പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ,ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്.

എഴുത്ത് : സിറിൾ കുണ്ടൂർ

അമ്മേ എനിക്കിപ്പോൾ കല്ല്യാണം വേണ്ട. ഒന്നാമത് എനിക്ക് അയാളെ ഇഷ്ടായില്ല, പിന്നെ…

പിന്നെ…നീയെന്താ ബാക്കി വിഴുങ്ങിയത്…

അമ്മയുടെ ചോദ്യത്തിന് പിന്നെ ഒന്നുല്ല പഠിക്കണം അത്ര തന്നെ. ഹൊ എന്താ ഒരു ആകാംക്ഷ.

പിന്നെ ഇല്ലാതിരിക്കൊ. പ്രായപൂർത്തി ആയ എല്ലാ അമ്മമാർക്കും കാണും ഇതു പോലെ ആധി.

ഉം, ഉവ്വ ഞാനെന്തായാലും കിട്ടേണ്ടതു വാങ്ങിച്ചട്ടെ പോകു. മറുപടി കേട്ട് അമ്മ ഒന്നു രൂക്ഷമായി നോക്കി. അല്ലേലും ഇവിടെ അടക്കിവെച്ചിട്ടല്ലന്നു അറിയാം എന്ന രീതിയാൽ ഞാനും ഇരുന്നു.

അമ്മേ എനിക്ക് അടുത്താഴ്ച അഡ്മിഷൻ ഫീസ് കെട്ടണം.

അച്ഛനോട് ചോദിക്ക് എന്റെല് എവിടന്ന പണം.

ഉവ്വ് കിട്ടിതു തന്നെ അമ്മ പറഞ്ഞു വാങ്ങി താ…

അല്ലേലും കിട്ടില്ല. എന്നെ എങ്ങനെങ്കിലും കെട്ടിച്ചു വിടണമെന്ന് മാത്രമെ അച്ഛന് ചിന്തയൊള്ളു. പ്രത്യേകിച്ച് ഒരു ആവശ്യത്തിനും അച്ഛന്റെ മുന്നിൽ കൈ നീട്ടിയിട്ടില്ല. എന്തിനും ഏതിനും അമ്മയോട് കണക്കു പറയുന്നത് കേട്ടു വളർന്നതു കൊണ്ടായിരിക്കാം ഞാനും എന്റെ ആഗ്രഹങ്ങളെ പുറത്ത് കാണിച്ചിട്ടില്ല. എല്ലാവരും പറയും അച്ഛൻ ഭയങ്കരപിശുക്കനാണെന്നു. എന്തായാലും വേണ്ടില്ല ഒരു ടീച്ചർ ആകാനുള്ള മോഹം, അത് എന്ത് വന്നാലും പഠിക്കാൻ അച്ഛൻ സമ്മതിക്കില്ല, ലക്ഷങ്ങൾ ചിലവുണ്ട്.

രാത്രി വൈകി വീട്ടിലെത്തിയ അച്ഛന്റെ ശബ്ദം ഉയർന്നു കേട്ടപ്പോൾ മനസിലാക്കി എല്ലാം മോഹങ്ങൾ മാത്രമായി എന്നിൽ അവസാനിക്കുന്നവയാണെന്ന്.

പിന്നെ ഇനി പഠിക്കാൻ പോകാഞ്ഞിട്ടല്ലേ, ബാക്കിയുള്ളവൻ കഷ്ടപ്പെട്ടിട്ട ഇതുവരെ കൊണ്ടെത്തിച്ചത്. ഇനി എങ്ങനേയും കെട്ടിച്ചയക്കാൻ നോക്കണം. പഠിപ്പ് എന്നിട്ട് മതി.

വിചാരിച്ചതു പോലെ സംഭവിച്ചു. അപ്പോ ഇന്നു വന്നു കണ്ട ആലോചന നടത്താൻ തന്നയാ അച്ഛന്റെ മനസിലിരിപ്പ്.

പിന്നെ എനിക്ക് അച്ഛന്റെ മുഖത്ത് നോക്കാൻ തോന്നിട്ടില്ല, ഇഷ്ടമില്ലാത്ത വിവാഹത്തിന് കഴുത്തു നീട്ടുന്നതിലും നല്ലത് ഫാനിൽ തൂങ്ങുന്നത എന്നു വരെ ചിന്തിച്ചു. നാവും കടിച്ചു പിടിച്ചു തൂങ്ങിയാടുന്ന ദൃശ്യം മനസിൽ പതിഞ്ഞപ്പോൾ പിന്നെ തോന്നി വേണ്ടന്നു…

ദിവസങ്ങൾ കടന്നു പോകുമ്പോൾ അച്ഛനോടുള്ള അകലം കൂടി വന്നു. എന്താടി മോൾക്ക് കുറച്ച് ദിവസായിട്ട് ഒരു മാറ്റം. എന്റെ മുഖത്ത് പോലും നോക്കണില്ലല്ലോ എന്ന് അമ്മയോട് ചോദിക്കുമ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നില്ല.

വിവാഹം കഴിച്ച് വിടാൻ ഉള്ളതുകൊണ്ടാകണം എനിക്ക് ഇഷ്ടമുള്ളത് അച്ഛൻ വാങ്ങി വരുമ്പോഴും എന്തുകൊണ്ടൊ ഒന്നും വേണ്ടാതായി, സഹികെട്ട് ഒരിക്കൽ അമ്മ, എന്താ മോളെ നീ കാണിക്കുന്നത്.

അതിന് മാത്രം എന്താ ഇവിടെ ഉണ്ടായെ…എല്ലാവരും പറയുന്നതാ ശരി. അച്ഛനൊരു പിശുക്കനാ, പഠിപ്പിക്കാൻ പൈസ ചിലവാക്കാൻ പറ്റില്ല. അതിന് മോളുടെ എന്ത് കാര്യത്തിനാ അച്ഛൻ ഒരു കുറവ് വരുത്തിയിട്ടുള്ളത്. എനിക്ക് ഇഷ്ടല്ല അത്ര തന്നെ…

ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റാതെ ആണെങ്കിലും അങ്ങനെ പറഞ്ഞ് മുറിയിലേക്കു പോകുമ്പോഴും അച്ഛൻ എല്ലാം കേട്ടു ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

വിവാഹം അടുത്തപ്പോൾ സ്വർണ്ണം വാങ്ങാൻ എവിടെ പോകേണ്ടതെന്നു അമ്മ ചോദിക്കുമ്പോൾ, എവിടെ പോയാലും ഈ പിശുക്കന്റെ കൂടെ എന്ത് വാങ്ങാനാണ് എന്നു മനസിൽ പറയുമായിരുന്നു…

പിന്നെ എല്ലാം മറച്ച് വെച്ച് സ്വർണ്ണം എടുക്കാൻ പോകും വഴി എന്തോ വല്ലാത്തൊരു ആഗ്രഹം തോന്നിയപ്പോൾ അമ്മയോട് പറഞ്ഞു. അമ്മേ എനിക്ക് ഒരു ബിരിയാണി കഴിക്കണം. അമ്മ അച്ഛനോട് പറയും മുമ്പേ അച്ഛൻ തന്നെ നല്ലൊരു ഹോട്ടലിലേക്ക് കൂട്ടികൊണ്ടു പോയി.

വെയിറ്ററോട് രണ്ട് ബിരിയാണി പറഞ്ഞു കൊണ്ട് അച്ഛൻ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കണ കണ്ടപ്പോൾ , ഇങ്ങനെ ഉണ്ടാകുമൊ ഒരു പിശുക്ക്. ദൈവമേ എങ്ങനെങ്കിലും കല്യാണം കഴിഞ്ഞ് പോയാൽ മതിയെന്നു ഞാൻ മനസിൽ വിചാരിച്ചു.

ഇനിയെങ്കിലും മൂന്നെണ്ണം പറഞ്ഞൂടെ എന്ന് അമ്മ പറയുമ്പോഴും ചൂടുവെള്ളം കുടിച്ച് ഗ്ലാസ്സ് താഴെ വെച്ച് അമ്മയെ ഒരു നോട്ടം നോക്കി. അതിന്റെ അർത്ഥം ഇപ്പോഴും എനിക്ക് മനസിലായില്ല.

വിവാഹം കഴിഞ്ഞ് ഇറങ്ങും നേരം അമ്മയുടെ അനുഗ്രഹം വാങ്ങി കെട്ടി പിടിച്ചു കരയുമ്പോഴും അച്ഛനെക്കുറിച്ച് ഓർത്തു പോലുമില്ല. ഫോട്ടൊഗ്രാഫറുടെ നിർദ്ദേശത്തോടെ ഒരു ചടങ്ങിനെന്നോണം അച്ഛന്റെ കാൽതൊട്ട് വന്ദിച്ചു മുഖത്ത് നോക്കാതെ വീട്ടിൽ നിന്നും ഇറങ്ങി.

പുതിയ വീടിന്റെ അന്തരീക്ഷം വെല്ലാതെ ഒറ്റപ്പെടുത്തിയപ്പോൾ അമ്മയെ കാണാൻ തോന്നി. ജനലരികിൽ പുറത്തേക്ക് നോക്കിയപ്പോൾ ഒരു തടവറയിലായത് പോലെ തോന്നി.

പെട്ടന്നാണ് പുറകിൽ നിന്നും ശരത്തേട്ടൻ…എന്താണു പെണ്ണെ ഒരു സങ്കടം.

അമ്മയെ കാണാൻ തോന്നുന്നു.

അപ്പോ അച്ഛനെ കാണാൻ തോന്നുന്നില്ലേ…? ശരിക്കും അച്ഛൻമാരെ കാണാനല്ലേ തോന്നേണ്ടത്.

എന്തോ അതിനു മാത്രം മൗനമായി നിന്നപ്പോൾ…അതെ അടുത്താഴ്ച ക്ലാസ്സിൽ പോകാൻ തയ്യറായിക്കൊളുട്ടൊ എല്ലാം ശരിയാക്കിട്ടുണ്ട് എന്നു പറഞ്ഞു കഴിഞ്ഞതും, അതുവരെ ഇല്ലാത്തൊരു ഇഷ്ടത്തോടെ ഞാൻ ശരത്തേട്ടന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു.

അമ്മയോടു സംസാരിക്കാൻ തോന്നിയപ്പോൾ ഫോൺ വിളിച്ചു തന്നത് ശരത്തേട്ടനായിരുന്നു. അമ്മയോടു സംസാരിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി.

പിന്നെ…ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അച്ഛനു ഊണും ഉറക്കവുമില്ലന്നു അമ്മ പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

പിശുക്കു കാട്ടി പിടിച്ചു ജീവിച്ചതെല്ലാം മോൾക്കു വേണ്ടി മാത്രമാണെന്നു അമ്മ പറയുമ്പോൾ അച്ഛൻ പല കാര്യങ്ങളും സൗകര്യപൂർവ്വം ഒഴിവാക്കി മിച്ചം പിടിച്ചു സ്വരുകൂട്ടിയാണ് കെട്ടിച്ചയച്ചതും ഇപ്പോൾ പഠിക്കാനുള്ള ഫീസ് വരെ കെട്ടിവെച്ചതെന്നും പറഞ്ഞപ്പോഴാണ് മൂന്ന് ബിരിയാണി വേണ്ടന്നു പറഞ്ഞു അച്ഛൻ അമ്മയെ നോക്കിയതിന്റെ അർത്ഥം മനസിലായത്.

പലപ്പോഴും അമ്മക്കും എനിക്കും വസ്തങ്ങൾ എടുക്കുമ്പോൾ എനിക്ക് ഇട്ടു മാറാൻ ആവശ്യത്തിന് ഉണ്ടെന്നും പറഞ്ഞു കീറിയ ഷർട്ടിട്ട് തൂമ്പയുമായി പോകുമ്പോഴും സംതൃപ്തിയോടെ ഉള്ള ചിരിയുടെ അർത്ഥം ഇപ്പോഴാണ് അറിയുന്നത്.

ഇതു പോലെ ഒരുപാടു ബിരിയാണിയുടേയും ഉടുപ്പുകളുടേയും വിലകളുടെ ആകെ തുകയാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നതെന്നോർത്തപ്പോൾ…

ഏട്ടാ…എനിക്ക് അച്ഛനെ കാണണം…

പിറ്റേ ദിവസം വീട്ടിലേക്ക് ഓടി ചെല്ലുമ്പോൾ എന്റെ മുറിയിൽ വാതിലടച്ചു എനിക്ക് വാങ്ങി തന്ന പാവകളെ കെട്ടിപ്പടിച്ച് കരയുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.

എനിക്ക് ഇഷ്ടല്ല അച്ഛനെയെന്ന് പറയുന്നതു കേട്ടു ഹൃദയം തകർന്ന അച്ഛന്റെ കാലിൽ തൊട്ട് മാപ്പപേക്ഷിച്ചപ്പോഴും ഇളം ചൂടുള്ള അച്ഛന്റെ കണ്ണുനീർ എന്റെ ദേഹത്തു വീണു വെന്തുരുകുന്നുണ്ടായിരുന്നു….