തലയ്ക്കു പിന്നിലേറ്റ ശക്തമായ അടിയിൽ, ബോധം മറഞ്ഞു നിലത്തേക്ക് വീഴുമ്പോഴും അവളുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.... പക്ഷെ ബോധം മറയും മുൻപേ ഞാൻ അറിയുന്നുണ്ടായിരുന്നു അവളുടെ കരച്ചിലിന്റെ ശബ്ദം നേർത്തു നേർത്തു വരുന്നത്.... നിസ്സഹായതയോടെ കണ്ണുകൾ അടഞ്ഞുപോകുമ്പോഴേക്കും അവർ അവൾ വലിച്ചിഴച്ചു ദൂരെയെവിടെയോ കൊണ്ടുപോയിരുന്നു..
ജനലിനുള്ളിലൂടെ ശക്തമായ വെളിച്ചം കണ്ണിലടിച്ചപ്പോഴാണ് ബോധം വന്നത്... തലയിലപ്പോഴും അടിയേറ്റത്തിന്റെ ശക്തമായ വേദനയുണ്ടായിരുന്നു... തുറക്കാനാവാത്ത കണ്ണുകൾ ബലമായി തുറന്നപ്പോഴാണ്.. ഞാൻ വീട്ടിലാണെന്നു മനസ്സിലായത്... പദ്മാ...എന്റെ അലർച്ച വീട് മുഴുവൻ മുഴങ്ങി... അപ്പോഴാണ് തൊട്ടടുത്ത മുറിയിൽ അവളുടെ തേങ്ങൽ കേട്ടത്...
ഒരു തമാശയ്ക്കു അവളോട് തോന്നിയ പ്രണയം... ആരുമില്ലാത്ത.. കുത്തഴിഞ്ഞ എന്റെ ജീവിതം അർത്ഥമുള്ളതാക്കി തീർത്തത് അവളാണെന്നു തിരിച്ചറിഞ്ഞ നിമിഷം... അന്നു മുതലാണ് ഹൃദയം കൊണ്ട് അവളെ സ്നേഹിച്ചു തുടങ്ങിയത്... നീണ്ട ആറു വർഷത്തെ പ്രണയം..
ഒരിക്കലും പിരിയാൻ പറ്റാത്ത എന്തോ ഒന്ന് ഞങ്ങൾക്കിടയിലുണ്ടായിരുന്നു... അതുകൊണ്ടാണ് തെമ്മാടിയാണെന്നറിഞ്ഞിട്ടും .. അവളുടെ വീട്ടുകാർ ശക്തമായി എതിർത്തിട്ടും... മറ്റൊരു കല്യാണം ഉറപ്പിച്ചിട്ടും.. ഞാൻ വിളിച്ചപ്പോൾ കൂടെ ഇറങ്ങി വന്നത്... അതും അവളുടെ കല്യാണത്തിന്റെ തലേന്ന്..
അതുവരെയും അവൾ വീട്ടുതടങ്കലിൽ ആയിരുന്നു... ആരെങ്കിലും എതിർത്താൽ.. കാത്തിരിക്കാൻ ഇനിയും ദിവസങ്ങളില്ല എന്നതുകൊണ്ടാണ്, ഗുണ്ടകളായ പഴയ കൂട്ടുകാരെ കൂട്ടുവിളിച്ചതു...പകരമായി കള്ളും വാങ്ങി കൊടുത്തത്... ഒരിക്കലും പ്രതീക്ഷിക്കാതെയാണ് ആ രാത്രി കൂട്ടുകാർ എന്ന് വിചാരിച്ചിരുന്നവർ.. എന്നെ അടിച്ചു വീഴ്ത്തി, അവളെ കീഴ്പെടുത്തിയത്...
ജീവിതത്തിലേക്ക് വിളിച്ചിറക്കി കൊണ്ടുവന്ന ആ ഒരു ദിവസം തന്നെ അവളെ സംരക്ഷിക്കാൻ കഴിയാതെ പോയതിനു എന്നെ തന്നെ ശപിക്കാനല്ലാതെ..ഇനിയെന്താണ് ചെയ്യാനാവുക... പരസ്പരം ഒന്നും മിണ്ടാതെ എത്ര നേരം ഇരുന്നെന്നറിയില്ല...
ഒടുവിൽ നീണ്ട മൗനത്തെ കീറിമുറിച്ചു... അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു... കഴിഞ്ഞതെല്ലാം ദുസ്വപ്നം പോലെ മറന്നൂടെയെന്നു ചോദിച്ചപ്പോൾ... അവളുടെ കണ്ണുകളിലെ ദൈന്യത മാറി... കണ്ണുകൾ ജ്വലിച്ചു... ആ നോട്ടം നേരിടാനാവാതെ എന്റെ കണ്ണുകൾ പിൻവലിച്ചു... പിന്നെയും ഞങ്ങൾക്കിടയിൽ കനത്ത മൗനം തളം കെട്ടി കിടന്നു...
അവരെ കൊല്ലാൻ എന്റെ കൂടെ നിൽക്കുമോ... ഒട്ടും പതർച്ച ഇല്ലാതെ ആണ് അവളതു ചോദിച്ചത്... എനിക്കും മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല... അവർക്കു കുടിക്കാനുള്ള മദ്യത്തിൽ ഉറക്കു ഗുളിക ചേർക്കാൻ വെറും അയ്യായിരം രൂപ കൈക്കൂലിയുടെ ചിലവേ ഉണ്ടായിരുന്നുള്ളൂ...
ഉറക്കത്തിൽ നിന്നും ഉണർന്നിട്ടേ അവരെ കൊ-ല്ലൂ എന്നത് അവളുടെ നിർബന്ധമായിരുന്നു... കൈകാലുകൾ ബന്ധിച്ചു.. വായിൽ തുണി തിരുകി... അവർക്കു ബോധം വരാൻ ഞങ്ങൾ കാത്തിരുന്നു... ഇന്നലെ അവളെ വേട്ടയാടിയവർ ഇന്നവൾക്കു മുന്നിൽ ഭയത്തോടെ ഇരുന്നു.. അതുകണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു... പിന്നെ ഒരലർച്ചയോടെ അവളുടെ കൈയിലെ വാൾ പലതവണ ഉയർന്നു താഴ്ന്നു...
ഒന്ന് ഉറക്കെ കരയാൻ പോലുമാവാതെ കയറിനുള്ളിൽ കിടന്നു അവർ പിടഞ്ഞു.. അവരിലെ അവസാന ശ്വാസം നിലയ്ക്കും വരെ വാൾ ഉയർന്നു താഴ്‌ന്നു ... അവളുടെ ആ ഭാവത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഞാൻ തിരിഞ്ഞു നിന്നു... അവിടമാകെ ചോ-രയുടെ മണം പടർന്നിരുന്നു... വാളും വലിച്ചെറിഞ്ഞു ഉറക്കെ കരയുന്ന അവളെ ഞാൻ നെഞ്ചോട് ചേർത്തു പിടിച്ചു...
അവിടെയെല്ലാം കഴുകി വൃത്തിയാക്കി .. ചിന്നി ചിതറിയ ശരീരം കൂട്ടിയെടുത്തു വീടിനുള്ളിൽ തന്നെ കുഴി വെട്ടി മൂന്നുപേരെയും ഒന്നിച്ചു ആ കുഴിയിലേക്കിട്ടു മൂടി.... എന്നിട്ടും ചോരയുടെ മണം വീടിന്റെ ഓരോ മൂലയിലും അനുഭവപ്പെട്ടു... അന്ന് രാത്രി എന്റെ നെഞ്ചിൽ ചേർന്നുകിടന്നു അവൾ സമാധാനമായി ഉറങ്ങി... ഞാനുറക്കം വരാതെ അവളെ ചേർത്തു പിടിച്ചു... പക്ഷെ അവൾ ശാന്തയായിരുന്നു... അവളുടെ മുഖം പ്രസന്നമായിരുന്നു... അത് മതിയായിരുന്നു എന്റെ സങ്കടങ്ങൾ മായ്ച്ചു കളയാൻ...
കോളിങ് ബെല്ലിന്റെ ഒച്ച കേട്ടാണ് രാവിലെ ഉറക്കമുണർന്നത്... അപ്പോഴും അവളെന്റെ നെഞ്ചിൽ ചേർന്ന് കിടക്കുകയായിരുന്നു... പതിയെ അവളെ അടർത്തി മാറ്റി... വാതിൽ തുറന്നു... പാൽക്കാരനെ പ്രതീക്ഷിച്ച എനിക്ക് മുന്നിൽ പോലീസുകാർ.. ഞെട്ടൽ ഒളിപ്പിച്ചു കൊണ്ട് കാര്യം അന്വേഷിക്കും മുൻപേ അവർ അകത്തേക്ക് കയറി..
നീയാണോ പദ്മ എന്ന പെൺകുട്ടിയെ തട്ടികൊണ്ടുപോയത്... അതിലൊരാൾ പരുഷമായാണ് അത് ചോദിച്ചത് തട്ടിക്കൊണ്ടു വന്നതല്ല.. അവളുടെ ഇഷ്ടപ്രകാരം ഇറങ്ങി വന്നതാ സാറെ.. എന്നിട്ട് അവളെവിടെ...?? മുറിയിലുണ്ട്.. ഉറക്കമാണ്... ഞാൻ വിളിക്കാം.. മുറിയിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഇടതും വലതുമായി അവരും കൂടെ വന്നു....
ഓരോ തവണ കാറ്റു വീശുമ്പോഴും.. ചോരയുടെ മണം അതിലൊഴുകി വന്നു.. ഞാൻ ഇടം കണ്ണിട്ടു അവരെ നോക്കി... ഇല്ല അവർ മറ്റൊന്നും ശ്രദ്ധിക്കുന്നില്ല... മുറി ലക്ഷ്യമാക്കി നടക്കുകയാണ്... കിടക്കയിലേക്ക് വിരൽ ചൂണ്ടി പദ്മയെ കാണിച്ചു കൊടുത്തു.. അപ്പോഴാണ് ശ്രദ്ധിച്ചത് അവൾ കിടക്കയിൽ ഇല്ല.. ബാത്‌റൂമിൽ നോക്കി അവിടെയും ഇല്ല... കൂടുതലെന്തെങ്കിലും പറയും മുൻപേ അവരെന്നെ വിലങ്ങു വച്ച് കഴിഞ്ഞിരുന്നു... വീട് സീൽ ചെയ്തു..
അവരെന്നെയും കൊണ്ട് പോയത് ദൂരെ മാറി ഒരു കായൽ കരയിലേക്കാണ്... അവിടെ വെള്ള മൂടി കിടത്തിയിട്ടുണ്ട് ഒരു ശവം. . അതിന്റെ മുഖത്തുനിന്നും വെള്ളത്തുണി അതിലൊരു പോലീസ് വലിച്ചു നീക്കി... പദ്മാ... ഞാനുറക്കെ വിളിച്ചു... പക്ഷെ ശബ്ദം പുറത്തേക്കു വന്നില്ല... തൊണ്ടയിലെവിടെയോ കുരുങ്ങിക്കിടന്നു...
വെള്ളം കുടിച്ച് വീർത്തിരിക്കുന്നു... കണ്ണുകൾ അടയാതെ തുറിച്ചു നോക്കുന്നു... കൂട്ടത്തിലൊരു പോലീസുകാരൻ വിളിച്ചു പറയുന്നുണ്ട്... കൂട്ടബ--ലാ--ത്സംഗം ചെയ്തു കൊണ്ടിട്ടതാ... മൂന്നുദിവസത്തെ പഴക്കമുണ്ട് ശവത്തിനെന്നു...
ശരീരം മുഴുവൻ ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു...ഒരു വാക്ക് പോലും പുറത്തേക്കു വന്നില്ല... അപ്പോഴും ഇടനെഞ്ചിൽ അതേ ചൂടുണ്ടായിരുന്നു... രാത്രി അവളെന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നപ്പോൾ ഉണ്ടായ അതേ ചൂട്... അതേ ഭാരവും...
കുറ്റങ്ങളെല്ലാം മൗനമായി ഏറ്റെടുത്തു... ജയിലിന്റെ ഇരുളിൽ ഞാൻ ഇരിക്കുമ്പോൾ... പുറത്ത് പോലീസുകാരും.. മാധ്യമങ്ങളും തിരക്കിട്ട അന്വേഷണത്തിലായിരുന്നു, കൂട്ടുപ്രതികളായ മറ്റു മൂന്നു പേർക്കുവേണ്ടി... വീടുമുഴുവൻ അരിച്ചുപെറുക്കിയിട്ടും.. പോലീസ് സീൽ ചെയ്തിട്ടും.. അവർ അറിയാതെ പോയ ആ മണം..
പതിനച്ചുവര്ഷത്തിനിപ്പുറവും ഇപ്പോഴും കാറ്റിൽ ആ ചോ-രയുടെ മണം ഒഴുകിയെത്താറുണ്ട് ... എനിക്ക് വേണ്ടി മാത്രം... അല്ല... എന്റെ ഇടനെഞ്ചിൽ ഒരു ചെറിയ ചൂടായി എന്നിലലിഞ്ഞു ചേർന്ന അവൾക്കു വേണ്ടി.... ഞങ്ങൾക്ക് വേണ്ടി..