കുളു മണാലിക്ക് ഒരു ഹണിമൂൺ പാക്കേജ് എടുത്തു തരാം. രണ്ടും കൂടി ഇനി ഒരാഴ്ച അവിടെ പോയി തകർത്തോ എന്താ പോരെ

എഴുത്ത്: സനൽ SBT

ഏട്ടൻ്റെ കൂടെ പെണ്ണുകാണാൻ പോയപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല. ചായ കപ്പുമായി ഞങ്ങളുടെ മുന്നിലേക്ക് വന്ന ഏട്ടത്തിയെ ആയിരുന്നില്ല ഞാൻ നോക്കിയത് കതകിൻ്റെ മറവിൽ നിന്ന് ഇടം കണ്ണിട്ട് നോക്കുന്ന ആ ഉണ്ടക്കണ്ണിയെ ആയിരുന്നു. ആ വീടിൻ്റെ പടി ഇറങ്ങുമ്പോഴും എന്തോ ആ മുഖം ഒന്നുകൂടി കാണാൻ എൻ്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.

“ഹരീ നിനക്ക് പെണ്ണിനെ ഇഷ്ട്ടപ്പെട്ടോടാ…?”

“വല്യ കുഴപ്പം ഒന്നും ഇല്ലാന്ന് തോന്നുന്നു അമ്മേ…ഇല്ലെടാ മനൂ നിനക്ക് എന്ത് തോന്നുന്നു.”

“ഇഷ്ട്ടായി ഇഷ്ട്ടാവണമല്ലോ…? ഹോ എന്താ ആ കണ്ണ് ഭദ്രകാളീടെ കണ്ണാ, പിന്നെ പനങ്കുല പൊലുള്ള മുട്ടോളം നീണ്ട് കിടക്കുന്ന മുടി, കൈ നിറയെ കുപ്പിവളകൾ, നെറ്റിയിലൊരു ചന്ദനക്കുറിയും കാലിലൊരു വെള്ളി കൊലുസ്സും ചുരുക്കി പറഞ്ഞാൽ ഒരു പക്കാ അമ്പലവാസി കൊച്ച് എനിക്ക് ഒത്തിരി ഇഷ്ട്ടായി.”

“ഡാ നീ ഇത് ആരുടെ കാര്യാണ് പറയണത്.” അമ്മയുടെ ചോദ്യം കേട്ടതും ഞാൻ എൻ്റെ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു.

“അല്ല ഏട്ടത്തി അത് തന്നെയാണ് പറയുന്നത് ഏട്ടന് ചേരും പിന്നെ അവരൊക്കെ നല്ല തറവാട്ടുകാരാണ് കണ്ടാൽ അറിഞ്ഞൂടെ നന്മുക്ക് ഇതങ്ങ് ഉറപ്പിക്കാം” തത്ക്കാലം കല്യാണരാമനിലെ ഡയലോഗ് പറഞ്ഞ് ഞാൻ തടി തപ്പി.

സത്യം പറഞ്ഞാൽ ഏട്ടത്തിയുടെ മുഖത്തോട്ട് പോലും ഞാനൊന്ന് നോക്കിയിട്ടില്ല, എൻ്റെ ശ്രദ്ധ മുഴുവനും ആ അനിയത്തിക്കുട്ടിയിൽ ആയിരുന്നു. രണ്ടു പേരുടേയും ജാതകം ചേരണേ എന്ന് ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചതും വഴിപാടുകൾ നേർന്നതും ഞാനായിരുന്നു.

എന്തായാലും ഗുരുവായൂരപ്പന് നേർന്ന ശയന പ്രതിക്ഷണം വെറുതെയായില്ല, ജാതകം ചേർന്നു എന്നല്ല പത്തിലെട്ട് പൊരുത്തവും ഉണ്ട്. വൈകാതെ തൊട്ടടുത്ത മുഹൂർത്തത്തിൽ വിവാഹം നടത്താനും ഞങ്ങൾ അങ്ങ് തീരുമാനിച്ചു. അങ്ങിനെ ആറ്റു നോറ്റ് കാത്തിരുന്ന ആ സുദിനം വന്നെത്തി.

“എന്താ ഏട്ടാ കഴിഞ്ഞില്ലേ ഇത് ?”

“ദാ ഇപ്പം തീരും ഇറങ്ങുവായി. അല്ല നീ ഇത് എവിടാർന്നു?”

“ഹോ ഒന്നും പറയണ്ട ഒരു വിധത്തിലാണ് എല്ലാവരെയും പിടിച്ച് ബസ്സിൽ കയറ്റി ഇരുത്തിയത് ഇപ്പോൾ തന്നെ ലേറ്റായി മുഹൂർത്തത്തിന് പോയിട്ട് ഉച്ചയൂണിൻ്റെ സമയത്ത് എങ്കിലും അവിടെ എത്തിയാൽ മതിയായിരുന്നു.”

“നീ ഇങ്ങനെ ടെൻഷൻ ആവല്ലേ അതൊക്കെ സമയത്തിന് എത്തും .”

“ശരി ഏട്ടൻ കാറിൽ കയറിയെ വണ്ടി ഞാൻ ഓടിച്ചോളാം.” പിന്നെ ഒന്നും നോക്കിയില്ല ഒരു നൂറേ നൂറ്റിപത്തിൽ വെച്ചു പിടിച്ചു. ഏതായാലും കൃത്യസമയത്തിന് ഓഡിറ്റോറിയത്തിൽ എത്തി.

“ഡാ മനൂ…”

“എന്താ ഏട്ടാ.”

“നീ എപ്പോഴും എൻ്റെ കൂടെ തന്നെ ഉണ്ടാവണം എന്തോ ഒരു ടെൻഷൻ പൊലെ.”

“ശ്ശോ എൻ്റെ പൊന്നെട്ടാ എനിക്ക് കതിർ മണ്ഡപത്തില് ഏട്ടൻ്റെ കൂടെ വന്ന് നിൽക്കാൻ പറ്റുമോ…ഇവിടുത്തെ ബാക്കി കാര്യങ്ങൾ ഒക്കെ നോക്കട്ടേ.”ഏട്ടനോട് അത് പറയുമ്പോൾ എൻ്റെ കണ്ണുകൾ ഓഡിറ്റോറിയത്തിലെ ആൾക്കൂട്ടത്തിനിടയിൽ അവളെ തിരയുകയായിരുന്നു.

“ഡാ നീ ഇത് ആരെയാണ് ഈ തിരയണത്.?”

“അത് പിന്നെ….ആ എൻ്റെ കുറച്ച് ഫ്രണ്ട്സ് നേരെ ഇങ്ങോട്ട് വരാം എന്നാ പറഞ്ഞിരുന്നേ…അവരെ നോക്കുവായിരുന്നു. ഏതായാലും ഏട്ടൻ ഇവിടെ നിക്ക് ഞാനൊന്ന് നോക്കിയിട്ട് വരാം.”

ശ്ശേടാ ഇവിടെങ്ങും കാണാൻ ഇല്ലല്ലോ. ഇനി ചിലപ്പോൾ ഏട്ടത്തിയൂടെ കൂടെ ഡ്രസ്സിംങ്ങ് റൂമിയിൽ ആയിരിക്കുമോ…? എന്തായാലും അങ്ങോട്ട് പോകാൻ പറ്റില്ല. അപ്പോ പിന്നെ പെണ്ണ് ഇറങ്ങുന്നത് വരെ കാത്തിരുന്നേ പറ്റൂ…

വീണ്ടും ഞാൻ ഏട്ടൻ്റെ അടുത്തേക്ക് പോയി. അല്പസമയത്തെ കാത്തിരിപ്പിനൊടുവിൽ ഏട്ടത്തിയുടെ പുറകിൽ കയ്യിൽ താലവുമായി നടന്നു വരുന്ന അവളെ ഞാൻ കണ്ണിമവെട്ടാതെ നോക്കി നിന്നു. ഹോ എൻ്റെ പൊന്നു സാറെ ചുറ്റുമുള്ളത് മാത്രമല്ല ആ പരിസരത്ത് ഉള്ള മറ്റൊന്നും ഞാൻ കണ്ടില്ല…അവളുടെ ആ മുഖം മാത്രം…അതങ്ങ് ആഴത്തില് ഹൃദയത്തില് പതിഞ്ഞു പോയി.

താലി കെട്ടുന്ന നേരം അവൾ എന്നെ ഒന്നു നോക്കി പുഞ്ചിരിച്ചു തിരിച്ച് ഞാനും…ചടങ്ങുകൾ എല്ലാം നോക്കി പഠിച്ചോ അടുത്തത് ഇനി നന്മുടെതാണ് ഞാൻ മനസ്സില് മന്ത്രിച്ചു. അവളുടെ കൂടെ നിന്ന് ഒരു ഫാമിലി ഫോട്ടം എടുക്കാൻ ഞാൻ ചെറിയ ഒരു ശ്രമം നടത്തി, ഏതോ ഒരു അമ്മാവൻ ഇടയ്ക്ക് കയറി വന്ന് അതും കുളമാക്കി. വീണ്ടും ഒരു ശ്രമം നടത്താൻ ഇരുന്നപ്പോഴേക്കും ഭക്ഷണം കഴിക്കാൻ വേണ്ടി എല്ലാവരും ഊട്ടുപുരയിലേക്ക് പോയി.

പിന്നെ ഒന്നും നോക്കിയില്ല കയ്യിൽ ഉണ്ടായിരുന്ന അവസാനം ആയുധം എടുത്ത് ഞാൻ അങ്ങ് പ്രയോഗിച്ചു. “ഏട്ടാ കുറച്ച് കൂട്ടുകറി ഇടട്ടെ.” കയ്യിൽ കറി പാത്രവുമായി ഏട്ടൻ്റെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ട് ഏട്ടനും ഏട്ടത്തിയും പിന്നെ കൂടെ ഇരുന്ന നന്മുടെ ആളും ഒന്ന് ഞെട്ടി.

“മനൂ നീ എന്താ ഈ കാണിക്കണേ?”

“അല്ല ഏട്ടാ ഏട്ടൻ്റെ ഫ്രവറേറ്റ് കറികൾ എന്തൊക്കെയാണെന്ന് എനിക്കല്ലേ അറിയൂ…അപ്പോൾ ഞാൻ വേണ്ടേ അതൊക്കെ എടുത്തു തരാൻ…പിന്നെ ഇതിപ്പോ നന്മുടെ വീടായില്ലേ ഏട്ടാ പിന്നെന്താ…?”

എൻ്റെ പരുങ്ങല് കണ്ടപ്പോൾ തന്നെ ഏട്ടന് ഡൗട്ട് അടിച്ചു. “ഏട്ടത്തി ഇത് ഏട്ടൻ്റെ ഫേവറേറ്റ് ആണ്. ഏട്ടത്തിക്ക് കുറച്ച കൂട്ടുകറി ഇടട്ടെ.”

“യോ വേണ്ട ഇത് തന്നെ കൂടുതലാണ്.”

“അവിടെയോ ?” അടുത്ത ചോദ്യം നേരെ അവളുടെ അടുത്തേക്ക്…

“എനിക്കും വേണ്ട.”

“ഓ പേര് എന്താന്നാ പറഞ്ഞേ..?”

“അതിന് പേര് ചോദിച്ചിലല്ലോ?”

“ഹോ എന്നാൽ ഇപ്പോ ചോദിച്ചിരിക്കുന്നു.”

“ഭസ്മ”

“വെറൈറ്റി പേരാണല്ലോ..?” അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു. ഹോ ഇത് പൊളിക്കും മനസ്സില് ഒരു അഞ്ചാറ് ലഡു ഒരുമിച്ച് പൊട്ടി.

“അനിയൻ സ്മാർട്ട് ആണല്ലോ…”

“ഉം…അവൻ ഒരു 50 പൈസ ചിലവാക്കി എന്തേലും ചെയ്യുന്നുണ്ടെങ്കിൽ അതില് 2 രൂപയുടെ ലാഭം കാണും, അങ്ങനത്തെ മൊതലാണ്. ഈ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്.”

ഏട്ടൻ ആ പറഞ്ഞ് എനിക്ക് ശരിക്കും കൊണ്ടു. രംഗം വഷളാവുന്നതിന് മുൻപ് ഞാൻ അവിടുത്ത് സ്ഥലം വിട്ടു. അവസാനം ഏട്ടത്തിയെ പിരിയുമ്പോൾ അവളുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി അറിയാതെ എൻ്റെ കണ്ണുകളും നിറഞ്ഞു.

രണ്ടു പേരെയും സമാധാനിപ്പിച്ച് ഏട്ടത്തിയെ കാറിൽ കയറ്റി ഞങ്ങൾ എൻ്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. പിന്നെ റിസപ്ഷനും കാര്യങ്ങളും ഒക്കെയായി ഞാൻ ഭയങ്കര ബിസിയായിപ്പോയി. പിറ്റേ ദിവസത്തെ വിരുന്ന്, അതായിരുന്നു പിന്നെയുള്ള ഏക ആശ്വാസം…

********* *********

“ശ്ശേ സമയം പതിനൊന്ന് മണിയായി അവരെ ഇതുവരെ കാണാൻ ഇല്ലല്ലോ ഏട്ടാ…?”

“നീ എന്തിനാ കിടന്ന് ഇങ്ങനെ പരക്കം പായുന്നത്. അവര് ഇങ്ങോട്ടു തന്നെയല്ലേ വരുന്നത് പിന്നെന്താ.”

“എന്നാലും അതല്ല ഏട്ടാ നേരത്തെ വന്നാൽ അവർക്ക് ഇവിടെ കുറച്ച് സമയം സ്പെൻ്റ് ചെയ്യാലോ”

“എന്തോ എങ്ങനെ.”

“ഹോ ഞാനൊന്നും പറഞ്ഞില്ലേ…”

ഏട്ടൻ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവർ വന്നെത്തി. പതിവ് പൊലെ വെൽക്കം ഡ്രിങ്ക് കൊടുക്കാനും വെക്കാനും വിളമ്പാനും എല്ലാത്തിനും ഞാൻ പാറി പറന്ന് മുന്നിൽ തന്നെ നിന്നു. അവരുടെ വീട്ടുകാരുടെ പ്രശംസ പിടിച്ച് പറ്റുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…അത് ഒരു 90% സക്സസ് ആവുകയും ചെയ്തു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീട്ടിൻ്റെ ബാൽക്കണിയിൽ ഒറ്റയ്ക്ക് നിൽക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ വെച്ചുപിടിച്ചു…

“ഹായ്.”

“ഹലോ”

“എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നത്…?”

“ഹേയ് ചുമ്മാ വീടൊക്കെ ഒന്ന് ചുറ്റിക്കാണാൻ…”

“എന്നിട്ട് വീടും പരിസരവും ഇഷ്ട്ടപ്പെട്ടോ?”

“ആ “

“താൻ പഠിക്കുവല്ലേ..”

“അതെ ഡിഗ്രി ഫൈനലിയർ “

“മനുവേട്ടൻ എന്താ ചെയ്യണേ?”

“ഞാനിങ്ങനെ വീട്ടിലെ കൃഷിയും കാര്യങ്ങളും ഒക്കെയായി ഇങ്ങനെ പോകുന്നു.”

“കൃഷിയോ? “

“അതെ അത് പറഞ്ഞപ്പോൾ എന്താടോ ഒരു പുഛം.”

“ഹേയ് അതല്ല ഏട്ടൻ ഒരു ബിടെക് എഞ്ചിനീയറും അനിയൻ കൃഷിപ്പണി എന്ന് പറയുമ്പോൾ….”

“എടോ ഞാൻ പത്താം ക്ലാസ് തോറ്റിട്ട് ഈ പണിക്ക് ഇറങ്ങിയതല്ല. ഞാനൊരു MBA ക്കാരനാണ് പിന്നെ കൃഷിയോടുള്ള ഇഷ്ട്ടം കൊണ്ട് ഈ പണി ചെയ്യുന്നു എന്ന് മാത്രം. ഏട്ടന് ഒരു മാസം കിട്ടുന്നതിൻ്റെ മൂന്നിരട്ടി ഞാൻ വെറും പത്ത് ദിവസം കൊണ്ട് ഉണ്ടാക്കും അത്രള്ളൂ. “

“ആഹാ അത്രയ്ക്കും ലാഭം ഉള്ള ബിസിനസ്സ് ആണോ? “

“പിന്നല്ലാതെ “

“ഡാ മനൂ നീ അവിടെ എന്ത് എടുക്കുവാ അവർക്ക് ഇറങ്ങാൻ സമയം ആയി .”

“ഇതാ വരുന്നു ഏട്ടാ ” ശ്ശോ ഈ ഏട്ടൻ്റെ ഒരു കാര്യം ഒന്ന് പുഷ്പിച്ച് വരുവായിരുന്നു, എനിക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. മുഖവും കനപ്പിച്ച് ഞാൻ താഴോട്ട് ഇറങ്ങി.

“മനൂ അവർ ഇറങ്ങാറായി നീ പോയി ആ ബേക്കറിയും സാധനങ്ങളും എല്ലാം വണ്ടിയിൽ വെച്ചേ “

“ആ ശരിയെട്ടാ. “അങ്ങിനെ മനസ്സില്ലാ മനസ്സോടെ ഏട്ടത്തിയുടെ വീട്ടുകാരെ യാത്രയാക്കി. കാറിൻ്റെ പുറകിൽ ഇരുന്നു കൊണ്ട് അവൾ കൈ വീശി കാണിച്ചു തിരിച്ച് ഞാനും. അവൾ കൺമുൻപിൽ നിന്ന് മറയും വരെ ഞാൻ പൂമുഖത്തു തന്നെ ഒരു നെടുവീർപ്പിട്ടുകൊണ്ട് കുറ്റിയടിച്ച പൊലെ നിന്നു.

“മനൂ നീ ഒന്ന് എൻ്റെ റൂമിലേക്ക് വരുമോ? ഏട്ടത്തിക്ക് നിന്നോട് എന്തോ പറയണം എന്ന്. “

“ആ ശരി ഏട്ടാ ഞാനിതാ വരുന്നു. ” ശ്ശോ ഈ ഏട്ടൻ്റെ ഒരു കാര്യം അപ്പോഴേക്കും അത് ഏട്ടത്തിയോട് പോയി പറഞ്ഞോ. ഇനി ഇപ്പോ ആലോചനയായി കല്യാണനിശ്ചയമായി കല്യാണമായി ഇതു പൊലെ വിരുന്നായി എനിക്ക് വയ്യ. ചാടി തുള്ളി ഞാൻ നേരെ ഏട്ടൻ്റെ റൂം ലക്ഷ്യമാക്കി നടന്നു.

“മനൂ രണ്ട് ദിവസമായി നീ ഭസ്മടെ പുറകെ ആണല്ലോ? എന്താണ് ഇനി വല്ല പ്രേമമോ മറ്റോ ആണോ. ? “

“ഏയ് ഒന്ന് പോ ഏട്ടത്തി .”

“എന്നാലെ ഇനി അങ്ങിനെ വല്ലതും തോന്നിത്തുടങ്ങിയാൽ അത് പ്രശ്നാവും അവൾ എന്നേക്കാൾ മുൻപേ ബുക്ക്ട് ആണ്. ”

ഏട്ടത്തിയുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല…തെക്കെ പറമ്പിലെ തല പോയ തെങ്ങ് പൊലെ ഞാൻ ഒന്നും മിണ്ടാതെ നിന്നു. എൻ്റെ മാതാവേ തലയ്ക്ക് മീതെയാണല്ലോ വെള്ളിടി വെട്ടിയത്. രണ്ട് ദിവസം കൊണ്ട് നെയ്തെടുത്ത സ്വപ്നങ്ങൾ ഒറ്റ നിമിഷം കൊണ്ട് സുനാമി വന്ന പൊലെ തകർത്തു കളഞ്ഞു.

“അല്ല പയ്യൻ ആരാ. “

“അവിടെ അടുത്തുള്ളതാ അവർ ചെറുപ്പം മുതലെ ഇഷ്ട്ടത്തിലായിരുന്നു. പിഠിപ്പ് കഴിഞ്ഞ് കെട്ടിക്കാം എന്ന് പറഞ്ഞ് ഇരിക്കുവായിരുന്നു. “

“എല്ലാം തീരുമാനിച്ച് ഉറപ്പിച്ചു ല്ലേ. “

“ഉം. അതെ പയ്യൻ പട്ടാളത്തിലാ. “

അടിപൊളി അപ്പോ എല്ലാം ശുഭം. ഞാൻ ഏട്ടത്തിയെ നോക്കി ഒന്നു ചിരിച്ചു എന്നിട്ട് റൂമിൻ്റെ പുറത്തേക്ക് ഇറങ്ങി. ദൈവമേ വല്ല വേർഡ് വാറും വന്നിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും പുറകിൽ നിന്നും ഏട്ടൻ്റെ വിളി വന്നു. “ഡാ മനൂ നിനക്ക് അവളെ ഇഷ്ടമായിരുന്നു ല്ലേ. “”ഉം. ഞാൻ ചെറുതായി ഒന്നു മൂളി.

“അതെ ഇതിപ്പോ നമ്മള് രണ്ട് പേർക്കും മാത്രമേ അറിയൂ ഏട്ടൻ ഇത് വെറെ ആരോടും പറയണ്ട. “

“ഉം. ശരി ഞാൻ ഇത് നിൻ്റെ ഏട്ടത്തിയോടൊന്നും പറയില്ല, എനിക്ക് എന്താ ഗുണം.”

“അവസരം മുതലെടുക്കുവാണല്ലേ….. “

“അല്ലാതെ നിൻ്റെ കയ്യിൽ നിന്ന് ഒന്നും കിട്ടിലല്ലോ…നീ അറു പിശുക്കൻ അല്ലേ. “

“കുളു മണാലിക്ക് ഒരു ഹണിമൂൺ പാക്കേജ് എടുത്തു തരാം. രണ്ടും കൂടി ഇനി ഒരാഴ്ച അവിടെ പോയി തകർത്തോ എന്താ പോരെ “

“അങ്ങിനെയാണേൽ ഡീൽ ഓക്കെ ഡാ, പിന്നെ നിനക്ക് നല്ല വിഷമം ഉണ്ട് ല്ലേ. “

“ഹേയ് അത് ആ പുഴയിൽ ഒന്ന് പോയി കുളിച്ചാൽ തീരാവുന്നതെയുള്ളൂ. “

“ഉം. ശരി എന്നാൽ ” എണ്ണയും സോപ്പും തോർത്തുമെടുത്ത് ഞാൻ പുഴയിലേക്ക് നടന്നു. ശ്ശേ നാശം പിടിക്കാനായി ആ രണ്ട് ഉണ്ടക്കണ്ണ് മനസ്സീന്നും പോണില്ല. വെറുതെ കുറെ ആശിച്ചു…

ഹാ അല്ലെങ്കിൽ തന്നെ ആഗ്രഹിച്ചതെല്ലാം അങ്ങ് കിട്ടിയാൽ ജീവിതത്തിന് എന്ത് അർത്ഥമാണ് ഉള്ളത് അല്ലേ…ഉണ്ടക്കണ്ണ് ഉള്ള പെണ്ണ് പോയാൽ മൂക്കുത്തിയിട്ടതൊന്ന് വെറെ വരും…ഈ ജീവിതം എന്ന് പറയുന്നത് ഒക്കെ അത്രള്ളൂ…