അശ്രുതർപ്പണം

രചന: സുലൈമാൻ പുതുവാൻകുന്ന്

ഞായറാഴ്ച ആയത് കൊണ്ട് പതിവ് തിരക്കുകളൊന്നുമില്ലാതെ വീടിന്റെ ഉമ്മറപ്പടിയിൽ പത്രവും വായിച്ച് സ്വസ്ഥമായി ഇരുന്നു. സ്വസ്ഥമായി എന്ന് പറഞ്ഞ് കൂടാ. എന്നും ശാന്തമായ് ഉണരുന്ന നമ്മെ അസ്വസ്ഥമാക്കുന്ന ധർമ്മം പത്രങ്ങുടേതാണല്ലോ. ഇന്നും പത്രധർമ്മം പാലിക്കപ്പെട്ടിട്ടുണ്ട്.

പ്രണയത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊന്ന ഒരു പെണ്ണിന്റെ കഥ.( അമ്മയെന്ന വാക്ക് ഇവിടെ ഉപയോഗിക്കപ്പെടേണ്ട ഒന്നല്ല ) എല്ലാവരാലും അവൾ വിചാരണ ചെയ്യപ്പെട്ടു.ഭർത്താവിന്റെ കണ്ണിൽ സ്വന്തം കുഞ്ഞിനെക്കൊന്ന് തന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ച വഞ്ചകിയാണ്, നിയമത്തിനു മുന്നിലും സമൂഹത്തിനു മുന്നിലും കൊലപാതകി. കാമുകന്, ഒരു സ്വപ്നം സമ്മാനിച്ചിട്ട് പദ്ധതികളെല്ലാം നശിപ്പിച്ച കഴിവ് കെട്ടവൾ, ഒരു പക്ഷേ കുറ്റവും പറയാതെ കടന്ന് പോയത് ആ കുഞ്ഞിന്റെ ആത്മാവ് മാത്രമായിരിക്കും. വായനക്കപ്പുറത്ത് മനസ്സ് കലുഷമായപ്പോൾ വഴിയോര കാഴ്ചകൾക്ക് മിഴി കൊടുത്ത് ഞാൻ എന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.

പുറത്ത് റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറവാണെങ്കിലും വേഗത കൂടുതലാണെന്ന് തോന്നി, കുറച്ച് കഴിഞ്ഞപ്പോൾ ആ കാഴ്ചയും വിരസമായി തുടങ്ങി,

ഇരിപ്പ് മതിയാക്കി അടുക്കള വശത്തേക്ക് ചെല്ലുമ്പോൾ ഉമ്മ ഇറച്ചി നുറുക്കുന്ന തിരക്കിലാണ്. പതിവ് പോലെ അമ്മിണി അടുത്തിരിപ്പുണ്ട്, അമ്മിണി ഇവിടെ വന്ന് കയറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളു. ആദ്യമൊക്കെ എനിക്ക് ഇഷ്ടമല്ലായിരുന്നു. എവിടെക്കണ്ടാലും ഞാൻ ഓടിക്കും, പക്ഷേ ഉമ്മ പെട്ടന്ന് ചെങ്ങാത്തത്തിലായി, ഞാൻ രാവിലെ പോയിക്കഴിഞ്ഞാൽ ഉമ്മാക്ക് അമ്മിണി ഒരു കൂട്ടായി.

പേരിട്ടതും ഞാനായിരുന്നു. പൂച്ചകൾക്കിടുന്ന പതിവ് പേരുകൾ ഒന്നും ഇട്ടില്ലാ അമ്മിണി, ആ പേരിനോട് എനിക്കെന്തോ ഒരു കൗതുകമുണ്ടായിരുന്നു.
ഇടയ്ക്ക് ഓരേ ഇറച്ചി കഷ്ണങ്ങൾ ഉമ്മ ഇട്ട് കൊടുക്കുന്നുണ്ട്. ഇപ്പോഴാണെങ്കി ഇത്തിരി സ്നേഹം കൂടും.

അമ്മിണി പ്രസവം കഴിഞ്ഞ് ഇരിക്കുകയാണ്. നാല് കുഞ്ഞുങ്ങൾ, പുറകിലത്തെ ചായ്പ്പിന്റെ മൂലയിൽ മക്കൾ സുരക്ഷിതരാണ്. എത്ര കൊടുത്താലും ഉമ്മാക്ക് മതിയാവില്ല, എന്തെങ്കിലും ഞാൻ പറഞ്ഞ് പോയാലോ അപ്പൊ പറയുന്ന വർത്തമാനമുണ്ട്, നാല് പെറ്റൊഴിഞ്ഞ വയറിന്റെ ദണ്ണം നിനക്ക് പറഞ്ഞ മനസ്സിലാവൂല്ല, അത് അനുഭവിക്കണം, എന്നാലെ അറിയൂ. ഹാ.. പിന്നെയൊരു ദീർല നിശ്വസമാണ്. പിന്നെ കഷ്ടപ്പാടിന്റെ കഥ തുടങ്ങും. അത് കൊണ്ട് ഞാനിപ്പൊ ഒന്നും പറയാറില്ല.അമ്മിണി ഇറച്ചി തീറ്റയും കഴിഞ്ഞ് പുറത്തേക്കിറങ്ങി.

എനിക്കും തോന്നി കവല വരെ പോയിട്ട് വന്നാലെന്തെന്ന്. ഷർട്ടുമെടുത്തിട്ട് ഞാനും വഴിയിലേക്കിറങ്ങി.അമ്മിണി എന്റെ പുറകിൽ കൂടിയത് റോഡിൽ വച്ചാണ് കണ്ടത്. കണ്ടപാടെ തിരിഞ്ഞ് നിന്ന് ഞാൻ വീട്ടിലേക്കോടിച്ചു. എന്റെ ഒച്ച കേട്ടതും അമ്മിണി തിരിഞ്ഞോടി.ഒരു നിമിഷം ഞാൻ നിശ്ചലം നിന്ന് പേയി. ചീറിപ്പാഞ്ഞ് വന്ന ഒരു കാറിന്റെ ഇടിയേറ്റ് അമ്മിണി തെറിച്ച് വീണു. കാറ് നിർത്താതെ കടന്ന് പോയി. ആ വഴിയോരത്ത് അമ്മിണി ചലനമറ്റ് കിടന്നു.

ഞാൻ നെറുകയിൽ ഒന്ന് തടവി നോക്കി, ഇല്ല, ഒരനക്കവുമില്ല. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിസംഗതയോടെ നിൽക്കുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മിണി ചാടി എഴുന്നേറ്റു. ഒരു നിമിഷം നിൽക്കാതെ വീട്ടിലേക്ക് പാഞ്ഞു. സന്തോഷം അടുക്കവയ്യാതെ ഞാനും പുറകെയോടി.ആ ഓട്ടം നിലച്ചത് ചായ്പ്പിന്റെ മൂലയിലായിരുന്നു.

ചെന്നപാടെ അമ്മിണി കുഞ്ഞുങ്ങൾക്കിടയിലേക്ക് ചേർന്ന് കിടന്നു. കുഞ്ഞുങ്ങൾ തിക്കിത്തിരക്കി മുലകുടിയ്ക്കാൻ തുടങ്ങി.ശല്ല്യമുണ്ടാക്കാതെ ഒരു കാഴ്ചക്കാരനായ് ഞാൻ മാറി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അമ്മിണി ചലനമറ്റത് പോലെ തോന്നി. ശരിയാണ് അമ്മിണി മരണപ്പെട്ടിരിക്കുന്നു. ആ സത്യം ഞാൻ തിരിച്ചറിഞ്ഞപ്പോൾ എന്റെ കണ്ണുകകൾ നിറഞ്ഞൊഴുകി, എന്റെ കാഴ്ചകൾ ചിതറി.

മരണത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയ ഒടുക്കത്തെ നിമിഷത്തിലും തന്റെ മക്കളെ നെഞ്ചോട് ചേർത്ത് മുലയൂട്ടിയ എന്റെ പ്രിയപ്പെട്ട അമ്മിണി നിനക്ക് ഒരു കോടി പ്രണാമം. എന്റെ വർഗ്ഗം കണ്ട് പഠിക്കേണ്ടത് നിന്നിലെ മാതൃത്വത്തെയാ യിരുന്നു. ഒരിറ്റ് കണ്ണുനീർ കൊണ്ട് നിനക്കായ് തർപ്പണം ചെയ്യുന്നു ഞാൻ. ഒടുവിൽ ഞാൻ തിരിഞ്ഞ് നടക്കുമ്പോഴും മക്കൾ അമ്മയെ ഉണർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.