മൂത്രത്തിലെ കല്ല്
എഴുത്ത്: അനിൽ പി. മീത്തൽ
=============
ഏറെ നാളത്തെ ഒറ്റക്കുള്ള ഫ്ലാറ്റ് ജീവിതത്തിൽ എന്നെ അലട്ടിയിരുന്ന ഒരു പ്രശ്നമായിരുന്ന വാട്ടർ ഡിസ്പെൻസറിൽ ഭാരമുള്ള വാട്ടർ ബോട്ടിൽ കയറ്റി വെക്കുക എന്നത് . എന്നെ സംബന്ധിച്ചിടത്തോളം വലിയ സാഹസമുള്ള പണിയായിരുന്നു അത്. മുൻപൊരിക്കൽ ബോട്ടിൽ ഉയർത്തിയപ്പോൾ നടുവുളുക്കി കുഴമ്പും പുരട്ടി നടക്കേണ്ടി വന്നിരുന്നു. അതിനൊരു പരിഹാരമായത് എൻ്റെ സുഹൃത്തിൻ്റെ ബന്ധുവായ രവിചന്ദർ കൂടെ താമസിക്കാൻ വന്നതോട് കൂടിയാണ്.
രവി അല്പം തടിച്ച് ഉയരം കൂടി നല്ല പോലെ ഉറച്ച ശരീരമുള്ളയാളാണ്. ഭാരമുള്ള വാട്ടർ ബോട്ടിൽ പൂവെടുക്കുന്ന ലാഘവത്തോടെ ഡിസ്പെൻസറിൽ എടുത്തു വെക്കും. എന്നിട്ട് “ഇതൊക്കെയെന്ത്” എന്ന ഭാവത്തോടെ എന്നെ നോക്കും. ഞാൻ ഭവ്യതയോടെ തല കുലുക്കും.
രവി ആറേഴ് വർഷമായിട്ട് ജിമ്മിൽ പോകുന്നയാളാണ്. തന്റെ ശരീരത്തെ പറ്റിയും ആര്യോഗ്യത്തെപറ്റിയും രവിക്ക് വലിയ അഭിമാനമാണ്. എപ്പോഴും തന്റെ ഉറച്ച ശരിരം കണ്ണാടിയിൽ നോക്കി നിർവൃതി അടയും. റൂമിനകത്ത് രവി ഷർട്ടോ ബനിയനോ ധരിക്കില്ല. ഭാര്യയുമായി വീഡിയോ കോൾ ചെയ്യുന്നതും തന്റെ വിരിഞ്ഞ മാറ് കാണിച്ച് കൊണ്ടാണ്.
ജോലി കഴിഞ്ഞ് വന്നാൽ രവി കുറച്ച് വിശ്രമിച്ച ശേഷം നേരെ ജിമ്മിലേക്ക് പോകും. രണ്ട് മണിക്കൂർ വർകൗട്ടിന് ശേഷം തിരിച്ച് വീണ്ടും റൂമിലേക്ക്. പിന്നെ തുണികൾ കഴുകാൻ തുടങ്ങും. :വാഷിംഗ് മെഷിൻ ഉപയോഗിക്കില്ല. സ്വന്തം കൈകൊണ്ട് തന്നെ തുണികൾ വാഷ് ചെയ്യും. ആഴ്ചയിൽ ഒരു ദിവസം പോലും വാഷിംഗ് മെഷിനിൽ തുണി അലക്കാൻ മടിയുള്ള എനിക്ക് രവി അത്ഭുതമായി തോന്നി.
രവി ഫ്ലാറ്റിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ബാത്ത്റൂമിലാണെന്ന് എനിക്ക് തോന്നാറുണ്ട്. ഒരു കൂട്ടം സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ട് രവി ബാത്ത്റൂം നിറച്ചിട്ടുണ്ടായിരുന്നു. ഇതൊക്കെ ശരീരത്തിൽ തേച്ച് പിടിപ്പിക്കാൻ തന്നെ മണിക്കൂറുകൾ വേണ്ടിവരും. പലപ്പോഴും എന്തെങ്കിലും അത്യാവശ്യത്തിന് എനിക്ക് ബാത്ത്റുമിൽ പോകേണ്ടി വന്നാൽ അടഞ്ഞ വാതിലാണ് കാണുക. ഒരിക്കൽ ഈ പ്രശ്നം രവിയോട് പറയാൻ ഞാൻ തീരുമാനിച്ചതായിരുന്നു. പക്ഷെ വാട്ടർ ബോട്ടിൽ, നടുവേദന ഒക്കെ ഓർത്തപ്പോൾ വേണ്ടെന്നു വെച്ചു.
ശനിയാഴ്ച അവധിയാണെങ്കിലും രവിയുടെ ദിവസം രാവിലെ അഞ്ച് മണിക്ക് തുടങ്ങും. അന്നാണ് രവിയുടെ അഭ്യംഗം (എണ്ണതേച്ച് കുളി) . രാവിലെ തന്നെ ദേഹമാസകലം എണ്ണതേച്ച് കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന രവിയെയാണ് ഞാൻ ശനിയാഴ്ചകളിൽ കണി കാണാറുണ്ടായിരുന്നത്. രവിയുടെ കുളി കഴിഞ്ഞാൽ ബാത്ത്ടബ്ബ് മുഴുവനും എണ്ണമയമായിരിക്കും. ഞാൻ കുളിക്കാൻ പോയാൽ പലപ്പോഴും എണ്ണമയമുള്ള ബാത്ത്ടബ്ബിൽ കാൽ വഴുതി വീഴും. ശനിയാഴ്ചകളിലെ വീഴ്ചകൾ നിത്യ സംഭവമായപ്പോൾ എന്റെ നീരസം രവിയെ അറിയിക്കാൻ തീരുമനിച്ചു. പക്ഷെ വാട്ടർ ബോട്ടിൽ, നടുവേദന ഒക്കെ ഓർത്തപ്പോൾ അതും വേണ്ടെന്ന് വെച്ചു. പക്ഷെ അതിന് ഞാനൊരു പ്രതിവിധി കണ്ടെത്തി. ശനിയാഴ്ചകളിലെ എന്റെ കുളി ഞാൻ വേണ്ടെന്ന് വെച്ചു.
ആര്യോഗ്യം കാത്ത് സൂക്ഷിക്കേണ്ടതിനെ പറ്റി രവി എനിക്ക് ക്ലാസെടുക്കാറുണ്ട്. രവിയുടെ അഭിപ്രായത്തിൽ നമ്മളൊരിടത്ത് വീണു പോയാൽ പരസഹായം കൂടാതെ എഴുന്നേറ്റ് നിൽക്കാനുള്ള ആര്യോഗ്യം മിനിമം ഉണ്ടാവണം. ഞാനതൊക്കെ കേട്ട് തല കുലുക്കി സമ്മതിക്കും.
സാധാരണ രാവിലെ അലാറം കേട്ടുണരാറുള്ള ഞാൻ അന്ന് ഒരു നിലവിളി ശബ്ദം കേട്ടുകൊണ്ടാണ് ഉണർന്നത്. ഉറക്കച്ചടവോടെ ഞാൻ നിലവിളി ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചു. ലിവിംഗ് റൂമിൽ നിലത്ത് കാർപറ്റിൽ മലർന്ന് കിടന്ന് നിലവിളിക്കുന്ന രവിയെയാണ് ഞാൻ കണ്ടത്. എന്റെ ഉള്ളൊന്ന് കാളി. തലേന്ന് രാത്രി വളരെ ഉന്മേഷവാനായി ഉറങ്ങാൻ കിടന്ന രവിക്കിതെന്ത് പറ്റി. എന്തെങ്കിലും ചോദിക്കാനാണെങ്കിൽ രവി നിലവിളി നിറുത്തുന്നുമില്ല. ഞാൻ പതുക്കെ രവിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം നിലവിളി വെറും ഞരങ്ങൽ മാത്രമായപ്പോൾ ഞാൻ കാര്യമന്വേഷിച്ചു.
രവിക്ക് മൂത്രത്തിൽ കല്ലിന്റെ അസ്കിത ഉണ്ടായിരുന്നത്രേ. വേദന വരുമ്പോൾ വേദന സംഹാരി കഴിക്കും. ഇപ്പോഴത് പാരമ്യത്തിലെത്തിയിരിക്കയാണ്. കാര്യമറിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി . പിന്നെ ഹോസ്പിറ്റലിൽ നിന്ന് ആംബുലൻസ് വിളിച്ചു വരുത്തി.
അല്പസമയത്തിനകം തന്നെ ആംബുലൻസും നഴ്സുമാരുമെത്തി. രണ്ട് ഫിലിപൈൻ ലേഡി നഴ്സുമാരാണ് റൂമിലേക്ക് വന്നത്. രവി അപ്പോഴും നിലത്തു നിന്നെഴുന്നേൽക്കാനാവാതെ അവശനായി കിടക്കുകയാണ്.
പ്രാഥമിക പരിശോധനക്ക് ശേഷം പേഷ്യന്റിനെ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് നഴ്സ് പറഞ്ഞു. രവിയെ സ്ട്രക്ചറിലേക്ക് മാറ്റാൻ എന്നോട് ആവശ്യപ്പെട്ടു. രവിയെ താങ്ങിയെടുത്ത് പുറത്ത് കോറിഡോറിൽ വെച്ചിട്ടുള്ള സ്ട്രക്ചറിലേക്ക് മാറ്റാനാണ് നഴ്സ്മാർ പറയുന്നത്. പേറെടുക്കാൻ വന്നയാൾ ഇരട്ട പ്രസവിച്ചെന്ന് പറഞ്ഞ പോലെയായി കാര്യം. ഞാൻ നിന്ന് പരുങ്ങി. എന്റെ പരുങ്ങൽ കണ്ട് നേഴ്സുമാർ വീണ്ടും രവിയെ പുറത്തെത്തിക്കാൻ പറഞ്ഞു. ഞാൻ നിസ്സഹായാവസ്ഥയിൽ രവിയെയും നേഴ്സുമാരേയും മാറി മാറി നോക്കി. ഇതു കണ്ട് നഴ്സുമാർ അവരുടെ ഭാഷയിൽ എന്തോ പറഞ്ഞ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അവർ എന്നെ പരിഹസിക്കുകയാണെന്ന് എനിക്ക് തോന്നി. ആ രണ്ട് സുന്ദരികൾ പരിഹാസ ചിരി തുടർന്നപ്പോൾ എന്റെ ഉള്ളിലെ അഭിമാനം സടകുടഞ്ഞെണീറ്റു. എന്റെ സകല ആരോഗ്യ പ്രശ്നങ്ങളും നടുവേദനയും ഒരു മാത്ര ഞാൻ മറന്നു. നിലത്ത് കിടന്നിരുന്ന രവിയെ ഞാൻ രണ്ട് കൈകൊണ്ടും വാരിയെടുത്ത് പുറത്തുള്ള കോറിഡോർ ലക്ഷ്യമാക്കി നടന്നു. നടക്കുന്നതിനിടയിൽ ഞാൻ രവിയെ നോക്കി. മുൻപെങ്ങുമില്ലാത്ത ഒരുതരം ഭയം രവിയുടെ മുഖത്തുനിന്ന് ഞാൻ വായിച്ചെടുത്തു. എന്റെ കൈകളിൽ കിടന്ന ആ കുറച്ച് സമയമായിരിക്കാം രവിയുടെ ജീവിതത്തിലെ ഏറ്റവും അരക്ഷിതമായ കാലമെന്ന് രവിക്ക് തോന്നിയിരിക്കാം.
രണ്ട് ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞെത്തിയ രവി ശാരീരികമായും മാനസികമായും വളരെ ക്ഷീണിതനായിരുന്നു. കഠിനമായ വ്യായാമങ്ങളും ഭാരമുള്ള സാധനങ്ങളും എടുക്കരുതെന്ന് ഡോക്ടർ കർശനമായി വിലക്കിയിരുന്നു. ആ സംഭവത്തിന് ശേഷം രവി എപ്പോഴും ചിന്താമഗ്നനായി കാണപ്പെട്ടു.
ഒരു പൂഴിമണി തരിയോളം വലുപ്പമുള്ള കല്ല് ആര്യോഗ്യ ദൃഡഗാത്രനെന്ന് വിശ്വസിച്ചിരുന്ന തന്നെ നിലം പരിശാക്കായത് രവിക്ക് ജീവിതത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് തന്നെ മാറ്റി. കണ്ണാടിയുടെ മുന്നിലുള്ള ശരീര സൗന്ദ്യരാസ്വാദനം നിന്നു. സൗന്ദര്യ വർധക വസ്തുക്കളൊക്കെ ചവറ്റുകൊട്ടയിലിട്ടു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ശനിയാഴ്ചകളിലെ എണ്ണ തേച്ച് കുളിയും ഇല്ലാതായി. അതോടെ എൻ്റെ ശനിയാഴ്ചകളിലെ കുളി പുനരാരംഭിക്കുകയും ചെയ്തു .
ഒരു ദിവസം രാവിലെ രവി എന്നെ കിച്ചണിൽ വിളിച്ച് കൊണ്ടുപോയി കാലിയായ വാട്ടർ ബോട്ടിൽ കാണിച്ച് ഡിസ്പൻസറിൽ പുതിയ ബോട്ടിൽ വെക്കാൻ ആവശ്യപ്പെട്ടു. ഞാൻ വലിയ ആത്മവിശ്വാസത്തോടെ ഭാരമുള്ള ബോട്ടിൽ പുഷ്പം പോലെ ഡിസ്പെൻസറിൽ കയറ്റി വെച്ചു. എന്നിട്ട് “ഇതൊക്കെയെന്ത് ” ഭാവത്തോടെ രവിയെ തിരിഞ്ഞു നോക്കി. പക്ഷെ രവി അവിടെ നിന്നും അപ്രത്യക്ഷനായിരുന്നു.
അനിൽ പി. മീത്തൽ