എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു

കാഴ്ചകൾ മങ്ങുമ്പോൾ – എഴുത്ത്: സിറിൾ കുണ്ടൂർ

അമ്മ എത്ര പറഞ്ഞാലും അവനെ എനിക്ക് ഏട്ടനെന്നു വിളിക്കാൻ പറ്റില്ല. 4 വയസിന്റെ വ്യത്യാസമല്ലേ ഉള്ളു…

എന്നും അവനുമായി തല്ലുണ്ടാക്കി കഴിയുമ്പോൾ, അവൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും. അപ്പോൾ അമ്മയുടെ സ്ഥിരം ഉപദേശമാണ്. മോളെ നിനക്കവനെ ചേട്ടന്നു വിളിച്ചൂടെ, എന്തിനാ അവനെ വേദനിപ്പിക്കണേ, അവന്റെ ഒരു ആഗ്രഹമല്ലേ…

പിന്നെ ഒരു ചേട്ടൻ വന്നിരിക്കുന്നു, എന്നെക്കൊണ്ട് പറ്റില്ല.

ആളുകൾ കേട്ടാൽ എന്തു പറയും, അവനല്ലേ അതിന്റെ കുറച്ചിൽ…

ദേ, അമ്മേ അല്ലെങ്കിലും അമ്മയ്ക്ക് അവനോടാണ് സ്നേഹം കൂടുതൽ, എപ്പോ നോക്കിയാലും അവന്റെ ഭാഗം പറയാനെ നേരൊള്ളു. എന്നെ എന്ത വെല്ല തവിടും കൊടുത്ത് വാങ്ങിയതാണോ…? അതോ, അവൻ പറയും പോലെ ഇഷ്ടികകളത്തിൽ നിന്നും കളഞ്ഞുകിട്ടിയതാണോ…?

അവനുമായി വഴക്കിട്ട് കഴിഞ്ഞാൽ അതിന്റെ ബാക്കി അമ്മയുമായി തീർക്കും. പോരാത്തതിന് അത്താഴം കഴിക്കാതെ നേരത്തെ പുതപ്പിനടിയിൽ കയറും. മൂന്ന് നാല് തവണ അമ്മ വന്നു വിളിക്കും, ഞാൻ മനപൂർവ്വം മിണ്ടാതെ വിശപ്പും സഹിച്ചു കിടക്കും. വാശിയുടെ കാര്യത്തിൽ വിശപ്പല്ല എന്തൊക്ക വന്നാലും എന്റെ വാശി ജയിക്കണം.

അപ്പോഴേക്കും അടുക്കളയിൽ നിന്നും അവൻ വിളിച്ചു കൂവും. അമ്മേ, മാളുന്റെ മീൻ വറുത്തത് ഞാൻ എടുത്തോട്ടെ, അവൾക്ക് വേണ്ടല്ലോ…?

അങ്ങനെ നമുക്കുള്ളത് വേറാർക്കും ദാനം ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാലും, വയറു കത്തി കൊണ്ടിരിക്കുന്നതുകൊണ്ടും തൽക്കാലം ഞാൻ ഒരു മടിയും കൂടാതെ കഴിക്കും. ഇതൊരു പതിവായിരുന്നു.

പക്ഷേ…എപ്പോഴെക്കയോ ചെറിയ പിണക്കങ്ങളിൽ നിന്നും അവനിനേക്കുള്ള ശത്രുത വർദ്ധിച്ചു. എന്റെ എല്ലാ സ്വാതന്ത്രങ്ങളും ബലമായി തടഞ്ഞുവെക്കുക അവന്റെ വിനോദമായി എനിക്ക് തോന്നി. കല്ല്യാണം ആയാലും ഓണാമായാലും വസ്ത്രങ്ങൾ എടുക്കുന്നതിന് വരെ വിലക്കുകൾ ഉണ്ടായിരുന്നു. ജീൻസും, ബനിയനും, ലെഗിൻസും എടുക്കാൻ നേരം തുണി കടയിൽ നിന്നും അമ്മയെ കണ്ണുരുട്ടി പേടിപ്പിക്കും.

എന്താ അമ്മേ, ഞാനിതൊക്കെ ഇട്ടാൽ എന്ന് ചോദിക്കുമ്പോഴും അവനത് കേട്ട ഭാവം നടിക്കില്ല. എല്ലാം സഹിച്ച് കഴിയുമ്പോഴായിരുന്നു, താഴ്ന്ന ജാതിയിലെ പയ്യനെ പ്രണയിച്ചതറിഞ്ഞ് വീട്ടിലാകെ പുകിലായി. അമ്മക്ക് നേരത്തെ സൂചന കൊടുത്തതു കൊണ്ട് അമ്മ മാത്രം മൗനമായി നിന്നു.

അവനും അച്ഛനും ശക്തമായി എതിർത്തു. കൂടുതലും എതിർത്തത് അവനായിരുന്നു. എന്റെ സ്വപ്നങ്ങളെ തല്ലി കെടുത്തി കൊണ്ട് തീർത്തു പറഞ്ഞു…എന്റെ ജീവനുള്ളിടത്തോളം ഇത് നടക്കില്ലന്ന്…

കാര്യം നടക്കാൻ ആരോടും മിണ്ടാതെയും പറയാതെയും ഏഴ് ദിവസങ്ങൾ ഭക്ഷണം പോലും ഉപേക്ഷിച്ചു. ജോലിക്ക് പോയി വന്നാൽ മുറിയടച്ച് ഇരിക്കും…അന്ന് അമ്മ വന്നു കുറെ നേരം അടുത്തിരുന്നു. വിഷമത്തോടെ ആണെങ്കിലും വിവാഹത്തിന് അച്ഛൻ അനുമതി നൽകിയെന്നു പറഞ്ഞപ്പോൾ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തു.പിന്നെ അമ്മയുടെ കൈയ്യിൽ നിന്നും ഒരു ഉരുള ചോറുവാങ്ങി കഴിച്ചു…

പിന്നെ എല്ലാം വേഗത്തിലായിരുന്നു. കല്ല്യാണത്തിന് ഇനി രണ്ട് ദിവസം. തലേ ദിവസത്തേക്ക് അവൻ വാങ്ങിയ ചുരിദാർ ഇഷ്ടപ്പെട്ടില്ലന്നും പറഞ്ഞു കട്ടിലിലേക്ക് വലിച്ചെറിയുമ്പോൾ അവൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അത് കണ്ടു കൊണ്ട് തന്നെ അവൻ കേൾക്കാനായി പറഞ്ഞു…എനിക്ക് വേണ്ടതെല്ലാം ഞാൻ വാങ്ങിട്ടുണ്ട്‌ ആരും അതിന് വേണ്ടി കഷ്ടപ്പെടണ്ട.

അപ്പോഴേക്കും അമ്മ ഇടപെട്ടു…വേണ്ടായിരുന്നു മോളെ…ചേട്ടാന്നു വിളിച്ചില്ലങ്കിലും ഇങ്ങനെ പറയണ്ടായിരുന്നു. ഉമിനീര് കുടിച്ചിറക്കിയാ, നിന്നെ അവൻ പഠിപ്പിച്ച് ജോലിക്കാരി ആക്കിയത്. ഒരു കാലത്ത് അവൻ വാങ്ങി തന്ന വില കുറഞ്ഞ വസ്തങ്ങളെ നിനക്ക് ഇട്ടു മാറാൻ ഉണ്ടായിരുന്നൊള്ളു.

ഓ, എന്റെ കൈയ്യിലെ പൈസക്ക് വില കൂടിയ ജീൻസും ടോപ്പും വാങ്ങിയതാണോ കുറ്റം..?

അല്ല മോളെ, കുറച്ച് മുമ്പ് വിലകുറഞ്ഞെന്നു പറഞ്ഞു വലിച്ചെറിഞ്ഞ ചുരിദാറിന്റെ നാലിൽ ഒന്ന് വിലയുള്ള ഒരു ഷർട്ടെങ്കിലും അവനിട്ട് നടക്കുന്നത് നീ കണ്ടട്ടുണ്ടോ…?

ഓ, പിന്നെ പിശുക്കുകാട്ടി കൂട്ടിവെച്ച് എന്നെ കെട്ടിച്ചയക്കാനൊന്നും അല്ലല്ലോ…? വേണ്ടാഞ്ഞിട്ടല്ലേ…എനിക്കുള്ളത് അച്ഛൻ കരുതി വെച്ചിട്ടുണ്ട്.

നിന്റെ അച്ഛൻ കള്ളുകുടിച്ച് നശിപ്പിച്ച കാശുണ്ടായിരുന്നെങ്കിൽ ഇന്നു നമ്മൾ കൊട്ടാരത്തിൽ കഴിയേണ്ടവരാണ്. അച്ഛൻ കരുതി വെച്ചട്ടുണ്ട് പോലും, ഉവ്വാ കുറെ കടങ്ങൾ മാത്രം. അവന് വീട്ടാനുള്ള കടങ്ങൾ…ഉമിനീര് കുടിച്ചിറക്കിയും പിശുക്കി പിടിച്ചും ഉണ്ടാക്കിയത് തന്നെയാ നീ ഇട്ടിരിക്കുന്ന സ്വർണ്ണങ്ങൾ…

നിറക്കണ്ണുകളോടെ അമ്മ പറയുമ്പോൾ പുറത്ത് എല്ലാ കാര്യത്തിനും അവൻ ഓടി നടക്കുന്നത് ഞാൻ നോക്കി നിന്നു. ഇടറിയ ശബ്ദത്തിൽ ഞാൻ അമ്മയെ വിളിക്കുമ്പോഴും കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഒരാഴ്ച നിരാഹാരത്തിന്റെ ഫലമല്ല എന്റെ ഈ സന്തോഷം, ഞാൻ പട്ടിണി കിടന്ന പോലെ അവനും ഊണും ഉറക്കവും ഇല്ലായിരുന്നു. ഏറ്റവും കൂടുതൽ വിഷമിച്ചു നടന്നത് അവനും അവന്റെ സ്വപ്നങ്ങളും ആയിരുന്നു. അവനാണ് അച്ഛനെ പറഞ്ഞു മനസിലാക്കി വിവാഹത്തിന് സമ്മതിപ്പിച്ചത്…എന്നു അമ്മ പറയുമ്പോഴും ഞാൻ മനസ്സിൽ മാപ്പിരക്കുകയായിരുന്നു.

കെട്ട് കഴിഞ്ഞ് അമ്മയുടേയും അച്ഛന്റെയും അനുഗ്രഹം വാങ്ങി ഇറങ്ങി. തിരിഞ്ഞു നോക്കിട്ടും അവനെ കണ്ടില്ല…തിരിഞ്ഞു നോക്കരുതെന്നും നടക്കാനും ആരൊക്കെയോ പറയുന്നുണ്ടായിരുന്നു…കൂട്ടത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞില്ലല്ലോ, എന്നെല്ലാം തമാശ പറയുമ്പോഴും എന്റെ മനസ് വിങ്ങിപൊട്ടി.

അമ്മേ, ഏട്ടനെവിടെ, എനിക്ക് ഏട്ടനെ കാണണം. പറഞ്ഞു തീരും മുമ്പ് മുറിയിൽ നിന്നും നിറക്കണ്ണുകളോടെ ഏട്ടൻ ഇറങ്ങി വരുമ്പോൾ എന്റെ അച്ഛനും അമ്മയും എന്റെ ഏട്ടനാണെന്നു ഞാൻ അറിയാതെ പറഞ്ഞു കെട്ടി പിടിച്ചു കരഞ്ഞു.

പൊട്ടിക്കരയുമ്പോഴും, ഏട്ടന്റെ കണ്ണുനീർ എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു…ഒരു തിരിച്ചറിവിന്റെ കാഴ്ചയിൽ ഞാനെന്റെ ഏട്ടനെ നോക്കി, അപ്പോഴും നിറഞ്ഞ കണ്ണുകളിൽ ഞാൻ തിളങ്ങുന്നുണ്ടായിരുന്നു…

വിജയത്തോടെ മിന്നിതിളങ്ങുന്ന ഒരനിയത്തിയായി.