ദേവാസുരം ~ ഭാഗം 12 & 13, എഴുത്ത്: ANJALI ANJU

മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…

അലെക്സിന് മറ്റെവിടെയോ പോവാൻ ഉള്ളത് കൊണ്ട് കഴിച്ചിട്ട് അവർ ഇറങ്ങി. ഇന്ദ്രൻ നിർബന്ധിച്ചെങ്കിലും അലീനയും അവനോടൊപ്പം പോയി. പലപ്പോഴും അലീന പണ്ടത്തേതിൽ നിന്ന് വത്യസ്തമായി തന്നിൽ നിന്ന് അകലം കാട്ടുന്നത് ഇന്ദ്രന് മനസിലാവുന്നുണ്ടായിരുന്നു. എന്ത് കൊണ്ടോ ഉള്ളിൽ ഒരുപാട് വിഷമം. ചിലപ്പോൾ തന്റെ വിവാഹം കഴിഞ്ഞതിനാലാവാം. അല്ല തന്റെ ഇഷ്ടം അവളെ അറിയിച്ചതിൽ പിന്നെ അങ്ങനെയാണ്. പിന്നീട് ഒരിക്കലും തന്റെ പഴയ അലീ ആയി അവൾ പെരുമാറിയിട്ടില്ല. പണ്ടത്തെ അലീനയെ അവൻ ഓർത്തെടുത്തു. കുട്ടിക്കാലം മുതൽക്കേ തങ്ങൾ കൂട്ടുകാരായിരുന്നു. തങ്ങൾക്കിടയിൽ ആണെന്നും പെണ്ണെന്നുമുള്ള വേലിക്കെട്ടുകൾ ഉണ്ടായിരുന്നില്ല. വളർന്നു വന്നപ്പോളും അങ്ങനെ തന്നെ ആയിരുന്നു. അലക്സ് ആണ് അവൾക്ക് തന്നോടുള്ള അടുപ്പത്തെ പറ്റി ആദ്യം സൂചന നൽകിയത്. ആദ്യം എനിക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും ഇടക്കെപ്പോളോ അവളുടെ പെരുമാറ്റം പ്രണയമാണെന്ന് ഞാനും ഉറപ്പിച്ചു. പിന്നീട് അങ്ങോട്ടാണ് അവളെ ഞാനും ശ്രദ്ധിച്ചു തുടങ്ങിയത്. അവളുടെ ഒരോ കുസൃതികളും ഞാനും ആസ്വദിച്ചു. പലപ്പോഴും രുദ്രേച്ചി എനിക്ക് തരുന്ന സ്നേഹവും കരുതലും അവളിൽ നിന്നും ലഭിച്ചിരുന്നു. എനിക്ക് ഒരു പ്രശ്നം ഉണ്ടായാൽ അവൾക്കെന്ന പോലെ പരിഹാരം കണ്ടെത്തിയിരുന്നു. തന്റെ തെറ്റ് കൊണ്ടാണോ അവൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന ചിന്ത അവനെ അസ്വസ്ഥൻ ആക്കി. അല്ല ഒന്നിന് വേണ്ടിയും തന്നെ അകറ്റി നിർത്താൻ അവൾക്കാവില്ല.

“ഏട്ടാ കഴിക്കുന്നില്ലേ?”

ജാനുവിന്റെ ചോദ്യമാണ് അവനെ ഉണർത്തിയത്.

“മ്മ്.”

കഴിക്കാനായി ഇരിക്കുമ്പോളും ഇന്ദ്രനിലെ ഭാവ മാറ്റം ജാനു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജാനുവിന്റെ സംശയങ്ങളെ ഇന്ദ്രന്റെ മാറ്റം ബലപ്പെടുത്തി. തന്റെ ഭർത്താവിന് മറ്റൊരു പെണ്ണിനോട് പ്രണയം ഉണ്ടെന്നത് അവളെയും തളർത്തി. അവളുടെയും ഊർജം കുറഞ്ഞു പോയത് പോലെ. രണ്ടാളും മൂകമായിരുന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഒറ്റക്ക് ഇരിക്കാൻ രണ്ടാളും ആഗ്രഹിച്ചത് പോലെ. രാത്രിയും വളരെ വൈകിയാണ് ഇന്ദ്രൻ കിടക്കാൻ വന്നത്. അവളും അവനെ അകറ്റി നിർത്താൻ ആഗ്രഹിച്ചു. പിന്നീട് ഇന്ദ്രൻ തന്റെ ഓഫീസിലെ തിരക്കുകളിലും ജാനു പഠനത്തിലും മുഴുകി.

“നീയെന്താ ചിന്താവിഷ്ടയായ സീതയെ പോലെ ഇരിക്കുന്നത്?”

പതിവിന് വിപരീതമായി എക്സാം ഹാളിന് പുറത്ത് ചിന്തയിലാണ്ടിരിക്കുന്ന ജാനുവിനോട് ദേവു ചോദിച്ചു.

“ഒന്നുമില്ല.”

ദേവുവിന്റെ മുഖത്തേക്ക് നോക്കാതെയാണ് ജാനു മറുപടി പറഞ്ഞത്. അപ്പോളേക്കും എക്സാം തുടങ്ങാനുള്ള ബെൽ അടിച്ചത് കൊണ്ട് ദേവു കൂടുതലായൊന്നും ചോദിച്ചില്ല. രണ്ടാളും അകത്തേക്ക് കയറി.

എക്സാം കഴിഞ്ഞ് പതിവ് പോലെ റൂമിന് പുറത്ത് ജാനുവിനെ കാണാതായപ്പോളെ ദേവുവിന് കാര്യം മനസ്സിലായിരുന്നു. അവൾ വേഗത്തിൽ പതിവ് സ്ഥലത്തേക്ക് നടന്നു.

“കാര്യം പറ.”

ജാനുവിന് അരികിലായി ഇരുന്നു കൊണ്ട് ദേവു പറഞ്ഞു. ദേവുവിന്റെ മുഖത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“എന്താടാ എന്ത് പറ്റി? എന്നോട് പറ.”

ദേവുവിന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല. എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. തന്റെ സംശയങ്ങൾ ഉൾപ്പെടെ. അവളെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

“നിന്റെ സംശയം ശെരിയാണെന്ന് വെക്കാം. പക്ഷെ പിന്നെന്തിനാണ് ഏട്ടൻ നീയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്? അറിഞ്ഞടുത്തോളം നിന്നെക്കാൾ നല്ല ബന്ധം അതാണ്. അടുത്തറിയുന്ന ആളുകളും. അവർക്ക് ഇഷ്ടമുണ്ടെങ്കിൽ കെട്ടി കൂടെ.”

“അമ്മ സമ്മതിക്കാഞ്ഞിട്ടാണോ ഇനി അമ്മയോട് ദേഷ്യം.”

ജാനു തന്റെ സംശയം അവളോടു പറഞ്ഞു.

“അത് ശെരിയാവാം. പക്ഷെ അറിഞ്ഞടുത്തോളം നിന്റെ അമ്മായി അമ്മ ജാതി വേറെ ആയത് കൊണ്ട് മാത്രം വിവാഹത്തിന് സമ്മതിക്കാതെ ഇരിക്കുമോ?”

“അതും ശെരിയാണ്. അങ്ങനെ ഇരുന്നാലും ഏട്ടൻ അതിനെ എതിർത്തു അവളെ തന്നെ കെട്ടും. ആ രീതിയിലാണ് ഏട്ടന്റെ സ്വഭാവം.”

“അത് തന്നെ അതാണ് എന്റെയും സംശയം. നിന്റെ ഏട്ടൻ അവളെ കെയർ ചെയ്യുന്നതൊക്കെ പോട്ടെ അവളുടെ പെരുമാറ്റത്തിൽ ഏട്ടനോട് ഇഷ്ടം ഉള്ള പോലെ എന്തെങ്കിലും ഉണ്ടോ?”

“സാധാരണ ഫ്രണ്ട്സ് സംസാരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.”

അൽപ സമയം ആലോചിച്ചിട്ടാണ് ജാനു അത് പറഞ്ഞത്.

“അപ്പോ നീ പേടിക്കണ്ട. നിന്റെ ഏട്ടൻ ഒന്നെങ്കിൽ ഇഷ്ടം അവളെ അറിയിച്ചിട്ടില്ല. അല്ലെങ്കിൽ അവൾ അത് നിരസിച്ചു.”

“ഏഹ്?”

“ആടി. അവളിൽ നിന്നൊരു പോസിറ്റീവ് റെസ്പോൺസ് ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പൊ അവിടെ ഉണ്ടാകില്ലായിരുന്നു.”

“പക്ഷെ ഏട്ടനെ അവൾക്ക് ഇഷ്ടല്ലാതാവുമോ?”

“അതെന്താ നിന്റെ ചേട്ടൻ കാമദേവൻ ആണോ? ഒന്ന് പൊക്കോണം. നീ ഇതിനാണോ സങ്കടപ്പെട്ടത്? ഡീ പൊട്ടിക്കാളി എന്തൊക്കെ പറഞ്ഞാലും നീ അങ്ങേരുടെ ഭാര്യ ആണ്. നിന്നോടാണേൽ പുള്ളിക്ക് ചെറിയ ഇഷ്ടം ഒക്കെ ഉണ്ട്.”

“എപ്പോ?”

“ഓ ഒന്നും അറിയാത്തത് പോലെ.”

ഒരു കള്ള ചിരിയോടെ ദേവു പറയുന്നത് കണ്ടപ്പോളേ അവൾ ഉദേശിച്ചത് മനസിലായി.

“അല്ലെടാ ഏട്ടൻ എല്ലാവരോടും അങ്ങനാ. ഏട്ടൻ സ്നേഹിക്കുന്നവരെ നന്നായി കെയർ ചെയ്യും. സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന ടൈപ്പ് അല്ല. അത് കണ്ടു ഞാനും തെറ്റിദ്ധരിച്ചതാ.”

“ഓ അതായത് എന്റെ അച്ഛനെ പോലെ ഒരു മൂരാച്ചി അല്ലെന്ന്.”

“ദേ ദേവു നിന്റെ അച്ഛൻ കേൾക്കണ്ട അന്നത്തോടെ നീ തീരും.”

ദേവുവിന്റെ അച്ഛൻ വല്യ ദുർവാശിയും കൃത്യനിഷ്ഠയുമൊക്കെ ഉള്ള ഒരു റിട്ടയേർഡ് മിലിറ്ററിക്കാരൻ ആണ് കേട്ടോ. അവളുടെ കള്ളത്തരമൊന്നും അവിടെ വിലപ്പോകില്ല. ഓരോ കുരുത്തക്കേട് കാട്ടുമ്പോളും നല്ല അടി കിട്ടും എന്നാലും അവൾ നന്നായിട്ടില്ല. അവൾക്ക് പേടിയും ഇല്ല.

“അത് പോട്ടെ. ഏതായാലും നീ വിചാരിച്ചാൽ നിന്റെ കെട്ടിയോൻ നിന്നെ വിട്ട് എങ്ങും പോവില്ല.”

“എങ്ങനെ?”

“ഓ പൊട്ടി നീ ഒന്നും ചെയ്യണ്ട. സാധാരണ ചെയ്യില്ലേ, എല്ലാരേയും സ്നേഹിക്കില്ലേ അത് തന്നെ മതി. ഒന്നും പ്രതീക്ഷിക്കാതെ ഏട്ടനെ പ്രണയിക്കുക. അങ്ങനെ വിട്ടിട്ട് പോവാൻ ആർക്കും പറ്റില്ലെന്നേ.”

അതേ എളുപ്പമുള്ള കാര്യമാണ്. ഇന്ന് വരെ താൻ സ്നേഹിച്ചവരിൽ നിന്ന് ഒന്നും കിട്ടിയിട്ടില്ല താനൊട്ട് ഒന്നും പ്രതീക്ഷിച്ചിട്ടും ഇല്ല. ദേവു പറഞ്ഞതിലും കാര്യമുണ്ട്. അലീനയെ ഇഷ്ടമായിരുന്നെങ്കിലും പണ്ടത്തെ കാര്യമല്ലേ. അങ്ങനെ നോക്കാൻ ആണെങ്കിൽ വിഷ്ണു ഏട്ടനെ പറ്റി ഇന്ദ്രേട്ടനും പറയണമല്ലോ.

“താങ്ക്സ് മുത്തേ..”

ദേവുവിനെ കെട്ടി പിടിച്ച് കൊണ്ടാണ് ജാനു അത് പറഞ്ഞത്.

“അല്ല ഇതൊക്കെ നീ എപ്പോ പഠിച്ചു ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കാൻ?”

സംശയ ഭാവത്തിൽ ജാനു ചോദിച്ചത് കേട്ടതും ദേവു നിന്നു പരുങ്ങി.

“ഹേയ് അങ്ങനെയൊക്കെ അല്ലേ നമ്മൾ കാണുന്നത് സിനിമയിലൊക്കെ.”

“ഏത് സിനിമയിൽ?”

“അതെന്തെങ്കിലും ആവട്ടെ നീ പോയി ഞാൻ പറഞ്ഞ പോലെ ചെയ്യാൻ നോക്ക്.”

“എന്തോ ഉണ്ടല്ലോ?”

“ഇത് കൊള്ളാം. കഷ്ടപ്പെട്ട് CID പണി ചെയ്ത് ഓരോന്ന് പറഞ്ഞു തന്നപ്പോൾ വാദി പ്രതിയായോ?”

“ആയിക്കോട്ടെ. അല്ല എന്താ ഇനി ചെയേണ്ടത്?”

“അലീന മോഡേൺ അല്ലേ അപ്പോ അങ്ങനത്തെ പെണ്ണിനെ ആവും നിന്റെ ഏട്ടനും ഇഷ്ടം. നമുക്ക് ഈ കൊറിയൻ സീരിയലിൽ കാണും പോലെ ഒരു മേക്ക് ഓവർ ചെയ്താലോ?”

“അതൊക്കെ ഭയങ്കര ഓവർ അല്ലേ മോളേ. ഞാൻ എങ്ങനെ ഇരിക്കുന്നോ അത് പോലെ ഇഷ്ടപ്പെട്ടാൽ മതി. അല്ലാതെ എനിക്ക് എന്റെ ഐഡന്റിറ്റി മാറ്റാൻ പറ്റില്ല.”

“അതും ശെരിയാ. പക്ഷെ നിന്റെ ഈ ഓഞ്ഞ ലുക്ക്‌ കുറച്ചു മാറ്റണം. ചെറിയ പൊടി കൈകൾ നമുക്ക് തന്നെ ചെയ്യാം. എന്റെ ഒരു ചേച്ചിയുടെ പാർലർ ഉണ്ട് നമുക്ക് ഇടക്ക് അവിടെ പോവാം.”

“മ്മ്.”

വൈകിട്ട് ഇന്ദ്രൻ വരും വരെ രണ്ടാളും അവിടിരുന്നു പ്ലാനിങ്ങിൽ ആയിരുന്നു. പതിവ് പോലെ ദേവുവിനെ വീട്ടിൽ ആക്കിയിട്ടാണ് അവർ പോയത്.

രാവിലെ പോയതിൽ നിന്നും വത്യസ്തമായാണ് ജാനു തിരികെ വീട്ടിൽ എത്തിയത്. പഴയ കരുത്ത് തിരിച്ചു വന്നത് പോലെ. മാമനെയും രുദ്രേച്ചിയേയും വിളിച്ചു. എക്സാം കഴിഞ്ഞ് ചേച്ചിയുടെ വീട്ടിൽ ഒരാഴ്ച്ച നിൽക്കാൻ വരണമെന്ന് പറഞ്ഞു. ഇന്ദ്രനെ കൊണ്ടും സമ്മതിപ്പിക്കാൻ ജാനുവിനെ ഏൽപ്പിച്ചിട്ടാണ് വെച്ചത്. രാത്രിയിൽ മുറിയിലേക്ക് ചെന്നപ്പോൾ ഇന്ദ്രൻ വലിയ ആലോചനയിൽ ആയിരുന്നു. ആളുടെ മൂഡ്‌ ശെരിയാക്കാമെന്ന് വെച്ചു ജാനു അങ്ങോട്ടേക്ക് കയറി സംസാരിച്ചു.

ആദ്യമൊക്കെ താൽപര്യക്കുറവ് കാണിച്ചെങ്കിലും മുത്തശ്ശിയെ പറ്റി പറഞ്ഞപ്പോൾ ആള് ഓൺ ആയി. അത്രത്തോളം ഇന്ദ്രനെ സ്വാധീനിച്ച മറ്റൊരു വ്യക്തി ഇല്ലെന്ന് ജാനുവിന് അറിയാമായിരുന്നു. പിന്നെ കുട്ടിക്കാലത്തെ വീര വാദമായി. ഓ തള്ളൽ ഒരു രക്ഷയുമില്ല. ജാനുവിനും അതൊക്കെ കേട്ടറിവായിരുന്നു. മുത്തശ്ശിയും തറവാടും കുളവും എല്ലാം. അവളുടെ ബാല്യത്തിന് നിറങ്ങൾ ഇല്ലായിരുന്നു. ഇന്ദ്രൻ ഓരോന്നും പറയുമ്പോളും തനിക്ക് അത്തരത്തിൽ ഒന്നും പറയാനില്ലെന്നത് അവളിൽ ഒരു ചെറു നോവ് ഉണ്ടാക്കി. അത് മനസിലാക്കിയെന്ന വണ്ണം ഇന്ദ്രൻ അവളെയും ഒരിക്കൽ പഴയ തറവാട്ടിൽ കൊണ്ട് പോകാമെന്നു ഏറ്റു. രുദ്രയുടെ വീട്ടിൽ പോവുന്ന കാര്യം പറഞ്ഞപ്പോൾ ഇന്ദ്രനും എതിർത്തൊന്നും പറഞ്ഞില്ല. വിരുന്നിനു ചെല്ലാത്തതിന്റെ പരിഭവം എന്നും അവനോട് രുദ്ര പറയുന്നുണ്ടായിരുന്നു.

“ആഹ് പിന്നെ ഞാനൊരു കാര്യം പറയാൻ മറന്നു. അടുത്ത monday നമുക്ക് ഒരു പാർട്ടി ഉണ്ട്.”

“എവിടെ?”

“ഓഫീസിൽ നമ്മുടെ മാര്യേജിന്റെ പാർട്ടി പ്രത്യേകം നടത്താൻ പറഞ്ഞിരുന്നു. പിന്നെ അലീനയ്ക്ക് ഒരു വെൽക്കം കൂടെ കൊടുക്കാല്ലോ.”

അലീനയുടെ കാര്യം കേട്ടപ്പോൾ അത്രക്ക് അങ്ങോട്ട് ഇഷ്ടായില്ലെങ്കിലും മുഖത്തൊന്നും കാട്ടിയില്ല.

“മ്മ്.”

“നമുക്ക് അതിന് ഡ്രസ്സ്‌ ഒക്കെ എടുക്കാൻ പോവണം. Monday ഫ്രീ അല്ലേ?”

“എനിക്ക് ഇനി രണ്ടു ദിവസം കൂടിയേ എക്സാം ഉള്ളു. പിന്നെ ഞാൻ ഫ്രീ ആണ്.”

“ആഹ് അപ്പോ അത് കഴിഞ്ഞു ഡ്രസ്സ്‌ എടുക്കാം.”

“മ്മ്. പിന്നെ ഞാനൊന്നു മുടി വെട്ടിയാലോ എന്ന് ഓർക്കുവാ.”

ദേവു രാവിലെ പറഞ്ഞപ്പോൾ വലിയ ഡയലോഗൊക്കെ അടിച്ചെങ്കിലും ഇന്ദ്രന്റെ ഇഷ്ടത്തിന് മാറാൻ അവൾ തയ്യാറായിരുന്നു.

“ഏഹ് എന്തിനാ മുടി വെട്ടുന്നത്?”

“ചുമ്മാ. എപ്പോളും ഒരു പോലെ നടന്നാൽ മതിയോ?”

“പെൺകുട്ടികൾക്ക് മുടി ഒരു ഐശ്വര്യമാണ് !മുത്തശ്ശിയുടെ അഭിപ്രായമാണ് കേട്ടോ. അത് കേട്ടു കേട്ട് ആവും എനിക്കും അതാ ഇഷ്ടം. തനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോളു. ഞാൻ പറഞ്ഞെന്നെ ഉള്ളൂ.”

സത്യം പറഞ്ഞാൽ അവന്റെ അഭിപ്രായം അവളിൽ സന്തോഷമാണ് നിറച്ചത്. താൻ വിചാരിച്ചു വെച്ചിരിക്കുന്നതല്ല ഇന്ദ്രന്റെ ഇഷ്ടങ്ങളെന്ന് അവൾക്ക് മനസ്സിലാവാൻ ആ വാക്കുകൾ മതിയായിരുന്നു.

പിന്നീട് ഉള്ള രണ്ടു ദിവസം എക്സാമും ബഹളവുമായി പെട്ടെന്ന് കടന്നു പോയി. അവസാനത്തെ എക്സാം കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ പാർലറിൽ വെച്ചു കാണാമെന്നു ഏറ്റു രണ്ടാളും പിരിഞ്ഞു. അന്ന് വൈകിട്ട് പോയി ഡ്രസ്സ്‌ വാങ്ങി. നിറയെ ത്രെഡ് വർക്ക്‌ ഉള്ള ക്രീം കളർ ചുരിദാറാണ് വാങ്ങിയത്. ഏട്ടനാണ് സെലക്ട്‌ ചെയ്തതെങ്കിലും എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു അത്. അതിന് വേണ്ടിയുള്ള ആക്സസ്സറീസ് ഞാൻ തന്നെ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞു.

രാവിലേ മുതൽക്കേ ഇന്ദ്രൻ ഫങ്ക്ഷന്റെ തിരക്കിലായിരുന്നു. ജാനുവിനെ വൈകിട്ട്വന്നു പിക് ചെയ്യാമെന്ന് ഏറ്റിട്ടാണ് അവൻ പോയത്. ഓഫീസിലെ ജോലിക്കാരെ കൂടാതെ ബിസിനസ്‌ ഫ്രണ്ട്‌സും ഷെയർ ഹോൾഡേഴ്സുമൊക്കെ വരുമായിരുന്നു. അത് കൊണ്ട് തന്നെ ഇന്ദ്രന്റെ ശ്രദ്ധ എല്ലാ കാര്യത്തിലും പതിഞ്ഞിരുന്നു. പുതിയ പല പ്രോജെക്ടുകളെ പറ്റി സംസാരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്താനായിരുന്നു ഇന്ദ്രന്റെ ഉദ്ദേശം.

ഉച്ച കഴിഞ്ഞ് ഡ്രസ്സ്‌ മാറാനും ജാനുവിനെ കൂട്ടാനുമാണ് ഇന്ദ്രൻ വീട്ടിൽ എത്തിയത്. പക്ഷെ ജാനുവിനെ അവിടെ കണ്ടില്ലായിരുന്നു. രണ്ടു തവണ റിങ് ചെയ്തതിന് ശേഷമാണ് ജാനു ഫോൺ എടുത്തത്.

“ഹലോ നീയിത് എവിടെയാണ്?”

ക്ഷമ നശിച്ചാണ് ഇന്ദ്രനത് ചോദിച്ചത്.

“ഞാൻ ദേ ഇപ്പോൾ വരാം ഏട്ടാ. വീടിന്റെ കീ ആ ജനലിന് അടുത്ത് ഉണ്ട്. ഏട്ടൻ റെഡി ആവുമ്പോളേക്കും ഞാൻ അവിടെ ഉണ്ടാവും.”

“ആഹ് വേഗം വാ.”

ഫോൺ വെച്ചിട്ട് അവൻ ഫ്രഷ് ആകാനായി പോയി. ഒരു വൈറ്റ് ഷർട്ടും കോട്ടും സ്യൂട്ടും ഒക്കെ ഇട്ടു മുടിയൊക്കെ ജെൽ ഉപയോഗിച്ച് ഒതുക്കി ഒരു പെർഫെക്ട് ബിസിനസ്‌കാരന്റെ രീതിയിലാണ് അവൻ ഒരുങ്ങിയത്. ഒരിക്കൽ കൂടെ കണ്ണാടി നോക്കിയ ശേഷം ഇന്ദ്രൻ താഴേക്ക് ഇറങ്ങി ചെന്നു. മുറ്റത്തു ഓട്ടോയുടെ ശബ്ദം കേട്ടപ്പോളെ ജാനു ആവുമെന്ന് ഊഹിച്ചിരുന്നു. അകത്തേക്ക് കയറി വന്ന ജാനു ആളാകെ മാറിയിരുന്നു. മുഖത്തെ ചായം കുറച്ചേ ഉള്ളെങ്കിലും അവളിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടായതായി ഇന്ദ്രന് തോന്നി. സാധാരണ ഉപയോഗിക്കുന്നതിൽ നിന്ന് വത്യസ്തമായ ആഭരണങ്ങളായിരുന്നു അവളണിഞ്ഞിരുന്നത്. അവയ്ക്ക് നല്ല വലുപ്പവും ഉണ്ടായിരുന്നു. മുടി കെട്ടുന്ന രീതിയും കണ്ണെഴുതിയതും എല്ലാം ഒന്നിനൊന്നു മെച്ചമായിരുന്നു. ഒരു നിമിഷം ഇന്ദ്രനും അവളെ കണ്ണെടുക്കാതെ നോക്കി പോയി.

ഡോ അടിപൊളിയായിട്ടുണ്ടല്ലോ….കൈ കൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാട്ടി കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ കേട്ടതോടെ അവളുടെ മുഖം ഒന്നുകൂടെ വിടർന്നു.

“ശെരിക്കും.”

“ആടോ. താനിങ്ങനെ പൊളിയായിട്ട് വരുമെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാനും പാർലറിൽ പോയേനെ.”

“അതെന്താ?”

“അല്ല നിന്റെ കൂടെ പിടിച്ച് നിൽക്കണ്ടേ.”

ചിരിച്ചു കൊണ്ടാണ് ഇന്ദ്രനത് പറഞ്ഞത്. ജാനിക്കും അത് കേട്ടപ്പോൾ ചിരി വന്നു.
അപ്പോളേക്കും ഇന്ദ്രനൊരു കാൾ വന്നു. ദാ ഞാൻ വരുന്നു. ഞങ്ങൾ ഇറങ്ങുവാ.

“ജാനു വേഗം ഇറങ്ങാം. അലക്സ് ആണ് വിളിച്ചത്. അവരൊക്കെ എത്തി.”

ഓഡിറ്റോറിയത്തിനു മുന്നിൽ തന്നെ അലെക്സും അലീനയും നിൽക്കുന്നുണ്ടായിരുന്നു. വർക്കുകൾ ഒന്നുമില്ലാത്ത നേവി ബ്ലൂ നിറത്തിലെ സ്ലീവ് ലെസ്സ് ഗൗണിൽ അലീനയും സുന്ദരിയായിരുന്നു. വൈറ്റ് സ്റ്റോൺസ് പതിപ്പിച്ച കമ്മലുകൾ ഒഴിച്ചാൽ മറ്റാഭരണങ്ങൾ ഒന്നും തന്നെ അവൾ അണിഞ്ഞിരുന്നില്ല. അലെക്സുമായി എന്തൊക്കെയോ സംസാരിച്ചു നിൽക്കുമ്പോളാണ് ഇന്ദ്രനും ജാനുവും അവർക്കരികിലേക്ക് വരുന്നത് അലീന കണ്ടത്. ജാനുവിനെ കണ്ടതും അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു. എന്തോ ഒരു വെറുപ്പ് വന്നു മൂടിയത് പോലെ. അലക്സ് ആണെങ്കിൽ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് നടന്നു. അലീനയും അവനെ അനുഗമിച്ചു.

‘എന്തുവാടെ ഭാര്യയും ഭർത്താവും ഇപ്പോളാണോ ഒരുങ്ങി കഴിഞ്ഞത്?”

അലക്സിന്റെ ചോദ്യത്തിന് മറുപടിയെന്നവണ്ണം രണ്ടാളും ചിരിച്ചു.

“ഡീ അലീ നീയല്ലേ ഇവന് പറ്റുന്ന പെണ്ണല്ല ഇവളെന്ന് പറഞ്ഞത്. സത്യാണ് കേട്ടോ ഇവളുടെ ലുക്ക്‌ വെച്ചു എനിക്കാവും മാച്ച്. ജാൻ നീ സൂപ്പറായിട്ട് ഉണ്ട്.”

“ജാനോ?”

അലീന മുഖം കോട്ടി കൊണ്ട് ചോദിച്ചു.

“അതേ ജാനകിയെ ഷോർട്ട് ആക്കി ജാൻ ! ഞാൻ ഇനി അങ്ങനെയേ വിളിക്കു കേട്ടോ.”

“ഡാ വാ നമുക്ക് അകത്തു കുറച്ചു പണികൾ ഉണ്ട്. ആ ഗ്ലോബൽ ഗ്രൂപ്പിന്റെ എംഡി യെ കറക്കാൻ കുറച്ചു വഴി പറഞ്ഞ് താ. അലീ ജാനുവിനെയും കൂട്ടി നമ്മുടെ പഴയ കമ്പനിക്കാരെയൊക്കെ പരിചയപ്പെടൂ.”

ഇന്ദ്രനാണ് അത് പറഞ്ഞത്.

“മ്മ്.”

ജാനു ശെരിയെന്ന രീതിയിൽ തലയാട്ടി. കുറച്ചു സമയം രണ്ടാളും സംസാരിച്ചു ഇരുന്നു. പലപ്പോഴും ജാനകിയെ പുച്ഛിച്ചാണ് അലീന സംസാരിച്ചത്. ജാനുവിന് അത് മനസിലായെങ്കിലും അവൾ വലിയ മൈൻഡ് ഒന്നും കൊടുത്തില്ല. ഇന്ദ്രന്റെ അച്ഛനും അമ്മയും വന്ന് കഴിഞ്ഞപ്പോൾ ജാനു അവരുടെ കൂടെ കൂടി. കുറേ നാളു കൂടി അലീനയെ കണ്ട സന്തോഷം ഉഷയിലും ഉണ്ടായിരുന്നു. ഒരു മകളോടെന്ന സ്നേഹം ഉഷയ്ക്ക് അലീനയോട് ഉണ്ടായിരുന്നു. അലീനയ്ക്കും മറിച്ചായിരുന്നില്ല. ജാനു രണ്ടാളെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടാളുടെയും സ്നേഹത്തിൽ ഒരു മായവും അവൾക്ക് കണ്ടെത്താനായില്ല. പിന്നെ എന്ത് കൊണ്ടാവും ഇന്ദ്രൻ അലീനയെ വിവാഹം കഴിക്കാഞ്ഞത്? ആ ഒരു ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു ജാനു. പഴയ കൂട്ടുകാരെ കണ്ടപ്പോൾ അലീന ആ വഴിക്ക് പോയി. പിന്നെ അമ്മയും മോളും കത്തിയടി ആയിരുന്നു.

ഗസ്റ്റ് എല്ലാവരും എത്തിയതിനു ശേഷം പാർട്ടി തുടങ്ങി. ഇടയ്ക്കെപ്പോഴോ ഇന്ദ്രൻ ജാനുവിന് അരികിൽ വന്നു. അവളുടെ കൈകളിൽ പിടിച്ച് അവളെ എല്ലാർക്കും പരിചയപ്പെടുത്തി. വീണ്ടും അവൻ തിരക്കുകളിൽ മുഴുകി. സ്റ്റേജിൽ കയറി സ്റ്റാഫുകളിൽ ആരോ ഇന്ദ്രനും ജാനുവും ഒന്നിച്ചു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ജാനുവിന് പാടാൻ അറിയില്ലെന്ന് പറഞ്ഞ് ഇന്ദ്രൻ ഒഴിയാൻ ശ്രമിച്ചു. ഇന്ദ്രൻ പാടുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. എങ്കിൽ പതിവ് പോലെ അലീനയുമായി പാടാൻ ആരൊക്കെയോ പറഞ്ഞു. ജാനുവിനെ കാണിക്കാനെന്ന വണ്ണം അലീന പാടാൻ തയ്യാറായി. ഇന്ദ്രനും ഒന്നിച്ചു സ്റ്റേജിൽ നിന്ന് അലീന ജാനുവിനെ നോക്കി. ജാനുവിന് അതിൽ എന്തോ വിഷമം തോന്നിയിരുന്നു. ഒരു പാട്ട് പാടുന്നതിൽ തെറ്റൊന്നുമില്ല പക്ഷെ തന്നോടൊന്നു ചോദിക്കുക പോലും ചെയ്യാതെ ഇന്ദ്രൻ മറുപടി പറഞ്ഞതിൽ അവൾക്ക് വിഷമം തോന്നി.

?മുൻപേ വാ എൻ അൻപേ വാ ഊനേ വാ ഉയിരെ വാ മുൻപേ വാ എൻ അൻപേ വാ പൂ പൂവായ് പൂപോം വാ..?

അവർ പാടി തുടങ്ങി. അലീനയും നന്നായി പാടുമായിരുന്നു. കുട്ടിക്കാലം മുതൽക്കേ അലീന ഇന്ദ്രൻ കോമ്പിനേഷൻ ഹിറ്റ്‌ ആയിരുന്നു. ജാനുവിന്റെ മുഖത്തു നിന്നും എന്തൊക്കെയോ മനസിലായിട്ടാവാം ഉഷയ്ക്കും ചെറിയ വിഷമം തോന്നി. ബാക്കി എല്ലാവരും പാട്ട് ആസ്വദിക്കുകയായിരുന്നു.

?തേൻ മലൈ തേക്കുക്കു നീതാൻ ഉന്തൻ തോഴകളിൽ ഇടം തരലാമ..? നാൻ സായും തോഴമേൽ വേറാരും സായ്‌ന്താലെ താഗുമാ..??

ജാനുവിന്റെ കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു വന്നു. ഇനിയും അവിടെ നിന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്നതിനാൽ അവൾ പതിയെ പുറകിലായി ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് മാറി നിന്നു. അവിടെ നിന്ന് സ്റ്റേജിലേക്ക് നോക്കി നിൽക്കുമ്പോളാണ് ആരോ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പോയത്. പെട്ടെന്നുള്ള വെപ്രാളത്തിൽ കൈ വിടുത്താനും സംസാരിക്കാനും ശ്രമിച്ചെങ്കിലും ആളുകളുടെ ബഹളത്തിൽ ആരും അത് ശ്രദ്ധിച്ചില്ല.

സ്റ്റേജിൽ നിന്ന് ഇറങ്ങിയതും എല്ലാവരും ഇന്ദ്രനെയും അലീനയെയും പ്രശംസിക്കാൻ ചുറ്റും കൂടിയിരുന്നു. എന്ത് കൊണ്ടോ ആ തിരക്കിനിടയിലും ഇന്ദ്രന്റെ കണ്ണുകൾ ഒരു മുഖത്തെ തേടി. ജാനു ഉഷയുടെ കൂടെ ഉണ്ടാവുമെന്നാണ് അവനും കരുതിയത്. കുറേ സമയം കഴിഞ്ഞും അവളെ കാണാതായപ്പോൾ അവൻ ഉഷയുടെ അടുത്തേക്ക് നീങ്ങി.

അവിടെ സേതുവിനൊപ്പം സംസാരിച്ചു നിൽക്കുന്ന ഉഷയെ കണ്ടതും അറിയാതെ ഉള്ളിലൊരു ആന്തൽ. ജാനുവിന് മറ്റാരെയും പരിചയമില്ലാത്തത് കൊണ്ട് വേറെ എവിടെയും പോകാൻ സാധ്യത ഇല്ലെന്ന് അവന് അറിയാമായിരുന്നു. അവന്റെ കാലുകൾക്ക് വേഗത കൂടി. ആളുകൾക്ക് ഇടയിൽ ആ രണ്ടു കണ്ണുകൾ മാത്രം തിരഞ്ഞു കൊണ്ട് അവൻ നടന്നു. ആരൊക്കെയോ സൗഹൃദം പുതുക്കാൻ വന്നപ്പോളും അതൊന്നും ശ്രദ്ധിക്കാതെ ഏറ്റവും പുറകിലെ ഒഴിഞ്ഞ മൂലയിലേക്ക് അവൻ പാഞ്ഞു. ആ തിരക്കിനിടയിലും ഇന്ദ്രന്റെ പരിഭ്രമം അലീന ശ്രദ്ധിച്ചിരുന്നു. അവളും അവന്റെ പിന്നാലെ അങ്ങോട്ടേക്ക് നടന്നു.

തുടരും…