടാകാം അതുമല്ലെങ്കിൽ നിർവികാരതയോടെ വീടിന്റെ ഉമ്മറത്ത് ചെന്നിരുന്നിട്ടുണ്ടാകാം..
അവന്റെ നോട്ടക്കുറവുകൊണ്ടാവും അവൾ വല്ലവന്റെയും കൂടെ പോയത് എന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കം പറച്ചിലുകൾക്കും പരിഹാസങ്ങൾക്കുo നടുവിൽ പെട്ട് സങ്കടത്തോടെ അതിലേറെ അപമാനത്തോടെ ആ പാവം തലകുനിച്ചു നിന്നിട്ടുണ്ടാവാം…
രാവിലെ എണീറ്റ് നോക്കുമ്പോൾ അമ്മയെ കാണാതെ വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ കയ്യിൽ എടുത്തുമ്മ കൊടുത്ത ശേഷം “അമ്മ പോയി വാവേ ഇനി നിനക്കീ അച്ഛനെ ഉള്ളു” എന്നു പറഞ്ഞതിനെ നെഞ്ചോടു ചേർക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണുനീരിനു പകരം ചോര പൊടിഞ്ഞിട്ടുണ്ടാകാം…
താൻ കൊടുത്ത സ്നേഹം പോരാഞ്ഞിട്ടാകുമോ അവൾ വേറെ ഒരുത്തന്റെ കൂടെ പോയതെന്നോർത്തയാൾക്കു പ്രാന്ത് പിടിച്ചിട്ടുണ്ടാകാം..
എല്ലാമെല്ലാമായി കൊണ്ടുനടന്നവൾ അന്യനായ ഒരുത്തന്റെ കൂടെ കിടപ്പറ പങ്കിടുന്ന കാര്യമോർത്തയാളുടെ നെഞ്ച് പിടഞ്ഞിട്ടുണ്ടാകാം…
അവൾ പോണെങ്കിൽ പോട്ടെടാ നിന്റെ സ്നേഹം അനുഭവിക്കാൻ അവൾക്കു യോഗമുണ്ടാകില്ല എന്ന് പറഞ്ഞ സുഹൃത്തിന്റെ നെഞ്ചിലേക്ക് അല്പം ആശ്വാസത്തിനായി വീണിട്ടുണ്ടാകാം…
അറിയാത്ത നമ്പറുകളിൽ നിന്നും ഫോൺകോൾ വരുമ്പോൾ അത് തന്റെ ഭാര്യയാകണെ എന്നയാൾ ഒരുവട്ടമെങ്കിലും പ്രാർത്ഥിച്ചിട്ടുണ്ടാകാം..
ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവിൽ അവളിനി ഒരിക്കലും വരില്ല എന്ന സത്യത്തോടയാൾ പൊരുത്തപ്പെട്ടിട്ടുണ്ടാകാം..
ഒടുവിൽ ഒരു തണുത്ത വെളുപ്പാൻകാലത്തെണീറ്റു പത്രം വായിക്കുമ്പോൾ “അജ്ഞാത യുവതിയുടെ ജഡം റയിൽവേട്രാക്കിൽ”എന്ന വാർത്ത കണ്ണിലുടക്കുമ്പോൾ അതവളാകരുതെ എന്ന് മനസ്സിൽ നൂറുവട്ടം പ്രാർത്ഥിച്ചിട്ടുണ്ടാകാം…
NB:ഭാര്യയെ അടിച്ചമർത്തുന്ന ഭർത്താക്കന്മാർ അല്ലാതെ അവരെ ജീവനേക്കാൾ സ്നേഹിച്ചവരും,സ്നേഹിക്കുന്നവരും ഈ ലോകത്തുണ്ട്.ആ സ്നേഹം മറന്നു തന്റെ വയറ്റിൽ കുരുത്ത കുഞ്ഞിനെയും മറന്നു പുതിയ മേച്ചിൽ പുറങ്ങൾ തേടി പോകുന്ന സ്ത്രീകളാരും നന്നായി ജീവിച്ച ചരിത്രമില്ല അതുമാത്രമോ കല്യാണം കഴിഞ്ഞു കുടുംബമായി താമസിക്കുന്ന സ്ത്രീയെ വളച്ചെടുത്തു കൊണ്ടുപോകുന്ന പുരുഷന്മാർ അത്ര പുണ്യവാന്മാരും അല്ല…