ലയനം – ഭാഗം 05, എഴുത്ത്: അഞ്ജു തങ്കച്ചൻ

ഉള്ളം നിറയെ ഒരുതരം മധുരാനുഭൂതി നിറയുകയാണ്.?ഹൃദയമാകട്ടെ  തരിതമാകുന്നതുപോലെ…

മീനാക്ഷി എങ്ങനെയായിരിക്കും?

ശ്രീജിത്ത് അവളുടെ മുഖം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കി.

ഒരുപക്ഷേ മെലിഞ്ഞ ഒരു പെൺകുട്ടിയായിരിക്കുമോ, അതോ തടിച്ചിട്ടോ ?
ഒന്നുമാത്രമറിയാം അവൾക്ക് വളരെയേറെ നീണ്ട മുടിയുണ്ട്,തന്റെ മേലേക്ക് വീണപ്പോൾ തന്റെ ഉടലിൽ ചിതറിയത് അവളുടെ നീളമേറിയ മുടിയാണ്, കാച്ചെണ്ണയുടെ നറുമണമുള്ള മുടി.

അയാൾക്ക് അവളുടെ സംസാരം വീണ്ടും കേൾക്കണം എന്ന് തോന്നി.

ഒരു തവണ…. ഒരൊറ്റത്തവണ തനിക്ക് കാഴ്ച്ച തിരികെ കിട്ടിയിരുന്നെങ്കിൽ….
അയാളുടെ ഉള്ളം തേങ്ങി.

വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴും മീനാക്ഷിയുടെ ഉള്ളിൽ ദുഃഖമായിരുന്നു.

തന്റെ അശ്രദ്ധകൊണ്ട്  മാത്രമാണ് ആ മനുഷ്യൻ വീണത്. തനിക്ക് കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.വയ്യാതെ ഇരിക്കുന്ന ആൾ അല്ലെ…

അവൾ വഴിയോരം ചേർന്ന് പതിയെ നടക്കുമ്പോഴാണ്. രൂപേഷിന്റെ വണ്ടി അവൾക്കരികിൽ നിർത്തിയത്.

എന്തുപറ്റി മീനാക്ഷി,മുഖത്ത് ഒരു വിഷമം  പോലെ.

ഒന്നുമില്ല. അവൾ തലകുനിച്ചു

അതൊന്നുമല്ല. ഈ മുഖം കണ്ടാൽ എനിക്കറിയാം എന്താണ് വിഷമം പറ.

അവൾ നടന്ന സംഭവം അയാളോട് പറഞ്ഞു

അയ്യോ എന്നിട്ട് അവന് എന്തെങ്കിലും പറ്റിയോ? അയാൾ ചോദിച്ചു

ഇല്ല. എങ്കിൽ കുഴപ്പമില്ല അതിനിങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.

ഉം…

ദേവകി ചേച്ചിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? അയാൾ ചോദിച്ചു

ഇപ്പോൾ അല്പം കുറവുണ്ട്.

പണത്തിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി കേട്ടോ.

പണത്തിന് ഇപ്പോൾ ആവശ്യമൊന്നുമില്ല രൂപേഷേട്ടാ…കഴിഞ്ഞയാഴ്ച്ച അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാൻ രൂപേക്ഷേട്ടൻ  തന്ന പണം തികഞ്ഞായിരുന്നു.

ശരി.എന്നാൽ ആയിക്കോട്ടെ,അയാൾ വണ്ടി മുന്നോട്ട് എടുത്തു.

മീനാക്ഷിക്ക് മനസിന്‌ സമാധാനം തോന്നി. അല്ലെങ്കിലും അതങ്ങനെയാണ്,ആരെങ്കിലും സാരമില്ല എന്നൊരു വാക്കു പറഞ്ഞാൽ പോലും ആശ്വാസം തേടുന്ന മനസാണ് തന്റേത്

രൂപേഷ് ഏട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്. തന്റെ തൊഴിലാളികളെയൊക്കെ  കുടുംബാംഗങ്ങളെ പോലെയാണ് അദ്ദേഹം കാണുന്നത്. അതൊക്കെ തന്നെയാണ് അയാളുടെ വളർച്ചയുടെ ഒരു പ്രധാന ഘടകവും. ഒരോ തൊഴിലാളികളും  അവരവരുടെ മണ്ണ് ആണെന്ന് കരുതിയാണ് രൂപേഷ് ഏട്ടന്റെ തോട്ടം നോക്കി നടത്തുന്നത്.

രൂപേഷ് ഏട്ടന്റെ തോട്ടത്തിൽ പണിയെടുക്കുന്ന ആർക്കെങ്കിലും ഒരു അസുഖമോ മറ്റോ ഉണ്ടായാൽ പോലും അദ്ദേഹം കൈമറന്നു സഹായിക്കും. എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.

അതുകൊണ്ടാവാം തന്റെയുള്ളിൽ എന്നോ ആ മനുഷ്യൻ കയറിക്കൂടിയത്.
പക്ഷേ താൻ ഒരിക്കലും അതാ മനുഷ്യനോട് പറഞ്ഞിട്ടില്ല.ഇനി ഒരിക്കലും പറയുകയുമില്ല. സുഖമുള്ള ഒരു നനുത്ത ഓർമ്മയായി മാത്രം അത് അവിടെ ഇരിക്കട്ടെ. തന്നെപ്പോലെ ഒരു പെൺകുട്ടിക്ക്‌ അദ്ദേഹത്തെ മോഹിക്കാൻ പോലും ആകില്ല. അവൾ ഓരോന്നോർത്തു മുന്നോട്ടു നടന്നു.

***************

ശ്രേയ അവളുടെ സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടി കഴിഞ്ഞ് രാത്രി ഏറെ വൈകിയാണ് വീട്ടിലെത്തിയത്. അവൾ വരാനായി കാത്തിരിക്കുകയായിരുന്നു ശങ്കറും നിരുപമയും. ശങ്കർ മകൾ വന്നിട്ടേ അത്താഴം കഴിക്കൂ…എത്രയോ വർഷങ്ങളായി അച്ഛനും മകളും ഒരുമിച്ചിരുന്നാണ് ആഹാരം കഴിക്കുന്നത്.

ശ്രേയക്ക് തീരെ വിശപ്പ്‌ ഉണ്ടായിരുന്നില്ല എങ്കിലും അവൾ ശങ്കറിന്റെ അടുത്തിരുന്നു. അല്ലെങ്കിൽ പപ്പാ ഒന്നും കഴിക്കില്ല എന്ന് അവൾക്കറിയാം.

അവർ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ നിരൂപമ ശങ്കറിനെ നോക്കി, എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു

എന്താണ് ?

അമ്മയ്ക്ക് തീരെ സുഖമില്ല.ഞാൻ  പോയി അമ്മയെ ഇങ്ങോട്ട് കൊണ്ടുവരട്ടെ ? അവൾ ചോദിച്ചു.

ഇങ്ങോട്ട് കൊണ്ടുവരാനോ,അതിന്റെ ആവശ്യമൊന്നും ഇല്ല. അമ്മയെ ഏതെങ്കിലുംവൃദ്ധ സദനത്തിൽ ആക്കാം. അതിനുവേണ്ടി എത്ര പണം വേണമെങ്കിലും മുടക്കാം. ശങ്കർ പറഞ്ഞു.

നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് അമ്മയെ നോക്കാൻ അമ്മയുടെ മകളായ ഞാനില്ലേ ,പിന്നെ എന്തിനാണ് അമ്മയെ വല്ലയിടത്തും ആക്കുന്നത് 

എന്റെ അമ്മേ..പപ്പ പറയുന്നത് കേൾക്ക്. ഇപ്പോൾ പഴയതുപോലെ ഒന്നുമല്ല. പണം കൊടുത്താൽ  അവര് പൊന്നുപോലെ അമ്മാമ്മയെ നോക്കും.നമ്മൾ ഒന്നും അറിയണ്ട

ഓഹോ… കുറച്ചു  നാൾ കഴിയുമ്പോൾ ഞാൻ പ്രായമാകും അപ്പോൾ എന്നെയും നീ വല്ല വൃദ്ധസദനത്തിലോ കൊണ്ടാക്കുമല്ലോ അല്ലെ? നിരുപമ  അവളോട് ചോദിച്ചു.

നീ ഇപ്പോൾ ഞങ്ങൾ പറയുന്നത് കേൾക്ക്.ശങ്കർ പറഞ്ഞു

പറ്റില്ല.

ഇങ്ങോട്ട് കൊണ്ടുവരാൻ ഞങ്ങൾ സമ്മതിക്കില്ല. അയാൾ പറഞ്ഞു

ആകെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു നിരുപമക്ക്. എങ്കിൽ ഞാൻ അങ്ങോട്ട് പോകും എന്റെ അമ്മയുടെ അടുത്തേക്ക്, എന്റെ അമ്മയെ നോക്കാൻ എനിക്കറിയാം.എനിക്ക് ആരുടെയും സഹായം വേണ്ട.അവൾ തിരിഞ്ഞു മുറിയിലേക്ക് നടന്നു.

അൽപ്പസമയത്തിനുള്ളിൽ അവൾ ബാഗുമായി ഇറങ്ങി വന്നു.

നിരുപമേ… നിന്റെ ഈ എടുത്ത് ചാട്ടം അത്ര നല്ലതല്ല.

മിണ്ടരുത് നിങ്ങൾ..അവൾ വിരൽ ചൂണ്ടി.

നിനക്ക് ഭ്രാന്താണ്..

അതെ… എനിക്ക് ഭ്രാന്താണ്. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി സ്നേഹരാഹിത്യത്തിന്റെ  കൂട്ടിൽ കിടന്ന് എനിക്ക് ഭ്രാന്ത് പിടിച്ചു.
ഞാൻ പോകുകയാണ്.

പോയാൽ പിന്നെ ഇങ്ങോട്ട് വന്നേക്കരുത്. ശങ്കർ പറഞ്ഞു.

നിരുപമ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

അവൾ ബാഗുമായി പുറത്തേക്കു നടന്നു.

****************

എന്താടാ ഒരു ഇളക്കം ? കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഞാൻ ശ്രദ്ധിക്കുകയാണ്. രൂപേഷ് ശ്രീജിത്തിനോട് ചോദിച്ചു

ഒന്നും ഉണ്ടായിട്ടല്ല.

ഉവ്വാ എനിക്കറിഞ്ഞുകൂടെ നിന്നെ, നിന്റെ പെണ്ണ് വിളിച്ചായിരിക്കും അല്ലേ?

അതൊന്നുമല്ല. എടാ ഇന്ന് രാവിലെ നീ എന്നെ മുറ്റത്ത് കൊണ്ടുപോയി ഇരുത്തിയില്ലേ

ഉം…

അന്നേരം നിഴൽ പോലെ എന്തൊക്കെയോ ഞാൻ കണ്ടു..

നേരാണോ  ??  രൂപേഷ് അത്യധികം സന്തോഷത്തോടെ ശ്രീജിത്തിനെ കെട്ടിപ്പിടിച്ചു. ഞാൻ പറഞ്ഞില്ലേ നിനക്ക് കാഴ്ച്ച തിരിച്ചു കിട്ടുമെടാ. ഇത് അതിന്റെ ലക്ഷണങ്ങൾ ആണ്.

നീ ഇപ്പോൾ നോക്കിക്കേ എന്നെ നിഴൽ പോലെ കാണുന്നുണ്ടോ ?

ഇല്ലെടാ… ഇപ്പോൾ ഒന്നും കാണത്തില്ല.

സാരമില്ലെടാ… നീ നോക്കിക്കോ കൂടിവന്നാൽ രണ്ടോ മൂന്നോ ആഴ്ച്ച അതിനുള്ളിൽ നിനക്ക് എല്ലാം കാണാൻ പറ്റും.

ശ്രീജിത്ത്‌ മനസ്സ് നിറഞ്ഞു ചിരിച്ചു.

ഇപ്പോൾ അയാൾക്കുള്ളിലും പ്രതീക്ഷയുടെ വിത്തിന് മുള പൊട്ടിയിട്ടുണ്ട്.

എനിക്ക് കാഴ്ച്ച തിരികെ കിട്ടും. എനിക്ക് അവളെ കാണണം. മീനാക്ഷിയെ…
ഉള്ളം നിറയെ ഇപ്പോൾ അവളാണ്.

അവൾ മാത്രം..

**************

അതെ നമുക്ക് രണ്ടാൾക്കും കൂടി രൂപേഷിന്റെ വീട്ടിൽ ഒന്ന് പോകാം.എനിക്ക് എന്റെ മോനെ കാണാതിരിക്കാൻ പറ്റില്ല.എത്ര ദിവസമായി അവനെ ഒന്ന് കണ്ടിട്ട്. ഭാനുമതി ചന്ദ്രശേഖരനോട് പറഞ്ഞു

ശരിയാ നമുക്ക് ഒന്ന് പോവാം.

എന്തായാലും നമ്മൾ ചൊല്ലുന്ന വിവരം ശ്രീജിത്തിനോടും രൂപേഷിനോടും ഒന്ന് പറഞ്ഞേക്കാം അല്ലേ

ഉവ്വ് പറഞ്ഞേക്ക്..

അവർ വരുന്ന വിവരം അറിഞ്ഞപ്പോൾ ശ്രീജിത്തിന് വലിയ സന്തോഷമായിരുന്നു.

അവർ കാണട്ടെ മീനാക്ഷിയെ,

അമ്മയോട് ചോദിക്കാം അവൾ എങ്ങനെയാണെന്ന്…അമ്മ പറഞ്ഞു തരും. അവളുടെ രൂപം. അമ്മയോട് പറയണം,ഈ മകന്റെ മനസ്സ്  ആ പെൺകുട്ടി മോഷ്ടിച്ചെടുത്തിരിക്കുകയാണെന്ന്.

ഇനി താൻ മനസ്സിൽ കണ്ടതുപോലെ അവൾ സൗന്ദര്യവതിയായ ഒരു പെൺകുട്ടി അല്ലെങ്കിൽകൂടി ഇനി എനിക്ക് അവളെ മതി.

അല്ലെങ്കിലും സ്നേഹത്തിൽ സൗന്ദര്യത്തിന് എന്ത് പ്രസക്തി.

അയാൾ അവരുടെ വരവിനായി കാത്തിരുന്നു.

തുടരും……