നീ അവനെ അസഹ്യപ്പെടുത്തുമ്പോഴൊക്കെ അവനെന്നെ തേടിവന്നു. എന്നെക്കൊണ്ട് ആവും വിധത്തിൽ ഞാനവനെ ആശ്വസിപ്പിച്ചു വാക്കുകൾ കൊണ്ട്,മനസ്സ് കൊണ്ടു,ശരീരം കൊണ്ടു അവനെ സന്തോഷിപ്പിച്ചു..

മായാജാലം – എഴുത്ത്: മീനാക്ഷി മീനു

“നീയാണോ എന്റെ ഭർത്താവിന്റെ കാമുകി”

നാട്യാലയയുടെ മുറ്റത്തു മുഴങ്ങിക്കേട്ടുകൊണ്ടിരുന്ന സംഗീതത്തെയും മാറികടക്കുന്ന വിധത്തിൽ ഉച്ചത്തിൽക്കേട്ട ആ വാക്കുകളുടെ പ്രതിഫലനമെന്നോണം നൃത്തമഭ്യസിച്ചുകൊണ്ടിരുന്ന ഇരുപതിമൂന്നു പേരും ഒപ്പം അരുന്ധതിയും അമ്പരപ്പോടെ തിരിഞ്ഞങ്ങോട്ടേക്ക് നോക്കി.

കണ്ണിൽ കത്തുന്ന തീയുമായി രോക്ഷാകുലയായി ഒരു സ്‌ത്രീ അരുന്ധതിയെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് അവിടെ നിന്നിരുന്നു. അവരുടെ തൊട്ടടുത്ത് വലതുകൈയ്യിലെ തള്ളവിരൽ വായിൽവെച്ചു നുണഞ്ഞുകൊണ്ടു ഒരു ഒന്നരവയസ്സുകാരൻ നിന്നിരുന്നു. അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കിക്കൊണ്ട് അരുന്ധതി കയ്യുയർത്തി സംഗീതം നിർത്താൻ ആംഗ്യം കാണിച്ചു.

ശാന്തമായ മുഖത്തോടെ പതിയെ ചുവടുകൾ വെച്ചുകൊണ്ട് അവൾ പതുക്കെ നടന്ന് അവർക്കരികിലേക്ക് വന്നു.

“ചോദിച്ചത് കേട്ടില്ലേ…നീയാണോ എന്റെ ഭർത്താവിന്റെ പുതിയ കാമുകിയെന്നു…?”

“ആൽവിന്റെ ഭാര്യയാണോ”

കൂസലില്ലാതെ അവളുടെ മറുചോദ്യം കേട്ട് ഒരു നിമിഷവൾ നിശബ്ദയായി. അപ്പൊ താനൂഹിച്ചത് ശരിതന്നെ…ഒരു ചോദ്യത്തിൽ നിന്ന് എന്നെ തിരിച്ചറിയാൻ മാത്രം ആഴമുണ്ട് അവർ തമ്മിലുള്ള ബന്ധത്തിന്…മനസിലോർത്തത് ശരിതന്നെ…

“എനിക്ക് വേറെ കാമുകന്മാർ ആരുമില്ല. അതുകൊണ്ട് ഇങ്ങനെയൊരു ചോദ്യവുമായി എന്നെത്തേടി വരാൻ മാത്രം ഒരു പെണ്ണുണ്ടെങ്കിൽ അത് തീർച്ചയായും ആൽവിന്റെ ഭാര്യ ആയിരിക്കണം…ലിന്ഡ…അതല്ലേ തന്റെ പേര്…?”

“ഹേയ്…” അവൾ ചൂണ്ടുവിരൽ അരുന്ധതിയുടെ മുഖത്തിന് നേരെ ഉയർത്തി. “നോക്ക്…ഞാൻ നിന്നോട് കുശലം പറയാൻ വന്നതല്ല, നീ നല്ല മായാജാലക്കാരി തന്നെയാണ്. അന്യരുടെ മനസ്സ് വായിക്കാൻ പോലും കഴിയുന്നവൾ. സമ്മതിച്ചു…പക്ഷെ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്കറിയേണ്ടത് ഒന്ന് മാത്രമാണ്…നീയും ആൽവിനും തമ്മിൽ…”

“പറഞ്ഞല്ലോ…ആൽവിൻ എന്റെ കാമുകനാണ്. ഞങ്ങൾ തമ്മിൽ കുറെ നാളുകളായി അഗാധമായ പ്രണയത്തിലാണ്. ഇനി എന്താണ് അറിയേണ്ടത്.”

“ഛീ….നീയൊരു പെണ്ണാണോ. ഒരു ഭാര്യയുടെ മുഖത്തു നോക്കി നിന്റെ ഭർത്താവുമായി പ്രണയത്തിലാണ് എന്ന് സമ്മതിക്കാൻ നിനക്ക് നാണമില്ലേ..?” ലിന്ഡ കോപം കൊണ്ട് വിറച്ചു…കണ്ണുകൾ സ്വയമറിയാതെ മിഴിനീരൊലിപ്പിച്ചു തുടങ്ങിയിരുന്നു.

“ഇവിടെ വരെ വരുന്നത് വരെ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇതെന്റെ വെറും വെറും സംശയം മാത്രമാകുമെന്നു. പക്ഷെ ഇപ്പൊ…”

“എന്തിനെ ചൊല്ലിയാണ് ഞാൻ നാണിക്കേണ്ടത്. ഞാൻ ഒരു വിവാഹം കഴിച്ചിട്ടില്ല. ആയതിനാൽ ഒരാൾ കെട്ടിയ താലി കഴുത്തിൽ അണിഞ്ഞു കൊണ്ട് ഞാൻ ആൽവിനൊപ്പം കഴിയുന്നു എന്നോ ഞാൻ ആരെയെങ്കിലും ചതിക്കുന്നു എന്നോ പറയാൻ കഴിയിലില്ലല്ലോ. പിന്നെ ലിന്ഡ ചതിക്കപ്പെട്ടതായി സ്വയം തോന്നുന്നുണ്ട് എങ്കിൽ അതിൽ നാണിക്കേണ്ടത് ഞാനല്ല. ലിന്ഡ തന്നെയാണ്…”

“മറ്റൊരുത്തിക്ക് അവകാശപ്പെട്ട ഭർത്താവിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് പിന്നെ മേന്മയാണോ…?”

അരുന്ധതി ഒന്ന് പൊട്ടിച്ചിരിച്ചു… “ഞാൻ എപ്പോഴാണ് ആൽവിനെ സ്വന്തമാക്കാൻ ശ്രമിച്ചത്. അതിന് ശ്രമിച്ചിരുന്നു എങ്കിൽ അവനിപ്പോൾ ദേ ഇവിടെ എന്റെ കൂടെ ഉണ്ടായേനെ. നോക്കൂ ലിന്ഡ, എനിക്ക് ഒരിക്കലും ആൽവിന്റെ ഭാര്യ ആകേണമെന്നില്ല…ആ സ്ഥാനം ഞാൻ ആഗ്രഹിച്ചിട്ടുമില്ല. എന്നാൽ എനിക്കവനെ ജീവനാണ്…അവന് എന്നെയും…”

“എനിക്കില്ലാത്ത എന്താണ് ഒരാട്ടക്കാരിയായ നിനക്കുള്ളത്.”

“പ്രത്യേകിച്ച് ഒന്നുമില്ല പക്ഷെ നീ നൽകാത്ത ഒന്ന് ഞാനവന് നൽകുന്നുണ്ട്. അതുകൊണ്ടാണ് അവനെന്നെ എപ്പോഴും സ്നേഹിക്കുന്നത്.”

അവളൊരു നിമിഷം അമ്പരന്നു. അത് പുറത്തുകാണിക്കാതെ അവൾ തുടർന്നു…”വാക്കുകൾ കൊണ്ടുള്ള നിന്റെ കണ്കെട്ടിനു നിന്നുതരാൻ എനിക്ക് സമയമില്ല. എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ. എന്റെ ഭർത്താവിനെ എനിക്ക് തിരികെ വേണം. അതിന് വേണ്ടി ഞാനെന്തും ചെയ്യും. ഇനി ഞങ്ങളുടെ ഇടയിലൊരു കരടായി നീ വരരുത്.”

“എന്റെ വാക്കുകൾ മുഖവിലയ്ക്കെടുക്കാതെ നിനക്ക് പോകാം. എല്ലായ്പ്പോഴും നീ ചെയ്യുന്നത് പോലെ നിനക്ക് ശരിയെന്ന് തോന്നുന്നതിൽ കടിച്ചു തൂങ്ങാം. നീ അങ്ങിനെ ആയിരിക്കുന്നിടത്തോളം ഞാനും ആൽവിനും ഇപ്പോഴുള്ളത് പോലെതന്നെ ഇനിയും മുന്നോട്ട് പോകും.”

ആ വാക്കുകൾക്ക് മുന്നിൽ പതറിപ്പോയ അവൾ താലിമാലയിൽ മുറുകെപ്പിടിച്ചുകൊണ്ടു പിന്നിലേക്ക് രണ്ടടി വെച്ചു, കരച്ചിലടക്കി പിടിച്ചുകൊണ്ടു അവൾ മോനെ നോക്കി. അരുന്ധതിയുടെ നോട്ടവും അവനിലേക്ക് തിരിഞ്ഞു. അവൾ നിലത്തേക്ക് കുനിഞ്ഞു വാത്സല്യത്തോടെ കുഞ്ഞിനെ തലോടി.

“ആൽവിനു ജീവനാണ് വാവയെ.” അവൾ ലിന്ഡയെ നോക്കിക്കൊണ്ട് പറഞ്ഞു… “വാവയെ മാത്രമല്ല നിന്നെയും…” ലിന്ഡ ഒന്നും മനസിലാകാതെ അവളെ നോക്കി. അരുന്ധതി വേഗം തിരിഞ്ഞു അകത്തേയ്ക്ക് നടന്നു. “ക്ലാസ് ഡിസ്മിസ്ഡ്” നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

പെണ്കുട്ടികൾ വേഗം ഭൂമിവന്ദനം ചെയ്ത് അവിടെ നിന്നും പോയി. ലിന്ഡ കുഞ്ഞിന്റെ കയ്യും പിടിച്ചു വേഗത്തിൽ അവളുടെ പിന്നാലെ നടന്നു. “നിൽക്കൂ..പറയൂ..നേരത്തെ പറഞ്ഞത്..എന്താ അത്..ഞാൻ ഇച്ഛായന് കൊടുക്കാത്ത എന്തോ നിങ്ങൾ കൊടുത്തുവെന്നു പറഞ്ഞില്ലേ അത്.” അരുന്ധതി തിരിഞ്ഞു അവളെ നോക്കി.

“ഞാൻ ആദ്യമായി ആൽവിനെ കണ്ടത് എവിടെ വെച്ചാണെന്നോ, നടുറോഡിൽ വെച്ച്…റോഡ് ക്രോസ്സ് ചെയ്തു വന്ന ഞാൻ വേഗത്തിൽ വന്ന അവന്റെ കാറിന് മുന്നിൽ പെട്ടു മരിക്കേണ്ടതായിരുന്നു. സത്യത്തിൽ എന്നെ കൊല്ലും പോലെ ആയിരുന്നില്ല സ്വയം എവിടെയെങ്കിലും പോയി ഇടിച്ചു മരിക്കുന്നത് പോലെയായിരുന്നു ആൽവിൻ വണ്ടിയോടിച്ചത്. ഓർക്കുന്നുണ്ടോ ജൂലൈ പതിമൂന്നു രണ്ടായിരത്തി പതിനഞ്ചു…?”

“അന്നെന്റെ ബ്രദർന്റെ കല്യാണതലേന്ന് ആയിരുന്നു. പാർട്ടിക്ക് വന്ന ഏതോ ഒരു പെണ്കുട്ടി ഇച്ഛായനെ തന്നെ നോക്കുന്നത് കണ്ട് ഞാൻ ഇച്ഛായനോട് ചോദിച്ചു…അത് പിന്നെ വല്യ വഴക്കായി. ഇച്ഛായൻ ഇറങ്ങിപ്പോയി.”

“അതേ..അന്ന് മാത്രമല്ല..എന്നും..നാലാൾ കൂടുന്നിടത്തെല്ലാം ലിന്ഡയ്ക്ക് ആൽവിനെ സംശയമായിരുന്നു. സംശയം ബന്ധങ്ങളെ ബാധിക്കുന്ന ക്യാനസറാണ് ലിന്ഡ…നീ പോലുമറിയാതെ നീയും ആൽവിനും തമ്മിലുള്ള ബന്ധത്തെ അത് സാരമായി ബാധിച്ചു. അന്ന് മുതൽ പിന്നീടങ്ങോട്ട് എന്നും…നീ അവനെ അസഹ്യപ്പെടുത്തുമ്പോഴൊക്കെ അവനെന്നെ തേടിവന്നു. എന്നെക്കൊണ്ട് ആവും വിധത്തിൽ ഞാനവനെ ആശ്വസിപ്പിച്ചു വാക്കുകൾ കൊണ്ട്..മനസ്സ് കൊണ്ടു..ശരീരം കൊണ്ടു അവനെ സന്തോഷിപ്പിച്ചു..നീയവന് നൽകാതെ പോയ ഒന്ന്..മനസമാധാനം..അത് ഞാനവന് നൽകി. ഫലമോ…? അവനെന്നെ സ്നേഹിച്ചു. എന്നെത്തേടി നീ ഇവിടെ വരുവോളം അളവിൽ ആ സ്നേഹം വളർന്നു.”

“എനിക്കറിയില്ല..നിങ്ങൾ പറയുന്നത് പോലെ എന്റെ ഭാഗത്ത് തെറ്റുണ്ടാകാം..അല്ലെങ്കിൽ നിങ്ങളുടെ തെറ്റിനെ മറച്ചു വെയ്ക്കാൻ നിങ്ങൾ പറയുന്ന ന്യായങ്ങളാവാം ഇത്..എന്തായാലും ഞാനിവിടെ നിസ്സഹായയാണ്. എനിക്കുവേണ്ടി അല്ലെങ്കിൽ പോലും എന്റെ കുഞ്ഞിന് വേണ്ടി എന്റെ ഭർത്താവിനെ എനിക്ക് മാത്രമായി വിട്ടു തരണം.” അവൾ യാചനയോടെ അരുന്ധതിയുടെ മുന്നിൽ കൈകൂപ്പി.

“തെറ്റ്…നീ നിസ്സഹായയല്ല ലിന്ഡ..ഇപ്പോഴും എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കി നിനക്കെ ഉള്ളു. ഞാൻ പറഞ്ഞില്ലേ ആൽവിൻ എന്നെത്തേടി വരുന്നത് നീ കാരണമാണ്. ആ കാരണം ഇല്ലാതാക്കാൻ നിനക്ക് കഴിയുമെങ്കിൽ..ഞാൻ അവനു നൽകുന്നത് നൽകാൻ നിനക്ക് കഴിയുമെങ്കിൽ ആൽവിൻ നിന്നിൽ മാത്രമായി ഒതുങ്ങും. കാരണം അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്. എനിക്കറിയാം…അങ്ങിനെ സംഭവിച്ചാൽ ഞാനായിട്ട് ഒരിക്കലും പിന്നെ അവനെത്തേടി വരില്ല. അവനെ അവന്റെ വഴിക്ക് ഞാനും വിടും. തീരുമാനം നിന്റേതാണ്…”

“ഇല്ല…ഞാനിനി..സംശയിക്കില്ല..വഴക്കടിക്കില്ല..ഉറപ്പ്..എന്നെക്കൊണ്ട് ആവുന്ന വിധത്തിൽ എന്റെ ഇച്ഛായനെ ഞാൻ സ്നേഹിച്ചോളാം. എനിക്കെന്റെ ഇച്ഛായനെ വിട്ടു തന്നാൽ മാത്രംമതി.”

“വാക്കാണോ..”

“സത്യം…സത്യം…എന്റെ കുഞ്ഞാണെ സത്യം.”

മുഖത്ത് ചൊരിഞ്ഞുവീഴുന്ന വെള്ളതുള്ളികളോടൊപ്പം ഒരു ഞെട്ടലോടെ ലിന്ഡ ചാടി എഴുന്നേറ്റു. മുഖമമർത്തി തുടച്ചുകൊണ്ടു അവൾ ഇരുന്നു കിതച്ചു.

“നീയെന്താ പിച്ചും പേയും പറയുന്നത്. വല്ല സ്വപ്നവും കണ്ടോ…?” തൊട്ടടുത്ത് വന്നിരുന്നു അവളെത്തന്നെ പരിഭ്രമത്തോടെ ഉറ്റുനോക്കുന്ന ആൽവിനെ അവൾ തുറിച്ചു നോക്കി.

“അരുന്ധതി…”

“അരുന്ധതിയോ..അതാര..ഓഹ് നിന്റെ സങ്കൽപത്തിലെന്റെ പുതിയ കാമുകിയായിരിക്കും അല്ലെ…ഇത്തവണ എന്താ കണ്ടത്. നിന്നെ കൊന്നിട്ട് അവളോടൊപ്പം ഒളിച്ചോടുന്നതോ…നീയില്ലാത്തപ്പോ വീട്ടിൽ വിളിച്ചു വരുത്തുന്നതോ…?”

“ഇച്ഛായാ ഞാൻ….”

“ഒന്നും പറയണ്ട. നിന്റെ സ്വപ്നങ്ങളിൽ എന്നും ഇതല്ലേ ഉള്ളു. ഇതൊക്കെ കെട്ടുകേട്ടു എനിക്കിപ്പോ ശീലമായി. ഇനി ഈ അരുന്ധതിയുടെ പേരിലാവും അടുത്ത സ്വപ്നം കാണും വരെ വഴക്ക്. ആയിക്കോട്ടെ.”

“ഇല്ല ഇച്ഛായാ..ഞാനിനി ഇച്ഛായനെ സംശയിക്കില്ല. അനാവശ്യമായി വഴക്ക് കൂടില്ല. എന്റെ തെറ്റ് എനിക്ക് മനസിലായി. നിർമല മാതാവ് സ്വപ്നത്തിൽ വന്നെന്നെ തിരുത്തിയതാ…ഉറപ്പായും ഞാനിനി പഴയ ലിന്ഡയാവില്ല.”

“ഒരു സ്വപ്നം കൊണ്ട് നീ നന്നാവുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. വെറുതെയെങ്കിലും ഞാനും ആശിക്കുകയാണ് അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ എന്നു.”

“എന്നോട് ക്ഷമിക്കണം ഇച്ഛായാ..” അവൾ മുഖം പൊത്തി കരഞ്ഞു. അവളെ മറോടടക്കിപിടിച്ചുകൊണ്ടു അയാൾ നിശബ്ദനായി കിടന്നു.

ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന ആൽവിന്റെ മൊബൈൽ ഒന്ന് വൈബ്രെറ്റ് ചെയ്തു നിന്നു. വലതുകൈയുയർത്തി ഫോണ് എടുത്തയാൾ മെസേജ് ഓപ്പണ് ചെയ്തു.

“എന്റെ ശരീരം നിന്റെ സാന്നിധ്യമറിയുന്നു. എന്നിലുറക്കം പുണരും മുന്നേ നീ നൽകിയ ചുംബനവും സ്തനങ്ങളിൽ ആഴ്ന്ന നഖക്ഷതങ്ങളും നോവുണർത്തിക്കൊണ്ട് നിന്നെയോർമ്മിപ്പിക്കുന്നു. ഇനിയൊരു പൗര്ണമിക്കായി അരുന്ധതിയിവിടെ നിന്നെയും കാത്തിരിക്കുന്നു. ശുഭരാത്രി.”

മെസേജ് വായിച്ചൊരു ചിരിയോടെ ചുംബനങ്ങൾ വാരി വിതറിയ സ്മൈലിയോടൊപ്പം “ആ പൗർണമി നാളെയാണ്. നിനക്കായി ഞാൻ വരും.” എന്നൊരു സന്ദേശം തിരികെ ആ നമ്പറിലേക്ക് അയച്ചുകൊണ്ടു ആൽവിൻ വേഗം മെസേജ് ഡിലീറ്റ് ചെയ്തു. എന്നിട്ട് ഫോണ് ടേബിളിൽ തിരികെ വെച്ചിട്ട് ഉള്ളിൽ ആ രാത്രിയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി തിരിഞ്ഞു ഭാര്യയെ പുണർന്നു കിടന്നു.

NB: ഈ കഥയ്ക്ക് ഇന്നിന്റെ മുഖവുമായി സാമ്യം തോന്നിയാൽ അത് യാദൃശ്ചികമല്ല. ആൽവിനും അരുന്ധതിയും ഇവിടെയുണ്ട്‌. ഒരുപക്ഷേ നമുക്കടുത്ത്…അല്ലെങ്കിൽ നമ്മളിൽ തന്നെ….