എങ്ങനെയാ മോളേ നീ, വിശ്വസിച്ച് കുടുംബത്തിനും പുറത്ത് ഉള്ള ഒരു പയ്യനോട് ഇങ്ങനെ മനസ്സ് തുറന്നാല്‍ അത് നിനക്ക് കൂടെ അപകടം അല്ലേ…?

സ്നേഹയുടെ കഥാപുസ്തകം – എഴുത്ത്: ശ്രീഹരി എവറസ്റ്റ്

“സ്നേഹ ശ്രീനിവാസന്‍ വന്നിട്ടുണ്ടോ…” ഡോര്‍ തുറന്നെത്തിയ നഴ്സിന്റെ ചോദ്യം കേട്ടാണ് അവര്‍ ഞെട്ടി ഉറക്കമുണര്‍ന്നത്.

“മോളേ സ്നേഹ, എഴുന്നേല്‍ക്ക് ഡോക്ടര്‍ വിളിക്കുന്നുണ്ട്…” തന്റെ മടിയില്‍ തല ചായ്ച്ച് മയങ്ങിപ്പോയ സ്നേഹയെ വിളിച്ചുണര്‍ത്തി….

ഡോ.ദീപ്തി ശ്രീനിവാസന്‍, സ്നേഹയുടെ അമ്മയാണ്.

റൂമിലേക്ക് കയറിയ അവരോട് രണ്ട് പേരോടും ഡോ.ദീപ ജയകുമാര്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ആവശ്യപ്പെട്ടത് പോലെ തന്നെ അവര്‍ ഇരുവരും കസേരയില്‍ ഇരുന്നു. ഇരിപ്പുറപ്പിച്ചത് മുതല്‍ അവര്‍ കണ്ണുനീര്‍ ഒപ്പാന്‍ തുടങ്ങിയത് ഡോക്ടര്‍ ശ്രദ്ധിച്ചിരുന്നു.

സ്കൂള്‍കാലത്തെ ദീപയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ദീപ്തിയെ അല്ല അവര്‍ അവിടെ കണ്ടത്…”മോളേ…നീ രണ്ടു മിനുട്ട് പുറത്ത് വെയിറ്റ് ചെയ്യാമോ…? ആന്‍റി വിളിക്കുമ്പോള്‍ വന്നാല്‍ മതി” ദീപ സ്നേഹയോട് ആവശ്യപ്പെട്ടു.

“എന്താ ദീപ്തി, താനിങ്ങനെ കൊച്ചുകുട്ടിയെ പോലെ…” സ്നേഹ പോയതിന് ശേഷം ഡോ.ദീപ പതിയെ ദീപ്തിയോട് ആരാഞ്ഞു…

“ഇല്ലെടോ…പറയാം. നീയിപ്പോ കണ്ടില്ലേ അതെന്റെ മോളാണ്, സ്നേഹ…അവള്‍ മുന്‍പ് ഇങ്ങനെ ഒന്നും ആയിരുന്നില്ല.” കണ്ണുനീര്‍ തുടച്ച് ദീപ്തി പതിയെ പറഞ്ഞൊപ്പിച്ചു.

“ദേ നേരെചൊവ്വേ എന്നോട് പറയാതെ തന്നെ ഞാന്‍ ഇവിടെന്ന് വിടില്ല. പഴയ വിരോധം ഇപ്പോഴും ഉണ്ടെന്നാണോ തന്റെ മനസ്സില്‍ ഇരിപ്പ്.” ദീപ അല്പം ചൂടായി.

ദീപയും ദീപ്തിയും ക്ലാസ്മേറ്റ്സ് ആയിരുന്നു. ഡിഗ്രി വരെ ഒരുമിച്ചുള്ള പഠനവും കഴിഞ്ഞ് രണ്ടുപേരുടെയും ഇഷ്ടപ്രകാരം മെഡിസിന്‍ തിരഞ്ഞെടുത്തു. ദീപയ്ക്ക് സൈക്കാട്രി ഒരു ഹരമായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ വളര്‍ച്ചയുടെ മാധ്യമവും അതായിരുന്നു. ദീപ്തി തരക്കേടില്ലാതെ ഒരു ഫിസീഷ്യനും അയി.

ഡോക്ടറായി പഠിക്കുന്ന കാലത്താണ് ദീപയ്ക്ക് ഒരു കല്യാണാലോചന എത്തുന്നത്. ചെക്കന്‍ അവരുടെ തന്നെ ചീഫ് ഡോ.ശ്രീനിവാസ് നമ്പ്യാര്‍. ആലോചന വന്നതല്ലേ എന്തായാലും അവര്‍ ഒരുമിച്ച് ശ്രീനിവാസനെ പരിചയപ്പെട്ടു. പിന്നീടങ്ങോട്ട് സുഹൃത്തുക്കളുമായി, കൂടിക്കാഴ്ചകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയും ആഴമേറിയ സുഹൃദ്ബന്ധമായി വളരുകയും ചെയ്തു.

വളരെ വൈകി ദീപയുടെ കല്യാണദിവസം രാവിലെയാണ് എല്ലാവരും ആ സത്യമറിഞ്ഞത്. ദീപ്തിയും ശ്രീനിവാസനും സ്നേഹത്തിലായിരുന്നു. ഒരു എഴുത്തില്‍ അത് എഴുതി ഒപ്പിച്ച് അവര്‍ ഒരുമിച്ച് ഒളിച്ചോടുകയാണുണ്ടായത്.

എല്ലാം ഒരു സ്വപ്നം എന്ന പോലെ ദീപയുടെ മനസ്സില്‍ തെളിഞ്ഞുവന്നു. ദീപ്തിയുടെയും…..അതുകഴിഞ്ഞ് ഇന്നാണ് ദീപ ദീപ്തിയെ വീണ്ടും കാണുന്നത്. ഇന്നലെ ടോക്കണ്‍ ബുക്ക് ചെയ്തപ്പോള്‍ തന്നെ അത് തന്റെ ദീപ്തി ആണെന്ന് ദീപയ്ക്ക് മനസ്സിലായിരുന്നു.

“ദീപ…വിചാരിച്ചപോലെ അത്ര സന്തോഷകരം ആയിരുന്നില്ല എന്റെ കുടുംബ ജീവിതം. ഒരുപക്ഷേ നിന്നെ പോലെ ഒരുവളെ ചതിച്ച് സ്വന്തമാക്കിയതിനാല്‍ ആവാം ദൈവം എനിക്ക് ആ ഭാഗ്യം തന്നില്ല.” ദീപ്തി തുടര്‍ന്നു….

“എന്റെ കുഞ്ഞ് സ്നേഹ ഉണ്ടായപ്പോള്‍ പോലും ശ്രീനി ഒന്നു സന്തോഷിച്ചില്ല. അവന്റേതായ തിരക്കുകള്‍ ഒഴിഞ്ഞ് സന്തോഷിക്കാന്‍ ഒരു നേരം കിട്ടിയിട്ടുണ്ടാവില്ല. അവന്‍ പ്രതീക്ഷിച്ച തരത്തിലൊരു ഭാര്യ ആവാന്‍ ചിലപ്പോഴൊന്നും എനിക്കും കഴിഞ്ഞില്ലായിരുന്നു. കുഞ്ഞ് വളര്‍ന്ന് വലുതായത് പോലും സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അറിഞ്ഞില്ല. രാവിലെ തുടങ്ങുന്ന ജോലിയില്‍ മുഴുകി ജീവിതം ഒരു വഴിയേ കടന്നു പോവുകയായിരുന്നു. അതിലിടയ്ക്ക് എന്റെ മോള്‍ക്ക് എന്നോടൊപ്പം കിട്ടിയത് രാത്രികള്‍ മാത്രം ആയിരുന്നു. ഒരു വട്ടം അവള്‍ക്ക് അമ്മേ എന്ന് വിളിക്കാന്‍ തികഞ്ഞിരുന്നില്ല ആ ദിനങ്ങള്‍.” ഒന്ന് നെടുവീര്‍പ്പിട്ട് കണ്ണ് തുടച്ച് വീണ്ടും തുടര്‍ന്നു….

“ഇന്ന് അവള്‍ക്ക് ഞങ്ങള്‍ അന്യരാണ്….ഒന്നും തുറന്ന് മിണ്ടാറില്ല. ആദ്യമൊക്കെ സമയമില്ലാത്തത് ആയിരുന്നു പ്രശ്നമെങ്കില്‍ പിന്നീട് എന്റെ മനസ്സില്‍ ചോദ്യങ്ങള്‍ ഉടലെടുത്തതോടെ ആ അപാകത ഞാന്‍ കുറച്ചൊക്കെ തിരുത്തി. ഇപ്പോള്‍ അവള്‍ രണ്ടാംവര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. എന്നാല്‍ അതിന്റെ ഒരു മനോഭാവമല്ല അവളുടെ മനസ്സില്‍. കണ്‍സള്‍ട്ട് ചെയ്യാന്‍ എത്തുന്ന കുട്ടികളെയും സ്റ്റുഡന്‍റസിനെയും കണ്ട് ശീലമുള്ള എനിക്ക് അവളുടെ ഈ പക്വതക്കൂടുതലിനെ ഇപ്പോള്‍ ഭയമാണ്. കോളേജ് കഴിഞ്ഞെത്തുന്ന അവളില്‍ തുടങ്ങുന്ന ആ ഭാവമാറ്റം രാത്രി അരവിന്ദ് വിളിക്കുന്നത് വരെ അങ്ങനെ തന്നെ…താന്‍ എന്തെങ്കിലും ഒന്ന് ചെയ്യണം ദീപ…എനിക്കെന്റെ മോളെ തിരിച്ചുവേണം.” ദീപ്തി പറഞ്ഞു തീര്‍ത്തു.

“താനിങ്ങനെ പേടിക്കല്ലേ ഡോ…ഇതൊക്കെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉള്ളതാ…അവളുടെ മനസ്സിലും എന്തെങ്കിലും കാണും…ഞാന്‍ തന്നെ ചോദിച്ചുനോക്കാം പോരെ….” ദീപ അവരെ ആശ്വസിപ്പിച്ച് നഴ്സിനോട് സ്നേഹയെ വിളിക്കാന്‍ പറഞ്ഞു.

ദീപ്തി പുറത്തേക്ക് നടന്ന വഴിയെ സ്നേഹ കടന്നു വന്നു.”അമ്മ എന്നോട് അരവിന്ദ് എന്നൊരാളെ കുറിച്ച് പറഞ്ഞു. അതാരാണ് ഈ അരവിന്ദ് ??” ദീപ സ്നേഹയോട് ആരാഞ്ഞു.

“അരവിന്ദ് എന്റെ ക്ലാസ്മേറ്റ് ആണ്.” സ്നേഹ പറഞ്ഞു.

“പേഴ്സണല്‍ ആണ് എന്നാലും ചോദിക്കാം. അരവിന്ദ് ക്ലാസ്മേറ്റ് മാത്രമോ അതോ…??” ദീപയുടെ ചോദ്യം കേട്ടവള്‍ ഒന്ന് തരിച്ചെങ്കിലും ഒട്ടും മടികൂടാതെ തന്നെ അവളത് തിരിച്ചുപറഞ്ഞു.

“ഒരിക്കലെങ്കിലും എന്റെ അമ്മ എന്നോട് അത് ചോദിക്കുമെന്ന് വിചാരിച്ച ഒരു ദിവസം ഉണ്ടായിരുന്നു. അവന്‍ ആദ്യമായി എന്നെ വിളിച്ച ദിവസം…അന്ന് അതൊന്നും ഉണ്ടായില്ല…” സ്നേഹ തുടര്‍ന്നു….

“ഞാന്‍ ബി.ടെക്കിന് ചേര്‍ന്നപ്പോള്‍ ആണ് അരവിന്ദിനെ പരിചയപ്പെടുന്നത്. എന്റെ സീനിയര്‍ ‍മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. എന്റെ സ്വഭാവം കണ്ടിട്ടാവണം അവന്‍ എന്നോട് വേഗം അടുത്തു. ഡോക്ടര്‍ക്ക് അറിയാമോ ഇന്നെന്റെ ലൈഫിലെ പേഴ്സണല്‍ ആയിട്ടുള്ള എല്ലാ കാര്യങ്ങളും അവനൊപ്പം ആലോചിച്ചാണ് ഞാന്‍ തീരുമാനം എടുക്കുന്നത്. വീട്ടില്‍ എത്തിയാല്‍ ഫോണ്‍കോളുകളുടെ ഇടയില്‍ വീര്‍പ്പുമുട്ടുന്ന അമ്മയോടോ….അമ്മയോട് വാഗ്വാദത്തില്‍ പെട്ട് കലഹിച്ച് നില്‍ക്കുന്ന അച്ഛനോടോ പോലും പറയാന്‍ കഴിയാത്തത് അവനോട് പറഞ്ഞ് ആശ്വസിക്കാന്‍ ഞാനിപ്പോള്‍ പഠിച്ചുകഴിഞ്ഞു…”

“എങ്ങനെയാ മോളേ നീ….വിശ്വസിച്ച് കുടുംബത്തിനും പുറത്ത് ഉള്ള ഒരു പയ്യനോട് ഇങ്ങനെ മനസ്സ് തുറന്നാല്‍ അത് നിനക്ക് കൂടെ അപകടം അല്ലേ…? എന്തിന് നീ തന്നെ ന്യൂസ് ഒക്കെ കാണുന്നുണ്ടാവില്ലേ…ഇങ്ങനെയുള്ള സ്വഭാവ വൈരുദ്ധ്യങ്ങള്‍ ചൂഷണം ചെയ്യുന്ന കൂട്ടരും ഉണ്ടെന്ന കാര്യം നീ മറക്കരുത്. ഇപ്പോള്‍ നിനക്ക് അച്ഛനമ്മമാരുടെ കൂട്ട് ഇല്ലെങ്കില്‍ അത് ചിലപ്പോള്‍ എനിക്ക് നേടിത്തരാന്‍ കഴിഞ്ഞെന്നിരിക്കും. പക്ഷേ നീ ഒരു പെണ്‍കുട്ടിയാണ്…” ദീപ സ്നേഹയോട് മയത്തില്‍ പറഞ്ഞു.

“എന്തായാലും നിന്റെ സുഹൃത്ത് അരവിന്ദിനെ ഞാനൊന്ന് പരിചയപ്പെട്ടോട്ടെ.?”

ദീപയുടെ ആവശ്യം അറിഞ്ഞതും സ്നേഹ സമ്മതം മൂളി മൊബൈല്‍ നമ്പര്‍ കൈമാറി. ദീപ്തിയെ തിരികെ വിളിച്ച ദീപ നാളെ സെന്‍റര്‍ സ്ക്വയര്‍ പാര്‍ക്കില്‍ ഒന്ന് സ്നേഹയോടൊപ്പം ഒത്തുകൂടിയാലോ എന്ന് ചോദിച്ചു. സ്നേഹയോടൊപ്പം അരവിന്ദിനേയും വിളിക്കാന്‍ ഉള്ള പ്ലാനില്‍ ആയിരുന്നു ദീപ. അത് കൊണ്ട് തന്നെ ദീപ്തി അറിയാതെ സ്നേഹയോട് അത് സൂചിപ്പിക്കുകയും ചെയ്തു. അവളുടെ സമ്മതത്തോടെ ആയിരുന്നു ഒത്തുകൂടാന്‍ തീരുമാനിച്ചത്.

പിറ്റേന്ന് സെന്‍റര്‍ സ്ക്വയര്‍ പാര്‍ക്കില്‍ വച്ച് നാലുപേരും കണ്ടുമുട്ടി. ഞായറാഴ്ച ആയതിനാല്‍ അതിന്റെ ചെറിയ തിരക്ക് അനുഭവപ്പെട്ടു…”അരവിന്ദ് എന്നോടൊപ്പം ഒന്ന് വരാമോ….അല്പമൊന്ന് സംസാരിച്ചാല്‍ ആ ഡൗട്ട് മാറിക്കിട്ടും….പോയാലോ ??” ദീപ അരവിന്ദിനോട് ചോദിച്ചു.

“വാ ആന്‍റി. എനിക്കും നിന്ന് ബോറഡിച്ചു.” അരവിന്ദ് ചിരിച്ചു.

“നിന്നെ ഞാന്‍ വിളിക്കാന്‍ ഉണ്ടായ കാരണം സ്നേഹ പറഞ്ഞുകാണും…അല്ലേ ??” ദീപ ആരാഞ്ഞു.

“ഇല്ല ആന്‍റി…അവളെന്നോട് പറഞ്ഞിരുന്നില്ല. എന്തുകൊണ്ടെന്ന് എനിക്ക് അവളോട് ചോദിക്കാന്‍ കഴിയില്ല…” അരവിന്ദ് പറഞ്ഞു.

“അരവിന്ദ് എനിക്കും മനസ്സിലാവും, സുഹൃദ്ബന്ധം നല്ലതു തന്നെയാണ്” ദീപ പറഞ്ഞു നിര്‍ത്തി.

“ഞാന്‍ അവളെ കാണുന്നത് കോളേജ് ബസ്സില്‍ വച്ചാണ്. അവള്‍ ബി.ടെക്ക് തുടങ്ങിയത് മുതല്‍ കുറച്ച് മാസം ശ്രദ്ധിച്ചു. പിന്നീട് ഒരിക്കല്‍ തരം കിട്ടിയപ്പോള്‍ അടുത്ത് പോയി ഇരുന്ന് കുശലാന്വേഷണം നടത്തി. പക്ഷേ അവിടെ എനിക്ക് ശരിക്കും അവള്‍ ഒരു അനുഭവമായി മാറി. സീനിയേര്‍സിനോട് തള്ളി കളിച്ച് ചിരിക്കുന്ന പെണ്‍പിള്ളേര്‍ക്ക് ഇടയില്‍ അവള്‍ ഒറ്റത്തണ്ട് ആയിരുന്നു. മര്യാദയ്ക്ക് ഒരു കൂട്ട് പോലും ഇല്ലാതെ അലഞ്ഞ് തിരിഞ്ഞ അവളെ എന്റെ സകല അടവുകളും പയറ്റിയിട്ടാണ് സത്യത്തില്‍ ഒന്ന് മിണ്ടാന്‍ പാകത്തില്‍ ആക്കിയത്. ശരിയായി പറഞ്ഞാല്‍ എനിക്കും അത് ഒരു ആശ്വാസമായി. കാരണം അത്രമേല്‍ അധ്വാനം പഠിപ്പില്‍ എടുത്തിരുന്നെങ്കില്‍…ഞാനിന്ന് ആരായേനെ…” അരവിന്ദ് തുടര്‍ന്നു….

“അവളോട് മിണ്ടി തുടങ്ങിയപ്പോള്‍ ആണെനിക്ക് അവളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലായത്. എല്ലാം അവള്‍ പിന്നീട് എന്നോട് തുറന്ന് പറയാന്‍ തുടങ്ങി. ഒരു പക്ഷേ എന്റെ വീട്ടുകാര്‍ക്ക് പോലും എന്നോട് ഇത്ര കമിറ്റ്മെന്‍റ് ഉണ്ടായിരുന്നോ എന്നെനിക്ക് കലശലായ സംശയമുണ്ട്. നിമിത്തം പോലെ ഓരോന്ന് വന്ന് ചേരുമെന്ന് അമ്മ പറയാറുണ്ടായിരുന്നു. ഞാനതുകൊണ്ട് സ്നേഹ പറയുന്നതൊക്കെ അമ്മയോട് ചോദിച്ച് ആലോചിച്ചിട്ടാ അവളോട് തീരുമാനം പറയാറുള്ളത്. ആന്‍റി ഉദ്ദേശിച്ച പോലെ വേണേല്‍ അവളുടെ ആ സ്വഭാവ വൈരുദ്ധ്യം എനിക്ക് എന്റെ കണ്‍ട്രോളിലാക്കാം…എളുപ്പമാണ്. പക്ഷേ അത് ചെയ്താല്‍ എനിക്ക് എന്റെ താല്‍പര്യങ്ങള്‍ മാത്രമല്ലേ ആലോചിക്കുവാന്‍ കഴിയൂ. അവളുടെ ഉള്ളില്‍ ഉള്ളത് മനസ്സിലാക്കാന്‍ ഒരാളുടെ അടുപ്പം അവള്‍ക്ക് ഇല്ലാതെ പോയത് ഞാനും അനുഭവിച്ച് അറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഞാന്‍ അവളുടെ കൂടെ കൂട്ടായി നിന്നത്. ലൈഫ് ലോങ്ങ് അവളെ കിട്ടിയാല്‍ അതില്‍പ്പരം വേറെ സന്തോഷം എന്തുണ്ട് ആന്‍റി….” അവന്‍ പറഞ്ഞു നിര്‍ത്തി.

“നിന്റെ ആ താല്‍പര്യത്തെയും നല്ല മനസ്സിനെയും ഒരിക്കലും എതിര്‍ക്കില്ല ഞാന്‍. പക്ഷേ സ്നേഹയുടെ കുടുംബം, സാഹചര്യം ഒക്കെ നീയും മനസ്സിലാക്കണം. കൂട്ട് ആവുന്ന സമയം അതും ദൃഢമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ അവള്‍ക്ക് അവളുടെ അമ്മ പോലും അന്യയായിപ്പോവുന്ന സ്ഥിതിയാണ്. നീ അതൊന്ന് ശ്രദ്ധിക്കണം.” ദീപ പറഞ്ഞ് അവസാനിപ്പിച്ചു.

“ആന്‍റി പറഞ്ഞത് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു പക്ഷേ ഇത് ദീപ്തി ആന്‍റി അറിയില്ലെന്ന് ഉറപ്പ് വേണം. ഒരുപക്ഷേ ആന്‍റി എന്നെ മനസ്സിലാക്കിയത് പോലെ ദീപ്തി ആന്‍റിക്ക് മനസ്സിലായി എന്ന് വരില്ലല്ലോ….പലരും യാഥാര്‍ത്ഥ്യത്തിനെ തെറ്റായി നോക്കുന്നവരല്ലേ ഇക്കാലത്ത്…”

അരവിന്ദിന്റെ അപേക്ഷ മുഖവിലയ്ക്ക് എടുക്കാതിരിക്കാന്‍ ദീപയ്ക്ക് നിര്‍വാഹം ഉണ്ടായിരുന്നില്ല. ഒരുപക്ഷേ ഇതാണ് ഉചിതമെങ്കില്‍ അതല്ലേ നല്ലതെന്ന് അവരും‍ ആലോചിച്ചു.സമയം വൈകിയപ്പോള്‍ അവര്‍ രണ്ടുപേരും ദീപ്തിയും സ്നേഹയും നിന്നിടത്തേക്ക് നടന്നുനീങ്ങി.

“സ്നേഹ….അമ്മയെ ഇനി നീ തനിച്ചാക്കരുത്. അമ്മയും നിന്റെ ബെസ്റ്റ് ഫ്രണ്ട് ആവണം….കേട്ടല്ലോ ” ദീപ സ്നേഹയോട് ആയി പറഞ്ഞു.

എന്തായാലും ദീപ്തിക്ക് പറ്റിയ തെറ്റ് കാരണം സ്നേഹ ഇങ്ങനെ ആയെങ്കിലും സ്നേഹയ്ക്ക് തെറ്റ് പറ്റിയിട്ടില്ല. പലതും കാണാന്‍ ആഗ്രഹിക്കുന്ന ഇന്നത്തെ കഴുകന്‍ കണ്ണുകള്‍ക്കിടയില്‍ പതറാതെ തന്നെ നേരായ കരങ്ങളില്‍ അവള്‍ക്ക് ആശ്വാസം നിലനില്‍ക്കട്ടെ. ഒരുപക്ഷേ ദീപ്തി അന്നത് ചെയ്തില്ലായിരുന്നെങ്കില്‍ തന്റെയും അവസ്ഥ ഇത് ആവുമായിരുന്നില്ലേ…

അന്നത്തെ ആ മീറ്റിനു വിട നല്‍കി യാത്രയായ സ്നേഹയെയും അമ്മയെയും നോക്കി നിന്നപ്പോള്‍ ദീപയ്ക്ക് ഇതേ ചിന്തിക്കാന്‍ കഴിഞ്ഞുള്ളൂ.

രണ്ടുവര്‍ഷം കഴിഞ്ഞു….

സ്നേഹയ്ക്ക് സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ തന്നെ പ്ലെയ്സ്മന്റോടെ ജോലി ലഭിച്ചു. വിശേഷങ്ങളൊക്കെ അറിഞ്ഞ് ദീപ സ്നേഹയെ വിളിച്ചു “കണ്‍ഗ്രാറ്റ്സ് മോളേ….അമ്മയെവിടെ ഡീ….??”

“മൂപ്പരിവിടെ എനിക്ക് സ്പെഷ്യലായി പായസം വെക്കുന്ന തിരക്കിലാണ്….”

“ഓഹ് ബെസ്റ്റ്…എന്നാല്‍ പിന്നെ പേഷ്യന്റ്സ് കഴിഞ്ഞ് ഞാനങ്ങ് വന്നേക്കാം….” കോള്‍ കഴിഞ്ഞ് ദീപ വേഗം തന്നെ കണ്‍സള്‍ട്ടിങ്ങ് തുടര്‍ന്നു…

ഇതേ സമയം അങ്ങ് മുംബൈയില്‍…അരവിന്ദ് ഐ.ടി കമ്പനിയില്‍ നിന്ന് ഐ.ടി കമ്പനി എന്നങ്ങനെ തുള്ളി തുള്ളി ജീവിതം മുന്നോട്ട് നീക്കുകയായിരുന്നു. അവന് സന്തോഷിക്കാന്‍ സ്നേഹയുള്ളത് കൊണ്ട് വേറെ സീന്‍ ഒന്നും ഇല്ലായിരുന്നു.

പിന്നെ അരവിന്ദ് “മെക്കന്‍” ആയിരുന്നുവെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു…