ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു.കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ…

ഇപ്പോൾ കിട്ടിയ വാർത്ത – എഴുത്ത്: ആൻ. എസ്

നാടിനെ നടുക്കിയ മറ്റൊരു ദാരുണ കൊലപാതകം കൂടി…കാമുകനായ ഡ്രൈവറും ഒത്തുള്ള ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തിയ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി…

സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ പ്രവർത്തകനും സർവ്വത്ര ഒരു നാടിന്റെ തന്നെ രക്ഷകനുമായ ചിറക്കൽ യൂനുസ് ഹാജിയാണ് ഭാര്യയായ സാബിറയുടെ ആക്രമണത്തിനിരയായി ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. യൂനുസ് ഹാജിയുടെ ഡ്രൈവറും വീട്ടുജോലിക്കാരിയായ ആമിന ഉമ്മയുടെ മകനും കൂടിയായ സത്താറാണ് ഈ അരുംകൊലയ്ക്ക് സാബിറക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്തത്…

സാബിറയും സത്താറും തമ്മിൽ വർഷങ്ങളായുള്ള അവിഹിത ബന്ധമുണ്ടെന്നും എന്നാൽ യൂനുസ് ഹാജി ഇന്നലെ മാത്രമാണ് ഇത് കണ്ടുപിടിക്കുന്നത് എന്നും യൂനുസ് ഹാജിയുടെ ഉറ്റ സുഹൃത്തും വിശ്വസ്തനും പ്രമുഖ വ്യവസായിയുമായ മൊയ്തീൻകുട്ടി ഞങ്ങളുടെ ലേഖകനോട് പങ്കുവെച്ചു…

സാംസ്കാരിക കേരളത്തെ നടുക്കിയ മറ്റൊരു ദാരുണ കൊലപാതകം കൂടി…പ്രതികളെ കൊണ്ടുവരുന്ന വാഹനം ഏതാനും നിമിഷങ്ങൾക്കകം ഇവിടെ എത്തിച്ചേരുന്നതായിരിക്കും…സത്യസന്ധമായ് വാർത്തകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഞങ്ങളുടെ ടീം ഇവിടെ റെഡിയാണ്…

ചാകരകോള് കിട്ടിയ മീൻ മാർക്കറ്റിലെ മീൻ വില്പ്പനക്കാരനെ കടത്തിവെട്ടുന്ന ആവേശത്തോടെ ക്യാമറയും തൂക്കികൊണ്ട് പ്രതികൾക്ക് പിറകെ ഓടുന്ന പ്രമുഖ ചാനലിലെ റിപ്പോർട്ടറോട് ഉള്ളിൽ തോന്നിയ അമർഷം കടിച്ചു പിടിച്ചു കൊണ്ട് ടിവി സ്ക്രീനിലേക്ക് നോക്കിയപ്പോഴാണ് പ്രതി എന്നുപറയുന്ന സ്ത്രീയെ എവിടെയോ കണ്ടതുപോലെ…

തലപുകച്ചു ആലോചിച്ചു നോക്കിയിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. പെണ്ണായ സ്ഥിതിക്ക് ഇനി ഭാര്യയ്ക്ക് എങ്ങാനും ഓർമ്മ ഉണ്ടാകുമോ…?

വർഷങ്ങൾക്ക് മുൻപേ നടന്ന സംഭവങ്ങളും കണ്ട ആളുകളെയും അന്നേരം അവർ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ ഓർത്തോർത്ത് അവൾ പറയുന്നത് പലപ്പോഴും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അല്ലെങ്കിലും ജന്മദിനം, വിവാഹവാർഷികം അങ്ങനെ എന്തെല്ലാം കാര്യങ്ങളിൽ സ്ത്രീകളുടെ ഓർമ്മശക്തിക്ക് മുൻപിൽ തോറ്റു പോയവരാണ് പുരുഷ ജനങ്ങൾ…

അവളോട് തന്നെ ചോദിച്ചു നോക്കാം. അല്ലെങ്കിൽ വേണ്ട…ഇനി ആ പെണ്ണിനെ അവൾക്ക് എങ്ങാനും അറിയില്ലെങ്കിൽ…ആ പെണ്ണിന്റെ കാമുകന്മാരുടെ ലിസ്റ്റിൽ എന്നെ വരെ പെടുത്തി കളയും എന്റെ കുശുമ്പി ആയ ഭാര്യ….ഇപ്പോഴത്തെ ഭാര്യമാർ ഒക്കെ വേറെ ലെവലാണ്..!!

എന്നാലും ഇതുപോലെത്തെ രാക്ഷസികളുടെ കൂട്ടത്തിൽ നിന്നും നെല്ലും പതിരും പോലും തിരിച്ചറിയുവാനുള്ള കഴിവില്ലാത്ത, അടുക്കളക്ക് അപ്പുറത്തേക്ക് ഒരു ലോകം ഇല്ലാത്ത ഒരു പൊട്ടികാളിയേ തന്നെ എനിക്ക് നീ തന്നല്ലോ പടച്ചോനെ…

ഇതിനെ തന്നതിന് അറിവില്ലായ്മകൊണ്ട് ഈയുള്ളവൻ പലപ്പോഴായി നിന്നെ പ്രാകിയിട്ടുണ്ടെങ്കിലും ഇപ്പോൾ മനസ്സറിഞ്ഞ് നന്ദിയോടെ നിന്നെ സ്തുതിക്കുന്നു സർവ്വശക്തനായ നാഥാ..!!!

“ഇക്കാ…നല്ല പത്തിരീം കോയിക്കറി റെഡി…ഇങ്ങള് വന്ന് ഒന്ന് കയിച്ച് നോക്കി…”

അടുക്കളയിൽ നിന്നുള്ള ബീവിന്റെ ഉച്ചത്തിലുള്ള വിളി ചെവിയിൽ എത്തിയപ്പോഴാണ്…ഒരു മിന്നായം പോലെ ടിവിയിൽ കണ്ട സ്ത്രീയുടെ ബ്രൗൺ കളർ കണ്ണുകൾ ഓർമ്മയിൽ എത്തിയത്…

ഏഴു വർഷങ്ങൾക്കു മുൻപ്…ഞാൻ ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും സ്വാദുള്ള പത്തിരിയും കോഴിക്കറിയും എനിക്ക് വിളമ്പി തന്ന ആ വെളുത്തു മെലിഞ്ഞ കൈകളും മുഖത്ത് ഇട്ടിരിക്കുന്ന പർദ്ദക്കിടയിലൂടെ ഞാൻ കണ്ട ആ സുന്ദര മിഴികളും ഓർമയിലേക്ക് ഓടിയെത്തി….

അന്ന് പ്രവാസ ജീവിതം നയിച്ചിരുന്ന എന്റെ കൂടെ ജോലിചെയ്യുന്ന സഹമുറിയൻ ആയ ബഷീറിനെ ഉറക്കത്തിനിടയിൽ എത്തിയ ഹൃദയാഘാതത്തിന്റെ രൂപത്തിൽ പടച്ചോൻ തിരിച്ചു വിളിച്ചപ്പോൾ അവന്റെ മൃതദേഹത്തിന്റെ കൂടെ നാട്ടിലേക്ക് വരാൻ കമ്പനി നിയോഗിച്ചത് എന്നെയായിരുന്നു.

മാറാരോഗങ്ങളും കഷ്ടപ്പാടും തീർത്ത തീരാകയങ്ങളിൽ മുങ്ങി നിവരുന്ന ദരിദ്ര കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബഷീർ. വ്യാഴാഴ്ച രാത്രിയിലെ കൂടിച്ചേരലുകളിൽ പങ്കുവെച്ചിരുന്ന സങ്കടകഥകളിലൂടെ അവന്റെ വീട്ടിലെ ശോചനീയാവസ്ഥ കുറെയൊക്കെ എനിക്കും അറിയാമായിരുന്നു. രോഗികളായ ബാപ്പയും ഉമ്മയും, പണിതീരാത്ത രണ്ടു മുറി മാത്രമുള്ള വീടും, രണ്ടാം ക്ലാസ്സിലും അംഗനവാടിയിലും പഠിക്കുന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങളും…

ഒറ്റ രാത്രി പുലർന്നപ്പോൾ ജീവിതവും പ്രാണനാഥനും കൈവിട്ടു പോയതിന്റെ നടുക്കത്തിൽ നെഞ്ചു പൊട്ടിക്കരയുന്ന ബഷീറിന്റെ ഭാര്യയും…ഇവർക്കിടയിൽ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായനായി പകച്ചുനിന്ന എന്റെ മുൻപിലേക്ക് ദൈവദൂതനെ പോലെ എത്തിച്ചേരുകയായിരുന്നു ചിറക്കൽ അബ്ദുള്ളക്കുട്ടി ഹാജി എന്ന നന്മ മരം.

ആ മരണ വീട്ടിലെ ഓരോ കാര്യങ്ങളും ഒരു കുടുംബനാഥന്റെ ലാഘവത്തോടെ അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളും കൂടെ ഏറ്റെടുത്തു നിറവേറ്റുന്നതും ആ മരണ വീടിന്റെ പ്രതിച്ഛായയിൽ വന്നുചേരുന്ന മാറ്റവും ഒരു അത്ഭുതത്തോടെ ഞാൻ നോക്കി കാണുകയായിരുന്നു.

ബഷീറിന്റെ കുട്ടികളെ അഹമ്മദ് ഹാജിയുടെ തണലിൽ ഉള്ള അനാഥാലയത്തിലേക്ക് ചേർക്കാൻ തീരുമാനം ആകുന്നു. അവർക്കുള്ള താമസവും ഭക്ഷണവും വിദ്യാഭ്യാസവും തികച്ചും സൗജന്യമായി അവിടെ നടത്തി കൊടുക്കുന്നതായിരിക്കും. അതുപോലെ അദ്ദേഹത്തിന്റെ അച്ചാർ ഫാക്ടറിയിൽ ബഷീറിന്റെ ഭാര്യയ്ക്ക് ജോലി ഏർപ്പാട് ഉണ്ടാക്കുന്നു.

അതുവരെ ആ കുടുംബത്തിന് അല്ലലില്ലാതെ കഴിയാൻ പാകത്തിന് നല്ലൊരു തുക ബഷീറിന്റെ പിതാവിന്റെ കയ്യിൽ അദ്ദേഹം വച്ചു കൊടുക്കുന്നതും കണ്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും ഇറങ്ങാൻ നേരം എന്റെ അടുത്തേക്ക് വന്ന് ഞങ്ങളുടെ കമ്പനിയിൽ നിന്നും ബഷീറിന് കിട്ടാനുള്ള സെറ്റിൽമെൻറ് തുകയുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് വേണ്ട തീരുമാനങ്ങളൊക്കെ നടത്തി ആ കുടുംബത്തെ സഹായിക്കാൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു.

ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും നിയമ തടസ്സങ്ങൾ വിദേശത്ത് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ അയാൾക്കുള്ള അറബ് സുഹൃത്തുക്കൾക്ക് ആകും എന്നും മടിയൊന്നും കൂടാതെ തന്നെ ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടു.

ഇത്തിരി സമയം കൊണ്ട് തന്നെ ആ മനുഷ്യന്റെ ഇടപെടലുകൾ എന്റെ മനസ്സിൽ അദ്ദേഹത്തേ ഒരു ആൾദൈവത്തിന്റെ സ്ഥാനത്തെത്തിച്ചിരുന്നു.

ചടങ്ങുകൾ കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങിയ എന്നെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ മാളികയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ഒത്തുചേർന്ന ഒരു സ്നേഹകൂടാരം തന്നെയായിരുന്നു ചിറക്കൽ മനസിൽ എന്ന ആ വലിയ വീട്.

പലപ്പോഴായി കേട്ട് പരിചിതമായ മലബാറുകാരുടെ ആദിത്യമര്യാദ ഞാൻ അവിടെവച്ച് നേരിട്ട് അറിയുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം പത്രത്താളിലെ ചരമക്കോളത്തിൽ അദ്ദേഹത്തിൻറെ വേർപാടിൻറെ വാർത്ത കണ്ട ദിവസം അറിയാതെ എൻറെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വീണതും പള്ളിയിൽപോയി അദ്ദേഹത്തിൻറെ ഖബറിടം വിശാലമാക്കാൻ പ്രാർത്ഥിച്ചുകൊണ്ട് നമസ്കാരം നടത്തിയതും അദ്ദേഹവുമായി ആ ഒറ്റ ദിവസത്തെ കൂടിക്കാഴ്ചയിൽ രൂപംകൊണ്ട ഹൃദയബന്ധത്തിൻറെ പേരിൽ ആയിരുന്നു.

വിശന്നു പൊരിഞ്ഞ കത്തുന്ന വയറുമായി നിന്ന എനിക്ക് മുന്നിൽ സ്വാദിന്റെ കലവറയുമായി അന്ന് ഭക്ഷണം വിളമ്പി തന്ന അദ്ദേഹത്തിൻറെ മരുമകളെയാണ് ഇന്ന് ഒരു കൊലപാതകിയുടെ രൂപത്തിൽ ലോകം ഉറ്റുനോക്കുന്നത്. താൻ വിളമ്പിയ ഭക്ഷണത്തിന്റെ രുചിയെ കുറിച്ച് വാചാലനായിട്ട് കൂടി ചെറുപ്പക്കാരനായ ഒരു അന്യപുരുഷന്റെ മുഖത്തേക്ക് ഒളികണ്ണിട്ടു പോലും നോക്കാത്തവളാണ് കാമുകന് വേണ്ടി സ്വന്തം ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്ന് സ്വപ്നത്തിൽ പോലും വിശ്വസിക്കാൻ എന്റെ മനസാക്ഷിക്ക് സാധിക്കുന്നില്ല.

ഇനി കാമുകനായി ചിത്രീകരിക്കപ്പെട്ടവനോ…? സത്താർ…ചിറക്കൽ തറവാട് തൊട്ടു എയർപോർട്ട് വരെ എന്നെ യാത്രയാക്കിയ…വാതോരാതെ ചിറക്കൽ തറവാടിനെക്കുറിച്ചും അഹമ്മദ് ഹാജിയുടെ നന്മകളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന…മാപ്പിളപ്പാട്ടുകൾ മൂളികൊണ്ടിരിക്കുന്ന…ഒരുറുമ്പിനെ പോലും നോവിക്കാൻ ആകാത്ത നിഷ്കളങ്കൻ…

ഇനി ഈ ദുനിയാവില് മ്മള് തമ്മില് കാണുവോ ഇക്കാ…എന്നും പറഞ്ഞ് വെറും നാല് മണിക്കൂർ പരിചയം മാത്രമുള്ള എന്നെ കെട്ടിപ്പിടിച്ച് യാത്രയാക്കിയവൻ…

ഇല്ല, ഒരിക്കലും ഞാൻ അറിയുന്ന സത്താറിന് തന്റെ മുതലാളിയുടെ മരുമകളെ ആ ഒരു കണ്ണിൽ കാണാൻ ആകില്ല…അവനെ ഒന്ന് നേരിട്ട് കാണാനും കാര്യങ്ങൾ അന്വേഷിക്കാനും എന്റെ മനസ്സ് വെമ്പി. എന്റെ ബന്ധുവും സുഹൃത്തുമായ എ.സി.പി ശിഹാബുദ്ദീനേ വിളിച്ച് ആവശ്യം പറഞ്ഞു.

മിനിമം രണ്ടാഴ്ചത്തേക്ക് ഓരെ കാണണ കാര്യം ഇങ്ങള് ചിന്തിക്കേണ്ട. പത്രക്കാരും, ടിവി ക്കാരും, അന്വേഷണവും, തെളിവെടുപ്പും…അങ്ങനെ ജഗപൊഗയൊക്കെ മാറി ഒന്നാറി തണുക്കട്ടെ…അതുവരെ ഇങ്ങള് ഒന്ന് അടങ്ങി സാഹിബേ…

അതൊരു സത്യമാണ് എന്ന് തോന്നിയതിനാൽ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും അവനെ വിളിച്ചു. 10 മിനിറ്റ് എന്ന ധാരണയിൽ സത്താറിനെ കാണാനായി ജയിലിൽ കയറി. ഒത്തിരി പരിചയപ്പെടുത്തൽ ഒന്നും ആവശ്യമില്ലാതെ തന്നെ അവൻ എന്നെ തിരിച്ചറിഞ്ഞു.

അവന്റെ മുഖത്ത് കണ്ട കരിനീല അടയാളങ്ങളും ദേഹമാസകലം ഉള്ള മുറിപ്പാടുകളും പോലീസുകാരുടെ തെളിവെടുപ്പിന്റെ തീവ്രത വിളിച്ചോതി. എത്രയൊക്കെ തിരിച്ചും മറിച്ചും ചോദിച്ചിട്ടും ആദ്യമൊന്നും അവൻ പ്രതികരിച്ചില്ല.

സത്താറേ…നീയോ സാബിറയോ ഇങ്ങനൊരു നെറികേട് ചെയ്തിട്ടില്ല എന്ന് ഖൽബില് പടച്ചോൻ തോന്നിച്ചതുകൊണ്ടാ ഞാൻ ഇവിടം വരെ വന്നത്. അനക്ക് എന്നെ ഒരു കൂടപ്പിറപ്പായി കാണാനാവും എങ്കിൽ ന്നോട് പറയ്…ന്താ ണ്ടായത് ന്ന്…വീണ്ടും മൗനം ഞങ്ങൾക്കിടയിൽ മറ തീർത്തപ്പോൾ ഞാൻ പോരാൻ ആയി എഴുന്നേറ്റു.

സെയ്ത്താനാ അയാള്…അയമൂട്ടി ഹാജിയുടെ ഒരു കൊണവും കിട്ടാത്ത സെയ്ത്താൻ…ഇസ്ലാംമീങ്ങളെ പറയിപ്പിക്കാൻ ജനിച്ച ഹിമാർ…ഞമ്മള് ഇതാരോടും പറയൂല ന്ന് ഇത്തയോട് വാക് കൊടുത്തതാ…പക്ഷേങ്കില് ങ്ങളോട് ഇത് പറയാതിരിക്കാൻ ഞമ്മക്ക് ആവൂല…ഒരാളെങ്കിലും നേര് അറിയണം ന്നുള്ളത് പടച്ചോന്റെ തീരുമാനമായിരിക്കും…പതിയെ അവൻ എന്നോട് എല്ലാം പറഞ്ഞു തുടങ്ങി.

അഹമ്മദ് കുട്ടി ഹാജിയുടെ മരണശേഷം ബിസിനസും സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തിയത് യൂനുസ് ഹാജി എന്ന രണ്ടാമത്തെ മകനായിരുന്നു. വിദേശരാജ്യങ്ങളിൽ ജോലിയും ബിസിനസ്സും ഒക്കെ നടത്തുന്ന മറ്റു മക്കൾക്ക് ബാപ്പയെ പോലെ തന്നെ വിശ്വാസമാണ് യൂനുസിനേ…ഈ വിശ്വാസം മുതലെടുത്തുകൊണ്ട് ബാപ്പയുടെ മരണശേഷം യൂനുസ് തന്റെ സാമ്രാജ്യത്വം ആഘോഷിക്കുകയായിരുന്നു.

പണം ഇരട്ടിപ്പിക്കാൻ ഏതൊരു മാർഗ്ഗവും അയാൾക്ക് അന്യമായിരുന്നില്ല. വിദേശത്തുള്ള പണം തന്റെ അക്കൗണ്ടുകളിലേക്ക് എത്തിക്കാൻ ബാപ്പയുടെ സുഹൃത്ത് ബന്ധം വരെ ദുരുപയോഗം ചെയ്യാൻ അയാൾ മടിച്ചില്ല. മദ്യവും മദിരാശിയും എന്നുവേണ്ട ഇസ്ലാമിക വിശ്വാസങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഉദ്ദേശക്ഷ്യത്തിനായി ഏതൊരു അറ്റംവരെ താഴാനും അയാൾ തയ്യാറായിരുന്നു. എല്ലാത്തിനും ഉപദേശിയായി മൊയ്തീൻകുട്ടി എന്ന പുത്തൻ പണക്കാരനും…

അങ്ങനെ ആ നശിച്ച രാത്രി….വിദേശത്തു നിന്നും അനാഥാലയത്തിന് സംഭാവന നൽകാൻ എത്തിയ അറബികളെ ദൈവത്തിന്റെ സ്വന്തം നാട് ചുറ്റി കാണിക്കാൻ യൂനുസ് ഹാജി പോയ ദിവസം…

അനാഥാലയത്തിലെ കുട്ടികളെ കാണാൻ തന്നെ കൊണ്ടുപോകാമോ എന്നു ചോദിച്ച് സാബിറ സത്താറിന്റെ അടുത്തെത്തിയത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ആയി കുട്ടികൾ ഇല്ലാത്തതിനാൽ സമ്മാനങ്ങളും ഒക്കെയായി ഇടയ്ക്കിടയ്ക്ക് അനാഥാലയത്തിലെ കുട്ടികളെ കാണാൻ പോകുന്നത് സാബിറക്ക് ഒരു പതിവാണ്.

എങ്കിലും ഇതാദ്യമായിട്ടാണ് രാത്രിയിൽ ഇങ്ങനെ ഒരാവശ്യം പറയുന്നത്. രാത്രി ആയതിനാലും കോരിച്ചൊരിയുന്ന മഴ ഉള്ളതിനാലും ആദ്യം സത്താർ ഒന്നു മടിച്ചെങ്കിലും സാബിറയുടെ സങ്കടപ്പെട്ട മുഖം കണ്ടപ്പോൾ അവന് നിരസിക്കാൻ തോന്നിയില്ല.

അനാഥാലയത്തിന്റെ ഗേറ്റ് കടന്നു ഉള്ളിൽ എത്തിയതും പതിവില്ലാതെ കുറെ കാറുകൾ മുറ്റത്ത് കിടക്കുന്നത് കണ്ടു. ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും പോരാത്തതിന് കറണ്ടും ഇല്ലായിരുന്നു. തിരിച്ചു പോയാലോ എന്ന് ചോദിച്ചപ്പോൾ ഒരു മറുചോദ്യമായിരുന്നു ഉത്തരം…

“ആണൊരുത്തൻ ആയ അനക്കും…നിക്കും ഒക്കെ ഇത്രയും ബേജാറ് ഉണ്ടെങ്കിൽ ആരോരുമില്ലാത്ത ആ പൈതങ്ങക്ക് ഈ ഇരുട്ടത്ത് എത്ര പേടി ണ്ടാകും..?”

അങ്ങനെ സാബിറയുടെ നിർബന്ധത്തിന് അവർ പുറത്തിറങ്ങി സെക്യൂരിറ്റിയുടെ അടുത്തെത്തി. അയാൾ മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുകയായിരുന്നു. ഇത്രയും ഉത്തരവാദിത്തബോധം കൂടി ഇയാൾക്ക് ഇല്ലേ എന്ന അർത്ഥത്തിൽ അവർ പരസ്പരം നോക്കി. ചോറ് വെക്കാൻ നിൽക്കുന്ന ആയ സ്ഥിരം രാത്രി അവിടെയാണ് കിടക്കാറ്, പക്ഷേ അവരെയും അന്ന് അവിടെ കണ്ടില്ല.

സത്താറേ ഞമ്മക്ക് യൂനുസ്ക്കയോട് പറഞ്ഞുകൊടുക്കണം ഈ രണ്ട് ബടക്കൂസുകളെയും ഇനി ഇവ്ടെ നിർത്തണ്ടാന്ന്…ഈ പൊന്നു മക്കളെ കാറ്റത്തും മഴയത്തും നോക്കാൻ ആരും ല്ലാണ്ടായി പോയല്ലോ പടച്ചോനേ…എന്നും പറഞ്ഞു കൊണ്ട് സത്താറിന്റെ ടോർച്ചിന്റെ വെളിച്ചം കാത്തു നിൽക്കാതെ തന്നെ സാബിറ ഹാളിലേക്ക് കയറി.

ശക്തമായി മുഴങ്ങിയ ഒരു ഇടിമുഴിക്കത്തിൽ പേടിച്ച് പിന്നോട്ട് ആഞ്ഞ സാബിറ ഏതോ ഒരു മുറിയുടെ വാതിലിൽ ആണ് ചെന്നിടിച്ചത്. വെപ്രാളത്തിൽ ആ മുറിയിലേക്ക് നോക്കിയ സാബിറ മിന്നലിന്റെ വെളിച്ചത്തിൽ എന്തോ കണ്ടതും…ഒരു അലർച്ചയായിരുന്നു.

എന്താ ഇത്താ….? ഇങ്ങള് വെളിച്ചം കൂടെ കാക്കാതെ..ഇതെവിടെയാ…? എന്നും പറഞ്ഞ് ടോർച്ചടിച്ചു കൊണ്ട് ശബ്ദം കേട്ട മുറിയിലേക്ക് കയറിയ സത്താർ കണ്ടത് മുഖം പൊത്തി നിൽക്കുന്ന സാബിറയേയും, ബെഡ്ഷീറ്റ് പുതച്ചു നിൽക്കുന്ന യൂനുസ് ഹാജിയേയും പേടിച്ചരണ്ട് വാടിത്തളർന്നു നിൽക്കുന്ന എട്ടോ ഒമ്പതോ വയസ്സുള്ള ഒരു കൊച്ചു പെൺകുട്ടിയെയും…

ആ കാഴ്ച കണ്ട നിമിഷം സത്താർ തരിച്ചു നിന്നു പോയി. മൊബൈൽ കയ്യിൽ നിന്നും വഴുതി താഴെ വീണു…കാലുകൾ ഒക്കെ നിലത്തു ഉറച്ചു പോയ പോലെ…

“എടീ” എന്നുള്ള അലർച്ചയോടെ യൂനുസ് ഹാജി സാബിറയുടെ അടുത്തേക്ക് ഓടിയടുക്കുന്നതും “ഉമ്മാ” എന്നുള്ള അയാളുടെ അലർച്ചയും ആണ് സത്താറിനെ ആ ഞെട്ടലിൽ നിന്നും ഉണർത്തിയത്.

നിലത്തുനിന്നും തപ്പിപ്പിടിച്ച് മൊബൈൽ ടോർച്ച് എടുത്ത് വീണ്ടും ഓണാക്കിയപ്പോഴേക്കും തറയിൽ കിടക്കുന്ന യൂനുസ് ഹാജിയുടെ തല പൊട്ടി മുറിയിലാകെ ചോര ഒഴുകി പടർന്നിരുന്നു. സാബിറയാണെങ്കിൽ തലക്കടിച്ച ഫ്ലവർ വെയ്സ് കയ്യിൽ മുറുകെ പിടിച്ച് ഒരു ഭ്രാന്തിയെപ്പോലെ മുറിയുടെ മൂലയിൽ പതുങ്ങിയിരിക്കുന്നു.

അപ്പോഴേക്കും പല മുറികളിൽ നിന്നും ആരൊക്കെയോ ധൃതിപ്പെട്ട് ഓടി പോകുന്ന ശബ്ദവും പല കാറുകളും സ്റ്റാർട്ട് ആക്കുന്ന ശബ്ദവും ഒക്കെ കേട്ടു. ഇന്നു രാവിലെ ആനയിച്ചുകൊണ്ട് നടന്ന പല നന്മമരങ്ങളും ആ ഓടി പോയവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നത് പാഞ്ഞുപോകുന്ന വണ്ടികളുടെ വെളിച്ചത്തിൽ നിന്നും വ്യക്തമായി കാണാമായിരുന്നു.

കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സത്താർ ആ പെൺകുട്ടിയുടെ അടുത്തേക്ക് ഓടി അതിന്റെ വസ്ത്രങ്ങളെല്ലാം പെറുക്കികൊടുത്തു. ഇവിടെ കണ്ടതൊന്നും ആരോടും എന്തുചെയ്താലും പറയരുതെന്ന് ചട്ടംകെട്ടി. എന്ത് ചെയ്താലും സാബിറയേ രക്ഷിച്ചടുക്കണം എന്ന് മാത്രമേ അയാളുടെ മനസ്സിൽ തെളിഞ്ഞുള്ളൂ….

ഇത്ത ഇങ്ങള് വരി…ഞമ്മക്ക് വീട്ടില് പോവാം…ങ്ങള് ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ല…എല്ലാം ചെയ്തത് ഞമ്മള…ഇങ്ങളെ വീട്ടില് ആക്കിട്ട് ഞമ്മള് നേരെ പോലീസ് സ്റ്റേഷനിൽ പൊക്കോളാം…

ഞമ്മളെ ഉമ്മാനെ ഇങ്ങള് ഞമ്മളെ കാളും നന്നായിട്ട് നോക്കൂന്ന് ഞമ്മക്കറിയാം…ഞമ്മക്ക് ഈ ദുനിയാവില് വേറൊന്നും ചെയ്യാനില്ല…ഇങ്ങള് സങ്കടപ്പെടരുത്…ഈ കുട്ട്യോളെ രക്ഷിക്കാൻ പടച്ചോൻ ചെയ്യിച്ചത ങ്ങളെക്കൊണ്ട്ത്…

അങ്ങനെ മാത്രം നിരീച്ചാ മതി…ഇങ്ങള് വേഗം വരി…ഈ ചിറക്കല് തറവാടിന്റെ പേര് കേടാകാൻ ഞമ്മള് സമ്മയിക്കൂല…ഉണ്ട ചോറിൻറെ നന്ദി ആയിട്ട് കൂട്ടിയാ മതി.

“വേണ്ട സത്താറേ…വേണ്ട…ഞമ്മള് ആരെയാ ഈ പറ്റിക്കണത്…? എല്ലാം കണ്ടു കൊണ്ടിരിക്കണ പടച്ചോനേയോ..? ഞമ്മള് ചെയ്തത് ഞമ്മള് തന്നെ ഏൽക്കും. അയിന് ഈ നാട്ടിലെ നിയമം പറയണ ശിക്ഷ എന്താണേലും ഞമ്മള് അനുസരിക്കും. കരഞ്ഞു പ്രാർത്ഥിച്ചിട്ടും ഒരു കുട്ടിനെ പോലും ഞമ്മക്ക് തരാത്ത പടച്ചോനോട് ഒരുപാട് പരാതി പറഞ്ഞിട്ടുണ്ട് ഞാൻ. അതെല്ലാം എന്തോണ്ടായിനീന്ന് ഞമ്മക്ക് ഇപ്പോള തിരിഞ്ഞത്…എന്തായാലും പടച്ചോൻറെ മുന്നില് മാത്രം ഞങ്ങള് കുറ്റക്കാരി അല്ല. അത് ഞമ്മക്ക് ഒറപ്പാ… ഇജ്ജ് വേം ഇവിടുന്ന് പോവാൻ നോക്ക്….

അപ്പോഴേക്കും പോലീസ് ജീപ്പിന്റെ ശബ്ദം മുറ്റത്തെത്തിയിരുന്നു. യൂണിഫോമിട്ട പോലീസിന്റെ കൂടെ വന്നവരിൽ നേരത്തെ അവിടെ നിന്നും ഓടി പോയവരിൽ പലരും ഉണ്ടെന്നുള്ളത് അവരെ അതിശയിപ്പിച്ചരുന്നു.

ഒന്നും ചോദിക്കാതെ അവരെ രണ്ടു പേരെയും കയ്യാമം വെച്ചു കൊണ്ടു കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ “ഓനെ ഇങ്ങള് എന്തിനാ ചങ്ങല ഇടിക്കണത്…?” എന്ന സാബിറയുടെ ചോദ്യത്തിന്, അതൊക്കെ സ്റ്റേഷനിൽ എത്തിയിട്ട് നിനക്കു പറഞ്ഞുതരാം #@$* മോളെ…കെട്ടിയോൻ ചത്തതിൽ അല്ല കാമുകനെ ചങ്ങലയ്ക്കിട്ടതിലാ അവക്ക് പ്രശ്നം….എന്ന് മറുപടി പറഞ്ഞത് പൊലീസുകാർ ആയിരുന്നില്ല, മറിച്ച് മൊയ്തീൻകുട്ടി ആയിരുന്നു.

ഇതൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്നുള്ളതു കൊണ്ടും ഒരു അവിഹിത കഥക്ക് കിട്ടിയ സ്വീകാര്യതയും തരംഗവും കിട്ടില്ല എന്നറിയാവുന്നതു കൊണ്ടും ചിറക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ തറവാടിനും ആ അനാഥാലയത്തിന്നും ഒരു കളങ്കം വരേണ്ട എന്നുള്ളത് കൊണ്ടും തൽക്കാലം ആരോടും പറയരുതെന്നവൻ കേണപേക്ഷിച്ചു.

എങ്കിലും എന്റെ ഇത്തയെ ജയിലില് പീഡിപ്പിക്കുന്നതും നാട്ടുകാര് പറഞ്ഞു നടക്കുന്നതും വീട്ടുകാര് ഒറ്റപ്പെടുത്തണതും മാത്രം ഞമ്മക്ക് സയിക്കാൻ പറ്റണില്ല ഇക്കാ…എന്നു പറഞ്ഞു കരയുന്ന സത്താറിന്റെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല.

എതിരാളികൾ ശക്തരും സാഹചര്യത്തെളിവുകൾ പ്രതികൂലമായതിനാലും ഇതിനൊരു പോംവഴി സാവധാനത്തിൽ കണ്ടെത്തണം എന്നുകരുതി അവന്റെ കയ്യിൽ നിന്നും സാബിറയുടെ വീട്ടുകാരുടെ അഡ്രസ്സ് വാങ്ങി തിരികെ എന്റെ വീട്ടിലെത്തി സോഫയിൽ ഇരുന്നു.

കേസിന്റെ ഇന്നത്തെ വിവരം അറിയാൻ റിമോട്ട് ഓൺ ചെയ്തപ്പോൾ ഒരു കുടുംബത്തിലെ ആറ് പേരെ കൊന്നു കൊണ്ട് സാബിറയുടെ വാർത്തയെ നാമാവശേഷം ആക്കികൊണ്ട് ചാനലിൽ തിളങ്ങിനിന്ന പുതിയ ബ്രേക്കിംഗ് ന്യൂസ്കാരിക്ക് എന്റെ മനസ്സിൽ ഒരു നിമിഷത്തേക്കെങ്കിലും മാലാഖയുടെ രൂപമായിരുന്നു.