ഇതാണെന്റെ സ്വർഗ്ഗം – എഴുത്ത്: മീനാക്ഷി മീനു

ഭാഗം – 3

രണ്ടാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അവനൊന്ന് ചുറ്റും നോക്കി…എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. ആരുടെയും ശ്രദ്ധ ഇങ്ങോട്ട് വന്നിട്ടില്ല…പെട്ടെന്നവൻ വലതുകൈകൊണ്ടു അവളുടെ തോളിൽ പിടിച്ചെഴുന്നേൽപ്പിച് ബാൽക്കണിയുടെ അങ്ങേ മൂലയിലേക്ക് വലിച്ചുകൊണ്ട് പോയി…അവൾക്ക് വല്ലാതെ നൊന്തു…ഇതുവരെ കാണാത്ത ഭാവം അവന്റെ മുഖത്ത് കണ്ടു അവളും ഭയന്നു.

“അരുൺ…യൂ ഹെർട് മീ…” അവന്റെ കൈ വിടുവിച്ചുകൊണ്ടു അവൾ പറഞ്ഞു. “വേദനയോ…അങ്ങിനെ ഒന്നുണ്ടോ നിനക്ക്….”

“അരുൺ, ഞാൻ പറഞ്ഞില്ലേ..മനപൂർവ്വമല്ല ഒന്നും…ഡാഡി നിർബന്ധിച്ചപ്പോ…എനിക്ക് വേറെ വഴിയില്ലാത്തത് കൊണ്ടല്ലേ ഞാൻ സമ്മതിച്ചു പോയത്. പക്ഷേ എല്ലാം കളഞ്ഞു ഞാൻ വന്നില്ലേ…ഇപ്പോഴും മനസ്സിലാകുന്നില്ലേ എന്റെ സ്നേഹം.” തിരിഞ്ഞു നിന്നു അവനൊന്ന് പല്ലുകടിച്ചു…എന്നിട്ട് അവളുടെ നേരെ നോക്കി…

“നിന്റെ ഡാഡി…ശ്മശാനം സൂക്ഷിപ്പുകാരൻ എന്നാടി എസ്റ്റേറ്റ് മുതലാളിയായത്…? നിന്റെ സൊസൈറ്റി മമ്മി സ്കൂളിമ് കഞ്ഞി വെക്കുകയല്ലേ…?”

വിശ്വാസം വരാതെ ഞെട്ടിത്തരിച്ചു അവൾ അവനെ നോക്കി. അവളുടെ തൊണ്ടയിലെ ഉമിനീർ വറ്റി…”ഇത്…ഇതൊക്കെ നിനക്കെങ്ങനെ…”

“ഹും..ഇത് ഇപ്പോഴല്ല നയന…നിന്നെ സ്നേഹിച്ച തുടങ്ങുമ്പോഴേ എനിക്കറിയാം. നീ പറയുന്നതൊക്കെ നുണയാണ് എന്നറിഞ്ഞിട്ടും ഒരു പൊട്ടനെപോലെ നിന്ന് തന്നത് ഞാൻ നിന്നെ അത്രയ്ക്ക് സ്നേഹിച്ചത് കൊണ്ടാ…എന്നിട്ടും നിനക്ക് എങ്ങിനെ കഴിയുന്നു ഇപ്പോഴും എന്നെ വിഡ്ഢിയാക്കി സംസാരിക്കാൻ…”

മറുപടിയില്ലാതെ അവൾ നിന്നു. “നിന്റെ അച്ഛൻ ചെയ്യുന്ന തൊഴിലോ അമ്മയുടെ തൊഴിലോ ഒന്നും അത്ര നാണക്കെടുള്ള ഒന്നല്ല…എനിക്ക് അതൊരു പ്രശ്നവും ആയിരുന്നില്ല…എന്നിട്ടും ഒരു സുപ്രഭാതത്തിൽ നീ ആഗ്രഹിച്ച പോഷ് ലൈഫ് എന്നിലൂടെ കിട്ടില്ല എന്നറിഞ്ഞപ്പോ കറിവേപ്പില പോലെ നീ എന്നെ വലിച്ചെറിഞ്ഞു. എന്നിട്ട് നീയായിട്ടു ഉണ്ടാക്കാൻ നോക്കി നോട്ടുകെട്ടുകൾക്ക് മേലെ ഒരു ജീവിതം. ഒടുവിൽ നിന്നെക്കാൾ വലുത് അവനു ആ നോട്ടുകെട്ടുകൾ ആണെന്ന് മനസ്സിലായത് അവൻ തിരിഞ്ഞു നടന്നപ്പോഴാണ് അല്ലെ…അപ്പോൾ വീണ്ടും എന്നെ വേണം…കോമാളിയായ എന്നെ…”

“അരുൺ…” അവളുടെ കണ്ണ് നിറഞ്ഞൊഴുകി.

“കരയരുത് നയന…ആത്മാർഥമായി കരയാനും വേണം മനസ്സിൽ ഒരു നന്മ. അതില്ലാത്ത നിന്റെ കണ്ണുനീർ പോലും അപഹാസ്യമാണ്. ഇപ്പോൾ ഒരുളുപ്പും ഇല്ലാതെ അവന്റെ കാല് പിടിച്ചത് പോലെ നീ എന്റെ കാലും പിടിച്ചു. എന്റെ സ്ഥാനത്ത് വേറെ വല്ല ആണുങ്ങളും ആയിരുന്നു എങ്കിൽ കരണം നോക്കി ഒന്നു പൊട്ടിച്ചേനെ…പക്ഷേ ഞാൻ അത് ചെയ്യില്ല…അത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല…തല്ലാൻ മാത്രം ഇപ്പൊ നീയെന്റെ ആരുമല്ല..ആരും…”

“ശരിയാണ് അരുൺ. തെറ്റി പറ്റിപ്പോയി. പക്ഷെ…ഇപ്പൊ ഞാൻ പറയുന്നത് ആത്മാര്തമായാണ്‌…ഒന്നു ക്ഷമിച്ചുകൂടെ എന്നോട്….”

“ഒരു കാര്യമുണ്ട് നയന…സ്നേഹം, പ്രത്യാശ ഇതൊക്കെ എന്നും നിലനിൽക്കും. പക്ഷേ വിശ്വാസം…ഒരിക്കൽ പോയാൽ പിന്നെ വരില്ല. എന്റെ മനസ്സിൽ നിന്നും നീ പോയിക്കഴിഞ്ഞു. പക്ഷേ നിന്നിലൂടെ ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു. ഞാൻ ആരാണ് എന്ന്…എന്റെ സന്തോഷം എവിടെയാണ് എന്ന്…ഒരിക്കലും കാണാത്ത എന്റെ ദേവുവിന്റെ സ്നേഹം പോലും ഞാൻ തിരിച്ചറിഞ്ഞത് നീ കാരണമാണ്…അതിന് നിന്നോട് ഒരുപാട് നന്ദിയുണ്ട്…ഇതാണെന്റെ സ്വർഗ്ഗം നയന….”

നിശബ്ദമായി കണ്ണീർ പൊഴിക്കുന്ന നയനയെ നോക്കി അവൻ ഒന്നു ചിരിച്ചു. “ഞാൻ പോയി കിടക്കട്ടെ. നാളെ നേരത്തെ എഴുന്നേൽക്കണം. നീ കാണണം ഞാൻ ദേവുവിന്റേത് ആകുന്നത്, എന്നിട്ട് കെട്ടിയാടിയ വേഷമെല്ലാം എന്നെന്നേക്കുമായി അഴിച്ചു വെക്കണം. എനിക്കിനി ദേവുവിനെ സ്നേഹിക്കണം ഒരു ജന്മം കൊണ്ട് അവൾ എന്നെ സ്നേഹിച്ചതിനെക്കാൾ ഒരുപാട് ഇരട്ടി…” പറഞ്ഞിട്ടവൻ നടന്നു നീങ്ങി. അവൾ അതേ നിൽപ്പ് നിന്നു. ഒടുവിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

ദേവു എന്നും തൊഴുന്ന ദേവി ക്ഷേത്രത്തിൽ വെച്ചാവണം വിവാഹം എന്ന് ദേവുന് ആഗ്രഹമുണ്ടായിരുന്നു. അവളുടെ ആഗ്രഹം പോലെ അതേ ക്ഷേത്രത്തിൽ സ്വാമിയുടെ നേതൃത്വത്തിൽ ആയിരുന്നു വിവാഹം. മണ്ഡപത്തിലേക്ക് അമ്മാവന്റെ കയ്യും പിടിച്ചു വരുന്ന ദേവിയെ വരന്റെ ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് അരുൺ ഒന്നു നോക്കി. ഇത്രയും ഭംഗിയുണ്ടായിരുന്നോ എന്റെ ദേവുന്…ചുവന്ന സാരിയിലും നിറഞ്ഞ ആഭരണങ്ങളും അവൾ ശ്രീകോവിലിൽ നിന്നും ഇറങ്ങി വന്ന ദേവിയെ പോലെ തോന്നിച്ചു…

മണ്ഡപം വലം വെചു വന്ന അവൾ അവന്റെ അടുത്തായി ഇരുന്നു…ചുവന്ന കവിളുകൾ ഒന്നുകൂടി തുടുത്തിരിക്കുന്നു…നീണ്ട മൂക്കിലെ ചുവന്ന മൂക്കുത്തി ഒന്നു തിളങ്ങി…നാണത്തോടെ അവൾ അരുണിനെ നോക്കി…അവളെ നോക്കി അവനും നുണക്കുഴി കാട്ടി ചിരിച്ചു. മേളം മുറുകവേ അരുൺ ദേവുവിന്റെ കഴുത്തിൽ താലി കെട്ടി…

ഒടുവിൽ സീമന്തരേഖയിൽ ഒരു നുള്ള് കുംങ്കുമം ചാർത്തിയതും അവൻ അവളുടെ വിടർന്ന നെറ്റിയിൽ അധരങ്ങളമർത്തി…അത് കണ്ട് കാഴ്ചക്കാരെല്ലാം ഒരു നിമിഷം സ്‌തബ്ധരായി. പിന്നെ അവിടൊരു കൂട്ടച്ചിരി ഉയർന്നു…സ്വാമി പോലും ചിരിച്ചു പോയി…നാണത്താൽ ദേവു കണ്ണുകളടച്ചു…

ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു വിങ്ങലോടെ നയന അതു കണ്ടു നിന്നു. അത് കഴിഞ്ഞുള്ള ഓരോ ചടങ്ങുകളും…വലതു കാൽ വെച്ചു നിലവിളക്കുമായി ദേവു അരുണിന്റെ വീട്ടിലേക്ക് കയറുന്നത് വരെ ഇമ മുറിയാതെ അവൾ കണ്ടു…ഒടുവിൽ തിരക്കൊഴിഞ്ഞ അവനടുത്തേക്ക് അവൾ ചെന്നു. അവളെ കണ്ടതും ആൾക്കൂട്ടത്തിൽ നിന്നും അവനൊന്ന് മാറി നിന്നു.

“പോവുകയാണ് അരുൺ…ജീവിതം…അത് എന്താണെന്ന് ഇപ്പോൾ എനിക്ക് കാണിച്ചു തന്നിരിക്കുന്നത് നീയാണ്…ലഭിക്കേണ്ടിയിരുന്ന എത്ര വലിയ ഭാഗ്യമാണ് ഞാൻ തട്ടി കളഞ്ഞതെന്ന ഈ നഷ്ടബോധം മാത്രം മതി ഈ ജന്മം മുഴുവൻ എന്നെ നോവിക്കാൻ…”

“ഇനിയെങ്കിലും എല്ലാരോടും സത്യസന്ധത കാണിക്കാൻ ശ്രമിക്ക് നയന…എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല. അച്ഛനെയും അമ്മയെയും അവരായിരിക്കുന്ന അവസ്ഥയിൽ ചൂണ്ടിക്കാണിക്കാൻ മനസ്സുണ്ടാകുമ്പോഴേ നമ്മൾ നല്ല മക്കളാകൂ…അവരുടെ അനുഗ്രഹമേ നമുക്ക് സന്തോഷമുള്ള ഒരു ജീവിതം നൽകൂ. നീ അന്ന് പറഞ്ഞതും ശരിയാണ്. കൃഷി ചെയ്യുന്ന, ചാണകം വാരാൻ മടിയില്ലാത്ത, മണ്ണിന്റെ മണമുള്ള ഒരു പെണ്ണാണ് എനിക്ക് ചേരുക…എന്റെ ദേവു…അതവളാണ്…”

“ശരിയാണ് അരുൺ…പക്ഷെ…എപ്പോഴോ ഞാനും നിന്നെ സ്നേഹിച്ചിരുന്നു എന്നു തോന്നുന്നു. അതാവും ഇപ്പോൾ നിന്നെ നഷ്ടമായപ്പോ…എനിക്ക്…എനിക്ക്….കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാഞ്ഞത്. പോകട്ടെ…ഇനിയൊരു കാഴ്ചയില്ല…” അടക്കി പിടിച്ച കരച്ചിലോടെ ഇത് പറഞ്ഞു കണ്ണു തുടച്ചിട്ട് അവൾ തിരിഞ്ഞു നടന്നു. അരുൺ അവൾ പോകുന്നത് കണ്ടുകൊണ്ട് നിന്നു.

“അപ്പേട്ട…” പുറകിൽ നിന്നൊരു വിളി. ദേവുവാണ്‌…അവൻ ചിരി വരുത്തിക്കൊണ്ട് അവൾക്ക് അരികിൽ വന്നു.

“പോയോ കൂട്ടുകാരി…”

“ഉം..പോയി…”

“വിഷമായോ അപ്പേട്ടന്…വിഷമിക്കണ്ട…അവൾ തോൽപ്പിക്കാൻ ശ്രമിച്ചപ്പോഴും എന്റെ അപ്പേട്ടൻ ജയിച്ചില്ലേ…” അരുൺ വിശ്വാസം വരാതെ അവളെ നോക്കി. “എനിക്കറിയാം അപ്പേട്ടനെ…അറിയാതെ പോയത് അവളാ…അത് എന്റെ ഭാഗ്യമാവും…”

“അല്ല ദേവു…നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടിയത്…എന്റെ ഭാഗ്യമാണ്…” അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു, എന്നിട്ട് മുറുകെ കെട്ടിപ്പുണർന്നു.

“യ്യോ..അപ്പേട്ട…ആരേലും കാണും…”

“കണ്ടോട്ടെ…എന്റെ ഉടമസ്ഥാവകാശം…ദേ ഈ കഴുത്തിൽ ഉണ്ടല്ലോ…” ഒരു ചിരിയോടെ അവളും അവനെ ചേർത്തു പിടിച്ചു.

അവസാനിച്ചു