എന്റെ അറിവില്ലാത്ത പ്രായത്തിൽ എനിക്കുണ്ടായ ചൂഷണങ്ങൾ ഒന്നും എന്റെ മോൾക്ക് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല…

എഴുത്ത്: ദേവാർദ്ര ആർ

ഓഫീസിൽ നിന്ന് ഇറങ്ങി അടുത്തുള്ള ബുക്ക് സ്റ്റാളിൽ കേറി ഒരു പാക്കറ്റ് ക്രയോണും വാട്ടർകളറും വാങ്ങി മീര വീട്ടിലേക്കുള്ള ബസ്സ് കയറി.

കുറച്ചു ദിവസം കൊണ്ടെ പുതിയ ക്രയോൺ വാങ്ങി കൊടുക്കാനായി ദേവൂട്ടി മീരയുടെ പിന്നാലെ നടന്ന് കെഞ്ചുന്നുണ്ട്. ബസ്സിറങ്ങി നടന്ന് വീടിന്റെ ഗേറ്റ് തുറന്നതും പതിവില്ലാതെ മുൻവാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു. മീര നാലുവശവും ഒന്ന് നോക്കിയിട്ട് പിൻഭാഗത്തെ വാതിലിനടുത്തേക്ക് നടന്നു. അവിടെയും അടച്ചിട്ടിരിക്കുകയാണ്.

“ഈ നേരം ഈ അമ്മയും ദേവൂട്ടിയും ഇത് എവിടെ പോയി… അമ്മയിന്ന് എവിടെയും പോകും എന്നൊന്നും പറഞ്ഞിരുന്നില്ലല്ലോ…”

മീര ചിന്തിച്ചു കൊണ്ടിരിക്കെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. അവൾ വീടിന്റെ മുൻ ഭാഗത്തേക്ക് നടന്നതും ഗേറ്റ് തുറന്ന് ഇറങ്ങി വരുന്ന ദേവൂട്ടിയേം അമ്മയേം കണ്ടു. മീരയെ കണ്ടതും ചിരിച്ചുകൊണ്ട് ഓടി വന്ന് അഞ്ചു വയസ്സുകാരി ദേവുട്ടി കാലിൽ ചുറ്റി കെട്ടിപിടിച്ചു.മീര ദേവൂട്ടിയെ കെട്ടിപിടിച്ച് നനുത്ത കവിളത്ത് ഒരുമ്മയും കൊടുത്തുകൊണ്ട് ബാഗിലിരുന്ന ക്രയോണും വാട്ടർ കളറും എടുത്ത് കൈകളിലേക്ക് വെച്ചു കൊടുത്തു.അത് കണ്ടതും കുഞ്ഞു കണ്ണുകൾ ഒന്ന് തിളങ്ങി.ദേവൂട്ടി തിരിച്ചും മറിച്ചും നോക്കി ഒന്ന് തലോടി കൊണ്ട് അതിൽ ഉമ്മ വെച്ചു.ശേഷം മീരയുടെ അമ്മ സുധയെ അത്കൊണ്ട് കാണിച്ചു കൊടുത്തിട്ട് വീടിന് അകത്തേക്ക് ഓടി.

“അമ്മ ഇത് എവിടെ പൊയെക്കുവാരുന്നു …. ഇന്ന് എവിടെയും പോകുമെന്ന് പറഞ്ഞിരുന്നില്ലല്ലോ.. പറഞ്ഞിരുന്നെ ഞാൻ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങില്ലായിരുന്നോ..”

” അത് നിന്റെ ദേവി ചെറിയമ്മയുടെ ഭർത്താവിന്റെ അനിയൻ മരിച്ചു.. ഉച്ചയ്ക്കാ ദേവി വിളിച്ചുപറഞ്ഞത്.. അവര് പോണവഴിക്ക് എന്നെയും കൂടി ഇവിടെ വന്ന് കൂട്ടിക്കൊണ്ടു പോയി”

” അപ്പൊ അമ്മ ദേവൂട്ടിയെ കൊണ്ടുപോയില്ലായിരുന്നോ?” മീര ആശങ്കയോടെ സുധയോട് ചോദിച്ചു

” ഇല്ല മരണം വീട്ടിൽ കുഞ്ഞിനെയും കൊണ്ടുപോകേണ്ട എന്ന് കരുതി”

” പിന്നെ അമ്മ മോളെ എവിടെ നിർത്തിയിട്ട് പോയി?”

” ഞാൻ അപ്പുറത്തെ ജയരാമേട്ടന്റെ വീട്ടിൽ മോളെ നിർത്തിയിട്ട് പോയി ” അത് കേട്ടതും മീരയ്ക്ക് ദേഷ്യം ഇരച്ചു കയറി

“അമ്മ ആരോടെ ചോദിച്ചിട്ടാ മോളെ അവിടെ നിർത്തിയിട്ട് പോയത്? അമ്മയ്ക്ക് എന്നെ വിളിച്ച് പറഞ്ഞൂടായിരുന്നോ? ഞാൻ ഓഫീസിന്ന് നേരത്തെ ഇറങ്ങുമായിരുന്നല്ലോ”

മീരയുടെ ദേഷ്യവും മുഖഭാവോം കണ്ടതും സുധ ഒരു പകപ്പോടെ മകളെ നോക്കി.

” മീരേ ഉച്ചതിരിഞ്ഞിട്ടാ ചെറിയമ്മ വിളിച്ചുപറഞ്ഞത്. നിനക്ക് ഹാഫ് ഡേ ലീവ് കിട്ടില്ലെന്ന് ചിന്തിച്ചിട്ടാ ഞാൻ മോളെ അവിടെ ആക്കിയിട്ട് പോയത്.”

“ഞാൻ പലതവണ പറഞ്ഞിട്ടില്ലേ അമ്മയോ ഞാനോ ഇല്ലാത്ത നേരം മോളെ ഒറ്റയ്ക്ക് എവിടെയും വിടരുതെന്ന് ,പ്രേത്യകിച്ച ആണുങ്ങൾ ഉള്ളിടത്തേക്ക് “

“അതിനിപ്പോ ന്താ മീരേ ..അവിടെയിപ്പോ ഇന്ദുവും ഉണ്ടല്ലോ..അതുകൊണ്ടല്ലേ ഞാൻ അവിടെ നിർത്തിയിട്ട് പോയത് “

സുധയുടെ മറുപടി കേട്ടതും മീരയുടെ സർവ്വ നിയന്ത്രണവും വിട്ടു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

“എന്ന് കരുതി …കുഞ്ഞിനെ അവിടെയാക്കിയിട്ട് പോകുവോ..ഇന്ദുവേച്ചി ഏത് നേരോം മോൾടെ പിറകെ നടക്കുവോ?ഒന്ന് കണ്ണ് തെറ്റിയാ മതി …..”

” നീ എന്തൊക്കെയാ മീരേ ഈ പറയുന്നേ..”

“അമ്മ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത്…പത്രത്തിലും ടീവിയിലും വരുന്ന ന്യൂസൊന്നും കാണാറില്ലേ..സ്വന്തം അച്ഛനെ പോലും വിശ്വസിച്ചുടാത്ത കാലമാ..അപ്പഴാ അയലോക്കത്തുള്ളവരടുത്ത് മോളെ ഒറ്റയ്ക്ക് ആക്കിയിട്ട് പോയേക്കുന്നത് . അമ്മയ്ക്കത്ര ബോധമില്ലേ”

“ജയരാമേട്ടൻ അങ്ങനെ ഒരാളൊന്നുമ്മല്ല” സുധയത് പറഞ്ഞു നിർത്തിയതും എടുത്തടിച്ച പോലെ മീര ചോദിച്ചു

“അത് അമ്മയ്ക്ക് എങ്ങനെ അറിയാം ?എന്റെ അറിവില്ലാത്ത പ്രായത്തിൽ എനിക്കുണ്ടായ ചൂഷണങ്ങൾ ഒന്നും എന്റെ മോൾക്ക് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല “

മീരയത് പറഞ്ഞുകൊണ്ട് കാറ്റ് പോലെ വീടിനകത്തേക്ക് കടന്നു..അപ്പോഴും മീരയുടെ മറുപടി കേട്ട് സുധ വിറങ്ങലിച്ചു വീട്ട് മുറ്റത്ത് തന്നെ നിന്നു.

മീര അവൾടെ റൂമിനുള്ളിലേക്ക് കടന്ന് കൊണ്ട് തോളത്തിട്ടിരുന്ന ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.അവക്ക് ആരോടൊക്കെയോ എന്തിനോടൊക്കെയോ ദേഷ്യം തോന്നി.അവൾ ബെഡ് ഷീറ്റിൽ ഞെരിച്ചു പിടിച്ചു.

മീര അങ്ങനെയിരിക്കവേ ദേവൂട്ടി ഓടി വന്ന് അവൾടെ മടിയിലേക്ക് കിടന്നു. ദേവുട്ടിയുടെ മുഖം കണ്ടതും അവൾടെ ദേഷ്യം അലിഞ്ഞില്ലാതെയായി.മീര പതിയെ ദേവൂട്ടിയുടെ തലയിൽ തടവി കൊണ്ട് കുനിഞ്ഞു നെറ്റിയിൽ ഒരുമ്മ കൊടുത്തു.

അവൾടെ മനസിലേക്ക് വർഷങ്ങൾക്ക് മുൻപ് വഷളൻ ചിരിയോടെ ഒരേഴു വയസ്സുകാരിയുടെ മാറിടത്തിലേക്കും നിതംബത്തിലേക്കും തുടയ്ക്ക് മുകളിലേക്കും ഇഴഞ്ഞു കയറിയ ബലിഷ്ടമായ കൈകൾ ഓർമ വന്നു .ആ ഓർമയിൽ അവൾ കണ്ണുകൾ ഇറുക്കെ പൂട്ടിയിരുന്നു.അന്ന് തനിക്കത് മനസിലാക്കാനുള്ള അറിവില്ലായിരുന്നു.ആരും പറഞ്ഞ് തന്നിട്ടും ഇല്ലായിരുന്നു.

തനിക്ക് നേരെയുണ്ടായ ചൂഷണം മനസിലാക്കാൻ വർഷങ്ങൾ പിന്നിട്ടു. ഇല്ല എന്റെ മോൾ എന്നെ പോലെയാവാൻ പാടില്ല.അവൾ എല്ലാം മനസിലാക്കി തന്നെ വളരണം. എപ്പോഴും ന്റെ ശ്രേദ്ധ കിട്ടണമെന്നില്ല.ഒന്ന് കണ്ണ് തെറ്റിയ മതി..അവളെയവൾ സ്വയം സംരക്ഷിക്കണം.തനിക്കിതൊന്നും പറഞ്ഞു തരാൻ ആരുമില്ലായിരുന്നു. അവൾ ചെറുങ്ങനെ ദേവുട്ടിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി ..

“ദേവൂട്ടാ ..അമ്മ പറയുന്നത് മോള് എപ്പഴും മനസ്സിൽ വെച്ചേക്കണം കേട്ടോ, അമ്മയല്ലാതെ വേറെയാരേം മോൾടെ ശരീരത്തോ സ്വകാര്യ ഭാഗങ്ങളിലോ ഒന്നും തൊടാൻ അനുവദിക്കരുത് ..മോളെ ഉമ്മ വെയ്ക്കാനോ കെട്ടിപിടിക്കാനോ സമ്മതിക്കരുത്. പ്രേത്യകിച്ചും ആണുങ്ങളെ. ഇഷ്ടപെടാത്ത രീതിയിലോ അസ്വസ്ഥത തോന്നുന്ന രീതിയിലോ ആരെങ്കിലും അങ്ങനെ ന്തെങ്കിലും ചെയ്താൽ അത് അമ്മയോട് വന്ന് പറയണം…അതിപ്പോ ആണായാലും പെണ്ണ് ആയാലും….”

മടിയിൽ കിടന്നുകൊണ്ട് എല്ലാം മൂളി കേട്ട് സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്ന ദേവൂട്ടീടെ തലയിൽ തഴുകി മീര അവൾക്ക് മനസിലാകുന്ന പോലെ പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു…..

********************

ഇവിടെ ഒരിക്കലും എല്ലാ പുരുഷന്മാരെയും അടച്ച് ആക്ഷേപിച്ചതൊന്നുമല്ല. എല്ലാരും അങ്ങനെയാണ് എന്നല്ല പറയുന്നത്. അങ്ങനെ തോന്നിയെങ്കിൽ ദയവായി ക്ഷമിക്കുക. നമ്മടെ മക്കളെ നമ്മൾ തന്നെയാ എല്ലാം പറഞ്ഞു മനസിലാക്കി കൊടുത്തു വളർത്തേണ്ടത്. അച്ഛനും അമ്മയ്ക്കും അതിൽ തുല്യ പങ്കുണ്ട്. കുട്ടികൾക്ക് നേരെയുള്ള ചൂഷണങ്ങൾ ദിനംപ്രതി കൂടി കൂടി വരുകയാണ് .പല കുട്ടികളും പേടിച്ചിട്ടും അറിവില്ലായ്മ കൊണ്ടും പറയാതെയും മറച്ചുവെയ്ക്കുകയും ചെയുന്നു.ചെറുപ്രായത്തിൽ തന്നെ അവരെ വേണ്ടത്ര ലൈംഗിക ചുഷണങ്ങളെ പറ്റി പറഞ്ഞു കൊടുത്തു വളർത്തുക…