കാരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പത്തു ദിവസമാണ്. പത്തു ദിവസവും നിറയെ പരിപാടികളും ആന എഴുന്നള്ളിപ്പും മേളവുമൊക്കെയായി നല്ല രസമാണ് ദൂരെ ഒക്കെ ജോലി ചെയ്യുന്ന ഗ്രാമവാസികളെല്ലാം അവധിക്ക് എത്തുന്നത് ഈ സമയത്താണ് കുട്ടികൾക്ക് മധ്യവേനലവധിയായത് കൊണ്ട് അവരെയും ആരും നിയന്ത്രിക്കില്ല. സത്യം പറഞ്ഞാൽ ഓണത്തിനെക്കാളും വിഷു ഈസ്റ്റർ ക്രിസ്ത്മസ് എല്ലാത്തിനേക്കാളും അവിടെ ഉള്ളവർക്ക് ഏറ്റവും ആഘോഷം ഈ ഉത്സവമാണ് ജാതിയോ മതമോ നോക്കാതെ കാരയ്ക്കൽ ദേശം മുഴുവൻ ആ പത്തു ദിവസം ക്ഷേത്രത്തിൽ ആണ് ശ്രീഹരിക്ക് ആ സമയം നിന്ന് തിരിയാൻ നേരം കിട്ടില്ല ഉത്സവകമ്മറ്റി അംഗം ആയത് കൊണ്ട് അത് നോക്കണം

ആനക്കും പാപ്പാന്മാർക്കും സൗകര്യം ചെയ്തു കൊടുക്കണം കച്ചവടക്കാർക്കുള്ള സ്ഥലങ്ങൾ വൃത്തി ആക്കി കൊടുക്കണം അതിനൊക്കെ ഹരിക്ക് കൂടെ ആളുകളുണ്ട്. പക്ഷെ മേൽനോട്ടം അവൻ തന്നേ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഹരിയുടെ ഗാനമേളയാണ് എല്ലാ വർഷവും ഉത്സവം തുടങ്ങുന്ന ദിവസം ഹരിയുടെ ഗാനമേള ഉണ്ടാകും ഹരി അസ്സലായി പാടും ഹരിമുരളീരവം ഒക്കെ അസാധ്യമായി പാടിക്കളയും കക്ഷി അവന്റെ പാട്ട് കേൾക്കാൻ മാത്രം അയൽ ഗ്രാമങ്ങളിൽ നിന്ന് ആൾക്കാർ വരാറുണ്ട് പെൺകുട്ടികൾ പ്രത്യേകിച്ചും അതി സുന്ദരനായ ഒരു ചെറുപ്പക്കാരൻ പാട്ടുകാരൻ കൂടിയായാലത്തെ അവസ്ഥ എന്തായിരിക്കും?

ഗാനമേള കഴിഞ്ഞാൽ സെൽഫി എടുക്കലിന്റെ ബഹളം ആവും എല്ലാത്തിനും അവൻ നിന്നു കൊടുക്കും ഒന്ന് മാത്രം ചോദിക്കരുത് ഫോൺ നമ്പർ അതാർക്കും കക്ഷി കൊടുക്കാറില്ല കൂട്ടുകാരൻ വിഷ്ണു പറയാറുണ്ട് "ഇത്രയ്ക്കും അഹങ്കാരം പാടില്ല ഹരിയെ.. ബാക്കി ഉള്ളവനിവിടെ ഓരോ അവളുമാരുടെ പിന്നാലെ നടന്നു ചെരിപ്പ് മാറ്റി കൊണ്ടിരിക്കുവാ. അവന്റെ ഒരു ജാഡ " ഹരി ചിരിക്കും "എനിക്കുള്ള പെണ്ണ് വരുമ്പോൾ ഞാൻ നമ്പർ കൊടുക്കും... അവളെ കാണുമ്പോൾ എനിക്ക് അറിയാം അതെന്റെ പെണ്ണ് ആണെന്ന്. വെറുതെ നമ്പർ കൊടുത്തു പഞ്ചാര അടിക്കാൻ ശ്രീഹരിക്ക് ടൈം ഇല്ല മോനെ "

"ഉവ്വേ എനിക്ക് കാണണം ആ വിശ്വസുന്ദരിയെ. കേട്ടോ " "ഓ ആയിക്കോട്ടെ " ഹരി തർക്കിക്കില്ല അവൻ പൊതുവെ ആരോടും തർക്കിക്കില്ല ദേഷ്യപ്പെട്ടു സംസാരിക്കില്ല വഴക്ക് ഉണ്ടാക്കുകയുമില്ല പൊതുവെ എന്നാണ് പറഞ്ഞത് അതിന്റെയർത്ഥം ഹരി പാവമാണെന്നല്ല, ശാന്തനാണെന്നല്ല, സാധുവുമല്ല ഒന്നിനും അവനായിട്ട് പോകില്ല എന്നാണ് ഇങ്ങോട്ട് വന്നാൽ ഒന്നിനെയും വിടുകയുമില്ല നാട്ടുകാർക്കിടയിൽ ഒരു പറച്ചിൽ ഉണ്ട്

മുണ്ട് ഒന്ന് മടക്കി കുത്തുന്ന ആ ഒരു രംഗം കണ്ടാൽ അറിയാം അടുത്തത് അടിയാണ് ചോദ്യവുമില്ല. പറച്ചിലുമില്ല അടിച്ചവന്റെ ആപ്പീസ് പൂട്ടികളയും അത് എത്ര പേര് എതിരിൽ വന്നാലും ഹരി ഒറ്റയ്ക്ക് മതി മിക്കവാറും എല്ലാ ഉത്സവത്തിനും ഹരിയുടെ വക ഗാനമേളയും ഈ സ്റ്റണ്ട്സീനും നാട്ടുകാർക്ക് വിരുന്നാണ് ഉത്സവത്തിന് വരുന്ന അന്യനാട്ടുകാരിൽ ഹരിയെ ശരിക്കും അറിയാത്തവർ നാട്ടിലുള്ള സുന്ദരി പെൺപിള്ളേരെ കമന്റ്‌ അടി, മുതലായ ലീലാവിലാസങ്ങൾ സ്വാഭാവികം ആയും കാണിക്കും ഒരു പടി കൂടി കടന്നു ഫോട്ടോ എടുപ്പ്, ശരീരത്തിൽ തൊടൽ,മുട്ടൽ എന്ന് വേണ്ട ഉത്സവങ്ങളോട് അനുബന്ധിച്ചു കാണുന്ന സ്ഥിരം കലാപരിപാടികൾ തന്നെ. അതുമായി അവിടെ വരുന്നവർ പിന്നെ വാഹന വിളിച്ചു തിരിച്ചു പോകുകയാണ് പതിവ്. അടുത്ത തവണ മര്യാദരാമൻമാരായി മാത്രമെ വരുവുള്ളു താനും.

ഹരി വീട്ടിലേക്ക് നടക്കുമ്പോഴേ വഴിയിൽ വെച്ചു തോമസ് ചേട്ടൻ പറഞ്ഞു ജെസ്സിയും കൊച്ചും വന്നിട്ടുണ്ട് എന്ന്. അവൻ നേരേ അങ്ങോട്ട്‌ ചെന്നു എന്റെ അന്നക്കുട്ടി എന്ത് പറയുന്നടാ എന്ന് പറഞ്ഞവൻ മോളെ എടുത്തുയർത്തി വട്ടം ചുറ്റി കുഞ്ഞ് കിലുകിലാന്ന് ചിരിച്ചു "അച്ചായൻ വന്നില്ലേ?"അവൻ ജെസ്സിയോട് ചോദിച്ചു "വരും.. എന്തായാലും ഉത്സവം തീരും മുന്നേ വരും. ഓഫീസിൽ ഓഡിറ്റ് ആണ് "അവൾ പറഞ്ഞു "ഓ വന്നാൽ മതി "അവൻ തല കുലുക്കി "ഞാൻ ഒരാൾ ഇവിടെ ഉണ്ട് " പിന്നിൽ നിന്ന് ജെന്നി

"അയ്യോ സത്യമായിട്ടും മോള് വന്നത് ഹരിയേട്ടൻ കണ്ടില്ലടാ " ഹരി അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു "അല്ലേലും അന്നമോൾ വന്നേ പിന്നെ എന്നോടുള്ള സ്നേഹം കുറച്ചു കുറഞ്ഞു " അവൾ പരിഭവിച്ചു "ദേണ്ടേ കിടക്കുന്നു. കുശുമ്പി..നിന്നേ കണ്ടു കഴിഞ്ഞല്ലേ ഇവളെ കണ്ടേ.. അപ്പൊ പിന്നെ ആരോടാരിക്കും ഇഷ്ടം കൂടുതൽ? ജെന്നിയുടെ മുഖം വിടർന്നു "എന്നോട്.." അവൾ ഉറക്കെ പറഞ്ഞു "അതെങ്ങനെയാടി ശരിയാവുന്നെ? ആ കണക്ക് പറയുവാണെങ്കിൽ ഹരിക്ക് എന്നോടാ കൂടുതൽ സ്നേഹം എന്നെ കണ്ടിട്ട് അല്ലെ നിന്നേ കണ്ടത്?" ജെസ്സി കുസൃതി യിൽ ചിരിച്ചു ഹരി വെട്ടിലായി ജെന്നി ഒരു കൂർത്ത നോട്ടം നോക്കി

"എന്റെ പൊന്ന് ചേച്ചി... പ്ലീസ് ആഭ്യന്തര കലഹം ഉണ്ടാക്കരുത്.."ഹരി തൊഴുതു "എന്നെ അങ്ങോട്ട് ഒക്കെ കൊണ്ട് പൊ" തോളിൽ ഇരുന്ന് അന്ന പുറത്തേക്ക് കൈ ചൂണ്ടി "പിന്നെന്താ.. ഞാൻ ഒരു റൗണ്ട് ചുറ്റിയെച്ചും വരാം. ഉത്സവം നാളെ തുടങ്ങുവാ.ഗാനമേളക്ക് ഉള്ള ആൾക്കാർ പ്രാക്ടീസ്ന് വന്നിട്ടുണ്ട്. മോളെ ഒന്ന് ചുറ്റിച്ചിട്ട് കൊണ്ട് തരാമെ. അത് കഴിഞ്ഞു ഹരി ബിസിയാ പിന്നെ പിടിച്ചാ കിട്ടത്തില്ല. ഇപ്പൊ വേണേൽ ശരിക്കും കണ്ടോ " ജെന്നിയും ജെസ്സിയും ചിരിച്ചു "വല്ലോം കഴിച്ചേച്ചും പോടാ ചെറുക്കാ. കപ്പയും മീനുമുണ്ട് "മേരി "ബെസ്റ്റ് ഇനി പത്തു ദിവസം ഹരികുട്ടൻ മീൻ, ഇറച്ചി, മുട്ട മുതലായ ഇച്ചീച്ചി യൊന്നും കഴിക്കുകേല എന്റെ പോന്നു മേരി... ഹരിക്കുട്ടന് വൃതമല്ലിയോ?"

അവൻ മേരിയുടെ കവിളിൽ നുള്ളി മേരി ഒന്ന് ചിരിച്ചു "വൃതക്കാരൻ തല്ല് ഉണ്ടാക്കരുത് കേട്ടോ " തോമസ് ചേട്ടൻ അങ്ങോട്ടേക്ക് വന്നു "അയ്യടാ ഹരിയേട്ടന്റെ തല്ല് ഇല്ലെങ്കിൽ എന്തുത്സവം.?ദേ ഇത്തവണ ബാംഗ്ലൂർ നിന്ന് എന്റെ ഫ്രണ്ട് മീനാക്ഷി വരുന്നുണ്ട്. നല്ല ഒന്നാന്തരം നായർ കൊച്ചാ. ഹരിയേട്ടന്റെ ഫോട്ടോയും പാട്ടും ഒക്കെ കണ്ടും കേട്ടും ഫാൻ ആയ കക്ഷിയാ...എന്നെ നാറ്റിക്കരുത് " "അത് നിന്റെ കൂട്ടുകാരിയുടെ കയ്യിലിരുപ്പ് പോലിരിക്കും. അപ്പൊ ഞങ്ങൾ പോവാ.. അന്ന മോൾ റെഡിയല്ലേ?" "റെഡി "അവൾ ഒറ്റ അലർച്ച "അയ്യോ കാത് പൊട്ടി എന്തോച്ചയാ ഇത്?" "കൊച്ചിനെ കണ്ണ് വെയ്ക്കല്ലേ" ഹരി അങ്ങനെ പറഞ്ഞിട്ട് മോളെയും തോളിരുത്തി നടന്നു പോയി

"ശൊ എനിക്കും പോകാമായിരുന്നു. പണ്ടൊക്കെ ഹരിയേട്ടൻ എന്നെയാരുന്നു കൊണ്ട് പോകുന്നെ." അവൾ ഇച്ചാ ഭംഗത്തോടെ പറഞ്ഞു "നി ഇപ്പൊ വലുതായില്ലേ ഇനി കുഞ്ഞ് മോള് പോട്ടെ " തോമസ് ചേട്ടൻ പറഞ്ഞു ജെന്നി ഒന്ന് മൂളി "ഹരിയെ  ഇതേതാ ഈ മോള്?" നകുലനും ബാലചന്ദ്രനും കൂടി വെറുതെ ഉത്സവം തുടങ്ങുന്നത് കാണാൻ ഇറങ്ങിയതായിരുന്നു. "ജെസ്സി ചേച്ചിയുടെ മോളാ അന്ന. അങ്ങ് ഡൽഹിയിലാ. സാർ കണ്ട് കാണും " "കല്യാണത്തിന് പോയിട്ടുണ്ട്. പിന്നെ അധികം കണ്ടിട്ടില്ല" ബാലചന്ദ്രൻ അവനാ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച വിധം ശ്രദ്ധിക്കുകയായിരുന്നു

എത്ര സുന്ദരമായിട്ട് എത്ര സ്നേഹമായിട്ട് "സാറിന് ഞങ്ങളുടെ നാട് ഇഷ്ടമായോ" ഹരി അയാളോട് ചോദിച്ചു ബാലചന്ദ്രൻ ചിരിച്ചു"നന്നായി ഇഷ്ടപ്പെട്ടു. നല്ല നാട്, നല്ല മനുഷ്യർ " "സാറിന്റെ നാടെവിടെയാ?" "സ്വന്തം നാട് തൃശൂർ ആണ് പക്ഷെ ഇപ്പൊ എറണാകുളത്താണ് താമസം.." ഹരി തലയാട്ടി "കൊച്ചിയിൽ വന്നിട്ടുണ്ടോ ഹരി?" "ഞാൻ ഈ ജില്ല വിട്ട് പോയിട്ടില്ല." ഹരി ചിരിച്ചു "ഒരു ദിവസം വാ എന്റെ വീട്ടിലോട്ട് "

ഹരി ഒന്ന് അമ്പരന്നു അവനോട് ആരും ഇത് വരെ അങ്ങനെ പറഞ്ഞിട്ടില്ല "ഹരിക്ക് ബിസിനസ് ഒക്കെ വലിയ ഇഷ്ടമാണെന്ന് നകുലൻ പറഞ്ഞു. എനിക്ക് ചെറിയ ബിസിനസ് പരിപാടികൾ ഒക്കെയുണ്ട്. ഹരി കൂടുന്നോ എന്റെ ഒപ്പം?" നകുലൻ ആശ്ചര്യഭരിതനായി. ഹരി ഒന്ന് ചിരിച്ചു "എന്റെ ബിസിനസ് ദേ ഈ നാട്ടിൽ ഒതുങ്ങുന്ന കുഞ്ഞ് സംഭവങ്ങളാ... ഈ നാട് വിട്ട് ഞാൻ എങ്ങോട്ടുമില്ല താനും. പക്ഷെ സാർ എന്നോട് കാണിച്ച ഈ സ്നേഹത്തിന് നന്ദിയുണ്ട് ട്ടോ. സാറിനെ ഞാൻ മറക്കില്ല " ഹരി ഉള്ളിൽ തട്ടി പറഞ്ഞു "പോകാം അങ്കിളേ " അന്ന മോള് ചിണുങ്ങി തുടങ്ങി

ഹരി അവരോടു യാത്ര പറഞ്ഞു പോയി "നി തമാശ പറഞ്ഞതാണോ? കാര്യം ആയി പറഞ്ഞതാണോ?" നകുലൻ ചോദിച്ചു "സീരിയസ് ആയിട്ടാ... ആ ചെക്കനെ എനിക്ക് ഇഷ്ടപ്പെട്ടു.... എനിക്ക് കിട്ടുമോ അവനെ?" "നെവർ ബാലു.... ഒരിക്കലും കിട്ടില്ല. കാരണം ഹരി ഇവിടം വിട്ട് ഒരിക്കലും ഒരിടത്തും വരില്ല. അവന്റെ ജീവൻ ഇവിടെയാണ്‌.. എത്ര പ്രലോഭനമുണ്ടെങ്കിലും ഹരി വരില്ല." ബാലചന്ദ്രൻ നിരാശയോടെ ഹരി പോയ ദിക്കിലേക്ക് നോക്കി

ഹരി അന്ന മോൾക്ക് ബലൂൺ വാങ്ങി കൊടുക്കുന്നത് അയാൾക്ക് കാണാമായിരുന്നു അവളെയവൻ കൊഞ്ചിക്കുന്നത് ലാളിക്കുന്നത് ചേർത്ത് പിടിച്ചുമ്മ വെയ്ക്കുന്നത് തോളിൽ ഇരുത്തി വട്ടം കറക്കുന്നത് കുഞ്ഞ് കുടുകുടെ ചിരിക്കുന്നു ആ ചിരി... തന്റെ മകളുടെ നഷ്ടം ആയ ചിരി ഇത് പോലെ എന്നാണ് അവളൊന്നു ചിരിക്കുക? (തുടരും )