പിന്നീടെപ്പോഴോ അവനെ കാണുന്ന ഓരോ നിമിഷവും ഹൃദയം പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി. അവൾക്കും പതിയെ മനസിലായി തനിക്ക് ശിവേട്ടനോടുള്ള ഇഷ്ടം വെറുമൊരു ഇഷ്ടമല്ലെന്ന്…

കല്യാണി

Story written by ASWANI PONNU

ഇന്നാണ് ശിവപ്രസാദിന്റെ കല്യാണം….അതായത് കല്യാണിയുടെ അപ്പച്ചിയുടെ മകൻ അവളുടെ പ്രിയപ്പെട്ട ശിവേട്ടന്റെ കല്യാണം…..

കല്യാണി പതിവിലും നേരത്തെ തന്നെ ഉണർന്നു വേഗത്തിൽ തന്നെ കുളിച്ചു കല്യാണത്തിന് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു..

അവൾ മെറൂൺ കളർ ദാവണിയെടുത്തു ദേഹത്തു വച്ചു നോക്കി തന്റെ കളറിന് മെറൂൺ തന്നെയാണ് നന്നായി ഇണങ്ങുന്നതെന്ന് ഒരിക്കൽ ശിവേട്ടൻ പറഞ്ഞത് അവൾ ഓർത്തു….

എന്താണെന്നറിയില്ല ഇന്നവൾക്കു എത്ര ഒരുങ്ങിയിട്ടും തൃപ്തി വരുന്നില്ലായിരുന്നു…ഒരുപക്ഷെ ഇന്നവൾക്ക് അതീവ സുന്ദരിയായി ശിവേട്ടന്റെ മുൻപിൽ നിൽക്കണമെന്ന് കരുതിയാകാം ഈ കാട്ടിക്കൂട്ടൽ

ഒരു നിമിഷം അവൾ കണ്ണാടിയിലേക്ക് നോക്കി… അവളുടെ കണ്ണിൽ നിന്ന് നീർതുള്ളികൾ അനുസരണയില്ലാതെ പെയ്യാൻ വെമ്പി നിന്നു…

വളരെ ചെറുപ്പം തൊട്ട് ശിവേട്ടന്റെ കയ്യിൽ തൂങ്ങി നടന്ന് ശിവേട്ടൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്നൊരു പൊട്ടിപ്പെണ്ണ്.

ഉത്സവത്തിനും കൊയ്തുപാട്ടിനെല്ലാം വാലുപോലെ കൂടെ കാണുന്നവൾ..

അവളുടെ പഠിക്കാനുള്ള മടിയെ കുറിച്ച് കളിയാക്കുമ്പോൾ നിന്നു ചിണുങ്ങുന്നൊരു കുറുമ്പിപ്പാറു അതായിരുന്നു കല്യാണി.

വളർന്നപ്പോഴും അതങ്ങനെ തന്നെയായി തുടർന്നു…

അപ്പച്ചിയും ശിവേട്ടനും എല്ലാ ഞായറാഴ്ചകളിലും വീട്ടിൽ വരുമായിരുന്നു. അന്ന് കല്യാണിക്ക് പതിവിലേറെ ഉത്സാഹം ആയിരിക്കും എല്ലാ കാര്യത്തിലും…

പിന്നീടെപ്പോഴോ അവനെ കാണുന്ന ഓരോ നിമിഷവും ഹൃദയം പെരുമ്പറ പോലെ കൊട്ടാൻ തുടങ്ങി…അവൾക്കും പതിയെ മനസിലായി തനിക്ക് ശിവേട്ടനോടുള്ള ഇഷ്ടം വെറുമൊരു ഇഷ്ടമല്ലെന്ന്……

എങ്കിലും ആ ഇഷ്ടമൊന്നും പ്രകടമാക്കാതെ അവൾ തന്റെ ഡയറിയിൽ എല്ലാം കോറിയിട്ടു

ഒരിക്കൽ വീട്ടിൽ വന്നപ്പോൾ യാദൃശ്ചികമായാണ് അവളുടെ മേശപ്പുറത്തിരുന്ന ഡയറി ശിവൻ കാണാനിടയായത്

അവനെകുറിച്ചു എഴുതിയതും അവന്റെ ചിത്രം വരച്ചതുമെല്ലാം നോക്കി നിൽക്കുമ്പോൾ പെട്ടന്നാണ് കല്യാണി റൂമിലേക്ക് കയറി വന്നത്….

ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ കല്യാണി നിന്ന് പരുങ്ങിയപ്പോൾ അവളുടെ കൈ പിടിച്ചു വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി ശിവൻ തൻറെ മീശ പിരിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി

ഏറെ നേരം അവന്റെ നോട്ടം താങ്ങാൻ അവൾക്ക് കഴിഞ്ഞില്ല…അവൾ നാണത്തോടെ തല താഴ്ത്തി നിന്നു ശേഷം അവനെ പിടിച്ചു ഉന്തിയിട്ടു ഓടിപോയി

ഏത് നേരവും ശിവേട്ടാ ശിവേട്ടാ എന്ന് വിളിച്ചു നടന്ന കല്യാണിക്ക് ആ സംഭവത്തിനു ശേഷം അവൻറെ മുന്നിൽ വരാൻ പോലും മടിയായി തുടങ്ങി

പിന്നീട് ശിവൻ വരുന്ന ദിവസങ്ങളിലെല്ലാം അവൾ അമ്മയുടെയും അപ്പച്ചിയുടെയും അടുത്തു നിന്നും മാറാതെ നിന്നു

ഒരു ദിവസം ശിവൻ അവളുടെ കയ്യും പിടിച്ചുവലിച്ച് മുറിയിലേക്ക് നടന്നു

നീ എന്താടി എന്നോട് മിണ്ടാത്തത്

ഒന്നുമില്ല…

ഒന്നുമില്ലാഞ്ഞിട്ടാണോ എന്നെ കാണുമ്പോൾ ഈ ഒളിച്ചുകളി

അത്….. പിന്നെ…. എനിക്ക്….. അല്ലെങ്കിൽ…ഒന്നുല്ല…..

ശിവൻ പതിയെ അവളുടെ കാതോരം വന്നു പറഞ്ഞു

ഒന്ന് പറയെടി കേൾക്കാനുള്ള ഇഷ്ടം കൊണ്ടാ…..

ശിവന്റെ കണ്ണിൽ നോക്കി ഒരിക്കൽ കൂടി അവൾ തന്റെ ഇഷ്ടം പറഞ്ഞു

ശിവന്റെ കണ്ണിലെ തിളക്കം കണ്ടു അവൾ നാണത്തോടെ അവിടെ നിന്നും ഓടുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല പഠനവസാനം നല്ല ഉദ്യോഗം വന്നു ചേർന്നപ്പോൾ അവളുടെ പത്താംക്ലാസ്സ്‌ യോഗ്യത അവനു കുറച്ചിലാകുമെന്ന്…

പണ്ട് നീട്ടിയെഴുതുന്ന വാലിട്ട കണ്ണുകളും ധാവണിയും ഇഷ്ടപ്പെട്ടിരുന്ന ആൾക്ക് എന്ന് മുതലാണ് അതൊക്കെ വേഷം കെട്ടലായി തോന്നി തുടങ്ങുമെന്ന്

മുത്തശ്ശിയുടെ ഓർമയ്ക്കിട്ട കല്യാണി എന്ന പഴഞ്ചൻ പേര് വിളിക്കാൻ പോലും അവനു വിളിക്കാൻ മടിയായി തുടങ്ങുമെന്ന്

അവസാനം കൂടെ ജോലി ചെയ്യുന്ന ഹിമയുമായി കല്യാണം ഉറപ്പിക്കുകയാണെന്ന് അപ്പച്ചി വന്നു അച്ഛനോട് പറയുമ്പോൾ ആയിരുന്നു കല്യാണിക്ക് എല്ലാത്തിന്റെയും ഉത്തരം ലഭിച്ചത്

എല്ലാത്തിനുമൊടുവിൽ തന്റെ ഡയറി കൂട്ടിയിട്ടു കത്തിച്ചു ഉറക്കെ കരഞ്ഞപ്പോൾ ഒന്നും ചോദിക്കാതെ തന്നെ അമ്മ അവളെ ചേർത്ത് പിടിച്ചു

അല്ലെങ്കിലും അച്ഛനും അമ്മയ്ക്കും അപ്പച്ചിക്കുമെല്ലാം എല്ലാം അറിയാമായിരുന്നെങ്കിലും എല്ലാവരും മൗനത്തിന്റെ മൂടുപടം ധരിച്ചു…..

മോളെ നീ റെഡി ആയോ…?

അമ്മയുടെ വിളി ആണ് ചിന്തയിൽ നിന്നും കല്യാണിയെ ഉണർത്തിയത്

റെഡി ആയമ്മേ

അതും പറഞ്ഞു അമ്മയുടെ മുൻപിലേക്ക് അവൾ വന്നപ്പോൾ അമ്മയും ഒന്ന് ഞെട്ടിക്കാണും കാരണം കുറേ കാലത്തിനു ശേഷമാണ് കല്യാണിയെ ഇങ്ങനെ ഒരുങ്ങി കാണുന്നത്

ശിവേട്ടന്റെ വീട്ടിൽ എത്തിയപ്പോൾ തൂവെള്ള ഷർട്ടും മുണ്ടുമുടുത്തു ചെത്തി നിൽക്കുന്ന ശിവേട്ടന് ഒരു പുഞ്ചിരി നൽകികൊണ്ടവൾ ചെന്നു

ശിവനും കണ്ണിമ വെട്ടാതെ അവളെ നോക്കുന്നുണ്ട്

സ്വന്തമായി തയ്ച്ചു ഉണ്ടാക്കിയ കാശുകൊണ്ട് വാങ്ങിയ മോതിരം ആ കൈകളിൽ അണിഞ്ഞു കൊടുക്കുമ്പോൾ ചുണ്ടിൽ ഒരു കൃത്രിമ പുഞ്ചിരി ഫിറ്റ് ചെയ്യാൻ അവൾ മറന്നില്ല

അവളോട് എന്തോ പറയാൻ തുനിഞ്ഞപ്പോൾ കാണാത്ത ഭാവത്തിൽ അവൾ മുൻപോട്ട് നീങ്ങി….

ഹിമയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ശിവന്റെ നോട്ടം കല്യാണിയിലേക്ക് ഇടയ്ക്ക് പാറി വീണു

അവിടെനിന്നു കണ്ണുകൾ നിറയാതിരിക്കാൻ കല്യാണി പ്രത്യേകം ശ്രദ്ധിച്ചു…. കാരണം അച്ഛന്റെയും അമ്മയുടെയും അപ്പച്ചിയുടെയും നോട്ടം അവളിൽ ഉണ്ടാകുമെന്ന് അവൾക്കറിയാമായിരുന്നു…..

അന്ന് രാത്രി ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ ലയിച്ചു പുറത്തേക്കൊഴുകിയ അവളുടെ കൈത്തണ്ടയിൽ നിന്നും വന്ന രക്തം അവിടമാകെ പരന്നു ഒഴുകി അവിടെ ഒരു ചോരപ്പുഴ ഒഴുകി അതിൽ മുങ്ങിത്താണു കൊണ്ട് അവൾ പിടഞ്ഞു

അമ്മേ……

എന്താ കല്ലു എന്ത് പറ്റി…..

വിയർത്തുകുളിച്ച കല്യാണിയോട് ആകാശ് ചോദിച്ചു…. അവൾ കയ്യിലേ ബ്ലേഡ് വച്ച അടയാളത്തിലേക്ക് നോക്കി…..

ഇന്ന് നമ്മൾ ശിവനെ കണ്ടതുകൊണ്ട് ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു….

ആകാശ് പതിയെ അവളുടെ കയ്യിൽ തലോടി

കഴിഞ്ഞതൊന്നും അത്ര പെട്ടന്ന് മറക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല……ആകാശ് നിനക്കെന്നോട് ദേഷ്യമുണ്ടോ…

എന്താടോ ഇത്…എല്ലാം നിമിത്തമല്ലേ….. അവന്റെ സുഹൃത്തായ എല്ലാം അറിയുന്ന ഞാൻ അന്ന് കല്യാണത്തിന് ശ്രദ്ധിച്ചതെല്ലാം നിന്നെ ആയിരുന്നു….അന്ന് വീട്ടിലേക്ക് പോന്നിട്ടും എനിക്ക് ഉറക്കം വന്നില്ല…രാത്രി ആയപ്പോൾ മനസ്സിൽ എന്തൊക്കെയോ അരുതാത്തത് സംഭവിക്കുമെന്ന് തോന്നിയതുകൊണ്ടാ ഓടി വന്നു നിന്നെ കാണണമെന്ന് നിന്റെ വീട്ടിൽ വന്നു വാശിപിടിച്ചതും….

ആദ്യം അച്ഛൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിക്കാൻ വന്നപ്പോൾ അല്ലെ കൈ മുറിച്ചു കിടന്ന നിന്നെ കണ്ടതും ഞാൻ കൈകളിൽ കോരിയെടുത്തു ഹോസ്പിറ്റലിലേക്ക് ഓടിയതുമെല്ലാം

പണവും പദവിയും കണ്ടു മയങ്ങിയ ശിവനു നിന്നെ പോലെ നല്ലൊരു പെണ്ണിനെ അർഹിക്കുന്നില്ലെടീ പെണ്ണെ

നിന്റെ കളങ്കമില്ലാത്ത സ്നേഹം എനിക്ക് വേണം നിന്നെ ശരിക്കും ഇഷ്ടമായിട്ടു തന്നെയാ കാത്തിരുന്നിട്ടാണേലും നിന്നെ ഞാൻ സ്വന്തമാക്കിയത്

കല്യാണിയെ ദേഹത്തോട് ചേർത്ത് പിടിച്ചുകൊണ്ടു ആകാശ് പറഞ്ഞു

ഇന്ന് നീ കണ്ടില്ലേ എല്ലാം നഷ്ടപെട്ട് മദ്യപിച്ചിരിക്കുന്ന അവനെ

നിന്റെ ശാപമാകാം അവന്റെ ജോലി പോയതും അവൻ ചോര നീരാക്കി ഉണ്ടാക്കിയതെല്ലാം അവൾ സ്വന്തമാക്കി മറ്റൊരുത്തനൊപ്പം പോയതും അവരുടെ ബന്ധം വേർപെടുത്തി മദ്യത്തിനടിമയായ് എത്തിനിൽക്കുന്ന അവസ്ഥ വരെ അവനുണ്ടായതുമെല്ലാം

കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ മറന്നേക്ക്…… അന്നങ്ങനെ സംഭവിച്ചതെല്ലാം നന്നായി അതുകൊണ്ടാണല്ലോ ഈ കല്ലൂസിനെ എനിക്ക് കിട്ടിയത്….

ആകാശ് കല്യാണിയെ പിടിച്ചു നെറ്റിയിൽ അമർത്തിയൊന്ന് ചുംബിച്ചു…കല്യാണി ആകാശിന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു….

??ശുഭം ??