എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും,ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി

എഴുത്ത് – സിറിൾ കുണ്ടൂർ

വിവാഹം കഴിഞ്ഞു അഞ്ചു മാസമായിട്ടു പോലും ഒന്നു തൊടാൻ സമ്മതിക്കാതെ അവൾ ഒഴിഞ്ഞുമാറി നടക്കുമ്പോഴും എനിക്കവളോടുള്ള സ്നേഹത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

എല്ലാവരും വിശേഷം ഒന്നുമായില്ലെന്നു ചോദിക്കുമ്പോഴും ഒരു ചിരി മറുപടിയായി നൽകും, ചോദിക്കുന്നവർക്കൊരു സന്തോഷമായികോട്ടെന്ന് കരുതി ചിരിച്ചതാണെങ്കിലും അപ്പോഴേക്കും അടുത്ത ചോദ്യം വരും, എത്ര മാസമായി…? ഇതെല്ലാം കേട്ടു അവൾ കൂടെ നടക്കുമ്പോഴും അവളുടെ മുഖത്ത് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

വീട്ടുകാരുടേയും നാട്ടുകാരുടേയും മുന്നിൽ നല്ല സന്തോഷത്തോടെ അഭിനയിക്കുന്നതിൽ ഞങ്ങൾ മിടുക്കുകാട്ടിയിരുന്നു. ഞാൻ വർത്തമാനം പറയുമ്പോൾ ഒന്നും കേൾക്കാതെ മൗനമായി എന്തോ ചിന്തിച്ചിരിക്കും. മിണ്ടാതെയും പറയാതെയും ആയപ്പോൾ എനിക്ക് തന്നെ സഹിക്കാവുന്നതിലും അപ്പുറത്തായി കാര്യങ്ങൾ…

മടുത്തു ഈ ജീവിതം, എത്ര എന്നു കരുതിയ ഈ അഭിനയം. അത്രകണ്ട് സഹികെട്ടു പറഞ്ഞു തീരുംമുമ്പേ… ” നമുക്ക് പിരിയാം….” മുഖത്തൊരു ഭാവവ്യത്യാസവുമില്ലാതെ അവളത് പറയുമ്പോൾ വല്ലാത്തൊരു വേദന തോന്നി.

ഇഷ്ടമില്ലാത്തൊരു ആളുടെ കൂടെ എല്ലാം മറന്ന് ജീവിക്കാൻ എനിക്ക് താല്പര്യമില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി കേട്ടപ്പോൾ വല്ലാത്തൊരു വിഷമം തോന്നി.

“പിന്നെ എന്തിനാ വെറുതെ വിവാഹത്തിന് സമ്മതിച്ചത്…?”

എന്റെ സമ്മതത്തോടെ അല്ല, എനിക്കൊരിക്കലും നിങ്ങളെ ഭർത്താവായി കാണാൻ സാധിക്കില്ല, ഇനി എന്നെ ശല്യം ചെയ്യരുത് എന്നും പറഞ്ഞു വീട്ടിൽ നിന്നും അവൾ ഇറങ്ങി പോകുമ്പോൾ എല്ലാവരുടേയും മുന്നിൽ ഉത്തരം മുട്ടി നിസഹായനായി നിൽക്കേണ്ടി വന്നു.

ആർക്കും മറുപടി നൽകാതെ മുറിക്കുള്ളിൽ ഒതുങ്ങി കൂടിയ ദിനങ്ങളിൽ ഒരുപാട് തവണ ഫോണിൽ വിളിച്ചു നോക്കിയെങ്കിലും ഒരിക്കൽ പോലും ഫോൺ എടുത്തില്ല. ഒന്നു രണ്ടു വട്ടം അവളുടെ ബന്ധുക്കൾ വന്നു സംസാരിച്ച ശേഷം, മടക്കി വിളിക്കാൻ ഞാൻ ചെന്നെങ്കിലും കൂടെ വരാൻ അവൾ തയ്യാറായില്ല, മാത്രമല്ല ഒന്നു സംസാരിക്കാൻ പോലും അവൾ നിന്നില്ല. കൂടുതൽ ഒന്നും അവളുടെ വീട്ടുക്കാരും നിർബന്ധിച്ചില്ല.

അവളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ നിറക്കണ്ണുകളോടെ അവളുടെ അമ്മ ഉമ്മറത്ത് ഞാൻ പോകുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്ക് വന്നു കയറിയപ്പോൾ…എന്തിനാ മോനെ നിന്നെ വേണ്ടാത്ത ഒരു പെണ്ണിന്റെ കാലു പിടിച്ചു കൂട്ടികൊണ്ടുവരാൻ പോയത്….അമ്മയുടെ ചോദ്യത്തിനുത്തരം നൽകാതെ മുറിയിലേക്ക് പോകുമ്പോൾ, ഇനി വിവാഹമോചനത്തിനെക്കുറിച്ച് ആലോചിക്കാം എന്ന വലിയമ്മാവന്റെ വാക്കിനു എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതായി തോന്നി.

ഇത്രനാളും കൂടെ ഉണ്ടായിരുന്ന അവളെ ശാരീരികമായി ഒന്നുമില്ലാഞ്ഞിട്ടു പോലും മനസിൽ അവളെ വല്ലാതെ സ്നേഹിച്ചിരുന്നു എന്നു തോന്നി തുടങ്ങിയ നിമിഷങ്ങളായിരുന്നു അത്. ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു. ഇനി മറക്കുന്നതാണ് നല്ലതെന്നു കൂട്ടുകാരടക്കം പലരും പറയുമ്പോഴും അതിനു കഴിഞ്ഞിരുന്നില്ല.

ഒരുപാടു ദിവസങ്ങൾക്കു ശേഷം അവളുടെ അമ്മ വിളിച്ചു. അവളെ ആശുപത്രിയിൽ ചേർത്തിരിക്കാണെന്നു പറഞ്ഞപ്പോൾ ഉള്ള ജീവനും കൊണ്ട് ആശുപത്രിയിലേക്ക് ഓടി…ഞാൻ ചെല്ലുമ്പോൾ അവൾ ഡോക്ടറുടെ മുറിയിലായിരുന്നു. ഞാനും മുറിയിലേക്ക് കയറിച്ചെന്നു ഡോക്ടറോട് ഭർത്താവാണെന്ന് സ്വയം പരിചയപ്പെടുത്തി.

ഇയാൾ എന്റെ ആരും അല്ല എന്ന് മുഖത്തു പോലും നോക്കാതെ അവൾ പറയുമ്പോൾ വേദനയുടെ ഒരു മിന്നൽ ശരീരത്തിലും മനസിലും വ്യാപിച്ചു…പിന്നെ ഒരു നിമിഷം പോലും നിൽക്കാതെ മുറി വിട്ട് പുറത്തേക്കിറങ്ങുമ്പോൾ കാഴ്ച മങ്ങിയിരുന്നു.

***** **** *****

കുട്ടി അദ്ദേഹത്തോട് അങ്ങനെ പറയരുതായിരുന്നു…ഡോക്ടർ ഒന്നു ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞപ്പേൾ അവൾ, ഡോക്ടർ എനിക്ക് അദ്ദേഹത്തെ…

എല്ലാം അറിയാമടോ…എടോ, കുറച്ചു നാൾ മുമ്പ് എന്നെ കാണാൻ ഒരാൾ വന്നിരുന്നു. അത് ഞാൻ ദാ ഈ ഡയറിയിൽ എഴുതി വെച്ചിട്ടുണ്ട് ഒന്നു വായിച്ചു നോക്ക്, ചില സംഭവങ്ങൾ നമുക്കും ഉപകാരപ്പെടും.

ഡോക്ടർ നീട്ടിയ ഡയറി അവൾ തുറന്നു വായിച്ചു…

ഇന്ന് ഒരാൾ എന്നെ കാണാൻ വന്നിരുന്നു. വളരെ സങ്കടത്തോടെ സംസാരിക്കണം എന്നു ആവശ്യപ്പെട്ടെങ്കിലും ചില തിരക്കുകൾ ഉണ്ടെന്നറിയിച്ചപ്പോൾ എന്റെ കാലു പിടിച്ചു അപേക്ഷിച്ചു. അയാളുടെ മാനസികവസ്ഥയെ കുറിച്ച് ചിന്തിച്ചപ്പോൾ തിരക്കുകൾ മാറ്റിവെച്ചു അയാൾക്ക് പറയുവാനുള്ളത് കേട്ടു.

അയാളുടെ ഭാര്യക്ക് അയാളോടു വെറുപ്പാണത്രേ…എത്ര സ്നേഹിച്ചിട്ടും ഭാര്യയുടെ മനസ് മാറ്റാൻ അയാൾക്ക് കഴിഞ്ഞില്ല. ഒടുവിൽ വിവാഹമോചനം വരെ എത്തിയപ്പോഴാണ് അയാൾ എന്നെ കാണാൻ വന്നത്. ഭാര്യ എന്നു പറയുന്ന പെൺകുട്ടിക്ക് അവൾ ഒരു പുരുഷനാണെന്ന വിചാരത്തിൽ ജീവിക്കുമ്പോൾ അയാൾ വെറും ഒരു പുരുഷൻ മാത്രമാണെന്ന കാഴ്ചപാടാണ് അവളിൽ ഉണ്ടായത്. പുരുഷനും പുരുഷനും, എങ്ങനെ ഭാര്യ ഭർത്താക്കൻമാരായി കഴിയുക…? അതിനാൽ തന്നെയും അവൾ ഒരിക്കൽ പോലും തന്റെ ഭർത്താവിനെ അംഗീകരിക്കാൻ തയ്യാറായില്ല.

അയാളുടെ ഭാര്യക്ക് രൂപത്തിലും ഭാവത്തിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാണാനും സുന്ദരി ആയിരുന്നെങ്കിലും അവൾ ഒരു പുരുഷനാണെന്ന മനോവിചാരത്തിന് അടിമയായി മാറിയിരുന്നു.

വയസറിയിക്കുന്ന പ്രായത്തിൽ തന്റെ ഇളയച്ഛൻ ശാരീരിക പീഡനത്തിന് ഇരയാക്കി, ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മനോനില മാറിയപ്പോൾ കൗൺസിലിങ്ങിന് വിധേയമാക്കപ്പെട്ടപ്പോഴാണ് കുട്ടി കാര്യങ്ങൾ തുറന്നു പറയുന്നത്.

പിന്നീട് അതിനെ തരണം ചെയ്യുവാൻ ഒരുപാടു സമയം എടുത്തു. ഒരുപാടു നാൾ മാനസിക ചികിത്സക്കു ശേഷം അവളുടെ മനസ് എടുത്തണിഞ്ഞ വേഷപകർച്ചയാണ് താൻ ഒരു പുരുഷനാണ് എന്നത്…

ഇനി അത്തരം ഒരു അപകടം എനിക്കുണ്ടാകില്ല എന്നു സ്വയം വിശ്വസിച്ചു കൊണ്ടു മനസിനെ ബോധിപ്പിച്ച പെൺകുട്ടി ആയിരുന്നു അയാളുടെ ഭാര്യ…

അയാളുടെ ആവശ്യം കേട്ടപ്പോൾ സങ്കടം തോന്നി. പെൺകുട്ടിയെ ഭാര്യയിലേക്ക് മടക്കി കൊണ്ടുവരാൻ അഭ്യർത്ഥിച്ചു. എത്ര ശ്രമിച്ചിട്ടും ഭാര്യയെ മറക്കാൻ കഴിയില്ലന്നു പറഞ്ഞു കരയുന്ന അയാളുടെ ഇടറിയ ശബ്ദത്തിൽ എന്റെ ഭാര്യയെ എനിക്ക് വേണം ഡോക്ടർ എന്നു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു….

ഡയറി വായിച്ചു തീരുംമുമ്പേ കണ്ണുനീർ ധാരധാരയായി അക്ഷരങ്ങളെ മതിവരാതെ ചുംബിച്ചു കൊണ്ടിരുന്നു. നിറകണ്ണുകളുമായി അവൾ ഡയറിയിൽ നിന്നും കണ്ണെടുത്ത്….

ഡോക്ടർ….

അന്നു ഓടി കിതച്ചു വന്നു എന്നോട് പറഞ്ഞ ആളാണു കുറച്ചു മുമ്പ് ഇറങ്ങി പോയത്. എല്ലാം കുട്ടിയുടെ അമ്മ പറഞ്ഞിട്ടും പൂർണ്ണമനസോടെയാണ് അദ്ദേഹം കുട്ടിയെ വിവാഹം കഴിച്ചത് എന്നു ഡോക്ടർ പറഞ്ഞു തീർന്നതും….പൊട്ടി കരഞ്ഞുകൊണ്ടവൾ മനസുകൊണ്ടു അയാളുടെ കാൽക്കൽ വീണിരുന്നു…

എനിക്കറിയാം ഡോക്ടർ, എന്റെ മനസിന് അദ്ദേഹത്തിന്റെ സ്നേഹം താങ്ങാൻ കഴിയാഞ്ഞിട്ടാ അദ്ദേഹത്തിന്റെ സ്നേഹത്തിൽ നിന്നും ഓടി ഒളിച്ചത്. എനിക്ക് വേണം ഡോക്ടറെ അദ്ദേഹത്തെ…

അതുവരെ ഉണ്ടായ സങ്കടങ്ങളെ എല്ലാം അവൾ ചൂടു കണ്ണിരാൽ സ്വയം ഒഴുക്കി തീർക്കുകയായിരുന്നു, പൂർണ്ണമായും ഒരു പെണ്ണിനെ പോലെ….