കുഞ്ഞനിയത്തി

രചന: സുധിൻ സദാനന്ദൻ

വീർത്തുവരുന്ന അമ്മയുടെ വയറിൽ നോക്കി അമ്മയ്ക്കെന്താ ഉവ്വാവു ആണോ എന്നു ചോദിച്ച രണ്ടാംക്ലാസ്സുക്കാരന് കിട്ടിയ മറുപടിയിൽ നിന്നാണ് എനിക്കു കൂട്ടായി ഒരു കുഞ്ഞനിയത്തി വരാൻ പോവുന്നെന്ന് ഞാനറിഞ്ഞത്.

ഉണ്ണിക്കുട്ടന്റെ ഒപ്പം കളിക്കാനും കൂട്ടുകൂടാനും ഇനി ഒരാളായിട്ടോ എന്ന് അച്ഛൻ പറഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു എനിക്കപ്പോൾ.

കുഞ്ഞനിയത്തിയാണെന്ന് അച്ഛനെങ്ങനെ അറിയാം എന്നുള്ള എന്റെ സംശയത്തിന്, അതൊക്കെ വയറു കണ്ടാലറിയാടാ ചെക്കാ…എന്നു പറുപടി പറഞ്ഞത് ഉമ്മറത്ത് കാലുനീട്ടിയിരുന്നു വെറ്റില മുറുക്കി തുപ്പുന്ന
മുത്തശ്ശിയായിരുന്നു.

അന്ന് എന്നെ സ്കൂളിൽനിന്നും കൂട്ടികൊണ്ടുപോകാൻ വന്ന അച്ഛന്റെ മുഖത്ത് ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ലാത്തൊരു സന്തോഷമുള്ളതായി എനിക്കപ്പോൾ തോന്നിയിരുന്നു.

വീട്ടിലേക്കുള്ള വഴിയുംകടന്നു കാർ വലിയ റോഡിലേക്ക് നീങ്ങുമ്പോൾ “എവിടേക്കാണച്ഛാ പോവുന്നേ…” എന്ന എന്റെ ചോദ്യത്തിനു ഉണ്ണിക്കുട്ടന്റെ കുഞ്ഞനിയത്തിയെ കാണാനെന്ന് അച്ഛൻ പറഞ്ഞപ്പോൾ, സന്തോഷം കൊണ്ട് ഉച്ചത്തിൽ ഓളിയിട്ട് തുള്ളിച്ചാടാനായിരുന്നു ആ രണ്ടാം ക്ലാസ്സുക്കാരനപ്പോൾ തോന്നിയത്.

ആശുപത്രിയിലെ ഒരു കൊച്ചു മുറിയിൽ അമ്മയ്ക്ക് അരികിൽ കിടക്കുന്ന എന്റെ കുഞ്ഞനിയത്തിയെ കണ്ണെടുക്കാതെ ഞാൻ നോക്കിയിരുന്നു. ആ ചോര ചുവപ്പുള്ള കവിളിൽ ഞാനൊന്നു മുത്തിയപ്പോൾ കുഞ്ഞുകൈകാലുകൾ ഒന്നു നിവർത്തി കുഞ്ഞു മിഴികൾ പാതി തുറന്നെനെ നോക്കുന്നുണ്ടായിരുന്നവൾ.

ഏട്ടനെ കുഞ്ഞിപെങ്ങൾ നോക്കി ചിരിക്കുന്നുണ്ടല്ലോ എന്നു പറയുന്നുണ്ടായിരുന്നു മുത്തശ്ശി.

എന്റെ വിരലിൽ തൂങ്ങി എന്നെ ഏട്ടാ എന്നു വിളിക്കാൻ ഇന്നെനിക്ക് ഒരു കുഞ്ഞനിയത്തി ഉണ്ടല്ലോ എന്ന് എല്ലാവരോടും പോയി പറയുവാൻ വെമ്പൽ കൊള്ളുകയായിരുന്നെന്റെ കുഞ്ഞു മനസ്സ്…

എന്നിലുണ്ടായ സന്തോഷം കെട്ടടങ്ങാൻ അധികനാൾ വേണ്ടി വന്നില്ല. അവൾ വളരുന്നതിനോടൊപ്പം അമ്മയ്ക്കു എന്നോടുള്ള സ്നേഹവും ശ്രദ്ധയും കുറയുകയായിരുന്നു.

ഉണ്ണിക്കുട്ടനെവിടേ…എന്ന് ചോദിച്ച് എന്നെ കാണാൻ വന്നിരുന്ന ബന്ധുക്കൾ എല്ലാവരും അവളെ കാണാൻ മാത്രമായിരുന്നു പിന്നീടങ്ങോട്ട് എന്റെ വീട്ടിലേക്ക് വന്നിരുന്നത്.

അച്ഛൻ കൊണ്ടുവരാറുണ്ടായിരുന്ന പലഹാരപ്പൊതി പിന്നീട് അവളുടെ കയ്യിലായിരുന്നു അച്ഛൻ നൽകിയിരുന്നത് . അമ്മ എന്നെ തീരെ ശ്രദ്ധിയ്ക്കാതായതു പോലെ തോന്നി തുടങ്ങി.

തൊട്ടിലിൽ കിടന്നുറങ്ങുന്നതു കൊണ്ടാവും എല്ലാവർക്കും അവളോട് ഇഷ്ടമെന്ന് മനസ്സിലാക്കിയ ഞാൻ അവളെ എടുത്ത് തൊട്ടിലിനു പുറത്തു കടത്തി തൊട്ടിലിൽ കയറി കിടന്നതിന് പുളിവാറെന്റെ തുടയിൽ പതിപ്പിച്ചാണ് അച്ഛനെനിക്കു സമ്മാനം നൽകിയത്.

അന്നു മുതൽ എനിക്കെന്റെ കുഞ്ഞു പെങ്ങൾ ശത്രുവായി മാറുകയായിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ഉപദ്രവിച്ചും കളിപ്പാട്ടങ്ങൾ തട്ടിപ്പറിച്ചും ഞാനവളോട് പ്രതികാരം ചെയ്തു തുടങ്ങി.

അവൾ സ്കൂളിൽ നിന്നും കൊണ്ടുവന്ന മിഠായി എനിക്കു നേരെ നീട്ടി, ഏട്ടാ ഇതിന്റെ പകുതി ഏട്ടനെടുത്തോ, അമ്മൂന് പകുതി മതിയെന്ന് പറഞ്ഞ അവൾക്ക് നേരെ അമർഷത്തോടെ മുഖം തിരിക്കുമ്പോൾ, എന്നാൽ മുഴുവനും ഏട്ടൻ കഴിച്ചോട്ടോ അമ്മൂന് വേണ്ടാ എന്ന് പറയുമായിരുന്നവൾ.

എന്റെ സൈക്കിളിൽ ഏന്തി വലിഞ്ഞുകയറി ഇരുന്ന അവളെ ദേഷ്യം സഹിക്കാനാവാതെ സൈക്കിളിൽ നിന്ന് തള്ളി വീഴ്ത്തുമ്പോൾ ഞാൻ സന്തോഷിക്കുകയായിരുന്നു.

നിലത്തു വീണ അവൾ ചോര പൊടിയുന്ന നെറ്റി തടത്തിൽ കൈകൾ പൊത്തി അമ്മയെ വിളിച്ചു കരയുമ്പോൾ…എനിക്കു കിട്ടാൻ പോവുന്ന അടിയുടെ വേദന ഞാൻ മനസ്സിൽ കണ്ടിരുന്നു.

നെറ്റിയിലെ മുറിപാടിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് അമ്മയിൽ നിന്ന് ശകാരവാക്കുകൾ കേൾക്കുമ്പോഴും നിറഞ്ഞ മിഴിയാൽ എന്നെ കണ്ണിറുക്കി ഒരു പാൽപുഞ്ചിരി ആ ചുണ്ടിൽ വിരിയുമ്പോൾ…ഏട്ടനെന്നെ എത്ര വെറുത്താലും ഏട്ടനോട് എനിക്കു ഒത്തിരി സ്നേഹമാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു ആ കണ്ണുകൾ.

അന്ന് മുതലായിരിക്കാം ഒരു പക്ഷെ എനിക്കവൾ എന്റെ പ്രിയപ്പെട്ട കുഞ്ഞുപെങ്ങളായത്…എന്നാൽ എന്റെ മനസ്സില് അവളോടുള്ള സ്നേഹം പുറമെ പ്രകടമാക്കാൻ എന്നിലെ ആത്മാഭിമാനം വിലങ്ങുതടി ആവുകയായിരുന്നു.

എന്നെയൊന്ന് ഏട്ടന്റെ ബുള്ളറ്റിൽ കോളേജിൽ കൊണ്ടുചെന്നാക്കുവാൻ ഏട്ടനോട് പറയമ്മേ എന്ന് പറഞ്ഞു, അമ്മയോട് ചിണുങ്ങുന്ന അവളെ ശ്രദ്ധിക്കാതെ ബുള്ളറ്റുമായി പുറത്തു പോവുമ്പോൾ ഉമ്മറപ്പടിയിൽ സങ്കടത്തോടെ എന്നെ നോക്കി നിൽക്കുന്ന അവളെ ഞാൻ കാണുന്നുണ്ടായിരുന്നു.

മൂന്ന് കൊല്ലത്തെ പ്രണയം തകർന്ന വിഷമത്തിൽ മുറിക്കുള്ളിൽ ഇരുന്ന എന്റെ കയ്യും പിടിച്ചുപോയി എന്റെ കാമുകിയുടെ അടുത്ത് ചെന്ന് അവളുടെ കവിളിൽതടത്തിൽ എന്റെ കുഞ്ഞുപെങ്ങളുടെ അഞ്ചുവിരലുകൾ പതിപ്പിച്ച്, അവളുടെ മുഖത്തു നോക്കി ഇത് എന്റെ ഏട്ടന്റ കണ്ണ് നിറയിപ്പിച്ചതിനു ഈ കുഞ്ഞനിയത്തിയുടെ ഒരു സമ്മാനം…

നീ പോവുന്നെങ്കിൽ പോടി, നിന്നേക്കാൾ നല്ലൊരു പെൺക്കുട്ടിയെ ഞാനെന്റെ ഏട്ടനുവേണ്ടി കണ്ടെത്തി കൊടുക്കും, എന്നുംപറഞ്ഞ് എന്റെ കൈപിടിച്ചു തിരിച്ചു നടക്കുന്ന എന്റെ കുഞ്ഞനിയത്തിയെ സ്നേഹം കൊണ്ട് എന്നിലേക്ക് ചേർത്തു പിടിച്ചിരുന്നു ഞാനപ്പോൾ.

ഇതുവരെ നൽകാൻ കഴിയാത്ത സ്നേഹമെല്ലാം എന്റെ കുഞ്ഞനിയത്തിക്കു നൽകാൻ കൊതിയോടെ കാത്തിരുന്ന ഞാൻ, അവളുടെ കുറുമ്പും കുസൃതിയും ബാക്കിയാക്കി മറ്റൊരു വീട്ടിലേക്ക് പറിച്ചുനടാൻ സമയമായി എന്നു അമ്മ പറഞ്ഞപ്പോൾ, ഒന്നു പൊട്ടികരയാനാണെനിക്കു തോന്നിയത്.

ഞാനെന്റെ അനിയത്തിയെ സ്നേഹിച്ചിട്ടില്ല…ഒരു ഏട്ടനെന്ന കടമ പോലും ഞാൻ നിറവേറ്റിയിട്ടില്ല…അവളുടെ ഒരു ഇഷ്ടവും ഞാൻ നടത്തി കൊടുത്തില്ല…

എന്നാൽ അവളെ സ്നേഹിക്കാൻ മനസ്സിനെ പാകപ്പെടുത്തിയപ്പോൾ എന്റെ കുഞ്ഞനിയത്തി എന്നിൽ നിന്ന് അകന്നു പോവുകയാണെന്ന സത്യം ഉൾകൊള്ളാൻ കഴിയാത്ത ഒരവസ്ഥയിലായിരുന്നു ഞാൻ.

കല്യാണ പെണ്ണായി ഒരുങ്ങിയെത്തി, എങ്ങിനെ ഇണ്ട് ഏട്ടാ കൊള്ളാവോ എന്നു ചോദിച്ച അവളുടെ നെറുകയിൽ തലോടി, എന്റെ കുട്ടി സുന്ദരിയല്ലേ…എന്ന് പറഞ്ഞപ്പോൾ നാണത്താൽ കവിളിൽ വിരിഞ്ഞ നുണക്കുഴികൾക്ക് മഴവില്ലിനേക്കാൾ അഴകുണ്ടായിരുന്നു.

അളിയനൊപ്പം കാറിൽ കയറാൻ തുടങ്ങിയ അവൾ എന്നെ മാറ്റി നിർത്തി, കാറിലിരിക്കുന്ന അളിയനെയൊന്ന് ഒളികണ്ണിട്ട് നോക്കി എന്റെ ചെവിയിൽ അതേ ഏട്ടാ ആളുടെ മാമന്റെ മോളുണ്ട് മീനാക്ഷി, കാണാൻ നല്ല ഭംഗിയുണ്ട്, ഒരിക്കൽ എന്നെ വീഡിയോ കോൾ ചെയ്തിരുന്നു. കല്യാണത്തിനു വരാൻ പറ്റില്ല എക്സാം ആണെന്ന് പറഞ്ഞു…നമുക്ക് അവളെ ഏട്ടനു വേണ്ടി ആലോചിക്കാം, ഏട്ടനു അവൾ നന്നായി ചേരും…

നമുക്ക് ഏട്ടന്റെ പഴയ കാമുകിയോട് പ്രതികാരം ചെയ്യണ്ടേ…നമുക്ക് എല്ലാം റെഡിയാക്കാട്ടോ, ഞാനൊന്ന് അവിടെയെത്തട്ടെ എന്നും പറഞ്ഞ്…എന്നെയവൾ ചേർത്തുപിടിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ കുഞ്ഞനിയത്തിയ്ക്കു ഈ ഏട്ടനോടുള്ള അളവറ്റ സ്നേഹത്തെ…