ഫെമിനിസവും ആദർശവും
Story written by അരുൺ നായർ
ഉണ്ണിക്കണ്ണന്റെ തിരുമുൻപിൽ വെച്ചു ഹിമയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ വീട്ടിലെ ഏക പുത്രൻ ആയി വളർന്ന ദുഃഖം എന്റെ ഉള്ളിൽ നിന്നും മാറുക ആയിരുന്നു….. ഇനി മുതൽ എന്റെ ഹിമ എനിക്കു ഭാര്യയും മകളും അമ്മയും സഹോദരിയും എല്ലാം ആയി കൂടെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷ ആയിരുന്നു എന്നെ കൂടുതൽ ആനന്ദിപ്പിച്ചത്….. താലി കെട്ടു കഴിഞ്ഞു ആൺപിള്ളേരെല്ലാം ആദ്യരാത്രി സ്വപ്നം കാണുമ്പോളും ഞാൻ ഹിമ എന്ന പെണ്ണിന്റെ കുസൃതി ഒരു കൊച്ചു അനുജത്തിയുടേത് പോലെ കാണാൻ ആണ് ആഗ്രഹിച്ചത്….
കല്യാണം കഴിഞ്ഞു ആദ്യരാത്രിയിൽ തന്നെ അവൾ എന്നോട് താൻ ഒരു ഫെമിമിസ്റ് ആണെന്ന് പറഞ്ഞപ്പോളും ഞാനതു കാര്യമാക്കിയില്ല….. എന്തു ഫെമിനിസം ആണ് സ്നേഹത്തിന് മുൻപിൽ വഴിമാറാത്തതു ഞാൻ മനസ്സിലോർത്തു……അല്ല നീ എന്തൊക്കെ കാണിക്കും എന്നുള്ള എൻറെ ചോദ്യത്തിന് എനിക്കൊരു ഫ്രീ ബേർഡ് ആയി നടക്കണം,,, എന്നെ ആരും ഭരിക്കരുത്, അതൊന്നും എനിക്കു ഇഷ്ടമല്ല…. പിന്നെ കല്യാണം കഴിഞ്ഞു പറഞ്ഞു നിങ്ങളുടെ കാര്യങ്ങൾ ഒന്നും എനിക്കു നോക്കാൻ വയ്യ, അതൊക്കെ തന്നെ നോക്കിക്കോണം….. അതുപോലെ കുഞ്ഞു ഉണ്ടായാൽ നോക്കാൻ ഉള്ള ചുമതലയും നമുക്ക് തുല്യം ആണ് അല്ലാതെ എന്റെ തലയിൽ ഏല്പിച്ചു മുങ്ങാൻ ഒന്നും നടക്കില്ല അതിനു സമ്മതം ആണെങ്കിൽ ആ പണിക്കു നിന്നാൽ മതിയെന്ന് ചുരുക്കം….. ഇങ്ങനെയുള്ള ചൂടുള്ള മറുപടി എനിക്കു കല്യാണ സദ്യയെക്കാൾ വയറു നിറച്ചു കിട്ടി…. ആദ്യരാത്രിയിൽ അവളുടെ കുസൃതി കാണാൻ ഇരുന്ന എനിക്കു അവളുടെ കുസൃതിക്കു പകരം അഹങ്കാരം ആണ് കാണാൻ കിട്ടിയതെന്ന് സാരം……
ആദ്യരാത്രിയിൽ തന്നെ മനസ്സ് വിഷമിച്ചു പോയതുകൊണ്ട് അന്നെനിക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല….. രാവിലെ ആകാറായപ്പോൾ ആണ് ഒന്നു ഉറങ്ങിയത് അതുകൊണ്ട് തന്നെ എഴുന്നേൽക്കാനും താമസിച്ചു പോയി….. താമസിച്ചു എഴുന്നേറ്റു പോയി തിണ്ണയിൽ പത്രം വായിച്ചു ഇരിക്കും നേരത്തു പന്തൽ അഴിക്കാൻ വന്ന കൂട്ടുകാർ നല്ല ക്ഷീണം ഉണ്ടല്ലോ, ഇന്നലെ ഉറങ്ങി കാണുകയില്ലലോ അല്ലേ എന്നും ചോദിച്ചു ഒരു ആക്കിയ ചിരിയും പാസ് ആക്കി അവർ അവരുടെ ജോലി ചെയ്തു….പത്രം വായിച്ചോണ്ട് ഇരുന്നപ്പോൾ എന്റെ ഭാര്യയുടെ കയ്യിൽ നിന്നുമൊരു കോഫി പ്രതീക്ഷിച്ചു എങ്കിലും ആ പ്രതീക്ഷ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി നിലകൊണ്ടു…..
എന്റെ കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കില്ലെങ്കിലും അവൾ അമ്മയെ അടുക്കളയിൽ സഹായിക്കുകയും വീട്ടിലെ ജോലികൾ എല്ലാം ചെയ്യുകയും ചെയ്യുമായിരുന്നു…. അതുകൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും അവളെ വളരെ ഇഷ്ടമായി എന്നുള്ളതാണ് സത്യം…..
ഒരിക്കൽ അമ്മ ചോദിച്ചപ്പോൾ അവൾ പറഞ്ഞു എനിക്കു എൻറെ കാര്യങ്ങൾ എല്ലാം ഒറ്റയ്ക്ക് നോക്കുന്നതാണ് ഇഷ്ടമെന്ന് അവളോട് പറഞ്ഞെന്…. വീട്ടിലെ സമാധാനം ഓർത്തു ഞാൻ ആരോടും ഒന്നും പറയാതെ എൻറെ ആവശ്യങ്ങൾ എല്ലാം നിറവേറ്റി….. എന്റെ ഒരു കാര്യവും അവൾ നോക്കില്ല എന്നു പറഞ്ഞത് കള്ളത്തരം ആണ് കിടപ്പുമുറിയിൽ അവൾ എനിക്കു എന്റെ ഭാര്യയായി തന്നെ വഴങ്ങി തന്നു…. എനിക്കു തന്നെ ഒരു അത്ഭുതം ആയിരുന്നു അവളുടെ ആ രീതികൾ….. ഓരോ ദിവസവും ഒരുമിച്ചു സന്തോഷത്തോടെ കെട്ടിപിടിച്ചു ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഞാൻ ഓർക്കും ഇന്നു മുതൽ എന്റെ ഭാര്യ എന്റെ കാര്യങ്ങളെല്ലാം നോക്കും പക്ഷെ അവൾക്കു ആ കാര്യത്തിൽ മാത്രം ഒരു മാറ്റവും ഇല്ലായിരുന്നു…..
എനിക്കു എന്റെ ഈ അവസ്ഥ വീട്ടിൽ പറയാൻ മടി ആയിരുന്നു….. എന്റെ ആണത്തം ഇല്ലാഴിമ ആയി അതു വ്യഖ്യാനിക്കപെടുമോ എന്നുള്ള ഭയം കൊണ്ട് കൂട്ടുകാരോടും പറഞ്ഞില്ല…. ഒടുവിൽ ഓഫീസിലെ സീനിയർ ആയുള്ള ഒരു ചേട്ടനോട് ഞാൻ ഈ കാര്യം തുറന്നു പറഞ്ഞപ്പോൾ അതൊന്നും സാരം ആക്കണ്ട എല്ലാവരും കുറച്ചൊക്കെ സഹിച്ചാണ് ജീവിക്കുന്നത് നിൻറെ ഭാര്യയോട് ചോദിച്ചാലും നിൻറെ എന്തേലും കുറ്റം കാണും അതു ദാമ്പത്യ ബന്ധത്തിൽ സർവസാധാരണം മാത്രമാണ് അതും പറഞ്ഞു നിൻറെ വീട്ടു കാര്യങ്ങൾ എല്ലാം നോക്കുന്ന പെണ്ണിനെ വെറുക്കണ്ടേ കാര്യമൊന്നുമില്ല എന്നുള്ള മറുപടി എനിക്കു കുറച്ചു ആശ്വാസമേകി…..
അവളുടെ ജീവിത ആവശ്യങ്ങൾക്കുള്ള പൈസയും അവൾ വീട്ടിൽ ഇരുന്നുള്ള ജോലി ചെയ്തു ഉണ്ടാക്കുമായിരുന്നു എന്നുള്ളതുകൊണ്ട് തന്നെ അവൾക്കു എന്റെ മുൻപിൽ പണത്തിനായും കൈ നീട്ടേണ്ട ഗതികേട് ഇല്ലായിരുന്നു…. ആകെ ഉള്ള ശല്യം ഫെമിനിച്ചികൾ ഒത്തു കൂടുന്നിടത്തു അതിന്റെ ഒത്ത നടുവിൽ ആയി തന്നെ എന്റെ ഭാര്യ രൂപം ഉണ്ടാവും എന്നുള്ളത് നാട്ടുകാരുടെയും കൂട്ടുകാരുടെയും മുൻപിൽ എനിക്കു നാണക്കേട് ആയിരുന്നു എന്നുള്ളതാണ്….
ദൈവ അനുഗ്രഹം കൊണ്ട് അവൾ പ്രെഗ്നന്റ് ആയി…. എന്തായാലും എന്ത് ഫെമിനിച്ചി ആണേലും സ്വന്തം ഭർത്താവ് അടുത്ത് ഉണ്ടാവാനും എന്നെകൊണ്ട് എന്തേലുമൊക്കെ മേടിച്ചു കഴിക്കാനും കൊതി ഉണ്ടാവുമെന്നുള്ള കാര്യമെനിക്ക് ഉറപ്പായിരുന്നു…. പക്ഷെ എന്റെ ആ പ്രതീക്ഷയും അവൾ പതിവ് പോലെ വീട്ടിലെ ഭരണിക്ക് ഉള്ളിൽ ഇട്ടു അടച്ചു….
മാസങ്ങൾ മുൻപോട്ടു പോയി അവൾ ഒന്നും ചോദിച്ചില്ലെങ്കിലും അവൾ പറയാതെ തന്നെ ഞാൻ അവൾക്കു വേണ്ടതെല്ലാം മേടിച്ചുകൊണ്ടേ കൊടുക്കുമായിരുന്നു…. അവളെക്കാൾ ഉപരി എന്റെ കുഞ്ഞിന് ഒരു കുറവും ഉണ്ടാവരുതെന്നു ഞാൻ അതിയായി ആഗ്രഹിച്ചു എന്നുള്ളതാണ് സത്യം….. അവൾ എനിക്കു പെൺപൂവിനെ തന്നെ സമ്മാനിച്ചു…. ഒറ്റ നോട്ടത്തിൽ കുഞ്ഞു എന്റെ പെൺരൂപം…. ഞാൻ എൻറെ ഹിമയെ കെട്ടിപിടിച്ചു ഉമ്മ വെച്ചു…. അവളുടെയും കുഞ്ഞിന്റെയും മുഖത്തെ സന്തോഷവും എൻറെ മുഖത്തെ അഭിമാനവും കണ്ടിട്ട് ആണെന്ന് തോന്നുന്നു എൻറെ അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞൊഴുകി…. അതോ അവരു കൊതിച്ചിരുന്ന പെൺപൂവ് ഇപ്പോൾ വന്ന സന്തോഷമോ…. അറിയില്ല…
കുഞ്ഞിന് ഒരു വയസ്സു കഴിഞ്ഞപ്പോൾ തന്നെ അവൾ പാലുകൊടുക്കൽ നിർത്തി…. അല്ലെങ്കിൽ അവൾക്കു ഫെമിനിച്ചി കൂട്ടഴിമയിൽ ഒന്നിലും പങ്കെടുക്കാൻ പറ്റില്ല എന്നുള്ളതായിരുന്നു കാരണം…. അവളുടെ അതുവരെയുള്ള ഇറങ്ങി പോക്ക് ഒക്കെ ചിരിച്ചുകൊണ്ട് മാത്രം നോക്കിയിട്ടുള്ള എൻറെ വീട്ടുകാർക്ക് അങ്ങനെ പോകാനായി കുഞ്ഞിന്റെ പാലുകുടി നിർത്തിയത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.,,, എനിക്കും…. എന്നിട്ടും കുഞ്ഞിനെ ഓർത്തു ഞങ്ങൾ അവളെ ഒന്നും പറഞ്ഞില്ല…. പക്ഷെ ഒരു മാസം കൂടി കഴിയും മുൻപ് അവൾക്കു സ്ത്രീശാക്തീകരണ പരിപാടികൾക്കായി തിരുവനന്തപുരത്തു രണ്ടു ദിവസത്തെ പരിപാടിക്ക് പോകണം എന്നുള്ള വാർത്ത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്….. ആരും തടഞ്ഞാൽ അവൾ നിൽക്കില്ല അറിയാമായിരുന്നെങ്കിലും ഞാൻ അവളോട് പറഞ്ഞു നോക്കി പോകാതെയിരിക്കാൻ…. പക്ഷെ എൻറെ വാക്കുകൾക്കു പുല്ലു വില നൽകികൊണ്ട് അവൾ പോയി….
അവൾ ഇറങ്ങി പോയപ്പോൾ വീട്ടുകാർ എന്നോട് ഡിവോഴ്സ് മേടിക്കാൻ പറഞ്ഞുവെങ്കിലും കുഞ്ഞിനെ എനിക്കു ഇത്രയും ചെറുപ്പത്തിൽ കിട്ടില്ല എന്നുള്ള സത്യം അവരെ അറിയിച്ചപ്പോൾ സഹിക്കാം എന്നു അവരും പറഞ്ഞു……ഞാനും എൻറെ പൊന്നു മോളും കൂടെ അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നു……. എനിക്കു ദുഃഖം തോന്നി എൻറെ കുഞ്ഞു വാവ അവളുടെ അമ്മയുടെ ചൂട് പറ്റാതെ ഉറങ്ങുന്നത് കണ്ടിട്ട്…… എന്തു ചെയ്യാൻ അനുഭവിക്കുക തന്നെ….
പിറ്റേന്ന് രാവിലെ ഞാൻ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തിട്ട് ജോലിക്ക് പോകാൻ ഇറങ്ങിയപ്പോൾ എൻറെ ഫെമിനിച്ചി ഭാര്യ പോയ പോലെ വാലും തൂക്കി കയറി വരുന്നത് കണ്ടപ്പോൾ എനിക്കു ചിരി വന്നു…. രണ്ടു ദിവസം കഴിഞ്ഞേ വരൂ പറഞ്ഞു പോയവൾ ആണ്…. രാത്രിയിൽ കുഞ്ഞില്ലാതെ ഉറങ്ങാൻ കഴിഞ്ഞു കാണില്ല അതാ രാത്രി വണ്ടി തന്നെ പിടിച്ചു പോന്നേക്കുന്നത് എന്നു ഞാൻ അമ്മയോട് പറഞ്ഞു….. അമ്മയും ഒന്നു ചിരിച്ചതേയുള്ളു….
അവളോട് കൂടുതലൊന്നും ചോദിക്കാതെ ഞാൻ ജോലിക്ക് പോകാൻ ഇറങ്ങി കുഞ്ഞിനെ കയ്യിൽ കൊടുത്തിട്ട്….. വഴിയിലോട്ടു ഇറങ്ങി കവല വരെ ചെന്നപ്പോൾ കടക്കാരൻ രാജപ്പൻ ചേട്ടൻ ചോദിച്ചു, ടാ നിന്റെ ഭാര്യേ നേതാവ് കയറി പിടിച്ചെന്ന് കേട്ടത് ശരിയാണോ…..അതോ പണത്തിനു വേണ്ടി നേതാവിനെ കുടുക്കാൻ ഉള്ള തന്ത്രം ആണോടാ…. നിൻറെ ഭാര്യേടെ കൂട്ടുകാരി തന്നെ എൻറെ മോളോട് വിളിച്ചു പറഞ്ഞതാണ്….. എനിക്കു ഞാൻ കേട്ടത് എന്താണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല ഞാൻ പുള്ളിക്ക് മറുപടി കൊടുക്കാതെ വീട്ടിലേക്കു വണ്ടിയും എടുത്തു പാഞ്ഞു…..
വീട്ടിൽ ചെന്നു കയറിയതും ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ പോലും വകവെക്കാതെ ഞാൻ ഹിമയുടെ മുൻപിൽ അലറി
“” മതിയായില്ലെടി ഫെമിനിച്ചി ഡാഷ് മോളെ നിനക്കു എന്നെ നാണംകെടുത്തി…. സ്ത്രീശാക്തീകരണത്തിനു നടന്നു നടന്നു സ്വന്തം ശുദ്ധി കളഞ്ഞപ്പോൾ തൃപ്തി ആയല്ലോ നിനക്കു…..””
ഞാൻ എല്ലാം തകർന്നവനെ പോലെ നിന്നു…. എൻറെ ശബ്ദം കേട്ടു അമ്മയും അച്ഛനും അങ്ങോട്ട് വന്നു എന്താ മോനെ കാര്യം ചോദിച്ചു…. ഞങ്ങൾ എല്ലാവരോടുമായി അവളുടെ മറുപടി വന്നു….
“” ഞാൻ എൻറെ ഏട്ടനെ എങ്ങനെ നാണംകെടുത്തി എന്നാണ് പറയുത്…. നിങ്ങൾ തൊട്ട എൻറെ ശരീരത്തു വേറെ ഒരുത്തൻ സ്പര്ശിക്കാനും ആനന്ദം കണ്ടെത്താനും വന്നാൽ അവൻ ആരാണെന്നു നോക്കി പ്രതികരിക്കാൻ എനിക്കു പറ്റില്ല…. കാരണം ഞാൻ ഒരു പെണ്ണാണ്, ആത്മാഭിമാനം ഉള്ള പെണ്ണ്…. ഞാൻ അവന്റെ കരണം അടിച്ചു പൊട്ടിച്ചു പോലീസ് സ്റ്റേഷനിൽ കേസും കൊടുത്തു,,, എന്നിട്ടു അടുത്ത ബസിനു കയറി ഇങ്ങു വന്നു…. ഇതിൽ ഞാൻ എൻറെ ഭർത്താവിനെ എവിടെ ആണ് വഞ്ചിച്ചത്, നാണംകെടുത്തിയത്….. “”
“” ശരി ആയിരിക്കാം ഹിമ, പക്ഷെ ആളുകൾ ഇതൊന്നും വിശ്വസിക്കില്ല…. അവർക്കു കുളിര് കോരൻ പുതിയ ഒരു ഇരയെ കിട്ടി…. സ്വന്തം കുടുംബത്തിൽ ആർക്കേലും എന്തേലും സംഭവിക്കുമ്പോൾ മാത്രമാണ് നമുക്ക് മലയാളിക്ക് അതൊരു ദുരന്തം അല്ലാത്തപ്പോൾ എല്ലാം ആനന്ദം ആണ്…. ഞാൻ ഇനി എങ്ങനെ ആൾക്കാരുടെ മുഖത്തു നോക്കും…. “”
“” എൻറെ വാക്കുകൾ ഏട്ടന് വിശ്വാസമില്ലെങ്കിൽ ഡിവോഴ്സ് തരാം…. കുഞ്ഞിനെ ഞാൻ ചോദിക്കില്ല,, അതോർത്തു ടെൻഷൻ അടിച്ചു ഡിവോഴ്സിനെ പേടിക്കണ്ട…. അതു കുഞ്ഞിനെയോ ഏട്ടനെയോ ഇഷ്ടം അല്ലാത്തതുകൊണ്ട് അല്ല…. ഏട്ടൻ ഈ കാര്യം പറഞ്ഞു ഡിവോഴ്സ് മേടിച്ചാൽ എന്തായാലും ഞാൻ എല്ലാവരുടെയും മുൻപിൽ മോശം ആകും… എൻറെ മോൾക്കും ആ പേര് വരും അതുകൊണ്ടാണ് ഞാൻ കുഞ്ഞിനെ തരാം പറഞ്ഞത്… പിന്നെ ഏട്ടനെ പോലെ ഒരു മനുഷ്യനെ ഇനിയും വേദനിപ്പിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല…. അത്രയും പാവം ആണ് നിങ്ങൾ….. “”
അതും പറഞ്ഞു എൻറെ ഫെമിനിച്ചി ഭാര്യ കരഞ്ഞു…. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ആദ്യമായി കാണുക ആയിരുന്നു…. ഞാൻ അവളുടെ മുഖം ഉയർത്തി എൻറെ നെഞ്ചോടു ചേർത്തു പിടിച്ചിട്ടു പറഞ്ഞു….
“” നിന്നെയെനിക്ക് വിശ്വാസം ആണ്…. ഈ ലോകത്തുള്ളവർ പറയുന്നത് കേൾക്കാനല്ല ഞാൻ നിന്നേ ഭഗവാന്റെ മുൻപിൽ വെച്ചു താലി ചാർത്തിയത്…എനിക്കു ഞാൻ കെട്ടിയ താലിയിലും അതു അണിയിച്ച ആളിലും ഒരുപാട് വിശ്വാസമുണ്ട് അതു പോരെ നിനക്കു…. പിന്നെ നീ ഇനി ഫെമിനിച്ചി പറഞ്ഞുള്ള നടപ്പ് നിർത്തണം നമ്മുടെ മോൾക്ക് വേണ്ടിയിട്ടു…… “”
“” നിർത്താം ഏട്ടാ,,, എൻറെ അമ്മയെ ഞങ്ങളുടെ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ മുതൽ എനിക്കു ആണുങ്ങളോട് വെറുപ്പ് ആയിരുന്നു….. കല്യാണം കഴിക്കാനും ഇഷ്ട്ടം അല്ലായിരുന്നു…… പിന്നെ അമ്മക്ക് തീരെ വയ്യാതെ ആയപ്പോൾ അമ്മയുടെ ആഗ്രഹം സാധിക്കാൻ തല കുനിച്ചു തന്നതാണ് ഞാൻ….. ഇനിയും സ്ത്രീകൾക്ക് വേണ്ടി പോകണം എന്നാണ് ആഗ്രഹം….. നമ്മുടെ മകൾക്കു ഒക്കെ പ്രായം ആകുമ്പോൾ ഏതു സമയവും വെളിയിൽ ഇറങ്ങി നടക്കാൻ പറ്റണം… ആ ആഗ്രഹം ഒക്കെ പോട്ടെ…. “”
“” നീ ഒരു കാര്യം മനസ്സിലാക്കണം ഹിമ, എല്ലാ ആണുങ്ങളും ഒരുപോലെ അല്ല അതുകൊണ്ട് വെറുപ്പ് വക്തിയോട് ആകാം, പക്ഷെ ആ വർഗത്തോട് ആകരുത്…. പിന്നെ നിൻറെ അമ്മയുടെ ആഗ്രഹത്തിന് വിവാഹം കഴിച്ചിട്ട് ഇപ്പോൾ അതു കലങ്ങി ചെന്നു നിൻറെ അമ്മയെ ചങ്കു പൊട്ടി കൊല്ലാൻ ആണോ….. അതൊന്നും വേണ്ട…. .. ഞാൻ ഉൾപ്പെടെ ഉള്ള എല്ലാ ആണുങ്ങളും പെണ്ണുങ്ങൾക്ക് ധൈര്യം വേണമെന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്….. നിങ്ങൾക്കു നിങ്ങളെ നോക്കാനുള്ള ധൈര്യം ഉണ്ടെന്നുള്ള പ്രതീക്ഷയിൽ ആണ് ജോലിക്ക് പോകുന്നതും…. അതു നിങ്ങൾക്കു ഉണ്ടുതാനും,,, അതിനു വേണ്ടി ഈ ശാക്തീകരണ നടത്തത്തിന്റെ ആവശ്യമില്ല അതുകൊണ്ടാണ് ആ നടത്തം നിർത്താൻ ആവശ്യപ്പെട്ടത്….. അല്ലാതെ സ്ത്രീകൾക്ക് ശക്തി വേണ്ട എന്നുള്ളത് കൊണ്ടല്ല ഭാര്യേ……നീ അതുകൊണ്ട് നെഗറ്റീവ് ആയി ചിന്തിക്കുകയൊന്നും വേണ്ട…. “”
അതും പറഞ്ഞു ഞാനവളെ ഒന്നുകൂടി ചേർത്തു പിടിച്ചവളുടെ സീമന്തരേഖയിൽ ഒരു മുത്തം നൽകിയപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ ഉള്ളിലെ ഫെമിനിസം മാറി മനുഷ്യസം വരുന്നത്…..