ജാനകിയുടെ ജാലകവാതിൽ

രചന: മനു ശങ്കർ പാതാമ്പുഴ

രാവിലെ തിരക്കിട്ട പണിയിലാണ് ജാനകി കഞ്ഞി അടുപ്പത്ത് തിളക്കുന്നുണ്ട് കറിക്കരിഞ്ഞോണ്ടിരിക്കുവാണ്, ഇടക്ക് അവൾ ജനലിലൂടെ പുറത്തേക്കു നോക്കുന്നുണ്ട് കാപ്പിക്കൂടി റെഡിയാക്കണം ബിജുവേട്ടൻ കുളിക്കാൻ കയറിയിട്ടുണ്ട് ഇപ്പോവരും വന്നാൽ പിന്നെ ഒരു ഓട്ടപ്പാച്ചിലാണ് ഓഫ്‌സിൽ പോകാൻ. സ്കൂൾ അവധിക്കാലമായകൊണ്ടു ഇതു കഴിഞ്ഞു കുട്ടികളെ വിളിച്ചെണീപ്പിക്കാണം. അവൾ വീണ്ടും ജനലിലൂടെ പുറത്തേക്കു നോക്കുന്നു മുഖത്തു ഭാവങ്ങൾ മാറിമറയുന്നു.

ഒരു മാസം മുൻപാണ് സുമയും രാജീവ് അപ്പുറത്തു താമസിക്കാൻ വന്നത്,രാജീവ് എന്തോ ബിസിനസുകാരനാണ്‌,എന്തണെങ്കിലും അവർ തമ്മിൽ നല്ല സ്നേഹമാണ്. സുമ എപ്പോഴും അണിഞ്ഞൊരുങ്ങിയാണ്‌ നടക്കുന്നത്. അവരുടെ ഒരേയൊരു മകൾ മാളവിക ഊട്ടിയിലേ സ്കൂളിൽ ഹോസ്റ്റലിൽ നിന്നാണ് പഠനം. രാജീവിനു ഓഫ്‌സിൽ താമസിച്ചു പോയാൽ മതി, സ്വന്തം ഓഫീസ് അല്ലെ എന്നും ഇറങ്ങാൻ നേരം സുമയ്‍ക്കു ഉമ്മ കൊടുത്തിട്ടാണ് പോകുന്നത്. ജാനകി അത് ഇടക്ക് കാണാറുണ്ട് അവൾ ഓർക്കും കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പോകാൻ നേരം ബിജുവേട്ടൻ ഉമ്മയൊക്കെ തന്നിരുന്നു. ഇവരോക്കെ ഇപ്പോളും എങ്ങനെ ഇതൊക്കെ സാധിക്കുന്നത്. ഒരിക്കൽ ജാനകി അതു നോക്കി നിൽക്കുന്നത് പുറകിൽകൂടി വന്ന ബിജു കണ്ടിരുന്നു, അയാൾ അതു കാണാത്തപോലെ പോവുകയായിരുന്നു.

ജാനകിക്കു അതു കാണുമ്പോഴെല്ലാം കുശുമ്പ് തോന്നും. “ബിജുവേട്ടന്റെ ചെറിയ ശമ്പളം കൊണ്ട് അങ്ങനെ കഴിഞ്ഞു പോകുന്നന്നേ ഉള്ളു പിന്നെയാവേലക്കാരി..” അവൾ എന്നു സമാധാനിക്കും.

ജാനകി ഏത്തിനോക്കുമ്പോൾ എല്ലാം സുമ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു ഉറക്കെ പൊട്ടിച്ചിരിക്കുന്നത് കാണാം. അവരുടെ വീട്ടിലെ ജോലികൾ ചെയുന്നത് ദേവമ്മ എന്നൊരു സ്‌ത്രിയാണ്, അതുകൊണ്ടു സുമ എപ്പോഴും ചുമ്മ ഇരുന്ന് ഫോണ് വിളിക്കുന്നത്.

ജാനകിക്കു ഒരുപാട് ആലോചനകൾ വന്നതാണ്‌. പലതും നിറമില്ല മുടിയില്ല പൊക്കം പോരാ എന്നൊക്കെ പറഞ്ഞു അവൾ തന്നെ വേണ്ടാന്നുവെച്ചു. അങ്ങനെ കുറെ നീണ്ടുപോയി പിന്നെ പിന്നെ പറ്റിയ ഒരാൾ വന്നാൽ വലിയ ഡിമാൻഡ് ഇല്ലാതെ കെട്ടാമെന്നു തീരുമാനിച്ചിരുന്നപ്പോഴാണ് ബിജുവിന്റെ ആലോചന വരുന്നത്. അങ്ങനെ അതിനു സമ്മതിച്ചു, ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിയായിരുന്നു അയാൾക്ക്‌ അതിൽ അവൾ സംതൃപ്തയായിരുന്നു ഇത്രകാലവും പക്ഷെ.

ഇപ്പോൾ ആരോടും ഇതുവരെ കുശുമ്പ് തോന്നാത്ത ജാനകിക്ക് സുമയുടെ സന്തോഷങ്ങൾ ഇഷ്ടപ്പെടുന്നില്ല. അവളുടെ ഒരു കുറ്റത്തിനായി കുറവിനായി ജാനകി കൊതിക്കുന്നു. അവരുടെ ആർഭാടം നിറഞ്ഞ ജീവിതം അവർക്കിടയിലെ സ്നേഹമൊക്കെ കാണുമ്പോൾ ജനാകിക്കു ഉറക്കമില്ലാത്ത രാത്രികൾ കൂട്ടുവന്നു തുടങ്ങിയിരിക്കുന്നു.

അവൾ ചിലപ്പോൾ ഓർത്തെടുക്കും എപ്പോൾ മുതലാണ് സമാധാനം പോയത് എന്ന്. സുമയും രാജീവും താമസിക്കാൻ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അവൾ രാജീവിനെ കണ്ടത്,

അവളുടെ ഉള്ളിൽ ഒരു ആന്തലുണ്ടായി.

ജാനകിയുടെ ഓർമ്മകൾ കുറേ ദൂരം പിന്നോട്ട്പോയി. ബ്രോക്കർ കുഞ്ഞമ്പു ചേട്ടൻ അച്ഛന്റെ ചങ്ങാതിയാണ്, അങ്ങേര് അന്ന് ഒരു പയ്യനെ പെണ്ണുകാണാൻ കൂട്ടിക്കൊണ്ടുവന്നു. വീട്ടിലെ സാമ്പത്തിക നിലവാരത്തിനു പറ്റിയ ബന്ധമായിരുന്നു.

പെണ്ണുകാണൽ കഴിഞ്ഞു ഇറങ്ങാൻ നേരം കുഞ്ഞമ്പു ചേട്ടൻ അകത്തു ജാനകിയുടെ അടുത്തേക്ക് വന്നു പയ്യനെ ഇഷ്ടായോ എന്നു ചോദിച്ചു. പെണ്ണുകാണൽ തുടങ്ങിയ കാലമായിരുന്നു. ജാനകിയുടെ വാക്കുകൾ തീമുന പോലെയായിരുന്നു.

“എനിക്ക് ഇത് വേണ്ട കുഞ്ഞമ്പുചേട്ട ഞാൻ പറഞ്ഞപോലത്തെ പയ്യനാണോ ഇത് കറുത്ത നിറവും മുടിയും ഇല്ല പിന്നെ മിച്ചറിന്റെയും നുറുക്കിന്റെയും വണ്ടിയിൽ കൊണ്ടു നടന്നുള്ള കച്ചവടവും…എനിക്ക് ജോലിക്കാരൻ മതിയെന്ന് പറഞ്ഞതല്ലേ….”

ജാനകിയുടെ ശബ്ദം കുറച്ചു ഉയർന്നുപോയിരുന്നു. തിണ്ണയിൽ അച്ഛനോട് വർത്തമാനം പറഞ്ഞിരുന്ന പയ്യനും കേട്ടു. കുഞ്ഞമ്പു ചേട്ടന് അതു വലിയ വിഷമായി പയ്യനെയും വിളിച്ചിറങ്ങി പോന്നു, അതിൽപിന്നെ ഒരിക്കൽപോലും അയാൾ ആ വീട്ടിലേക്കു ചെന്നതുമില്ല. ആ പയ്യൻ കുഞ്ഞമ്പു ചേട്ടന്റെ പെങ്ങളുടെ മകൻ രാജീവയിരുന്നു. ജാനകിയുടെ സംസാരം കുഞ്ഞമ്പു ചേട്ടനു വേദന നൽകിയപ്പോൾ രാജീവിന്‌ തന്റെ ഉപജീവനത്തെയും തന്നെയും അപമാനിച്ചവളോടുള്ള വാശിയായിരുന്നു ഉണ്ടായത്. അയാൾ രാപകൽ ഇല്ലാതെ അധ്വാനിച്ചു ഒരു ഫുഡിന്റെ ചെറിയ കമ്പനിയുണ്ടാക്കി,പിന്നീട്

കുറച്ചു നാൾകൊണ്ടു തന്നെ ആ കമ്പനി കൂടുതൽ വളർന്നു തുടങ്ങിയപ്പോഴാണ് രാജീവ് സുമയെ കല്യാണം കഴിച്ചത്. ഇന്ന് കോടികളുടെ ബിസിനസുണ്ട്‌ അയാൾക്ക്‌.

തന്റെ ഈ ജീവിത വിജയത്തിനു കാരണമായത് തനിക്കു വാശിയുണ്ടാക്കിയ ജാനകിയുടെ വാക്കുകളാണെന്നു അയാൾ പലപ്പോഴും ഓർത്തു. വെറുപ്പ് ലേശമില്ലാതെ അയാൾ അവളെ കാണാൻ ആഗ്രഹിച്ചു പക്ഷെ അന്വേഷിച്ചു പോയില്ല. ജനാകിയാണ് അടുത്ത് താമസിക്കുന്നത് എന്നറിയാതെയാണ് അയാൾ ആ വീട് മേടിച്ചത്.

രാജീവും സുമയും ഒരിക്കൽ ജാനകിയുടെ വീട്ടിൽ വന്നു പക്ഷെ ദൂരേന്ന് രാജീവിനെ കണ്ട അവൾ ബിജുവിനെ അവരുടെ അടുത്തു പറഞ്ഞുവിട്ടു കുളിക്കാൻ കയറി ഒളിച്ചു. അവർ പോയ ശേഷമാണ് ഇറങ്ങി വന്നത് അവൾ രാജീവിന്റെ കണ്ണിൽപ്പെടാതെ നടന്നു.

അന്നൊരു ദിവസം വൈകിട്ട് ബിജുവിനെ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു ജാനകി. കോളീങ് ബെൽ കേട്ട് വാതിൽ തുറന്നു ജാനകി ഞെട്ടി വന്ന ആളും, അത് രാജീവയിരുന്നു.

“തനായിരുന്നോ ഇവിടെ …..?”

രാജീവിന്റെ വാക്കുകൾ മുറിഞ്ഞു.

ജാനകിക്കു മിണ്ടാൻ കഴിഞ്ഞില്ല അവൾ തലയാട്ടി..

“ഞാൻ തന്നെ കാണാൻ ശെരിക്കും ആഗ്രഹിച്ചിരുന്നു!.”

അവൾ ഒന്നും മിണ്ടാതെ നിന്നു

“എന്റെ ഈ വളർച്ചയെല്ലാം അന്ന് ജാനകി പറഞ്ഞ വാക്കുകളോടുള്ള.. വാശിയിൽ ഉണ്ടായതാണ്…നന്ദി..നന്ദി…”

അവളുടെ കണ്ണുകൾ നിറഞ്ഞു

ഇടവഴിയിലൂടെ ബിജുവിന്റെ സ്കൂട്ടർ വന്നു മുറ്റത്തു നിറുത്തി, ജാനകി കണ്ണുകൾ തുടച്ചു കഴിഞ്ഞിരുന്നു. ബിജു

“ഇതാരാ രാജീവോ എന്താ ഇവിടെ നിൽക്കുന്നത് അകത്തേക്ക് ഇരിക്കാം..”

ജാനകി അകത്തേക്ക് നടന്നു. കുട്ടികൾ ടി വി ഓഫ് ചെയ്തു മുറിയിലേക്കും.രാജീവും ബിജുവും ഹാളിൽ ഇരുന്നു ഓരോ നാട്ടുവിശേഷങ്ങൾ പറഞ്ഞു. ബിജു അകത്തേക്ക് നോക്കി പറഞ്ഞു.

“ടീ ജാനകി ചായ എടുക്കു ട്ടോ…”

രാജീവ് സ്വല്പം മുഖവുരയോടെ

“ബിജു ഞാൻ ഒരു കാര്യം പറയാനാണ് ഇങ്ങോട്ട് വന്നത്”

ജാനകി അവരുടെ സംസാരത്തിൽ ചെവിയോർത്തു. ബിജു ആശ്ചര്യത്തോടെ

“എന്താണ് രാജീവ്…”

“പേടിക്കാൻ ഉള്ളതല്ല കേട്ടോ നമ്മുടെ റസിഡന്റ് അസോസിയേഷൻ രാഘവേട്ടൻ ഇല്ലേ..പുള്ളി പറഞ്ഞു ബിജു ഒരു ഫൈനാൻസ് കമ്പനിയിലാണന്നും നല്ല മിടുക്കാനാണന്നും പി ജി ക്കു റാങ്ക് ഉള്ള ആളാണ് എന്നൊക്കെ. എന്റെ കമ്പനിയിൽ ഒരു ചീഫ് അക്കൗണ്ടന്റിനെ നിയമിക്കാൻ ഉദേശിക്കുന്നു… ബിജുവിന് താല്പര്യം ഉണ്ടെങ്കിൽ പറയു… ഇപ്പോൾ ഉള്ളതിലും ഇരട്ടി സാലറി തരാം ഞാൻ.. പിന്നെ ബാക്കി ട്രെയിനിങ്ങും ഏർപ്പാടാക്കാം..”

ബിജുവിന്റെ മുഖം തെളിഞ്ഞു

“രാജീവിന്റെ അത്രയും വലിയ കമ്പനിയിൽ ജോലി എനിക്ക് സ്വപ്നം കാണാൻ പറ്റുന്ന ജോലി.. ഉറപ്പായും ഞാൻ നാളെ ഓഫിസിൽ വന്നു കാണാം ..”

ജാനകി ഇതൊക്കെ കേട്ടുകൊണ്ട് മനസിൽ ഒരുപാടു സന്തോഷത്തോടെ രണ്ടുപോർക്കും ചായ കൊടുത്തു.കുറച്ചുനേരത്തെ സംസാരങ്ങൾക്ക് ശേഷം രാജീവ് യാത്ര പറഞ്ഞിറങ്ങി..ആ വീട്ടിൽ സന്തോഷത്തിന്റെ അലകൾ ഉയർന്നു തുടങ്ങിയിരുന്നു.

ബിജു ഒരിക്കലും ജാനകിയുടെ കഥകൾ അറിഞ്ഞില്ല. രാജീവ് മനപൂർവമ്മല്ലെങ്കിലും സർവേശ്വരന്റെ ഒരു പകരം വീട്ടലാവും ബിജുവിന് രാജീവിന്‌ കീഴിലുള്ള ജോലിയും

പിന്നീടുള്ള കാലം രാജീവിന്റെ വീടിന്റെ നേരെയുള്ള ജാനകിയുടെ ജാലകങ്ങൾ തുറന്നു കിടന്നിരുന്നില്ല

മനു ശങ്കർ പാതാമ്പുഴ